Home / ലിറ്ററേച്ചര്‍  / കവിത  / സ്വാതന്ത്ര്യം എന്ന വാക്ക്

സ്വാതന്ത്ര്യം എന്ന വാക്ക്

കുറിപ്പ്: വോയേജർ പേടകം നാലു മില്യൺ മൈൽ ഉയരത്തിൽ നിന്നെടുത്ത ചിത്രത്തിൽ ഭൂമി കാണപ്പെടുന്നത് വിളറിയ നീലപ്പൊട്ടായാണ് (കടപ്പാട്: കാൾ സാഗൻ)

Poem Art

ഭാഷയുടെ സ്വരാജ്യത്തിൽ

ഏറ്റവും ഉയർന്നു പറക്കുന്ന

ഒരു വാക്കുണ്ട്.

അതിന്റെ ലക്ഷ്യം

ഏറ്റവും ഉയരത്തിലെ

വൃക്ഷത്തുഞ്ചല്ല.

അതിനും മുകളിലെ മേഘമല്ല.

അതിനും മുകളിലെ സൂര്യനുമല്ല.

ഭൂമി

ചെറുതായി ചെറുതായി

ഒരു വിളറിയ

നീലപ്പൊട്ടായി കാണപ്പെടും വരെ

അത്

ഉയർന്നു പറക്കും.

അവിടെ നിന്നും

ഭൂമിയിലെ ഓരോ മണൽത്തരിയെയും

അതിന് കാണാം.

ഓരോ സമുദ്രകണത്തിന്റെയും

തണുപ്പറിയാം.

ഓരോ ഇലയുടെയും

പച്ചയറിയാം.

മനുഷ്യരുടെ

പോരാട്ടത്തിന്റെ ചൂടറിയാം.

ആ വാക്ക്

ഉച്ചരിക്കുമ്പോൾ

ഞാൻ

29 ദിവസമുള്ള ഫെബ്രുവരിമാസത്തെപ്പോലെ

ഇത്തിരി വലിപ്പം വെയ്ക്കുന്നു.

ആ വാക്ക് ചുട്ടെടുത്തവർ പക്ഷേ

ആഗസ്റ്റിലെ ഇരുട്ടിൽ

തണുത്തുറഞ്ഞു നില്പാണ്.

അവർക്ക് ചൂടു പകരാൻ

നമ്മുടെ മനസ്സിനെ

ഒരു തീപ്പെട്ടിയാക്കുക.

അത് ഉരയ്ക്കുമ്പോൾ

തുഞ്ചത്തുയരുന്ന നിലാവായി

ഹായ്,

ആ വാക്കു വന്നിരിക്കുന്നു.

Author Photo
പി എൻ ഗോപീകൃഷ്ണൻ

കവി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT