Home / ലിറ്ററേച്ചര്‍  / കഥ  / ഉറുമ്പിനെ സ്വപ്നം കണ്ട ആ രാത്രി

ഉറുമ്പിനെ സ്വപ്നം കണ്ട ആ രാത്രി

യാഷേൽ ഉരുവച്ചാൽ എഴുതിയ ഉറുമ്പിനെ സ്വപ്നം കണ്ട ആ രാത്രി എന്ന കഥ

റുമ്പുകൾ വരി വരിയായി പോകുന്നത് കണ്ട നിമിഷം ജാനറ്റ്‌ അവയ്ക്ക് കുറുകെ ഒരു രേഖ കൈ കൊണ്ട് വരച്ചു. വരി തെറ്റിയ ഉറുമ്പുകൾ വഴി തെറ്റി അങ്ങിങ്ങായി പാഞ്ഞു.

നിനക്ക് വല്ല കാര്യം ഉണ്ടോ ജോസഫ് പിറു പിറുത്തു. ഇപ്പോഴും കുട്ടി ആണെന്ന വിചാരം. അടുത്ത കൊല്ലം കല്യാണം കഴിച്ചു അയക്കേണ്ടതാ..

ജാനറ്റ് കല്യാണം എന്ന് കേട്ടതും ഉറുമ്പുകളെ വിട്ട് തന്റെ പഠിക്കുന്ന ടേബിളിന്റെ അടുത്ത് കസേര വലിച്ചിട്ടു സ്വയം പറഞ്ഞു “എനിക്ക് പഠിക്കണം’

“പഠിക്കണ്ട എന്ന് ആരു പറഞ്ഞു കല്യാണം കഴിഞ്ഞാലും പഠിക്കാലോ?’ ഇതുവരെ മിണ്ടാതെ നിന്ന അമ്മ വായ അനക്കാൻ തുടങ്ങി .

എന്തിനാണ് താൻ കല്യാണത്തെ ഇത്ര പേടിക്കുന്നത്, പഠിക്കുക എന്നത് മുട്ടൻ ന്യായം ആണെന്ന് എല്ലാവർക്കും മനസിലാക്കാൻ തുടങ്ങി, ഇനി പുതിയത് എന്തെങ്കിലും കണ്ടു പിടിക്കണം.

ജാനറ്റ് അതിനു മറുപടി കൊടുക്കാതെ വായയും മനസ്സ് കൊണ്ട് ചെവിയും പൊത്തിപ്പിടിച്ചു ഫോണിൽ നോക്കി ഇരുപ്പായി .അമ്മയ്ക്ക് സ്മാർട്ട് ഫോൺ ഇല്ലാത്തതു കൊണ്ട് അമ്മയുടെ പത്താം ക്ലാസ് വാട്സാപ്പ് ഗ്രൂപ് തന്റെ ഫോണിൽ ആണ് ഉള്ളത്, ബോറടിക്കുമ്പോൾ അത് വായിച്ചു ചിരിക്കാൻ നല്ല സുഖം ആണ്, ചെവിയും വായയതും പൂട്ടി അവൾ അത് വായിക്കാൻ തുടങ്ങി .

ഇപ്പോൾ അതിൽ അന്നത്തെ അധ്യാപകരുടെ ഇരട്ടപ്പേരുകൾ പറഞ്ഞുള്ള ചർച്ച നടക്കുകയാണ് ,അന്നത്തെ ഓരോ പേരുകൾ. രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുന്നതും കൂടി ആയിരുന്നു.

“ചായ കിട്ടൻ” അത് ഒരു മാഷുടെ ഇരട്ട പേരായിരുന്നു .ശരിക്കും പേര് ടി കൃഷ്ണൻ , ആരാണ് ഈ ഇരട്ട പേര് ഇട്ടതെന്നോ എപ്പോഴാണ് ഇട്ടതെന്നോ ആർക്കും അറിയില്ല ,പക്ഷെ ആ പേര് ഇട്ടവനെ സമ്മതിക്കണം -ഗ്രൂപ്പിലെ സനീഷ് പറഞ്ഞു .

അതിലും മികച്ചത് പദ്മവാതി ടീച്ചറെ ‘പപ്പാതി ‘ എന്ന് വിളിച്ച ഭാഷ സൗന്ദര്യം ആണെന് സന്ധ്യ വിളിച്ചു പറഞ്ഞു.

“എടീ സന്ധ്യേ നീയും ഇപ്പോൾ ടീച്ചർ ആയെന്നു ഓർക്കണം ” ജോമോൾ വിളിച്ചു പറഞ്ഞു.

ഡി ജോമോളെ നീ ആയിരുന്നല്ലോ ക്ലാസ്സിൽ ഫസ്റ്റ് എന്നിട്ടും നീ ഒരു വീട്ടമ്മ ആയി ഒതുങ്ങി കഴിയുന്നു.

“എടി സന്ധ്യേ, ഞാൻ വീട്ടമ്മയിലും ഫസ്റ്റ് ആണ് ഡി…”

“ഹോ നിന്നെ സമ്മതിക്കണം ഒരു മാറ്റവും ഇല്ല.”

ഒരുപാട് മെസ്സേജ് വരുന്നുണ്ട് എല്ലാം കൂടി കേൾക്കാൻ വയ്യ. അമ്മയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ? ക്ലാസ്സിൽ മനോരമ എന്ന ഒരു കുട്ടി ഉണ്ടായിരുന്നല്ലോ അവൾ ഇപ്പോൾ എവിടെയാ.

“നമ്മുടെ വീക്കിലി അല്ലെ?.”

അമ്മയുടെ ഇരട്ട പേര് പിടികിട്ടി.

അമ്മയെ കുറിച്ച് ഒരു ചേട്ടൻ ചോദിക്കുന്നു. ആ ഡി പി സൂം ചെയ്ത് നോക്കി. അതിൽ അയാളുടെ ചെറിയ മോളുടെ ഫോട്ടോ ആണ്.പേരിന്റെ സ്ഥാനത്ത് ഡയിഞ്ചർ   എന്നാണ് രേഖപെടുത്തിയത്. മോളുടെ മുഖത്ത് നോക്കി ആ പേര് വിളിക്കാൻ പറ്റുന്നില്ലതാനും.

സ്കെൽട്ടൻ എന്ന പേര് ലാബിൽ കിടക്കുന്ന അസ്ഥികൂടം കണ്ട് “മാഷേ…”എന്ന് ഏതോ തല തെറിച്ചവൻ വിളിച്ചത് തല മുറ കൈ മാറി കൈ മാറി പെൻഷൻ ആകുന്ന വരെ ആളുകൾ മാറി മാറി വിളിച്ചു പൊന്നു.

‘എടീ ഫോൺ ഇങ്ങു താ എന്റെ ഗ്രൂപ്പ്‌ ഞാൻ ഒന്ന് നോക്കട്ടെ “അമ്മ ഫോൺ പിടിച്ചു വാങ്ങി.

ഉറുമ്പുകൾ എല്ലാം പെട്ടന്ന് അപ്രത്യക്ഷർ ആയി കഴിഞ്ഞിരുന്നു. അവ അവയുടെ മാളത്തിൽ പോയി ഒളിച്ചിട്ടുണ്ടാകും.

ഈ സമയം ജിൻസി വിളിക്കുമോ എന്ന് അവൾ ഭയന്നു. അമ്മയുടെ കയ്യിൽ ആണ് ഫോൺ ഉള്ളത്. ഇല്ല തന്റെ സിഗ്നൽ ഇല്ലാതെ അവൾ ഒരിക്കലും മെസേജോ കാളോ ചെയ്യില്ല.അതാണ് അഗ്രിമെന്റ്.പ്ലസ് വൺ ഹോസ്റ്റലിൽ പഠിക്കുമ്പോൾ ആണ് ,അവർ പ്രണയിതാരകുന്നത് ,ഇപ്പോൾ അവർക്ക് ഇരുവർക്കും പിരിയാൻ കഴിയുന്നില്ല .

പച്ച ലൈറ്റ് ഒരു സിഗ്നൽ അല്ലെന്നും, തന്റെ കോഡ് വരാതെ ഒരു മെസ്സേജ് പോലും അയക്കരുതെന്ന ഉറപ്പിനു ഒരു കോട്ടവും ഇതുവരെ സംഭവിച്ചിട്ടില്ല.Ant watsapp

അമ്മ ആ ഗ്രൂപ്പിൽ മാത്രമേ കയറൂ, എന്നിട്ട് പലതും കേട്ട് ഊറി ഊറി ചിരിക്കും

എന്നാലും ഒരു പേടി ഉണ്ട്, അറ്റംബോംബ് കൈമാറിയ ആധി.അതുകൊണ്ട് തന്നെ അവൾ ഇടത് കണ്ണും വലത് കണ്ണും മാറി മാറി അമ്മയുടെ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു.

ഗ്രൂപ്പിൽ മെസേജ് വരുന്നതിനു നോട്ടിഫിക്കേഷൻ സൗണ്ട് കൊടുത്തിരുന്നില്ല.അതിനിടയിൽ ഒരു മെസേജ് വന്ന സൗണ്ട് കേട്ടു.

“ഇതാരാ ഈ സമയത്തു മെസേജ് അയക്കാൻ?”

ഉറുമ്പുകൾ ഉറങ്ങി, റാണി ഈച്ചകൾ കൂർക്കം വലിച്ചു, പട്ടികൾ മാത്രം പുറത്ത് കാവൽ ചുറ്റുന്നു. എന്നിട്ടും മൊബൈലിൽ എങ്ങനെ മണി അടിഞ്ഞു.

അവൾ കഴുത്തു വലിച്ചു നോക്കി അമ്മ ഹെഡ്സെറ്റ് കുത്തി ഓരോ വോയിസ്‌ മെസ്സേജും കേട്ട് കൊണ്ടിരിക്കുന്നു.ഇന്ന് എനിക്ക് മൊബൈൽ കിട്ടാൻ സാധ്യത ഇല്ല, കാരണം അറുന്നൂറിനു മുകളിൽ കാണും ഇന്നത്തെ മെസേജുകൾ, അത് മൊത്തം അമ്മ കേൾക്കുമ്പോഴേക്കും പാതിരാ കഴിയും.

അച്ഛൻ ന്യൂസ്‌ വെച്ച് കാണുന്നു. ഒരുവേള ആ ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആകാൻ തോന്നിയതാണ് ജനറ്റിനു പക്ഷെ അമ്മയ്ക്ക് ആകെ ഒരു ആശ്വാസം ആ ഗ്രൂപ്പ്‌ മാത്രമേ ഉള്ളൂ എന്നറിയാവുന്നത് കൊണ്ട്, ആ ചിന്ത മാറ്റി വെച്ചു.

“അമ്മേ എനിക്ക് അലാറം വെക്കാൻ ഫോൺ വേണം “

“അലാറം നാളെ അടിഞ്ഞോളും പോയി കിടന്നു ഉറങ്ങെടി”

ഇന്ന് ഇനി രക്ഷയില്ല. പോയി കിടക്കുക തന്നെ .ജാനറ്റ് പുറകിൽ നിന്നും വായ കൊണ്ട് ഗോഷ്ഠി കാണിച്ചു തിരിഞ്ഞു നടന്നു.

.’അമ്മ അമ്മയുടെ ലോകത്തു ,അച്ഛൻ ഞാനൊന്നുമറിയില്ലേ രാമനാരായണ എന്നും പറഞ്ഞു കട്ടിലിൻ നേരത്തെ കിടപ്പായി ,ജാനറ്റ് അവളുടെ റൂമിലേക്ക് പോയി , ഫോൺ അടുത്തില്ലാത്തത് കൊണ്ട് അവൾക്ക് എന്തോപോലെ ,ഒന്നും ഇല്ലെങ്കിലും ഇടക്ക് ഒന്ന് തൊട്ട് നോക്കിയാലേ ഉറക്കം വരൂ ,ഫോണില്ലാതെ ലോകത്തെ കുറിച്ചൊന്നും അവൾ ചിന്തിച്ചില്ല, ഇപ്പോൾ അവൾ ആലോചിച്ചത് ഫോൺ ഇല്ലാത്ത റൂമിനെ കുറിച്ചാണ് .തന്റെ പ്രണയത്തിന്റെ രഹസ്യ പൂട്ട് ആണ് ആ മൊബൈൽ .

തലയണ തന്റെ മുഖത്തിന് അഭിമുഖമായി വെച്ച് അവൾ കിടപ്പായി

.തലയണ ജിൻസി ആയി മാറി , ഹോസ്റ്റലിൽ നിന്ന്നും അവർ ഇരുവരും ഒരു കട്ടിലിൽ കിടന്ന ഓർമ്മകൾ റൂമിലേക്ക് ഓടി വരാൻ തുടങ്ങി ,പെട്ടെന്ന് അവൾ വീണ്ടും മൊബൈൽ ഫോൺ തപ്പാൻ തുടങ്ങി ,ഓ അത് അമ്മയുടെ അടുത്ത് ആണല്ലോ എന്നവൾ മനസ്സിൽ പറഞ്ഞു ,തലയണ മാറോട് ചേർത്ത് അമർത്താൻ തുടങ്ങി .പെട്ടെന്ന് റൂമിൽ കട്ടിലിനു ചുറ്റും ഉറുമ്പിൻ കൂട്ടങ്ങൾ വന്നു ഒരു ലക്ഷ്മണ രേഖ എന്നോണം നിന്നു . അവൾ ടേബിൾ ലാമ്പ് ഊരിയെടുത്തു അവയുടെ മുഖത്ത് അടിക്കാൻ തുടങ്ങി

എല്ലാത്തിനും കൂർത്ത കൊമ്പുകൾ ഉണ്ട് , പുറകുവശം പൊന്തിയ ആ ഉറുമ്പുകൾ ആഫിക്കയിൽ നിന്നും വന്നതാണെന്ന് തോന്നിപ്പോയി , അമ്മയുടെ റൂമിൽ പോയി മൊബൈൽ ഫോൺ എടുത്താലോ അവൾ അടുത്തുള്ള ടോർച്ചു ലൈറ്റ് തെളിയിച്ചു ,

ഭടന്മാരെ പോലെ വരി വരി ആയി അവർ അങ്ങനെ കാവൽ നിൽക്കുകയാണ് .എങ്ങനെ ആ രേഖ കടന്നു അമ്മയുടെ മുറിയിൽ എത്തും ?ചാടി കടന്നാലോ , അവ അങ്ങനെ മേലോട്ട് നോക്കി നിൽക്കുന്നത് കാണാൻ നല്ല രസം ആയിരിക്കും , പക്ഷെ ചാടി കടക്കാൻ നോക്കുമ്പോൾ കാല് പൊന്തുന്നില്ല .ഉറുമ്പുകളുടെ ചങ്ങല കൊണ്ട് കാൽ കെട്ടിയിട്ട പോലെ .

ഈ ഉറുമ്പിൻ കൂട്ടത്തെയും ബോധ്യപ്പെടുത്തി അമ്മയുടെ റൂമിൽ എന്തി , അവിടെനിന്നും ഫോൺ എടുത്തു തന്റെ ലെസ്ബിയൻ പങ്കാളിയെ വിളിച്ചു ,എന്നിട്ട് തന്റെ അച്ഛനും അമ്മയെയും ബോധ്യപ്പെടുത്തി തീരുമ്പോഴക്കും ഒരു യുഗം അവസാനിച്ചിട്ടുണ്ടാകും ,ജാനറ്റ് തന്റെ തലയണ അമർത്തി കരഞ്ഞു .

ഉറുമ്പുകളുടെ ഭടന്മാർക്ക് ഇടയിലൂടെ രാജാവും രഞ്ജിയും പ്രവേശിച്ചു, ഉറുമ്പ് ഭാടന്മാർ അവർക്ക് രാജപാത ഒരുക്കി. മുറിയിൽ , രാജാവിന് അപ്പന്റെ മുഖവും ,രഞ്ജിക്ക് അമ്മയുടെ മുഖവും ആയിരുന്നു .കയ്യിൽ വാളിന് പകരം തന്റെ ഫോൺ .ജിൻസി  സിഗ്നൽ തെറ്റിച്ചുവോ ?കയ്യോടെ പിടിക്കപെട്ടുവോ ?അറിയില്ല , അവൾ സ്വയം കാരാഗ്രഹത്തിലേക്ക് നടന്നു നീങ്ങി .

Author Photo
യാഷേൽ ഉരുവച്ചാൽ

എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT