Home / ലിറ്ററേച്ചര്‍  / കവിത സാന്ദ്രമായ ഭാഷാ രൂപമാണ്

കവിത സാന്ദ്രമായ ഭാഷാ രൂപമാണ്

ഇത്തവണ കവിതയെ സംബന്ധിച്ച ഏതാനും കുറിപ്പുകളാവട്ടെ. സമകാലിക കവിതാലോചനകൾ അടുത്ത മാസം തൊട്ട്  തുടരാം ഒന്ന് 1 കവിത അത്ഭുതത്തിന്റെ ഭാഷയാവാറുണ്ട് - ഒന്നുകിൽ അപരിചിതത്വം കൊണ്ട്, അല്ലെങ്കിൽ അതിസാധാരണത്വത്തിന്റെ അപൂർവ്വത കൊണ്ട്. അരവിന്ദോ Lord Siva travels  on the chariot of elecrtones എന്ന് "സാവിത്രി' യിൽ  എഴുതിയതിലെ അപരിചിതഭാവം

Kavitha Art

ത്തവണ കവിതയെ സംബന്ധിച്ച ഏതാനും കുറിപ്പുകളാവട്ടെ. സമകാലിക കവിതാലോചനകൾ അടുത്ത മാസം തൊട്ട്  തുടരാം

ഒന്ന്

1

കവിത അത്ഭുതത്തിന്റെ ഭാഷയാവാറുണ്ട് – ഒന്നുകിൽ അപരിചിതത്വം കൊണ്ട്, അല്ലെങ്കിൽ അതിസാധാരണത്വത്തിന്റെ അപൂർവ്വത കൊണ്ട്. അരവിന്ദോ Lord Siva travels  on the chariot of elecrtones എന്ന് “സാവിത്രി’ യിൽ  എഴുതിയതിലെ അപരിചിതഭാവം കവിതയായി മാറുന്നു. അട്ടയെ തേടുന്ന നാട്ടുവൃദ്ധൻ ചളിക്കുളത്തിൽ വടിയിട്ട് ഇളക്കി നോക്കുന്ന കാര്യം വേഡ്സ് വർത്ത് എഴുതുന്നത് “As if he had been reading a book ‘ എന്നാണ്. അതിസാധാരണത കാവ്യാത്മകമായിത്തീരുന്നു.

2

word ഒരു ചുരുക്കവാക്കാണ്. നിവർത്തി നോക്കിയാൽ world എന്നു കാണാം. ലോകമുള്ളതുകൊണ്ട് വാക്കുണ്ടായി. വാക്കുള്ളതുകൊണ്ട് ലോകം കാണാനും ലോകത്തെക്കുറിച്ച്  ചിന്തിക്കാനും ഓർമ്മിക്കാനും സങ്കല്പിക്കാനും കഴിയുന്നു.

3

കവിത വാക്കിന്റെ പ്രവർത്തനം ഏറ്റവും ശ്രദ്ധയോടെ നടക്കേണ്ട സ്ഥലമാണ്. ആശയങ്ങൾ പൊതിയുള്ള നിറക്കടലാസല്ല വാക്കുകൾ. വാക്കുകൾ കൊണ്ടാണ് ആശയങ്ങൾ ഉണ്ടാവുന്നത്. ആശയങ്ങൾ വാക്കുകൾ കൂടിയാണ്.

4

കവിത (മിക്കപ്പോഴും) സാന്ദ്രമായ ഭാഷാ രൂപമാണ്.ഒരുതരം മൗനം പോലും കവിതയിൽ ഉണ്ട്.ലളിതമായ ഒരു കവിത ലളിതമായ അർത്ഥവ്യവസ്ഥയാകണമെന്നില്ല.” വളരെ നേരിട്ടു ലളിതമായി പറയുന്ന ഒരു കാര്യമാണ് എനിക്കു കവിത’ എന്ന് മലയാളത്തിലെ ഒരു കവി (എസ്.ജോസഫ്) പറയുന്നുണ്ട്. വായനക്കാർക്ക് ഈ അനുഭവം ഉണ്ടാവണം എന്നില്ല. ലളിതം എന്നാൽ സാധാരണം എന്നാവാം ധ്വനി. സാധാരണകാര്യങ്ങളിലാണ് ജീവിതത്തിന്റെ വലിയ  വാസ്തവങ്ങൾ. മലയാളത്തിലെ ഒരു നല്ല, വലിയ ചരിത്ര ഗ്രന്ഥത്തിന്റെ ഒന്നാമത്തെ അധ്യായം ഭക്ഷണം എന്നതാണ്.സാധാരണം – പക്ഷെ എന്തെന്ത് നാടകീയതകൾ.

5

പതിവു വിട്ട് വേറൊരു മട്ടിൽ മിണ്ടാനാണ് കവിത ഉണ്ടായത്. Deviation from the norm – – – -organized violence on language. ബദലിന്റെ ബലമാണ് കവിത. അധികാരതാല്പര്യങ്ങൾ വാഴുന്ന പൊതുഭാഷയെ എതെങ്കിലും തരത്തിൽ ചോദ്യം ചെയ്യാൻ കവിതയ്ക്ക് പറ്റുന്നുണ്ട്.

ഒരു പൂവിനെപ്പറ്റിയുള്ള, അതിന്റെ ഭംഗി പല മട്ടിൽ പറയുന്ന കവിതയിൽ രാജാവിനെ ധിക്കരിക്കുന്ന വാക്കുണ്ടാവണമെന്നില്ല. പൂവിന് കിട്ടുന്ന  പരിഗണന കൊണ്ടു തന്നെ രാജവിരുദ്ധമാവും അത്. “എന്റെ ശ്രദ്ധയും പരിഗണനയും പൂവിനാണ്’ എന്നാണ് ആ കവിതയുടെ കവിയുടെ നിലപാട്. രാജാവ് അവഗണിക്കപ്പെടുന്നു.പ്രകൃതിയെ മാനിക്കാത്ത മുതലാളിത്തവികസന വഴക്കത്തിനെതിരാവും ഇന്ന് ഒരു പൂക്കവിത.

അസംബന്ധകവിതകൾ  ഭരണകൂടതാല്പര്യങ്ങൾ വാഴുന്ന മാനക (ടtandard) ഭാഷയെ  എതിരിടാനുള്ള പുറപ്പാടാണ്. അതിൽ  സ്വാതന്ത്ര്യത്തിന്റെ ആഘോഷമുണ്ട്.

6

കവി ഭാഷയിൽ പുതിയ ഇണക്കങ്ങൾ പലതരത്തിൽ പണിയുന്നു. ഭാഷയുടെ വ്യവസ്ഥാനുകൂലഭാവം മാറുന്നു. ഭാഷ പുതുക്കപ്പെടുന്നു. ജീവിതത്തെ പുതുക്കാനുള്ള ഒരുമ്പെടലാണിത്.ടോണി മോറിസണിനെ കേൾക്കുക: We write, we speak, we do language.This is how civilizations heal.

7

കവിതയിൽ “ശരിക്കും’ മനസ്സിലാക്കാനാവാത്ത പലതും ഉണ്ടാവും. മനസ്സിലാക്കൽ ഒരു ശീഘ്രക്രിയയല്ല. കവിതയെന്നല്ല എന്തും മനസ്സിലാക്കിക്കൊണ്ടിരിക്കാനേ പറ്റൂ.

കവിതയിൽ വൈരുധ്യങ്ങളും ഉണ്ടാവും.

വർഗ്ഗപരമായ കലർപ്പിലാണ് ജീവിതം എന്നതാണ് കാരണം. Politically correctആവുക എന്നത് കവിതയുടെ  ഉന്നമല്ല. വൈരുധ്യങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് കവിതയിലെ പ്രവർത്തനം.

8

കവിത എന്ന് പ്രഖ്യാപിതമല്ലാത്ത ഭാഷാ ഷ്ക്കാരത്തിലും കവിതയുണ്ടാവാം. പഴയ നാട്ടുവർത്തമാനങ്ങൾ വലിയ കവിതയരങ്ങുകളായിരുന്നു.

കഥപോലെ കേട്ടിട്ടുണ്ട് —തന്റെ കയ്യിലെ അർബുദപ്പുണ്ണിൽ നിന്നു വന്ന പുഴുക്കളെ രമണമഹർഷി “മക്കളേ’ എന്നു വിളിച്ചു എന്ന്. ഒറ്റവാക്കേയുള്ളു. എന്നാൽ അത് കവിതയാണ്. പോലീസുമർദ്ദനത്തെപ്പറ്റി ഒരു രാഷ്ട്രീയ വനിത “ലാത്തിയ്ക്ക് സന്താനോല്പാദനശേഷി ഉണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്നു പറഞ്ഞു. അത് കവിതയാണ്. “പട്ടിണിയിൽ അഴിഞ്ഞു വീഴാതിരിക്കാൻ മുണ്ടുമുറുക്കിയുടുക്കുന്ന ശീലമുള്ളവരുടെ അരയിൽ ഒരു വര വരും. അതാണ് ദാരിദ്ര്യരേഖ’ എന്ന എ.കെ.ജി. യുടെ പ്രസംഗഭാഗം മറ്റൊരു സ്വരത്തിലുള്ള കവിതയാണ്.  കവിതയുടെ പലമയെ (വൈവിധ്യത്തെ) മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ലോകത്തിന്റെ ശരിയായ ഭാവം തന്നെയാണത്.

9

കവിത വായനക്കാരുടെ സർഗ്ഗാത്മകമായ ഇടപെടൽ കൂടുതൽ പ്രതീക്ഷിക്കുന്ന  ഭാഷാവ്യവഹാരമാണ്. കവിതയിലെ സാന്ദ്രത തന്നെയാണ് കാരണം.

ധ്വനി എന്നാൽ വായനക്കാർ കണ്ടെത്തുന്ന അർത്ഥം. അത് കവി ഒളിപ്പിച്ചതല്ല.

രണ്ട്

കവിതയും പാരമ്പര്യങ്ങളും

1

പാരമ്പര്യം എന്നു പറയാൻ മടി തോന്നുന്നു . പാരമ്പര്യങ്ങൾ എന്നതാണ് നല്ല പ്രയോഗം. ബഹുവചനം. പല പല സംഗതികൾ പാരമ്പര്യങ്ങളായി കാണാവുന്നതാണ്.ചെറിയ, ചെറിയ പാരമ്പര്യങ്ങളുടെ വലിയ നിര ഉണ്ട് എന്നറിയലാണ് ശരിയായ ഇന്ത്യയെ കണ്ടെത്തൽ.

ഏതു പാരമ്പര്യം വേണം എന്നത് കവിയുടെ ഓപ്ഷനാണ്. ഫ്യൂഡൽ കാലത്തെ എല്ലാം ഫ്യൂഡൽ അല്ല. ചരിത്രം എപ്പോഴും  ഇങ്ങനെയാവണം ജീവിക്കുന്നത്.

2

പാരമ്പര്യം/ആധുനികത എന്ന തരം തിരിവിൽ അർത്ഥമില്ല.പാരമ്പര്യത്തിന്റെ മുദ്രയില്ലാത്ത  ആധുനികത എന്നൊന്ന് ഇല്ല. പാരമ്പര്യം പരമ്പരത.അത് തുടർച്ചയാണ്. tradition ന്റെ മൂലാർത്ഥം handing down എന്നും.

ശരീരം തന്നെ പാരമ്പര്യമാണ്. ഓരോയാളിലും മനുഷ്യവംശപരിണാമപ്രക്രിയ ശരീരനിലകളായി,ശേഷികളായി പ്രവർത്തിക്കുന്നുണ്ട്. ആരും ഒറ്റയല്ല.ഒരുപാട് ഓർമ്മകളുള്ളതുകൊണ്ടാണ് ഒരാൾ വ്യക്തിയാവുന്നത്. അല്ലെങ്കിൽ അയാൾ

വെറും ശരീരമാണ് .

കലയിലും ഇതു തന്നെ കാര്യം.

ഒരു വാക്കിൽ തന്നെ എത്രയോ അനുഭവങ്ങൾ മൂളുന്നുണ്ട്. അത് അറിയുന്നയാളാണ് കവി.

കവി ഞണ്ടാണ് എന്ന് ഐ.എ. റിച്ചാഡ്സ്. പിന്നോട്ടാണ് നടക്കുക _ ചരിത്രത്തിലേക്ക്. അതുതന്നെ പുരോഗമനമായി മാറുന്നതാണ് കവിതയിലെ അതിശയം. ഒരു വലിയ കവിയുടെ ഏറ്റവും മൗലികമായ ആശയങ്ങൾ തന്നെയും പൂർവ്വിക കവികളുടേത് എന്നല്ലേ നാടകീയതയോടെ ടി എസ് എലിയറ്റ് .

ഒരു പാരമ്പര്യം ഭാരമായി ,തടസ്സമായി തോന്നുമ്പോൾ അതിനെതിരായ വേറെയൊന്നിലേക്ക് പോവുക. അതാണ് സ്വാഭാവികം. പാരമ്പര്യത്തിൽ നിന്ന് മൊത്തത്തിൽ മുറിഞ്ഞുമാറിനിൽക്കുന്ന ഒരു ആധുനികത ഇല്ല.- അസാധ്യമാണ്.അതേ സമയം കവിത വ്യത്യസ്തതയ്ക്കു വേണ്ടി യത്നിക്കുകയും ചെയ്യും. ജൈവമായ അദ്ധ്വാനമാണ് അത്.Art Buddha

3

കാല്പനികതയാണ് മലയാള കവിതയിൽ വലിയൊരു പാരമ്പര്യം. അതിന്റെ വിമോചനാത്മകതയല്ല പൊതുവെ സ്വീകരിക്കപ്പെട്ടത് എന്നു മാത്രം. മധ്യവർഗ്ഗഗാർഹികതയുടെ (domesticity – വീടത്വം. വിടത്വമല്ല ) പ്രത്യയശാസ്ത്രത്തിന് അനുഗുണമായി കാല്പനികത ചിട്ടപ്പെട്ടു പോയി. മുതലാളിത്തത്തിന്റെ വിജയങ്ങളിൽ ഔപചാരികമായി പ്രതിഷേധിക്കുകയും വിപ്ലവകരമായ കുതിപ്പുകളെ ഭയപ്പെടുകയും ചെയ്യുന്ന ഒന്നായി അത് മാറി.

കാല്പനികതയ്ക്ക് ഒരു പ്രസ്ഥാനമെന്ന നിലയിൽ വികാസമുണ്ടായില്ല. അത് ലോലമായി,  വ്യവസ്ഥാനുകൂലമായി. അത് കുറേ ഭാഷാപ്രയോഗങ്ങളുടെ ഒരു  ഡാറ്റാബേസു പോലെയായിത്തീർന്നു. പുതിയ ശാഖകൾ ഉണ്ടാവാത്ത ഒന്നായി കാല്പനികത. അത് ആവർത്തനത്തിന്റെ യന്ത്രമായി.മധ്യവർഗ്ഗികൾക്ക് ഇപ്പോഴും അത് സ്വീകാര്യമായിത്തുടരുന്നുമുണ്ട്.

ഈ പാരമ്പര്യത്തോട് കവിതയുടെ ചില പ്രയോഗങ്ങൾ നേരിട്ട് ഇടഞ്ഞുനിന്നു. സച്ചിദാനന്ദന്റെ മാതളം, കടമ്മനിട്ടയുടെ പ്രണയഗീതം എന്നിവ ഊക്കൻ ഇടികളായിരുന്നു.വൈലോപ്പള്ളി, ഇടശ്ശേരി, എൻ.വി.കൃഷ്ണവാരിയർ തുടങ്ങിയവർ സ്ഥിരപ്പെട്ടുപോയ കാല്പനികശീലങ്ങളോട് വിയോജിച്ച് കേരള കവിതയ്ക്ക് പുതിയ അരങ്ങുകൾ ഉണ്ടാക്കി.അവർ ഇക്കിളികളെ ആട്ടിയോടിക്കുന്നവർ. ഇത് വലിയൊരു കാര്യമാണ് .കേരളത്തിന്റെ തീക്ഷ്ണവൈരുദ്ധ്യങ്ങൾക്ക് ഏറ്റവും മികച്ച ചരിത്രരേഖകൾ  ഇവരുടെയൊക്കെ കവിതകൾ.

4

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി ഒരു പാരമ്പര്യം മലയാളകവിതയിൽ തുടരുന്നുണ്ട്. അത് ബുദ്ധദർശനത്തിന്റെതാണ്. ആശാൻ തൊട്ട് ഇത് ഉണ്ട്. വള്ളത്തോളിലും ഉള്ളൂരിലും നാലാപ്പാട്ടിലും ഇടശ്ശേരിയിലും വൈലോപ്പിളളിയിലും ജി.ശങ്കരക്കുറുപ്പിലും അക്കിത്തത്തിലും മാധവൻ അയ്യപ്പത്തിലും സുഗതകുമാരിയിലും എ.അയ്യപ്പനിലും ബാലചന്ദ്രൻ ചുള്ളിക്കാടിലും മറ്റും മറ്റും ബുദ്ധനുണ്ട്. സച്ചിദാനന്ദന്റെ നിത്യപ്രചോദനങ്ങളിലൊന്നാണ് ബുദ്ധത്വം .

എന്താവാം ബുദ്ധസാന്നിദ്ധ്യത്തിന്റെ കാരണം ?

പല ബുദ്ധഭാവങ്ങൾ എന്ന സാധ്യത കവികളെ സ്വാധീനിച്ചിരിക്കണം. ധ്യാനബുദ്ധനും മൗനബുദ്ധനും കഥന ബുദ്ധനും നിർമ്മമബുദ്ധനും സംവാദസബുദ്ധനും ദർശനബുദ്ധനും സരളഭാഷാബുദ്ധനും വാളേന്തിയ ബുദ്ധനും പട്ടിണിക്കാരനായ ബുദ്ധനും ക്രോധ ബുദ്ധനും ഉണ്ട്. അനേകത്വത്തിന്റെ സർഗ്ഗ സാന്നിധ്യം.

അംബേദ്കർ ബുദ്ധമതം പൂകി – ഇത് വിയോജിപ്പിന്റെ  ക്രിയയായി തിരിച്ചറിയാം.

ബുദ്ധത്വം ബ്രാഹ്മണാധികാരവിരുദ്ധമാണ്, ദൈവാധികാരവിരുദ്ധമാണ്, ജാതിവിരുദ്ധവും. ജനജീവിതവുമായി ചേർന്നതുമാണ്.

അക്ക മഹാദേവിയിലേക്കും ബസവേശ്വരനിലേക്കും കവിത തിരിയുന്നത് ഈ പാരമ്പര്യത്തിന്റെ തുടർച്ചയായാണ്. എൻ.പി. സന്ധ്യ  “പെൺബുദ്ധൻ’ എഴുതി. പുതിയ കുതിപ്പ് .ഒപ്പം കവിതയിലെ ബുദ്ധ പാരമ്പര്യത്തിന്റെ ചെറുമട്ടിലുള്ള വിലയിരുത്തൽ.

Author Photo
ഇ പി രാജഗോപാലൻ

സാഹിത്യനിരൂപകൻ, സാംസ്കാരികവിമർശകൻ, നാടകകൃത്ത്

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT