Home / ലേഖനങ്ങള്‍  / പോസ്റ്റ്‌ ട്രൂത്ത് പൊളിറ്റിക്സ്

പോസ്റ്റ്‌ ട്രൂത്ത് പൊളിറ്റിക്സ്

ഉണ്ണി ബാലകൃഷ്ണൻ :എന്താണ് സത്യാനന്തര കാലത്തെ രാഷ്ട്രീയം? എന്താണ് സമൂഹം ആ മേഖലയിൽ നേരിടുന്ന വെല്ലുവിളി? എം സ്വരാജ് : സത്യത്തിൽ വിവിധ തലങ്ങൾ ഉള്ള ഒരു വിഷയമാണിത്. "സത്യാനന്തരം' എന്ന വാക്കിനെ നാം ഒരു പുതിയ വാക്കായാണ് കരുതുന്നത്. സെർബ്യൻ അമേരിക്കൻ നാടകകൃത്തായ സ്റ്റീവ് ടെസിക് (steve tesich

Unni balakrishnan swaraj

ണ്ണി ബാലകൃഷ്ണൻ :എന്താണ് സത്യാനന്തര കാലത്തെ രാഷ്ട്രീയം? എന്താണ് സമൂഹം ആ മേഖലയിൽ നേരിടുന്ന വെല്ലുവിളി?

എം സ്വരാജ് : സത്യത്തിൽ വിവിധ തലങ്ങൾ ഉള്ള ഒരു വിഷയമാണിത്. “സത്യാനന്തരം’ എന്ന വാക്കിനെ നാം ഒരു പുതിയ വാക്കായാണ് കരുതുന്നത്. സെർബ്യൻ അമേരിക്കൻ നാടകകൃത്തായ സ്റ്റീവ് ടെസിക് (steve tesich ) ആണ് 1992 ൽ തന്റെയൊരു പ്രബന്ധത്തിൽ “പോസ്റ്റ്‌ ട്രൂത്ത്’ എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതുന്നു. പിന്നീട് ഒരു വ്യാഴവട്ടത്തിനുശേഷം റാൽഫ് കേസ് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ “ദി പോസ്റ്റ്‌ ട്രൂത്ത് എറ’ എന്നായിരുന്നു. മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടുകയും ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ലോകത്തെ വഞ്ചനയുടെ ആധിക്യത്തെ സംബന്ധിക്കുന്ന ചില നിരീക്ഷണങ്ങൾ, പഠനങ്ങൾ മുൻപോട്ട് വയ്ക്കുന്നുണ്ട്. ഇവിടെ സത്യാനന്തരകാലത്തെ രാഷ്ട്രീയം എന്നാൽ എല്ലാറ്റിനെയും അങ്ങനെ വിളിക്കാൻ കഴിയും. കുറച്ചു വർഷം മുൻപ് അമേരിക്കൻ പ്രസിഡന്റ് ആയി റൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഈ വാക്കിന് പ്രചുരപ്രചാരം സിദ്ധിക്കുന്നത്.  സത്യവും അസത്യവും എല്ലാ കാലത്തുമുണ്ട്. സത്യത്തിന്റെ സൗവർണ്ണകാലം എന്നൊരു കാലമില്ല. എന്നാൽ അസത്യപ്രചരണങ്ങൾക്ക് ശക്തി ലഭിച്ച ഒരു കാലം ഇതായിരിക്കും. അതായത്, അസത്യങ്ങൾ സത്യമെന്ന് ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട കാലം ഇതായിരിക്കും. സത്യാനന്തര കാലത്തെ രാഷ്ട്രീയം വൻതോതിൽ പ്രതീതികൾ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന നീക്കമാണ് ഇന്ന് നടത്തുന്നത് എന്ന് ലഘുവായി പറയാം. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒരു ജനാധിപത്യരാഷ്ട്രത്തിന് നിരക്കാത്ത രീതിയിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങൾ പാലിച്ചുകൊണ്ട് നടക്കുകയുണ്ടായി. അത് ചൂണ്ടിക്കാണിക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾ വലിയ വീഴ്ച വരുത്തി. പിറ്റേദിവസം ഇറങ്ങിയ മലയാളമനോരമ പത്രത്തിന്റെ തലക്കെട്ട് “സമർപ്പണം’ എന്ന വാക്കായിരുന്നു. മാതൃഭൂമി പത്രത്തിന്റെ തലക്കെട്ട് “പുതിയ ഇന്ത്യ’  എന്നായിരുന്നു. ഈ നിലയിൽ മാധ്യമങ്ങളെക്കൂടി പങ്കാളിയാക്കിക്കൊണ്ട് പാർലമെന്റ് ഉദ്ഘാടനം നടന്നു. മറ്റൊന്ന്, രാമക്ഷേത്രത്തിന്റെ “പ്രാണപ്രതിഷ്ഠ’ എന്ന ചടങ്ങ് തിരഞ്ഞെടുപ്പിനു മുൻപ് വളരെ ധൃതിപ്പെട്ട് പ്രധാനമന്ത്രി നിർവഹിക്കുന്നു. ഒരു മതനിരപേക്ഷരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഒരു വിഭാഗത്തിന്റെ ആരാധനാലയം ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പോലും ഭക്തിസാന്ദ്രമായ ഒന്നായി സംപ്രേഷണം ചെയ്തു.

ഇത്തരത്തിൽ പ്രതീതികൾ സൃഷ്ടിച്ചുകൊണ്ട് അയഥാർത്ഥലോകത്തേയ്ക്ക് ജനങ്ങളെ നയിക്കുക എന്നതാണ്, അതിന് സാധിക്കുന്നത് മാധ്യമങ്ങളുടെ നിർലോഭമായ പിന്തുണയോടുകൂടിയാണ്.

ഉണ്ണി ബാലകൃഷ്ണൻ : 2016ലാണ് Oxford dictionaries ആ വർഷത്തെ വാക്കായിട്ട് Post truth നെ തെരഞ്ഞെടുക്കുന്നത്. 1992 ൽ ആണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്. ആ വർഷത്തിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ചരിത്രപരമായി യാതൊരു തെളിവും ഇല്ലാതെ, രാമൻ എന്ന ഒരാൾ അയോധ്യയിൽ ജനിച്ചു എന്നും പടയോട്ടങ്ങൾ സംഭവിച്ചപ്പോൾ ക്ഷേത്രം തകർത്ത് പള്ളിയായി പരിവർത്തനം ചെയ്തു എന്ന് പറയുകയും ചെയ്തു. വസ്തുതയില്ലാത്ത ഈ കേട്ടുകേൾവിയുടെ പേരിൽ, വൈകാരികമായി ആളുകളെ ഒന്നിപ്പിച്ചു ഒരു പള്ളി തകർക്കപ്പെട്ടു.  യഥാർത്ഥത്തിൽ ഇന്ത്യയുടെ രാഷ്ട്രീയം മാറുന്നത്, 1992 ലെ രാമജന്മപ്രസ്ഥാനം ബാബറി മസ്ജിദ് തകർക്കുന്നതോട് കൂടിയാണ്. സ്റ്റീവ് ടെസിക് പോസ്റ്റ്‌ ട്രൂത്ത് എന്ന പദം ആദ്യമായ് പ്രയോഗിച്ചപ്പോൾ തന്നെ ഇന്ത്യയിൽ അത് ബാബറി മസ്ജിദ് തകർക്കാൻ ഉപയോഗിച്ചു കഴിഞ്ഞു. സോക്രട്ടീസ് പറഞ്ഞിരിക്കുന്നത് നിങ്ങൾ ഒരു ഗോത്രത്തെ ഒരുമിച്ചു നിർത്താനായി നുണകൾ പറയാം എന്നാണ്. അതിന് അദ്ദേഹം വിളിച്ച പേര് noble lie അഥവാ കുലീനമായ നുണ എന്നാണ്. അല്പം മുൻപ് സ്വരാജ് പറഞ്ഞതുപോലെ മാധ്യമങ്ങൾക്ക് ഇത്തരം നുണ പ്രചരണങ്ങളിൽ വലിയ പങ്കുണ്ട്. എന്നാൽ, പത്രങ്ങൾ ഉണ്ടായപ്പോഴാണ് ലോകത്തിൽ ജനാധിപത്യമുണ്ടായത്. വളരെ പ്രോഗ്രസ്സീവ് ആയ റോളാണ് പത്രങ്ങൾ അതിൽ നിർവഹിച്ചത്. വലിയ കമ്മ്യൂണിക്കേഷനും കോൺവെർസേഷനുമാണ് അതിന്റെ കാരണം. അത് സാധ്യമാക്കിയത് പത്രങ്ങളാണ്. പരമ്പരാഗത പ്രിന്റ് മീഡിയയുടെയും ടെലിവിഷന്റെയും പ്രസക്തി ഇന്നില്ല. നൂതനമാധ്യമങ്ങൾ വന്നു. അതാണ് സമൂഹമാധ്യമങ്ങൾ. പോസ്റ്റ്‌ ട്രൂത്ത് ന്റെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട റോൾ വഹിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. മനുഷ്യനെ സ്വാധീനിക്കുന്നത് ഈ സമൂഹമാധ്യമങ്ങളാണ്. പത്തുപേര് പറഞ്ഞാൽ ഒരു ആടിനെ പട്ടിയാക്കാം എന്ന് വളരെ പണ്ടേ നാം പറയാറുണ്ട്. അത് മനോഹരമായി ചെയ്യുന്നത് സോഷ്യൽ മീഡിയ ആണ്. ഇതുകൊണ്ട്, സമൂഹമാധ്യമങ്ങൾ വളരെ മോശമാണ് എന്ന് ഞാൻ പറയില്ല, വിപ്ലവാത്മകമായ വലിയ മാറ്റങ്ങൾ ലോകത്തുണ്ടാക്കിയതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അവർ ഗറില്ല പോരാളികൾ അല്ല സൈബർ പോരാളികൾ ആണ്. എന്നാൽ ഇന്ന് വലിയ തോതിൽ അധികാരമുള്ളവർക്ക് ഉപയോഗിക്കാൻ പാകത്തിന്, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സമൂഹമാധ്യങ്ങൾ മാറിയിരിക്കുന്നു എന്ന് കാണാം.

പോസ്റ്റ്‌ ട്രൂത്ത് ഇന്ന് വളർന്ന് വന്നു ഒരു സാധാരണക്കാരനെ “പട്ടിണി’ പ്രശ്നത്തിനപ്പുറം “ദേശരക്ഷ’യാണ് പ്രധാനം എന്ന നിലയിലേയ്ക്ക് മാറ്റി. വൈകാരികമായി സംഘടിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സ്വാധീനം. സ്വരാജ് പറഞ്ഞതുപോലെ  വലിയ തോതിൽ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം  ഉപയോഗിക്കപ്പെടുന്നു.

നമ്മുടെ രാഷ്ട്രീയമേഖല ഇതിനെ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. തീവ്രവലതുപക്ഷം ഇത് വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇടതുപക്ഷത്തിന് ഇത് സാധിച്ചിട്ടുണ്ടോ?

സ്വരാജ് : ഉണ്ണി ബാലകൃഷ്ണൻ ചോദിച്ച ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് മഹാഭാരതത്തിലെ ഒരു ചതിയെ കുറിച്ച് താങ്കൾ പറഞ്ഞു. അതിനോട് ചേർത്ത് നിർത്തി പറയട്ടെ,  അശുദ്ധാത്മാവ് എന്നൊരു ആന കൊല്ലപ്പെട്ടു എന്നതായിരുന്നു അങ്ങ് ആദ്യം സൂചിപ്പിച്ചത്. ഇക്കാലത്തിന്റെ പ്രത്യേകത ആനയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതാണ്.  നിർഭാഗ്യകരമായി ഞാൻ ഇവിടെ വിയോജിക്കുന്നു. ലോകത്തിന്റെ ചരിത്രത്തിൽ അടിച്ചമർത്തപ്പെട്ട പത്രങ്ങൾ കൂടിയുണ്ട്.  ജയിലിൽ അടയ്ക്കപ്പെട്ട പത്രാധിപന്മാരുടെയും അടച്ചുപൂട്ടപ്പെട്ട പത്രസ്ഥാപനങ്ങളുടെയും ചരിത്രം വിസ്മരിക്കാൻ കഴിയില്ല.

എന്നാൽ ഈ കാലഘട്ടത്തിൽ പോസ്റ്റ്‌ ട്രൂത്ത് കാലത്ത് മാധ്യമങ്ങളുടെ സ്വാധീനം ഉണ്ട്. ഏറ്റവും ലളിതമായ ഉദാഹരണം, വാളയാറിൽ രണ്ട് കുഞ്ഞുങ്ങൾക്കുണ്ടായ ദുരന്തം.”വാളയാറിലെ അമ്മ ‘ എന്ന വൈകാരിക പ്രയോഗം ഒരു രാഷ്ട്രീയമുദ്രാവാക്യമായി മാറി. ആ പ്രതീകം ഇടതുപക്ഷത്തിന് എതിരായ ഒരു പ്രചാരണമായി മാറി. ചിഹ്നം കുഞ്ഞുടുപ്പ് ആണ് എന്ന് പ്രചരിച്ചു. കേരളത്തിൽ ചെറിയൊരു വിഭാഗം പോലും വാളയാറിലെ  അമ്മ നീതി ലഭിക്കാതെ പോയ ആളാണ് എന്ന് വിശ്വസിച്ചു. ഇത് വലിയ തോതിൽ സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഫലമാണ്. ഈ തരത്തിൽ സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. എല്ലാ ഇടതുപക്ഷപ്രവർത്തകരും ഈ സോഷ്യൽ മീഡിയയെ ഒരു രാഷ്ട്രീയപ്രവർത്തനമേഖലയായി കൂടി ഉപയോഗിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഉണ്ണി ബാലകൃഷ്ണൻ : മുഖ്യധാരാമാധ്യമവിമർശനങ്ങളിൽ വിശ്വസിക്കുന്നുണ്ട്. അക്കാര്യത്തിൽ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മേഖല കുറ്റമറ്റതാണ് എന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ 8-9 വർഷമായി നാം ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിലാണ്. സ്വാഭാവികമായും മാധ്യമങ്ങളെക്കുറിച്ച് പറയുന്നത് മാധ്യമങ്ങൾ ഒരിക്കലും ഒരു സർക്കാരിന്റെയും വാഴ്ത്തുപാട്ടുകാർ ആകരുത്. ആ അർത്ഥത്തിൽ കേരളത്തിലെ മാധ്യമങ്ങൾ മോദി സർക്കാരിനെതിരെ സംസാരിക്കാറുണ്ട്. എന്നാൽ ഇവിടെ  സർക്കാരിനെതിരെ സംസാരിക്കുമ്പോൾ അത് ഇടതുപക്ഷത്തിന് എതിരെ ആണോ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

2011– ‐ 2016 കാലത്ത് ഉമ്മൻ‌ചാണ്ടി സർക്കാർ നേരിട്ട രണ്ടു പ്രധാന ആരോപണങ്ങൾ, ഒന്ന് ബാർകോഴാ വിവാദം, സോളാർ വിവാദം. ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തെ പ്രതിപക്ഷത്തേക്കാൾ ശക്തമായി ഉന്നയിച്ചിരുന്നത് ഇവിടുത്തെ മാധ്യമങ്ങൾ ആയിരുന്നു. ആ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. നിരന്തരമായി നടന്ന ഈ ചർച്ചയുടെ ഫലമായി പി ആർ ഡി തന്നുകൊണ്ടിരുന്ന പരസ്യം പിൻവലിച്ചിട്ടുണ്ട് ആ സർക്കാർ. ചെയ്ത പരസ്യത്തിന്റെ തുക തരാതെയും ഇരുന്നു. അത് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെ വാഴ്ത്തിപ്പാടാനുള്ള സമയം അല്ല. മറിച്ച് ആ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടികാണിക്കാനുള്ള സമയമാണ്. ഇങ്ങനെ ഇന്ത്യയിൽ തന്നെ സംഭവിച്ചിട്ടുണ്ട്, 1984ലെ ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം അധികാരത്തിൽ വന്ന രാജീവ്‌ ഗാന്ധി ഗവണ്മെന്റിനെ ഒരു പത്രമാണ് താഴെയിറക്കിയത്. പ്രതിപക്ഷമല്ല. ബോഫോഴ്സ് കുംഭകോണം (Bofors kumbakonam) ആണ്. ഹിന്ദു എന്ന ദിനപ്പത്രം പുറത്ത് കൊണ്ടുവന്ന വാർത്തയാണ്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കണ്ടിട്ടുള്ളത് ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ്. അത്തരത്തിലുള്ള ഇടതുപക്ഷം മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനങ്ങളോട് എനിക്ക് വിമർശനമുണ്ട്. മാധ്യമങ്ങൾ വാർത്ത ഉൽപാദിപ്പിക്കുന്നില്ല. മാധ്യമം യഥാർത്ഥത്തിൽ കണ്ണാടിയാണ്. പ്രതിഛായ മോശമാക്കുന്ന കണ്ണാടിയോടല്ല നാം പ്രതിഷേധിക്കേണ്ടത്. സ്വയം ആത്മവിമർശനം നടത്തുന്നതിലാണ് കാര്യം. കോവിഡ് കാലത്തിൽ ഇടതുപക്ഷമാണ് മാധ്യമങ്ങളെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയത്. കേരളം പോലൊരു പ്രബുദ്ധസംസ്ഥാനത്ത് എളുപ്പമായി സർക്കാർവിരുദ്ധപ്രവർത്തനം നടത്താൻ സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കണം. എല്ലാകാലത്തും ഒരു ഇടതുപക്ഷവിരുദ്ധത കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനെ മറികടന്നുകൊണ്ടാണ് ഇടതുപക്ഷം, കമ്മ്യൂണിസം കേരളത്തിൽ വളർന്ന് വന്നത്. അതിന് അവരുടേതായ ഒരു മെക്കാനിസം ഉണ്ട്. അതൊക്കെ ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് ഇടതുപക്ഷം. എന്നാൽ ബിജെപി അങ്ങനെ അല്ല, ബുദ്ധിപൂർവ്വം ഇത്തരം പ്ലാറ്റ്ഫോമുകളെ വൈകാരികമായി ഉപയോഗിക്കുന്നുണ്ട്. ആ രീതിയിൽ ഒരു വിഭാഗം വികസിച്ചു വരുന്നു. അത് ചെറുതായി കാണരുത്. ഇടതുപക്ഷവിരുദ്ധതയാണ് മാധ്യമങ്ങൾക്കുള്ളത് എന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പ് ഉണ്ട്.

എം സ്വരാജ് : ബഹുമാന്യനായ ശ്രീ ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കുമ്പോൾ ഞാൻ വളരെ കൗതുകത്തോടെ കേട്ടിരിക്കുകയായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ വന്ന തോന്നൽ ഇത് ഞാൻ പറയേണ്ടതല്ലേ എന്നതായിരുന്നു.

ഉണ്ണിബാലകൃഷ്ണൻ : അതിന്റെ പ്രശ്നം, നമ്മൾ ഭാഗമായിരിക്കുന്ന ഒരു സംവിധാനത്തെ വിമർശിക്കാൻ പാടില്ല എന്നൊന്നും ഇല്ല. എല്ലാം ഭംഗിയോടെ സംതൃപ്തിയോടുകൂടി നടക്കുന്നു എന്ന് വന്നിട്ടുമില്ല. കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ച് ധാരാളം വിമർശനങ്ങൾ ഉള്ള ആളാണ് ഞാൻ. പക്ഷേ, ഞാൻ ഒരു മാധ്യമപ്രവർത്തകനാണ്. എന്റെ തൊഴിലിടമാണത്. എന്നാൽ വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.

