പുസ്തകവനങ്ങളിൽ നടന്നുവിരിഞ്ഞൊരാൾ
“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും മനനത്തിൻ്റെയും തീവ്രത കൊണ്ട് സ്വയമനുഭവപ്പെടുന്ന സിംഹത്വം സഹജീവികളുടെ പ്രതിഭയുടെ മസ്തകം തകർക്കാൻ മാത്രം ലക്ഷ്യമിടുന്ന
“പലായദ്ധ്വം പലായദ്ധ്വം
രേ രേ ദുഷ്കവി കുഞ്ജരാ:
വേദാന്ത വനസഞ്ചാരീ
ഹ്യായാത്യുദ്ദണ്ഡകേസരീ”
(ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.)
ഇതൊരടയാളവാക്യമായിരുന്നു.
വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം.
തന്റെ വായനയുടെയും പഠനത്തിന്റെയും മനനത്തിൻ്റെയും തീവ്രത കൊണ്ട് സ്വയമനുഭവപ്പെടുന്ന സിംഹത്വം സഹജീവികളുടെ പ്രതിഭയുടെ മസ്തകം തകർക്കാൻ മാത്രം ലക്ഷ്യമിടുന്ന ദർപ്പമായി പരിണമിച്ചാൽ പഠിച്ചെടുത്തവയ്ക്കൊക്കെ എന്തു പ്രയോജനം. അവനവൻ്റെ/അവളവളുടെ ആത്മസുഖം അപരരുടെ സുഖമായി പരിവർത്തിപ്പിക്കാൻ കഴിയുന്നവരാണ് കൊള്ളാവുന്ന പണ്ഡിതർ. പാമരപുച്ഛം അവരുടെ നിഘണ്ടുവിലില്ലാത്ത മനോഭാവം.
പണ്ഡിതർക്ക് മാത്രമല്ല മികച്ച പുസ്തക വായനക്കാർക്കും ഈ തത്ത്വം ബാധകം തന്നെ.
പുസ്തകവായനയും ഒരർത്ഥത്തിൽ ഒരു വനസഞ്ചാരമാണ്.
ഏകാന്തമായ ഒരു വനയാത്ര.
ഓരോ കാടും ഓരോ അനുഭവം.
ഓരോ യാത്രയും അനന്യമായ അനുഭൂതി.
ഹെറാക്ലീറ്റസിന്റെ പ്രവാഹവാദം ഏത് ജീവിതസഞ്ചാരത്തിലും സത്യമാകുന്നു.
ഒരു നദിയിൽ മാത്രമല്ല ഒരു വനത്തിലും നിങ്ങൾക്ക് ഒരേപോലെ രണ്ടു തവണ കാലുകുത്താനാകില്ല.
ഒരു പുസ്തകത്തിലും അങ്ങനെതന്നെ.
പുനർവായനകളൊക്കെ പുതിയ വായനകളാകുന്നു.
പുസ്തകസഞ്ചാരത്തിനു ശേഷം കാഴ്ചയും കാഴ്ചപ്പാടും പാതയും പരിപ്രേക്ഷ്യവും പരിണമിച്ചില്ലെങ്കിൽ എന്തു പ്രയോജനം. പക്ഷേ പല വലിയ പുസ്തകവായനക്കാരിലും പുരോഗമനപരമായ ഒരു പരിണതിയുടെ അറിവടയാളങ്ങൾ കാണാനാകുന്നില്ലെന്നത് സങ്കടകരമാണ്.
ഒരാൾ വായിച്ചതിനെ അയാൾ അടയാളപ്പെടുത്തിവയ്ക്കണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ അത്തരം മുദ്രപ്പെടുത്തലുകൾക്ക് പലപ്പോഴും വിമോചകമായ ഒരു സാംസ്കാരികദൗത്യം നിർവഹിക്കാൻ കഴിയാറുണ്ട്. അതിന് നിദർശനമായിട്ട് എടുത്തുകാണിക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് സനീഷ് ഇളയടത്തിന്റെ ‘രമണീയവനങ്ങളേ രണൽഭ്രമര വ്യാകുലമാം സുമങ്ങളേ.’
സനീഷിന്റെ പ്രധാനപ്രവൃത്തിമണ്ഡലം മാധ്യമപ്രവർത്തനമാണ്.
പക്ഷേ അതിനേക്കാൾ എത്രയോഎത്രയോ ആഴത്തിലാണ് അയാൾ വായന എന്ന പ്രവൃത്തിയിൽ ആണ്ടുപോയിട്ടുള്ളതെന്ന് ഈ പുസ്തകം അതിൻ്റെ വായനക്കാരെ ബോധ്യപ്പെടുത്തും.
താൻ നീന്തിത്തുടിച്ചതും മുങ്ങിപ്പൊങ്ങിയതുമായ കടലുകളിൽനിന്നെല്ലാമയാൾ മുത്തും മരതകവുമൊക്കെ വാരിയെടുത്തുകൊണ്ടുവന്ന് മറ്റുള്ളവർക്ക് സമ്മാനിക്കുന്നു.
അധികമാരും അറിഞ്ഞിട്ടില്ലാത്ത ജലധികളെക്കുറിച്ചയാൾ ആൾക്കാർക്ക് വിവരങ്ങൾ കൈമാറുന്നു.
പുതിയപുതിയ സമുദ്രസന്തരണങ്ങൾക്കയാൾ സമാനഹൃദയരിൽ സസന്തോഷം സമ്മർദ്ദംചെലുത്തുന്നു.
എത്രയെത്ര പുസ്തകങ്ങളെയും എഴുത്തുകാരെയുമാണ് സനീഷ് ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നതെന്നോ.
എ ഫെയർവെൽ റ്റു ഗാബോ ആൻഡ് മേഴ്സിഡസ് (റോഡ്രിഗോ ഗാർസിയ), ഡിസ്കംഫർട്ട് ഓഫ് ഈവനിംഗ് (മാരികെ ലൂകാസ് റിയ്‌നെ വെൽഡ്), മൈ സ്ട്രഗിൾസ് (കാൾ ഓവ് നോസ്ഗാർഡ്), വെൽക്കം ടു അമേരിക്ക, ഒക്ടോബർ ചൈൽഡ് (ലിൻഡ ബോസ്ട്രോം) മഹാഭാരതം – ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ (കെ.സി. നാരായണൻ), മഹാഭാരതം – സാംസ്കാരിക ചരിത്രം (സുനിൽ.പി. ഇളയിടം.), ആഫ്റ്റർ ദി പ്രോഫറ്റ്, ദി ഫസ്റ്റ് മുസ്ലിം – ദി സ്റ്റോറി ഓഫ് മുഹമ്മദ് (ലെസ്ലി ഹാസിൽടൺ), എലനോർ മാർക്സ് – എ ലൈഫ് (റേച്ചൽ ഹോംസ്), ദി വിമൻ ക്വസ്റ്റ്യൻ (എലനോർ മാർക്സ്), ദി മാൻ വിത്തൗട്ട് എ ഫേസ് – ദി അൺലൈക്ക്ലി റൈസ് ഓഫ് വ്ലാദിമിർ പുടിൻ (മാഷാ ഗെസ്സൻ), ടൈം ഷെൽട്ടർ (ഗ്യോർഗി ഗോസ്പോഡിനൊവ്), അംബേദ്കർസ് പ്രിയാംബിൾ – എ സീക്രട്ട് ഹിസ്റ്ററി ഓഫ് ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ (ആകാശ് സിംഗ് റാഥോർ), ഘാതകൻ (കെ.ആർ. മീര), ഞാൻ മാത്രമല്ലാത്ത ഞാൻ (എൻ.പ്രഭാകരൻ) ദി ഭഗത് സിംഗ് റീഡർ, അടിമകേരളത്തിൻ്റെ അദൃശ്യചരിത്രം (വിനിൽ പോൾ), ഡോണ്ട് ലെറ്റ് ഗോ (മിഷേൽ ബസ്സി), വാണ്ടറേഴ്സ്, കിംഗ്സ്, മെർച്ചൻ്റ്സ് – സ്റ്റോറി ഓഫ് ഇന്ത്യ ത്രൂ ഇറ്റ്സ് ലാംഗ്വേജസ് (പെഗ്ഗി മോഹൻ), ഹാപ്പനിങ്, എ മാൻസ് പ്ലെയ്സ് (ആനി എർണോ), ഇന്ത്യൻ സമ്മർ – ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദ എൻഡ് ഓഫ് ആൻ എംപയർ (അലക്സ് വോൺ ടൺസെൽമാൻ), ഗീതാപ്രസ് ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദുത്വ (അക്ഷയ മുകുൾ), ദി കിംഗ്ഡം (യോ നെസ്ബോ), റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ
(ബദരീനാരായണൻ), ഗാന്ധിസ് അസാസിൻ (ധീരേന്ദ്ര കെ. ഝാ)…………
പുസ്തകങ്ങളെയും എഴുത്തുകാരെയും മാത്രമല്ല മമ്മൂട്ടിയെയും കെ.സഹദേവനെയും ചുരുളി സിനിമയെയുമൊക്കെ എത്ര രസകരമായാണ് സനീഷ് വായിച്ചെടുക്കുന്നതും അഴിച്ചെടുത്തു പരിശോധിക്കുന്നതും.
ഇതുവരെ അറിവില്ലാതിരുന്ന ഒരു പുതിയ വിവരമോ കൂടുതലറിയാൻ കൗതുകം തോന്നിപ്പിക്കുന്ന ഒരു പരാമർശമോ വളരെ വ്യത്യസ്തമായ ഒരു നോട്ടക്കോണോ ഇല്ലാത്തതായ ഒരു പേജ് പോലും ഈ പുസ്തകത്തിൽ ഇല്ലായിരുന്നു എന്നതാണ് വായനക്കാരനെ നിലയിൽ എനിക്കീ പുസ്തകം പ്രിയപ്പെട്ടതായിത്തീരാൻ കാരണം.
പുസ്തകങ്ങളും മനുഷ്യരാണ് എന്നത് എൻ. ശശിധരൻ മാഷിൻ്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട്.
അത് പുസ്തകപ്രേമികൾക്കെല്ലാം കൃത്യമായി പിടികിട്ടുന്നൊരു പ്രസ്താവന.
മനുഷ്യരെപ്പോലെ പുസ്തകങ്ങളും ചിലപ്പോൾ ആകർഷകമായി അണിഞ്ഞൊരുങ്ങും. കൈയിലെടുക്കുമ്പോൾ ചിത്രത്തിൽ കാണുന്നതിലും ഒരുപാട് മടങ്ങായി ഈ പുസ്തകത്തിന്റെ കെട്ടും മട്ടും നിറങ്ങളുടെ തിരഞ്ഞെടുപ്പും അച്ചടിക്കടലാസിന്റെ അഴകും അക്ഷരങ്ങളുടെ ആകൃതിയും ഒക്കെ വായനക്കാരെ വശീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ആത്മാവിൽ സൗന്ദര്യമുള്ള മനുഷ്യരെപ്പോലെ വൈവിധ്യമുള്ള പുസ്തകങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ.
സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും മനുഷ്യർക്ക് പാർക്കാൻ പറ്റുന്ന ഇടങ്ങളായി അവ ഏതു നാടിനെയും പരിവർത്തിപ്പിച്ചുകൊണ്ടേയിരിക്കട്ടെ.
തലക്കെട്ടിനെക്കുറിച്ച് ഒരു മുന്നറിയിപ്പുകൂടി നൽകിക്കൊണ്ട് പറഞ്ഞുനിർത്താം.
കുമാരനാശാനെക്കുറിച്ചോ ആശാൻ്റെ സീതാകാവ്യത്തെക്കുറിച്ചോ ഒരു പരാമർശം പോലും നിങ്ങൾ ഈ എഴുത്തുകളിൽ കാണില്ല. ലോകരഹസ്യങ്ങൾ തിരിയാൻ വേണ്ടിയുള്ള വിരഞ്ഞുനടക്കലാണ് മനുഷ്യജീവിതമെന്ന് ആശാൻ ചിന്താവിഷ്ടയായ സീതയിൽ പറഞ്ഞിട്ടുണ്ട്. പുസ്തകവനങ്ങളിൽ മത്തുപിടിച്ച് നടന്നുനടന്നു വിരിഞ്ഞ ഒരാൾ
രസംപിടിച്ച് എഴുതിക്കൂട്ടിവച്ചതിന്റെ നിറുകയിൽ കുറിക്കാൻ സീതാകാവ്യത്തിലെ നൂറ്റി എഴുപത്തിയഞ്ചാം ശ്ലോകത്തിൽ നിന്ന് എടുത്തുചേർത്തതിലും മനോഹരമായ ഒരു വരി മറ്റെവിടുന്നു കിട്ടും.

