നോവുകളെല്ലാം നീ മറക്ക്, ബുദ്ധനായ് നീ വീണ്ടും പിറക്ക്
പുതിയ കാലത്തിന്റെ പാട്ടുകാർക്കിടയിൽ പല റാപ്പർമാരും ഉദിച്ചുവന്നു. അവരിലെ വേറിട്ട സ്വരമായത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹിരൺദാസ് മുരളി എന്ന വേടനാണ്. ആ പാട്ടുകളും ജീവിതവും അതിന്റെ രാഷ്ട്രീയവും എഴുതുന്നു ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ കെ ബി വേണു.
Nobody believed in me
Nobody to trust me
It feels like every single cop is out here to bust me
What were you thinking?
I’d say come here and arrest me
I am not freaking doing that
Go ahead
You can test me
But the truth is they ain’t got no courtesy
To address me
They can barge into my house any time and arrest me
Without any warrant or a government document
What I am trying to narrate is
Every Kashmiri’s predicament.
(ആരും എന്നെ വിശ്വസിച്ചില്ല
ആരും എന്നെ വിശ്വസിച്ചില്ല
ഓരോ പൊലീസുകാരനും എന്നെ പിടികൂടാന്‍ നടക്കുന്നതു പോലെ
എന്നെ വന്ന് അറസ്റ്റു ചെയ്തോളാന്‍
ഞാന്‍ പറയുമെന്നാണോ കരുതുന്നത്?
ഞാനങ്ങനെ ചെയ്യില്ല..
വേണമെങ്കില്‍ പരീക്ഷിച്ചോളൂ..
പക്ഷേ സത്യം നിങ്ങളറിയണം-
ഇവര്‍ക്കൊരു മര്യാദയുമില്ല.
നേരാംവണ്ണം ഇവരെന്നോടു സംസാരിക്കില്ല.
പകരം ഏതു പാതിരായ്ക്കും എന്‍റെ വീട്ടിലേയ്ക്ക് ഇടിച്ചു കേറി വരും
ഒരു സര്‍ക്കാര്‍ രേഖ പോലും കാണിക്കാതെ
വാറണ്ടില്ലാതെ എന്നെ അറസ്റ്റു ചെയ്യും
കശ്മീരിലെ മനുഷ്യരുടെ ദുരവസ്ഥയാണിത്.
ആ ദുരന്തകഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്..)
അശാന്തമായ കശ്മീർ താഴ്വരയുടെ പശ്ചാത്തലത്തിൽ, ശ്രീനഗറിലെ കശ്മീർ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാർത്ഥികൾ അവരുടെ കലാപ്രവർത്തനങ്ങൾ കൊണ്ട് പ്രതിരോധസമരം നടത്തുന്നതിനെക്കുറിച്ച് 2016 ൽ ഷോൺ സെബാസ്റ്റ്യനുംഫാസിൽ എൻ സി യും ചേർന്നു സാക്ഷാത്കരിച്ച ‘ഇൻ ദ് ഷെയ്ഡ് ഓഫ് ദ് ഫോളൻ ചിനാർ’ എന്ന ഡോക്യുമെൻററി ആരംഭിക്കുന്നത് ഈ റാപ് ഗാനത്തിലൂടെയാണ്.
ക്യാംപസിലൊരിടത്തു വീണു കിടക്കുന്ന ഒരു ചിനാർ മരത്തടി കലാപ്രേമികളുടെസംഗമകേന്ദ്രമായി മാറുന്നതാണ് പ്രമേയം. ഫോട്ടോഗ്രാഫര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, പാട്ടുകാര്‍, റാപ്പ് ഗായകര്‍, മറ്റു കലാകാരന്‍മാര്‍ – എല്ലാവരും ഇവിടെ ഒത്തുകൂടുന്നു. കലയ്ക്ക് സമൂഹത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരെഈ സ്ഥലം വല്ലാതെ ആകര്‍ഷിക്കുന്നു.
രാഷ്ട്രീയസ്വഭാവമുള്ള വിഷയങ്ങള്‍ പറയാന്‍, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍, അടിച്ചമര്‍ത്തലിനെയും ജനമര്‍ദ്ദനങ്ങളെയും കുറിച്ചു പറയാന്‍..വികാരവിക്ഷോഭംനിറഞ്ഞ എന്തു പറയാനും..റാപ് ആണ് ഏറ്റവും അനുയോജ്യമായ സംഗീതരൂപം എന്ന് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മോസം എന്ന റാപ് മ്യുസീഷ്യൻ പറയുന്നുണ്ട്.
പറയുന്ന വിഷയത്തോടു നീതി പുലര്‍ത്തണമെങ്കില്‍ റാപ് തന്നെ വേണം എന്ന് മോസംവിശ്വസിക്കുന്നു.

വേടൻ
ലോകമെമ്പാടും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ലാവാപ്രവാഹങ്ങളായാണ്ഭൂരിപക്ഷം റാപ് ഗാനങ്ങളും ഉരുവം കൊണ്ടിട്ടുള്ളത്. കീഴാളഗീതങ്ങളാണവ. കലയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരമ്പരാഗതവും യാഥാസ്ഥിതികവുമായവഴികളിലൂടെ പോകാൻ വിസമ്മതിക്കുന്ന, “മുൻപേ ഗമിക്കുന്ന ഗോവു തന്റെ പിൻപേഗമിക്കുന്ന ബഹുഗോക്കളാ”കാൻ കൂട്ടാക്കാത്ത പുതിയ തലമുറയുടെ ശബ്ദം.
മലയാളത്തിലെ റാപ് സംഗീതത്തിന് അത്ര വലിയ ചരിത്രമില്ല. ലളിതഗാനങ്ങളുടെയും സിനിമാ-നാടകഗാനങ്ങളുടെയും റൊമാൻറിക് ലോകത്ത് ഒഴുകിപ്പരന്നുകൊണ്ടിരിക്കാനായിരുന്നു മലയാളികൾക്ക് എക്കാലത്തും ഇഷ്ടം. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഉഴുതുമറിച്ച കെപിഎസി യുടെനാടകഗാനങ്ങളിലും കാല്പനികതയുടെ വർണച്ചാർത്തുകളുണ്ടായിരുന്നു. പിന്നീട് സിനിമാഗാനങ്ങൾ മലയാളിയെ കീഴടക്കി – വിശേഷിച്ചും യേശുദാസിന്റെ ശബ്ദത്തിലെഹൈ വോൾടേജ് കാല്പനികത. മലയാളസിനിമാഗാനരംഗത്ത് യേശുദാസിന്റെഅരങ്ങുവാഴ്ച പതിറ്റാണ്ടുകളോളം തുടർന്നു. അതിനൊരു പ്രധാനകാരണമായി സിനിമാവ്യവസായത്തിനുള്ളിലുള്ളവർ പറയുന്നത് ശബ്ദമാധുര്യത്തോടൊപ്പംഅദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്ന പകരം വയ്ക്കാനില്ലാത്തപ്രൊഫഷണലിസമാണ്. മറ്റു ഗായകരേക്കാൾ വേഗത്തിൽ പാട്ടുകൾ പഠിക്കാനും എല്ലാ സൂക്ഷ്മാംശങ്ങളിലും പൂർണത കൈവരിക്കാനുമുള്ള സവിശേഷമായ പ്രതിഭയാണ് യേശുദാസിനെ ദീർഘകാലം സിനിമാഗാന വ്യവസായത്തിലെ ഒന്നാമനായി നിലനിർത്തിയത്.
യേശുദാസിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ള സംഗീതസംവിധായകരിൽ പ്രമുഖനായ ജി ദേവരാജൻ ഒരിക്കൽ പറഞ്ഞു – “പാട്ടുകാരിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ യേശുദാസ് മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം പിന്നീടുള്ള സ്ഥാനങ്ങളിൽ മാത്രം.”
പി ജയചന്ദ്രനു മാത്രമാണ് അക്കാലത്ത് യേശുദാസിനൊപ്പം പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇവർ രണ്ടു പേരും ഒഴികെ മറ്റേതെങ്കിലും ഗായകനെ അവതരിപ്പിക്കാൻ ശ്രമിച്ചാൽ മുഖ്യധാരാ സിനിമയുടെ നിർമാതാക്കളിൽ നിന്ന് വലിയ എതിർപ്പുണ്ടാകുമായിരുന്നു. കെ രാഘവനാണ് ഈ എതിർപ്പുകളെ അതിജീവിച്ച് ചില പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിൽ ബ്രഹ്മാനന്ദൻ പാടിയ “മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു” എന്ന പാട്ട് ഒരുദാഹരണം.
എൺപതുകളിൽ എം ജി ശ്രീകുമാറും ജി വേണുഗോപാലും ഉണ്ണിമേനോനും അടങ്ങുന്ന പുതിയൊരു നിര രംഗപ്രവേശം ചെയ്തു. ഇവരും ഏറെക്കുറെ യേശുദാസിന്റെമെലോഡിയസ് ആയ സംഗീതപാതയിലൂടെയാണ് സഞ്ചരിച്ചത്. എൺപതുകളിൽ മലയാള സിനിമയുടെ ഉള്ളടക്കത്തിലും ഘടനയിലും ഒരുപാടു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും സംഗീതത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാകാതിരുന്നതാണ് ഇതിനു കാരണം.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിനിമാസംഗീതത്തിൽ വലിയൊരു വിപ്ലവത്തിനു തുടക്കമിട്ടത് ജയരാജ് സംവിധാനം ചെയ്ത ‘ഫോർ ദ് പീപ്പിൾ’ എന്ന ചിത്രത്തിലൂടെ ജയരാജ് അവതരിപ്പിച്ച ജാസി ഗിഫ്റ്റ് എന്ന സംഗീതസംവിധായകനാണ്. വേറിട്ട ശബ്ദമുള്ള ഗായകൻ കൂടിയാണ് അദ്ദേഹം. ചെറുപ്പക്കാർ ഒന്നടങ്കം ആ സിനിമയിലെ പാട്ടുകൾ ഏറ്റെടുത്തു. അപ്പോഴും സംഗീതാസ്വാദകരിലെയും സംഗീതരംഗത്തുപ്രവർത്തിക്കുന്നവരിലെയും യാഥാസ്ഥിതിക വിഭാഗം നിശിതമായ വിമർശനവുമായിരംഗത്തുവന്നു. പക്ഷേ ജാസി ഗിഫ്റ്റിന്റെ വരവോടെ ഒരുപാടു വേറിട്ട ശബ്ദങ്ങൾ മലയാളി സംഗീതാസ്വാദകർ കേൾക്കാൻ തുടങ്ങി. സിനിമയിൽ ഗാനങ്ങൾ സന്നിവേശിപ്പിക്കുന്ന രീതി തന്നെ മാറി. വർത്തമാനകാല സിനിമയിൽ പാട്ടുകൾക്കു വേണ്ടി പ്രത്യകമായവിശുദ്ധസ്ഥലങ്ങൾ ഇപ്പോൾ ആരും കരുതിവയ്ക്കാറില്ല. കഥാഗാത്രത്തോടു ചേർന്നുപോകുകയാണ് ഗാനങ്ങൾ. അങ്ങനെയാണ് പാട്ടുകളിലെ ബഹുസ്വരതമലയാളസിനിമയിൽ സാദ്ധ്യമായത്.
ഇതോടൊപ്പം സിനിമയ്ക്കു പുറത്ത് സ്വതന്ത്ര സംഗീത സംരംഭങ്ങൾ വലിയ തോതിൽ വളർന്നു. പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും ആവിഷ്കാരങ്ങളുമായി ചെറുപ്പക്കാരുടെ ബാൻഡുകൾ നിലവിൽ വന്നു. മുഖ്യധാരയിലെ പല കുത്തകകളും ഈ ചെറുപ്പക്കാർ പൊളിച്ചെറിഞ്ഞു. കലാവിഷ്കരണത്തിന് മുഖ്യധാരയിൽ നിന്നു മാറിയുള്ള പല വേദികളും അവർ കണ്ടെത്തിക്കൊണ്ടിരുന്നു. (വേദികൾ എന്നല്ല, ഇടങ്ങൾ എന്നാണ് പറയേണ്ടത് എന്നു തോന്നുന്നു.)
പുതിയ കാലത്തിന്റെ പാട്ടുകാർക്കിടയിൽ പല റാപ്പർമാരും ഉദിച്ചുവന്നു. അവരിലെ വേറിട്ട സ്വരമായത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഹിരൺദാസ് മുരളി എന്ന വേടൻ ആണ്.
2020 ൽ വോയ്സ് ഓഫ് ദ് വോയ്സ് ലെസ് എന്ന ആൽബം യൂട്യൂബിലൂടെപുറത്തിറക്കുമ്പോൾ വേടന് ഇരുപത്തിയഞ്ചു വയസ്സേ പ്രായമുള്ളൂ. പക്ഷേ കീഴാളരുടെ ജീവിതത്തെയും അതിജീവനത്തെയും കുറിച്ചുള്ള കത്തുന്ന ചോദ്യങ്ങൾ വേടന്റെആദ്യഗാനത്തിലുണ്ടായിരുന്നു.
വരികൾ നോക്കൂ…
നീർനിലങ്ങളിൻ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുകു കൂനി തലകൾ
താണുമിനിയും എത്രനാള്
നീ പിറന്ന മണ്ണിൽ
നിന്നെന്ന കണ്ടാൽ വെറുപ്പ്
പണിയെടുത്ത മേനി
വെയിൽ കൊണ്ടേ കറുപ്പ്
നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ്..
………………….
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
തലവനില്ല ആധി
നാട് ചുറ്റിടാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവൻ
ദേശദ്രോഹി തീവ്രവാദി
എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി
കനലൊരു തരി മതി ഒരുതരി മതി തരി മതി.
ജാത്യധിക്ഷേപത്തിന്റെയും അവഗണനയുടെയും കഥകൾ കേരളത്തിലെ ദളിത് സമൂഹത്തിന് ഇപ്പോഴും പറയാനുണ്ടെന്ന് വേടൻ ഈ വരികളിലൂടെ വ്യക്തമാക്കുന്നു. ജീവിതാനുഭവങ്ങളിൽ നിന്ന് കുറിച്ച വരികളാണവ. ലക്ഷ്യബോധമുള്ളരാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാണ് വേടന്റെ റാപ്പുകൾ. ഗായകൻ എന്നതിലപ്പുറം ഒരു രാഷ്ട്രീയപ്രവർത്തകനാണ് അയാൾ. എല്ലാ റാപ്പുകളിലും തെളിമയുള്ളരാഷ്ട്രീയചിന്തകളുണ്ട്, ദർശനങ്ങളുണ്ട്. ജാത്യധിക്ഷേപം അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരന് അതു തുറന്നു പറയാനുള്ള വേദി ലഭിക്കുന്നില്ല എന്നതാണ് കേരളത്തിലെ പ്രശ്നമെന്ന് വേടൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത്തരം തുറന്നു പറച്ചിലുകൾക്കുള്ള വേദിയായാണ് വേടൻ റാപ് മ്യൂസിക്കിനെ കാണുന്നത്.
കഞ്ചാവ് കൈവശം വച്ചതിനും പുലിനഖം കഴുത്തിലണിഞ്ഞതിനും വേടൻ അറസ്റ്റിലായപ്പോൾ വ്യാപകമായ പ്രതിഷേധമുയരുക മാത്രമല്ല, ആ ചെറുപ്പക്കാരനെ കുടുക്കാനുള്ള ബോധപൂർവമായ ശ്രമം എന്തുകൊണ്ടുണ്ടായി എന്നതിനെക്കുറിച്ചുള്ളചർച്ചകളും മലയാളികൾക്കിടയിലുണ്ടായി.
കലയിലെ മുഖ്യധാരയിലെ വരേണ്യരെന്നു നടിക്കുന്നവരിലുണ്ടായ അസ്വസ്ഥതയിൽ നിന്നാണ് ഇതു സംഭവിച്ചതെന്ന വിലയിരുത്തലാണ് ഏറ്റവും പ്രധാനം. കീഴാളരും പാർശ്വവത്കൃതരുമായ കലാപ്രവർത്തകരുടെ വർദ്ധിച്ചു വരുന്ന ജനപ്രിയത (വിശിഷ്യായുവജനങ്ങൾക്കിടയിൽ) ഈ തമ്പുരാക്കൻമാരെ തെല്ലൊന്നുമല്ല ഞെളിപിരികൊള്ളിക്കുന്നത്. അതു മാത്രമല്ല, അധികം പണം മുടക്കാതെ, ആർഭാടങ്ങളില്ലാതെ ഈ യുവകലാകാരൻമാരും കലാകാരികളും പണം സമ്പാദിക്കുകയും ചെയ്യുന്നു. കീഴാളർ ധനസമ്പാദനം നടത്തുന്നത് ഒട്ടും സഹിക്കാത്ത ഒരു കൂട്ടർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. കലാരംഗവുമായി ബന്ധപ്പെട്ട പുതിയൊരു സമ്പദ് വ്യവസ്ഥ തന്നെ കേരളത്തിൽ രൂപപ്പെട്ടു കഴിഞ്ഞു.
പുതുതായി ഉയർന്നു വന്ന് പെട്ടെന്നു ജനപ്രിയമാകുന്ന സ്വതന്ത്ര കലാവിഷ്കാരങ്ങളെസിനിമയുടെ ഭാഗമാക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. വൻ വ്യാപാരവിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ വേടൻ ആലപിച്ച ‘കുതന്ത്രം’ എന്ന റാപ് ഗാനം വൻ ജനപ്രീതി നേടി. പക്ഷേ സിനിമയുടെ ഭാഗമായി തുടരുന്നതിലെ അപകടം വേടൻ തിരിച്ചറിയുന്നുണ്ട്. സിനിമ ആത്യന്തികമായ മോഹമല്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു കഴിഞ്ഞു വേടൻ. ഇൻഡിപെൻഡൻറ് മ്യൂസിക് എന്ന സങ്കല്പത്തിൽ വെള്ളം ചേർക്കാൻ കൂട്ടാക്കാത്ത ഉറച്ച നിലപാട് വേടന്റെ രാഷ്ട്രീയ പ്രതിബദ്ധത അടിവരയിടുന്നു.
വേടൻ വയലന്റാകുന്നത് അയാളുടെ കലയിലൂടെയാണ്. ഒരു ക്രിമിനലാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. പലവട്ടം വേടൻ അതു സൂചിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനു ശേഷം “നന്നാകാൻ ശ്രമിക്കട്ടെ” എന്നാണ് വേടൻ പറഞ്ഞതെന്നോർക്കുക.
വേടൻ ഒറ്റയ്ക്കല്ല എന്നും വേടന്റെ പാട്ടുകൾ ഒരുപാടു പേർക്ക് അവകാശപ്പെട്ടതാണെന്നുംഹിരൺദാസ് പറയുന്നു. ഈ നിലപാട് തുടരുന്നിടത്തോളം വേടൻ എന്ന ഗായകനും ഇവിടെ നിലനിൽക്കും. സ്വയം നവീകരിക്കാനുള്ള സന്നദ്ധതയാണല്ലോ ഏതു കലാകാരനെയും കലാരൂപത്തെയും കാലത്തിൽ നിത്യമാക്കുന്നത്.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ഇൻ ദ് ഷെയ്ഡ് ഓഫ് ദ് ഫോളൻ ചിനാർ എന്ന ഡോക്യുമെന്ററിയിലെ മോസം എന്ന ഗായകന്റെ ഒരു ഗാനം വേടന്റെ റാപ്പുകളോട്ചേർന്നു പോകുന്നുണ്ട്.
The crimes and violence
The war outside and the war inside us
Anger is our voice
Rage drives us
And we can’t be controlled
There is a beast inside us.
(കുറ്റങ്ങള്‍, അക്രമങ്ങള്‍
ഞങ്ങള്‍ക്കകത്തും പുറത്തും യുദ്ധം
ശബ്ദത്തില്‍ അമര്‍ഷം
ഞങ്ങളെ നയിക്കുന്ന ക്രോധാവേശം
മെരുക്കാനാകില്ല ഞങ്ങളെ
ഒരു മൃഗമുണ്ട് ഞങ്ങള്‍ക്കുള്ളില്‍)
ഉള്ളിലെ മൃഗത്തിന്റെ ചുരമാന്തലുകളെ ക്രിയാത്മകമായി പരിണമിപ്പിച്ച് താളാത്മകമായിഉരുവപ്പെടുത്തിക്കൊണ്ട് വേടനും അയാൾ മലയാളികൾക്കിടയിൽ ഉണർത്തിയ പുതിയ സംഗീതസംസ്കാരവും നിലനിൽക്കും. നോവുകളെല്ലാം മറന്ന് ബുദ്ധനായി വീണ്ടും പിറക്കും

