ക്രൈം ത്രില്ലര്‍ നോവല്‍ പോലുള്ളൊരു കാലത്താണ് നമ്മള് ജീവിക്കുന്നത്
ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയതിന് ആറ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.2012ലാണ്. ആറ് പേരും ഹിന്ദുക്കളായിരുന്നു.അതൊരു മുസ്ലീം ഭൂരിപക്ഷപ്രദേശം. അവിടെ മുസ്ലീങ്ങള്‍ പാകിസ്ഥാന് പതാക ഉയര്‍ത്തി എന്ന് വരുത്തി വന്‍ കലാപമുണ്ടാക്കാനുള്ള പരിപാടിയായിരുന്നു ഈ ചെറുപ്പക്കാരുടേത്. വടക്കന്‍ കര്‍ണാടകയിലെ സിന്തഗി എന്ന
ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയതിന് ആറ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.2012ലാണ്. ആറ് പേരും ഹിന്ദുക്കളായിരുന്നു.അതൊരു മുസ്ലീം ഭൂരിപക്ഷപ്രദേശം. അവിടെ മുസ്ലീങ്ങള്‍ പാകിസ്ഥാന് പതാക ഉയര്‍ത്തി എന്ന് വരുത്തി വന്‍ കലാപമുണ്ടാക്കാനുള്ള പരിപാടിയായിരുന്നു ഈ ചെറുപ്പക്കാരുടേത്. വടക്കന്‍ കര്‍ണാടകയിലെ സിന്തഗി എന്ന കൊച്ച് ടൗണില്‍ ഇത് ചെയ്തവര്‍ക്ക് നേതൃത്വം നല്കിയവന്റെ പേര് പരശുറാം വാഗ്മാരേ. ഇരുപത് വയസ്സ്, കോളജ് വിദ്യാര്‍ഥി. അഞ്ച് കൊല്ലം കഴിഞ്ഞ് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊല്ലുന്നത് ഇതേ പരശുറാം വാഗ്മാരേയാണ് .
ഗൗരി ലങ്കേഷിനെ കൊന്നത് ഒരു 7.66 എംഎം പിസ്റ്റള്‍ ഉപയോഗിച്ച്. ഇതേ തോക്കുപയോഗിച്ച് അതിന് മുമ്പ് മൂന്ന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, എംഎം കല്‍ബുര്‍ഗി. എല്ലാവരെയും കൊന്നത് ഇതേ തോക്ക് . കൊലയാളികള്‍ പലര്, പക്ഷെ ഒരേ തരം തോക്ക്.
വാഗ്മാരെയുടെ പാകിസ്ഥാന് പതാകയുയര്‍ത്തല്‍ സംഭവം അറിഞ്ഞ് ഇയാള്‍ നമ്മുടെ പണിക്ക് കൊള്ളാവുന്നയാള് എന്ന് കണ്ട് അയാളെ റിക്രൂട്ട് ചെയ്ത സംഘം സനാതന്‍ സന്‍സ്ഥാ എന്നാണ് പൊലീസ് പറയുന്നത്. ആ അതിതീവ്രഹിന്ദുത്വ സംഘടന , വാഗ്മാരെയെപ്പോലെ പലരെ പലയിടങ്ങളില്‍ നിന്നായിട്ട് ,പരസ്പരം അറിയാത്തവരെചേര്ത്ത് പിടിച്ച് , ആസൂത്രണം ചെയ്ത് കൊല ചെയ്യാന്‍ പരിശീലിപ്പിച്ചു. ഹിന്ദുമതവിരോധികളെന്ന് അവര്‍ കണക്കാക്കുന്ന സ്വതന്ത്ര മനുഷ്യരെ, ഈ സംഘം എങ്ങനെ വെടിവെച്ച് കൊന്നെന്നും , അത് വഴി നാട്ടിലാകെ അമ്പരപ്പും പേടിയും ഉണ്ടാക്കിയെന്നും വിവരിക്കുന്ന പുസ്തകമാണ് ‘അയാം ഓണ്‍ ദി ഹിറ്റ് ലിസ്റ്റ്, മര്‍ഡര്‍ ആന്‍ഡ് മിത്ത് മെയ്ക്കിംഗ് ഇന്‍ സൗത്ത് ഇന്ത്യ’. ഈ കൊലയാളീ സംഘം ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഈ സനാതന്‍ സന്‍സ്ഥാ ഇപ്പോള്‍ കര്‍ണാടകയില്‍ ഒന്ന് കൂടെ കരുത്തുള്ള സംഘടനയായിട്ട് മാറിയിട്ടുണ്ടെന്നും, അവരുടെ നേതാക്കള്‍ക്ക് അവിടത്തെ വാര്‍ത്താ ചാനലുകള്‍ ചര്‍ച്ചാപരിപാടികളില്‍ പാനലിസ്റ്റുകളായിട്ട് കസേരയിട്ട്കൊടുക്കുന്നുണ്ടെന്നും നിങ്ങളീ പുസ്തകം വായിച്ച് തീര്‍ക്കുമ്പോള്‍ ബേജാറോടെ അറിയും.
പുസ്തകം ഈ കൊലപാതകങ്ങളുടെ വിവരണത്തില്‍ മാത്രമായിട്ട് നില്ക്കുന്നില്ല. ഗൗരി, കവിതാ ലങ്കേഷുമാര്‍, അവരുടെ അച്ഛന് ലങ്കേഷ്, അവരുടെ കര്‍ണാടകയുടെ രാഷ്ട്രീയ ചരിത്രം, അതിന്റെ സെക്യുലര്‍ ചരിത്രം, അതിലെ ഇന്റലക്ച്വല്‍സ്, അവരുടെ സാമൂഹ്യജീവിതങ്ങള് ഇടപെടലുകള്‍, ബംഗലൂരു എന്ന നഗരം, അതിലെ ബുക്ഷോപ്പുകള്‍, അതിന്റെ നിരത്തുകളില്‍ ലോകത്തിലെതെങ്കിലുമൊരുനഗരത്തിലുള്ളതിലേറ്റവും കൂടുതല്‍( അമ്പത് ലക്ഷത്തിലേറെ ) ഇരുചക്രവാഹനങ്ങളുണ്ടെന്ന വിവരം, ആരാണ് അമുല്യ ലിയോണ, അവരിപ്പോഴെവിടെയാണ് എന്ന കാര്യങ്ങള്‍, കര്‍ണാടകയുടെ അയല്സംസ്ഥാനമായകേരളത്തിന് സെക്യുലര്‍ സമൂഹജീവിതത്തിന്റെ വലിയ ചരിത്രമുണ്ടെന്ന വിവരണം, അവിടെ സെന്റ് തോമസ് വന്നിട്ടുണ്ടെന്ന മിത്ത് സജീവമാണെന്നൊരു അധ്യായം, പക്ഷെ ആ കേരളത്തിലും കര്‍ണാടകത്തിലെന്ന പോലെ അപകടകരമായ വിശ്വാസതീവ്രവാദസംഗതികള് വ്യാപിക്കുന്നെന്ന മുന്നറിയിപ്പ്. ഇങ്ങനെ ഏതേതൊക്കെയോ വഴികളിലേക്ക് പടരുന്ന വിവരങ്ങളും വിശകലനങ്ങളുമായിട്ട് വായിച്ച് വായിച്ച് പോകാവുന്ന പുസ്തകമാണ് ഇത്. പേടിപ്പെടുത്തുന്നൊരു ഡിറ്റക്ടീവ് നോവല്‍ പോലെയും തോന്നും ചിലപ്പോള്‍.
ജ്യോതിഷവും അന്ധവിശ്വാസസംഗതികളും അതിവിചിത്ര കൊലപാതകങ്ങള്‍ക്ക് കാരണമാകുന്ന ഈ ദിവസങ്ങളില്‍ ഇന്നാട്ടിലിരുന്ന് വായിക്കുന്നതില്‍ ആ തരത്തിലൊരുഹൂക്കും നിങ്ങള്‍ക്ക് ഇതില്‍ നിന്ന് കിട്ടാനിടയുണ്ട്. ഉദാഹരണത്തിന് താഴെ വിവരിക്കുന്ന സംഭവം നോക്കൂ,
കൊലപാതകം നടന്നു, പക്ഷെ പ്രതിയാരെന്ന് കണ്ടെത്താനേ പൊലീസിന് കഴിയുന്നില്ല. അറിയാവുന്ന സകല പണിയും ചെയ്തിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ പൂനെയിലെ പോലീസ് കമ്മീഷണര്‍ ഒരു പണി ചെയ്തു. മനീഷ് താക്കൂര്‍ എന്നൊരു മുന്‍ പൊലീസ് കോണ്‍സ്റ്റബിളിനെ കൂടെ അന്വേഷണത്തിനായി ചേര്‍ത്തു. ഡിറ്റക്ടീവ് പണിയിലല്ല, തന്ത്ര,കുതന്ത്ര, ബ്ലാക്ക് മാജിക് പരിപാടികളിലായിരുന്നു അയാള്‍ക്ക് സ്കില്ല് ഉണ്ടായിരുന്നത്.
ഈ താക്കൂര്‍ ഒരു പരന്ന പാത്രത്തില്‍ വെള്ളം നിറച്ച് വെച്ചിട്ട്, അതിന്റെയടുത്ത് കുറച്ച് മെഴുകുതിരികള്‍ കത്തിച്ച് വെച്ചിട്ട് അടുത്തുള്ള കട്ടിലില്‍ കയറി നിവര്‍ന്ന് കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ ദേഹത്ത് മരിച്ചയാളിന്റെ ആത്മാവ് പ്രവേശിച്ചു. ഇയാളുടെ ആത്മാവാണെങ്കില്‍ തല്‍ക്കാലത്തേക്ക് പുറത്തേക്കിറങ്ങിയിട്ട് ആ പാത്രത്തിലെ വെള്ളത്തിലേക്ക് മാറിയിട്ട് അവിടെ വിശ്രമിച്ചു. കമ്മീഷണര്‍ ഗുലാബ് റാവു പോളും, മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും അപ്പോള്‍ ഈ ആത്മാവിനോട് ചോദ്യങ്ങള്‍ ചോദിച്ചു. എങ്ങനെയാണ് നിങ്ങള്‍ കൊല്ലപ്പെട്ടത്, ആരാണ് നിങ്ങളെ കൊന്നത് എന്നത് പോലെയുള്ള ചോദ്യങ്ങള്‍. അപ്പോള്‍ ആ ബ്ലാക് മാജിക് ചെയ്യുന്ന മന്ത്രവാദി കോണ്‍സ്റ്റബിളിന്റെ ഉള്ളില്‍ നിന്ന് നരേന്ദ്ര ധാബോല്‍ക്കറിന്റെ ആത്മാവ് പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഉയര്‍ന്ന ഈ പൊലീസ് ഉദ്യോഗസ്ഥര്‍, അന്നാട്ടിലെ വന്‍ ഡിറ്റക്ടീവുകള്‍ അതിഭൗതികശക്തികളുടെ സാന്നിധ്യമുണ്ടാക്കുന്നനിശബ്ദതയിലും, ഗൗരവ,ബഹുമാനാന്തരീക്ഷത്തിലും ചുറ്റുമിരുന്നിട്ട് ഈ ആത്മാവ് പറയുന്നത് മുഴുവന്‍ കേട്ടു. അവരങ്ങനെ ധാബോല്‍ക്കര്‍ കൊലക്കേസിന്റെചുരുളഴിക്കുകയാണ് എന്ന് സ്വയം വിചാരിച്ചു.

അയാം ഓൺ ദി ഹിറ്റ് ലിസ്റ്റ്
മർഡർ ആൻഡ് മിത്ത് മേക്കിങ് ഇൻ സൗത്ത് ഇന്ത്യ
കൊല്ലപ്പെട്ടത് നരേന്ദ്ര ധാബോല്‍ക്കര്‍ എന്ന അറുപത്തേഴുകാരന്. ആരായിരുന്നു ഈ ധാബോല്‍ക്കര്‍. മഹാരാഷ്ട്രയിലെ വലിയ സാമൂഹ്യപ്രവര്‍ത്തകന്‍. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടന ഉണ്ടാക്കുകയും അതിന്റെ പ്രസിഡന്റായിഇരിക്കുകയും ചെയ്തയാള്‍. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ, ബ്ലാക് മാജിക് വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്താനായിട്ട് ജീവിത കാലം മുഴുവന്‍ പ്രയത്നിച്ച ആള്. ആ പ്രവര്‍ത്തനത്തില്‍ രോഷാകുലരായ ചില തീവ്രഹിന്ദുത്വക്കാരാണ് അദ്ദേഹത്തെ കൊന്ന് കളഞ്ഞത് പോലും. അന്ധവിശ്വാസത്തിനും ബ്ലാക് മാജിക് പരിപാടികള്ക്കുമെതിരായിശാസ്ത്രീയ ചിന്തയെ വളര്‍ത്തുന്നതിന് കഠിന പ്രയത്നം ചെയ്ത, ഫിസിഷ്യനായിരുന്ന ഈ നരേന്ദ്ര ധാബോല്‍ക്കറുടെ കൊലപാതകവിവരം അറിയാനാണ് പൊലീസ് കമ്മീഷണറും അന്വേഷണ സംഘവും സ്വന്തം ടീമിലെ ഒരംഗത്തെ കൊണ്ട് ബ്ലാക് മാജിക് പരിപാടിയും ആത്മാവിനെ വിളിച്ച് വരുത്തലും നടത്തിയത്.
ഈ പുസ്തകം ഈ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന അന്ധവിശ്വാസ, ജ്യോതിഷഎലമെന്റുകളുള്ള വിചിത്ര കൊലപാതകങ്ങളുടെ വാര്ത്തകള്ക്കിടയിലിരുന്ന്വായിക്കുമ്പോ അതിന്റേതായ ഒരു ഹൂക്ക് കൂടെ കിട്ടുമെന്ന ഉറപ്പ് കൂടെ കിട്ടും.വീണ്പോയാല് എവിടം വരെ വീഴും ഈ നാട് എന്ന് നിങ്ങള്‍ക്ക് ഒന്ന് കൂടെ മുന്നറിയിപ്പ് കിട്ടും ഇതൊക്കെ അറിഞ്ഞാല്‍

