Home / ലേഖനങ്ങള്‍  / പോരാട്ടത്തിന്റെ മറുപേരായി ഒരാൾ

പോരാട്ടത്തിന്റെ മറുപേരായി ഒരാൾ

“പോരാട്ടത്തിന്റെ മറുപേരായ ആ വലിയ നേതാവിനരികിൽ നിൽക്കുമ്പോൾ ഇച്ഛാശക്തിയുടെ, സമരവീര്യത്തിന്റെ എക്കാലത്തേക്കുമുള്ള വിത്തുകൾ ആ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ എത്രയെത്ര സമരങ്ങൾ! എല്ലാ അവകാശ സമരങ്ങളുടെയും മുന്നണിപ്പോരാളിയായി വി എസ് എക്കാലവും യുവാക്കളെ നയിച്ചു” –വി കെ സനോജ് എഴുതുന്നു.

VS-Flag

പുതിയ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ സമരതീഷ്ണമായിരുന്നു കേരളത്തിലെ തെരുവുകൾ. ആന്റണി സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരായി എസ്.എഫ്.ഐ നടത്തിയ സമരങ്ങളെ പോലീസിന്റെ കിരാതവാഴ്ച്ച കൊണ്ട് സർക്കാർ നേരിട്ടു. സമരത്തിന്റെ ഭാഗമായി 2002 നവംബർ 19 ന് കേരളത്തിലെ എല്ലാ കോളേജിൽ നിന്നും യൂണിയൻ ഭാരവാഹികൾ പങ്കെടുത്ത് കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. മട്ടന്നൂർ കോളേജിൽ നിന്ന് ഞങ്ങൾ നാല് പേരാണ് (കെ.പി.സൂരജ്, വി.പി. വികാസ്, പ്രജീഷ് കൊക്കോടൻ) പങ്കെടുത്തത്. അന്ന് സത്യഗ്രഹം സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്താൻ അനുവദിക്കില്ല എന്നായിരുന്നു സർക്കാർ നിലപാട് എന്നാൽ അവിടെ തന്നെ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. വൈകീട്ട് നാലോടെ ഏകദേശം എഴുന്നൂറോളം എസ് എഫ് ഐ പ്രവർത്തകർ അവിടെയെത്തി. സമരം ഉദ്ഘാടനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സ. വി.എസ് ആയിരുന്നു.

സമരം തുടങ്ങും മുൻപ് തന്നെ ആ സമരത്തെ നിർവീര്യമാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു, സമരപ്പന്തലിനു ചുറ്റും വലിയൊരു പോലീസ് സേന വളഞ്ഞിരുന്നു. പന്തൽ കെട്ടാനുള്ള തൂണുകളും ടാർപ്പാളിൻ ഷീറ്റും എടുത്തു മാറ്റാൻ ശ്രമിച്ചും മറ്റും സമരം ചെയ്യുന്ന സഖാക്കളെ പ്രകോപിപ്പിക്കാൻ തുടക്കം മുതൽ പോലീസ് ശ്രമിച്ചിരുന്നു. ആ സമയത്താണ് വി എസ് സമരപ്പന്തലിലേക്ക് എത്തുന്നത്. ആവേശത്തിന്റെ വലിയൊരു തിര വന്നു മൂടിയത് പോലെയായിരുന്നു ആ സാന്നിധ്യം.

State Committeeമുഖ്യമന്ത്രി എ കെ ആൻ്റണി സെക്രട്ടറിയേറ്റിനുമുന്നിൽ സമരങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരുന്ന സമയത്താണ് അങ്ങനെയൊരു സമരം അവിടെ നടക്കുന്നത്. എന്തും സംഭവിക്കാമെന്നൊരു അനിശ്ചിതത്വത്തിനു നടുവിലേക്കാണ് വിഎസ്സ് വന്നു വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തുന്നത്. പോലീസിന്റെ നടപടികൾക്കെതിരെ വി.എസ് വളരെ ശക്തമായ ഭാഷയിൽ സംസാരിച്ചു.

ഉദ്ഘാടന ശേഷം വി.എസ്. പോയപ്പോഴേക്കും മഴ പെയ്ത് തുടങ്ങിയിരുന്നു. മഴ നനയാതിരിക്കാൻ ടാർപോളിൽ കൊണ്ട് കെട്ടിയ പന്തൽ പോലീസ് പൊളിക്കാൻ തുടങ്ങി.

അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷിന്റെ നേതൃത്വത്തിൽ ശക്തമായ ചെറുത്ത് നില്പ് ഉണ്ടായി. തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടാൻ തുടങ്ങി. ഈ വിവരം അറിഞ്ഞ് വി.എസ് തിരിച്ചെത്തി. പിന്നാലെ സഖാവ് പിണറായി വിജയനും എത്തി. വിദ്യാർത്ഥികളുടെ സമരാവേശം ഇരട്ടിയായി. സമരത്തെ അഭിസംബോധന ചെയ്തു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സഖാവ് പിണറായി വിജയൻ സംസാരിച്ചു. ആവേശത്തിന്റെ അലമാലകൾ ഉയർത്തി ഞങ്ങളോടൊപ്പം 24 മണിക്കൂറും ഉപവാസത്തിൽ പങ്കാളിയായി. സെക്രട്ടറിയേറ്റിന്റെ ഫുട്പാത്തിൽ സഖാവ് ഞങ്ങളോടൊപ്പം കിടന്നു. വി.എസിന്റെ സാന്നിധ്യം സമരത്തെ മറ്റൊരു വിതാനത്തിലേക്ക് ഉയർത്തി. തുടർന്ന് പാതിരാത്രിയിലും തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അണമുറിയാത്ത മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ സമര കേന്ദ്രത്തിലേക്ക് ഒഴുകുകയായിരുന്നു. സെക്രട്ടറിയറ്റിന്റെ മുന്നിൽ സമരങ്ങൾ അനുവദിക്കില്ലെന്ന ആൻ്റണി സർക്കാറിന്റെ ധാർഷ്ട്യത്തെ അവസാനിപ്പിക്കാൻ ആ സമരം കൊണ്ട് കഴിഞ്ഞു.

പോരാട്ടത്തിന്റെ മറുപേരായ ആ വലിയ നേതാവിനരികിൽ നിൽക്കുമ്പോൾ ഇച്ഛാശക്തിയുടെ, സമര വീര്യത്തിന്റെ എക്കാലത്തേക്കുമുള്ള വിത്തുകൾ ആ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പകർന്നു കിട്ടുകയായിരുന്നു.അങ്ങനെ എത്രയെത്ര സമരങ്ങൾ! എല്ലാ അവകാശസമരങ്ങളുടെയും മുന്നണി പോരാളിയായി വി എസ് എക്കാലവും യുവാക്കളെ നയിച്ചു. ആ വാക്കുകളുടെ ഊർജ്ജത്തിൽ എത്രയോ മനുഷ്യർക്ക് ജീവിതത്തിന്റെ വഴി നിശ്ചയിച്ച രാഷ്ട്രീയ ബോധ്യങ്ങളുണ്ടായി.

വി.എസിന്റെ സാന്നിധ്യമുള്ള അനേകം സമര വഴികൾ! മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ! കേരളത്തിന്റെ ചരിത്രത്തിലേക്ക് പോരാട്ടത്തിന്റെ മറുപേരായി ആ ഒരാൾ നടന്നു കയറിയതിന്റെ ഓർമകൾ. ആ ഓർമകൾ ഈ കാലത്തു ജീവിക്കുന്ന എല്ലാ മനുഷ്യരും സൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ജൂലൈ 22 നു കേരളത്തിന്റെ തെരുവുകളിൽ കണ്ട അത്യസാധാരണമായ ആ വിലാപയാത്ര.

വിദ്യാർത്ഥി ജീവിതത്തിലെ തന്നെ ഏറ്റവും ആവേശകരമായ അനുഭവമായിരുന്നു. ഞങ്ങളുടെ ഓർമകളിൽ ഒരിക്കലും മങ്ങാതെ ഉജ്ജ്വലമായി തെളിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി സമരങ്ങളിലെ ഒരു ദിനമായിരുന്നു അത്. വി എസ് എന്ന പോരാളി പകർന്നു തന്ന ഊർജ്ജം, മഴ നിറഞ്ഞ ആ രാത്രിയുടെ അകമ്പടിയോടെ ഇന്നും ഹൃദയത്തിൽ ആവേശമായി നിലനിൽക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള സമരപഥങ്ങളിൽ കെടാത്ത നക്ഷത്രമായി വിഎസ് ഞങ്ങളെ നയിച്ച് കൊണ്ടിരിക്കുന്നു, അത് തുടർന്ന് കൊണ്ടേയിരിക്കും കാലാതീതമായി!

Author Photo
വി കെ സനോജ്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT