വായനക്കാര്‍ തീരുമാനിക്കട്ടെ എന്താണ് വേണ്ടതെന്ന്
ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ . ഈ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ഈ
പുതിയ പുസ്തകം ‘രാത്രി 12 മണിക്ക് ശേഷം’, റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ മൂന്നാം പതിപ്പിലേക്ക് കടന്നല്ലോ. വായനക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെയാണ്?
‘രാത്രി പന്ത്രണ്ട് മണിക്ക് ശേഷം’ ഒരു പരീക്ഷണ നോവലാണ്. ക്ലൈമാക്സ് ഉള്‍പ്പടെ പലതവണ മാറ്റിയെഴുതിയാണ് ഫൈനല്‍ പുസ്തകം വരുന്നത്. അത് വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ സമ്മിശ്രമായിട്ടുള്ള പ്രതികരണങ്ങളാണ് വരുന്നത്. കുറച്ച് സങ്കീര്‍ണമായിട്ടുള്ള കഥയാണ്. ഇടവേള എടുക്കാതെ വായിക്കണമെന്ന അഭിപ്രായം ഞാന്‍ ആമുഖത്തില്‍ തന്നെ പറഞ്ഞിരുന്നു. അത് എത്ര പേര്‍ക്ക് കഴിഞ്ഞു എന്ന് അറിയില്ല. പക്ഷേ ഒറ്റയിരുപ്പില്‍ വായിച്ച ആളുകള്‍ക്ക് ആ സങ്കീര്‍ണത ബാധിക്കാതെ നോവല്‍ അതിന്‍റെ ഭംഗിയില്‍ വായിക്കാന്‍ പറ്റിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നാലാം പതിപ്പ് മുതല്‍ വായനക്കാര്‍ക്ക് എളുപ്പം റെഫര്‍ ചെയ്യാന്‍ ഒരു ചാര്‍ട്ട് കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി 12 ശേഷം, മെര്‍ക്കുറി ഐലന്‍റ്, ഓജോ ബോര്‍ഡ് – അഖിലിന്‍റെ നോവലുകള്‍ കൂടുതലും ഒരു മിസ്റ്ററി, പാരാനോര്‍മല്‍ സബ്ജക്ടുകളാണല്ലോ. റാം കെയര്‍ ഓഫ് ആനന്ദി മാത്രമാണ് അതില്‍ നിന്ന് മാറി വന്നത്. ഇത്തരം സബ്ജക്ടുകള്‍ എങ്ങനെ വരുന്നു? കേരളത്തില്‍ ഇത്തരം സബ്ജക്ടുകള്‍ എക്സിക്യൂട്ട് ചെയ്തെടുക്കുക എന്നത് ശ്രമകരമല്ലേ?
എന്‍റെ നാലു നോവലുകളില്‍ മൂന്നെണ്ണവും അതിസാങ്കല്‍പ്പികമായ കണ്‍സപ്റ്റുകളിലുള്ള കഥയാണ്. ഇനിയും ഇടയ്ക്കിടക്ക് ഇത്തരം സബ്ജക്ടുകള്‍ എഴുതണമെന്നാണ് ആഗ്രഹം. മെര്‍ക്കുറി ഐലന്‍റും ഓജോ ബോര്‍ഡും കഴിഞ്ഞപ്പോള്‍ ആ ഒരു പാറ്റേണ്‍ മാറ്റിപ്പിടിക്കണമെന്ന് തോന്നിയത് കൊണ്ടാണ് റാം C/O ആനന്ദി എഴുതിയത്. അത് ചെന്നൈയില്‍ ചെന്ന് നിന്ന് പഠിച്ച് എഴുതിയതാണ്. യഥാര്‍ഥ ജീവിതം കണ്ട് അത് എഴുതുന്നത് ഞാന്‍ ആസ്വദിക്കുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ ഞാന്‍ ആസ്വദിക്കുന്ന കാര്യമാണ് ഒരിക്കലും നടന്നിട്ടില്ലാത്ത ചില കാര്യങ്ങള്‍, ചില ഊഹങ്ങള്‍ ഒക്കെ എടുത്ത് അതില്‍ മിസ്റ്ററിയും ത്രില്ലിംഗ് ഘടകങ്ങളുമൊക്കെ ചേര്‍ത്ത് എഴുതുന്നത്. ഓജോ ബോര്‍ഡ് എഴുതുമ്പോള്‍ അതൊരു പ്രേത നോവലാണ്, അതൊകൊണ്ട് അത് ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ അത് വായിക്കും എന്ന വിശ്വാസമുണ്ടായിരുന്നു. അത് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ വായനക്കാരെ ഒരിക്കലും വില കുറച്ച് കാണാന്‍ പാടില്ല. നമ്മള്‍ ഏത് ജോണര്‍ എഴുതിയാലും വായിക്കാന്‍ ആളുണ്ട്. ഏത് വിഷയത്തെയും ഇഷ്ടപ്പെടുന്ന ഒരു വായനാ സമൂഹം ഇവിടെയുണ്ട്. അതിന്‍റെ എണ്ണത്തില്‍ ചിലപ്പോള്‍ കുറവോ കൂടുതലോ ഉണ്ടായിരിക്കാം. പക്ഷേ എല്ലാത്തരം വായനക്കാരും ഇവിടെയുണ്ട് എന്നതാണ് സത്യം. ഞാനും അങ്ങനെ പുതിയ പുതിയ വിഷയങ്ങള്‍ തേടിപ്പോവുകയും അതില്‍ കഥ മെനയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ്. അതാണ് രാത്രി 12 മണിക്ക് ശേഷത്തിലൂടെയും ചെയ്യാന്‍ ശ്രമിച്ചത്.
റാം C/O ആനന്ദി, അഖിലിനെ വലിയ ഹൈപ്പുള്ള ഒരു എഴുത്തുകാരനാക്കിയിട്ടുണ്ട്. ഈ ഹൈപ്പ് പുതിയ പുസ്തകത്തിന്‍റെ എഴുത്തിനെ ബാധിച്ചിരുന്നോ? അതിന്‍റെ വായനെ ബാധിക്കുമെന്ന ആശങ്കയുണ്ടോ?
റാം C/O ആനന്ദി വലിയൊരു ഹൈപ്പിലേക്ക് എന്നെ കൊണ്ടെത്തിച്ചിട്ടുണ്ട്. അതൊരു വലിയ ഉത്തരവാദിത്വം കൂടിയാണ്. പക്ഷേ റാം C/O ആനന്ദി ഒരു റൊമാന്‍റിക് ഫിക്ഷനാണ്. അത് തന്നെ എഴുതിക്കൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ആദ്യത്തെ നോവല്‍ ഹൊററാണ്, രണ്ടാമത്തേത് ഒരു ഫാന്‍റസി ഫിക്ഷനാണ്. ഏറ്റവും അവസാനം ഇറങ്ങിയത് ഒരു മിസ്റ്ററി ത്രില്ലറാണ്. അങ്ങനെ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ആഗ്രഹം. അതില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ വലിയ വിജയമാകുമ്പോള്‍ അതിനനുസരിച്ചുള്ള ഹൈപ്പും വരും. പക്ഷേ നമ്മള്‍ ആ ഒരു ഹൈപ്പില്‍ തന്നെ ജീവിച്ചാല്‍ എഴുത്ത് ജീവിതത്തില്‍ വളര്‍ച്ചയുണ്ടാവില്ല എന്ന് തോന്നുന്നുണ്ട്. ഒരു പുസ്തകം പരാജയപ്പെട്ടാല്‍ അത് എന്തുകൊണ്ടെന്ന് മനസിലാക്കി മുന്നോട്ട് പോകണം. വിജയമാണെങ്കില്‍ ആ വിജയം ആഘോഷിച്ച് അവിടെ ഉപേക്ഷിച്ച് അടുത്ത പുസ്തകം ആദ്യ പുസ്തകം പോലെ എഴുതാനായിട്ട് ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാ കാലത്തും എല്ലാ പുസ്തകങ്ങളും വിജയിക്കണമെന്നില്ല. ആദ്യ കാലത്ത് ഒരു ടെന്‍ഷനുണ്ടായിരുന്നു. പിന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തന്നെ മനസിലാക്കി എടുത്തു.
റാം C/O ആനന്ദി കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച പുസ്തകമാണ്. ഒരു വായനാ വിപ്ലവം തന്നെ മലയാളത്തില്‍ ഈ അടുത്ത കാലത്ത് സാധ്യമാക്കിയ പുസ്തകമാണ്. എന്നാല്‍ പുസ്തകം പൈങ്കിളിയാണെന്നും, സാഹിത്യം എന്ന നിലയില്‍ കാണാനാവില്ലെന്നും വാദിക്കുന്നവരുണ്ട്. ഇതിന് അഖില്‍ മുമ്പ് തന്നെ മറുപടി പറഞ്ഞതാണ്. എങ്കിലും നോവല്‍ 50 പതിപ്പുകളും പിന്നിട്ട് മുന്നേറുമ്പോള്‍ എന്താണ് പറയാനുള്ളത്?
പുതിയ തലമുറയിലെ കുട്ടികളില്‍ വായന കുറയുന്നു എന്ന് പറഞ്ഞു കൊണ്ടിരുന്ന ഒരു സമയത്താണ് റാം C/O ആനന്ദി പുറത്തിറങ്ങുന്നത്. അവരില്‍ പലരും പുസ്തകം വായിക്കാനായി കയ്യിലെടുത്തത് എന്‍റെ നോവലാണെന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഇത് പൈങ്കിളിയാണെന്നും സാഹിത്യമല്ലെന്നും വാദിക്കുന്നവരുണ്ട്. ഞാനും അവരെ പിന്തുണയ്ക്കുന്നു. ഈ പറയപ്പെടുന്ന സാഹിത്യം എന്ന രീതിയില്‍ റാം C/O ആനന്ദിയെ കാണാന്‍ പറ്റുന്നില്ലെങ്കില്‍ വേണ്ട. എന്തായാലും അത് അക്ഷരങ്ങള്‍ കൊണ്ടുള്ള ഒരു മായാജാലമോ, കഥ മെനച്ചിലോ ഒക്കെ ആണല്ലോ. പിന്നെ ഈ പൈങ്കിളി എന്ന് പറയുന്നത് എന്താണെന്ന് എനിക്ക് വ്യക്തമല്ല. പ്രണയ നോവലുകളെ എല്ലാം ഇവര്‍ പൈങ്കിളിയിലാണോ പെടുത്തുന്നത്? സ്നേഹവും ബന്ധങ്ങളുമൊക്കെ വരുന്നതിനെയാണ് പൈങ്കിളി എന്ന് വിളിക്കുന്നതെങ്കില്‍ അങ്ങനെ വിളിച്ചോട്ടെ. എനിക്ക് കുഴപ്പമില്ല. അത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ടല്ലോ. ഒന്നിനെയും വില കുറച്ച് കാണാതിരിക്കുക എന്ന് മാത്രമേ എനിക്ക് അതില്‍ പറയാനുള്ളൂ. എല്ലാ തരത്തിലുള്ള എഴുത്തുകളും എല്ലാ കാലവും സ്വീകരിക്കപ്പെടണമെന്നില്ല. പണ്ട് തഴയപ്പെട്ട ഒരുപാട് പുസ്തകങ്ങളും ഇപ്പോള്‍ ഈ കാലത്ത് വായിക്കപ്പെടുന്നുണ്ട്. പണ്ട് എഴുത്തുകാരെന്ന് പോലും മറ്റ് എഴുത്തുകാരും വായനക്കാരും അംഗീകരിക്കാത്തവരുടെ പുസ്തകങ്ങൾ പോലും ഇപ്പോള്‍ വിറ്റഴിയപ്പെടുന്നുണ്ട്. പൈങ്കിളിയെന്ന് വിളിക്കപ്പെടുന്നതില്‍ ആദ്യമൊക്കെ വിഷമം ഉണ്ടാവുമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല ഞാന്‍ അതിനെ കാണുന്നത്. ഓരോ പുസ്തകവും അതിന്‍റെതായ ഓഡിയന്‍സില്‍ എത്തുകയും വായിക്കപ്പെടുകയും അവിടെ നിന്നുള്ള അഭിപ്രായങ്ങളെ സ്വീകരിക്കുകയും ചെയ്യുക എന്നതിലാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. എന്‍റെ ഒരു പുസ്തകം 50 പതിപ്പ് കഴിയുക എന്നത് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്. ഇപ്പോള്‍ 54 എഡിഷനായി. അതില്‍ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്.

അഖില്‍ പി. ധര്‍മജന്‍
പേഴ്സണലി അഖില്‍ എന്താണ് ആഗ്രഹിക്കുന്നത്? നോവലുകള്‍ക്ക് പൊതുവേ ഈ പറയപ്പെടുന്ന ‘സാഹിത്യഗുണം’ വേണമെന്നാണോ, അതോ ‘സിനിമാറ്റിക്’ ആയ നോവലുകളും കൂടുതലായി ഇറങ്ങണമെന്നാണോ? ഇതില്‍ ഏതെങ്കിലുമൊന്നാണ് മെച്ചപ്പെട്ട സൃഷ്ടി എന്ന് അഭിപ്രായമുണ്ടോ?
ഈ പറയുന്ന സാഹിത്യം എന്നെക്കൊണ്ട് ഇപ്പോള്‍ എടുത്താല്‍ പൊങ്ങാത്ത കാര്യമാണ്. ഞാന്‍ വായിക്കാറുണ്ട്. പക്ഷേ ഈ പറയുന്ന ഒരുപാട് ‘സാഹിത്യപരമായ’ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസിലാവാറില്ല. കുറേ സമയം അതിന് വേണ്ടി ചിലവഴിക്കേണ്ടി വരും. ചിലതൊക്കെ നല്ല ഭംഗിയാണ്, പക്ഷേ ചില വാക്കുകള്‍ നമ്മളെ ആശയക്കുഴപ്പത്തിലാക്കും. പണ്ട് അതത്ര കുഴപ്പമില്ലായിരുന്നു. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് മലയാള ഭാഷയിലെ പല വാക്കുകളും അറിയുക പോലുമില്ല. മലയാളം വായിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഒരുപാട് കുട്ടികളെ എനിക്കറിയാം. അങ്ങനെയുള്ള ഒരു വിഭാഗത്തിലേക്ക് പുസ്തകം എത്തണമെങ്കില്‍ എഴുത്ത് സിനിമാറ്റിക് രീതിയിലേക്ക് മാറ്റേണ്ടതുണ്ടെങ്കില്‍ അങ്ങനെ മാറ്റണം എന്നാണ് എന്‍റെ അഭിപ്രായം. സാഹിത്യം എഴുതുന്നവര്‍ അത് തുടരുക. അതിന്‍റെതായിട്ടുള്ള പ്രേക്ഷകരും ഇവിടെയുണ്ട്. അവരോട് എനിക്ക് ബഹുമാനമുണ്ട്. എനിക്ക് അങ്ങനെ എഴുതാനും വായിക്കാനും പറ്റുന്നില്ലല്ലോ. പക്ഷേ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരെ കൂടി തൃപ്തിപ്പെടുത്താന്‍ പറ്റുന്ന നോവലോ കഥയോ എഴുതാന്‍ എന്നെങ്കിലും എനിക്ക് പറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇപ്പൊ എനിക്ക് എഴുതാനറിയുന്നത് സിനിമാറ്റിക് എഴുത്താണ്. അത് തുടരും. എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന കാര്യം മറ്റൊരാള്‍ അതേ ഭംഗിയില്‍, അതേ ആഴത്തില്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍ അതാണ് ഒരു സൃഷ്ടിയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതല്ലേ പ്രധാനം. ഏതാണ് വേണ്ടതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുത്തുകാര്‍ തീരുമാനിച്ചിട്ട് കാര്യമില്ല.
ട്രാന്‍സ് ഫോബിക് ആയിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടെ ട്രാന്‍സ് വ്യക്തികളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിലും വിസിബിലിറ്റി ഉണ്ടാക്കുന്നതിലും മല്ലി എന്ന കഥാപാത്രം സഹായിച്ചിട്ടുണ്ട്. ആനന്ദിയെപ്പോലെ തന്നെ സ്നേഹിക്കപ്പെട്ടവളാണ് മല്ലി. ആ തരത്തില്‍ കഥാപാത്രത്തെ പ്ലേസ് ചെയ്യാന്‍ പറ്റിയിട്ടുണ്ട് നോവലില്‍. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരുടെ പ്രതികരണം അറിയാന്‍ പറ്റിയിരുന്നോ?
ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരുപാട് പേര്‍ ബന്ധപ്പെടാറുണ്ട്. മല്ലി എന്ന കഥാപാത്രത്തിന് ഭയങ്കരമായ സ്വീകരണമാണ് അവരില്‍ നിന്ന് കിട്ടിയത്. ചെന്നൈയില്‍ ഉള്ളപ്പോള്‍ തന്നെ എനിക്ക് ട്രാന്‍സ് വ്യക്തികളുമായി അടുത്ത സൗഹൃദമുണ്ട്. പക്ഷേ കേരളത്തിലെ അന്തരീക്ഷം പോലെയല്ല, ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഒരുപാട് ട്രാന്‍സ് വ്യക്തികള്‍ തമിഴ്നാട്ടിലുണ്ട്. അവര്‍ എന്തുകൊണ്ട് അത് ചെയ്യേണ്ടി വരുന്നു, അവര്‍ക്ക് എന്തുകൊണ്ട് നല്ല ഒരു തൊഴില് കിട്ടുന്നില്ല, താമസിക്കാന്‍ സുരക്ഷിതമായ സ്ഥലം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ നിന്നാണ് ഞാന്‍ മല്ലി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. കഥാപാത്രം ആ കമ്മ്യൂണിറ്റിയിലുള്ളവര്‍ ഏറ്റെടുക്കുന്നതില്‍ ഭയങ്കര സന്തോഷമുണ്ട്. അവരില്‍ പലരും ഇന്ന് എന്‍റെ വളരെ അടുത്ത സുഹൃത്തുക്കളാണ്.
ഇതൊക്കെയായിരുന്നെങ്കിലും, മല്ലി എന്ന കഥാപാത്രത്തിന്‍റെ നിര്‍മിതി ട്രാന്‍സ് വിരുദ്ധമാണെന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു. ചെറുപ്പത്തിലെ മോശം അനുഭവം അല്ല ഒരാളുടെ ജെന്‍റര്‍ നിര്‍ണയിക്കുന്നത് എന്ന തരത്തില്‍. എന്താണ് പ്രതികരണം?
ചെറുപ്പത്തിലെ മോശം അനുഭവം ഒരാളുടെ ജെന്‍റര്‍ മാറ്റില്ല എന്ന സ്റ്റേറ്റ്മെന്‍റ് ശരിയാണ്. പക്ഷേ നോവലില്‍ ഒരു വരി സ്കിപ് ചെയ്ത് വായിച്ചവരാണ് മുകളില്‍ പറഞ്ഞ വിമര്‍ശനവുമായി വരുന്നത്. ഞാന്‍ ഒരുപാട് പേരോട് ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്. നോവലില്‍ കൃത്യമായി എഴുതിയിട്ടുണ്ട്, മല്ലി എന്ന കഥാപാത്രം കാളിദാസനില്‍ നിന്ന് മല്ലിയുടെ ജെന്‍ററിലേക്ക് മാറിയ ആളാണ്. കാളിദാസന് ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോവലില്‍ വ്യക്തമായിട്ട് എഴുതിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ അബ്യൂസര്‍മാര്‍ തിരിച്ചറിഞ്ഞ് അവര്‍ ചൂഷണത്തിന് ശ്രമിക്കും. അങ്ങനെ അബ്യൂസ് ചെയ്യപ്പെട്ട ഒരുപാട് മനുഷ്യരുണ്ട്. കാളിദാസന് സംഭവിച്ചതും അതാണ്. കാളിദാസന്‍ ചെറുപ്പം മുതല്‍ തന്നെ പെണ്‍വേഷം കെട്ടി ആടാനൊക്കെ പോവുന്ന ഒരു കഥാപാത്രമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിലാണ് ചെറുപ്പം മുതലേ കാളിദാസന്‍ ജീവിച്ചു വന്നിരുന്നത്. അവള്‍ ഒരു പുരുഷനെ പ്രണയിക്കുകയും അയാളില്‍ നിന്ന് ചതി ഏറ്റുവാങ്ങി ചെന്നൈയില്‍ എത്തുകയുമാണ് ചെയ്യുന്നത്. കാളിദാസന് നേരെ അബ്യൂസ് ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ ചൈല്‍ഡ് അബ്യൂസ് കാരണം ട്രാന്‍സ്ജെന്‍റര്‍ ആയി എന്ന് മനസിലാക്കുന്നത് തെറ്റാണ്.
റാം C/O ആനന്ദി സിനിമയാകാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നല്ലോ. അതിന്‍റെ കാര്യങ്ങള്‍ ഇപ്പോള്‍ ഏത് സ്റ്റേജിലാണ്? ആരൊക്കെയാണ് അഭിനേതാക്കള്‍ എന്ന് തീരുമാനിച്ചോ?
സിനിമയുടെ സ്ക്രിപ്റ്റിംഗ് നടക്കുന്നതേയുള്ളൂ. ഒരു പോപ്പുലര്‍ നോവല്‍ ആയതിനാലും ഒരുപാട് പേര്‍ ഇതിനകം തന്നെ വായിച്ചു കഴിഞ്ഞതിനാലും പലരുടെയും പ്രതീക്ഷകള്‍ പല തരത്തിലായിരിക്കും. അതൊക്കെ അഡ്രസ് ചെയ്യുന്ന തരത്തില്‍ സമയമെടുത്ത് ചെയ്യാനാണ് ഞാനും അവരോട് ആവശ്യപ്പെട്ടത്. കാസ്റ്റിംഗും മറ്റു കാര്യങ്ങളും സ്ക്രിപ്റ്റിംഗ് കഴിഞ്ഞ ശേഷം മാത്രമേ തീരുമാനമാകൂ. എന്തായാലും മികച്ച കാസ്റ്റും ക്രൂവും തന്നെയായിരിക്കും. വൈകാതെ അപ്ഡേറ്റ് തരാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

