അർത്ഥവത്തായ സംവാദങ്ങളുടെ വേദി
അങ്ങനെ വൈ എൽ എഫിന്റെ രണ്ടാം എഡീഷനും വിജയകരമായി സമാപിച്ചു. വിജയകരമായി എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ അതിനെ ഒരു ക്ലിഷേ ആയി നോക്കി കാണേണ്ടതില്ല. കേരളത്തിൽ നിറയെ പലതരം സാഹിത്യോത്സവങ്ങൾ നടക്കുമ്പോൾ യുവധാരയുടെയും DYFI യുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനു വേറിട്ട കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവണമെന്ന പൂർവ്വനിശ്ചയമുണ്ടായിരുന്നു.
അങ്ങനെ വൈ എൽ എഫിന്റെ രണ്ടാം എഡീഷനും വിജയകരമായി സമാപിച്ചു. വിജയകരമായി എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ അതിനെ ഒരു ക്ലിഷേ ആയി നോക്കി കാണേണ്ടതില്ല. കേരളത്തിൽ നിറയെ പലതരം സാഹിത്യോത്സവങ്ങൾ നടക്കുമ്പോൾ യുവധാരയുടെയും DYFI യുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനു വേറിട്ട കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവണമെന്ന പൂർവ്വനിശ്ചയമുണ്ടായിരുന്നു. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ, ക്ഷണിക്കപ്പെടേണ്ട അതിഥികൾ എന്നിവയിൽ കൃത്യമായ ധാരണയും നിലപാടും ഉണ്ടായിരുന്നു. ആ ലക്ഷ്യം നിറവേറി എന്ന അർത്ഥത്തിലാണ് വിജയകരമായി എന്ന പദം ഉപയോഗിക്കുന്നത്.
വൈവിധ്യങ്ങളുടെ ആഘോഷം എന്ന ടാഗ് ലൈനാണ് വൈ എൽ എഫിനു നാം കൊടുത്തിട്ടുള്ളത്. വൈവിധ്യങ്ങളുടെ സമന്വയം എന്ന ആശയത്തിൽ കെട്ടിപ്പടുത്തിരിക്കുന്ന ഇന്ത്യയിൽ ഏകാധിപത്യവും മതാധിപത്യവും വേരുപിടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അത് ഇനിയും വളർന്നാൽ ഈ രാജ്യത്തിനെ തന്നെ തകർത്തുകളയും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടാണ് കാശ്‌മീർ മുതൽ കന്യാകുമാരിവരെയുള്ള വിവിധ ശബ്ദങ്ങൾക്ക് നാം ഇടം കണ്ടെത്തിയത്. കാശ്മീരിൽ നിന്നുള്ള എം എൽ എ മുഹമ്മദ് യൂസഫ് തരിഗാമിയും കവി സ്വാമി അന്ദാർ നീരവും തമിഴ് നാട്ടിൽ നിന്നുള്ള ജനപ്രതിനിധി കനിമൊഴി കരുണാനിധിയയും കവി കവിൻ മലരും ഫോർട്ട് കൊച്ചിയിൽ എത്തിയത്.
കാലവും ദേശവും എന്നതായിരുന്നു ഈ എഡീഷന്റെ പ്രധാന ആശയം. 1997 നും 2010 നും ഇടയിൽ ജനിച്ചവരെയാണ്എന്ന് വിശേഷിപ്പിക്കുന്നത്. അവരാണ് ഇന്നിന്റെ യുവാക്കൾ, അവരാണ് പുതിയ സാങ്കേതികവിദ്യകളുടെയും സോഷ്യൽ മീഡയകളുടെയും ഉപഭോക്താക്കളും ഇരകളും. അതുകൊണ്ടാണ് ആ തലമുറയെ കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങൾ ചർച്ചക്കായി തിരഞ്ഞെടുത്തത്. റീലുകളുടെ കാലത്തെ കവിത, നെറ്റ്ഫ്ലിക്‌സ് ഉള്ളപ്പോൾ എന്തിനു തീയേറ്ററിൽ പോകണം? എഴുത്തിലെ പുതിയ രസക്കൂട്ടുകൾ, GEN – Z കാമ്പസിലെ ജെൻഡർ കാഴ്ചപ്പാടുകൾ, സർഗ്ഗാത്മക യൌവനം പൊതുജീവിതത്തിൽ, ഈ നൂറ്റാണ്ടിൽ ലോകം ഫിക്‌ഷൻ തുന്നുന്ന വിധം, അപ്ഫ്രണ്ട് ഹിറ്റുകളുടെ സൂത്രവാക്യങ്ങൾ, വിദേശ വിദ്യാഭ്യാസത്തിലെ ആഡ് ജീവിതങ്ങൾ, ക്ലാസ്സ് റൂമിലെ ചാറ്റ്ബോട്ടുകൾ, ഡിജിറ്റൽ കാലത്ത് എഴുത്തുകാരാവാൻ പുസ്തകം വേണോ?, ഏയ് ബനാനേ ഒരു പൂ തരാമോ? : ആൽഫ ജനറേഷന്റെ പാട്ടും സംഗീതവും, റോബോട്ടുകളുടെ കാലത്ത് മനുഷ്യർക്കെന്ത് ‘പണി’ കിട്ടും? മില്ലേനിയം ജെന്നിന്റെ വായനകൾ എന്നിങ്ങനെ അനേകം സെഷനുകൾ ഏറ്റവും പുതിയ തലമുറയുടെ അഭിരുചികളും ആശങ്കകളും പങ്കുവയ്ക്കുന്നതായി മാറി.
അതേസമയം ലോകത്തിന്റെ മാറ്റങ്ങൾ, അത് നേരിടുന്ന പ്രതിസന്ധികൾ, ആശങ്കകൾ ഒക്കെ കൂടി ഈ ഫെസ്റ്റിവൽ ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഓരോ വിഷയങ്ങളിലും ഏറ്റവും മികച്ച പ്രതിഭാശാലികളെ തന്നെ ഫോർട്ട് കൊച്ചിയിൽ നമ്മൾ എത്തിച്ചത്. തോട്ടിത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് അവരെ അതിൽ നിന്ന് മോചിപ്പിക്കാൻ അക്ഷീണശ്രമം നടത്തുന്നതിന്റെ പേരിൽ മാഗ്സസെ അവാർഡ് ലഭിച്ച ബസ്‌വാഡ വിൽസനെപ്പോലെ ഒരാളെ കേരളത്തിൽ എത്തിക്കാനും അദ്ദേഹത്തിനു പറയാനുള്ള കേൾക്കാനുമുള്ള രാഷ്ട്രീയ ബോധം യുവധാരയ്ക്കും DYFI യ്കും മാത്രമേയുള്ളൂ എന്ന് വിധു വിൻസന്റ് എന്ന യുവസംവിധായിക പറഞ്ഞത് നമ്മുടെ ലക്ഷ്യത്തെ സാധൂകരിച്ചു എന്നതിന്റെ തെളിവായി. മറ്റൊരു മാഗ്‌സസെ അവാർഡ് ജേതാവും മുതിർന്ന മാധ്യപ്രവർത്തകനുമായ പി സായ്‌നാഥ്, ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ജീത്ത് തയ്യിൽ, ജെറി പിന്റോ, വിവേക് ഷാൻബാഗ്, രേവതി ലോൾ, റാം റഹ്‌മാൻ, ചമൻ ലാൽ, മനു എസ് പിള്ള തുടങ്ങിയവരും വൈ എൽ എഫിന്റെ വേദിയെ സമ്പന്നമാക്കാൻ എത്തിയിരുന്നു. കേരളത്തിൽ നിന്നാവട്ടെ എൻ എസ് മാധവൻ, സക്കറിയ, ഡോ. ബി ഇഖ്ബാൽ, സുനിൽ പി ഇളയിടം, കെ സി നാരായണൻ, പി കെ രാജശേഖരൻ, ടി ഡി രാമകൃഷ്ണൻ, ശിഹബുദ്ദീൻ പൊയ്ത്തും കടവ്, മഹമൂദ് കൂരിയ, എസ് ഹരീഷ് തുടങ്ങി പുതിയ തലമുറയിൽ നിന്നുള്ള സഹറു നുസൈബ കണ്ണനാരിയും പുണ്യ സി ആറും വിനായക് ശശികുമാറും സൂരജ് സന്തോഷും ഒക്കെ അടങ്ങുന്ന ഒരു വലിയനിര പങ്കെടുത്തു എന്നത് ഏരെ സന്തോഷിപ്പിക്കുന്നതാണ്.
സാഹിത്യോത്സവം ആണെങ്കിലും ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ കൂടുതൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് തീരുമാനമുണ്ടായിരുന്നു. മാതൃഭാഷ : ആശയവും അവകാശവും, മാർക്സിസവും മലയാളസാഹിത്യവും , NEP : ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പാഠശാല, നിലയ്ക്കാത്ത നിലവിളികളുടെ ഫലസ്ഥീൻ. ഭരണഘടന @ 75. അംബേദ്‌ക്കറുടെ ഭാവനയും ഇന്ത്യൻ യാഥാർത്ഥ്യങ്ങളും, ട്രംപിന്റെ രണ്ടാം വരവും ക്യൂബയുടെ ഭാവിയും, Bhagat Singh: The Martyr, Life of a communist in between Hindu and Muslim sectarian violence, ഇന്ത്യ എന്ന ആശയവും പ്രയോഗവും, ഗുരു – വാക്കും വെളിച്ചവും, മനുഷ്യാവകാശവും സാമൂഹിക കാഴ്ചപ്പാടിലെ വൈകല്യങ്ങളും , സോഷ്യൽ മീഡിയ രാഷ്ട്രീയം : പറഞ്ഞു പറഞ്ഞു കുറഞ്ഞു പോകുന്നത്, ഭാവനയുടെ സയൻസും സയൻസിന്റെ ഭാവനയും, തൊഴിൽ നിയമങ്ങ ളില്ലാത്ത പുതുകാല തൊഴിലിടങ്ങൾ, ആശാനെ വായിച്ച നൂറുവർഷം, സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങൾ: ക്യൂബ മുതൽ ശ്രീലങ്ക വരെ, എഴുത്തിന്റെ രാഷ്ട്രീയം – എഴുത്തുകാരുടെ രാഷ്ട്രീയം, ചരിത്രാന്വേഷത്തിലെ പുതുമയും സൂക്ഷ്‌മതയും, പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് തുടങ്ങിയ അനേകം സെഷനുകൾ ആ രീതിയിൽ വിഭാവനം ചെയ്‌തതായിരുന്നു.
ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെ തകർക്കും വിധം കേന്ദ്രവും ഹിന്ദുത്വ ശക്തികളും പ്രവർത്തിക്കുമ്പോൾ കേരളം നേരിടുന്ന പ്രതിസന്ധികളും കേരളത്തിന്റെ നേട്ടങ്ങളൂം ചർച്ച ചെയ്യുന്നതിനായി കേരള വികസനത്തിന്റെ പുതിയ കപ്പലോട്ടങ്ങൾ, ഇന്ത്യയിലെ കേരളം : കടമകൾ മറക്കുന്നതാരാണ് ? കേരളത്തിന്റെ ആരോഗ്യവർത്തമാനം തുടങ്ങിയ സെഷനുകൾ തന്നെ ഉണ്ടായിരുന്നു. കെ എൻ ബാലഗോപാൽ, എൻ രാജൻ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വീണ ജോർജ് എന്നീ മന്ത്രിമാരും എം എ ബേബി, എളമരം കരിം, കെ.കെ.ശൈലജ, പി കെ ശ്രീമതി ടീച്ചർ, എം സ്വരാജ്, വി. ശിവദാസൻ, സി. എൻ. മോഹനൻ, സി പി ജോൺ, എ.എ.റഹീം എന്നീ മുതിർന്ന നേതാക്കളും വിവിധ വിഷയങ്ങളിൽ നേരിട്ടെത്തി സംവേദിച്ചു എന്നത് അവർ ഈ സാഹിത്യോത്സവത്തെ എത്ര പ്രാധാന്യത്തോടെ നോക്കി കാണുന്നു എന്നതിന്റെ തെളിവായി മാറി.
അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല വൈ എൽ എഫ് രണ്ടാം എഡീഷന്റെ സവിശേഷതകൾ. അതിന്റെ വിഷയ സ്വീകരണത്തിൽ, അതിഥികളെ കണ്ടെത്തുന്നതിൽ, സംഘാടനത്തിൽ ഒക്കെ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അത് സംഘപരിവാർ ഹിന്ദുത്വ അജണ്ടകളെ പൊളിച്ചു കാട്ടുന്നതും വിശാലവും ജനാധിപത്യപരവുമായ സംവാദ സ്ഥലി ഒരുക്കുന്നതുമായ രാഷ്ട്രീയമായിരുന്നു. സ്വന്തം ശബ്ദങ്ങൾ മാത്രമല്ല ജനാധിപത്യ സ്വഭാവമുള്ള അപരശബ്ദങ്ങൾ കൂടി കേൾപ്പിക്കുന്ന ഒന്നായി അത് മാറി. പരസ്‌പരമുള്ള വിയോജിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുന്ന ഇടമായി അത് മാറി. കാലത്തിന്റെ ഇതിഹാസം എം ടി യെ അനുസ്‌മരിച്ചുകൊണ്ട് തുടങ്ങിയ ഫെസ്റ്റിവൽ അവസാനിച്ചത് പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിനെ സംബന്ധിച്ച് ശക്തമായ ഒരു സംവാദത്തിലൂടെയാണ്.
എൻ എസ് മാധവൻ ഉദ്‌ഘാടന വേദിയിൽ പറഞ്ഞത് പണ്ട് കൊച്ചിയിലെ ഈ കടപ്പുറം വളരെ വിശാലമായിരുന്നു, ഇപ്പോഴിത് ചുരുങ്ങിച്ചുരുങ്ങി വളരെ ചെറുതായിരിക്കുന്നു എന്നാണ്. അത് നമ്മുടെ പുതു ഇടങ്ങളെ സംബന്ധിച്ച ഒരു മെറ്റഫറായി എടുക്കാമെങ്കിൽ വിശാലമായ പൊതുവിടങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ നാം നേർത്തുപോയ ആ മണൽപ്പരപ്പിലിരുന്ന് വൈവിധ്യങ്ങളെക്കുറിച്ച് ജനാധിപത്യത്തെക്കുറിച്ച് മതേതരത്വത്തെക്കുറിച്ച് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കേണ്ടതുണ്ട്. അതിനുള്ള വേദിയായി വൈ എൽ എഫ് മാറി എന്ന് ഇതിന്റെ മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച ഏതൊരാൾക്കും അഭിമാനിക്കാം. അതുകൊണ്ടാണ് ഈ സാഹിത്യോത്സവം വൻ വിജയമായിരുന്നു എന്ന് ഉറക്കെ പറയാൻ കഴിയുന്നത്.

