എല്ലാവരും എഴുതട്ടെ ആളുകള്‍ തിരഞ്ഞെടുത്ത് വായിക്കട്ടെ.
ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് നിമ്ന വിജയ്. റീലുകളായും കുഞ്ഞു വീഡിയോകളായും അവതരിപ്പിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിന് വായനക്കാർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കാൻ നിമ്നക്ക് കഴിഞ്ഞു. സാഹിത്യ ലോകത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും നിമ്ന വിജയ് സംസാരിക്കുന്നു
ഏറ്റവും പ്രിയപ്പെട്ട എന്നോട്’ ഉണ്ടാക്കിയ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല. പുസ്തകത്തിന് ഒരു രണ്ടാം ഭാഗമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്താണ് നിലവിലെ സ്ഥിതി? എഴുതിത്തുടങ്ങിയോ?
‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’-ന്റെ രണ്ടാം ഭാഗം, ‘ഏറ്റവും പ്രിയപ്പെട്ടെ നിന്നോട്’ എഴുത്ത് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എഡിറ്റിംഗിലാണ്. ഈ ഓഗസ്റ്റില്‍ പുറത്തിറങ്ങും.
‘ഏറ്റവും പ്രിയപ്പെട്ട എന്നോട്-ന് കിട്ടിയ സ്വീകരണം അഭൂതപൂര്വമായിരുന്നല്ലോ. ആ ഒരു ഹൈപ്പ് അടുത്ത പുസ്തകത്തിന്റെ രചനയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ടോ?
ആ ബുക്കിന്റെ ഹൈപ്പ് ഒരിക്കലും ഇതിനെ സമ്മര്ദ്ദത്തിലാക്കിയിരുന്നില്ല. പക്ഷേ എന്റെ മൂന്നാമത്തെ പുസ്തകം എന്ന നിലയില്‍ അതിന്റെതായിട്ടുള്ള സ്ട്രഗിള്‍ ഉണ്ടായിരുന്നു. പിന്നെ എത്ര പുസ്തകം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞാലും പുതിയ ഒരു പുസ്തകം എഴുതാനിരിക്കുമ്പോള്‍ ഫ്രഷ് ആയിട്ടുള്ളൊരു അനുഭവമാണ്. എന്നെ സംബന്ധിച്ച് എപ്പോഴും ഒരു സെല്‍ഫ് ഡൗട്ട് ആ ഒരു എഴുത്ത് പ്രക്രിയയിലുണ്ടാവും. ഇത് വര്‍ക്ക് ആവുമോ, നമ്മള് ഉദ്ദേശിക്കുന്ന ആ മെസേജ് ആതേ അര്‍ഥത്തില്‍ ആളുകള്‍ക്ക് കിട്ടുമോ എന്നൊക്കെ ചിന്തിക്കും. ഹൈപ്പിനേക്കാള്‍, ഞാന്‍ എന്ന എഴുത്തുകാരിക്ക് ഒരു വായനക്കാരനെ/വായനക്കാരിയെ തൃപ്തിപ്പെടുത്താന്‍ പറ്റുമോ എന്ന പേടി എപ്പോഴുമുണ്ട്. ഞാന്‍ എപ്പോഴും നോക്കാറുള്ളത്, എന്റെ ഉള്ളിലെ വായനക്കാരിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥയാണോ എന്നതാണ്.
സെല്‍ഫ് ലവ് ആണല്ലോ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നത്. സെല്‍ഫിഷ്നെസും സെല്‍ഫ് ലവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
‘സെല്‍ഫ് ലൗ’ പലപ്പോഴും ‘സെല്‍ഫിഷ്നെസ്’ ആയി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രയോഗമാണ്. നമ്മള് സെല്‍ഫ് ലൗ ചെയ്യുന്ന സമയത്ത്, നമ്മളെ ശരിക്കും ഇഷ്ടപ്പെടുന്ന ഒരാളെയും അത് വേദനിപ്പിക്കില്ല. അങ്ങനെ വേദനിക്കുന്ന ആളുകളുണ്ടെങ്കില്‍ അവര്‍ നമ്മുടെ വളര്‍ച്ചയെയും നമ്മള് നമ്മളായിരിക്കാനും ആഗ്രഹിക്കാത്ത ആളുകളായിരിക്കുമെന്നാണ് കരുതുന്നത്. സെല്‍ഫ് ലൗ എന്ന് പറയുന്നത് വേറൊരാളെ വേദനിപ്പിക്കുന്ന പരിപാടിയല്ല. പക്ഷേ സെല്‍ഫിഷ്നെസ് ചിലപ്പോള്‍ വേറൊരാളെ വേദനിപ്പിച്ചേക്കാം. നമ്മളിലേക്ക് ഒതുങ്ങുക, നമ്മള് മാത്രം മതി എന്ന് ചിന്തിക്കുക എന്നതൊന്നുമല്ല സെല്‍ഫ് ലൗ. ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിക്കാന്‍ ആദ്യം നമുക്ക് നമ്മളെ തന്നെ ചേര്‍ത്തുപിടിക്കാന്‍ പറ്റണമെന്ന ചിന്തയാണ് സെല്‍ഫ് ലൗ. അവനവനെ കുറച്ചുകൂടെ വ്യക്തമായി മനസിലാക്കുന്ന പ്രൊസസാണ് സെല്‍ഫ് ലൗ.
ഇന്‍സ്റ്റഗ്രാം പുസ്തകത്തിന്റെ മാര്‍ക്കറ്റിംഗിന് വേണ്ടി ഗംഭീരമായി ഉപയോഗിക്കാമെന്ന് കാണിച്ചുതന്നയാളാണ് നിംന. എങ്ങനെയായിരുന്നു ആ ഒരു ഐഡിയയിലേക്ക് എത്തിയത്? ആ ഒരു മോഡല്‍ നിലനില്‍ക്കുമോ? മലയാളം എക്സ്പ്ലോര്‍ ചെയ്യാത്ത അത്തരം മേഖലകള്‍ ഏതൊക്കെയാണ്?
ഞാന്‍ പഠിച്ചിട്ടുള്ളത് ജേണലിസമാണ്. സോഷ്യല്‍ മീഡിയ മേഖലയിലാണ് കൂടുതലായും ജോലി ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയ മാര്ക്കറ്റിംഗിനെക്കുറിച്ചൊക്കെ അത്യാവശ്യം ഐഡിയ ഉണ്ടായിരുന്നു. പക്ഷേ പുസ്തകം സോഷ്യല്‍മീഡിയ വഴി മാര്‍ക്കറ്റ് ചെയ്യാമെന്നുള്ള ഐഡിയ ഞാന്‍ അങ്ങനെ മനഃപൂര്‍വം ചെയ്ത കാര്യമല്ല. ‘നനയുവാന്‍ ഞാന്‍ കടലാണ്’ എന്ന എന്റെ ആദ്യ പുസ്തകം ആളുകളിലേക്ക് എങ്ങനെ എത്തിക്കുമെന്ന ചിന്തിച്ചപ്പോള്‍ എന്റെ ഒരു കസിനാണ് നമുക്ക് റീല്‍സ് ചെയ്താലോ എന്ന ഐഡിയ പറഞ്ഞത്. പുസ്തകത്തിനകത്ത് എന്താണെന്ന് അറിഞ്ഞാല്‍ ആളുകള്‍ പുസ്തകം വാങ്ങി വായിക്കും എന്നതായിരുന്നു ആശയം. ചില വരികളൊക്കെ ഹൈലൈറ്റ് ചെയ്ത് ഷൂട്ട് ചെയ്ത് ഒരു പശ്ചാത്തല സംഗീതമൊക്കെ നല്കി റീല്‍ ആക്കുകയായിരുന്നു. അത്തരം റീലുകള്‍ക്ക് ഒരു മില്ല്യണും രണ്ട് മില്ല്യണുമൊക്കെ കാഴ്ചക്കാരുണ്ടാവുകയും അതിലൂടെ ഒരുപാട് ഓര്‍ഡറുകള്‍ വരികയും ചെയ്തു. അതുകൊണ്ട് ‘ഏറ്റവും പ്രിയപ്പെട്ട എന്നോടും’ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചു.ആളുകള്‍ക്ക് റിലേറ്റബിളായ കുറേ കാര്യങ്ങളും സെല്‍ഫ് ലൗ പോലുള്ള കണ്‍സപ്റ്റും കാരണം ആദ്യ പുസ്തകത്തേക്കാള്‍ ഏറ്റവും പ്രിയപ്പെട്ട എന്നോട് സ്വീകരിക്കപ്പെട്ടു.
മലയാളത്തില്‍ ഈ ഒരു മാര്‍ക്കറ്റിംഗ് ട്രെന്‍ഡ് വരാന്‍ ലേറ്റായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നമ്മള് മലയാളികള്‍ക്ക് മാറ്റത്തെ സ്വീകരിക്കാന്‍ ഭയങ്കര മടിയാണ്. പ്രത്യേകിച്ച് ലിറ്ററേച്ചര്‍ ഫീല്‍ഡില്‍. എല്ലാ മേഖലയിലും മാറ്റം വന്നിട്ടുണ്ട്. പണ്ടു കാലത്ത് പോസ്റ്റര്‍ അടിച്ചിട്ടായിരുന്നല്ലോ സിനിമാ മാര്‍ക്കറ്റിംഗ്. ഇന്ന് സോഷ്യല്‍ മീഡിയയിലാണ് സിനിമകളുടെ പ്രമോഷനും അനൗണ്‍സ്മെന്റുകളും നടക്കുന്നത്. ആ ഒരു മാറ്റം ലിറ്ററേച്ചര്‍ മേഖലയിലേക്ക് കൊണ്ടുവരാന്‍ ആളുകള്‍ക്ക് മടിയായിരുന്നു. ആ മടിയുടെ കാരണമായി ഞാന്‍ കാണുന്നത്, അവരുടെ കയ്യില്‍ നിന്ന് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇപ്പോഴും വരുന്ന പല വിമര്‍ശനങ്ങളിലും ഞാന്‍ കാണുന്നത്, അവര്‍ക്ക് ആ മാറ്റം വേണ്ട, ഞങ്ങള്‍ എങ്ങനെയാണോ ഇത്രയും കാലം ഇതൊക്കെ കൊണ്ടു പോയത്, അത് പോലെ ഇനിയും കൊണ്ടു പോയാല്‍ മതി എന്ന മനോഭാവമാണ്.
ഒരുപാട് സാധ്യതകളുടെ ലോകത്താണ് നാം ജീവിക്കുന്നത്. നമുക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ട്. എന്തുകൊണ്ട് നമ്മള് ആ അവസരങ്ങള്‍ ഉപയോഗിക്കാതിരിക്കണം. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ അറിയാതെയാണ് ഞാന്‍ ആദ്യം അത് ചെയ്തത്. പക്ഷേ അവസരങ്ങള്‍ മനസിലാക്കിയപ്പോള്‍ ഞാനതിനെ വളരെ നന്നായിട്ട് ഉപയോഗിച്ചിട്ടുണ്ട്.

നിമ്ന വിജയ്
എന്റെ പുസ്തകം മാത്രമല്ലല്ലോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു പത്ത് പുസ്തകങ്ങള്‍ എടുത്താല്‍ അതില്‍ ഒരു അഞ്ചു പുസ്തകങ്ങളെങ്കിലും എഴുതിയിട്ടുണ്ടായിരിക്കുക പുതിയ എഴുത്തുകാരായിരിക്കും. പത്തു പതിനഞ്ച് പുസ്തകം എഴുതിയാല്‍ മാത്രമേ എസ്റ്റാബ്ലിഷഡായ എഴുത്തുകാരനാവൂ എന്ന കാലമൊക്കെ മാറി. നിങ്ങളുടെ എഴുത്ത് ആളുകള്‍ക്ക് ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഒരുപാടാണ്. അതിന് കാരണക്കാരില്‍ ഒരാളാകാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.
ഈ മോഡല്‍ നിലനില്‍ക്കുമോ എന്ന് ചോദിച്ചാല്‍ അറിയില്ല. സോഷ്യല്‍ മീഡിയ വന്നിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ. നാളെ വേറെ ഏതെങ്കിലുമൊരു ട്രെന്‍ഡ് ഉണ്ടാവുമായിരിക്കും. നമ്മുടെ മലയാളം ലിറ്ററേച്ചര്‍ എത്രകാലം അത്തരം ട്രെന്‍ഡിനോട് മുഖം തിരിക്കും എന്നേ സംശയമുള്ളൂ.
വളരെ ചെറിയ സമയം കൊണ്ട് ഒന്നര ലക്ഷത്തിനടുത്ത് കോപ്പികള്‍ വിറ്റു പോയ പുസ്തകമാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട്. ഇപ്പോഴും വലിയ രീതിയില്‍ വായിക്കപ്പെടുന്നു. എന്നാല്‍ പുസ്തത്തിന്റെ ഭാഷയെക്കുറിച്ച് വിമര്‍ശനങ്ങളുണ്ട്. സാഹിത്യം എന്ന നിലയില്‍ കാണാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്താണ് പ്രതികരണം?
എന്റെ പുസ്തകത്തില്‍ സാഹിത്യമില്ലെന്ന് വിമര്‍ശനമായി പറയേണ്ട ആവശ്യം പോലുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ തന്നെ അത് പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇതൊരു സാഹിത്യപരമായ പുസ്തകമല്ല, അത്തരമൊരു പുസ്തകം വായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ എന്റെ പുസ്തകം എടുക്കേണ്ടതില്ലെന്ന് ഞാന്‍ മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. എനിക്ക് ഈ പറയുന്ന സാഹിത്യം എഴുതാന്‍ അറിയില്ല. ഞാനത് സമ്മതിക്കുന്നു. പക്ഷേ എനിക്ക് ഇങ്ങനെ ലളിതമായ ഒരു ഭാഷയുണ്ട്, അതില്‍ രസകരമായി എഴുതാന്‍ കഴിയുന്നു എന്നതില്‍ ഞാന്‍ ഹാപ്പിയാണ്. നമ്മള് ഒരു പുസ്തകം എഴുതുമ്പോള്‍ അതില്‍ സാഹിത്യം ഉണ്ടാവണമെന്ന് നിയമമൊന്നുമില്ലല്ലോ. നമ്മള് എങ്ങനെ എഴുതണമെന്ന് നമ്മുടെ മാത്രം തീരുമാനമാണ്. വളരെ കട്ടിയായ ഭാഷ ഉപയോഗിച്ച്, നാലഞ്ച് തവണ വായിച്ചാല്‍ മാത്രം മനസിലാവുന്ന രീതിയില്‍ വേണമെങ്കില്‍ ഒരാള്‍ക്ക് എഴുതാം. അല്ലെങ്കില്‍ ഞാനിപ്പോള്‍ എഴുതുന്ന പോലെ വളരെ ലളിതമായി, നേരിട്ട് കാര്യങ്ങള്‍ പറയുന്ന പോലെ എഴുതാം. അത് ഓരോരുത്തരുടെയും പേഴ്സണല്‍ ചോയ്സ് ആണ്. സാഹിത്യപരമായി എഴുതിയാല്‍ മാത്രമേ പുസ്തകത്തിന് നിലനില്‍പ്പുള്ളൂ എന്ന് പറയുന്നതിനോട് എനിക്ക് ഭയങ്കരമായി വിയോജിപ്പുണ്ട്.
എഴുതുന്നത് പോലെ വായിക്കുന്നവര്‍ക്കും ആ സ്വാതന്ത്ര്യമുണ്ട്. കുറേപ്പേര് പറഞ്ഞു കേട്ടിട്ടുണ്ട്, സാഹിത്യമില്ലാത്ത പുസ്തകങ്ങള്‍ ഇറക്കി മലയാളികളുടെ വായനയെ പിന്നോട്ടടിക്കുന്നു എന്നൊക്കെ. എന്റെ പുസ്തകം വായിച്ചിട്ടുള്ളതില്‍ അന്‍പത് ശതമാനവും പുതിയ ആളുകളാണ്. അവര്‍ക്ക് ഇങ്ങനെ വായിക്കാനാണ് ഇഷ്ടം. സാഹിത്യം വായിക്കാന്‍ താല്പര്യമുള്ളവര്ക്ക് വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം എഴുത്തുകളെയും എഴുത്തുകാരെയും ഒരു പ്രതിസന്ധിയായും കുറ്റവാളികളായും കാണേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നമുക്ക് തിരഞ്ഞെടുക്കാന്‍ ഒരുപാട് ചോയ്സുകളുണ്ടല്ലോ. എന്ത് തെരഞ്ഞെടുക്കണമെന്ന് അവരവരുടെ മാത്രം ഇഷ്ടങ്ങളാണ്.
പേഴ്സണലി നിംന എന്താണ് ആഗ്രഹിക്കുന്നത്? നോവലുകള്‍ക്ക് പൊതുവേ ഈ പറയപ്പെടുന്ന ‘സാഹിത്യഗുണം’ വേണമെന്നാണോ, അതോ ‘സിനിമാറ്റിക്’ ആയ, രസകരമായി വായിച്ച് പോകാവുന്ന നോവലുകളും കൂടുതലായി ഇറങ്ങണമെന്നാണോ? ഇതില്‍ ഏതെങ്കിലുമൊന്നാണ് മെച്ചപ്പെട്ട സൃഷ്ടി എന്ന് അഭിപ്രായമുണ്ടോ?
എല്ലാവര്ക്കും ഒരുമിച്ച് നിലനില്‍ക്കാനുള്ള സ്പേസ് ഇവിടെയുണ്ട്. എല്ലാം ഉണ്ടാവട്ടെ എന്നാണ് ഞാന്‍ പറയുന്നത്. അങ്ങനെയുണ്ടാവുമ്പോഴല്ലേ ആളുകള്‍ക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ ഒപ്ഷനുണ്ടാവൂ. ഇത്രയും കാലം മലയാളത്തില്‍ ഇങ്ങനെയുള്ള പുസ്തകങ്ങള്‍ അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ഒരുപാടുപേര് ഇത്തരം ലളിതമായ, അവരുമായി ഏതെങ്കിലും തരത്തില്‍ കണക്ടാവുന്ന പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. ഒരു പുസ്തകത്തിന് ഈ പറയുന്ന സാഹിത്യഗുണം വേണമെന്ന കണിശമായ അഭിപ്രായം എനിക്കില്ല. ആളുകളുടെ ക്രിയേറ്റിവിറ്റിയും ഇമേജിനേഷനും വരുന്ന കാര്യമാണ് എഴുത്ത്. അത് എങ്ങനെവേണമെന്നത് നമ്മുടെ ഇഷ്ടമാണ്. അതുകൊണ്ട് ഒന്ന് മെച്ചപ്പെട്ടത്, ഒന്ന് മോശം എന്നൊന്നും ഒരിക്കലും ഞാന്‍ പറയില്ല. പലരും ലേഖനങ്ങളില്‍ എഴുതിയത് കണ്ടിട്ടുണ്ട് സാഹിത്യഗുണമില്ലാത്ത പുസ്തകങ്ങള്‍ വായിക്കുന്നവരുടെ വായനാ നിലവാരം മോശമാണ് എന്നൊക്കെ. നിങ്ങളുടെ ഒരു കാഴ്ചപ്പാട് വച്ച് ഒരു വിഷയത്തെ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്ന ലക്ഷക്കണക്കിന് പേരെ ഒന്നടങ്കം അടച്ച് ആക്ഷേപിക്കുന്ന സംസാരമാണത്. ഇത്തരം ലളിത ഭാഷയില്‍ പുസ്തകം എഴുതുന്ന ഒരു എഴുത്തുകാരും സാഹിത്യഗുണമുള്ള പുസ്തകങ്ങള്‍ മോശമാണ് എന്ന് അഭിപ്രായപ്പെടില്ല. അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സാഹിത്യപ്രേമികളില്‍ ചിലരാണ്. ആ ഫ്രസ്ട്രേഷന്‍ എന്തുകൊണ്ടാണ്, എന്താണ് അവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നത് എന്നെനിക്ക് അറിയില്ല. അതിന്റെ ആവശ്യമില്ലെന്നാണ് ഞാന്‍ പറയുന്നത്. എല്ലാവരും എഴുതട്ടെ. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വായിക്കട്ടെ.
പുതിയ തലമുറയിലെ വലിയൊരു വിഭാഗത്തെ വായനയിലേക്ക് കൊണ്ടുവരാന്‍ നിംനയുടെ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയുടെ വായന ശീലത്തെ നിംന എങ്ങനെയാണ് വിലയിരുത്തുന്നത്? അവരെ ഉദ്ദേശിച്ചു തന്നെയാണോ എഴുതുന്നത്?
എന്റെ പ്രായത്തിലുള്ള ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന പുസ്തകമായിരിക്കും എന്ന ആലോചനയില്‍ തന്നെയാണ് ഞാന്‍ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയത്. ഗുരുവോ ഒരു മെന്ററോ ഒന്നുമില്ലാതെയാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. 22 വയസുള്ള ഒരു പെണ്‍കുട്ടി കടന്നു പോവുന്ന സ്ട്രഗിള്‍സ്, ആ പ്രായത്തില്‍ ജീവിക്കുന്ന ആളുകള്‍ കടന്നു പോവുന്ന മൊമന്റ്സ് ഒക്കെ വച്ചിട്ടാണ് ഞാന്‍ എഴുതിയത്. എനിക്ക് റിലേറ്റബിളായ കണ്ടന്റാണിതെന്നും അത് എന്റെ പ്രായത്തിലുള്ള മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടും എന്ന ഐഡിയയിലാണ് എഴുതിയത്.
പക്ഷേ ഇപ്പോള്‍ വരുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്, വളരെ പ്രായമായ ആളുകളും ഇത് ഇഷ്ടത്തോടെ വായിക്കുന്നു എന്നാണ്. അറുപത് വയസുള്ളവരൊക്കെ വിളിച്ചിട്ട് ഒരുപാട് സ്നേഹത്തോടെ സംസാരിക്കുന്നുണ്ട്. അവസാന കെ.എല്‍.എഫ്. വേദിയില്‍ ചെന്നപ്പോള്‍ ഒരുപാട് അമ്മമാര്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരുടെ സ്നേഹമൊക്കെ കാണുമ്പോള്‍ തോന്നുന്നത് ഇത് ഒരു പ്രത്യേക പ്രായത്തില്‍ ഒതുങ്ങുന്ന പുസ്തകമല്ല എന്നാണ്. ഒരു എഴുത്ത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അത് എഴുത്തുകാരിയില്‍ നിന്ന് സ്വതന്ത്രമാണ്. ഞാന്‍ എഴുതിയതിനേക്കാള്‍ വിശാലമായ രീതിയില്‍ ആളുകള്‍ അതിനെ സ്വീകരിച്ചിട്ടുണ്ട്. ഒരുപാട് പ്രായമായവരും പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും ഈ പുസ്തകം വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊരു സ്ത്രീ കേന്ദ്രീകൃതമായിട്ട് പോവുന്ന പുസ്തകമാണെങ്കില്‍ കൂടിയും ഒരുപാട് ആണ്‍കുട്ടികള്‍ വന്നിട്ട് അതിഥി എന്റെ ഫീമെയില്‍ വെര്‍ഷനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ എഴുതിയത് യൂത്തിനെ ഉദ്ദേശിച്ചാണെങ്കിലും അതിഥി എന്ന എന്റെ കഥാപാത്രം കടന്നു പോവുന്ന ചിന്തകളും അവള് പ്രതികരിക്കുന്ന രീതികളും അവള് മുന്നോട്ട് വെക്കുന്ന ചോദ്യങ്ങളും എല്ലാം എല്ലാ പ്രായത്തിലുള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്നു എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്ന ഒരു കാര്യമാണ്.
ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്?
ഇഷ്ട എഴുത്തുകാര്‍ എന്നൊന്നുമില്ല. എഴുത്തുകാര്‍ ആരെന്ന് നോക്കി പുസ്തകം തപ്പി എടുക്കുന്നതിനേക്കാള്‍, എനിക്ക് റിലേറ്റബിളാവുന്ന കോണ്ടന്റുള്ള പുസ്തകങ്ങളാണ് ഞാന്‍ വായിക്കാറ്. എനിക്ക് വായിക്കാന്‍ താല്പര്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളാണ് ഞാന്‍ തിരയാറ്. ഈ അടുത്ത കാലത്ത് അത്തരത്തില്‍ വായിച്ചിട്ട് ഇഷ്ടപ്പെട്ട പുസ്തകം ആര്. രാജശ്രീയുടെ ‘ആത്രേയകം’ ആണ്. ഞാന്‍ എത്ര ജന്മമെടുത്താലും അത്തരമൊരു പുസ്തകം എഴുതാന്‍ പറ്റുമോ എന്ന് സംശയമാണ്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഈ അടുത്ത് പാലസ് ഓഫ് ഇല്ല്യൂഷന്‍ വായിച്ചതും ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഹിസ്റ്ററിയും പുരാണവും പൊതുവേ എന്റെ ടൈപ്പ് ആയിരുന്നില്ല, പക്ഷേ എന്റെ വായന കുറച്ചുകൂടെ വിശാലമാക്കുന്നതിന്റെ ഭാഗമായി ഇത്തരം പുസ്തകങ്ങളും ഇപ്പോള്‍ വായിക്കുന്നുണ്ട്. പണ്ട് ഒരുപാട് വായിച്ചിട്ടുള്ളത് മാധവിക്കുട്ടിയുടേയും ബഷീറിന്റെയും പുസ്തകങ്ങളാണ്. പക്ഷേ ഒരു എഴുത്തുകാരി എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അഷിതയുടെ അത് ഞാനായിരുന്നു എന്ന ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവുമായുള്ള ഇന്റര്‍വ്യൂ ആണ്. ഒരു എഴുത്തുകാരി ആവണം എന്ന് എന്നെ തോന്നിച്ച പുസ്തകമാണത്.

