Home / ലിറ്ററേച്ചര്‍  / കവിത  / അചുംബിതം

അചുംബിതം

Art

അവസാന പ്രേമമേ..

ആദ്യപ്രേമത്തിലെന്ന പോൽ

വിറയലോടെ,

അത്ര തന്നെ

സന്ദിഗ്ധതയോടെ,

അതിനെക്കാൾ

നിസ്സഹായനായ്,

ഇതാ,

നിന്നിലേക്ക് ഞാൻ.

നീ അറിയുന്നുണ്ടോ?

എത്ര പറഞ്ഞു,

വാക്കുകളേക്കാൾ

സംവേദനം ചെയ്യുന്ന ഭാഷയിൽ,

അക്ഷരങ്ങളെക്കാൾ

വായിക്കാവുന്ന ലിപിയിൽ,

ഒച്ചകളേക്കാൾ മുഴക്കത്തിൽ

മൗനമായ്.

നീ കേട്ടുവോ,

പ്രേമം പ്രേമമെന്ന് മിടിക്കുന്നൊരു

ഹൃദയം?

കണ്ടുവോ,

നിഴലുകളില്ലാത്ത നേരത്ത്

ഒരു നിഴലായ്?

ഒരു സൂചനയും നീ തന്നില്ല,

അർത്ഥങ്ങളെ ഒളിപ്പിച്ച ചിരിയല്ലാതെ.

കീഴടങ്ങാത്ത രാജ്യം പോലെ,

നീ മോഹിപ്പിച്ചു കൊണ്ടിരുന്നു.

ആ വിദൂരദേശം തേടി ഞാൻ വന്നു.

ആദ്യ യുദ്ധത്തിനെന്ന പോൽ,

നിരായുധനായ്,

നിസ്സഹായനായ്,

നിന്റെ ദിക്കിലേക്ക്

ഒറ്റയാൾപ്പട നയിച്ച്.

അജയ്യയായ് നീ ചിരിച്ചു.

വശ്യമോഹനമായ പുഞ്ചിരി.

നിഗൂഢതകളെ ഒളിപ്പിച്ചു വെച്ചു

നിന്റെ നുണക്കുഴി

കീഴടക്കിയ രാജ്യങ്ങളെല്ലാം

കലിംഗകൾ!

അവിടെ തീരുന്നു യുദ്ധലഹരി.

നീ –

കീഴടക്കാനാവാത്തൊരജ്ഞാത ഭൂമി.

തീരാത്ത പ്രേമലഹരി.

അവസാനപ്രേമമേ..

ആദ്യത്തേതിലെതെന്ന പോൽ

വിറയലോടെ

അത്ര തന്നെ

സന്ദിഗ്ധതയോടെ

അതിനെക്കാൾ

നിസ്സഹായനായ്

ഇതാ

നിന്നിലേക്ക് ഞാൻ.

വേണ്ട,

തിരികെ നീ സ്നേഹിച്ചിടേണ്ട.

കണ്ടെന്നു നടിക്കേണ്ട.

ഒരു വാക്കും ഉരിയാടേണ്ട.

അവസാനശ്വാസം വരെ

മോഹിപ്പിച്ചു കൊണ്ടിരിക്കൂ,

അനാഘ്രാത പുഷ്പമായ്,

അചുംബിത ദേശമായ്,

അപ്രാപ്യ സ്വപ്‌നമായ്.

Author Photo
വിമൽ പ്രസാദ്

എഴുത്തുകാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT