ഗ്രേറ്റ് ഇന്ത്യൻ ഗുകേഷ്
18-ാം വയസിൽ ലോക ചെസ് ചാമ്പ്യനായി ചരിത്രമെഴുതി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷ്
സാക്ഷാൽ വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകം കീഴടക്കുന്ന ആദ്യ താരമായി 18 വയസുകാരൻ ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യക്കാരൻ പയ്യൻ. നിലവിലെ ലോക ചാമ്പ്യനായിരുന്ന ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനെ സിംഗപ്പൂരിൽ നടന്ന ലോകചാമ്പ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ട് പോരാട്ടത്തിൽ 7.5-6.5 എന്ന പോയിന്റ് നിലയിൽ പരാജയപ്പെടുത്തിയാണ് തന്റെ 18-ാംവയസിൽ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്രനേട്ടത്തിലേക്ക് കരുനീക്കം നടത്തിയത്. 22 വയസിൽ ലോക ചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കാഡ് തകർത്താണ് ഗുകേഷ് ലോക ചെസിന്റെ യുവരാജാവായി പട്ടാഭിഷേകം നടത്തിയത്.
സിംഗപ്പൂരിലെ വേൾഡ് സെന്റോസ റിസോർട്ടിലെ മത്സരവേദിയിൽ അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ ലിറെനും ഗുകേഷിനും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങൾ പിന്നിട്ടപ്പോൾ ഈ കളിയും സമനിലയിലേക്ക് എന്ന് പ്രഖ്യാപിച്ചുകളഞ്ഞ ചെസ് വിശാരദരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തിൽ ഡിംഗ് ലിറനെ ഇന്ത്യൻ കൗമാര താരം അടിയറവ് പറയിപ്പിച്ചത്. അവസാനറൗണ്ടിൽ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും മനസാന്നിദ്ധ്യം വിടാതെ പൊരുതിയ ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യമാണ് വിജയത്തിലേക്കുള്ള കരുനീക്കമാക്കിയത്. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഘട്ടത്തിൽ സമയം ക്രമീകരിച്ച് കളിക്കുന്നതിൽ പറ്റിയ പാളിച്ചകളെല്ലാം അവസാന റൗണ്ടിൽ പരിഹരിച്ചത് ഗുകേഷിന് നിർണായക മത്സരത്തിൽ അനുഗ്രഹമായി മാറി.
ഇതിന് മുമ്പ് ചില റൗണ്ടുകളിൽ ഗുകേഷ് വിജയത്തിനടുത്ത് എത്തിയശേഷം സമനില വഴങ്ങിയിരുന്നു. എടുത്തുചാടി തോൽവിയിലേക്ക് പോകുന്നത് ഒഴിവാക്കാനായിരുന്നു അത്. യുവത്വത്തിന്റെ ആവേശം എടുത്തുചാട്ടത്തിലേക്ക് വഴുതിമാറാതെ നോക്കിയതാണ് ഗുകേഷിനെ ചാമ്പ്യനാക്കിയത്. ടൈബ്രേക്കറിൽ തന്നേക്കാൾ മികവ് ലിറെന് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഗുകേഷ് അവസാന മത്സരത്തിൽ സമയം ശ്രദ്ധിച്ച് വിജയത്തിന് വേണ്ടി കരുതലോടെ കളിക്കുകയായിരുന്നു. അതേസമയം ലിറനാകട്ടെ സമനില ഉറപ്പിച്ചപോലെ കളിച്ച് അശ്രദ്ധകാട്ടുകയും ചെയ്തു. സമനില നേടാനുള്ള തിടുക്കത്തിൽ റൂക്കിനെ എക്സ്ചേഞ്ച് ചെയ്ത ലിറെന്റെ പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ ജയം. 55 നീക്കങ്ങൾ വരെ ഇല്ലാതിരുന്ന വിജയപ്രതീക്ഷ ലിറെന്റെ ഒരൊറ്റ നീക്കത്തിൽ ഗുകേഷ് കണ്ടെടുത്തതോടെയാണ് കളി മാറിയത്. ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ ശേഷിയുള്ള താരമായ ലിറെൻ പിഴവുകൾ വരുത്തുന്നതുവരെ കാത്തിരിക്കാൻ ഗുകേഷ് ക്ഷമകാട്ടി.
ലോകം കീഴടക്കിയ കരുനീക്കങ്ങൾ
ക്ളാസിക് ഫോർമാറ്റിൽ 14 റൗണ്ടുകളുള്ള ലോക ചാമ്പ്യൻഷിപ്പിൽ ഓരോ വിജയത്തിനും ഒരു പോയിന്റും സമനിലയ്ക്ക് അരപോയിന്റുമായിരുന്നു.ആദ്യം ഏഴരപോയിന്റിലെത്തുന്നയാൾ വിജയിയാകും. 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഇരുവർക്കും തുല്യ പോയിന്റ് നില വന്നാൽ റാപ്പിഡ്,ബ്ളിറ്റ്സ് ഫോർമാറ്റുകളിൽ ടൈബ്രേക്കറുകളെന്നായിരുന്നു മത്സരക്രമം. എന്നാൽ ടൈബ്രേക്കറിലേക്ക് പോകാൻ അനുവദിക്കാതെ ഗുകേഷ് കിരീടം വെട്ടിപ്പിടിച്ചു.
തന്നേക്കാൾ 14 വയസിന് മൂപ്പുള്ള ഡിംഗ് ലിറെനതിരെ മൂന്ന് ഗെയിമുകളിൽ വിജയിക്കുകയും ഒൻപത് ഗെയിമുകളിൽ സമനില നേടുകയും ചെയ്താണ് ഗുകേഷ് ഏഴര പോയിന്റിൽ ആദ്യമെത്തിയത്. ആദ്യ റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ തോൽപ്പിച്ചാണ് ലിറെൻ തുടങ്ങിയത്. രണ്ടാം റൗണ്ട് മത്സരം സമനിലയിലായി. മൂന്നാം റൗണ്ടിൽ വീണ്ടും വെള്ളക്കരുക്കൾ കൊണ്ട് കളിച്ച ഗുകേഷ് തന്റെ ആദ്യ വിജയം നേടി തുല്യത പിടിച്ചെടുത്ത് ലിറെന് ശക്തമായ വെല്ലുവിളി ഉയർത്തി.
തുടർന്നുള്ള ഏഴു റൗണ്ടുകളിൽ ആർക്കും ജയിക്കാനായില്ല. 10 റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും അഞ്ചുപോയിന്റ് വീതമായിരുന്നു. 11-ാം റൗണ്ടിൽ ഗുകേഷും 12-ാം റൗണ്ടിൽ ലിറെനും വിജയം നേടിയതോടെ ചാമ്പ്യൻഷിപ്പ് വീണ്ടും സമനിലച്ചങ്ങലയിലായി. 13-ാം റൗണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞെങ്കിലും അവസാന റൗണ്ടിന്റെ അവസാന ഘട്ടത്തിൽ ഗുകേഷ് സമനിലയുടെ വക്കിൽ നിന്ന് വിജയം പിടിച്ചെടുത്തതോടെ കിരീടത്തിലെത്തി.
ഏഴാം വയസിൽ തുടങ്ങിയ തേരോട്ടം
2006 മേയ് 29ന് ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. അച്ഛൻ ഇ.എൻ.ടി സർജനായ ഡോ. രജനികാന്ത് ചെന്നൈയിൽ ജോലിനോക്കുന്നതിനാലാണ് കുടുംബം ചെന്നൈയിലേക്ക് താമസം മാറിയത്. അമ്മ ഡോ.പത്മ ചെന്നൈയിൽ മൈക്രോ ബയോളജിസ്റ്റാണ്. മേൽ അയനമ്പാക്കത്തുള്ള വേലമ്മാൾ വിദ്യാലയത്തിലാണ് ഗുകേഷ് പഠിക്കുന്നത്. പ്രഗ്നാനന്ദയുടെ നേട്ടങ്ങൾ കണ്ടാണ് ഗുകേഷ് ചെസിലേക്ക് ആകൃഷ്ടനാകുന്നത്. ഗുകേഷിനേക്കാൾ ഒരു വയസിന് മൂത്തതാണ് പ്രഗ്ഗ്. അണ്ടർ -8 ചെസ് ലോകകപ്പിലെ പ്രഗ്ഗിന്റെ നേട്ടം കണ്ട് ആവേശം കയറിയ ഗുകേഷ് ഒരുനാൾ താനും പ്രഗ്ഗ് അണ്ണയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകുമെന്ന് മനസിലുറപ്പിച്ചു.
2015ൽ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -9 വിഭാഗത്തിൽ ജേതാവായതോടെയാണ് ചെസ് ലോകം ഗുകേഷിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2017 മാർച്ചിൽ ഫ്രാൻസിൽ നടന്ന കാപ്പലെ ലെ ഗ്രാൻഡെ ചെസ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുകേഷ് ഇന്റർ നാഷണൽ മാസ്റ്റർ പട്ടത്തിലേക്ക് മുന്നേറി. 2018ലെ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകളാണ് നേടിയത്.
2019 ജനുവരി 15ന് തനിക്ക് 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രം കുറിച്ചു. 17 ദിവസത്തെ പ്രായക്കുറവിൽ റഷ്യക്കാരനായ സെർജി കാര്യാക്കിനായിരുന്നു ഒന്നാമൻ. 2021ൽ അമേരിക്കയിലെ ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര 12 വയസും നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായതോടെ ഗുകേഷ് ഇക്കാര്യത്തിൽ മൂന്നാമനായി.
ആശാനായി ആനന്ദ്
അഞ്ച് ലോകചാമ്പ്യൻഷിപ്പ് കിരീടങ്ങൾക്കും എണ്ണിയാലൊടുങ്ങാത്ത മറ്റനേകം വിജയങ്ങൾക്കുമപ്പുറം വിശ്വനാഥൻ ആനന്ദ് ഇന്ത്യയ്ക്ക് എന്ത് നൽകി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ വർഷം ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിലെ ഇന്ത്യയുടെ ഇരട്ടസ്വർണനേട്ടവും സിംഗപ്പൂരിലെ ലോക ചാമ്പ്യൻഷിപ്പിലെ ഡി.ഗുകേഷിന്റെ കിരീടനേട്ടവും. തന്റെ പിൻഗാമികളെ കണ്ടെത്താനും കൈപിടിച്ചുയർത്താനും വിശ്വനാഥൻ ആനന്ദ് നടത്തിയ പരിശ്രമങ്ങളാണ് ചെസ് ലോകത്ത് ഇന്ത്യൻ പതാക പാറിപ്പറക്കാൻ വഴിയൊരുക്കിയത്.
കൊവിഡ് കാലത്തിന് മുമ്പുതന്നെ പ്രധാന മത്സരവേദികളിൽ നിന്ന് പിന്മാറിയിരുന്ന ആനന്ദ് തന്റെ പിൻഗാമികളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചെന്നൈയിൽ തുടങ്ങിയ വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാഡമിയിൽ നിന്നാണ് ഡി.ഗുകേഷ്, പ്രഗ്നാനന്ദ,അർജുൻ എരിഗേസി,ആർ.വൈശാലി തുടങ്ങിയ താരങ്ങളുടെ വരവ്. ആനന്ദിന്റെ അക്കാഡമിയിലെ ആദ്യ ബാച്ചുകാരാണ് ഇവർ.
താൻ കളിച്ചിരുന്ന നാളുകളിൽ തനിക്ക് കിട്ടാതെപോയ സൗകര്യങ്ങൾ തനിക്ക് പിന്നാലെ വരുന്നവർക്ക് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാഡമി സ്ഥാപിച്ചതെന്ന് ആനന്ദ് പറഞ്ഞിരുന്നു. പഴയകാലത്തെ റഷ്യയിലെയും മറ്റ് സോവിയറ്റ് രാജ്യങ്ങളിലെയും ചെസ് അക്കാഡമികളുടെ മാതൃകയിലാണ് വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാഡമി തുടങ്ങിയത്. റഷ്യൻ ചെസിന്റെ വിപ്ളവത്തിന് വഴിയൊരുക്കിയത് ഇത്തരം അക്കാഡമികളായിരുന്നു. തന്റെ അക്കാഡമിയിലെ ശിഷ്യർക്ക് മികച്ച സ്പോൺസർഷിപ്പുകൾ ലഭിക്കുന്നതിനും ലോകത്തെമ്പാടുമുള്ള പ്രധാന ടൂർണമെന്റുകളിൽ മത്സരിക്കാൻ അവസരമൊരുക്കുന്നതിനും ആനന്ദ് നടത്തിയ പരിശ്രമങ്ങളാണ് പ്രഗ്നാനന്ദയ്ക്കും ഗുകേഷിനുമൊക്കെ കൗമാരത്തിൽ തന്നെ ഇത്രയും വാതിലുകൾ തുറന്നുനൽകിയത്.
2020ലാണ് ഗുകേഷ് ചെന്നൈയിലെ വെസ്റ്റ് ബ്രിജ് – ആനന്ദ് ചെസ് അക്കാഡമിയിലേക്ക് എത്തുന്നത്. പ്രഗ്നാനന്ദയേയും ഗുകേഷിനെയും പ്രത്യേക ശ്രദ്ധയോടെ കണ്ട ആനന്ദിന്റെ ദീർഘവീക്ഷണമാണ് ഇരുവരുടെയും കരിയറിൽ മാറ്റമുണ്ടാക്കിയത്. 2021 ജൂണിൽ ഗുകേഷ് ജൂലിയസ് ബേയർ ചെസ് ടൂർണമെന്റിൽ ജേതാവായി. 2022 ആഗസ്റ്റിൽ മഹാബലിപുരത്ത് നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ രണ്ടാം ടീമിലായിരുന്നു ഗുകേഷ്. ഒളിമ്പ്യാഡിന്റെ എട്ടാം റൗണ്ടിൽ ഒന്നാം നമ്പർ ടീമായ അമേരിക്കയെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഗുകേഷിന്റെ പ്രകടനമായിരുന്നു. ഫസ്റ്റ് ബോർഡിൽ സ്വർണം നേടാനും ഗുകേഷിന് കഴിഞ്ഞു.2022 സെപ്തംബറിൽ ഗുകേഷ് ആദ്യമായി 2700 റേറ്റിംഗ് പോയിന്റ് കടന്ന് മുന്നേറി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായിരുന്നു ഗുകേഷ്. വേ ഫേയ്, അലിറേസ ഫിറോസ എന്നിവരാണ് ഗുകേഷിനെക്കാൾ കുറഞ്ഞ പ്രായത്തിൽ 2700 ഫിഡേ റേറ്റിംഗ് പോയിന്റിൽ എത്തിയിരുന്നത്. ആ വർഷം ഒക്ടോബറിൽ എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ സാക്ഷാൽ മാഗ്നസ് കാൾസനെ തോൽപ്പിക്കാനും ഗുകേഷിന് കഴിഞ്ഞു. കാൾസൺ ലോക ചാമ്പ്യനായശേഷം അദ്ദേഹത്തെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഗുകേഷ്.
2023 ഫെബ്രുവരിയിൽ ജർമ്മനിയിലെ ഡസൽഡോർഫിൽ നടന്ന ഡബ്ളിയു.ആർ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒൻപത് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുകേഷും ലെവോൺ ആരോണിയനും ഇയാൻ നിപ്പോം നിയാഷിയും 5.5 പോയിന്റുകൾ നേടി ഒന്നിച്ച് മുന്നിലെത്തി. ടൈബ്രേക്കറിൽ ആരോണിയന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ജൂലായ്യിൽ അസർബൈജാനിലെ ബാക്കുവിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടറിൽ കാൾസനോടാണ് തോറ്റത്. ആഗസ്റ്റോടെ 2750 റേറ്റിംഗ് പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെപ്തംബറോടെ ഫിഡേ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായി. 37 വർഷത്തിന് ശേഷമാണ് ആനന്ദ് അല്ലാതെ ഒരാൾ ഇന്ത്യയിൽ ഫിഡേ റേറ്റിംഗിൽ ഒന്നാമതായത്.
ഡിസംബറിൽ നടന്ന ഫിഡെ സർക്യൂട്ട് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തിയതോടെയാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിനുള്ള അവസരം ലഭിച്ചത്. ബോബി ഫിഷറിനും മാഗ്നസ് കാൾസനും ശേഷം കാൻഡിഡേറ്റ്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.
11.45 കോടി സമ്മാനം
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 21.21 കോടി രൂപയോളമാണ്. ഓരോ വിജയത്തിനും 1.69 കോടി രൂപവീതം ലഭിക്കും. മൂന്ന് വിജയങ്ങൾ നേടിയ ഗുകഷിന് അതിനുമാത്രമായി 5.07 കോടി രൂപ ലഭിക്കും. രണ്ട് വിജയങ്ങൾ നേടിയ ലിറെന് 3.38 കോടി വിജയങ്ങൾക്ക് മാത്രമായി ലഭിക്കും. ബാക്കി തുക സമനിലകൾക്കായി ഇരുവർക്കുമായി പങ്കുവയ്ക്കും. അങ്ങനെ 6.38 കോടിയാണ് പങ്കുവയ്ക്കുന്നത്. ജയങ്ങൾക്കും സമനിലകൾക്കുമായി 11.45 കോടി രൂപയാണ് ഗുകേഷ് ആകെ സമ്മാനത്തുകയായി വാരിക്കൂട്ടിയത്. നാട്ടിൽ തിരിച്ചെത്തിയ ഗുകേഷിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച അഞ്ചുകോടിരൂപയുടെ സമ്മാനവും ലഭിച്ചു. ഇന്ത്യയുടെ യശസുയർത്തിയ താരത്തിന് കേന്ദ്ര സർക്കാർ സമ്മാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നികുതി 4.67 കോടി
11.45 കോടി രൂപ സമ്മാനത്തുകയായി ലഭിച്ച ഗുകേഷ് ഇതിൽ നിന്ന് 4.67 കോടി നികുതിയായി അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.എം.എസ് ധോണിക്ക് അടുത്ത ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് നൽകുന്ന തുകയേക്കാൾ അധികമാണിത്.. 4 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ പുതിയ സീസണിലേക്ക് നിലനിറുത്തിയത്. ഗുകേഷിന് സമ്മാനം നൽകാത്ത കേന്ദ്ര സർക്കാർ നികുതി ഇളവെങ്കിലും നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
11 വയസിലെ ആഗ്രഹം;ലോകചാമ്പ്യനാകണം
തന്റെ പതിനൊന്നാം വയസിൽ ഒരു വീഡിയോ ഇന്റർവ്യൂവിൽ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന ചോദ്യത്തിന് ഗുകേഷ് ഉത്തരമായി പറഞ്ഞത് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകണം എന്നാണ്. ആ ആഗ്രഹമാണ് ഏഴുവർഷത്തിനിപ്പുറം സഫലമായത്. ഗുകേഷിന്റെ പഴയ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കരുക്കൾ തിരികെ വിന്യസിച്ച് ആഘോഷം
താൻ ലോക ചാമ്പ്യനായെന്ന് ഉറപ്പിച്ച മുഹൂർത്തെത്ത വിങ്ങിപ്പൊട്ടിയാണ് ഗുകേഷ് ഉൾക്കൊണ്ടത്. ഈ നേട്ടം വിശ്വസിക്കാനാവാതെ കുറച്ചുനേരം കൈകളിൽ മുഖമമർത്തി കണ്ണീർ വാർത്ത ഗുകേഷ് പിന്നീട് ബോർഡിൽ തന്റെ കറുത്ത കരുക്കൾ തിരിച്ച് വിന്യസിച്ചു.
18 ദിവസം , 9 കിലോകുറഞ്ഞു
സിംഗപ്പൂരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ 18 ദിവസം നീണ്ട ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന് എത്തിയ ഗുകേഷിന് ഇത്രയും ദിവസം കൊണ്ട് നഷ്ടമായത് ഒൻപത് കിലോ ശരീരഭാരമാണ്.
പാഡി അപ്ടന്റെ കൈത്താങ്ങ്
ഡിംഗ് ലിറെനെ കീഴടക്കാൻ ഗുകേഷിന് അവസാന രണ്ട് റൗണ്ടുകളിൽ കരുത്തായത് പാഡി അപ്ടൺ എന്ന കായിക മനശസ്ത്രഞ്ജനായ അദ്ധ്യാപകനാണ്. 2011ൽ മഹേന്ദ്ര സിംഗ് ധോണിയും സംഘവും ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ടീമിന്റെ മെന്റൽ കണ്ടീഷനിംഗ് കോച്ചായിരുന്നു ഈ ദക്ഷിണാഫ്രിക്കക്കാരൻ. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന അവസാന ഘട്ടത്തിൽ ഗുകേഷിനെ ശാന്തതയോടെ കളിക്കാൻ സഹായിച്ചത് പാഡിയാണ്. 14 റൗണ്ടുകൾക്കുള്ളിൽ വിജയം നേടാനാകുമെന്ന ആത്മവിശ്വാസമാണ് പാഡി കൗമാരതാരത്തിന് പകർന്നത്.

