ഒരു വാക്കിന്റെ കഥ.
എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു. "നിന്നെ ഞാനോർക്കുന്നു- നീ പാതിരാത്തീവണ്ടിയിൽ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം." എന്നായിരുന്നു അവസാനവരി. തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര. പകരം മറ്റൊരു വാക്ക് കിട്ടിയില്ല. ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല. ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത. ആ
എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു.
“നിന്നെ ഞാനോർക്കുന്നു- നീ
പാതിരാത്തീവണ്ടിയിൽ
എന്റെയീരടി മൂളി
ഉറങ്ങാതിരിപ്പുണ്ടാം.”
എന്നായിരുന്നു അവസാനവരി.
തൃപ്തി തോന്നിയില്ല. ‘മൂളി’ എന്ന വാക്കിന് ശക്തി പോര.
പകരം മറ്റൊരു വാക്ക് കിട്ടിയില്ല.
ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ
പരമാവധി ശ്രമിച്ചു.
കഴിഞ്ഞില്ല.
എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല.
ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത.
ആ വാക്കു കിട്ടുന്നില്ല.
മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല.
ദിനചര്യകൾ തെറ്റി.
ഓഫീസിൽ പോകാതെ വിജനതകളിൽ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയിൽ കയറി നിലമ്പൂർക്ക് പോയി.
രാപകൽ മദ്യപിച്ചുനോക്കി.
ആ വാക്കു കിട്ടുന്നില്ല.
ഉറക്കമില്ലാതായി.
ഭ്രാന്താവുമോ? ഭയം തോന്നി. വേണ്ട. കവിതയും വേണ്ട ഒരു കോപ്പും വേണ്ട. മനസ്സമാധാനം മതി.ഒന്നുറങ്ങിയാൽ മതി.
തണുത്ത വെള്ളത്തിൽ കുളിച്ചു.
വൈദ്യൻ തന്ന എണ്ണ രാത്രിയിൽ നിറുകയിൽ വെച്ചു. ഉള്ളംകാലിൽ പുരട്ടി.
ഒരുവിധം ഉറക്കം ശരിയായി.
ഓഫീസിൽ പോകാൻ തുടങ്ങി.
മുളംകാടുകൾക്കിടയിൽ മറയുന്ന ചന്ദ്രനെപ്പോലെ, ജോലിത്തിരക്കിനിടയിൽ കവിതയെക്കുറിച്ചുള്ള ചിന്ത മങ്ങിമറഞ്ഞു.
ഒരുദിവസം രാവിലെ
തിരക്കുള്ള ബസ്സിൽ കമ്പിയിൽ പിടിച്ചുതൂങ്ങിനിന്ന് ഓഫീസിലേക്കു പോകുമ്പോൾ
ഓർക്കാപ്പുറത്ത് മനസ്സിൽ ഇടിമിന്നൽപോലെ ആ വാക്ക് ഉദിച്ചു.
കവിത പൂർത്തിയായി.
“നിന്നെഞാനോർക്കുന്നു -നീ പാതിരാത്തീവണ്ടിയിൽ
എന്റെയീരടി തീണ്ടി
ഉറങ്ങാതിരിപ്പുണ്ടാം.”
“മൂളി” എന്ന വാക്കിനു പകരം “തീണ്ടി” എന്ന വാക്ക്!
സന്തോഷംകൊണ്ടു ഭ്രാന്തായി. ഇനി മരിച്ചാലും സാരമില്ല എന്നു തോന്നി.
ഉടൻ ബസ്സിൽനിന്നിറങ്ങി. ഓഫീസിൽ പോകാതെ നേരെ ബാറിലേക്കുപോയി.
വീട്ടിൽ പോകാതെ മൂന്നുദിവസം ആ സന്തോഷം ആഘോഷിച്ചു.
മദ്യശാലകളിലെയും തെരുവിലെയും സുഹൃത്തുക്കളെയും പരിചയക്കാരെയും മാത്രമല്ല, അപരിചിതരെപ്പോലും ആ കവിത ചൊല്ലിക്കേൾപ്പിച്ച് ബോറടിപ്പിച്ചു.
ഇതൊന്നും നിങ്ങൾ വിശ്വസിക്കില്ലെന്നറിയാം.
നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും.
ആ വാക്കും ആ കവിതയും എന്റെ ഉന്മാദവുമൊക്കെ തീർച്ചയായും ലോകത്തിനു നിസ്സാരമായിരിക്കും.
പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു.
ലോകത്തിലെ ഏത് അവാർഡിനേക്കാളും വിലപ്പെട്ട ആനന്ദം.
(*കവിത: ആരോ ഒരാൾ

