ബെറ്റർ ഹാഫ്, ബെറ്റർ ഹാഫ്
രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുന്ന ദമ്പതികളാണ് ഡോ. പി. സരിനും ഡോ. സൗമ്യ സരിനും. വിജ്ഞാന കേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറാണ് സരിൻ ഇപ്പോൾ. ഷാർജയിൽ പീഡിയാട്രീഷ്യനും സോഷ്യൽ മീഡിയ കോണ്ടന്റ് ക്രിയേറ്ററുമാണ് സൗമ്യ. രാഷ്ട്രീയത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രയോരിറ്റികളെക്കുറിച്ചും അവർ സംസാരിക്കുന്നു
ഓണമാണല്ലോ… എന്താണ് നിങ്ങളുടെ ഓണപ്പതിവ്? ഇത്തവണത്തെ ഓണത്തിന് എന്താണ് പ്ലാൻ?
സൗമ്യ: ഞങ്ങളുടെ കല്ല്യാണം കഴിയുന്നത് 2009ലാണ്. മോളുണ്ടാവുന്നത് 2012ലും. തിരുവോണത്തിനാണ് അവൾ ജനിച്ചത്. അതുകൊണ്ടുതന്നെ അന്നുമുതലുള്ള എല്ലാ ഓണങ്ങളും ഓണത്തേക്കാളുപരി അവളുടെ പിറന്നാളാണ്. ഓണത്തിന് ഒരിക്കലും ഞങ്ങൾ വിട്ടുനിൽക്കാറില്ല. ഉത്രാടവും ഓണവും ഒരുമിച്ചുണ്ടാവുക, ഒരുമിച്ച് സദ്യ കഴിക്കുക എന്നത് കൂടാതെ ഒരു പതിവ് കൂടിയുണ്ട്. ഒരു ഓണം ഫോട്ടോഷൂട്ട്. സരിൻ എന്ത് തിരക്കെന്ന് പറഞ്ഞാലും ആ ഫോട്ടോ ഷൂട്ടിൽ നിന്ന് വിട്ടുനിൽക്കാൻ സമ്മതിക്കാറില്ല.
സരിൻ: ഓരോ ഓണത്തിനും ഓരോ നിറങ്ങളാണ്. സൗമ്യ പറഞ്ഞ ഫോട്ടോഷൂട്ട് ഓരോ കളർ തീമിലാണ്. കളറും കാര്യങ്ങളുമൊക്കെ തീരുമാനിക്കുന്നത് സൗമ്യ തന്നെയാണ്. ഞാനും പാപ്പുവും അതിന് നിന്നുകൊടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. സൗമ്യയ്ക്ക് നിർബന്ധമാണ് എവിടെയാണെങ്കിലും ഓണത്തിന് ഒരുമിച്ചുണ്ടാവുക എന്നത്. ഒരുമിച്ചുള്ള ഓണമാണ് പതിവ്. ഇത്തവണയും അങ്ങനെ തന്നെയാണ്.
വളരെ തിരക്കുള്ള രണ്ട് പേരാണ് സരിനും സൗമ്യയും. വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്? എങ്ങനെയാണ് അത് മാനേജ് ചെയ്യുന്നത്? എല്ലാവരും ഒന്നിച്ചുള്ള ക്വാളിറ്റി ടൈം കിട്ടാറുണ്ടോ?
സരിൻ: തിരക്കുള്ള രണ്ടുപേർ എന്നല്ല ഞാൻ അതിനെ കാണുന്നത്. നമ്മുടെ സമയത്തിനെ മറ്റുള്ളവർക്കു വേണ്ടി വിനിയോഗിക്കാനുള്ള സന്നദ്ധതയാണ് എന്റെ ഭാഗത്ത്. സൗമ്യയുടെ കാര്യമാണെങ്കിലും അങ്ങനെയാണ്. ലൈഫിനെ മറ്റു കാര്യങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. വർക്ക് എന്ന് പറയുന്നത് ഞങ്ങൾ ആസ്വദിച്ച് ചെയ്യുന്നതാണ്. അതൊരു ഭാരമായിട്ട് അനുഭവപ്പെടുന്നില്ല. അതിൽ കുടുംബവുമായി ബന്ധപ്പെട്ട ആ ഒരു സമയം, എന്റെ കാര്യത്തിൽ അത് കണ്ടെത്തപ്പെടുന്നത് സത്യം പറഞ്ഞാൽ ചില നിർബന്ധങ്ങളിലൂടെ മാത്രമാണ്. ഞാനായിട്ട് ഇടുന്ന എഫോട്ട് അതിൽ കുറവാണ് എന്നത് മനസിലാക്കുന്നു. അത് നികത്താൻ ശ്രമിക്കാറുണ്ട് എല്ലായ്‌പ്പോഴും. പിന്നെ ക്വാളിറ്റി സമയം യാത്രകളിലാണ് ഉണ്ടാവാറുള്ളത്. മോളുമായി ബന്ധപ്പെട്ട ക്വാളിറ്റി സമയത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവാറുണ്ട്. ഒരു 15-20 മിനിറ്റ് എല്ലാ ദിവസവും വിളിക്കാൻ മാറ്റി വെക്കും. അതുതന്നെ പലപ്പോഴും ഞാൻ തെറ്റിക്കാറുണ്ട്. എന്നാൽ പോലും വലിയ പരിഭവമില്ലാതെ സൗമ്യ അത് ഓടിക്കാറുണ്ട് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാപ്പുവിന്റെ കാര്യമാണെങ്കിൽ, അവൾക്ക് വലിയ നിർബന്ധങ്ങളില്ല. പക്ഷേ ഉള്ള സമയങ്ങളിൽ അവളെ കേൾക്കുക എന്നുള്ളതും അവളെ അറിയാൻ ശ്രമിക്കുക എന്നുള്ളതും പ്രധാനമാണ്.
സൗമ്യ: ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ ഒരുമിച്ചുണ്ടാവുന്ന സമയം ഞങ്ങൾക്ക് പ്രയോറിറ്റി തന്നെയാണ്. പക്ഷേ കുടുംബമാണെല്ലാം, അല്ലെങ്കിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എല്ലാം എന്ന് പറഞ്ഞിരിക്കുന്ന ഒരാളല്ല ഞാൻ. ഒരോ വ്യക്തിക്കും സ്വന്തമായിട്ടുള്ള ‘മീ ടൈം’ ഉണ്ട്, നമുക്കൊരു പ്രഫഷണൽ ലൈഫ് ഉണ്ട്, സോഷ്യൽ ലൈഫ് ഉണ്ട്, ഫ്രണ്ട്‌സ് സർക്കിളുകളുണ്ട്. ഓരോന്നിനും കൃത്യമായ സ്ഥാനങ്ങളും പ്രയോറിറ്റികളും ഞാൻ കൽപ്പിച്ചിട്ടുണ്ട്. അതിനുവേണ്ട സമയം ഞാൻ കൊടുക്കാറുണ്ട്. ഒന്നിൽ മാത്രമായിട്ട് കുടുങ്ങിപ്പോകരുത് എന്ന നിർബന്ധബുദ്ധിയെനിക്കുണ്ട്. ഇതിനെ ജനറലൈസ് ചെയ്യാൻ സാധിക്കില്ല. ഞാനിതു പറയുമ്പോൾ വേറൊരു സ്ത്രീക്ക് ചിലപ്പോൾ സ്വന്തം കുടുംബത്തോടൊപ്പം നിൽക്കുന്നത് ആയിരിക്കും ഏറ്റവും ഇഷ്ടം. ഓരോ വ്യക്തിക്കും വ്യത്യസ്ത താൽപര്യമാണ്.
ഞങ്ങൾ ഒന്നിച്ചുണ്ടാവുമ്പോൾ അത് പരമാവധി മെമ്മറബിൾ ആക്കാൻ ശ്രമിക്കാറുണ്ട്. ആ സമയത്ത് പരമാവധി മറ്റുള്ള കാര്യങ്ങൾ ഒഴിവാക്കാറുണ്ട് – മിക്കപ്പോഴും സരിന് അത് പറ്റാറില്ലെങ്കിലും. ആ സമയം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാൻ വേണ്ടി മാക്‌സിമം ശ്രമിക്കാറുണ്ട്.
കെ-ഡിസ്കിൽ സ്ട്രാറ്റജിക് അഡ്വൈസറാണ് സരിൻ ഇപ്പോൾ. വിജ്ഞാന കേരളം എന്നത് ഒരു പുതിയ ആശയമാണ്. അപ്പോൾ അതിന്റേതായ പ്രാരംഭ പ്രശ്നങ്ങൾ ഉണ്ടാവാം. എങ്ങനെ പോവുന്നു?
സരിൻ: വിജ്ഞാന കേരളം എന്ന് പറയുന്നത് ഭാവി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെയായിരിക്കണമെന്നും. തൊഴിൽ സാധ്യതകൾ എങ്ങനെ സൃഷ്ടിക്കപ്പെടണമെന്നുമുള്ള കാഴ്ചപ്പാടിന്റെ പേരാണ്. നോളജ് ഇക്കോണമിയിലേക്ക് കേരളത്തെ മാറ്റിയെടുക്കുന്നതിനായുള്ള ഒരു 20 വർഷ റോഡ് മാപ്പ് നമ്മുടെ മുന്നിലുണ്ട്. ലോകത്തിന്റെ ഒരു നോളജ് ഇക്കോണമി ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. മനുഷ്യ വിഭവശേഷിയുടെ വലിയ സാധ്യതകൾ കേരളത്തിലുണ്ട്. അതിനെ പുതുകാലത്തിന്റേതായ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെടുത്തുകയും അതിനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കുകയും സംരംഭങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക. അത്തരം തൊഴിൽ ഇടങ്ങളുടെ വലിയ ഒരു ഹബ്ബായി കേരളം മാറുകയും മലയാളിക്ക് അവന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ കഴിയുന്ന പറുദീസയായി കേരളം മാറുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടാണ് നോളജ് ഇക്കോണമി.
നോളജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലെടുക്കാനുള്ള അറിവാണ്. നോ ഹൗ എന്ന് പറയാം. നമ്മുടെ യുവതയെ ജോബ്-റെഡിയാക്കുക എന്നത് അതിൽ പ്രധാനമാണ്. ഇരുപത് വർഷത്തെ പ്ലാനിൽ ഇപ്പോൾ അടിയന്തിരമായി ചെയ്യേണ്ട കാര്യവും ഇതാണ്. മാറുന്ന തൊഴിൽ സാഹചര്യത്തിനനുസരിച്ച് മലയാളി യുവത്വത്തിന്റെ സ്കിൽ വികസിപ്പിക്കുകയും അതിനനുസരിച്ചുള്ള ഇൻഡസ്ട്രി പശ്ചാത്തലം ഇവിടെ ഒരുക്കുക പോലത്തെ കാര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ചില കാര്യങ്ങൾ തുടങ്ങി വെക്കുകയും പ്രായോഗിക തലത്തിൽ എന്തൊക്കെയാണ് വേണ്ടതെന്ന് പല ഡിപ്പാർട്ടുമെന്റുകളുമായി ആലോചിച്ചും കഴിഞ്ഞ ബജറ്റ് അലോക്കേഷനിലെ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ നടത്തിപ്പുമായും മുന്നോട്ടു പോവുകയാണിപ്പോൾ.
നിരന്തരം സൈബർ ആക്രമണം നേരിടുന്നയാളാണ് സൗമ്യ. അതും സൗമ്യ ഇടപെടാത്ത കാര്യങ്ങൾക്ക്. ഈ തിരക്കിനൊക്കെ ഇടയിലും ഇത്തരം സൈബർ ആക്രമണങ്ങളെക്കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നത് എത്രത്തോളം ബാധിക്കുന്നുണ്ട്? എന്താണ് സൈബർ ആക്രമണങ്ങളോടുള്ള നിലപാട്?
സൗമ്യ: സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങിയ കാലം മുതൽ തന്നെ എനിക്ക് സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഓരോ സമയത്തും ഓരോ വിഭാഗം ആളുകളിൽ നിന്നാണത്.
രാഷ്ട്രീയത്തിൽ നിങ്ങൾക്ക് അറിയാലോ, സരിൻ ഏത് ചേരിയിൽ നിൽക്കുമ്പോഴും എനിക്ക് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുമുണ്ട്. പക്ഷേ ഞാനെപ്പൊഴും സൈബർ ആക്രമണങ്ങളെ ഒരു ചേരിയിൽ പിടിച്ച് കെട്ടാൻ ആഗ്രഹിക്കുന്നില്ല. കാരണം സൈബർ അറ്റാക്ക് ചെയ്യുന്നയാളുകൾക്ക് അങ്ങനെ ഒരു ഐഡന്റിറ്റി നമ്മൾ കൊടുക്കരുത്. എല്ലാ സ്ഥലങ്ങളിലും നല്ല ആളുകളും ചീത്ത ആളുകളുമുണ്ട്. സൈബർ ബുള്ളിയിങ് ചെയ്യുന്നയാളുകൾക്ക് ഒരൊറ്റ നിറമേയുള്ളൂ, അല്ലെങ്കിൽ അവരെ ഒരൊറ്റ ജനുസ്സിലേ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കൂ. അതൊരു പാർട്ടിയോ പ്രത്യേക മതമോ പ്രത്യേക വിഭാഗമോ ഒന്നുമല്ല, എല്ലാ വിഭാഗങ്ങളിലും എല്ലാ ചേരികളിലും അവരുണ്ട്.
തുടക്കത്തിലൊക്കെ ബുദ്ധിമുട്ടായിരുന്നു. ഏതൊരു സ്ത്രീയേയും പോലെ എനിക്കുമത് വായിക്കുമ്പോൾ വിഷമം വരുമായിരുന്നു. ഇപ്പോൾ ഇതൊന്നും എന്റെ രോമത്തിൽ പോലും സ്പർശിക്കാറില്ല. സൈബർ ബുള്ളിയിങ് ചെയ്യുന്നയാളുകൾ ബേസിക്കലി ഭീരുക്കളാണ്. അങ്ങനെയുള്ള ആളുകളെ എല്ലാ രാഷ്ട്രീയ ചേരികളും എല്ലാ മതങ്ങളും ഏത് വിഭാഗങ്ങളും ഒറ്റപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.
സരിൻ മറ്റൊരു പാർടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ്. സ്വാഭാവികമായും അവിടെ നിന്നുള്ള സുഹൃത്തുക്കളും പരിചയക്കാരുമായിരിക്കും കൂടുതൽ. സരിന്റെ പാർടിമാറ്റം അത്തരം സൗഹൃദങ്ങളെയും ബന്ധങ്ങളെയും ബാധിച്ചിട്ടുണ്ടോ?
സരിൻ: മറ്റൊരു പാർടിയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വ്യക്തി എന്ന കാര്യം സാങ്കേതികമായി അംഗീകരിക്കാമെങ്കിലും, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും അത് തുടരുകയും ചെയ്യുന്ന വ്യക്തി എന്നാണ് ഞാൻ എന്നെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നത്. ആ കാഴ്ചപ്പാടിൽ മതേതരത്വ മൂല്യമാണെങ്കിലും ജനാധിപത്യബോധമാണെങ്കിലും അത് ബലികഴിക്കാനുള്ള സാധ്യതകളെ ഞാൻ ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. കോൺഗ്രസ് എന്നത് എന്റെ ചോയ്സ് ആയിരുന്നു. ഉദ്യോഗം രാജിവച്ച് ഇറങ്ങിയ സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ എങ്ങനെയാണ് ഒരു പൗരൻ എന്ന രീതിയിൽ ഇടപെടാൻ സാധിക്കുക എന്നുള്ളതിന്റെ ഒരു വിശാല ക്യാൻവാസ് കോൺഗ്രസിലുണ്ട് എന്ന വിശ്വാസമാണ് കോൺഗ്രസിലേക്ക് എന്നെ അടുപ്പിച്ചത്. എട്ടു വർഷത്തോളം അത്തരത്തിലുള്ള ഒരു ദൗത്യം നിറവേറ്റാനുള്ള ശ്രമം എന്റെ ഭാഗത്തുനിന്നു നടന്നു. ഈ രാജ്യം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രശ്നപരിഹാരത്തിലേക്കുള്ള ഒരു മാറ്റം കോൺഗ്രസിലുണ്ടായില്ല എന്നതിലാണ് ഞാൻ നിരാശനായത്. ആ നിരാശയുടെ കൾമിനേഷൻ പോയിന്റാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളെ അടിസ്ഥാനപ്പെടുത്തി ഇടതുപക്ഷ പ്രവർത്തകനായി മാറുക എന്ന തീരുമാനം. കഴിഞ്ഞ എട്ടുമാസമായി അടിമുടി സി.പി.ഐ.എം. എന്ന പാർടിയുടെ പ്രവർത്തകനാണ് ഞാൻ. എനിക്ക് അതിൽ വലിയ അഭിമാനമാണ് ഇപ്പോൾ തോന്നുന്നത്. എട്ടു വർഷത്തോളം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ബന്ധങ്ങളും വിട്ടുപോവുന്നതിന്റെ ആന്തരികമായ കോൺഫ്ലിക്ട് തീരുമാനം എടുക്കുന്ന സമയത്തുണ്ടായിരുന്നു. അതിനെ മറികടക്കാൻ കഴിഞ്ഞ എട്ടുമാസം കൊണ്ട് സമ്പാദിച്ച ബന്ധങ്ങളും സൗഹൃദങ്ങളും അതിലെ ആത്മാർഥതയും കൊണ്ട് സാധിക്കുന്നു.
സരിന്റെ പാർടി മാറ്റത്തെ സൗമ്യ എങ്ങനെയാണ് കാണുന്നത്? സ്വാർഥനാണെന്നും, അധികാരമോഹിയാണെന്നുമൊക്കെ വിമർശനങ്ങൾ വന്നിരുന്നു.
സൗമ്യ: സരിൻ ഇങ്ങനെയൊരു തീരുമാനം എടുത്ത സമയം ഒരു തെരഞ്ഞെടുപ്പ് സമയമായിരുന്നു. ആ സമയത്ത് ഏതൊരാളും സ്വാഭാവികമായി എത്തിപ്പെടുന്നൊരു കൺക്ലൂഷനാണ് അധികാര മോഹമെന്നത്. പക്ഷേ സരിനെ അറിയുന്ന ആളുകൾക്ക് കൃത്യമായിട്ടറിയാം ഇതൊന്നുമല്ല അതിന്റെ കാരണങ്ങൾ എന്നുള്ളത്. സരിനെ അടുത്തറിയുന്ന ആ പാർടിയിലുള്ളവർക്ക് പോലും അത് ബോധ്യമുണ്ട്.
2015 ൽ ജോലി ഉപേക്ഷിച്ച് വന്ന സമയത്ത് കോൺഗ്രസ് പാർട്ടി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലില്ല. അധികാരമായിരുന്നു സരിന്റെ ലക്ഷ്യമെങ്കിൽ ഒരിക്കലും കോൺഗ്രസ് പാർട്ടി ഒരു ഓപ്ഷൻ ആകുമായിരുന്നില്ലോ.
2021-ല്‍ ഒറ്റപ്പാലത്താണ് മത്സരിച്ചത്. സരിന്റെ വാശിയായിരുന്നു അത്. ഒറ്റപ്പാലം പോലെ കോൺഗ്രസിന് വിജയസാധ്യത വളരെ കുറവുള്ളൊരു ഇടതുകോട്ട മത്സരിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അധികാരമോഹമാണോ അതിന്റെ പുറകിലുള്ള ചേതോവികാരം? കോട്ടകൾ എന്ന് പറഞ്ഞ് ഒരു സ്ഥലത്തെയും എഴുതി തള്ളേണ്ടതില്ല. അത്തരം കോട്ടകളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച് കോട്ടകൾ പൊളിക്കാൻ സാധിക്കുന്നതാണ് രാഷ്ട്രീയപ്രവർത്തനം. പാർടിയെ കൂടുതലാളുകളിലേക്ക് എത്തിക്കാനാണ് എന്റെ ശ്രമം എന്നാണ് സരിൻ അതിനെക്കുറിച്ച് പറഞ്ഞത്.
സരിൻ ഇട്ടെറിഞ്ഞ പോന്ന ജോലിയും അത്യാവശ്യം നല്ല അധികാരമുള്ള ജോലിയായിരുന്നല്ലോ. സരിന്റെ കൂടെ 2009 ബാച്ചിൽ ഉണ്ടായിരുന്ന ഐ.എ.എസ് ബാച്ചിലുണ്ടായിരുന്ന ആളുകൾ ഇന്ന് എവിടെയാണ് ഇരിക്കുന്നത്, അവരുടെ പൊസിഷനൊക്കെ എന്താണ് എന്ന് അന്വേഷിച്ചാൽ മതിയാവും.
സരിൻ പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു സൗമ്യയുടെ പ്രതികരണം?
സൗമ്യ: സരിന്റെ രാഷ്ട്രീയ പ്രവേശനം പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നില്ല. ഞങ്ങൾ പരിചയപ്പെടുന്നത് 2003ലാണ്, എം.ബി.ബി.എസ് ചെയ്യുന്ന സമയത്ത്. സരിൻ നല്ലൊരു സുഹൃത്തായിരിക്കുന്ന സമയത്ത് തന്നെ സരിന് രാഷ്ട്രീയത്തെക്കുറിച്ച് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു. എം.ബി.ബി.എസ് കഴിഞ്ഞ് ഡോക്ടറായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും സിവിൽ സർവ്വീസ് എഴുതുമെന്നും സിവിൽ സർവ്വീസ് കിട്ടുമെന്നും അന്നുതന്നെ സരിന് നല്ല ആത്മവിശ്വാസമായിരുന്നു. സിവിൽ സർവ്വീസിൽ അഞ്ച് മുതൽ പത്തുവർഷം വരെ നിൽക്കുമായിരിക്കാം. ഉറപ്പൊന്നുമില്ല. പക്ഷേ അന്തിമ ലക്ഷ്യം പൊളിറ്റിക്‌സാണ്. എന്താവണമെന്ന് ചോദിച്ചു കഴിഞ്ഞാൽ എനിക്കൊരു രാഷ്ട്രീയ പ്രവർത്തകനാണ് ആകേണ്ടത് എന്ന ക്ലാരിറ്റി അന്നേ സരിന് ഉണ്ടായിരുന്നു.
അന്ന് ഞാൻ ഒരുപാട് ലോകവും ജീവിതവുമൊന്നും കണ്ടിട്ടില്ല. അന്നിതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനവും ഭയങ്കര എക്‌സൈറ്റ്‌മെന്റുമൊക്കെയായിരുന്നു. അങ്ങനെ തന്നെ മതിയെന്നും നമുക്ക് അതൊക്കെ ചെയ്യാമെന്നുമാണ് ഞാനന്ന് പ്രതികരിച്ചത്.
കുറച്ചു കഴിഞ്ഞ് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ആദ്യം സരിൻ കേരളത്തിന്റെ ഡി.എ.ജി ആയിട്ട് പോസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം ഞങ്ങൾ കർണാടകയിലേക്ക് മാറിയപ്പോഴേക്കും ഞാൻ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ കുറച്ചുകൂടി കാണാൻ തുടങ്ങി.
ആ സമയത്താണ് ഞങ്ങൾക്ക് മോളാവുന്നത്. എന്റെ പി.ജി. കഴിഞ്ഞ സമയമാണ്. ജോലിയൊന്നും ആയിട്ടില്ല. വേറെ സഹായത്തിന് ആരുമില്ല. ആ സമയത്താണ് സരിൻ ജോലി വിടുന്ന കാര്യം വീണ്ടും പറഞ്ഞു തുടങ്ങുന്നത്. അപ്പോഴേക്കും എന്റെ എക്‌സൈറ്റ്‌മെന്റൊക്കെ പോയിരുന്നു. ജീവിതമെന്ന് പറയുന്നത് എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
സരിൻ പെട്ടെന്ന് ജോലി വിട്ടാൽ എന്താവുമെന്നാണ് ഞാൻ ആലോചിച്ചത്. അത് ഞാൻ സരിനോട് പറയുകയും ചെയ്തു. പക്ഷേ എനിക്ക് ഉറപ്പായിരുന്നു സരിൻ ജോലി വിടുമെന്ന കാര്യം. സരിൻ ആ കാര്യത്തിൽ വളരെ അഡമെന്റായിരുന്നു.
അതുകൊണ്ട് ഞാൻ സരിനോട് പറഞ്ഞു. എനിക്ക് ഈ പി.ജി വച്ചിട്ട് നല്ലൊരു ജോലി കിട്ടില്ല. എനിക്കൊരു പി.ജി കൂടെ ചെയ്യണം. അതുവരെ കാത്തിരിക്കണമെന്ന് ഞാൻ പറഞ്ഞു. സരിൻ അത് സമ്മതിച്ചു. അങ്ങനെ ഞാൻ ബാംഗ്ലൂരിൽ ഡി.എൻ.ബിക്കു ജോയിൻ ചെയ്തു. ഡി.എൻ.ബി കഴിഞ്ഞ് എന്റെ പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ സരിൻ ജോലി രാജിവെച്ചു. എനിക്കൊരു ജോലി പോലും ആയിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചുവരുന്നു. എന്തായാലും രണ്ടും കൽപ്പിച്ച് ആ ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്നുള്ളൊരു തീരുമാനത്തിൽ തന്നെയാണ് ഞാൻ വന്നത്.
സരിനെ പല രീതിയിൽ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ഏതൊരു ഭാര്യയെയും പോലെ ഞാനും ശ്രമിച്ചിട്ടുണ്ട്. ഭർത്താവിന്റെ സാമ്പത്തിക സപ്പോർട്ടില്ലാതെ എനിക്ക് ഇതൊക്കെ ഒറ്റയ്ക്ക് താങ്ങാനാവുമോ എന്നും ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളെയും ഒക്കെ ഞാൻ ഭയപ്പെട്ടിരുന്നു. അച്ഛനനമ്മമാരോട് ഞാൻ എന്ത് പറയും? സമൂഹത്തോട് എന്ത് പറയും? സാമ്പത്തികമായിട്ട് നമുക്ക് എന്ത് സുരക്ഷിതത്വമുണ്ടാകും തുടങ്ങിയ പലപല ചോദ്യങ്ങൾ എന്നെ പൊതിഞ്ഞിരുന്നു.
പക്ഷേ കുറേക്കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇനി എനിക്ക് പിന്തിരിപ്പിക്കാനായാൽ തന്നെ സരിൻ ഒരിക്കലും മുന്നോട്ടുള്ള ജീവിതത്തിൽ ഹാപ്പിയാവില്ല. അത് എനിക്ക് ഫീൽ ചെയ്ത് തുടങ്ങി. സരിൻ റെസ്റ്റ് ലെസായി ചെയ്തിരുന്ന കാര്യങ്ങൾ നിർത്താൻ തുടങ്ങി. ധാരാളം വായിച്ചിരുന്ന സരിൻ അതെല്ലാം നിർത്തി. സരിൻ ഒരു ഹാപ്പിയല്ലാത്ത ലൈഫിലേക്ക് പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് രണ്ടും കൽപ്പിച്ച് സരിന്റെ ജോലിവിടാനുള്ള തീരുമാനത്തെ അനുകൂലിച്ചത്. ഒരിക്കലും അതൊരു എളുപ്പമായിട്ടുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഫൈനലി ഞങ്ങൾക്ക് അതിലേക്ക് എത്താൻ പറ്റി.
ഇത്രയും വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ എപ്പോഴെങ്കിലും പഴയ കരിയറിലേക്ക് തിരിച്ചു പോയാലോ എന്ന ആലോചനയിലേക്ക് പോയിരുന്നോ?
സരിൻ: ഒൻപത് വർഷത്തെ രാഷ്ട്രീയ ജീവിതമേ ഉള്ളൂ എങ്കിൽ പോലും ആ ഒൻപത് വർഷങ്ങൾ സംഭവബഹുലമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ഒൻപത് വർഷങ്ങളിലൂടെ നമ്മൾ രൂപപ്പെട്ടു കൊണ്ടിരിക്കുക കൂടിയാണല്ലോ. അതിനിടയിലൊരിക്കൽ പോലും ഈ പറഞ്ഞ പ്രൊഫഷനുകളിലേക്ക് തിരിച്ച് പോവണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ കൂടുതൽ ഭംഗിയായി ചെയ്യാവുന്ന വിധത്തിൽ നമ്മളെ തന്നെ പുതുക്കുക എന്നതിലാണ് എന്റെ ഇപ്പോഴത്തെ ശ്രദ്ധ.
പരസ്പരം നിങ്ങൾ ഏറ്റവും ബഹുമാനിക്കുന്ന ഒരു കാര്യം പറയാൻ പറഞ്ഞാൽ?
സരിൻ: ഇംഗ്ലീഷിൽ സാധാരണ ബെറ്റർ ഹാഫ് എന്നൊരു പ്രയോഗമുണ്ടല്ലോ. യഥാർഥത്തിൽ സൗമ്യ ബെറ്റർ ഹാഫ് തന്നെയാണ് എനിക്ക് എപ്പോഴും ആലങ്കാരിക അർഥത്തിൽ അല്ലാതെ തന്നെ തോന്നിയിട്ടുണ്ട്. കാരണം എന്നിലെ ഒരുപാട് പോരായ്മകളെ, പോരായ്മകളായി തന്നെ അംഗീകരിക്കാനുള്ള സൗമ്യയുടെ സന്നദ്ധത, അതിന് ചില്ലറ ധൈര്യമൊന്നും പോര. സൗമ്യ അതിനെ പോളിഷ് ചെയ്ത് എടുക്കാൻ ശ്രമിക്കാറില്ല. എന്റെ കുറവാണ് എന്ന് സൗമ്യയ്ക്ക് അറിയാം. അതിനി ഞാനായിട്ട് തന്നെ നികത്തണമെന്നില്ല, സൗമ്യയായിട്ട് പരിഹരിക്കാൻ പറ്റുന്നതിനെ സൗമ്യ അങ്ങ് നികത്തും. അതൊക്കെ കൃത്യമായി എന്നോട് പറയും, അതൊക്കെ ഞാൻ ശരിയാക്കണം എന്ന നിർബന്ധം സൗമ്യക്കില്ല. പക്ഷേ അത് അഡ്രസ് ചെയ്യപ്പെടണം എന്ന നിർബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റേതായ ആ ഒരു വ്യക്തത എനിക്ക് തന്നിരിക്കുന്ന സ്വാതന്ത്ര്യം ചില്ലറയൊന്നുമല്ല. ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് കൺവെൻഷനൽ അല്ലാത്ത ചില തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം എനിക്ക് കിട്ടുന്നത്.
സൗമ്യ: ഇന്നിപ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു ഫ്രീഡമുണ്ട്. പല സ്ത്രീകളും പറയാറില്ലേ, ‘എന്റെ ഭർത്താവ് എനിക്ക് നല്ല ഫ്രീഡം തരുന്നയാളാണെന്ന്’, ഞാൻ അങ്ങനെ പറയുകയല്ല. പക്ഷേ നമ്മുടെ ചുറ്റുമുള്ള സ്ത്രീകളിൽ നല്ലൊരു ശതമാനവും അങ്ങനെ കിട്ടുന്ന ഫ്രീഡത്തിൽ ജീവിക്കുന്നവർ തന്നെയാണ്. എനിക്കൊരിക്കലും ആ ഫ്രീഡം ചോദിച്ചുവാങ്ങേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, അത് സോഷ്യൽ മീഡിയയിൽ ആണെങ്കിലും എനിക്കിഷ്ടമുള്ള അഭിപ്രായങ്ങൾ ഞാൻ പറയാറുണ്ട്, എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഞാൻ യാത്രകൾ ചെയ്യാറുണ്ട്, എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ എഴുതാറുണ്ട്, എനിക്ക് ഇഷ്ടമുള്ള രീതിയിൽ ഞാൻ ജീവിക്കാറുണ്ട്. ഇതിനൊന്നും എനിക്ക് ഒരിക്കലും സരിന്റെ സമ്മതം ചോദിക്കേണ്ടി വന്നിട്ടില്ല. സത്യത്തിൽ അത് ചെറിയൊരു കാര്യമല്ല എന്നത് ഞാൻ മനസിലാക്കുന്നുണ്ട്. എന്നെക്കാൾ പഠിച്ച എന്നെക്കാൾ നല്ല ജോലിയിലിരിക്കുന്ന പല സ്ത്രീകളും അവരുടെ കുടുംബത്തിൽ വളരെ ബുദ്ധിമുട്ടി ഞെരുങ്ങി ഒരു വ്യക്തിത്വവുമില്ലാതെ ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ കാര്യത്തിൽ എനിക്ക് സരിനോട് നന്ദി ഒന്നും പറയേണ്ട കാര്യമില്ല. പക്ഷേ ഞാൻ സരിനിൽ അപ്രിഷ്യേറ്റ് ചെയ്യുന്ന കാര്യമാണ്.
