വാക്കും വഴക്കും
പി എസ് ബാനർജി പാട്ടുകാരനായിരുന്നു. പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ്
പി എസ് ബാനർജി പാട്ടുകാരനായിരുന്നു. പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ് — അങ്ങനെയൊരാൾ പി എസ് ബാനർജിയെ കവിതയിൽ കണ്ടെത്തുന്നതിൽ സവിശേഷമായൊരു സൗന്ദര്യയുക്തിയും ചരിത്രസൗന്ദര്യവും ഉണ്ട്.
സമകാലിക മലയാളം വാരികയിലാണ് കുരീപ്പുഴയുടെ കവിത വന്നിട്ടുള്ളത്: “ബാനർജിപ്പെരുമ’ എന്ന് പേര്. ഡ്രാഗൺ ഫ്രൂട്ട് എന്ന പുത്തൻ പഴത്തിലും ചീട്ടെടുക്കുന്ന തത്തയുടെ ചുണ്ടിലും വെറ്റിലമുറുക്കലിലും ചെങ്കരിക്കിലും കോവൽപ്പൂവിലും ബാനർജിപ്പാട്ടുണ്ട് എന്നതാണ് തുടക്കം. ചുവപ്പിന്റെ പല തരങ്ങളാണ് ഈ കാഴ്ചക്കൂട്ടത്തിലൊക്കെ കാണാവുന്നത് എന്ന് ഓർക്കുക. പി എസ് ബാനർജിയ്ക്ക് പുതുമയിലെന്നപോലെ നാട്ടുവഴക്കത്തിലും ഇടവും കരുതലും ഉണ്ട് എന്ന അറിയിപ്പാണ് ഈ തുടക്കശ്ശീല്. നാടത്തം എന്നതാണ് ബാനർജിയുടെ താത്ത്വികബാനർ. തന്റെ കേൾവിസമൂഹം പൊതുവെ എതിരില്ലാതെ സമ്മതിച്ചുപോരുന്ന നേരാണ് ഇത്. അതിനാൽ പല നാടൻ സന്ദർഭങ്ങൾ ആവാഹിച്ചു കൊണ്ടുവന്നിട്ട് കവി അവയിലൊക്കെ ബാനർജിയിടങ്ങൾ ഉണ്ടെന്ന് പാടിയറിയിക്കുന്നു. പുതുനാഗരികതയുടെ വണിക്ക്ശീലങ്ങൾക്ക് വഴങ്ങാത്ത മാനുഷികതയുടെയും പ്രകൃതിഭാവത്തിന്റെയും അണിയാണ് ഇത്.
പി എസ് ബാനർജി എന്ന പാട്ടുകാരന്റെ വേറിട്ട വാഴ് വിന് സൗന്ദര്യം കൊണ്ട് സാക്ഷ്യവും വ്യാഖ്യാനവും ഉണ്ടാക്കുകയാണ് ഇവിടെ കവിത. ബാനർജിപ്പാട്ടിലെ വാസ്തവികതയാണ് “പാട്ടിലെല്ലാം പച്ചമാംസം മണക്കുന്നുണ്ട് ‘ എന്ന വരിയായി തെളിയുന്നത്. എന്നാൽ വാസ്തവികത മാത്രമല്ല , ഏത് നല്ല സൗന്ദര്യപാഠവും കണക്കെ, ആ പാട്ട്. കിനാവും അമൂർത്തതയും ഊക്കും കനിവുമടക്കം നാനാഭാവങ്ങളുടെ മിശ്രസംഗീതക്കൂത്താണ് അത്. ഈ കാര്യം പ്രകൃതിയും മനുഷ്യരും അതിൽ ഇണങ്ങി നിൽപ്പുണ്ട്. ബോബ് മാർലി (1945- 1981) എന്ന, സ്വന്തം പാട്ടുവഴി വ്യവസ്ഥയോട് ഇണങ്ങാത്ത പല മാതിരി നാട്ടുവഴക്കങ്ങളിൽ നിന്നും കൈക്കൊള്ളുകയും വിടുതലിന്റെ ശബ്ദശക്തിയായി മാറുകയും ചെയ്ത കറുത്തപാട്ടുകാരൻ ഈ കവിതയുടെ ഒടുക്കത്തിൽ ഓർമ്മിക്കപ്പെടുന്നുണ്ട്. നല്ല അനുഷ്ഠാനം.
“”…… a political and cultural nexus, drawing inspiration from the邛hird World佧nd then giving voice to it the world over ” എന്നാണ് ബോബ് മാർലിയെ ഒരു മട്ടിൽ നിർവ്വചിക്കാറ്. കവിതയുടെ മട്ടിൽ, പാട്ടുപുഴ കൂടിയായ കുരീപ്പുഴ ശ്രീകുമാർ ഏഴ് തട്ടുകളുള്ള ഒരു കവിത കൊണ്ട് മലയാളിയും പടയാളിയുമായ പി എസ് ബാനർജിയെ നിർവ്വചി (ഹി ) ക്കുന്നു.
< >

സുകുമാരൻ ചാലിഗദ്ധ
പി എസ് ബാനർജിയോർമ്മപ്പാട്ടുകവിത വായിച്ചുകഴിഞ്ഞ നേരത്ത് എങ്ങനെയെയോ കയ്യിലെത്തിയത് യുവധാര മാസികയിലെ “എനിക്കും അപ്പനും മാത്രം അറിവുള്ളത്’ എന്ന കവിതയാണ് . ബാനർജിക്ക് പാടിയ റിയിക്കാൻ പറ്റിയ ഒന്നാണ് നാടത്തത്തിന്റെ നാടകീയത നിറഞ്ഞു പതഞ്ഞ ഈ കഷ്ടപ്പാട്ട്.
ജിതിഷ് ജീവാനന്ദിന്റെ ഈ കവിതയിൽ പ്രളയം എന്ന വാക്കുണ്ട്. പണ്ടേ മലയാളമായിത്തീർന്ന് ഉറച്ചുനിൽക്കുന്ന ആ ഒറ്റവാക്കൊഴിച്ചു നിർത്തിയാൽ ഒരു സംസ്കൃതവാക്കും ഈ കവിതയിൽ ഇല്ല. നാട്ടുവർത്തമാനത്തിന്റെ വാക്കുകൂട്ടം വഴി ഉണ്ടാവുന്ന ചന്തവും ശണ്ഠയുമാണ് ഈ കവിത. നാടത്തത്തെ വ്യവസ്ഥാനുകൂലമാക്കുന്ന ഭാഷാപരാധത്തിന് തയ്യാറല്ലാത്ത തരത്തിൽ “ഒരുങ്ങി നിൽക്കുന്ന “കവിതയാണ് ഇത്.
അയൽപക്കങ്ങളുടെ ആഖ്യാനം. ഇണക്കമില്ല, പിണക്കമാണ് ആ അയൽക്കാരുടെ മര്യാദ. സദാചാരമൊക്കെ തലചുറ്റി വീഴുന്ന തരത്തിൽ ജീവിതത്തിന്റെ വെറികൾ ഇവിടെ നിഴൽക്കൂത്താടുന്നു. ജീവിതം കവിതയിൽ ഇങ്ങനെ നിർവ്വചിക്കപ്പെടുകയാണ്. അഴുക്കും അഴകും അത്രമേൽ അകന്നവയൊന്നുമല്ല എന്ന അറിവാണ് ഇവിടെ അടിയുറപ്പായി മാറിയിരിക്കുന്നത്.
മാന്യവേദികൾ വ്യവസ്ഥയുടെ ചുമട്ടു പണിയേറ്റെടുത്തിരിക്കുന്നതിനാൽ ഒഴിവാക്കി നിർത്തിയിരിക്കുന്നതും, എന്നാൽ മലയാളിയബോധത്തിൽ അങ്ങിങ്ങ് പാഞ്ഞുനടക്കുന്നതുമായ വാക്കുകളും നിലപാടുകൾ ഇതിൽ ബദലായ ബലത്തോടെ ഉണ്ട്. തെറി ഇവിടെ സ്വതന്ത്രസൗന്ദര്യത്തിന്റെ അനുഷ്ഠാനങ്ങൾ തന്നെയായി മാർഗ്ഗം കൂടിയതായി കാണുന്നുമുണ്ട്. കവിത ഒന്നിനെയും ന്യായീകരിക്കുന്നില്ല — ആദർശവത്ക്കരണം ഒട്ടുമില്ല.

ബാനർജി
ശത്രുക്കളാണ് അയൽക്കാരായ”എന്റെ’ അമ്മച്ചിയും വിധവയായ ( ഈ വാക്കല്ല കവിതയിൽ – കവിതയിലെ പ്രയോഗം “മാപ്ല ചത്ത’) ദീനാമ്മച്ചിയും . (എന്നാൽ മഴ അവരിരുവരെയും ഒരേപോലെ ബാധിക്കുന്നു. ) ആൺകൂറ്റനായ ഇതിലെ അപ്പനും ആരുടെയും അലിവും ആനുകൂല്യവും നേടുന്നില്ല. ആദർശവത്ക്കരണം എന്ന തകരാറിൽ നിന്ന് മാറിനിൽക്കുന്ന കവിതയാണ് ഇത്.ആധിപത്യവ്യവസ്ഥയോട് കിന്നാരം പറയുന്ന കാല്പനികതയോട് ( കാല്പനികത അതുമാത്രമല്ലെങ്കിലും) കണക്കുതീർക്കുന്ന വാക്കുകളുടെയും സന്ദർഭങ്ങളുടെയും മഴപ്പെയ്ത്താണ് കവിത. ഇതും മലയാളത്തിന്റെ ആട്ടം തന്നെ. കീഴാളത്തത്തിന്റെ പരുക്കനായ നിരപ്പുകളെയും കയറ്റങ്ങളെയും ഇറക്കങ്ങളെയും സാംസ്കാരികമായി തിരിച്ചറിഞ്ഞതിൽ നിന്നുണ്ടായ അസാധാരണമായ നാടകീയക്കുതിപ്പുള്ള കവിത.
“എനിക്കും അപ്പനും മാത്രം അറിവുള്ളത് ‘ എന്നാണ് കവിതയുടെ പേര് . എന്നാൽ ഒരറിവ് മാത്രമേ ഞാനും അപ്പനും പങ്കിടുന്നുള്ളൂ. ബാക്കിയൊക്കെ”എന്റെ ‘മാത്രം അറിവുകൾ. കവിയായ ആൾ പങ്കാളിയാവുമ്പോഴും വേറിട്ട നോട്ടത്തിന്റെ ആളായിട്ടാണ് ജീവിക്കുന്നത് എന്ന് അർത്ഥം.
< >
വഴക്ക് എന്ന വാക്കുതന്നെ സുകുമാരൻ ചാലിഗദ്ധ ദേശാഭിമാനി വാരികയിൽ എഴുതിയ “ആമ ‘ എന്ന കവിതയിൽ ഉണ്ട്. വെളിച്ചമാണ് കവിതയുടെ തുടക്കത്തിൽ ഉദിക്കുന്ന വിഷയം. പരമ്പരാഗതമായ ദൈന്യത്തിന്റെയും താഴ്മയുടെയും കുടിലിലേക്ക് വൈദ്യുതി വരുന്നു. ഇത് ആധുനികതയുടെ ദ്യുതിയാണ്. അത് പാരമ്പര്യത്തിന്റെ ഭാവത്തിൽ മാറ്റം ഉണ്ടാക്കേണ്ടതാണ്. അത് ഉണ്ടാവുന്നില്ല.
ഒരിക്കൽ വൈദ്യുതിയുടെ വാഹനമായ വയർ പൊട്ടിപ്പോയി. മുൻപേ ഉണ്ടായിരുന്ന തെങ്ങിന്റെ ഭാഗങ്ങൾ പൊട്ടിവീണതുകൊണ്ടാണ് പൊട്ടലുണ്ടായത്. തെങ്ങ് പാരമ്പര്യത്തെ ദൃശ്യപ്പെടുത്താൻ പറ്റിയ മരമാണ്. ഓരോ മുൻകാല ഓലയുടെയും സ്ഥാനം തെങ്ങിന്റെ തടിയിൽ വെടിപ്പായി കാണാം. തേങ്ങയായും ഇളനീരായും തൊണ്ടായും ഓലയായും മടലായുമൊക്കെ നിത്യോപയോഗമുള്ളതുമാണ് തെങ്ങ്. ആ തെങ്ങാണ് വൈദ്യുതി മുടക്കിയത്. പിന്നെ പന്ത്രണ്ടു കൊല്ലം കറൻ്റില്ല. ആ നില കവിത ഒരു ഗോത്രകവിയ്ക്ക് മാത്രം സാധ്യമാവുന്ന സൂക്ഷ്മമായ വിശദാംശങ്ങളോടെയും ഭാവനിയന്ത്രണ ശ്രദ്ധയോടെയും വന്നിരിക്കുന്നു.

കുരീപുഴ ശ്രീകുമാർ
പുതിയ മട്ടിലുള്ള വിദ്യാഭ്യാസം തുടരുകയാണ്. അതിന്റെ പ്രയോജനത്തെക്കുറിച്ചുള്ള സംശയം ” അന്നേരം ഞാൻ വായിച്ച അക്ഷരങ്ങളെല്ലാം വാതിലിലൂടെ തെറിച്ചങ്ങു പോയ നേരത്ത് ‘എന്ന സന്ദർഭത്തിലൂടെ പുറത്തുവരുന്നു. സംശയമുണ്ടായ ആൾ പണ്ടേക്കു പണ്ടേയുള്ള പുഴയിലേക്ക് പോകയാണ് . വൈദ്യുതി വിളക്കില്ല. പകരം പാരമ്പര്യത്തിന്റെ കത്തിയും പന്തവും. പ്രയോഗം ഫലിക്കുന്നു. പുഴയിൽ നിന്ന് കനത്തതായ ഒരു ആമയെയും ആറെട്ട് മീനിനെയും പിടിക്കുന്നു.
വിശപ്പാണ് ശരിയായ ഇരുട്ട്. അതിന് ശമനമായി. അപ്പനമ്മമാരുടെ പതിവുവഴക്കാണ് ഒരു രാത്രി പുഴയിലേക്ക് പോകാൻ കാരണമായത്. പുഴയിൽനിന്നുള്ള ആഹാരം നേടൽ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത് വീട്ടിൽ സമാധാനം ഉണ്ടാക്കുന്നു.
പാരമ്പര്യം വേണം. എന്നാലതിനെ പൂജനീയമായ ഒറ്റക്കാര്യമായി കാണുന്നില്ല. പുസ്തകത്തിലെ കാര്യങ്ങൾ വിട്ടുപോകരുത് എന്ന കടുത്ത ശ്രദ്ധയുണ്ട്. ആധുനികന്, ആധുനികത നഷ്ടപ്പെട്ടാൽ പിന്നെ ഒന്നുമില്ല . ഗോത്ര ശീലങ്ങളുടെ പാരമ്പര്യം ഉയിരിൽ ഉൾപ്പെട്ടയാൾ ഇങ്ങനെ നിസ്സഹായതയിൽ അകപ്പെടില്ല.
“ആമ ‘എന്നാണ് കവിതയുടെ പേര് സരളമായ വാക്കാണ് ആമ എന്നത് . ആധുനികതയുടെ സങ്കീർണ്ണതയെയാണ് പരിഹാരത്തിന്റെ ലളിതമായ ഉപാധി കൂടിയായിത്തീരുന്ന ആമയുടെ സൂചനയിലൂടെ കവിത എതിർഭാഗത്ത് കാണുന്നത്. ആധുനികതയുടെ ഇനങ്ങളെയെല്ലാം അകറ്റേണ്ടതാണ് എന്ന തത്ത്വം ഇവിടെ ഇല്ല. എന്നാൽ കൈവിടാത്ത പാരമ്പര്യം ആപത്തിൽ ഉതകും എന്ന ബോധം കവിത പങ്കിടുന്നു. ഇത് ഒരു ഗോത്രജീവിതസ്ഥലത്താണ് ശരിക്കും പ്രായോഗികമാവുക. അതിനാൽ അതുമായി ചേർന്നുനിൽക്കുന്ന, കവിതയിലെ ഇനങ്ങളെല്ലാം നന്നായി പ്രവർത്തനക്ഷമമായിത്തീർന്നിരിക്കുന്നു. ഉറപ്പാണ് – ഗോത്രവംശജനും ആധുനികതയെ അതിന്റെ വൈരുദ്ധ്യങ്ങളോടെ തിരിച്ചറിയുന്ന സുകുമാരൻ ചാലിഗദ്ധയെപ്പോലുള്ള ഒരു കവിയ്ക്ക് മാത്രമേ “ആമ’പോലൊരു കവിത സങ്കല്പിക്കാനാവൂ.

