Home / സ്പോര്‍ട്സ്  / രാജസ്ഥാൻ റോയൽസിന്റെ കൈവിട്ട കളികൾ

രാജസ്ഥാൻ റോയൽസിന്റെ കൈവിട്ട കളികൾ

താരലേലത്തിൽ നിന്ന് തുടങ്ങി കളിക്കളത്തിൽ വരുത്തിയ നിർണായക പിഴവുകൾ വരെ രാജസ്ഥാൻ റോയൽസ് ആരാധകരെ നിരാശപ്പെടുത്തിയ അവസരങ്ങൾ പലതാണ്. വിശ്വസ്ത കളിക്കാരായിരുന്ന ജോസ് ബട്‌ലർ, യൂസ് വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട് എന്നിവരെ വിട്ടു കളഞ്ഞതും മിടുക്കരായ ബാറ്റർമാരെ ടീമിലെത്തിക്കാൻ പരാജയപ്പെട്ടതും ടീമിന് തിരിച്ചടിയാണ്. കളിക്കളത്തിലും

Sanju Samson

2025ലെ ഐ പി എല്‍ പൂരം അരങ്ങുതകര്‍ക്കുകയാണ്. പല വമ്പന്‍ താരങ്ങളുടെ വീഴ്ചയും ചില പുതിയ താരോദയങ്ങളും ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. ടീമുകളുമായി ബന്ധപ്പെട്ട് ആരാധകരുടെ പല പ്രതീക്ഷകളും അസ്തമിക്കുന്നതും ചില ടീമുകളുടെ തന്ത്രപരമായ പാളിച്ചകളും എല്ലാം ചര്‍ച്ചയായിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സിന് പറ്റിയ പാളിച്ചകളാണ്. രാഹുല്‍ ദ്രാവിഡ് അവരുടെ ഹെഡ് കോച്ചായി തിരിച്ചെത്തിയ ശേഷം അവര്‍ക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. അത് താരലേലത്തില്‍ നിന്ന് തുടങ്ങി കളിക്കളത്തില്‍ വരുത്തിയ നിര്‍ണായക പിഴവുകള്‍ വരെ നീളുന്നതാണ്. കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാന്റെ വിശ്വസ്ത കളിക്കാരായിരുന്നു ജോസ് ബട്‌ലര്‍, യൂസ്വേന്ദ്ര ചെഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍. ഈ നാല് പ്രധാനപ്പെട്ട താരങ്ങളെയും ഇത്തവണ ലേലത്തില്‍ രാജസ്ഥാന്‍ വിട്ടുകളഞ്ഞു. മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പയും ആകാശ് ചോപ്രയും ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാംരാജസ്ഥാന്റെ ഈ നീക്കത്തെ കടുത്ത രീതിയില്‍ വിമര്‍ശിച്ചു. പ്രത്യേകിച്ചും ജോസ് ബട്‌ലറെപ്പോലെ ഒരു ഓപ്പണറെ വിട്ടുകളഞ്ഞതില്‍.

Jos Butler

ജോസ് ബട്ലർ

കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബട്‌ലറെ വിട്ടുകളഞ്ഞ രാജസ്ഥാന്‍ എന്നാല്‍ പകരം ഒരു മിടുക്കനായ വിദേശ ഓപ്പണറെടീമിലെത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ബട്‌ലര്‍ 2022 സീസണില്‍ രാജസ്ഥാനുവേണ്ടി 863 റണ്ണാണ് ഐ പി എല്ലില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ നാല് സെഞ്ച്വറികളാണ് ഉള്‍പ്പെട്ടിരുന്നത്. ആ വര്‍ഷം ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നേടിയത് ബട്‌ലറായിരുന്നു. അത്തവണ രാജസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതിന് പ്രധാന കാരണങ്ങളിലൊന്ന് ബട്‌ലറുടെപ്രകടനമായിരുന്നു. 2024-ലാകട്ടെ രണ്ട് സെഞ്ച്വറിയടക്കം 359 റണ്ണാണ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തത്. ഇങ്ങനെ സ്ഥിരതയോടെ കളിക്കുന്ന, ടീമിന് മികച്ച തുടക്കം നല്‍കുന്ന ബട്‌ലറെയാണ് രാജസ്ഥാന്‍ വിട്ടുകളഞ്ഞത്. ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിര്‍ ടീമിന്റെ മനോവീര്യം കെടുത്തുന്ന ബട്‌ലര്‍ രാജസ്ഥാന്റെ ഏറ്റവും വലിയ മാച്ച് വിന്നറായിരുന്നു. ഇതോടെ രാജസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പ് ദുര്‍ബലമായി. സീസണിലെ ആദ്യ മൂന്ന് കളികളില്‍ പരിക്ക് കാരണം സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലേയറായി മാത്രം ഇറങ്ങേണ്ടിവന്നതും രാജസ്ഥാന് തിരിച്ചടിയായി. ജോസ് ബട്‌ലറെവിട്ടുകളയേണ്ടിവന്നതിലെ മനോവിഷമം സഞ്ജു എടുത്തുപറഞ്ഞിരുന്നു. തനിക്ക്സഹോദരനെപ്പോലെയാണ് ബട്‌ലറെന്നും തീര്‍ത്തും ഒരു ടീം പ്ലേയറായ ബട്‌ലറിന്റെഅസാന്നിദ്ധ്യവുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ലെന്നുമാണ് സഞ്ജുതുറന്നുപറഞ്ഞത്. ഏഴ് വര്‍ഷം രാജസ്ഥാനുവേണ്ടി കളിച്ച ശേഷമാണ് ബട്‌ലര്‍ മറ്റൊരു ടീമിലെത്തിയത്. ഈ ഏഴ് വര്‍ഷത്തില്‍ ബട്‌ലറായിരുന്നു ഐ പി എല്ലിലെ ഏറ്റവും മികച്ച ഓപ്പണര്‍ എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ കാലയളവില്‍ 41.8 ശരാശരിയില്‍ 3,055 റണ്ണാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 147.8ഉം. ഈ ഏഴ് വര്‍ഷത്തില്‍ രാജസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റര്‍ കൂടിയായിരുന്നു ജോസ് ബട്‌ലര്‍. ആ ബട്‌ലറെയാണ് ഒരു സംശയവും കൂടാതെ ആദ്യം രാജസ്ഥാന്‍ മാനേജ്‌മെന്റ് ഒഴിവാക്കിയത്. എന്നാല്‍ അബദ്ധം മനസിലാക്കി മെഗാ ലേലത്തില്‍ ബട്‌ലറെ തിരിച്ചുപിടിക്കാന്‍ രാജസ്ഥാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. മെഗാ ലേലത്തില്‍ 9.25കോടി വരെ ബട്‌ലര്‍ക്ക് നല്‍കാന്‍ രാജസ്ഥാന്‍ തയ്യാറായെങ്കിലും കാര്യമുണ്ടായില്ല.

രാജസ്ഥാന്‍ ഇത്തവണ ലേലത്തില്‍ ഒഴിവാക്കിയ മറ്റൊരു പ്രധാനപ്പെട്ട കളിക്കാരന്‍ ലെഗ്സ്പിന്നറായ യൂസ് വേന്ദ്ര ചെഹലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിരതയാര്‍ന്ന ബൗളിംഗ്പ്രകടനവുമായി രാജസ്ഥാന്റെ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്ന ബൗളറാണ് ചെഹല്‍. 2022ല്‍ 27 വിക്കറ്റ് വീഴ്ത്തിയ ചെഹലായിരുന്നു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്. അത്തവണ ചെഹല്‍ ഒരുതവണ ഹാട്രിക്കും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. അത്തവണ രാജസ്ഥാന്‍ ഐ പി എല്‍ ഫൈനലിലെത്തിയതില്‍ ജോസ് ബട്‌ലറുടെപ്രകടനം പോലെത്തന്നെ നിര്‍ണായകമായിരുന്നു ചെഹലിന്റെ പ്രകടനവും. 2023ല്‍ 21വിക്കറ്റ് വീഴ്ത്തിയ ചെഹല്‍ കഴിഞ്ഞ വര്‍ഷവും മികച്ച പ്രകടനം തുടര്‍ന്നു. 2024ല്‍ ഒരു തവണ ഹാട്രിക്കും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും ചെഹല്‍ കരസ്ഥമാക്കിയിരുന്നു. രാജസ്ഥാനുവേണ്ടി മൊത്തം 46 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്യൂസ് വേന്ദ്ര ചെഹല്‍.

Ravichandra Aswin

രവിചന്ദ്ര അശ്വിൻ

രാജസ്ഥാന്‍ ഇത്തവണത്തെ ലേലത്തില്‍ വിട്ടുകളഞ്ഞ മൂന്നാമന്‍ ന്യൂസീലന്റിന്റെ ട്രെന്റ്ബോള്‍ട്ടായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ടിന് പ്രത്യേക മിടുക്കുണ്ട്. കഴിഞ്ഞ സീസണുകളില്‍ ബോള്‍ട്ടിന്റെ ഈ മിടുക്കിന്റെ ഗുണം ഏറെ അനുഭവിച്ച ടീമാണ് രാജസ്ഥാന്‍. പ്രത്യേകിച്ചും നിര്‍ണായകഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി കളിയില്‍ രാജസ്ഥാന്മേധാവിത്തം നേടിക്കൊടുത്തിരുന്ന ബൗളറാണ് ബോള്‍ട്ട്. 2022ല്‍ ബോള്‍ട്ട് 16 വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ടൂര്‍ണമെന്റില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളാണ് ബോള്‍ട്ട് എറിഞ്ഞത്. വെടിക്കെട്ട് ബാറ്റിംഗിന്റെ ഫോര്‍മാറ്റായ ട്വന്റി20യില്‍ മെയ്ഡന്‍ ഓവറുകള്‍ എറിയുക എന്നത് സ്വര്‍ണത്തിന് തുല്യമാണ്. ഐ പി എല്ലില്‍ 41 മത്സരങ്ങളില്‍ നിന്നായി 45 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയിട്ടുള്ളത്. ഈ നാല്പത്തഞ്ചില്‍ 19 വിക്കറ്റുകളും അയാള്‍ വീഴ്ത്തിയത് പവര്‍പ്ലേയിലാണെന്നത് കൂടി ഓര്‍ക്കണം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നതിലുള്ള ബോള്‍ട്ടിന്റെ മിടുക്ക് ഈ കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജസ്ഥാനുവേണ്ടി നന്നായി പന്തെറിഞ്ഞ ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയും ഇത്തവണ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. 2022 ഐ പി എല്ലില്‍ 12 വിക്കറ്റ് വീഴ്ത്തുകയും 191 റണ്‍ സ്‌കോര്‍ ചെയ്ത അശ്വിന്റെ ഓള്‍റൗണ്ട് മികവ് രാജസ്ഥാനെ ഏറെ സഹായിച്ചു. 2023ല്‍ 13മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 7.51 എന്ന ട്വന്റി20യിലെതാരതമ്യേന എക്കണോമി നിരക്കിലായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറെവന്‍തുക കൊടുത്ത് ടീമിലെടുത്തതും രാജസ്ഥാന്റെ പിഴവാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതുപോലെത്തന്നെ ധ്രുവ് ജുറേലിനെ ടീമില്‍ നിലനിര്‍ത്താന്‍ 14 കോടി രൂപ ചെലവാക്കിയതും മണ്ടത്തരമായിരുന്നു. ഇന്ത്യന്‍ കളിക്കാരെ അമിതമായി ആശ്രയിക്കുന്നതാണ് രാജസ്ഥാന്റെ മറ്റൊരു വീഴ്ചയായി ആരോപിക്കപ്പെടുന്നത്. മിടുക്കരായ വിദേശ കളിക്കാരെ, പ്രത്യേകിച്ചും ബാറ്റര്‍മാരെ ടീമിലെത്തിക്കുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ അവര്‍ക്ക് ആകെയുള്ള വിദേശ ബാറ്റര്‍ ഷിമ്‌റോണ്‍ ഹെറ്റ്‌മെയറാണ്. പെട്ടെന്ന് പരിക്ക് പറ്റുന്നതിന്റെ ചരിത്രമുള്ള ഹെറ്റ്‌മെയര്‍ക്ക് അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ രാജസ്ഥാന്‍ ശരിക്കും കുടുങ്ങിയേനെ.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടെണ്ണത്തിലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ എത്തിയതില്‍ ഇത്തവണ ഒഴിവാക്കപ്പെട്ട താരങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതായിരുന്നു. ഇതില്‍ 2022ല്‍ രാജസ്ഥാന്‍ ഫൈനല്‍ കളിക്കുകയും ചെയ്തു. ഇങ്ങനെ ടീമിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ നാല് താരങ്ങളെയാണ് ഒറ്റയടിക്ക് രാജസ്ഥാന്‍ ഒഴിവാക്കിയത്. അത് ഇത്തവണത്തെ ഐ പി എല്ലില്‍ കാണാനുമുണ്ട്. ഇതുവരെ നടന്ന കളികളില്‍ ഭൂരിഭാഗം എണ്ണത്തിലും രാജസ്ഥാന്‍ തോറ്റു. മുറിവിൽ മുളക് പുരട്ടുന്നതുപോലെ രാജസ്ഥാൻ കൈവിട്ട കളിക്കാരെല്ലാം അവരവരുടെ ടീമിനായി മികച്ച കളി പുറത്തെടുക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല രാജസ്ഥാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെപല തീരുമാനങ്ങളും ഏറെ വിമര്‍ശിക്കപ്പെട്ടു. ഉദാഹരണത്തിന് ഡല്‍ഹിക്കെതിരായ ലീഗ് മത്സരത്തിലെ രാജസ്ഥാന്റെ തോല്‍വി. രാജസ്ഥാന്‍ മത്സരം സൂപ്പര്‍ ഓവറിലാണ് തോറ്റത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് നേരിടേണ്ടിയിരുന്നത്. ഇതിനായി ദ്രാവിഡ് പറഞ്ഞയച്ചതാകട്ടെറിയാന്‍ പരാഗിനെയും ഷിമ്‌റോണ്‍ ഹെറ്റമെയറെയും. റെഗുലര്‍ ടൈമില്‍ ഗംഭീരമായി കളിച്ച നിതീഷ് റാണയ്ക്കും യശസ്വി ജയ്‌സ്വാളിനും പകരം മോശമായി കളിച്ച റിയാന്‍ പരാഗിനെയും ഹെറ്റ്‌മെയറെയും ബാറ്റിംഗിനയച്ചത് ദ്രാവിഡിന്റെ തന്ത്രപരമായ പിഴവാണെന്നായിരുന്നു വിമര്‍ശനം. പിന്നീട് സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്യാന്‍ ദ്രാവിഡ് നിയോഗിച്ചത് സന്ദീപ് ശര്‍മയെയായിരുന്നു. ശര്‍മയ്ക്കുപകരം ജോഫ്രആര്‍ച്ചറിനെയായിരുന്നു ബൗള്‍ ചെയ്യിക്കേണ്ടതെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. മത്സരം ടൈ ആയതിനുശേഷം കോച്ച് ദ്രാവിഡ് ടീമംഗങ്ങളോട് സംസാരിക്കുന്നതിനിടെഅതിലൊന്നും ശ്രദ്ധിക്കാതെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ അങ്ങോട്ടുമിങ്ങോട്ടുംനടന്നതും പല വ്യാഖ്യാനങ്ങള്‍ക്കും കാരണമായി. ദ്രാവിഡും സഞ്ജുവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും ദ്രാവിഡിന്റെ തീരുമാനങ്ങളില്‍ സഞ്ജുഅസംതൃപ്തനാണെന്നുമായിരുന്നു ഊഹാപോഹങ്ങളായി ഉയര്‍ന്നുവന്നത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ തോറ്റപ്പോഴും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. രാജസ്ഥാന്‍ ടീമിലെ ഏക വിദേശ ബാറ്റായ ഷിമ്‌റോണ്‍ ഹെറ്റ്‌മെയറിനെ എട്ടാമനായി ബാറ്റ് ചെയ്യിക്കുന്നതിലെ അസംതൃപ്തിയാണ് ആകാശ്ചോപ്ര പ്രകടിപ്പിച്ചത്. ഹെറ്റ്മയറിനെ മുമ്പ് വാനിന്ദു ഹസരംഗയെപ്പോലുള്ള കളിക്കാരെ ബാറ്റ് ചെയ്യാന്‍ വിടുന്നത് മണ്ടത്തരമാണെന്നായിരുന്നു ചോപ്രയുടെ നിരീക്ഷണം. ഹെറ്റ്‌മെയറെ ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി നേരത്തെ ബാറ്റ് ചെയ്യിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു ചോപ്ര. ഡല്‍ഹിക്കെതിരായ മത്സരത്തിലെ ഡി.ആര്‍.എസ് എടുക്കുന്നതിലെ പാളിച്ചകളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെയും ആരാധകര്‍ സമൂഹ മാധ്യമങ്ങള്‍ വിമര്‍ശനം ചൊരിഞ്ഞു.

Yuzvendra Chahal

യുസ്‌വേന്ദ്ര ചഹൽ

എന്തായാലും രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ എല്ലാം കൊണ്ടും നിരാശയിലാണ്. ഏറെ പ്രതീക്ഷയോടെ ഐ പി എല്ലിനായി കാത്തിരുന്ന അവരെ രാജസ്ഥാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. കണക്കൂട്ടലിലെ പിഴവുകളാണ് ഇത്തവണ രാജസ്ഥാന് തിരിച്ചടിയായത്. പ്രത്യേകിച്ചും താരലേലത്തില്‍. ഇതിനുപുറമെയാണ് കളിക്കളത്തിലെ പിഴവുകളും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിക്കും. പ്രതീക്ഷയുടെ എന്തെങ്കിലും കിരണങ്ങൾ ബാക്കിയുണ്ടെങ്കിൽ അത്  വൈഭവ് സൂര്യവംശി എന്ന പതിനാലുകാരനും യശസ്വിജയസ്വാളിന്റെ ഫോമും മാത്രമാണ്. കളികൾ ഫിനിഷ് ചെയ്യുന്നതിലുള്ള ദൗർബല്യമാണ്ഇത്തവണ രാജസ്‌ഥാന് തിരിച്ചടിയായ മറ്റൊരു കാര്യം. ഡൽഹിക്കെതിരായമത്സരത്തിലും ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും അനായാസം ജയത്തിലേക്ക് നീങ്ങുന്നിടത്തുനിന്നാണ് അവിശ്വസനീയമായി തോറ്റത്. വിരാട് കോലിയെയോ രോഹിത് ശര്‍മയെയോ ജസ്പ്രീത് ബുംറയെപ്പോലെയൊന്നുമുള്ള ഇന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ ടീമിലില്ലാഞ്ഞിട്ടും ഒട്ടേറെ ആരാധകരുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ ഐ പി എല്ലില്‍ ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ ചാമ്പ്യന്‍മാരായതുമുതലുള്ള സ്ഥിതിയാണിത്. വോണിന്റെ നേതൃത്വത്തിലുള്ള ടീമിലും വോണ്‍ ഒഴികെ സൂപ്പര്‍താരങ്ങള്‍ ആരുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍. അന്ന് യൂസഫ് പഠാനെയും ഷെയ്ന്‍ വാട്‌സണെയും പോലുള്ള കളിക്കാരുടെ മികവിലായിരുന്നു രാജസ്ഥാന്‍ ചാമ്പ്യന്‍മാരായത്. രാജസ്ഥാന്‍ ടീം ഗെയിം കളിച്ചായിരുന്നു അന്ന് ചാമ്പ്യന്‍മാരായത്. സൂപ്പര്‍താരങ്ങള്‍ അധികമില്ലാത്ത, ടീം ഗെയിം കളിക്കുന്നവരായതുകൊണ്ടുതന്നെയാണ് അന്നുമുതല്‍ ഇന്നുവരെ രാജസ്ഥാന് ഒട്ടേറെ ആരാധകരുണ്ടായതും. സഞ്ജു സാംസണാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നുള്ളതുകൊണ്ടുതന്നെ നല്ലൊരു ഭാഗം മലയാളികളും രാജസ്ഥാന്റെ ആരാധകരാണ്. അതിനാല്‍ രാജസ്ഥാന്റെ തോല്‍വി ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന ക്രിക്കറ്റ് ആരാധകര്‍ക്കും സഹിക്കാവുന്നതിലപ്പുറമാണ്. അടുത്ത സീസണിലെങ്കിലും രാജസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

Author Photo
കെ ശ്രീജിത്ത് 

സ്പോർട്സ് ലേഖകൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT