പാട്ട് വെറും പാട്ടല്ല
റാപ്പ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സംഗീത മേഖലയും അതിന്റെ വളർച്ചയും പരിണാമങ്ങളും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും വിശദീകരിക്കുകയാണ് പിന്നണി ഗായികയും സിനിമാ പ്രവർത്തകയും പെർഫോമിങ് ആർട്ടിസ്റ്റുമായ രശ്മി സതീഷ്
വയനാട്ടിൽ സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സിന് പഠിക്കുമ്പോഴാണ് ആദ്യമായി കനവിലേയ്ക്ക് പോയതും അവിടെ വച്ച് ചാത്തി എന്ന കൂട്ടുകാരനിൽ നിന്ന് ‘ഇനി വരുന്നൊരു തലമുറയ്ക്ക്’എന്ന പാട്ട് കേൾക്കുന്നതും. കുറച്ചു മാസങ്ങൾക്കു ശേഷം കേരളത്തിൽ നടന്ന വളരെ പ്രധാനപ്പെട്ടൊരു ജനകീയ സമരമായ പാലക്കാട്ടെപ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിക്കെതിരായ സമരം ആയിരം ദിവസം പിന്നിടുമ്പോഴാണ് മേധാപട്കറുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമാകാൻ സഹപാഠികളുടെ ഒപ്പം ഞാനും പോയത്. മനുഷ്യച്ചങ്ങല തുടങ്ങുന്നതിന് തൊട്ടു മുമ്പായി ഒരു പാട്ടുപാടി അത് തുടങ്ങാൻ പറ്റുമോ എന്ന മേധാപട്കറുടെ ചോദ്യത്തിനു മുന്നിൽ ആയിരക്കണക്കിന് ജനങ്ങൾ ഒരൊറ്റലക്ഷ്യവുമായി കൈകോർത്ത് പിടിച്ചു നിന്ന ആ നിമിഷത്തിൽ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനം പാടി അതിന് തുടക്കമിട്ടു. ഈ അനുഭവത്തിൽ നിന്നാണ് സംഗീതത്തിന്റെ പ്രതിരോധസാധ്യതകൾ ഞാൻ മനസ്സിലാക്കുന്നത്. പിന്നീട്, സംഗീതത്തിലൂടെ പല കാര്യങ്ങൾ ചിന്തിക്കാനും ചിന്തിപ്പിക്കാനും അനുഭവിക്കാനും അനുഭവിപ്പിക്കാനും ഒക്കെ കഴിയുന്ന തലത്തിലേക്ക് എന്റെ ആലോചനകൾ തുടങ്ങിയതും ഇവിടെ നിന്നാണ്.
സ്ത്രീകളുടെ ശബ്ദത്തെ പല വിധത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സമൂഹത്തിൽ ഉച്ചത്തിൽ സംസാരിക്കുന്ന ,ഉച്ചത്തിൽ ചിരിക്കുന്ന, ഉച്ചത്തിൽ പാടുന്ന ഒരു പെൺകുട്ടിഎന്ന നിലയിൽ നല്ല അനുഭവങ്ങളേക്കാളേറെ മോശം അനുഭവങ്ങളാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ആണധികാര ഘടനയിൽ എന്തിനു വേണ്ടി ആയാലും ആണിനേക്കാൾ ശബ്ദമധികമുള്ള സ്ത്രീകൾ സമൂഹത്തിന് അപകടമാണെന്നത് പൊതുബോധമാണ്. നമ്മുടെ സാമൂഹിക നിർമിതികളൊക്കെയുംപുരുഷനിർമിതികൾ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് അവർ സൃഷ്ടിക്കുന്ന സ്ത്രീകളുടെ രൂപമായാലും ഭാവമായാലും ശബ്ദമായാലുമൊക്കെ മൃദുലവും ഒതുങ്ങിയതും പതിഞ്ഞതുമായി പോകുന്നത്. സംഗീത മേഖലയിൽ വേറിട്ട് നിൽക്കുന്നശബ്ദങ്ങൾ ഒരുപാട് കാലങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നെങ്കിലും അവർക്ക് കിട്ടിയ സ്വീകാര്യത വളരെ കുറവാണ്.

രശ്മി സതീഷ്
കലയും കലാകാരിയും,ഗാനവും ഗായികയും പരസ്പര പൂരകങ്ങളാണ്. ഇതിൽ ഒന്നിന് കോട്ടം തട്ടിയാൽ മറ്റൊന്ന് നിലനിൽക്കുകയില്ല. കലയുടെ വാളിന് എത്ര മൂർച്ചഉണ്ടെങ്കിലും അത് പെർഫോം ചെയ്യുന്ന കലാകാരന്റെ സ്വത്വത്തിനെഅടിസ്ഥാനപ്പെടുത്തിയായിരിക്കും അതിൻറെ മഹത്വം .
ലോകത്താകമാനം ഉള്ള പല സംഗീതജ്ഞരെയും അവരുടെ സംഗീത ശാഖകളെയും പരിശോധിച്ചാൽ കാണാൻ കഴിയുന്നത് കലാകാരുടെ സ്വത്വത്തിൽ ഉണ്ടാവുന്ന ചെറിയ വിടവുകൾ അവരുടെ കലാരൂപത്തെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. തുടക്കകാലത്തിൽ മനുഷ്യവംശത്തിന്റെ നിലനിൽപ്പിനും ചെറുത്തുനിൽപ്പിനും വേണ്ടി മാത്രമായി ഉണ്ടായിട്ടുള്ള പല സംഗീത രൂപങ്ങളും രൂപാന്തരം പ്രാപിച്ച് പുതിയ ഒരുപാട് ശാഖകൾ ഉണ്ടായി. എണ്ണമറ്റ സംഗീത ശാഖകൾ ഉള്ള കേരള സമൂഹത്തിൽ ,ഇന്ന് റാപ്പ് അല്ലാതെ മറ്റൊരു ജനകീയ സംഗീത ശാഖയും കാണാനാവാത്ത അവസ്ഥയും പുന:പരിശോധിക്കേണ്ടതുണ്ട്.
പെർഫോമിങ് ആർട്ട് ഫോമുകളുടെ എണ്ണത്തിൽ, എന്റെ അറിവിൽ ഏഷ്യയിലെതന്നെരണ്ടാമതോ മൂന്നാമതോ ആയ സ്ഥലമാണ് കേരളം. അതിൽ 90 ശതമാനത്തിലേറെകലാരൂപങ്ങൾക്ക് അതിൻറെ സംഗീത രൂപങ്ങളുമുണ്ട്.കടലുപോലെ പരന്നുകിടക്കുന്ന ഈ ലോകത്തിൽ അറിയാതെ പോകുന്നതായിരിക്കും അറിയുന്നതിനേക്കാളും കൂടുതൽ.
ലോകമാകെയുള്ള സംഗീതത്തിന്റെ ചരിത്രത്തിൽ നമ്മൾക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് ഓരോ സംഗീത ശാഖകളും ഉണ്ടായിട്ടുള്ളത് മനുഷ്യജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ്.അതിനുപുറകിൽ ചിലപ്പോൾ ചരിത്രമാകാം, സമരങ്ങളാകാം, വികാരങ്ങളാകാം ആശയങ്ങളാകാം അതുമല്ലെങ്കിൽ സംവാദങ്ങളാകാം.വയനാട്ടിൽ പഠിക്കുന്ന കാലത്താണ് കർണാടക സംഗീതത്തിനും സിനിമാ സംഗീതത്തിനും അപ്പുറം പലതരം സംഗീത ശാഖകളുണ്ടെന്നും അതിൽ പലതും മനുഷ്യ ജീവിതവുമായി ആഴത്തിൽ ബന്ധമുള്ളതാണെന്നും തിരിച്ചറിയുന്നത്.
കാലക്രമേണ ഒരു വിധപ്പെട്ട എല്ലാ സംഗീത രൂപങ്ങൾക്കും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യക്തിപരമായി പറയുകയാണെങ്കിൽ പുതിയ രീതിയിൽ പലതിനെയും അവതരിപ്പിക്കുമ്പോൾ ഞാൻ വിശ്വസിക്കുന്നത് ഒരു ട്രാൻസ്ഫറൻസ് ഓഫ് ട്രാൻസ് അതായത് എല്ലാ കലാരൂപങ്ങളും സമ്മാനിക്കുന്ന അതിന്റെ അതീന്ദ്രിയാനുഭൂതി മറ്റൊരു തരത്തിൽ മനുഷ്യരിലേക്ക് എത്തിക്കുന്നു എന്നാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവിടെ നിലനിന്നിരുന്ന സംഗീത രൂപങ്ങളിപ്പോൾ ഇതുവരെ ഉപയോഗിക്കാത്ത പല കാര്യങ്ങൾക്കും വേണ്ടി ഭംഗിയായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണമായി ഒരിക്കലും ഒരു പ്രൊട്ടസ്റ്റിന്റെ ഭാഗമായി കർണാടക സംഗീതം ഉപയോഗിച്ചു കണ്ടിട്ടില്ല .എന്നാൽ ഇന്ന് ടി എം കൃഷ്ണയെ പോലുള്ളവർ വളരെ അർത്ഥവത്തായിട്ടുള്ള രീതിയിൽ കർണാടക സംഗീതത്തെ ഒരു പ്രൊട്ടസ്റ്റിംഗ് ഫോർമാറ്റിൽ അവതരിപ്പിക്കുന്നു . വ്യക്തിപരമായൊരു അനുഭവം പറയുകയാണെങ്കിൽ ‘രസ’ എന്ന എന്റെ ബാന്റിൽ , പൊട്ടൻ തെയ്യത്തിന്റെ തോറ്റം മറ്റൊരു തരത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.അതൊരു പുതിയ ഫോർമാറ്റ്ഉണ്ടാക്കുന്നതിന്റെ ഭാഗം മാത്രമല്ല മറിച്ച് എന്താണ് അത് സംവദിക്കാൻ ശ്രമിച്ചിരുന്നതെന്ന് ഇപ്പോഴത്തെ മനുഷ്യർക്ക് മനസ്സിലാവുന്ന വിധത്തിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ്. അന്താരാഷ്ട്ര തലത്തിൽ മാത്രം നിന്നിരുന്ന ചില സംഗീത ശാഖകളെ വളരെ പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്നതിന്റെഭാഗമായിട്ടാണ് പല പ്രാദേശിക ഭാഷകളിലും റാപ്പുകൾ പോലുള്ള രീതികൾ ഉണ്ടായി വരുന്നത്. എല്ലായ്പ്പൊഴും ഇതു സ്വീകാര്യമാവണമെന്നുമില്ല. ഉദാഹരണത്തിന് കഥകളി സംഗീതം വേറൊരു തരത്തിൽ അവതരിപ്പിക്കുമ്പോൾ ഒരു കലാകാരി അനുഭവിക്കേണ്ടിവരുന്ന അവസ്ഥ പരിതാപകരമാണ്. എല്ലാകാലത്തും പരീക്ഷണങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഇനിയും ഉണ്ടാവും എല്ലാ മനുഷ്യർക്കും എല്ലാ പരീക്ഷണങ്ങളോടും യോജിക്കാൻ കഴിഞ്ഞു എന്നു വരില്ല എന്നാൽ തന്നെയും ഇതൊക്കെ ചിലപ്പോൾ നമുക്കൊരു പുതിയ ലോകം സമ്മാനിച്ചേക്കാം.
നമ്മുടെ പാട്ടു സംസ്കാരത്തിന് കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ലെയറുകൾ ഉണ്ട് .ഇവിടുത്തെ മനുഷ്യരുടെ ജാതി, മതം,ഭാഷ, ഉത്സവങ്ങൾ, ആഘോഷങ്ങൾ ജീവിതരീതികൾ, വിശ്വാസങ്ങൾ ,ആചാരങ്ങൾ തുടങ്ങി പല തട്ടുകളിലൂടെ ആണ് കേരളത്തിലെ പാട്ട് സംസ്കാരം വികസിച്ചു വന്നത്..
കേരളത്തിലെ സംഗീതരംഗം രാഷ്ട്രീയത്തിൽ നിന്ന് എല്ലായ്പ്പൊഴും സ്വതന്ത്രമായിരുന്നില്ല; മറിച്ച്, വിവിധ കാലഘട്ടങ്ങളിൽ സംഗീതം രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുകയും അതിന്റെ ഭാഗമായിരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികപരിഷ്കർത്താക്കളുടെ പുസ്തകങ്ങൾ പോലെ തന്നെ സംഗീതവും അനീതി, വിവേചനം, വർഗീയത എന്നീ വിഷയങ്ങൾക്കെതിരെ ശബ്ദമായിട്ടുണ്ട് . 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നപ്പോൾ, തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ജനകീയഗാനങ്ങൾ സംഗീതരംഗത്ത് പ്രാധാന്യമാർജ്ജിച്ചു.
നൂറ്റാണ്ടിന്റെ അന്ത്യത്തിലും രാഷ്ട്രീയ ആശയങ്ങൾ സംഗീതത്തിലൂടെ മുന്നോട്ടുവെക്കപ്പെടുകയായിരുന്നു. റാപ്പ് കേരളത്തിൽ തരംഗമായത് കുറച്ചു കാലം മുൻപാണെങ്കിലും റാപ്പ് സംഗീതം മുതൽ ഭക്തിഗാനങ്ങൾ വരെയുള്ള കലാരൂപങ്ങൾ പോലും രാഷ്ട്രീയത്തോട് ഒട്ടും അകലം പാലിക്കാതെ സാമൂഹിക പരിവർത്തനത്തിനായുള്ള ഉപാധിയായി നിലകൊള്ളുന്നു. ഇങ്ങനെ, കേരളത്തിലെ സംഗീതരംഗം കാലാനുസൃതമായി മാറിയെങ്കിലും, രാഷ്ട്രീയത്തിന്റെ താളം അന്നും ഇന്നും അതിൻ്റെ ഉള്ളടക്കത്തിൽ പതിഞ്ഞുകിടക്കുന്നു.
കേരളത്തിൽ അതിജീവനത്തിനും സാമൂഹിക ബോധവത്കരണത്തിനും ഉപയോഗിച്ച ഏറ്റവും ശക്തമായ ഒന്നാണ് നാടകഗാനങ്ങൾ. തുടക്കകാലത്ത് നാടകങ്ങളിൽ ഉപയോഗിച്ചിരുന്ന ഗാനങ്ങൾ ഭക്തിസാന്ദ്രമായതും ശാസ്ത്രീയസംഗീതത്തെആധാരമാക്കിയതുമായിരുന്നു. എന്നാൽ പിന്നീട്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തമാകുന്ന സമയത്താണ് നാടകഗാനങ്ങൾ വലിയ മാറ്റങ്ങളിലേക്ക് വളരുന്നത്.
ഈ ഗാനങ്ങൾ തൊഴിലാളികളുടെ ദുഃഖങ്ങളും അടിച്ചമർത്തലുകളും പ്രതിഫലിപ്പിക്കുകയും, സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തുകയുംചെയ്തു. ഒ.എൻ.വി. കുറുപ്പ്, വയലാർ, പി. ഭാസ്കരൻ തുടങ്ങിയ എഴുത്തുകാർ അവരുടെ വരികളിലൂടെ ശക്തമായ രാഷ്ട്രീയ–സാമൂഹിക സന്ദേശങ്ങൾ നൽകി. കലാനിലയം, കാളിദാസകലാകേന്ദ്രം, കെ.പി.എ.സി പോലുള്ള നാടകസംഘടനകളിലൂടെ ഈ ഗാനങ്ങൾ ജനങ്ങളിലേക്ക് എത്തുകയും അവരുടെ ഹൃദയത്തിൽ ആവർത്തിക്കപ്പെടുകയും ചെയ്തു.
ഇന്ന് നാടകഗാനങ്ങൾ അതിന്റെ പഴയ പ്രൗഢിയില്ലയെന്നു പറയുന്നവരുണ്ടെങ്കിലും, അതിന്റെ ഉള്ളടക്കത്തിൽ ,ഇപ്പോഴും സമകാലിക പ്രസക്തിയുള്ളതും ,ചിന്തിക്കാൻ ഇടവരുത്തുന്നതുമായ ശബ്ദമുണ്ട്. നാടകഗാനങ്ങൾ ഒരു കാലഘട്ടത്തിലെ പൊതുജനത്തിൻ്റെ ശബ്ദമായിരുന്നു , അത് നമ്മുടേതായ ഭാഷയിൽ പറഞ്ഞപ്പോൾ, അതിന്റെ താളവും താളത്തിനുള്ളിലെ കഥയും ഇന്നും നമ്മളെ സ്പർശിക്കുന്നു.
പാട്ടും രാഷ്ട്രീയവും പറഞ്ഞു പോകുമ്പോൾ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് മേദിനി ചേച്ചിയെന്നു ഞാൻ വിളിക്കുന്ന പി.കെ. മേദിനി .തൊഴിലാളികളുടെ കണ്ണീരും ക്ഷുഭിതമായ ജനകീയ പ്രതികരണവുമെല്ലാം തന്റെ ശബ്ദത്തിൽ ഒതുക്കി അവതരിപ്പിച്ച ഈ വിപ്ലവഗായിക, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്ക കാലത്ത് സാമൂഹിക ഉണർവ്വിന്റെ ശബ്ദമായിരുന്നവളാണ്. കമ്യൂണിസ്റ്റ് പ്രചാരണങ്ങളിലേക്കും ജാതിമതഭേദമന്യേ എല്ലാവർക്കും കരുത്തുപകർന്ന കലാപരിപാടികളിൽ മേദിനിയുടെ ശബ്ദം അതിന്റെ ആത്മാവായിരുന്നു .അതിനാൽ, കേരളീയ സംഗീതരാഷ്ട്രീയ ചരിത്രത്തിൽ അവരുടെ പേര് എല്ലായ്പ്പോഴും ഉച്ചത്തിൽ പറയപ്പെടും.
മലയാള സംഗീതം, ജാസി ഗിഫ്റ്റ് മുതൽ പുതിയ തലമുറിയിലെ സ്വതന്ത്ര സംഗീതജ്ഞർ വരെ എത്തി നിൽക്കുമ്പോൾ എങ്ങനെ കാലക്രമേണ രാജ്യം, മതം, ജാതി, സ്ത്രീജനത എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നുവെന്നത് വ്യക്തമാണ്. ജാസിഗിഫ്റ്റിൻ്റെ സംഗീതം പുതിയ ശബ്ദഭാവത്തോടെ റാപ്പ്, ആർ & ബി, ഹിപ്-ഹോപ്പ് തുടങ്ങിയ ശൈലികളെ മലയാള സിനിമാസംഗീതത്തിൽ എത്തിച്ചതായി വിലയിരുത്താം.
സ്വാതന്ത്ര്യ സംഗീതത്തിലേക്ക് എന്നെ പ്രചോദിപ്പിച്ച ചില നിമിഷങ്ങൾ കുറിക്കാതെ ഇത് പൂർത്തിയാവില്ല. 13 AD, Avial, Motherjane, Karnatrix, Down Troddence എന്നിങ്ങനെയുള്ള കേരളത്തിൽ നിന്നുണ്ടായി ലോകം മുഴുവൻ ആരാധകരുള്ള ബാൻഡുകളും മറ്റുസ്വതന്ത്ര സംഗീതപ്രവർത്തകരും അവരുടെ സംഗീതവുമാണ് എന്നെ ഇന്നത്തെ ഒരു ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റായി മാറാൻ പ്രചോദിപ്പിച്ചത്. വ്യവസ്ഥയെ ചോദ്യം ചെയ്യുക, അടിച്ചമർത്തലിനെ എതിർക്കുക, സ്വന്തം ശബ്ദം കണ്ടെത്തുക, സംഗീതം എങ്ങനെയാണ് സമരശബ്ദമാകുകയെന്ന് മനസ്സിലാക്കുക, ഇതൊക്കെ വ്യക്തമാക്കിയിട്ടുള്ളവരാണ് മുകളിൽ പറഞ്ഞ ഓരോരുത്തരും. സ്വതന്ത്രമായിരിക്കാനുള്ളഇച്ഛയും, അതിനുള്ള സംഗീതപ്രണയവും എന്നിൽ രൂപപ്പെടുത്തിയത് ഇവരുടേതായ സംഗീത യാത്രകളാണ്. അതിനാൽ, ഞാനെന്ന ഗായിക രൂപപ്പെടുന്നതിൽ അവർ ഓരോരുത്തരും ഗുരുക്കന്മാരാണ്.
ഇങ്ങനെ മലയാള ഗാനശാഖയുടെ വിവിധങ്ങളായ വഴിത്താരകളെ മുഴുവനായിനോക്കിയാൽ കേരളത്തിലെ സംഗീതമെന്നത് ഒരു വിനോദോപാധി മാത്രമല്ലെന്നും കാലാനുസൃതമായ രാഷ്ട്രീയവും സാമൂഹികവും ആന്തരികവുമായ ബോധങ്ങളും തുറന്നു പറയുന്നതിനുള്ള ശക്തമായ ഒരു ആയുധം കൂടിയാണ് എന്ന് മനസ്സിലാക്കാം .
നാടകഗാനങ്ങളുടെ സാമൂഹിക ഉണർവിൽ നിന്നുള്ള ആരംഭം, ജാസി ഗിഫ്റ്റിന്റെനഗരമാറ്റ ശബ്ദം, ഗൗരിലക്ഷമി, പുഷ്പവതി,സമീർ ബിൻസി, ഊരാളി, ഡബ്സി, വേടൻ മുതാലായ ഒത്തിരി പേരുടെ ആധുനിക പ്രതികരണങ്ങൾ — ലോകമാകെയുള്ള ഇത്തരം കലാകാരൻമാരുടെ കൂട്ടത്തിൽ എല്ലാത്തിൽനിന്നും ഉൾക്കൊണ്ട ഉർജ്ജത്താൽ എന്നാൽ കഴിയുന്ന വിധം ഞാനും .
നിങ്ങളുടെ ശബ്ദം കണ്ടെത്താൻ, അതിനൊപ്പം നിലകൊള്ളാൻ, അതിലൂടെ മറ്റുള്ളവരോട് സംസാരിക്കാൻ ഈ സംഗീതസംസ്‌കാരം നമ്മെ പഠിപ്പിക്കുന്നു അതിനാൽ, ഈ യാത്ര ഒറ്റയാളുടേതല്ല — ഓരോ ശബ്ദവും, ഓരോ ഗാനവും, ഓരോ വായനക്കാരനുമാണ് ഈ സംഗീതത്തിന്റെ സഹയാത്രികൻ. പാട്ട് തുടരുകയാണ്… ഹംദേഖേംഗ്ഗേ..

