വാക്കിനും മൗനത്തിനുമിടയിൽ തലയുയർത്തി നിൽക്കുന്നു, ആ മഹാസാനു
അക്ഷരലോകത്തിലെ അപൂർവ പ്രതിഭ പ്രൊഫ. എം കെ സാനു ഓർമയായി. മലയാളത്തിന്റെ ധൈഷണിക ജീവിതത്തിൽ തലയുയർത്തി നിന്ന മഹത്തായൊരു കാലഘട്ടമാണ് അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായിരുന്നു എം കെ സാനു എന്ന മലയാളിയുടെ സ്വന്തം സാനു മാഷ്
വാക്കിന്റെ തെളിച്ചമായിരുന്നു പ്രൊഫ. എം കെ സാനു. അഗാധമായൊരു ജലാശയം അതിന്റെ തെളിച്ചത്താൽ അടിത്തട്ട് കാണിച്ചു തരുമ്പോലെ വാക്കുകളുടെ ആഴവും ആശയങ്ങളുടെ പ്രൗഢതയും നിറഞ്ഞതായിരുന്നു ആ ജീവിതം. ആ നീറ്റിലിറങ്ങി ഒരു കുമ്പിൾ ജലമെങ്കിലുമെടുക്കുകയോ അറിഞ്ഞോ അറിയാതെയോ അതിലൊന്ന് നനയുകയോ ചെയ്യാത്ത മലയാളിയില്ലെന്നു പറയാം, കേരളത്തിന്റെ സംസ്ക്കാരികതയും ചിന്താമണ്ഡലവും ആ ജീവിതവുമായി അത്രത്തോളം ആഴത്തിൽ കലർന്ന് കിടക്കുന്നു. നവോത്ഥാന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വെളിച്ചമായി വർത്തിച്ച ചിന്തകളുടെയും എഴുത്തുകളുടെയും,ഇടപെടലുകളുടെയും പ്രകാശം ബാക്കിയാക്കി ആ ജീവിതം മണ്മറഞ്ഞിരിക്കുന്നു.
എഴുത്തുകാരനായും ചിന്തകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും അധ്യാപകനായുമൊക്കെ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞു പ്രകാശിച്ച സാനുമാഷിന്റെ ചിന്തകളുടെ കാതൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളായിരുന്നു. നവോത്ഥാന ശില്പികളായ ശ്രീനാരായണ ഗുരുവിന്റെയും, സഹോദരൻ അയ്യപ്പന്റെയും, കുമാരനാശാന്റെയും ദർശനങ്ങളെ കുറിച്ച് അദ്ദേഹത്തിന് വളരെ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം ഏതു വിഷയത്തെക്കുറിച്ചായാലും അവയിലൊക്കെ ആ അറിവിന്റെ വെളിച്ചവും സാരവും കലർന്നിരുന്നതായി കാണാൻ കഴിയും.
സാഹിത്യ മണ്ഡലത്തിൽ എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി എന്നീ നിലകളിൽ വലിയ നേട്ടങ്ങളും ബഹുമതികളും നേടിയ സാനുമാഷിന്റെ ജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു അധ്യായമായിരുന്നു ജനപ്രതിനിധി എന്നത്. 1986-ല്‍ വൈലോപ്പിള്ളിയില്‍നിന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് 1987 ൽ അദ്ദേഹം എറണാകുളം നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ എറണാകുളത്ത് എ.എല്‍. ജേക്കബിനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിജയിക്കുകയും ചെയ്തു. എക്കാലവും അദ്ദേഹം ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇടതുപക്ഷ ചിന്തകൾ വാക്കുകളിലും പ്രഭാഷണങ്ങളിലും തെളിഞ്ഞു നിന്നു. അഗാധമായ മാനുഷികതയിലും കരുണയിലും സമഭാവനയിലും പുലർന്നതായിരുന്നു ആ ജീവിതം.
അധ്യാപക ജീവിതത്തിന്റെ വലിയൊരു പങ്ക് മഹാരാജാസ് കോളേജിൽ ചിലവഴിച്ച അദ്ദേഹം സമ്പന്നമായ ഒരു ശിഷ്യ സമൂഹവും ബ്രഹത്തായ സുഹൃദ് വലയവുമായി മരണം വരെയും സജീവമായിരുന്നു. കാഴ്ചശക്തി കുറഞ്ഞ ശേഷം ലെൻസു വച്ചായിരുന്നു വായന. ഒടുവിലെ യാത്രയ്ക്കായി പോകുമ്പോഴും മേശമേൽ എഴുതി പകുതിയിൽ നിർത്തിയ കടലാസ്സുതാളുണ്ടായിരുന്നു. മരണം വരെയും അവിശ്രമം എഴുതി, വായിച്ചു, സംസാരിച്ചു. അത്യപൂർവ്വമായ ഒരു ജീവിതത്തിന്റെ ഏറ്റവും അർത്ഥപൂർണ്ണമായ വിരാമം.
നാൽപ്പതോളം പുസ്തകങ്ങൾ, കേന്ദ്ര കേരള അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്‌ക്കാരം തുടങ്ങിയ ധാരാളം ബഹുമതികൾ, എണ്ണമറ്റ പ്രഭാഷണങ്ങൾ. എത്ര സാർത്ഥകമായിരുന്നു ആ മഹാമനീഷിയുടെ ജീവിതം ! വാക്കുകൾ ജീവശ്വാസമായിരുന്ന ഒരാൾ ഭൂമി വിട്ടു പോകുമ്പോൾ ഇവിടെ ബാക്കിയാകുന്നതും എണ്ണമറ്റ വാക്കുകളാണ്, പുസ്തകത്താളുകളിൽ നിറഞ്ഞവ, പ്രഭാഷണങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് വീണവ, വർത്തമാനങ്ങളിൽ നിന്ന് ഓർമയിൽ പതിഞ്ഞു പോയവ അങ്ങനെ നക്ഷത്രങ്ങൾ പോലെ വഴികാട്ടുന്ന, വെളിച്ചമാകുന്ന വാക്കുകൾ.
മരണത്തിന്റെ സാന്നിധ്യം കുട്ടിക്കാലം മുതൽ തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദൃശ്യമായി ഒപ്പം നടന്ന ആ മൃതി, നൂറോടടുക്കുന്ന പ്രായത്തിൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോൾ മരണത്തിന്റെ നിഴൽ വീഴാത്ത വജ്രതുല്യമായ ആ വാക്കുകളും പുസ്തകങ്ങളും അക്ഷരങ്ങളുള്ള കാലത്തോളം തലമുറകളെ ദീപ്തമാക്കും. നമ്മുടെ ഇത്തിരി വട്ടത്തിലിരുന്ന് നോക്കിയാൽ കാണാനാകാത്തത്രയും ഉയരമുണ്ടായിരുന്നു പ്രതിഭയുടെ ആ മഹാ സാനുവിന്. നെറുകയിൽ ജ്ഞാനത്തിന്റെ വെളിച്ചമുദിക്കുന്ന ആ പർവ്വത സമാന ജീവിതത്തിലേക്ക് നോക്കി ആദരവോടെ തലകുനിക്കുന്നു
