ഓക്സിഡെന്റലിസം
എനിക്കൊന്ന് സ്പെയിനിൽ പോകണം. കാളപ്പോര് കാണാനല്ല. പിക്കാസോയുടെ, ലോർക്കയുടെ ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ മണ്ണിൽ ചുംബിക്കാനല്ല. അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ് ആ നീര് കുടിച്ചു വളർന്ന കൊച്ചു രാജ്യത്തെ കാണാൻ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പാഠം കൊളംബസ് അമേരിക്കയെ നശിപ്പിച്ചു എന്നാക്കാൻ. എനിക്കൊന്ന് ബൽജിയത്തിൽ പോണം ലുക്കാക്കുവിനെ കാണാനല്ല. സുലഭമായ തീവണ്ടികളിൽ സുന്ദരമായ ദൃശ്യങ്ങൾ കാണാനല്ല. കോംഗോയിൽ അവർ കൊന്ന മനുഷ്യരെ അടക്കം ചെയ്യാൻ മുഴുവൻ ബൽജിയവും പോരാതെ വരുമായിരുന്നു എന്നറിയിക്കാൻ എനിക്കൊന്ന് ലണ്ടനിൽ
എനിക്കൊന്ന് സ്പെയിനിൽ പോകണം.
കാളപ്പോര് കാണാനല്ല.
പിക്കാസോയുടെ, ലോർക്കയുടെ
ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ
മണ്ണിൽ ചുംബിക്കാനല്ല.
അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ്
ആ നീര് കുടിച്ചു വളർന്ന
കൊച്ചു രാജ്യത്തെ കാണാൻ.
കൊളംബസ് അമേരിക്ക
കണ്ടുപിടിച്ചു എന്ന പാഠം
കൊളംബസ് അമേരിക്കയെ
നശിപ്പിച്ചു എന്നാക്കാൻ.
എനിക്കൊന്ന് ബൽജിയത്തിൽ പോണം
ലുക്കാക്കുവിനെ കാണാനല്ല.
സുലഭമായ തീവണ്ടികളിൽ
സുന്ദരമായ ദൃശ്യങ്ങൾ കാണാനല്ല.
കോംഗോയിൽ അവർ കൊന്ന മനുഷ്യരെ
അടക്കം ചെയ്യാൻ
മുഴുവൻ ബൽജിയവും
പോരാതെ വരുമായിരുന്നു
എന്നറിയിക്കാൻ
എനിക്കൊന്ന് ലണ്ടനിൽ പോണം.
വിംബിൾഡൺ കാണാനല്ല.
ഏതോ രാജ്ഞിയെ വിളംബരം ചെയ്യുന്ന
വേഷം കെട്ടൽ കാണാനല്ല.
ഹൈഗേറ്റ് സെമിത്തേരി കാണാൻ പോലുമല്ല.
മഞ്ഞിൽ തന്നെത്തന്നെ
പൊതിഞ്ഞുവെയ്ക്കുമ്പോൾ
ലണ്ടൻ,
നിന്റെ കുപ്പായത്തിനുള്ളിൽ
ഞങ്ങളുടെ ചോരയുണ്ട് എന്ന്
കവിതയെഴുതാൻ.
ജർമ്മനിയിൽ
അവർ
ചോരയുടെ ഉത്സവം കൊണ്ടാടി.
ഇറ്റലിയിൽ അവർ
നുണയുടെ ഉത്സവം കൊണ്ടാടി.
പോർച്ചുഗലിൽ അവർ
രാജ്യങ്ങളെ കടലിൽ മുക്കി.
ഞാനെഴുതാൻ പോകുന്നു.
ഒരു കുതിരത്തലയുടെ ആകൃതിയിൽ
ആ ഭൂഖണ്ഡം ലോകത്തെ
ആകർഷിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി.
വിദ്യാഭ്യാസം പരസ്യം ചെയ്യുന്നതിനെപ്പറ്റി.
ആധിക്യം നിറഞ്ഞ കമ്പോളങ്ങളിൽ
തന്നെത്തന്നെ വീമ്പടിക്കുന്നതിനെപ്പറ്റി.
എനിക്ക് പറയണം.
അവർ കൊള്ളക്കാരല്ല,കൊള്ളയാണ്.
അവർ വെളുത്തവരല്ല,
കറുത്തവരുടെ വിപരീതമാണ്.
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം അല്ല
സൂര്യൻ ഉദിക്കാത്ത സാമ്രാജ്യമാണ്.
എന്തു ചെയ്യാം?
എഴുതി വരുമ്പോൾ
എല്ലാം തകിടം മറിയുന്നു.
ആ വേഗത്തിൽ, ആ സൗന്ദര്യത്തിൽ
അവരുടെ ധിഷണയിൽ, കുലീനതയിൽ
ഭാഷയിൽ,വേഷത്തിൽ
സാങ്കേതികത്തികവിൽ
വീണ്ടും വീണ്ടും തടവിലാകുന്നു.
ഐ ലവ് ലണ്ടൻ, ബർലിൻ, റോം
എന്ന്
വീണ്ടും വീണ്ടും കോപ്പിയെഴുതുന്നു.
ചരിത്രത്തിന്റെ ഈ കഞ്ചാവിൽ നിന്നും
ആര്
ഞങ്ങളെ രക്ഷിക്കും?

