പാപ്പില്ലാസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ ഭദ്രമായിട്ടുള്ള ജോലിയെ കുറിച്ചായിരിക്കും. കാരണം, അതെപ്പോഴാണ് എങ്ങനെയാണ് നഷ്ടപ്പെട്ടു പോവുകയെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല. ഞാനിപ്പോൾ അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട്, കമ്പനി മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ട് കോൺഫറൻസ് ഹാളിൽ വിയർത്തുകുളിച്ച് ഇരിക്കുകയാണ്. ഞങ്ങളുടെ കമ്പനിമീറ്റിങ്ങിനെ കുറിച്ച്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ ഭദ്രമായിട്ടുള്ള ജോലിയെ കുറിച്ചായിരിക്കും. കാരണം, അതെപ്പോഴാണ് എങ്ങനെയാണ് നഷ്ടപ്പെട്ടു പോവുകയെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല.
ഞാനിപ്പോൾ അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട്, കമ്പനി മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ട് കോൺഫറൻസ് ഹാളിൽ വിയർത്തുകുളിച്ച് ഇരിക്കുകയാണ്.
ഞങ്ങളുടെ കമ്പനിമീറ്റിങ്ങിനെ കുറിച്ച് പറയുകയാണെങ്കിൽ, അതൊരു പ്രത്യേക തരം മീറ്റിങ്ങാണ്. ഏത് ഡിപ്പാർട്ടുമെന്റിന്റെ മീറ്റിങ്ങാണോ വിളിച്ചിരിക്കുന്നത്, അവരെല്ലാം ആദ്യം ഹാളിൽ ഒത്തുചേരും. പിന്നെ കമ്പനിയുടെ നാളിതുവരെയുള്ള മാഹാത്മ്യം പറഞ്ഞ് ഉറക്കെ കൈയ്യടിക്കും. ഒത്തുവന്നാൽ മുകളിലേക്ക് നാലു ചാട്ടവും ചാടും. അതിനുശേഷം ഞങ്ങളുടെ എംഡിയും കറുമുറെ സ്നാക്കിങ്ങ്സിന്റെ നിലവിലെ ഉടമയുമായ മനോഹർ ലാൽ സാർ ഒരു നെടുനീളെ പ്രസംഗം നടത്തും. ആ പ്രസംഗത്തിനൊടുവിലായിരിക്കും അദ്ദേഹം പുതിയതായി പറയാനുള്ള കാര്യം മുന്നോട്ട് വെക്കുക. അതുവരെ, എന്തായിരിക്കും സാറിന് പറയാനുണ്ടാവുക എന്ന ചിന്തയിൽ കാലങ്ങളോളമായി ആവർത്തിച്ച് കേൾക്കുന്നത് കേട്ടുകൊണ്ട് ഞങ്ങൾ വേവലാതിയോടെ ഇരിക്കും.
പക്ഷേ എന്റെ തൊട്ടടുത്തിരിക്കുന്ന ജാവേദ് ഖാനോ ഖുശാലി പവനിനോ അത്തരത്തിലുള്ള ഒരു വേവലാതിയും ഉണ്ടാവാറില്ല. അല്ലെങ്കിലും അവർ വളരെ കൂളായിട്ടാണ് എല്ലാ മീറ്റിങ്ങിലും പങ്കെടുക്കുക. എനിക്കതിൽ അത്ഭുതമില്ല, കാരണം ജാവേദിനോ ഖുശാലിക്കോ കമ്പനിജോലി അത്രയ്ക്ക് അത്യാവശ്യമൊന്നുമല്ല എന്ന് അവരേക്കാൾ നന്നായി എനിക്കറിയാം.
ഒരിക്കൽ, കേരളത്തിലെത്തിയ ജാവേദിന്റെ ഉമ്മയെയും ബാപ്പയെയും ഞാൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണിക്കുന്ന വീട്ടുകാരോട് എന്തെങ്കിലും ആവശ്യപ്പെടാൻ നമുക്ക് പൊതുവെ ഒരു ചെളിപ്പൊക്കെ തോന്നും. പക്ഷേ ജാവേദ് അങ്ങനെയായിരുന്നില്ല. മാതാപിതാക്കൾ നാട്ടിൽ നിന്നും ട്രെയിൻ കയറിയ ഉടൻ തന്നെ ബാപ്പയ്ക്ക് ‘ദാരു’ അത്യാവശ്യമാണെന്നും പറഞ്ഞ് ഹിന്ദിച്ചുവയിൽ മെസ്സേജയക്കാൻ അവന് ഒരു മടിയുമുണ്ടായിരുന്നില്ല.
അന്ന്, പാലത്തിങ്ങലെ കുട്ടിമോനേട്ടനോട് പറഞ്ഞ് കാരക്കയും ഫ്രൂട്ട്സും ഇട്ട് മൂപ്പിച്ചെടുത്ത രണ്ടു കുപ്പി സ്പെഷൽ വാറ്റും താറാവുകറിയുമൊരുക്കി ഞാനവരെ കാത്തിരുന്നു. തീക്കുപ്പായമണിഞ്ഞ വാറ്റിനെ അന്നനാളത്തിലൂടെ പായ്പ്പിച്ചുകൊണ്ട് എന്റെ ചെറിയ വീടും പരിസരവും നോക്കി ജാവേദിന്റെ ബാപ്പ മുഹമ്മദ് ഖാൻ കുറേ നേരം ഇരുന്നു. പിന്നെയുണ്ടായ വർത്തമാനങ്ങളിൽ അയാൾ അരിച്ചെടുത്ത ഞങ്ങളിലെ എന്തോ ‘ഒരു കുറവ്’ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി.
“നോക്കൂ ആദർശ്, സത്യത്തിൽ എന്റെ മകന് കേരളത്തിൽ വന്ന് ഇങ്ങനെ പണിയെടുക്കേണ്ട യാതൊരു കാര്യവുമില്ല. ഏക്കറുക്കണക്കിന് ഭൂമിയുണ്ട് ഞങ്ങൾക്കവിടെ. പക്ഷേ കേരളത്തിൽ ഒരു ജോലിയുണ്ട് എന്ന് പറഞ്ഞാൽ നാട്ടിൽ വലിയ ബന്ധത്തിലുള്ള പെണ്ണിനെ കിട്ടും.” അങ്ങനെത്തന്നെയാണ് ഹിന്ദിയിൽ പറഞ്ഞതെന്ന് ഞാൻ ഏറെക്കുറെ മനസ്സിലാക്കിയെടുത്തു.
അതായത് അവർക്ക് പെണ്ണ് കിട്ടാനുള്ള ഇടത്താവളമാണ് ജോലിസ്ഥലമെങ്കിൽ എനിക്ക്, എന്റെ അച്ഛനും അമ്മയ്ക്കും മുളത്തിന് മുളത്തിലുണ്ടായ അഞ്ച് പെൺകുട്ടികളെ കെട്ടിച്ചുവിട്ടതിന്റെ ലോണടച്ച് തീർക്കാനുള്ള യുദ്ധമുഖമായിരുന്നു ജോലി സ്ഥലം.
സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ഖുശാലി പവന്റെ കാര്യവും ഒട്ടും മോശമായിരുന്നില്ല. അവളുടെ ഭർത്താവ് ഹിമാചൽപ്രദേശിലെ സർവീസിൽ ഉയർന്ന പോസ്റ്റിലാണെന്നറിയാം. എന്താണ് പോസ്റ്റ് എന്നറിയില്ലെങ്കിലും മാസം തോറും ലക്ഷങ്ങൾ ബാങ്കിലേക്ക് വരുന്ന പണിയല്ലേ ഭർത്താവിനെന്ന് ചോദിച്ച് ജാവേദ് ഒഴിവുകിട്ടുന്ന സമയത്തെല്ലാം കളിയാക്കാറുണ്ട്. ആ കളിയാക്കലിനെപ്പോഴും മധ്യപ്രദേശും ഹിമാചൽപ്രദേശും തമ്മിലുള്ള ഒരു ശീതയുദ്ധത്തിന്റെ ഛായയുണ്ടാവും.
“പ്രിയമുള്ളവരേ..”
അപ്പോഴേക്കും മനോഹർ സർ മുന്നിലുള്ളവരെ അഭിസംബോധന ചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
“തൊള്ളായിരത്തി എഴുപതിലെ നവംബർ മാസത്തിൽ എന്റെ അച്ഛൻ ഒരു മേശയും കസേരയും ചെറിയൊരു സ്റ്റൗവും ചീനച്ചട്ടിയും കൊണ്ട് തുടങ്ങിയതാണ് നമ്മുടെ കമ്പനി.”
പതിവുപോലെത്തന്നെയാണ് തുടക്കം. കേട്ടുകേട്ടുമടുത്തതാ, നിങ്ങള് വേഗം കാര്യത്തിലേക്ക് വാ സാറേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
“എന്നിരുന്നാലും, കറുമുറെ ഇന്നീ കാണുന്ന വിധത്തിൽ ആയതിന്റെ ക്രഡിറ്റ് ഇവിടെ ജോലിയെടുത്ത ഒരോ ആളിനും അർഹതപ്പെട്ടതാണ്. അവരുടെ ആത്മാർത്ഥവും നിസ്സീമവുമായ സഹകരണം കൊണ്ടാണ് നമ്മുടെ സ്നാക്കിങ്സ് ഇന്ന് ഇൻഡ്യ മുഴുവൻ അതല്ലെങ്കിൽ ലോകം മുഴുവൻ വ്യാപിക്കാൻ കാരണം. രുചിയുടെ കാര്യത്തിലായാലും വൈവിധ്യത്തിന്റെ കാര്യത്തിലായാലും കാലത്തിനൊപ്പം സഞ്ചരിച്ച ചരിത്രമേ എന്നും കമ്പനിക്കുണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ സമീപനങ്ങളിലും കനത്ത മാറ്റങ്ങൾ വരുത്താൻ കമ്പനി നിർബന്ധിതമാവുകയാണ്. എന്നുകരുതി ഒരിക്കലും ചേർന്ന് നിൽക്കുന്നവരെ നിരാശപ്പെടുത്തുന്ന യാതൊന്നും കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ..”
മനോഹർ സാർ ഒന്ന് നിർത്തി.
എന്റെ തൊണ്ടയിലെ വെള്ളം വറ്റാൻ തുടങ്ങി. ഇനിയെന്ത് മാരണമാണ് അടുത്തത് പറയാൻ പോകുന്നതെന്ന ആന്തലിൽ ഞാൻ കസേരയിൽ നിന്നും അൽപം മുന്നോട്ടാഞ്ഞിരുന്നു. ആ പറയുന്നതായിരിക്കും ഈ മീറ്റിങ്ങിന്റെ കോർ.
“കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തോളം കറുമുറെയുടെ രുചി ഒരു തരത്തിലും തെറ്റിക്കാതെ മുന്നോട്ട് കൊണ്ടുപോയ മൂന്നുപേരുണ്ട് നമുക്ക്. ആദർശ് വി.പി, ജാവേദ് ഖാൻ, ഖുശാലി പവൻ. ഈ വേളയിൽ മൂന്നൂപേരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.”
തല മിന്നുന്നതുപോലെ തോന്നിയപ്പോൾ ഞാൻ തൊട്ടടുത്ത കസേരയിൽ അമർത്തിപ്പിടിച്ചു. അപ്പോൾ ഇന്നത്തെ മീറ്റിങ്ങിൽ ഉന്നം വച്ചിരിക്കുന്നത് ടേസ്റ്റർമാരായ ഞങ്ങളെ തന്നെയാണ്. ഞാൻ ജാവേദിനേയും ഖുശാലിയേയും ഒളികണ്ണാൽ നോക്കി. അവരുടെ മുഖവും ചെറുതായി മങ്ങിക്കഴിഞ്ഞിട്ടുണ്ട്.
“ശരിക്കും ഈ മൂന്നുപേരുടെ രുചികളായിരുന്നു കറുമുറെയുടെ രുചികൾ. അത് കേരളത്തിന്റെ രുചിയായിരുന്നു, ഇന്ത്യയുടെ രുചിയായിരുന്നു, ലോകത്തിന്റെയും കൂടി രുചി ആയിരുന്നു. ഞാൻ നേരത്തെ പറഞ്ഞല്ലോ, നിർഭാഗ്യവശാൽ മാറുന്ന ടെക്നിക്കുകൾക്കനുസരിച്ച് കമ്പനിക്ക് മാറേണ്ടതുണ്ട്. അതിനോടനുബന്ധിച്ച് കമ്പനി, മാന്വൽ ടേസ്റ്റിങ്ങിൽ നിന്നും പതുക്കെ എ. ഐ ടേസ്റ്റിങ്ങ് സിസ്റ്റത്തിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. ആയതിനാൽ ഈ മൂന്നുപേരെയും ആ ജോലിയിൽ നിന്നും താൽകാലികമായി മാറ്റിനിർത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.”
പൊടുന്നനെ ഹാളിൽ നിന്നും നെടുവീർപ്പുകളുയർന്നു. അവനവന്റെ ജോലി സുരക്ഷിതമായ ആശ്വാസത്തിൽ സകലരുടേയും കണ്ണുകൾ ഞങ്ങൾ മൂന്നുപേരിലേക്കുമായി പാറി വീണു. എല്ലാവരും കൂടി ഞങ്ങൾക്ക് നേരെ നോട്ടങ്ങളിലൂടെ അനുകമ്പ വാരിത്തേക്കാൻ തുടങ്ങിയപ്പോഴേക്കും മനോഹർ സർ തുടർന്നു.
“മാറ്റിനിർത്തുക എന്നുപറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നതു പോലെ പിരിച്ചുവിടുക എന്നർത്ഥമില്ല. എസ്പെഷലി കറുമുറെ സ്നാക്കിങ്ങ്സിന്. മേൽപ്പറഞ്ഞവർ ഇപ്പോൾ എടുക്കുന്ന ജോലിയിൽ നിന്നും താൽകാലികമായി ഒന്നുമാറും. അത്രയേ ഉള്ളൂ. ജാവേദ് ഖാനും ഖുശാലി പവനും ഡ്യൂട്ടി, പ്രൊഡക്ഷന്റെ സൈഡിലായിരിക്കും. ആദർശ് വി.പി ഇനി മുതൽ പായ്ക്കിങ്ങ് സെക്ഷനിന്റെ ലീഡിങ്ങ് ഹെഡ്ഡായിരിക്കും.”
കോൺഫറൻസ്ഹാളും മനോഹർ സാറും ബാക്കിയുള്ളവരും എല്ലാംകൂടി ഒറ്റയടിക്ക് തലകീഴായി മറിയുന്നതുപോലെ എനിക്ക് തോന്നി. താഴെ വീഴാതിരിക്കാൻ ഞാൻ ജാവേദിന്റെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു. മീറ്റിങ്ങ് കഴിഞ്ഞ് ഒരു വിധത്തിലാണ് കമ്പനിവണ്ടിയിൽ വീട്ടിലെത്തിയത്.
എത്തിയ പാടെ കിടക്കയിൽ പോയി കിടക്കുന്നത് കണ്ടതും, വളർച്ചയുടെ മത്സരത്തിൽ ഒട്ടും വിശ്വാസവഞ്ചന കാണിക്കാതെ സഞ്ചരിക്കുന്ന പെങ്ങന്മാരുടെ അഞ്ച് പെൺകുട്ടികളും കൂടി എന്റെ ചുറ്റുവട്ടത്തായി നിരന്നുനിന്നു. അതിൽ കുട്ടിത്തം പൂർണമായും നഷ്ടപ്പെട്ട മൂത്തവളുടെ മുഖത്തേക്ക് ഞാൻ പേടിയോടെ നോക്കി. ബാക്കിയുള്ളവരെ കൂടി നോക്കാൻ ഭാവിക്കുമ്പോഴേക്കും സരിത കൈയ്യിൽ കാപ്പിക്കപ്പുമായി മുറിയിലേക്കെത്തി.
“നിങ്ങളെല്ലാവരും ഒന്നപ്രത്തോട്ട് പോയേ.. മാമന് കുറച്ച് കാറ്റ് കിട്ടിക്കോട്ടെ.” വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ മിനക്കെട്ട് പരാജയപ്പെട്ട ജാഥയിലെ ആളുകളെപ്പോലെ കുട്ടികൾ ഓരോരുത്തരായി മുറി വിട്ടിറങ്ങിപ്പോയി.
അവളുടെ കൈയ്യിൽ നിന്നും കാപ്പി വാങ്ങി ഒരൊറ്റ കവിളേ വായിലേക്ക് വച്ചുള്ളൂ. അതുവരെയില്ലാത്ത രുചി! ഉടനെ പുറത്തേക്ക് തുപ്പി. തറയിൽ കരിഞ്ഞ കാപ്പിത്തോട്ടത്തിന്റെ ഭൂപടമുണ്ടായി.
“ഇത്തിരി പഞ്ചസാരയിട്ടതാണ്. ഇനിയിപ്പോ പഞ്ചസാരയിടാതെ കഴിക്കേണ്ട കാര്യമൊന്നുമില്ല. ജോലിയൊക്കെ മാറിയില്ലേ! നാഴികക്ക് നാൽപത് വട്ടം അത് കഴിക്കരുത് ഇത് കുടിക്കരുത് മറ്റത് തിന്നരുത് എന്നൊന്നും പറയില്ലല്ലോ..” അവൾ ആശ്വാസത്തോടെ പറഞ്ഞു.
ഞാൻ കാപ്പിക്കപ്പിലേക്ക് ഏന്തി നോക്കി. ഒരു പഞ്ചായത്ത്കിണറിന്റെ നിഗൂഢതയുണ്ട് അതിന്റെ ആഴത്തിന്. എത്രയോ കാലമായി പഞ്ചസാരയിട്ട കാപ്പി കുടിച്ചിട്ട്! പഞ്ചസാര മാത്രമോ, ജോലിക്ക് വേണ്ടി ഈ കാലത്തിനിടയ്ക്ക് എന്തെല്ലാം ത്യജിച്ചു. പുകവലിക്കാൻ ഇഷ്ടമായിരുന്നു, മദ്യപിക്കാനും. ടേസ്റ്റർ ആയില്ലായിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാനൊരു മുഴുക്കുടിയനും അസ്സല് ചെയിൻ സ്മോക്കറും ആയിത്തീരുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ ഏലക്കായയുടെ രുചിയുള്ള സിസേർസ് ഫിൽട്ടറിൽ നിന്നും തുടങ്ങിയതായിരുന്നു വലിയുടെ ശീലം. കോളേജ് മാഷായ ബിനോയ് സാർ പറഞ്ഞ വൈനിന്റെ റെസീപ്പിയിൽ നിന്നായിരുന്നു മദ്യപാനത്തിന്റെ തുടക്കം.
എനിക്ക് പെട്ടെന്ന് മദ്യം കഴിക്കാൻ തോന്നി.
“ഇനി ആ ഒരു ശീലം കൂടിയേ വേണ്ടൂ. ആദ്യത്തെ പണിയുടെ പകുതി ശമ്പളമേ പുതിയ പോസ്റ്റിന് കിട്ടൂ എന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്? എടുത്ത ലോണുകളിൽ ഇനിയും രണ്ടെണ്ണം അടച്ചുതീർക്കാനുണ്ട്.”
പുറത്ത് മഴ പെയ്യാൻ തുടങ്ങി.
ആ മഴ പിറ്റേന്ന് രാവിലെയായിട്ടും തോർന്നില്ല. പലയിടത്തും റെഡ് അലർട്ടും ഓറഞ്ച് അലേർട്ടുമൊക്കെ പ്രഖ്യാപിച്ചു. എന്നോ അലമാരയിൽ പൂഴ്ത്തിയ കോട്ട് തിരിഞ്ഞുപിടിച്ച് ഞാൻ ഓഫീസിൽ എത്തിയപ്പോഴേക്കും പുറത്ത് ഗ്ലാസ്സിന്റെ ഒരുഗ്രൻ മുറി എനിക്കായി കമ്പനി നിർമിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.
അതിനുള്ളിൽ കാണാൻ ഭംഗിയുള്ള കുഞ്ഞുമേശയും ഇരിക്കാൻ ഒരു കസേരയും ഉണ്ടായിരുന്നു. കല്ലുപോലുള്ള കസേരയിൽ ഇരുന്നതും ഞാൻ ഓർത്തത് ടേസ്റ്ററുടെ കുഷ്യനെ കുറിച്ചായിരുന്നു. എത്ര സുഗമമായിട്ടുള്ളതായിരുന്നു അത്. ഇരിക്കുന്നത് ശരീരം അറിയുക പോലുമില്ല! ടേസ്റ്റർമാരുടെ മാനസിക പൊരുത്തങ്ങൾ കംഫേർട്ടാക്കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്തങ്ങളിൽ പെട്ടതായിരിക്കണം.
പെട്ടെന്ന് എനിക്ക് കഴിഞ്ഞുപോയ പതിനഞ്ച് വർഷങ്ങളുടെ അങ്ങേയറ്റം ഓർമ വന്നു. അമ്മയുടെ രണ്ടാമത്ത ആങ്ങളയായ ഫറോക്കുള്ള ചന്ദ്രൻമാമനാണ് വളരെ യാദൃശ്ചികമായി എന്നെ കറുമുറെ സ്നാക്കിങ്ങ്സിൽ എത്തിക്കുന്നത്.
ഡിഗ്രി മുഴുവനാക്കാതെ മൂഞ്ചിത്തെറ്റി അൽപസ്വൽപം വലിയും ബിയറടിയുമായി നടക്കുന്ന കാലം. നാട്ടുകാരുടേയും ബന്ധുക്കാരുടേയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനാവാതെ മുങ്ങി നടക്കുന്ന നശൂലം പിടിച്ച ദിവസങ്ങൾ. ഒരർത്ഥത്തിൽ എന്റെ ഭാഗ്യത്തിനാണ് അക്കാലത്ത് അമ്മയ്ക്ക് തിമിരം പിടിപെടുന്നത് എന്നു പറയാം.. ശസ്ത്രക്രിയ കോയമ്പത്തൂരിൽ വച്ച് തീരുമാനിക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഒരുപക്ഷേ ഞാനായിരിക്കും.. കുറച്ച് ദിവസമെങ്കിലും കുറച്ച് ദിവസം അമ്മയോടൊപ്പം എന്ന പേരിൽ നാട്ടിൽ നിന്നും വിട്ടുനിൽക്കാമല്ലോ. അങ്ങനെയാണ് ഏട്ടനോട് പറഞ്ഞ് അമ്മയേയും കൊണ്ട് ഞാൻ വണ്ടി കയറാൻ ഫറോക്കിൽ ബസ്സിറങ്ങിയത്.
ചന്ദ്രൻമാമന് ഫറോക്ക് റെയിൽവേ സ്റ്റേഷനരികിൽ ഒരു ചെറിയ തട്ടുകടയുണ്ടായിരുന്നു. പഴംപൊരി, ഉള്ളിവട, കട്ലറ്റ്, സമൂസ, എന്നിവയെല്ലാം സ്പോട്ടിൽ ഉണ്ടാക്കി വിൽക്കുന്ന കട. അന്ന് ഫറോക്കിലെത്തിയപ്പോൾ അമ്മയും ഞാനും മാമനെ ഒന്നു കണ്ട് കാര്യം പറഞ്ഞിട്ട് പോകാമെന്ന് വച്ചു. പുലർച്ചമനുഷ്യർ കടയ്ക്ക് ചുറ്റുപാടും തെറിച്ചുനിന്ന് ചായയും എണ്ണക്കടികളും കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലൂടെയാണ് ഞങ്ങൾ കയറിച്ചെന്നത്. തലവട്ടം കണ്ടപ്പോഴേക്കും മാമൻ ചായ പാർന്നുതന്ന് അപ്പോൾ വെന്തുമലർന്ന ഓരോ ചിക്കൻ കട്ലറ്റെടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി. കട്ലറ്റ് കഴിക്കുമ്പോൾ അതിൽ എന്തൊക്കെയോ കുറവുള്ളതുപോലെ തോന്നി. അതിനെ കുറിച്ച് മാമനോട് വിശദമായി ചർച്ച ചെയ്ത് ഞങ്ങൾ കോയമ്പത്തൂരിലേക്ക് വണ്ടി കയറുകയും ചെയ്തു.
എനിക്ക് ചെറുപ്പം മുതലേ രുചികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്തെങ്കിലും ഒന്ന് കഴിച്ചാൽ അതിലെ ചേരുവകളുടെ അളവുകൾ കൃത്യമായി പറയാൻ കഴിയുമായിരുന്നു. സത്യത്തിൽ അത് ഞാനറിയാതെ എന്റെയുള്ളിൽ നിന്നും വരുന്നതാണ്.
പിന്നീട് മാമൻ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് കറുമുറെ സ്നാക്കിങ്ങ്സിലേക്കുള്ള ഇന്റർവ്യൂ സജഷനും കൊണ്ടായിരുന്നു. കാക്കാഞ്ചേരി ടെക്നോ-പാർക്കിലാണ് കമ്പനി. അപ്പോഴാണ് സകല പീടികകളിലും തൂങ്ങിക്കിടക്കാറുള്ള കറുമുറെ സ്നാക്കിങ്ങ്സ് എന്നെഴുതിയ പായ്ക്കറ്റിനെ കുറിച്ച് ഓർമിക്കുന്നതും ആ കമ്പനിയിലേക്കാണ് ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലായതും. മാമനെങ്ങനെയാണ് കറുമുറെയുടെ അപ്പോസ്തലനായെന്നോർത്ത് ഞാൻ അന്തംവിട്ടു. കാര്യം ചോദിച്ചപ്പോൾ മൂപ്പര് വളരെ കൂളായി കഥ പറഞ്ഞു..
ഞങ്ങൾ അന്ന് കോയമ്പത്തൂരിലേക്ക് കയറിയ അതേ വണ്ടിയിൽ ഫറോക്ക് വന്നിറങ്ങിയ ഒരാളുണ്ടായിരുന്നു. അദ്ദേഹം മാമന്റെ പീടികയിൽ കയറി ചായ കുടിക്കുകയും കട്ലറ്റ് വാങ്ങിക്കഴിക്കുകയും ചെയ്തു. കട്ലറ്റിന്റെ കൂട്ട് ഇഷ്ടപ്പെട്ടപ്പോൾ സ്വാഭാവികമായും ആരാണ് കൂട്ട് ഉണ്ടാക്കിയതെന്ന് ചോദിച്ചു. മാമൻ വളരെ സത്യസന്ധനായതുകൊണ്ട് താനുണ്ടാക്കിയതിൽ നേരിയ പ്രശ്നമുണ്ടായിട്ട് മരുമോൻ പറഞ്ഞ ചില കൂട്ട് പകർന്ന് ശരിയാക്കിയതാണെന്ന് തുറന്നു പറഞ്ഞു. അദ്ദേഹം പൈസ കൊടുത്ത് പോകാൻ നേരം ഒരു വിസിറ്റിങ്ങ് കാർഡ് മാമന് നേരെ നീട്ടിക്കൊണ്ട് ‘ഞാൻ മനോഹർ ലാൽ. കറുമുറെ സ്നാക്കിങ്ങ്സിന്റെ എംഡിയാണ്. നിങ്ങളുടെ മരുമകനോട് ഞങ്ങളുടെ കമ്പനിയുമായി ഒന്ന് ബന്ധപ്പെടാൻ പറയൂ’ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. അത്രയുമാണ് ഉണ്ടായത്.
കറുമുറെയിലെ ഇന്റർവ്യൂ എന്നുപറയുന്നത്, എന്നെ സംബന്ധിച്ച് വളരെ സിംപിളായിരുന്നു. ആദ്യം അവർ തന്ന ടാസ്ക് വിഭവങ്ങളിലെ മധുരം, ഉപ്പ്, പുളി, കയ്പ്പ് എന്നിവ നോക്കി പറയുക എന്നതായിരുന്നു. വെറുതെ പറഞ്ഞാൽ പോര. അതിനെ കുറിച്ച് ചെറിയൊരു കുറിപ്പെഴുതി കൊടുക്കുകയും വേണം. ഞാൻ കൂടുതലായി ഒന്നും ചെയ്തില്ല. കഴിച്ചതിന് ശേഷം തോന്നിയത് അവരോട് പറയുകയും എഴുതി നൽകുകയും ചെയ്തു. പിന്നീട് അവ ഏതൊക്കെ അളവുകളിൽ കൂടിച്ചേരുമ്പോഴാണ് കൂടുതൽ ആസ്വദിക്കാനാവുക എന്നും ചോദിച്ചു. എനിക്ക് തോന്നിയ അളവുകൾ ഞാനവരുടെ മുന്നിൽ അവതരിപ്പിച്ചു. ഒടുക്കം, വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഏക്കറക്കണക്കിന് ഭൂമിയിൽ പരന്നു കിടക്കുന്ന ടെക്നോ പാർക്കിന്റെ ഉൾവശം കാണാനായ സന്തോഷത്തിൽ തിരിച്ചുപോരുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ആഴ്ചയിൽ എന്നെ ഞെട്ടിച്ചുകൊണ്ട് ജോലിക്ക് തിരഞ്ഞെടുത്തുകൊണ്ടുള്ള കമ്പനിയുടെ കത്ത് വന്നു. അതും ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തിൽ!
ഞാൻ ജോയിൻ ചെയ്യുമ്പോൾ ജാവേദ് ഖാൻ അവിടെയുണ്ടായിരുന്നു. ഖുശാലി വന്നത് പിന്നെയും മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ്. ഇന്ത്യ മുഴുവൻ കറുമുറെ വ്യാപിപ്പിക്കണമെന്ന കമ്പനിയുടെ പ്ലാനിന്റെ ഭാഗം കൂടിയായിരുന്നു ഞങ്ങൾ മൂന്നുപേർ. അതുകൊണ്ടാണ് രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തിൽ നിന്നും എന്നെയും മധ്യപ്രദേശിൽ നിന്നും ജാവേദ് ഖാനേയും വടക്കേ അറ്റത്തുള്ള ഹിമാചലിൽ നിന്നും ഖുശാലി പവനിനേയും ജോലിക്കെടുത്തത്.
കുറേ നേരം ഇരുന്നപ്പോൾ ഞാൻ കസേരയിൽ നിന്നും പതുക്കെ എഴുന്നേറ്റു. ശരിക്കും ലീഡിങ് ഹെഡ്ഡ് എന്ന് പറഞ്ഞാൽ ഈ പെട്ടിക്കുള്ളിൽ ഇരിക്കുന്നതാണോ? അറിയില്ല. ഈയൊരു പോസ്റ്റ് ചിലപ്പോൾ എന്നെ പിരിച്ചുവിടേണ്ട എന്ന തീരുമാനത്തിൽ കമ്പനി പെട്ടെന്ന് ഉണ്ടാക്കിയതായിരിക്കാം. ഇനി എ.ഐ ടേസ്റ്ററിൽ കമ്പനിക്ക് അത്രയ്ക്കങ്ങട്ട് വിശ്വാസമില്ലാത്തതുകൊണ്ടായിരിക്കുമോ എന്നും അറിയില്ല.. നിലവിലുള്ള പ്ലാൻ പാളിയാൽ വീണ്ടും ഞങ്ങളെ മൂന്നുപേരെയും തിരിച്ചെടുക്കാനുള്ള പ്ലാൻ ബി ഉണ്ടായിരിക്കാം. അതല്ലെങ്കിൽ ജോലിക്ക് ചെറിയ ട്രയിനിങ്ങെങ്കിലും നൽകേണ്ടതായിരുന്നില്ലേ.. അതിനെ കുറിച്ച് മാനേജരോട് ചോദിച്ചപ്പോൾ അടുത്ത മാസം ട്രയിനിങ്ങ് ഉണ്ടാവും എന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ പതുക്കെ പുറത്തിറങ്ങി പായ്ക്കിങ്ങ് സെക്ഷനിലേക്ക് നടന്നു.
ജോലിക്കാർ എന്നെ കണ്ടപ്പോൾ കുറച്ചൂടി ജോർ ആയി പണിയെടുക്കാൻ തുടങ്ങി. അപ്പോഴാണ് അവരെ നിയന്ത്രിക്കുന്നത് ഞാനാണെന്ന ധാരണയുണ്ടാവുന്നത്. ശരിക്കും എനിക്ക് അവരുടെ ലീഡറാവാൻ ഒരു താൽപര്യവുമില്ലായിരുന്നു. ഇപ്പോൾ ഉന്നത സ്ഥിതിയിൽ നിൽക്കുന്ന കറുമുറെയുടെ ഇത്തരത്തിലുള്ള ഒരു സ്ഥാനത്തിന് എന്റെയും കൂടി അദ്ധ്വാനം ഉണ്ടെന്ന അറിവിൻ പ്രകാരമുള്ള ബഹുമാനമാണ് ഞാൻ എപ്പോഴും എല്ലാവരിൽ നിന്നും ആഗ്രഹിച്ചിരുന്നത്.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർക്കിടയിൽ കുറച്ചുനേരം ചുറ്റിക്കറങ്ങിയിട്ട് വീണ്ടും പുറത്തിറങ്ങി. അന്നേരമാണ് കറുമുറെ കമ്പനിയുടെ വ്യാപ്തി എനിക്ക് മനസ്സിലാവുന്നത്. പരന്നുകിടക്കുന്ന എട്ടുപത്ത് നീണ്ട ബിൽഡിങ്ങുകൾ. ഏറ്റവും കിഴക്കേയറ്റത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിരനിരയായി മുകളിലേക്ക് നീണ്ട നാലഞ്ച് പുകക്കുഴലുകൾ. അവയിൽ നിന്നും ആകാശത്തെ പ്രണയിച്ചു സഞ്ചരിക്കുന്ന പുകച്ചുരുളുകൾ. ചുറ്റും കറുമുറെ വിഭവങ്ങളുടെ നേർത്ത ഗന്ധം. എന്റെ വായിൽ വെള്ളമൂറാൻ തുടങ്ങി. ഞാൻ പതിയെ വീണ്ടും പായ്ക്കിങ്ങ് സെക്ഷനിലേക്കെത്തി. അവിടെയുള്ള ജോലിക്കാരുടെ കണ്ണുവെട്ടിച്ച് കറുമുറെയുടെ ഒരു പായ്ക്കറ്റെടുത്ത് പുറത്തിറങ്ങി. കൂട്ടിനുള്ളിൽ കയറി ആവേശത്തോടെ പൊട്ടിച്ചതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഗ്ലാസ് മുറിയിലെ സ്പീക്കറിൽ നിന്നും ശബ്ദം മുഴങ്ങി. സത്യത്തിൽ അപ്പോഴാണ് അവിടെ അങ്ങനൊന്ന് ഘടിപ്പിച്ചിട്ടുണ്ടെന്ന് തന്നെ മനസ്സിലാവുന്നത്.
“മി. ആദർശ്, താങ്കൾ ഉടൻ തന്നെ മാനേജരുടെ മുറിയിലെത്തേണ്ടതുണ്ട്.”
എന്താണ് കാര്യമെന്ന് മനസ്സിലാവാതെ ഞാൻ ഒന്ന് അങ്കലാപ്പിലായി. കാരണം കമ്പനിയിൽ ഇത്രകാലം പണിയെടുത്തിട്ടും അങ്ങനെയൊരു അനൗൺസ്മെന്റ് കേട്ടിട്ടേയില്ലായിരുന്നു. മാനേജരുടെ മുറിയിലെത്തുമ്പോൾ ഇരിക്കാൻ പറഞ്ഞു.
തെല്ല് ആശങ്കയോടെ ഇരുന്നപ്പോഴേക്കും മാനേജർ പറഞ്ഞുതുടങ്ങി. “നോക്കൂ മി. ആദർശ്, താങ്കൾ ഇപ്പോൾ ചെയ്തിരിക്കുന്നത് വളരെ മോശം പ്രവണതയാണ്. ഒരു വലിയ ബറ്റാലിയനെ സത്യസന്ധമായി നയിക്കേണ്ട ആളാണ് താങ്കൾ. അവിടെ ചെന്ന് പായ്ക്കറ്റുകൾ എടുത്ത് കൊണ്ടുപോയി തിന്ന് മറ്റുള്ളവരിൽ കൂടി ആ ഒരു ശീലം ഉണ്ടാക്കിയെടുക്കരുത്. കറുമുറെയിൽ അങ്ങനെയൊരു പതിവില്ല. ഇനി മുതൽ കറുമുറെയുടെ പായ്ക്കറ്റ് തിന്നുന്നത്, അത് എവിടെ നിന്നാണെങ്കിലും കണ്ടുകഴിഞ്ഞാൽ പിന്നെ ഈ കമ്പനിയിൽ നിങ്ങൾക്ക് ജോലിയുണ്ടാവില്ല. അത് പറയാനാണ് വിളിപ്പിച്ചത്. ഇത് നിങ്ങൾക്കുള്ള ഫസ്റ്റ് ആന്റ് ലാസ്റ്റ് വാണിങ്ങാണ്.”
അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. ഞാൻ തിന്ന കറുമുറെയുടെ നൂറിൽ ഒരു ഭാഗം പോലും ഇയാളുടെ മുഴുവൻ കുടുംബക്കാരും കൂടിച്ചേർന്ന് വായിലിട്ട് ചവച്ചിട്ടുണ്ടാവില്ല. അന്നൊക്കെ ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ എനിക്ക് വേണമെങ്കിൽ ഈ കമ്പനി തന്നെ പൂട്ടിക്കാമായിരുന്നു. ക്യാബിനിലേക്ക് തിരിച്ചെത്തി വല്ലാത്ത സങ്കടത്തോടെയാണ് പൊട്ടിച്ച കറുമുറെ പായ്ക്കറ്റെടുത്ത് വെയ്സ്റ്റ് ബിന്നിൽ കൊണ്ടുപോയി തട്ടിയത്.
രാജകീയമായ ജോലിയായിരുന്നു ഫുഡ് ടേസ്റ്ററുടേതെന്ന് അന്നേരമാണ് എനിക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. ഭക്ഷണത്തിന് ഒരു മുട്ടുമില്ലാത്ത ജോലി. വിഭവങ്ങൾ മുന്നിൽ വരുന്നു. എടുത്ത് കഴിക്കുന്നു ചാർട്ടിൽ അഭിപ്രായം എഴുതുന്നു. മൂന്നൂപേരും അതിനെ കുറിച്ച് ഡിസ്ക്കസ് ചെയ്യുന്നു. ഇംപ്രൂവ്മെന്റിനായി എന്തെല്ലാം ചെയ്യാം എന്ന് തിട്ടപ്പെടുത്തുന്നു. അതിന്റെ ടോട്ടാലിറ്റി മാനേജ്മെന്റിനെ ഏൽപ്പിക്കുന്നു.
അവരത് കൃത്യമായി നോക്കുന്നു, നടപ്പിലാക്കുന്നു. ഗ്രാഫിൽ വിഭവത്തിന്റെ ക്വാണ്ടിറ്റി കൂടുമ്പോൾ റിവാർഡ് കിട്ടുന്നു. പിന്നെ കമ്പനി വക യാത്രാബത്ത, ടൂർ പാക്കേജ് അങ്ങനെയങ്ങിനെ..
എല്ലാം നഷ്ടപ്പെട്ടത് എത്ര പെട്ടെന്നാണ്!
ഓർക്കും തോറും ദേഷ്യം കൂടാൻ തുടങ്ങി. അതുകൊണ്ടുതന്നെ കൂടുതൽ സമയം എനിക്ക് അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല. ഇരിക്കുമ്പോഴേക്കും വല്ലതും തിന്നാൻ തോന്നുകയാണ്. ഒരു ശീലം ഇല്ലാതാക്കിയതിന്റെ പേരിൽ ശരീരം പല രീതിയിൽ പ്രതികരിക്കുന്നു. വായിൽ അടിക്കടി ഉമിനീർ ഉൽപ്പാദിക്കപ്പെടുന്നു. വയറിനുള്ളിൽ നിന്നും കനത്ത ഒച്ചപ്പാടുകളുണ്ടാവുന്നു..
ഖുശാലിയും ജാവേദും ഇപ്പോൾ എങ്ങനെയായിരിക്കും സമയം തള്ളിനീക്കുന്നുണ്ടാവുക?
ഖുശാലിക്ക് ഒരുപക്ഷേ പ്രശ്നമൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ടേസ്റ്ററായി ഇരിക്കുമ്പോഴും അവൾ ഒന്നും ഉള്ളിലേക്ക് കഴിക്കാറില്ല. രുചി നോക്കിയ ശേഷം ഒരു ദാക്ഷിണ്യവുമില്ലാതെ തുപ്പിക്കളയും. വല്ലാത്തൊരു അത്ഭതുജീവിയാണ് അവൾ! രുചിയറിഞ്ഞാൽ ഏതെങ്കിലും ആഹാരപദാർത്ഥം ആർക്കെങ്കിലും തുപ്പാൻ കഴിയുമോ? ആ കാര്യം പറഞ്ഞ് ഞങ്ങൾ കളിയാക്കുമ്പോൾ അവൾ പുച്ഛിക്കും.
“ഞാൻ ചാവുന്നതുവരെ ആരുടേയും അടിമയാവില്ല. ഈവൺ ഭക്ഷണത്തിന്റെ പോലും..”
അത് കേട്ട് ജാവേദ് കളിയാക്കും. “സത്യമായിട്ടും ഞങ്ങൾക്കറിയില്ല.. സ്ലിം ബ്യൂട്ടിത്തരം നിലനിർത്താൻ വേണ്ടിയുള്ള നിന്റെ പെടാപാടാണ് ഇതെന്ന്.”
ഞാനും ജാവേദും പക്ഷേ അവളെ പോലെയായിരുന്നില്ല. നന്നായി കഴിക്കും. ആ കഴിപ്പ് കൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടേതായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാറുണ്ട് എന്നത് വേറെ കാര്യം. അതറിയുമ്പോൾ ഖുശാലി ചിരിക്കും.
“ഭക്ഷണം കമ്പനിയുടേതാണെങ്കിലും ശരീരം അവരവരുടേരതാണെന്നറിയാത്ത ഒരു കേരളമണ്ടനും ഒരു മധ്യപ്രദേശ് മണ്ടനും.”
പെട്ടെന്ന് ഫോൺ ബെല്ലടിക്കാൻ തുടങ്ങി. നോക്കിയപ്പോൾ ജാവേദാണ്. എനിക്ക് കാര്യം മനസ്സിലായി. ഒരേ മനോഭാവമുള്ളവർക്ക് കൂടുതൽ സംഭാഷണം ആവശ്യമില്ലല്ലോ.
ഒറ്റ ചോദ്യമായിരുന്നു.“നീ എന്താ ചെയ്തേ?”
“രാവിലെ വരുന്ന വഴിക്ക് പീടികയിൽ നിന്നും കുറച്ച് പായ്ക്കറ്റുകൾ വാങ്ങി ബാഗിൽ കരുതി.”
ബുദ്ധിമാൻ!
ശരിക്കും അവനൊന്നുമല്ല, ഖുശാലിയാണ് യഥാർത്ഥ ബുദ്ധിരാക്ഷസി. അവൾ എത്ര കൗശലത്തോടെയാണ് ഒന്നും ഉള്ളിലേക്ക് കഴിക്കാതെ ശീലിച്ചത്!
ജാവേദിന്റെ വർത്തമാനം കൂടി കേട്ടപ്പോൾ എന്തെങ്കിലും കഴിക്കണമെന്ന ആഗ്രഹം പതുക്കെ എന്തെങ്കിലും കഴിച്ചേ തീരൂ എന്നതിലേക്ക് കളം മാറി. ഒടുവിൽ ഇനി കഴിക്കാതെ ഒന്നിനും കഴിയില്ല എന്ന തോന്നലിലേക്ക് ഒരൊറ്റ എടുത്തുചാട്ടം. സത്യത്തിൽ എന്തെങ്കിലുമല്ല, കറുമുറെയുടെ വിഭവം തന്നെ കിട്ടണം. അങ്ങനെ ഞാൻ ഉച്ചക്കുള്ള ബ്രേക്കിൽ പുറത്തേക്കിറങ്ങി. സരിതയുടെ മീൻകറി കൂട്ടി എരിവ് വലിച്ച് തൊട്ടടുത്തുള്ള പീടിക ലക്ഷ്യമാക്കി നടക്കുമ്പോൾ അവളെ ഒന്ന് വിളിക്കാൻ തോന്നി. മുളകുപാടിയുടെ ഡബ്ബ ഒന്നാകെ കറിയിലേക്ക് മറിഞ്ഞുവീണതാണോ എന്നൊന്ന് അറിയണമല്ലോ.. ആകെ പുകച്ചിൽ.
“മടുത്തിട്ടുണ്ട് ഇഷ്ടമല്ലാത്ത രുചികൾ കൂട്ടി. നിങ്ങൾക്ക് വേണ്ടിയാണ് ഞാനും കൂടി ഇക്കാലമത്രയും അങ്ങനെ ശീലിച്ചത്. എനിക്ക് ഇനിയെങ്കിലും നല്ല മസാലയുള്ള കറികൾ കൂട്ടണം.”
ടേസ്റ്ററായി നിൽക്കുമ്പോൾ എരിവും പഞ്ചസാരയും അധികം കൂട്ടരുത് എന്നത് കമ്പനിയുടെ കർശന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു. അപ്പോഴേ രുചി മുകുളങ്ങൾ നല്ല ശക്തിയിൽ കാലകാലങ്ങളായി നിലനിൽക്കൂ.
മസാലയുള്ള കറികൾ!
ശരിക്കും അവൾ പറഞ്ഞത് രുചികളെ കുറിച്ചോ അതോ ജീവിതത്തിനെ കുറിച്ചോ? എനിക്ക് പെട്ടെന്ന് സംശയം തോന്നി. ഇനി ജീവിതത്തിനെ കുറിച്ചാണെങ്കിലും അവൾ പറയുന്നതിൽ തെറ്റു പറയാൻ പറ്റില്ല. തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നിയപ്പോൾ ആ ചിന്തകളത്രയുമെടുത്ത് ഞാൻ ദൂരേക്കെറിഞ്ഞു.
കറുമുറേയുടെ പായ്ക്കറ്റുകൾ വിൽക്കുന്ന പീടികക്ക് മുന്നിലെത്തിയപ്പോഴാണ് സമാധാനമായത്.
വേഗം ഒരു പായ്ക്കറ്റ് പൈസ കൊടുത്തു വാങ്ങി.
പിന്നെ തൊട്ടപ്പുറത്തെ ചെറിയ ഗ്രൗണ്ടിൽ പഴയൊരു ട്രാക്ടറിനോട് ചേർന്നു കെട്ടിക്കിടന്ന കാടിനുള്ളിലേക്ക് നുഴഞ്ഞുകയറി. പായ്ക്കറ്റ് പൊട്ടിച്ച് ആവേശത്തിൽ തിന്നാൻ തുടങ്ങുമ്പോൾ നേരിയ മുരൾച്ച!
ഞെട്ടിത്തെറിച്ച് നോക്കുമ്പോൾ തൊട്ടപ്പുറത്ത് പ്ലാസ്റ്റിക് കവറിൽ നിന്നും എന്തോ കഴിച്ചുകൊണ്ടിരിക്കുന്ന എല്ലുംതോലുമായ ഒരു നായ..
ഞാൻ പേടിയോടെ എന്റെ കൈയ്യിലെ കവറിലേക്കും നായയുടെ കവറിലേക്കും മാറി മാറി നോക്കി. പിന്നെ ധൈര്യം സംഭരിച്ച് ചൂണ്ടുവിരൽ ചുണ്ടിൽ മുട്ടിച്ച് കണ്ണുരുട്ടി.
അതോടെ നായ പതിയെ അതിന്റെ കവറിലേക്ക് തല താഴ്ത്തി, ഞാൻ എന്റെ വിരലുകൾ കൈയ്യിലെ കറുമുറെയുടെ കവറിലേക്കും…

