വാക്കുകളുടെ ചങ്ങാടപ്പാലം
ഡോണ മയൂര എന്ന കവി എഴുതിയ "വാക്കുകളുടെ ചങ്ങാടപ്പാലം" എന്ന കവിത
ദുഃഖത്തെ സന്തോഷമെന്ന്
നാമകരണം
ചെയ്ത നിമിഷത്തിൽ
മരണപ്പെട്ടവരുടെ
ചുണ്ടുകളിൽനിന്നും
അടർന്നുവീഴാൻ മടിച്ച്
വിളറിയിരുന്ന വാക്ക്.
മരണപ്പെട്ടവരുടെ
ചുണ്ടുകളിലെ വാക്കിനെ
നോക്കിയ നിമിഷം
ഇരച്ചെത്തിയ ദുഃഖത്തിൽ
ഹൃദയം നിലച്ച
മനുഷ്യരുടെ ചുണ്ടുകളിൽ
നീലിച്ചിരിക്കുന്ന
മറ്റൊരു വാക്ക്.
മരണങ്ങൾ ബാക്കിവച്ച
വാക്കുകൾ,
ചുറ്റിലുമായുയർന്ന
നിലവിളികളുടെ
ആഴത്തിന്റെയും
ഉയരത്തിന്റെയും നടുവിൽ
ഋജുരേഖപോലൊരു
ചങ്ങാടപ്പാലമായി.
ആരുടെയെല്ലാം
മിഴിനീർപ്പുഴകൾ
ഒന്നിച്ചു നിറഞ്ഞ്
കവിയുന്നേരമാണാ
ചങ്ങാടപ്പാലം
ശബ്‌ദിക്കുന്നത്/തകരുന്നത്?

കവിത കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാം

