കളിപ്പാങ്കുളം
കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക് വലിച്ചുചേർത്തു. എന്നിട്ട് ഒന്നും മിണ്ടാതെ തിരികെ നടന്നു. കുപ്പികളേല്പിച്ച്, സെക്രട്ടറിയുമായി അവർ സംസാരിച്ചു. അയാൾ പറഞ്ഞുകൊടുക്കുന്ന
കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക് വലിച്ചുചേർത്തു. എന്നിട്ട് ഒന്നും മിണ്ടാതെ തിരികെ നടന്നു.
കുപ്പികളേല്പിച്ച്, സെക്രട്ടറിയുമായി അവർ സംസാരിച്ചു. അയാൾ പറഞ്ഞുകൊടുക്കുന്ന നമ്പർ ആ സ്ത്രീ ഫോണിലേക്ക് സേവ് ചെയ്തു. നീട്ടിപ്പിടിച്ചിരുന്ന തുകപോലും വാങ്ങിക്കാതെ, എന്നോട് കൈവീശിയിട്ട് വീട്ടിനുള്ളിലേക്ക് കയറിപ്പോയി.അപ്പോഴും അവരുടെ ആ കൂസലില്ലാത്ത മണവും എന്റെ സംശയങ്ങളും ആ മുറ്റത്ത് കെട്ടിപ്പിടിച്ചു നിന്നു.
ഞങ്ങളുടെ ടൂവീലർ ആ വലിയ പറമ്പിനെ ചുറ്റി നിരത്തിലേക്ക് കയറുമ്പോൾ ബാംഗ്ലാവിലെ ബാൽക്കാണിയിൽ കേണൽ പദവിയിൽ വിരമിച്ച പട്ടാള നേഴ്‌സും ആ സ്ത്രീയും ബൈനാകുലറിലൂടെ ഞങ്ങളെ നോക്കുന്നത് ഞാൻ സെക്രട്ടറിക്ക് കാണിച്ചുകൊടുത്തു.
“കഥാകൃത്തേ സീമസാറിന് നിന്നെ നല്ലോണമറിയാം. നമ്പർ എന്നോട് ചോദിച്ചു വാങ്ങിയിട്ടുണ്ട്. കെട്ടിപ്പിടിച്ചതൊക്കെ ഞാൻ കണ്ടതാ. ഇനി ചിലവില്ലാതെ നമ്മളെ ഈ മീറ്റിംഗിനുള്ള കോട്ട നീ ഒപ്പിക്കണം”
വായനശാലയുടെ പുറകിലെ പുഴയോര സാംസ്കാരിക കൂട്ടായ്മ. വായനശാല സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഗ്ലാസുകളിൽ ഒഴിയുന്നു. നാടുവിട്ടു നിൽക്കുന്ന,ശരാശരിയിലും താഴ്ന്ന എഴുത്തുള്ള എന്നെ സീമ, എങ്ങനെ അറിഞ്ഞെന്ന ചിന്ത എനിക്ക് നിറഞ്ഞുവന്നു.
“തുമ്പിയെ പിടിക്കാൻ പാഞ്ഞ കുട്ടി ആറ്റിൽ വീണതും. രക്ഷിക്കുന്നതിനിടയിൽ അമ്മ മുങ്ങി മരിച്ചതും. നിന്റെ ഒരു കഥയില്ലേ? ‘ശലഭൻ‘. അതവര് വായിച്ചിട്ടുണ്ട്. അവരെ തള്ളയും വെള്ളത്തിൽ വീണെങ്ങാണ്ടാ. സീമ സാറ് റവന്യുവിലെ വലിയ അഫീസറാ.പക്ഷേ ആ കേണല് പെണ്ണുമ്പിള്ളയെ സൂക്ഷിച്ചോ. രണ്ടാളും കെട്ടിയിട്ടില്ല. കലിപ്പ് ടീമാണ്…“സെക്രട്ടറിയുടെ ഛർദ്ദിയിൽ കൂട്ടായ്മ നന്ദി പറഞ്ഞുപിരിഞ്ഞു. യോഗത്തിന് പങ്കിട്ട മറ്റുരണ്ടാളും മാളങ്ങളിലേക്ക് ഇഴഞ്ഞുപോയി.
വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചുടുപ്പിച്ച നല്ലവന്റെ കുപ്പായം ഊരിവയ്ക്കാനാണ് ഞാൻ നാടുവിട്ടത്. ചേർച്ചയുള്ള കുപ്പായം നല്ലോണം മണത്തും തുടങ്ങിയത് ഈ കൂട്ടായ്മയിലാണ്. ഞാനെന്നെ ആസ്വദിച്ചു വരികയായിരുന്നു. ‘ശലഭൻ‘ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു.
“എനിക്ക് സംസാരിക്കാൻ ഒരുപാടുണ്ട്. നാളെ ഇവിടെ വരെ വരണം. ഞാൻ കാത്തിരിക്കും.” പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നും ഒറ്റവരി സന്ദേശം. പിന്നാലെ കേണലിന്റെ ബംഗ്ലാവിന്റെ ചിത്രം. അലമാരയിലെ മദ്യക്കുപ്പിയിൽ ചാരി വച്ചിരിക്കുന്ന ‘ശലഭൻ‘ അച്ചടിച്ചു വന്ന വാരികയുടെ ചിത്രം. ചുവന്ന മഷികൊണ്ട് കഥയുടെ ചില ഭാഗങ്ങൾ അടിവരയിട്ടിരിക്കുന്ന ചിത്രം.
ഞാൻ ഒരു സംശയ സ്മൈലി അയച്ചു. വെള്ളം ഇറ്റുവീഴുന്നചുരുണ്ട തലമുടിയാൽ മുഖം പാതി മറച്ച സീമയുടെ ചിത്രം മറുപടിയായി വന്നു. വെടിയേൽക്കുന്ന സിനിമാ താരത്തിന്റെ മീമുള്ള ഇമോജി ഗൂഗിളിൽ തിരഞ്ഞെടുത്ത് ഞാൻ മറുപടിയിട്ടു.
“നാളെ ഞാൻ മാത്രമേ കാണൂ. കേണൽ രാവിലെ പോകും. വരണം. എനിക്കൊരു കഥ പറയാനുണ്ട്. “സീമയുടെ മണം ഓർമ്മിപ്പിച്ച് ഫോൺ കട്ടായി. വായനശാലയുടെ ബെഞ്ചിൽ കിടന്നു. മുങ്ങിമരിക്കുന്ന കഥയിൽ സീമയുടെ അമ്മയെ ചേർത്തുവായിച്ച് ഉറങ്ങിപ്പോയി.
ബഷീറിന്റെ സമ്പുർണ്ണ കൃതിയെ തലയിണയാക്കി വായനശാലക്കായി ജീവിതം മാറ്റിവച്ച സെക്രട്ടറി ഉറക്കത്തിലാണ്. ഫോണിൽ സീമയുടെ നമ്പറിൽ നിന്ന് വിളികളും കുളിച്ചിറങ്ങിയ വേഷത്തിലെ നാലഞ്ച് ചിത്രങ്ങളും വന്നുകിടപ്പുണ്ട്. സെക്രട്ടറിയുടെ ബൈക്ക് വഴി തെറ്റിക്കാതെ എന്നെ ബംഗ്ലാവിന് മുന്നിലാക്കി.
കേണൽ റോസമ്മ. ബ്രാക്കറ്റിൽ റിട്ടയേർഡ്. മതിലിൽ പതിച്ച കറുത്ത ബോർഡിൽ സ്വർണ്ണ നിറമുള്ള എഴുത്ത്. “അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഘമാണ്”.ഗേറ്റിൽ തൂങ്ങിക്കിടക്കുന്ന ബോർഡ് ഓർമ്മിപ്പിച്ചു. ചുവരിൽ ആരൊക്കെയോ പകയോടെ എഴുതിവച്ച മുട്ടൻ തെറികൾ. വെള്ളയടിച്ച് മായ്ക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ.
വീടിന്റെ പടികളോളം മണൽവിരിപ്പ്. ഒന്നാം പടിയിൽ ‘ബൈക്ക് പുറത്ത് വയ്ക്കാൻ‘ ആംഗ്യത്തിൽ നിർദ്ദേശം തരുന്ന സീമ. പൂത്തുനിൽക്കുന്ന കൂറ്റൻ മരുതിന്റെ ചുവട്ടിൽ ബൈക്ക് ഒതുക്കിവച്ചു. മണൽ വിരിപ്പിൽ അടയാളം വീഴ്ത്താതെ നടന്നു. സീമ തോളിൽ പിടിച്ച് അടുപ്പിക്കുമ്പോൾ ഈർപ്പം ഉടുപ്പിൽ പതിഞ്ഞു. മുടിയിൽ നിന്നൂറിയ വെള്ളം ധരിച്ചിരുന്നവയെ അവളുടെ ശരീരത്തിൽ ഒട്ടിച്ചുവയ്ക്കുന്നു. മണം എന്റെ നിയന്ത്രണങ്ങളെ വേട്ടയാടുന്നു.
നിലത്ത് കാശ്മീരി വിരിപ്പിൽ ഭക്ഷണവും പുസ്തകങ്ങളും. ‘ശലഭൻ‘ അച്ചടിച്ച വാരികയിൽ ഒരു റോസാപ്പൂവ്. ഉരുണ്ട തലയിണകൾ രണ്ടാൾക്ക് ഇരിക്കാനും ചാരാനും പകത്തിന് ക്രമീകരിച്ചിട്ടുണ്ട്. നിറയാൻ കാത്തിരിക്കുന്ന അര ഒതുക്കമുള്ള വൈൻ ഗ്ലാസുകൾ. അതിൽ തെളിയുന്ന വീടിന്റെ കോണുകൾ. ശീതികാരിയുടെ മൂളൽ. പരുക്കൻ തണുപ്പ്.
പട്ടാളച്ചിട്ടയിൽ ശ്വാസമടക്കി നിൽക്കുന്ന വീട്ടുപകരണങ്ങൾ. ഗുലാം അലിയുടെ ശബ്ദം ഏതോ മുറിയിൽ നിന്നിറങ്ങി വരുന്നു. “ഈ പൂവിറുക്കാൻ കേണൽ ആരെയും സമ്മതിക്കാറില്ല. ഇതിപ്പോൾ എനിക്കുവേണ്ടി ഒന്ന് മാറി നിന്നതാ” വരികളുടെ മുകളിലിരുന്ന റോസാപ്പൂവ് എന്റെ ഉടുപ്പിന്റെ പോക്കറ്റിലേക്ക് തണ്ടോടെ താഴ്ത്തിവച്ചിട്ട് സീമ നിലത്തിരുന്നു. ഞാൻ അടഞ്ഞു കിടക്കുന്ന മുറികളിലും മുകൾ നിലയിലും ഭയത്തോടെ നോക്കി.
എന്റെ കൈ മടിയിലേക്ക് എടുത്ത് വച്ച് വിരലിന് മുകളിലെ രോമങ്ങളിൽ തലോടി.തോളിൽ തല ചാരിയിരിക്കുന്ന സീമയുടെ മുടിയിലെ ഈർപ്പം എന്റെ മെറൂൺ ഉടുപ്പിനെ കറുപ്പിക്കുന്നു.
“അമ്മ മുങ്ങി മരിച്ചതും. ഇരട്ട സഹോദരിയെ അച്ഛൻ വൈകാതെ കെട്ടിയതും ആ വയസ്സിൽ ഞാനെങ്ങനെ തിരിച്ചറിയും.? എല്ലാവരുടെയും ബാല്യം അങ്ങനെയായിരിക്കുമെന്നല്ലേ ഞാൻ കരുതിയത്. മറുക് പോലും തമ്മിൽ മാറ്റമില്ലാത്ത രണ്ടാനമ്മയുടെ നോവിക്കൽ ഞാനെങ്ങനെ മനസിലാക്കാനാണ്?.” സീമ കഥയുടെ നടുമുറിയിൽ എന്നെ പെട്ടെന്ന് പൂട്ടിയിട്ടു.
പ്രവാസിയായ അച്ഛനും. ‘നീന്തലറിയുന്ന അമ്മ കുഞ്ഞൻ കുളത്തിലെ ആത്മഹത്യ ചെയ്തതും‘. പ്രണയം തകർന്ന് ‘പേറില്ലാതെ അമ്മപ്പട്ടം കിട്ടിയ‘ ഇരട്ട സഹോദരിയുടെ കണ്ണീരും. വേഗത്തിൽ മുലയൂറിവരട്ടെന്ന ഉഗ്രവീട്ടുശാസനയും. രണ്ടാനമ്മയുടെ ശീഘ്ര ഗർഭവും. നാടുമുറിക്കഥയുടെ മുന്നിലും പിന്നിലും ഇതോരോന്നിനെയും കോർത്തോർത്ത് സീമ കരയുന്നു. ഗസലിന്റെ ശ്രുതിയിൽ വിതുമ്പലുകളും ബാക്കിയാവുന്നു.
“തള്ളമാർ ഒരേനേരം ഒരേ വയറ്റീന്ന് വന്നാലും. അവനോന്റെ വയറ്റിൽ കിടന്നതോളം വരില്ലല്ലോ മറ്റോളുടേത്.. “കിടക്കയിലെ മുള്ളലിന് രണ്ടാനമ്മ തുടയിടുക്കിൽ പൊള്ളിച്ചത് ന്യായമാക്കാൻ സീമ കണ്ണുതുടച്ച് ശ്രമിക്കുകയായിരുന്നു. അവൾ എന്നെ ‘നീയിത് കേൾക്കുമോ‘ എന്ന് നോക്കി. ഞാൻ അവളുടെ ചുണ്ടിലും. ‘അരുതെന്ന്‘ ചുവരിലെ തോക്കിന്റെ താക്കീത്. മുഖത്ത് ‘നിന്റെ വേദന ഇനിമുതൽ എന്റേതെന്ന്‘ വരുത്താൻ ഞാൻ ശ്രമിച്ചതും പാളിപ്പോയി.
“പതിമൂന്നുകാരി പിന്നിക്കീറി നിൽകുമ്പോൾ ഒരു പെണ്ണും അതിനെ അഴിഞ്ഞാട്ടക്കാരിയെന്ന് വിളിക്കില്ല. അതിനി രണ്ടാനമ്മയായാലും. ഒരച്ഛനും ‘നീയെന്തിന് അവനെ വിളിച്ച് കയറ്റിയെന്നും‘ ചോദിക്കില്ല”ആ ദുരന്തദിനത്തിന്റെ നടുകഷ്ണം വരച്ച് എനിക്കിട്ടു തന്നിട്ട് സീമ ബാക്കി ഭാഗങ്ങൾക്ക് നിറം കൊടുക്കാൻ തുടങ്ങി.
കല്യാണത്തലേന്നത്തെ വീട്. രാത്രി. വീടിന്റെ പിന്നിലെ തൊഴുത്ത്. ബന്ധുവും പ്രതാപിയുമായ വിഭാര്യൻ. തന്നെ പിന്നിക്കീറിയ ആളും ഇടവും നേരവും വരച്ചു തന്നിട്ട് സീമ കുളിമുറിയിലേക്ക് ഓടിപ്പോയി. വാതിൽ അടച്ചിട്ടില്ല. വെള്ളത്തിന്റെ പെയ്ത്തും കരച്ചിലും വാസനസോപ്പിന്റെ മണവും വീട് നിറച്ചു. ആ കഥ പൂരിപ്പിക്കുമ്പോൾ എനിക്ക് വിയർക്കാനും വിറയ്ക്കാനും തുടങ്ങി.
കുളി ഏറെ നീണ്ടു. കരച്ചിലും വെള്ളവും അടങ്ങി. സീമയുടെ വരവിന് ഞാൻ കാത്തിരുന്നു.
‘കല്യാണം മുടങ്ങരുത്, പോലീസ് കയറരുത്, പെണ്ണിന്റെ തിളപ്പ് കുറഞ്ഞോളും‘ “ഇരുട്ടിലൂടെ അയാൾക്ക് ഓടിപ്പോകാൻ ഇടം കൊടുക്കുമ്പോൾ അവർ തീരുമാനിച്ചതാണ്.
മൂന്ന് ദിവസം അയാളുടെ മണം പോകാൻ കുളിച്ചുകുളിച്ച് എനിക്ക് പനിച്ചു. ഇന്നും എനിക്ക് കുളിച്ചാൽ മതിയാകുന്നില്ല. നാറുന്നുണ്ടോ? “കഴുത്ത് എന്റെ മൂക്കിനടുത്തു പൊന്തിച്ചിട്ട് പെട്ടെന്ന് പിൻവലിച്ചു”.
“എന്റെ അമ്മ മുങ്ങിച്ചാവില്ലെന്ന് കിളിമാർക്ക് തീപ്പെട്ടിക്കമ്പനി ഉടമ, കുഞ്ഞമ്പുവേട്ടൻ എന്നെ കാണുമ്പോഴെല്ലാം പറയും. അവര് നല്ല കൂട്ടായിരുന്നു. എനിക്ക് വീട്ടിലിരുന്നാൽ പേടിയാവും. അവധി കിട്ടിയാൽ ഞാൻ കമ്പനിയിലേക്കോടും. തീപ്പെട്ടിക്ക് മുകളിലെ രണ്ടു കിളികളുടെ ചിത്രം, ഒട്ടിച്ച് ഉണങ്ങാൻ വച്ചത് എണ്ണിനോക്കി ഞാൻ കണക്ക് കൊടുക്കണം. കണ്മഷി, ചാന്ത്, വള, കുട, ചെരുപ്പ്… വീടെനിക്ക് പിശുക്കിയതെല്ലാം ‘നീ വാങ്ങിച്ചോ കുഞ്ഞിന്ന് ‘കുഞ്ഞമ്പുവേട്ടൻ ഒരോ വാരാന്ത്യങ്ങളിലും കവിളിൽ നുള്ളും.”
പാട്ടുപാടാനും, കൂവാനും, ഇഷ്ടമുള്ളത് കഴിക്കാനും, പേടിച്ച് ഒളിച്ചിരിക്കണമെന്ന് തോന്നിയാൽ അതിനും ‘കൂലി‘ തന്ന കുഞ്ഞമ്പുവിന്റെ കഥ പറയുമ്പോൾ സീമയുടെ മുഖം വിരിഞ്ഞു. അച്ഛൻ ദേഷ്യപ്പെട്ട് കമ്പനിയിൽ കയറിവന്നതും, കുഞ്ഞമ്പു കഴുത്തിന് പിടിച്ച് ‘കാലിത്തൊഴുത്തിലെ കഥ‘ ഓർപ്പിച്ച് ഇറക്കിവിട്ടതും, തലകുനിച്ചു നടന്ന അച്ഛനെ നോക്കി മേശപ്പുറത്തിരുന്ന് അവൾ കൂവിയതും പറഞ്ഞപ്പോൾ സീമയുടെ കവിളിൽ ചോര ചാറിച്ചുവന്നു.
സീമ എന്റെ കഴുത്തിൽ മാലപോലെ കൈ കൊരുത്തതും ചിരിച്ചതും.ആർത്തിയോടെ ഞാൻ ഉമ്മ വച്ചതും, മദ്യക്കുപ്പി എന്റെ തലയിൽ ഉടഞ്ഞതും പെട്ടെന്ന് കഴിഞ്ഞു.
ചുവരിലെ തോക്കിന്റെ നേർക്കണോ കുളിമുറിയിലേക്കാണോ സീമ ഓടിയതെന്ന്. എനിക്കറിയില്ല. കിതപ്പോടെ ബൈക്കിലിരുന്ന് ഞാൻ ചിന്തിച്ചു കൂട്ടിയതിന് കണക്കില്ല.കേണലോ പോലീസോ തിരഞ്ഞുവരുന്നതിന് മുന്നേ നാട് പിടിക്കാം. ഒറ്റലക്ഷ്യമായിരുന്നു ആകെത്തുക.
“എനിക്കിത്തിരി സമയം തരൂ. നാളെ നമുക്കൊരു യാത്ര പോവാം. ബാക്കി കഥ കൂടെ കേട്ടിട്ട്….” സീമയുടെ സന്ദേശം ഞാൻ പലവട്ടം വായിച്ചു. ഫോണിലേക്ക് തുരുതുരാ വിളികൾ. എടുത്തില്ല പക്ഷേ നാട്ടിലേക്ക് ഒരുക്കിയ ബാഗിന്റെ വയറൊഴിച്ചു. ഉറങ്ങാതെ കിടന്നു.
“എന്റെ കൂടെ വരണം. എനിക്ക് നിങ്ങളെ മനസ്സിലാവും. “ഒറ്റവരി സന്ദേശത്തിന്റെ പിന്നാലെ ഫോണിലേക്കുവന്ന ആദ്യ വിളിയും യാത്രയ്ക്കുള്ള ക്ഷണവും ഞാൻ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും മോശമായ ചുംബനത്തിന്റെ ഓർമ്മ,ഫോണിലൂടെയുള്ള നേർത്ത ചുംബനത്തിൽ സീമ മായ്ച്ചുകളഞ്ഞു.
മതിലിലെ തെറികൾ വെള്ളതേച്ച് മായ്ക്കുന്ന വെളുത്ത ബനിയനും പട്ടാള പാന്റും ധരിച്ച കേണൽ ബൈക്കൊതുക്കുന്ന എന്നോട് ചിരിച്ചു. “തെറിയില്ലാതിരുന്നെങ്കിൽ ഈ ഭൂമിയിലെ ഭൂരിപക്ഷം മനുഷ്യരും ശ്വാസംമുട്ടി മരിക്കുമായിരുന്നു. അവർക്ക് ആശ്വസിക്കാൻ ഞാൻ വെള്ളയടിച്ചുകൊടുക്കും.” “ഇന്നലെ ഇറങ്ങിയോടിയവൻ ആരെടീ…? ചോദ്യച്ചിഹ്നം ലിംഗത്തിന്റെ ആകൃതിയിൽ വരച്ച ഏറ്റവും പുതിയ എഴുത്താണ് കേണൽ വെള്ളതേയ്ക്കുന്നത്. കവിളിലെ നുണക്കുഴിയിൽ എനിക്ക് നനയാനുള്ള ചിരി ഓളംവെട്ടുന്നു.ഞാൻ കാത്തുനിന്നു.
ഇറങ്ങിവരുന്ന ജീപ്പിന് കേണൽ ഗേറ്റ് തുറന്നുകൊടുക്കുന്നു. കേണലിന്റെ അതേ വേഷമുള്ള ഡ്രൈവിങ് സീറ്റിലെ സീമ എന്നെ മുൻസീറ്റിലേക്ക് ക്ഷണിച്ചു. കേണൽ വണ്ടിക്കുള്ളിൽ തലയിട്ട് സീമയുടെ നെറ്റിയിൽ ഉമ്മ വച്ചു. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കെട്ട് പണം എന്റെ മടിയിലേക്കിട്ടു. ഗേറ്റിന് വലതുവശത്തെ തെറികൾ വായിച്ച് ചിരിച്ച് വെള്ളതേയ്ക്കുന്ന കേണൽ സൈഡ് ഗ്ലാസ്സിൽ ദൂരെ പൊട്ടുപോലെ മറഞ്ഞു.
ഗുലാം അലിയും തണുപ്പും. കഥ പറയാനുള്ള താളത്തിലേക്ക് സീമ ഒരുങ്ങുകയാണെന്ന് തോന്നിപ്പിക്കുന്ന മുഖഭാവം. മടിയിൽ കിടന്ന തുക ഞാൻ റിഷ്യു പേപ്പറിന്റെ പെട്ടിക്ക് മുകളിൽ വച്ചു. ഗിയർ മാറ്റാനിരുന്ന സീമയുടെ കൈ എന്നെ പിടിച്ചു.അവളുടെ കഴുത്തിലെ നനവിലേക്ക് കൈ എടുത്തുവച്ചു. കറുപ്പൻ വഴിയിലൂടെ പട്ടാളച്ചിട്ടയിൽ ഓടിയ ജീപ്പ് പുഴക്ക് സമാന്തര മൺനിരത്തിൽ കയറി കുണുങ്ങി നടക്കാൻ തുടങ്ങി. പൂട്ടിക്കിടക്കുന്ന തീപ്പെട്ടിക്കമ്പനിയുടെ മുന്നിൽ നിന്നു.
“കിളിമാർക്ക് തീപ്പെട്ടിക്കമ്പനി ഞങ്ങളാ ഇപ്പൊ നടത്തിപ്പ്. ഇനി മുതൽ നീയാണ് മാനേജർ. കുഞ്ഞമ്പുവിന്റെ മുന്നിൽ അഭിനയിച്ചു തകർത്തത്തോണം. ഇതാണ് നമ്മൾക്ക് ഇടയ്ക്കിടെ വരാനുള്ള നമ്മുടെ സ്പോട്ട്.” കമ്പനിയുടെ ഗേറ്റിന് മുന്നിൽ ജീപ്പിനെയിട്ട് കടത്തുവള്ളത്തിലേക്ക് കയറി. വള്ളക്കാരൻ സീമയോട് വിശേഷങ്ങൾ ചോദിക്കുന്നു. പൂട്ടിക്കിടക്കുന്ന തുരുമ്പൻ മഞ്ഞഗേറ്റിലെ മുഖാമുഖമുള്ള കറുത്ത കിളികളെ നോക്കി ഞാൻ സംശയത്തോടെ ഇരുന്നു.
“വിദേശത്തതൊക്കെ പോയി ബിസിനസ്സ് പഠിച്ച ആളാണ്. ഇനി നമ്മളെ കമ്പനി തുറക്കും” എന്നെ സീമ വള്ളക്കാരന് പരിചയപ്പെടുത്തി. നിറയെ തൊഴിലാളികളെ പുഴ കടത്തിയ ഒരു കാലത്തിന്റെ ഓർമ്മ കണക്കെ അയാൾ എന്നോട് ചിരിച്ചു. വള്ളത്തിന്റെ മറ്റേ തുഞ്ചത്ത് പെറ്റിക്കോട്ടിട്ട സീമയുടെ ബാല്യം വന്നിരുന്നു. ഞാൻ വെള്ളത്തിലേക്ക് നോട്ടം മാറ്റി. പുഴയിലെ വെള്ളം കോരി എന്റെ കൈ തഴുകിയ കഴുത്ത് കഴുകുന്ന സീമ.മറുകരയിൽ ഓടിപ്പോയ മക്കളെ കാത്തിരിക്കുന്ന വൃദ്ധകണക്കെ നരച്ച ഒരു വീട്.
കട്ടിലിനോട് ചേർന്നുകിടക്കുന്ന കുഞ്ഞമ്പു. അയാളോട് ചേർന്ന് കിടപ്പിനും ഇരിപ്പിനും ഇടയിലുള്ള ഒരവസ്ഥയിൽ സീമ. നരച്ച നെഞ്ചിൽ അവളുടെ കൈ. മരുന്ന് കുപ്പികൾക്കരികിൽ കേണലിന്റെ പണം. കിളിമാർക്ക് തീപ്പെട്ടിക്കമ്പനിയുടെ ഭൂതകാലം വെള്ളയും കറുപ്പുമുള്ള ചിത്രങ്ങൾ അടങ്ങിയ ആൽബം നോക്കുന്ന എന്റെ ശ്രദ്ധമുഴുവൻ വലിച്ചെടുക്കുന്ന ചെണ്ടയുടെ താളം. തെയ്യവേഷമുള്ള ഒരു കുട്ടിയും സംഘവും വീടിന്റെ മുറ്റത്ത് നിറഞ്ഞു.
കുട്ടിത്തെയ്യം വീടിന്റെ ഒരോ മുറിയിലും കയറി എന്തൊക്കെയോ മറിച്ചിടുന്നു.ഉറക്കെ ചിരിക്കുന്നു. കുഞ്ഞമ്പു കിടക്കുന്ന കട്ടിലിന്റെ മുകളിൽ നടന്നുപോകുന്നു.കാലുയർത്തി സീമയുടെ ഉമ്മ വാങ്ങിക്കുന്നു. പണത്തിന്റെ കെട്ട് എടുത്ത് വിശറിപോലെയാക്കി ചിരിക്കുന്നു. അതവിടെ വച്ചിട്ട് മരുന്ന് കുപ്പികൾ ജനാലവഴി പുറത്തേക്ക് വലിച്ചെറിയുന്നു.
കൈയിലിരുന്ന വാളുകൊണ്ട് സീമയുടെ ദേഹത്ത് വേദനിപ്പിക്കാതെ അടിക്കുന്നു.കട്ടിലിൽ കുഞ്ഞമ്പുവിന്റെ ഒപ്പം കയറികിടക്കുന്നു. സീമയെ തള്ളി മാറ്റി കുഞ്ഞമ്പുവിനെ ‘എന്റെയെന്ന്‘ കെട്ടിപ്പിടിക്കുന്നു. എല്ലാത്തിനും ചെണ്ടയുടെയും സംഘത്തിന്റെയും ചിരിയുണ്ട്.
പെട്ടെന്ന് വീടിന് പുറത്തേക്ക് ഓടിയ തെയ്യം എന്റെ അരികിൽ അല്പനേരം നിന്നു.അരയിൽ തിരുകിയ തെച്ചിപ്പുവും മഞ്ഞൾപ്പൊടിയും എന്റെ നേർക്ക് വിതറി. ഞാൻ എഴുന്നേറ്റ് നിന്നപ്പോൾ കുട്ടിത്തെയ്യം ചിരിച്ചു. ചെണ്ടക്കാരും സംഘവും വള്ളത്തിൽ മറുകരയിലേക്ക് യാത്രയാവുന്നതും നോക്കി നിന്ന യൗവനം പിന്നിട്ട ഒരാൾ വീട്ടിലേക്ക് കയറി. സീമ അയാളോട് ചിരിച്ചു. അയാൾ അവളെ കെട്ടിപ്പിടിച്ചു.
“ഇങ്ങനെ കരയാനും പൂട്ടിക്കിടക്കണ കമ്പനിക്ക് വാടക തരാനും മാത്രമേ ഈ വഴി അറിയൂ..” സീമ അയാളുടെ കൈപിടിച്ച് ഉമ്മ വയ്ക്കുന്നു.” ഇത് നമ്മളെ കമ്പനി തുറക്കാൻ വന്ന മാനേജരാടാ..” സീമ അയാളെ എന്റെ മുന്നിൽ കൊണ്ടുനിർത്തി.“ഇതുകൊണ്ട് നിനക്ക് ആ അകത്ത് കിടക്കുന്നആളെ പറ്റിക്കാം.” പിണങ്ങി മാറി നിൽക്കുന്ന അയാളെ സീമ പിന്നിലൂടെ കെട്ടിപ്പിടിച്ചു..
“ആള് ചാകുന്നത് വരെയല്ലേ നിന്റെ നടത്തിപ്പും ഒളിച്ചോട്ടാവുമുള്ളു…”ചുവരിലെ സ്റ്റാൻഡിൽ ഉറപ്പിച്ചിരുന്ന സുന്ദരനായ യുവാവിന്റെ ഫോട്ടോയിൽ തൂക്കിയിരുന്ന താക്കോൽ അയാൾ സീമയ്ക്ക് നീട്ടി. ആ ഫോട്ടോയിൽ കണ്ണെടുക്കാതെ രണ്ടാളും കുറച്ചുനേരം നിന്നു.
തെയ്യത്തിന്റെ മറ്റൊരു സംഘം റോഡിൽ അയാളെ കാത്തുനിന്നു. സീമയുടെ കവിളിൽ ഒന്ന് തൊട്ടിട്ട് അയാൾ ചെണ്ടക്ക് മുന്നിൽ നടക്കാൻ തുടങ്ങി. അയാളുടെ നോട്ടത്തിൽ എനിക്ക് ഭയം തോന്നി. പെട്ടെന്ന് അയാൾ തെയ്യത്തിലേക്ക് രൂപം മാറുന്നു. ചെണ്ടയിൽ താളം മുറുകുന്നു. സീമ പിന്നെയും ഇത്തിരി നേരം ഫോട്ടോയിൽ നോക്കി നിന്നു. പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് ഫോട്ടോ തുടച്ചു.
“രണ്ടോ മൂന്നോ വയസ്സേ കൂടുതലുള്ളു. എന്റെ അച്ഛനെന്നാ അവന്റെ വിചാരം”മറുകരയിലെ വള്ളത്തിന് സീമ ഉറക്കെ കൂവി മറുകൂവൽ ഉണ്ടായിട്ടും, വള്ളം പാതിയോളം വന്നിട്ടും പതിമൂന്നുകാരിയേപ്പോലെ കൂവൽ തുടർന്നുകൊണ്ടേയിരുന്നു. വള്ളക്കാരനും മറുകൂവൽ തുടരുന്നു.
നിരയായി തിരിച്ച ഷെഡുകൾ. ബീഡി വലിക്കുന്ന ഒരാളുടെ കൈയിൽ കിളിമാർക്ക് തീപ്പെട്ടിയുടെ വലിയ ചിത്രം. ബെൽറ്റ് പൊട്ടിയതും തകർന്നതുമായ യന്ത്രങ്ങൾ. ഏറ്റവും നടുവിൽ കിടക്കയും ഫ്രിഡ്ജും സഹിതം മികച്ച സൗകര്യങ്ങളുള്ള ഒരു ക്യാബിൻ.
വെട്ടുകല്ലുകൾ പാകി പുതുക്കിയ വലിയ കുളം. തെളിഞ്ഞ വെള്ളം. ആറ്റിലേക്ക് പോകുന്ന ഒരു ഓവുചാൽ. പടവുകൾക്ക് താഴെ ചാക്കിലിരുന്ന തീറ്റ സീമ വാരിയെറിഞ്ഞു.മത്സരിക്കുന്ന വെളുത്ത ആറ്റുവാളകൾക്ക് ഭീകര വലിപ്പം. ഞങ്ങൾ പടവിലിരുന്നു.
“എന്നെ ഉപദ്രവിച്ച പ്രതാപി ഈ കുളത്തിലാ ചത്തുകിടന്നത്. പോലീസുകാരാ കുഞ്ഞമ്പു സാറിനെ അങ്ങനെ ആക്കിയത്. കേസ് തെളിഞ്ഞൊന്നുമില്ല. അവനെയും പോലീസ് കൊണ്ടുപോയതാ. ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അന്നും ഇന്നും എത്ര ചോദിച്ചാലും ഒരു ചിരി അത്ര തന്നെ..”
സ്വർണക്കര മുണ്ടും സിൽക്ക് ജുബ്ബയുമുള്ള ഒരാൾ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്നു. ആറ്റുവാളകൾ അയാളെ തിന്ന് തീർക്കുന്നു. കരയിൽ നിൽക്കുന്ന പെറ്റിക്കോട്ടിട്ട പെണ്ണും കുഞ്ഞമ്പുവും. എന്റെ മുഖത്ത് വെള്ളം തെറിച്ചു. അടിവസ്ത്രങ്ങൾ മാത്രമിട്ട് കുളത്തിന്റെ പടവിൽ ഇറങ്ങി നിൽക്കുന്ന സീമ.
“ആ ഫോട്ടോയിലെ ആൾക്ക് എന്നോട് പ്രണയമായിരുന്നു. പെരുമലയൻ കെട്ടാൻ അവകാശമുള്ള കുടുംബാ കുഞ്ഞമ്പുവിന്റേത്. അവനാ മൂത്തത്. പോലീസായിട്ട് എന്നെ കെട്ടിക്കോളാന്ന് വാക്കു തന്നതാ. പെരുങ്കളിയാട്ടത്തിന് തീച്ചാമുണ്ടി കെട്ടി പൊള്ളലേറ്റാണ് മരിച്ചത്.” സീമ ഒന്ന് മുങ്ങി കുളത്തിന്റെ മറുകരയിലേക്ക് നീന്തിപ്പോയി.
നനവോടെ പടവുകളിൽ കയറി ഇരിക്കുന്ന സീമ വെള്ളത്തിലേക്ക് കല്ലുകൾ വാരി എറിയുന്നു. ഉറക്കെ കരയുന്നു. ഞാൻ വേഗത്തിൽ പടവുകളിലൂടെ നടന്ന് അവൾക്കരികിലെത്തി. തൊടാൻ ശ്രമിച്ചു. കുതിച്ചുയർന്ന് വെള്ളത്തിൽ വീണു. പൊങ്ങി വന്നത് വലിയൊരു കല്ലുമായാണ്. ഏറ്റവും താഴത്തെ പടവിൽ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ആകാശത്തേക്ക് നോക്കി സംസാരം തുടർന്നു.
“അതിന്റെ തലേന്ന് എന്റെ അച്ഛനെന്തിനാ അവനെ കണ്ടത്..? വലിക്കാരെ ആരാ മാറ്റിയത്..? കോലധാരിയുടെ ജീവൻ വലിക്കാരുടെ കൈയിലല്ലേ..? ഇനി അവൻ സ്വയം മേലേരിയിൽ നിന്നെണീറ്റ് വരാതിരുന്നോ?” പിന്നെയൊന്നും സീമ മിണ്ടിയില്ല വെള്ളത്തിൽ ഒരേ നില്പ്.
ഏറെ വൈകി. കമ്പനിയുടെ മൂലകളിൽ ഒളിച്ചു നിന്ന ഇരുട്ട് പതിയെ പുറത്തേക്ക് വരുന്നു. ഞാൻ സീമയുടെ നേർക്ക് കൈ നീട്ടി. അവൾ മറുകരയിലേക്ക് നീന്തിപ്പോയി.പടവിൽ അഴിച്ചിട്ടിരുന്ന തുണികളുമായി ക്യാബിനുളിലേക്ക് കയറി.
കട്ടിലിൽ പുതച്ചു കിടക്കുന്ന സീമ എന്നോട് ചിരിച്ചു. ഞാൻ അരികിലായി ഇരുന്നു.കണ്ണുകൾ അടച്ച് എന്നെ ചുംബത്തിലേക്ക് ക്ഷണിക്കുന്ന വിധം തല ഒരല്പം ഉയർത്തി. ചുണ്ടുകൾ തമ്മിൽ ഒരു മുടിനാരിന്റെ അകലമേയുള്ളൂ..
ചെണ്ടയുടെ ശബ്ദം. അലർച്ചകൾ മതിലിന്റെ മുകളിൽ തീച്ചാമുണ്ടിക്കോലം.പടവിലിരുന്ന് ആറ്റുവാളകൾക്ക് തീറ്റയെറിയുന്ന കുട്ടിത്തെയ്യം. ഞാൻ നിലാവിന്റെ വെട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടി.

