ഇത്തിരി വെള്ളത്തിലെ പരല്‍മീന്‍ നീന്തിയടുത്ത കടലിലെ തിമിംഗലം
"സിതാര'യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. "കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം' എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്. അകത്തേക്കു കയറിച്ചെന്നാല്‍ നേരെ വലത്തുഭാഗത്ത് കാലങ്ങളായി സ്ഥാനവ്യതിയാനം സംഭവിക്കാത്ത ആ വലിയ ഇരിപ്പിടം. അത്
“സിതാര’യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. “കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം’ എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്. അകത്തേക്കു കയറിച്ചെന്നാല്‍ നേരെ വലത്തുഭാഗത്ത് കാലങ്ങളായി സ്ഥാനവ്യതിയാനം സംഭവിക്കാത്ത ആ വലിയ ഇരിപ്പിടം. അത് ശൂന്യമാണ്.
പതിനാലാം വയസ്സില്‍ മലയാളസാഹിത്യത്തില്‍ സ്വന്തമായൊരു കസേരയിട്ട് ഏഴരപ്പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന എം.ടി എന്ന വലിയ രണ്ടക്ഷരം എന്നേക്കുമായി ഒഴിച്ചിട്ടുപോയ ആ ഇരിപ്പിടത്തിനരികില്‍ ഒരു കസേരയിട്ട് അശ്വതി ചേച്ചി ഇരിക്കുന്നു. അച്ഛന്റെ അടുത്തിരിക്കുന്ന അതേ ഭാവത്തോടെ. ശൂന്യത സൃഷ്ടിച്ച ആഘാതം ആ മുഖത്ത് പ്രകടമായിരുന്നു. മുന്നിലെ ടീപോയില്‍ സാഹിത്യ തീര്‍ഥാടനത്തിനെത്തുന്നവര്‍ സമ്മാനിക്കുന്ന പുസ്തകങ്ങള്‍ നിരതെറ്റി കിടക്കുന്നത് പതിവു കാഴ്ചയായിരുന്നു. പുസ്തകങ്ങളില്ലാതെ എം.ടി ഇരിക്കുന്നത് കണ്ടിട്ടില്ല. എം.ടി എവിടെപ്പോയാലും പുസ്തകങ്ങള്‍ എം.ടിക്കൊപ്പം കൂടുകയാണ് പതിവ്. ടീപോയില്‍ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു. തോന്നുന്ന ഒരെണ്ണം വലിച്ചെടുത്ത് മറിച്ചുനോക്കാന്‍, നിരതെറ്റുന്ന ബാക്കിയെല്ലാം ഊഴം കാത്തിരിക്കുന്ന, ആ വലിയ വിരലുകളില്ല.
ചേച്ചീ…
അവര്‍ മുഖത്തേക്കുനോക്കി.
എന്റെ എം.ടി ആവശ്യങ്ങള്കൊണ്ട് പൊറുതിമുട്ടിയ ആളാണ്. എം.ടിയോടൊത്ത് ചെയ്യാനിരിക്കുന്ന പദ്ധതികള്‍ ആദ്യം പറയുന്നത് ചേച്ചിയോടാണ്. “ശ്രമിച്ചുനോക്ക്, അച്ഛന്റെ മൂഡുപോലിരിക്കും.’ ആലോചനയില്‍ നിന്നുണര്ന്ന്് അവര്‍ പറയും.
ആവശ്യങ്ങളൊന്നുമില്ല. ഒപ്പമുണ്ട് എന്നുപറയണമുണ്ട്, ഒന്നും പറയാന്‍ വന്നില്ല.
എം.ടിയില്ലാത്ത കസേരയ്ക്കുമുന്നില്‍ ഇരുന്നപ്പോള്‍ പുസ്തകങ്ങളോടൊപ്പം ടീ പോയ്ക്കു ചുറ്റും കണ്ണുകള്‍ കൊണ്ട് പരതി. ടീപോയിലെ പുസ്തകങ്ങള്‍ക്കൊപ്പം മറ്റൊന്നുകൂടി എം.ടിക്കുമുന്നില്‍ എക്കാലവും സ്ഥാനം പിടിച്ചിരുന്നു. ഒരു ആഷ് ട്രേ.
“സാര്‍ ഈ ബീഡിക്കുറ്റി ഞാനെടുക്കട്ടേ?’
ആഷ് ട്രേയില്‍ നിന്നും പലതവണ ബീഡിക്കുറ്റികള്‍ എടുത്ത് ബാഗിലിട്ടിട്ടുണ്ട്.

എം ടി വാസുദേവൻ നായർ
അതുകാണുമ്പോളൊക്കെ സരസ്വതി ടീച്ചര്‍ വഴക്ക് പറഞ്ഞു: “വെയ്ക്കവടെ. നിനക്കിതെല്ലാം എന്തിനാണ്.’
“ഇങ്ങളിത് വെറുതേ കളയുന്നതല്ലേ. ഞാന്‍ വലിക്കാനൊന്നും പോകുന്നില്ല. ഇതിലിനി പുകയൊന്നും വരൂല.’ തിരികെ കൊടുക്കാതിരിക്കാന്‍ ഞാനും മെനക്കെട്ടു.
കൊണ്ടുപോയ്ക്കോ എന്ന് കൈകൊണ്ട് എം. ടിയുടെ ആംഗ്യം.
എം.ടിക്കു താല്പര്യമുള്ള വിഷയങ്ങള്‍ പറയുമ്പോള്‍ മാത്രം ആവേശത്തില്‍ ആഞ്ഞുകത്തുന്ന ബീഡി. ആ ബീഡിത്തുണ്ടുപോലും കാത്തുവെച്ച എത്രയെത്ര കഥകള്‍! ലൈറ്റര്‍ കത്തിക്കുമ്പോള്‍ മീശകൂടി എരിയുന്ന ശബ്ദം കേള്‍ക്കാം. അകത്തോട്ട് നീട്ടിയെടുത്ത് സംസാരത്തോടൊപ്പം വരുന്ന പുക. എം.ടി വലിക്കുന്നത് തന്നെ ഒരു കലാവൈഭവത്തോടുകൂടിയായിരുന്നു.
വ്യക്തിജീവിതം അത്രമേല്‍ കരുതലോടെ സൂക്ഷിച്ച എം.ടി. ആരും എത്തിനോക്കാന്‍ ധൈര്യപ്പെടാതിരുന്ന സ്വകാര്യജീവിതം. സരസ്വതി ടീച്ചറുടെ ആത്മകഥ സാരസ്വതത്തിലൂടെ അവരുടെ ജീവിതത്തിന്റെ അടരുകള്‍ പതുക്കെ അടര്‍ത്തിയെടുത്ത് അക്ഷരങ്ങളായി ഖണ്ഡഃശ വരുന്നത് എം.ടിയറിയില്ല എന്ന ധൈര്യമായിരുന്നു ആദ്യം. കാരണം എം.ടിക്ക് ഡിജിറ്റല്‍ യുഗത്തോട് അത്ര വലിയ മമതയൊന്നുമുണ്ടായിരുന്നില്ല. എം.ടിക്ക് ഫേസ്ബുക്കോ വാടാസാപ്പോ ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഇല്ല എന്നതായിരുന്നു ആത്മകഥയുടെ ഓരോ ലക്കം വരുമ്പോഴും അടുത്തതിലേക്ക് മുന്നേറാനുള്ള എന്റെ ആത്മവിശ്വാസം. പക്ഷേ എം.ടിയുടെ നെറ്റ്വര്ക്കിനുമുന്നില് ഞാനൊക്കെയെന്ത്്! ആളുകള്‍ ടീച്ചറുടെ ആത്മകഥ വായിച്ച് എം.ടിയെ വിളിച്ചു, കണ്ടു, അഭിപ്രായങ്ങള്‍ പറഞ്ഞു. എം.ടിക്ക് ആദ്യം ചിത്രം പിടികിട്ടിയില്ല. ചിത്രം വ്യക്തമായപ്പോള്‍ പക്ഷേ ആര്, എന്ത്, എപ്പോള്‍, എങ്ങനെ എന്ന കൗതുകം പോലും ആ മുഖത്തുണ്ടായില്ല. ആത്മകഥ പുസ്തകമായി അച്ചടിച്ചുവന്നപ്പോള്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ വെച്ച് വിഖ്യാത ഗായിക ബോംബെ ജയശ്രീ ജ്ഞാനപീഠജേതാവ് ദാമോദര്‍ മൗസോയ്ക്ക് നല്കി പുസ്തകം പ്രകാശിപ്പിച്ചതും ടീച്ചര്‍ നേരെ എം.ടിയുടെ അടുത്തേക്ക്: “എന്റെ പുസ്തകം, നമ്മളെക്കുറിച്ച്…’ എം.ടി പുസ്തകം വാങ്ങി മൂന്നാല് പേജ് മറിച്ചു, തിരികെ നല്കി. “എന്റെ എല്ലാ കഥകളും കൂട്ടിച്ചര്ത്തുനോക്കിയാല് ആത്മകഥയാവും’ എന്നുപറഞ്ഞ എം.ടി പത്നിയുടെ ആത്മകഥയെ എങ്ങനെ നോക്കിക്കണ്ടു എന്ന് അറിഞ്ഞുകൂടാ. എന്റെ ആവശ്യങ്ങള്‍ക്ക് അറുതിയില്ലാത്തതിനാല്‍ സമയത്തും അസമയത്തും സിതാരയിലെത്തിയ എന്നോട് അങ്ങനെയൊരു ആത്മകഥയോടുള്ള ഭാവം ഏതുമായാലും അതു പ്രകടിപ്പിച്ചതുമില്ല. അങ്ങനെയൊന്ന് നടന്ന മട്ട് പരസ്പരം അറിയിക്കാതെ തുടര്‍ന്നും ആ കൈകള്‍ എനിക്കുനേരെ ഇരിപ്പിടം ചൂണ്ടി. ഒരു പരല്മീനിനോടുള്ള അലിവ്.
മലയാള സിനിമകളിലെ അനുകല്്പസൗന്ദര്യം ചെറുകഥകളിലൂടെ എന്നൊരു പ്രീമിയം സ്റ്റോറി ചെയ്യാന്‍ തീരുമാനിച്ച സമയം. ഡിജിറ്റല്‍ മാധ്യമരംഗത്ത് പേജ് ലിമിറ്റ് എന്നൊന്ന് ഇല്ല. വാക്കുകള്‍ക്കും പരിധിയില്ല. പരിധിവിട്ട വാക്കുകള്‍ പാടില്ല എന്നേയുള്ളൂ. എത്ര തിന്നാലും മതിവരാത്ത
ഒരു ഇന്‍ഫര്‍മേഷന്‍ മോണ്‍സ്റ്ററാണ് ഡിജിറ്റല്‍ മീഡിയ. സെക്കന്റുകള്‍ കൊണ്ട് വിശന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് പുതിയ ആശയങ്ങള്‍, അന്വേഷണങ്ങള്‍ ഇതെല്ലാം ഒരു ഹരമായിട്ട് ചെയ്യാന്‍ പറ്റുന്നത്.
അനുകല്പന സൗന്ദര്യത്തെക്കുറിച്ച് ചോദിക്കാനായി ഒരു സംവിധായകനെ വിളിച്ചു. സംഗതി എല്ലാം വിവരിച്ചശേഷം അദ്ദേഹം രോഷം കൊണ്ടു. “നിങ്ങള്‍ക്ക് മര്യാദയില്ലേ? ഞാനൊരു ഉത്തരവാദിത്തപ്പെട്ട ഔദ്യോഗിക പദവിയില്‍ ഇരിക്കുന്നയാളല്ലേ, എനിക്ക് ജോലി ചെയ്യണ്ടേ. ഇങ്ങനെ എന്നെ ശല്യം ചെയ്താല്‍ ഞാന്‍ വേണ്ടപ്പെട്ടവരെ അറിയിക്കും.’ ആള് ക്ഷുഭിതനാവുകയാണ്. ശരിയാണ്. ഞാനടക്കം വോട്ടുചെയ്ത സര്‍ക്കാര്‍ അങ്ങേരെ ഉത്തരവാദിത്തപ്പെട്ട ഒരു കസേരയില്‍ ഇരുത്തിയിട്ടുണ്ട്. ഇറക്കിത്താഴെയിടാത്തത് എന്റെ കൂടി കുറ്റമാണ്.
“ആ വേണ്ടപ്പെട്ടവര്‍ വളര്ത്തിവിട്ടതുകൊണ്ടാണ് സര് നിങ്ങളോടൊക്കെ ഇത്രയും മാന്യമായി സംസാരിക്കാന്‍ കഴിയുന്നത്.’ ഫോണ്‍ വെച്ചതും ഉള്ളിലിരുന്നു എന്തോ ഒന്ന് പുകഞ്ഞു. അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന ഈഗോ. നേരെ കയറിച്ചെന്നത് എം.ടിയുടെ അടുത്തേക്കാണ്.
“സര് കഥ തിരക്കഥയാവുമ്പോള്‍ എന്തുസംഭവിക്കുന്നു?’
എസ്.കെ “കടത്തുതോണി’ നിര്‍ത്തിയിടത്തുനിന്നാണ് ഞാന്‍ “കടവ്’ തുടങ്ങിയത്. കഥ അവസാനിക്കുന്നിടത്ത് സിനിമ തുടങ്ങുന്നു. അങ്ങനെ ചിന്തിച്ചാലേ നമുക്ക് സ്വന്തമായിട്ടെന്തെങ്കിലും ചെയ്യാന്‍ കഴിയൂ. എന്റെ കഥകളിലും ഞാന്‍ അങ്ങനെ തന്നെയാണ് ചെയ്തത്. കഥയെ മാറ്റിനിര്‍ത്തി, പക്ഷേ കഥാംശം അങ്ങനേ നിര്‍ത്തി…എം.ടി ആവേശത്തോടെ ബീഡി കത്തിച്ചു. ഒരു ബൈറ്റിന് ചെന്ന ഞാന്‍ രണ്ടുമണിക്കൂര്‍ നീണ്ട ബിഗ് സ്റ്റോറിയുമായി സമ്പന്നയായി.
ഓപ്പോളും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും ബന്ധനവും വാരിക്കുഴിയും സ്വര്‍ഗം തുറക്കുന്ന സമയവും ആരൂഢവും മുന്നില്‍ നിരന്നു.
“അഡാപ്റ്റഡ് ഫിലിമുകളെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാനായിരുന്നു. എം.ടി, സത്യന് അന്തിക്കാട്, പ്രിയനന്ദന്, ഇങ്ങനെയാണ് ഉദ്ദേശിച്ചത്. അങ്ങനെ പോരേ?’ ആയിക്കോ… എന്ന മട്ടില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
വീണ്ടും പറഞ്ഞു: “മൂന്നുപേരും ഒരൊറ്റ ആര്‍ട്ടിക്കിളില്‍.’
“ആയിക്കോ’ എന്ന ആംഗ്യം വീണ്ടും.
നാലഞ്ചാള്ക്കാരുടെ പ്രതികരണങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്താനാണെങ്കില്‍ ഷബിത ഇനിയെന്നെ വിളിക്കണ്ട എന്നു പറഞ്ഞ ഒരെഴുത്തുകാരിയെ ഓര്മ വന്നു. (അന്ന് വിഷയം ലിംഗസമത്വമായിരുന്നു!)
ഒറ്റയ്ക്കായാലും കൂട്ടമായി അഭിപ്രായം പറഞ്ഞാലും എം.ടി, എം.ടി തന്നെയായി വേറിട്ടുനില്‍ക്കും എന്ന് എം.ടിയേക്കാള്‍ വേറാര്ക്കുമറിയില്ലല്ലോ. നേരത്തേ പറഞ്ഞ “ഉത്തരവാദിത്തമുള്ള കസേരയിലിരിക്കുന്ന സംവിധായകന്’ എന്റെ മര്യാദകേട് കണ്ടുപിടിച്ചത് നന്നായി. സത്യന് അന്തിക്കാടിനോടും പ്രിയനന്ദനോടും നീതി പുലര്‍ത്താന്‍ പറ്റിയല്ലോ. അന്തസ്സുള്ളൊരു ആര്ട്ടിക്കിളായി എന്റെ ബൈലൈനൊപ്പം അതു ഞാന്‍ ചേര്‍ത്തുനിര്‍ത്തുന്നു.
സിനിമയെക്കുറിച്ച് സംസാരിക്കുന്ന എം.ടി എഴുത്തിനെക്കുറിച്ച് സംസാരിക്കുന്ന എം.ടിയേക്കാള്‍ വളരെ ചെറുപ്പമാവുന്നതും യുവാവുന്നതും നോക്കി പലതവണ നില്ക്കാന് അവസരമുണ്ടായിട്ടുണ്ട്. എം.ടിയെന്ന ഹിമാലയം കയറാന്‍ മെനക്കെട്ടുകൊണ്ട് ഇറങ്ങിത്തിരിച്ച ആ യാത്ര പാതി വഴിയെത്തുമ്പോഴേക്കും ഞാന്‍ എം.ടിയന് സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവും യാത്രകളും താണ്ടിക്കഴിഞ്ഞിരുന്നു. പക്ഷേ കൊടുമുടിയുടെ ഉയരം കണ്ണിനെത്തിപ്പിടിക്കാന് കഴിയാതെ നില്ക്കുക തന്നെയായിരുന്നു.

എം ടി
ആര്‍ജ്ജവം. ആ വാക്കു പലതവണ ആവര്‍ത്തിച്ചത് സിതാരയില്‍ നിന്നും അദ്ദേഹത്തെ കണ്ട് ഓരോ തവണയും പടിയിറങ്ങുമ്പോഴാണ്. ഇപ്പോളെഴുതിക്കളയണം ഒരു കഥ, നാളേക്ക് എഴുതിത്തീര്‍ക്കും ഒരു നോവല്‍. “സിതാര’യുടെ നടവഴികള്‍ നടക്കാതെ പോകുന്ന എന്റെ പല തീരുമാനങ്ങളെയും കേട്ടു തലകുലുക്കി.
“ഒരു കഥ സിനിമയാവുന്നു സര്. ഞാനത് തീര്‍ത്തുകൊടുത്തു.’
എം.ടി നോക്കി.
“ആരൊക്കെയാണ് കാസ്റ്റിങ്?’
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം. എന്താണ് കഥ എന്നല്ല, ആരാണ് സംവിധാനം എന്നല്ല, ആരാണ് പ്രൊഡക്ഷന്‍ എന്നല്ല. ആരൊക്കെയാണ് കാസ്റ്റിങ്!
“കാസ്റ്റിങ്ങിനെക്കുറിച്ച് ഞാനൊന്നും ചോദിച്ചിട്ടില്ല.’
“അത് ശ്രദ്ധിക്കണം.’
ഞാന്‍ തലയാട്ടി. ആരെയൊക്കെ നിശ്ചയിച്ചു എന്നറിയാതെ സിനിമയെപ്പറ്റി ആവേശത്തോടെ പറഞ്ഞതില്‍ ചേപ്ര തോന്നി. മുന്നിലിരുന്ന് പിടയ്ക്കുന്ന ഒരു പരലിനെ അദ്ദേഹം നോക്കിയിരുന്നിട്ടുണ്ടാവും.
“സര് എന്തുണ്ട് വിശേഷം?’ ലിറ്റററി ജേണലിസത്തിലേക്ക് അത്യാവശ്യമായി വേണ്ട ഒരു ചേരുവ എം.ടിയായതിനാല് ഇടയ്ക്കിടെ ആ വാതില്‍
മുട്ടാതെ വയ്യ.
എം.ടി കാലിലേക്ക് ചൂണ്ടിക്കാണിച്ചു.
“നീരുണ്ടല്ലോ സാരമില്ല. കാല് ഉയര്‍ത്തിവെച്ചാല്‍ മതി.’
സംസാരിക്കാന്‍ ചെല്ലുകയാണ് എന്നറിഞ്ഞാല്‍ ഇടയ്ക്ക് ഇത്തരം വല്ലായ്മകള്‍ എടുത്തുകാണിക്കുന്നത് പതിവാണ്. ചിലപ്പോള്‍ കാല്, അല്ലെങ്കില്‍ പല്ല്. അതല്ലെങ്കില്‍ ഉറങ്ങിയിട്ടില്ല, “ഞാനൊന്നു കിടക്കാന്‍ പോവുകയായിരുന്നു, അപ്പോളാണ് കുട്ടി വന്നത്.’
സാറ് കിടന്നോളൂ, ഞാനിവിടെ ഇരുന്നോളാം എന്നു പറഞ്ഞ് പോകാന്‍ ഭാവമില്ലാത്ത മട്ടില്‍ ഇരുന്നാല്‍ അദ്ദേഹം സൂക്ഷിച്ചുനോക്കും. പിന്നെ അവിടെത്തന്നെ ഇരുന്നുതരും. പയ്യെ ഞാനെന്റെ കാര്യത്തിലേക്കും. പതിവ് ഇതായിരുന്നു. ജേണലിസ്റ്റുകള്‍ക്കും യാചകര്‍ക്കും ഔപചാരികത നോക്കിയിരുന്നാല്‍ വിശപ്പ് മാറില്ല എന്ന് ഈ പരലിനേക്കാള് നന്നായി അദ്ദേഹത്തിനറിയാമല്ലോ.
അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ ഏഴുമണിക്ക് സരസ്വതി ടീച്ചറുടെ കോള്‍. ഞാന്‍ എഴുന്നേറ്റുവരുന്നതേയുണ്ടായിരുന്നുള്ളൂ.
“”എട്ടരയാവുമ്പോള്‍ എത്തിയാല്‍ നിനക്ക് കാര്യം നടക്കും. എട്ടരാന്നു പറഞ്ഞാല്‍ എട്ടര. നിന്റെ ക്ലോക്ക് എന്നും ഒരു മണിക്കൂര്‍ പിന്നോട്ടാണെന്നെനിക്കറിയാം. ഇത് ആള് ഞാനല്ല കേട്ടോ. അവിടെ എല്ലാ കൃത്യസമയത്തിനും പത്തുമിനിറ്റ് മുമ്പേ നടത്തിയാണ് ശീലം.”
കിടക്കയില്‍ നിന്നെണീറ്റ് ഒരോട്ടമായിരുന്നു. പോകുന്ന പോക്കില്‍ ഓഫീസിലേക്ക് വിളിച്ച് രണ്ട് ക്യാമറയും ആളുകളെയും മറ്റുസംവിധാനങ്ങളും ഒരുക്കി. വീട്ടില്‍ നിന്നും ഒന്നരമണിക്കൂറുണ്ട് കോഴിക്കോട് ടൗണിലേക്ക്. ഞായറാഴ്ച ആയതിനാല്‍ കാല്‍മണിക്കൂര്‍ കുറഞ്ഞുകിട്ടും. ബ്ലോക്കുണ്ടാവില്ല. ബസ്സിലിരിക്കുമ്പോള്‍ ഞാന്‍ എന്നെ ആകമാനം ഒന്നുനോക്കി. രാത്രിയിട്ട ഉടുപ്പ് മാറ്റാന്‍ നേരം കിട്ടിയില്ല. പല്ലു തേച്ചിട്ടില്ല. ബാഗില്‍
എപ്പോഴും ബ്രഷും പേസ്റ്റും സൂക്ഷിക്കാറുള്ളതാണ്. ഓഫീസിലെത്തി കാര്യം സാധിക്കണം.
ഓഫീസിലെത്തുമ്പോഴേക്കും ക്യാമറകളുമായി അരുണ്‍ നിലമ്പൂരും ആകാശും കാത്തുനില്‍ക്കുകയാണ്. പല്ലുതേക്കാന്‍ സമയമില്ല. ബാഗില്‍ നിന്നും രണ്ട്് ച്യൂയിംഗം ഒന്നിച്ചെടുത്ത് ചവച്ച് നേരെ വണ്ടിയില്‍ കയറിയിരുന്നു.
കൃത്യം എട്ടരയ്ക്ക് “സിതാര’യുടെ മുന്നില്‍ വണ്ടിയെത്തി. ഞാന്‍ ഇറങ്ങിവരുന്നത് കണ്ട് ടീച്ചര്‍ ക്ലോക്കിലേക്ക് നോക്കി അതിശയപ്പെട്ടു: “ആവൂ എന്തു സംഭവിച്ചു!’
കോലായില്‍ എം.ടിയുടെ പേരക്കുട്ടി മാധവ് തയ്യാറായി നില്പുണ്ടായിരുന്നു. എട്ടാം ക്ലാസിലാണ്. അവന് ടെന്‍ഷനുണ്ട്.
അകത്ത് ലൈറ്ററിന്റെ ടിക് ടിക് ശബ്ദം വേഗത്തിലാവുന്നത് കേട്ടു. എന്റെ ഹൃദയമിടിപ്പും വേഗത്തിലായി.
ക്യാമറ, ലൈറ്റ്, സെറ്റ്, ലൊക്കേഷന്‍, വിഷ്വല്‍ റിച്ച്നസ് എന്നൊക്കെപ്പറഞ്ഞ് അങ്ങോട്ടു ചെല്ലുകയേ വേണ്ടൂ.
“അവള്‍ക്കെന്തോ ഷൂട്ട് വേണമെന്ന്. പിറന്നാളിന് കൊടുക്കാനാണത്രേ.’
അപ്പോള്‍ അഭിമുഖത്തിന്റെ കാര്യം ടീച്ചര്‍ പറഞ്ഞിട്ടില്ല.
കാര്യം സാധിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ മാത്രം എന്റെ മുഖത്ത് തെളിഞ്ഞുവരുന്ന ആ ഭാവത്തെ പരമാവധി ഒളിപ്പിച്ചുകൊണ്ട് എം.ടിയുടെ അടുക്കലെത്തി. എം.ടി ആദ്യം കണ്ടുപിടിക്കുന്നതും ആ കള്ളലക്ഷണമാണ്.
ബീഡി മൂന്നെണ്ണം കഴിഞ്ഞു. അരുണും ആകാശും ശ്വാസം വിടുന്ന ശബ്ദം പോലും പുറത്തുവിടാതെ എം.ടി ഇരുന്നയിടത്ത്, എം.ടി എങ്ങനെയൊക്കെ ചാഞ്ഞാലും ചെരിഞ്ഞാലും കിട്ടാവുന്ന തരത്തില്‍, ക്യാമറയൊരുക്കി. എം.ടി അതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാമറയുടെ ഭാഷ ഇത്രകണ്ട് വശമുള്ള മറ്റാരുണ്ട്!
മാധവിനോട് കുറച്ചുകാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാം അവന്റെ കൈയിലാണ്.
ബീഡി പകുതിയിലധികവും ഷര്‍ട്ടില്‍ തുള വീഴ്ത്തുക മാത്രമേ ചെയ്യാറുള്ളൂ. എന്നാലും കത്തിച്ചുപിടിച്ചില്ലേല്…
ക്യാമറയുടെ പൊസിഷന്‍ നോക്കി എം.ടി പറഞ്ഞു. “നിങ്ങള്‍ രണ്ടുപേരും അവിടെയിരുന്ന് സംസാരിച്ചോ. ഞാന്‍ ഇവിടെ ഇരിക്കും. ഓക്കെയാണ്.’
“അങ്ങനെയല്ല സര്.’
എം.ടി എന്റെ തിരുത്തിലേക്ക് സൂക്ഷിച്ചുനോക്കി.
“ഞാന്‍ ഫ്രെയിമിലില്ല. സാറും മാധവും സംസാരിക്കുന്നതാണ് വേണ്ടത്.’
ഒരു നിമിഷത്തെ മൗനം. മാധവ് പതുക്കെ മുത്തശ്ശന്റെയരികില് വന്നിരുന്നു.
എം.ടിയെ അഭിമുഖം ചെയ്യാന്‍ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍!
അഭിമുഖത്തില്‍ കാമ്പില്ലെങ്കില്‍ എം.ടി കൊച്ചുമകനാണെന്നൊന്നും നോക്കില്ല. തട്ടിക്കൂട്ട് എന്നൊന്ന് ജീവിതത്തില്‍ വെച്ചുപൊറുപ്പിക്കാത്തയാളാണ്. ലിറ്റററി ജേണലിസം നാഴികയ്ക്ക് നാല്പതുവട്ടം റഫര്‍ ചെയ്യുന്ന പത്രാധിപരാണ്. ചെയ്യുന്ന കാര്യങ്ങള്‍ അത്രയും പ്രൊഫഷണലല്ലെങ്കില് എം.ടിയുടെ ഭാവം മാറും. ഇനിയൊരു തവണ കൂടി “സിതാര’യിലേക്ക് കയറാനുള്ള അനുവാദം പോലും… ഹൃദയം എന്റെ മേലാസകലും പെരുമ്പറ കൊട്ടുന്നതായി തോന്നി.
മാധവിനോട് കൂളായിട്ടിരിക്കാന് പറഞ്ഞു. കുട്ടിയാണെങ്കിലും അവന് മറ്റാരേക്കാളും എം.ടിയെന്ന രണ്ടക്ഷരത്തിന്റെ കനം നന്നായറിയാം.
എഴുതുമ്പോള്‍ മുത്തശ്ശന് ഭയമുണ്ടായിരുന്നോ?
ഉണ്ടായിരിക്കാം. ആദ്യമൊക്കെ അങ്ങനെയല്ലേ?
മുത്തശ്ശന് വായിക്കാന്‍ കഥകളാണോ കൂടുതലിഷ്ടം?
അങ്ങനെയൊന്നുമില്ല. എല്ലാം വായിക്കും.
പുറത്തുപോകുമ്പോള്‍ മുത്തശ്ശനെ ആളുകള്‍ തിരിച്ചറിയാറുണ്ടോ?
പുറത്തൊന്നും അങ്ങനെയാരും അറിയൊന്നുമില്ല, ഇവിടുള്ള കുറച്ചാളുകള്‍ക്കൊക്കെ അറിയാമെന്നല്ലാണ്ട്…
ആരാണ് പറയുന്നതെന്നോര്‍ക്കണം!
സ്വന്തം പേരുപറഞ്ഞ് ഫോണ്‍ വിളിച്ചിട്ടുപോലും തിരിച്ചറിഞ്ഞില്ലെന്നും പറഞ്ഞ് ബഹളം വെച്ച ഒരു കഥയെഴുത്തുകാരനോട് ഇരുപത് പേര് വായിച്ചാല്‍ കഥ വൈറലായോ എന്നു തിരിച്ചുചോദിച്ച് പ്രതിരോധിച്ചത് ഓര്മ വന്നു.
പറഞ്ഞുകൊടുത്ത സ്്ക്രിപ്റ്റിനെയും സ്കോര്‍ ചെയ്ത് മാധവ് മുന്നോട്ടുപോയി. മലയാളം ഇന്നേവരെ കാണാത്ത ഒരു എം.ടി സ്ക്രീനില്‍ തെളിഞ്ഞുനിന്നു. “നോ’ എന്നു പറഞ്ഞാല്‍ പിന്നെയൊരു യെസിന് സാധ്യതയില്ലാത്ത അത്രയും വലിയ “നോ’യുടെ ഉടമയില്‍ നിന്നും അത് സാധ്യമാക്കിയതിന് കാലമേ നന്ദി. ഓടിക്കയറുമ്പോള്‍ സമ്മതമല്ലെങ്കിലും കൂടി നേര്‍ത്തൊരു പുഞ്ചിരി ഈ പരലിനുനേരെ വെച്ചുനീട്ടാന്‍ കാണിച്ച മനസ്സാണ് എനിക്ക് എം.ടി. സര്, പിന്നെയാവാം എന്നു പറഞ്ഞുനിര്ത്തിയതെല്ലാം ഞാന്‍ എന്നത്തേക്കുമായി മാറ്റിവെക്കുകയാണ്. വീണ്ടും കാണും വരെ വിട.
വീണ്ടും കാണുംവരെ മാത്രം…