എം. സ്വരാജ് : മാധ്യമങ്ങളുടെ പ്രവണതയെ സംബന്ധിച്ച വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നതുകൊണ്ട് മാധ്യമങ്ങളോട് ശത്രുതയുള്ള ആളാണ് എന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. അതില്ല. മാധ്യമപ്രവർത്തനത്തെ ഏറ്റവും ആരാധനയോടെ കാണുന്നുണ്ട് ഞാൻ. മാധ്യമപ്രവർത്തനത്തിന് ഏറെ സാധ്യതകൾ ഉണ്ടെന്ന് ഞാൻ കരുതുന്നുമുണ്ട്. വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിവുള്ള വിഭാഗമാണ് മാധ്യമങ്ങൾ. പരാതി അർഹിക്കുന്ന ആദരവോടെ മാധ്യമപ്രവർത്തനത്തെ കാണാൻ ആ രംഗത്തുള്ള ചിലർക്ക് കഴിയുന്നുണ്ടോ എന്നതാണ്. കേരളത്തിൽ ഇടതുപക്ഷതിനെതിരായി ചരിത്രപരമായി മാധ്യമങ്ങളുടെ ആക്രമണത്തെ ഇടതുപക്ഷം നേരിട്ടത് ആ കാര്യം തുറന്ന് കാണിച്ചുകൊണ്ടാണ്. ഞാൻ ലക്ഷ്യമിടുന്നത് അതാണ്.

ഏത് സർക്കാരിനെയും വിമർശിക്കണം. ജനാധിപത്യത്തിൽ സർക്കാരിനെ വിമർശിക്കണം. നിങ്ങൾ ഞങ്ങളെ വിമർശിച്ചില്ലെങ്കിൽ പിശക് പറ്റാവുന്നതാണ് എന്ന് ഞാൻ കരുതുന്നുമുണ്ട്. ലെനിൻ പറഞ്ഞത് ; ഞങ്ങൾക്ക് തെറ്റ് പറ്റും എന്നാണ്. ജീവിച്ചിരിക്കുന്ന സകലർക്കും തെറ്റ് പറ്റും. അത് വിമർശിക്കണം. ഈ ഗവണ്മെന്റിന്റെ വ്യവസായ വകുപ്പ് ഒരു വലിയ പദ്ധതി ലക്ഷ്യം വച്ചു. സംരംഭകത്വവർഷം. ചെറുകിട സംരംഭങ്ങൾ ഒരു ലക്ഷത്തോളം ആരംഭിക്കണം എന്ന്. അദ്ഭുതകരമായി ഒന്നേകാൽ ലക്ഷം അത് കടന്നു. എന്നാൽ കേരളത്തിലെ ഒരു മാധ്യമം, ആ നേട്ടത്തെ “ലക്ഷണമൊത്ത കള്ളം’ എന്ന തലക്കെട്ടിലാണ് അവതരിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ഇത് തെളിയിക്കാൻ അവർ ശ്രമിച്ചു. പക്ഷെ, സാധിച്ചില്ല.

ഇടതുപക്ഷത്തിനെതിരായ ആക്രമണം ഗവണ്മെന്റിനു എതിരായ വിമർശനം അല്ല. ഒരു യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചു ആഭരണങ്ങൾ കവർന്ന്, അടിച്ചു കൊന്ന്, വീടിന്റെ മുറ്റത്തു കുഴിച്ചിട്ട യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? പക്ഷേ, ദുരിതാശ്വാസക്യാമ്പിലേക്ക് ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുക്കാൻ ഇല്ലാതെ രണ്ടു രൂപ പിരിവെടുത്ത ഓമനക്കുട്ടനെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്തുകൊണ്ട്? ഇതിനോടൊക്കെ മാധ്യമങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്.

ഉണ്ണി ബാലകൃഷ്ണൻ : മാധ്യമങ്ങൾ  എല്ലാം കുഴപ്പക്കാരാണ് എന്ന പ്രതീതി  വരുത്തി തീർക്കുന്നതും മാധ്യമങ്ങൾ ഇല്ലാതാകുന്നതും ജനാധിപത്യപരമല്ല.

(തയ്യാറാക്കിയത് : ആതിര ഐ.ടി.)

Author Photo
ഉണ്ണി ബാലകൃഷ്ണൻ

മുതിർന്ന മാധ്യമപ്രവർത്തകൻ, എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT