Home / ലിറ്ററേച്ചര്‍  / കഥ  / മാൽഗൊരിതം

മാൽഗൊരിതം

എമ്പുരാൻ സിനിമ ഇറങ്ങി അതിനെക്കുറിച്ചുള്ള ബഹളം നടക്കുന്നതിനിടയിൽ ഒരു ദിവസമാണ് ഞങ്ങളിൽച്ചിലർ ഒന്നിച്ചിരുന്നത്. ഗൗരവമായ ആലോചനകൾക്കുവേണ്ടി ഒരു പ്ലാറ്റ്ഫോം തുടങ്ങുന്ന കാര്യം കുറേക്കാലമായി എല്ലാവരുടെയും മനസ്സിലുണ്ട്. ഓൺലൈനോ ഓഫ് ലൈനോ എന്തായാലും. പല സമയങ്ങളിലായി ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്. പക്ഷേ ഓരോ കൂടിയിരിപ്പിനും ഇടയിൽ കാര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ടാകും.

Maalgorithm

എമ്പുരാൻ സിനിമ ഇറങ്ങി അതിനെക്കുറിച്ചുള്ള ബഹളം നടക്കുന്നതിനിടയിൽ ഒരു ദിവസമാണ് ഞങ്ങളിൽച്ചിലർ ഒന്നിച്ചിരുന്നത്. ഗൗരവമായ ആലോചനകൾക്കുവേണ്ടി ഒരു പ്ലാറ്റ്ഫോം തുടങ്ങുന്ന കാര്യം കുറേക്കാലമായി എല്ലാവരുടെയും മനസ്സിലുണ്ട്. ഓൺലൈനോ ഓഫ് ലൈനോ എന്തായാലും. പല സമയങ്ങളിലായി ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്. പക്ഷേ ഓരോ കൂടിയിരിപ്പിനും ഇടയിൽ കാര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ടാകും. കഴിഞ്ഞതവണ പ്ലാൻ ചെയ്ത സംഗതികളൊന്നും പോര എന്നുവരും. പിന്നെയും പലവഴിക്ക് ചിന്തകൾ പോകും.

ഉദാഹരണത്തിന് കഴിഞ്ഞയാഴ്ച ഞാനിപ്പറഞ്ഞ ദിവസം ഇരുന്നപ്പോഴുണ്ടായ സംഭാഷണം ഇങ്ങനെയായിരുന്നു.

‘ഒരു മുഖ്യധാരാ സിനിമ ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദികൾക്കു നേരേ വിരൽചൂണ്ടാൻ തയ്യാറായി എന്നത് വലിയ നേട്ടമാണ്’, കരൺ തുടങ്ങിവച്ചു.

‘അത് ശരിതന്നെ. ബട്ട് കമേഴ്സ്യൽ താൽപര്യത്തിനുവേണ്ടി മാത്രമാണതെങ്കിൽ അത്ര ആഘോഷിക്കാനില്ല’, നസീഹ പ്രതികരിച്ചു.

‘കമേഴ്സ്യൽ ആയതുകൊണ്ട് നാലാളറിഞ്ഞു. ചന്ദ്രേട്ടന്റെ സിനിമ കഥാവശേഷൻ എത്രപേര് കണ്ടു?’, കരൺ പറഞ്ഞു.

‘കഥാവശേഷൻ ഉണ്ടായ കാലമല്ലല്ലോ ഇന്ന്. കമേഴ്സ്യൽ ആയാലും ആർട്ട് ആയാലും സിനിമ സിനിമ തന്നെയാണ്. കഥാവശേഷൻ ഇന്നായിരുന്നെങ്കിൽ ടി.വി.ചന്ദ്രനും സംഘികളുടെ പൊളിറ്റിക്കൽ ലിഞ്ചിങ്ങിന് ഇരയാവുമായിരുന്നില്ലേ?’, അലൻ പറഞ്ഞു.

‘അതവർക്ക് മനസ്സിലായിട്ടുവേണ്ടേ?’, അഖിൽ ചിരിച്ചു.

‘എന്തായാലും കൊള്ളാം. ബോളിവുഡിലെ ഷൂ നക്കികൾ മോഹൻലാലിനെയും പൃഥ്വിയെയും കണ്ട് പഠിക്കട്ടെ. കരൺ ഒരു വീഡിയോ ചെയ്യ് ആദ്യം. പിറകേ നമുക്കൊരു സ്ട്രീറ്റ് പ്ലേ ആലോചിക്കാം. നസീഹ സ്ക്രിപ്റ്റിന്റെ ബേസിക്സ് വർക്കൌട്ട് ചെയ്യട്ടെ. കൊച്ചിയിലെ മാളുകൾ ബേസ് ചെയ്ത് നമുക്ക് പ്ലേ ചെയ്യാം’, ഞാൻ ഇതടക്കം ചില നിർദേശങ്ങൾ വച്ചു.

പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്ക് മോഹൻലാലിന്റെ ഖേദപ്രകടനം വന്നു. സിനിമ റീ-എഡിറ്റ് ചെയ്യുകയാണെന്ന വിവരവും. ഞങ്ങളുടെ പ്ലാനാകെ പൊളിഞ്ഞു. കരൺ ചെയ്ത വീഡിയോ അപ്ലോഡ് ചെയ്യേണ്ടെന്ന് വച്ചു. അപ്പോഴും എമ്പുരാൻ ഇൻഡസ്ട്രിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചുനിന്നു.

ഇത് പല വിഷയങ്ങളിലും സംഭവിച്ചുകൊണ്ടിരുന്നു. അതിനെക്കുറിച്ച് ശുഭ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു.

‘ഇതിനെ മാൽഗൊരിതം എന്ന് പറയും’.

‘അൽഗൊരിതത്തിന്റെ വിപരീതം, അല്ലേ?’, ഞാൻ പൊട്ടിച്ചിരിച്ചു. ഞങ്ങൾ രണ്ടാളുമിരുന്ന കഫേയിൽ ചിലരൊക്കെ തിരിഞ്ഞുനോക്കി.

‘എക്സാക്റ്റ്ലി. നിങ്ങൾ എന്ത് ചെയ്യാനാഗ്രഹിക്കുന്നോ അതിനെ സാധിച്ചുതരാൻ ലോകം മുഴുവനും കൂടെയുണ്ടാകും എന്നോ മറ്റോ ഒരു സാഹിത്യകാരൻ പറഞ്ഞിട്ടില്ലേ?’, ശുഭ പേര് ഓർക്കാൻ ശ്രമിച്ചു.

അവൾക്ക് പേര് ഓർമയില്ലാഞ്ഞിട്ടല്ല, പറയാഞ്ഞിട്ടാണ് എന്നെനിക്ക് മനസ്സിലായി.

‘പൌലോ കൊയ് ലോ. ആൽക്കെമിസ്റ്റ്’.

‘ആ അതുതന്നെ. അങ്ങോരു പറഞ്ഞതിന്റെ നേരേ ഓപ്പസിറ്റ്. നമ്മളെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോഴേക്കു തന്നെ മാൽവെയർ ഡോട്ട് ഓർഗിൽ നിന്ന് നിങ്ങളിലേക്ക് സിഗ്നൽ പതിഞ്ഞിട്ടുണ്ടാകും. പിന്നെ നിങ്ങൾ ചെയ്യുന്നത് ഇല്ലാതാക്കാൻ ലോകം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കും’.

ശുഭ കോഫി ഫിനിഷ് ചെയ്ത് പോയി. അവളൊരു ഇംഗ്ലീഷ് ഓൺലൈൻ മാഗസിനിലാണ് വർക്ക് ചെയ്യുന്നത്. ഓഫീസിലെ ജോലികളുടെ സ്വഭാവം വച്ചിട്ടായിരിക്കാം ശുഭ സംസാരിച്ചത്. ആദ്യം ചിരിച്ചെങ്കിലും പിന്നെ അവൾ പറഞ്ഞത് തള്ളിക്കളയാൻ തോന്നിയില്ല. എന്ത് നിസ്സാരകാര്യം വിചാരിച്ചാലും അതിന് നേരേ ഓപ്പസിറ്റ് സംഭവിക്കുന്നത് എന്റെയും നിരന്തരമുള്ള അനുഭവമാണ്. ആരോടും പറയാൻ പോലും പേടിക്കുന്ന ഒരു സ്വകാര്യം.

‘വ്യക്തിപരമായി കാണണ്ട, അതൊരു സാമൂഹ്യ അനുഭവമായി മാറിയില്ലേ. അതാണ് ശുഭച്ചേച്ചി പറഞ്ഞത് എന്നെനിക്ക് തോന്നുന്നു’, കരൺ തൊട്ടടുത്ത മീറ്റിങ്ങിൽ പറഞ്ഞു.

‘അതായത് മാൽഗൊരിതം എന്നൊരു സംഗതി ഉണ്ടെന്നാണോ?’, അഖിൽ ചോദിച്ചത് എല്ലാവരുടെയും ഉള്ളിലുള്ളതായിരുന്നു എന്ന് തോന്നി.

‘അൽഗൊരിതം ഉണ്ടെങ്കിൽ മാൽഗൊരിതവും ഉണ്ടായിക്കൂടേ? സോഷ്യൽ ഡൈലമ ഡോക്യുമെന്ററി എല്ലാവരും കണ്ടതാണല്ലോ’, നസീഹ പറഞ്ഞത് യുക്തിസഹമായിരുന്നു.

‘മാൽഗൊരിതവും ഒരുതരത്തിൽ സോഷ്യൽ കൺസെന്റ് കൺസ്ട്രക്ട് ചെയ്യാനുള്ള ടൂൾ ആയിരിക്കാം’, ഞാൻ പറഞ്ഞു. ‘അൽഗൊരിതം തുടർച്ചയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, മാൽഗൊരിതം തിരിച്ച്, ഇടർച്ചയാകാം ലക്ഷ്യം വെക്കുന്നത്’.

അലൻ അത് മറ്റൊരുതരത്തിൽ വിശദീകരിക്കാൻ ശ്രമിച്ചു.

‘ഛാവ സിനിമ കാണുന്നതിനെക്കുറിച്ച് നിങ്ങൾ ആരോടെങ്കിലും സംസാരിച്ചാലുടനെ നിങ്ങളുടെ ഫീഡിൽ അറംഗസീബിന്റെ ക്രൂരതകൾ മുഴുവൻ വരുന്നത് അൽഗൊരിതം. എമ്പുരാനെക്കുറിച്ചുള്ള ചർച്ചയിലെവിടെയെങ്കിലും ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പരാമർശിച്ചാൽ റീച്ച് സീറോ ആകുന്നത് മാൽഗൊരിതം’.

‘അപ്പോൾപ്പിന്നെ ഇതൊരു സുക്കറണ്ണൻ പ്രശ്നം മാത്രമാണ്’, അഖിൽ ചിരിച്ചു.

‘അല്ലല്ലോ. നമ്മൾ സംസാരിക്കുന്നത് സോഷ്യൽ മീഡിയ സ്പേസിൽ സംഭവിക്കുന്നതിനെക്കുറിച്ച് മാത്രമല്ലല്ലോ. അൽഗൊരിതവും മാൽഗൊരിതവും ജീവിതത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്’, നസീഹ പറഞ്ഞപ്പോൾ എല്ലാവരുമൊന്ന് നിശ്ശബ്ദരായി.

അന്നത്തെ കൂടിയിരിപ്പിന്റെ പിറ്റേന്നാണ് സിജോ തിമോത്തി കൊല്ലപ്പെട്ടത്. ഒരു പൂച്ചക്കുട്ടിയെ നടുറോഡിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ചാണ് മരണം. സിജോ തിമോത്തി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളായിരുന്നു. മനുഷ്യർക്കു പുറമേ പക്ഷികളേയും മൃഗങ്ങളേയും സ്നേഹിക്കുന്ന ഒരാൾ. 17 വർഷം മുൻപ് അയാളുടെ അമ്മ ക്യാൻസർ ബാധിച്ചു മരിച്ചുപോയി. നാലുവർഷം മുൻപ് അച്ഛനും മരിച്ചു. ഏകസഹോദരിയുടെ വിവാഹവും കഴിഞ്ഞുപോയി. രണ്ടുമാസം മുൻപ് അയാൾ റോഡിൽ വണ്ടിതട്ടിക്കിടന്ന ഒരു നായയെ വാരിയെടുത്ത് വീട്ടിലെത്തിച്ച് ശുശ്രൂഷ നൽകി സുഖപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ 6 നായകളെ വീടിന്റെ ടെറസിൽ വളർത്തിവരികയായിരുന്നു.

‘ആ പട്ടികളും അനാഥരായി’, സിജോ തിമോത്തിയുടെ കഥ പറഞ്ഞ ശേഷം ശോഭ നിശ്ശബ്ദയായി.

സിജോയുടെ മരണനിമിഷങ്ങൾ സിസിടിവി ദൃശ്യങ്ങളായി ഞാനും കണ്ടിരുന്നു. തൃശൂർ – മണ്ണുത്തി പാതയിൽ നല്ല തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്. അമ്മപ്പൂച്ചയും കുട്ടിപ്പൂച്ചയും റോഡ് മുറിച്ചുകടക്കുമ്പോൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പോയിക്കൊണ്ടിരുന്നു. അമ്മപ്പൂച്ച റോഡിനപ്പുറത്ത് എത്തിയെങ്കിലും അതേവേഗത്തിൽ കുട്ടിപ്പൂച്ചയ്ക്ക് കടക്കാനായില്ല. അത് റോഡിന് നടുക്കായി. ഒന്നുരണ്ട് കാറുകളും ഒരോട്ടോറിക്ഷയും അതിനെ വെട്ടിച്ച് പോയി. അമ്മപ്പൂച്ച തിരിച്ചുവന്ന് അതിനെ കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അപ്പോഴാണ് സിജോ തിമോത്തി ആ വഴി ബൈക്കിൽ വന്നത്. അയാൾ വണ്ടി സൈഡിൽ നിർത്തി റോഡിനു നടുവിലേക്ക് ചെന്ന് പൂച്ചക്കുട്ടിയെ വാരിയെടുക്കുകയായിരുന്നു. അതേനിമിഷം അയാളെ ഭാരം കയറ്റിവന്ന ലോറി തട്ടിയിട്ട് ചതച്ചരച്ചു. ജീവിതനിയമം ലംഘിച്ചതിന് മരണം അയാളെ കയ്യോടെ പിടികൂടിയതുപോലെ.

‘പൂച്ചക്കുട്ടി രക്ഷപ്പെട്ടോ?’, നസീഹ പെട്ടെന്ന് ചോദിച്ചു.Art Cat

സത്യത്തിൽ ശോഭ അത് പറയുകയോ ഞാൻ ചോദിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.

‘അയാളുടെ ആഗ്രഹം അതായിരുന്നല്ലോ’. നസീഹ, ഞാൻ മൗനം പാലിച്ചതിന്റെ അർഥം മനസ്സിലാക്കിയതുപോലെ പറഞ്ഞു.

അന്നത്തെ ഇരിപ്പിലും സൈബർ സപേസിൽ ഇടപെടേണ്ടതിന്റെ രാഷ്ട്രീയസ്വഭാവം കണ്ടെത്താനാകാതെയാണ് ഞങ്ങൾ പിരിഞ്ഞത്.

ഫ്ലാറ്റിലെത്തി ഒന്ന് ഫ്രഷായശേഷം ഒരു കട്ടനുണ്ടാക്കി സെറ്റിയിൽ വന്നിരുന്ന് മൊബൈൽ തുറന്നു. വെറുതെ, പട്ടികളും പൂച്ചകളും റോഡിൽ ചതഞ്ഞരഞ്ഞ് മരിക്കുന്നതിനെക്കുറിച്ചുള്ള കണക്ക് നോക്കാമെന്നുവച്ചു. ആദ്യം വന്നത് പ്രധാനമന്ത്രിയുടെ ഒരു പഴയ റോയിട്ടേഴ്‌സ് ഇന്റർവ്യൂവിൽ നിന്നുള്ള ഭാഗമായിരുന്നു.

‘Even if I am in the back seat of a car and a puppy comes under the wheels, isn’t it painful?’

അഹമ്മദാബാദിലെ ഏതോ റോഡിൽ ഒരുനിര വാഹനങ്ങളുടെ ചക്രങ്ങൾ ഉരയുന്നതിന്റെ സീൽക്കാരം ചെവിയിൽ പുതഞ്ഞു. ഒരുകൂട്ടം കൂട്ടനിലവിളികളും.

എനിക്ക് പെട്ടെന്ന് സിജോ തിമോത്തിയെക്കുറിച്ചോർത്ത് കടുത്ത സങ്കടം വന്നു. അയാൾ വാരിപ്പൊതിഞ്ഞെടുത്ത പൂച്ചക്കുഞ്ഞും അയാൾക്കൊപ്പം ചക്രങ്ങൾക്കടിയിൽ ചതഞ്ഞുപോയെന്ന് കഴിഞ്ഞ ദിവസം ശോഭ പറഞ്ഞിരുന്നു. പിന്നെ, ശോഭ ഓർക്കാതിരുന്ന ഒരു കാര്യംകൂടി എന്റെ അൽഗൊരിതത്തിൽ തെളിഞ്ഞുവന്നു. തിമോത്തി എന്നത് ടോം ആൻഡ് ജെറിയിലെ ടോമിന്റെ ഇരട്ടസഹോദരനാണ്.

അതുകൊണ്ട് ആ അപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് പൂച്ചകളായിരുന്നോ? ഞാൻ അൽഗൊരിത – മാൽഗൊരിതച്ചുഴിയിലേക്ക് വലിച്ചെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു

Author Photo
പ്രമോദ് രാമൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT