പടുമരണങ്ങൾക്കു മേൽ ഇരട്ടജന്മത്തിന്റെ കൊടിപ്പടം
“മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് ഒരു ചർച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോർത്തു.” –സനീഷ് ഇളയടത്ത് എഴുതുന്നു
വൈകുന്നേരത്തോടെ ജയിൽ ഭേദിച്ച അവരെല്ലാവരും രക്ഷപ്പെട്ടെങ്കിലും വി എസ് അച്യുതാനന്ദൻ എന്ന് പേരുള്ള ചെറുപ്പക്കാരൻ കൊല്ലപ്പെട്ടു. വലിയ ജയിൽ മതിലിൽ പിടിച്ച് കയറുന്നതിനിടെ താഴെ വീണ് മരിക്കുകയാണുണ്ടായത്. എന്നാൽ ഗാർഡ് വെടി വെച്ചതാണെന്നാണ് കലാപകാരികൾ പിൽക്കാലത്ത് പറഞ്ഞത്.
എസ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിൽ ഇങ്ങനെ വി എസ് അച്യുതാനന്ദൻ വളരെ ചെറുപ്പത്തിലേ കൊല്ലപ്പെടുകയാണ്.(പേജ് 182, ആഗസ്റ്റ് 17- എസ് ഹരീഷ് ). രാജഭരണത്തിനെതിരായ സമരത്തിന്റെ ഭാഗമായിട്ട് ആലപ്പുഴ സബ് ജയിലിലടക്കപ്പെട്ട് കെ സി ജോർജ്ജ്, ടി വി തോമസ് എന്നിവർക്കൊപ്പം ജയിൽ ചാടുന്നതിനിടെയാണ് വി എസ് കൊല്ലപ്പെടുന്നത്. ഹരീഷിന്റെ നോവൽ കൽപിതസംഗതികളാൽ ചരിത്രത്തെ മാറ്റി എഴുതിയൊരു നോവലായത് കൊണ്ടാണ് വി എസ് ചെറുപ്പത്തിൽ അങ്ങനെ അതിൽ കൊല്ലപ്പെടുന്നത്. യഥാർഥത്തിൽ വി എസ് ദീർഘകാലം ജീവിച്ചു; അസാധാരണമാംവിധം 102 വയസ്സ് വരെ. ആ വലിയ ജീവിതം പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം അദ്ദേഹം വിടവാങ്ങിയപ്പോൾ ആ ജീവിതം അർഹിക്കുന്നത്രയ്ക്ക് അസാധാരണമായ വിടവാങ്ങൽ അദ്ദേഹത്തിന് കേരളം കൊടുക്കുന്നത് ലോകം കണ്ടു.
അസാധാരണദീർഘമായ ആ വിലാപരാഷ്ട്രീയയാത്രയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കനത്ത മഴയിൽ ടി വി റിപ്പോർട്ടറെന്ന നിലയ്ക്ക് യാത്ര ചെയ്യുന്ന നേരത്ത് പലപ്പോഴും ഞാൻ ഹരീഷിന്റെ നോവലിലെ വി.എസിന്റെ അകാലമരണത്തെക്കുറിച്ച് ഓർത്തിരുന്നു.അതിൽ പറയുന്നതുപോലെ എപ്പോൾ വേണമെങ്കിലും മരിക്കാമായിരുന്നൊരാളായിരുന്നല്ലോ വി എസ് എന്ന് ഞാൻ വിചാരിച്ച് കൊണ്ടിരുന്നു. വസൂരി വന്നാണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്, മഹാമാരികളെ മനുഷ്യർക്ക് എളുപ്പത്തിൽ മുറിച്ചുകടക്കാനാകാത്ത അങ്ങനൊരു കാലത്ത് നിന്നാണ് അദ്ദേഹം ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ആർക്കും തല്ലാനും കൊല്ലാനും എളുപ്പത്തിൽ സാധിക്കുമായിരുന്നൊരു കീഴ്‌ക്കൂട്ടത്തിലാണ് ജാതീയമായിട്ട് അദ്ദേഹം പെട്ടിരുന്നത്. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോൾ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയവഴിയിൽ നിന്നാണെങ്കിലും പടുമരണത്തിലേക്ക് പോകാനാകുന്നത് എളുപ്പസംഗതിയായിരുന്നു. ഇന്ന് ആരെങ്കിലും തന്നെ കൊല്ലുമോ അല്ലെങ്കിൽ ആരെയെങ്കിലും തനിക്ക് കൊല്ലേണ്ടി വരുമോ എന്നാലോചിച്ചിട്ട് രാവിലെ പുറത്തേക്കിറങ്ങുന്ന ദിവസങ്ങളുണ്ടായിരുന്നു അക്കാലങ്ങളിലെന്ന് വി എസ് തന്നോട് പറഞ്ഞിരുന്നെന്ന് ജോസഫ്,സി മാത്യു ഇടയിൽ വെച്ച് എന്നോടും ക്യാമറയോടുമായിട്ട് പറഞ്ഞപ്പോഴും ഞാനിത് ഓർത്തു.പൂഞ്ഞാറിലെ ലോക്കപ്പിൽ അപ്പുറത്ത് കിടന്ന കള്ളൻ കോലപ്പൻ ബയണറ്റേറ്റ് തുളഞ്ഞ കാലിന്റെ അനക്കം കണ്ടില്ലായിരുന്നെങ്കിൽ അവിടെയും തീർന്നേനേ അയാൾ. ഇങ്ങനെ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമായിരുന്ന ഒരാളായിരുന്നു വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകൻ അച്യുതാനന്ദൻ. പക്ഷെ അയാള് മരിച്ചില്ല. ഇരട്ടജന്മത്തിന്റെ ജീവസ്സുറ്റ ദീർഘജീവിതം ജീവിച്ചു അയാൾ, അനേകർക്ക് ജീവസ്സുറ്റ ജീവിതം നൽകാനായി കാലം അയാൾക്ക് ദീർഘായുസ്സ് ശിരസ്സിലേക്കൂതി കൂടെ നടത്തി.
ഇതെഴുതുന്നയാൾ ഇന്ത്യാവിഷനിൽ ജോലി ചെയ്യുന്ന കാലത്താണ് വി എസ് അച്യുതാനന്ദൻ അസാധാരണവലുപ്പത്തിലുള്ള വിരാട് രാഷ്ട്രീയരൂപമായിട്ട് കേരളത്തിലാകെ പടരുന്നത്. അതിന് മുമ്പ് ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷെ ഇക്കാലത്ത് പല കാരണങ്ങളാൽ വി എസ് അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിക്കകത്ത് നിന്ന് അവരുടെ എതിരാളികൾ കൂടെ ഉൾപ്പെടുന്ന പൊതുകേരളത്തിന്റെയാകെ നേതാവായിട്ട് വളർന്നു. അത് അസാധാരണമായ ഒരു കാര്യമായിരുന്നു. അതിന് മുമ്പും വലിയ നേതാക്കൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിലും, വീട്ടിലെ ടീവിയിൽ വാർത്തകളിലെ മനുഷ്യരെ കാണുന്ന പുതിയ കാലത്ത് ജീവിക്കുന്നവർക്ക് അത് പുതുമയായിരുന്നു. അത് കൊണ്ട് തന്നെ പലരും വി എസ് അച്യുതാനന്ദൻ മാധ്യമങ്ങളാൽ ഉണ്ടാക്കപ്പെട്ടയാളാണ് എന്ന് വിചാരിച്ചിരുന്നു. അങ്ങനെ വിചാരിച്ചിരുന്നവരിൽ മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. പിൽക്കാലത്തൊരിക്കൽ ഇത്തരം മാധ്യമസൃഷ്ടിയായ വി എസ് അച്യുതാനന്ദൻ എന്ന ഒരു ചർച്ച വന്നപ്പോൾ എഴുതിയ ഒരു ഫെയ്‌സ് ബുക് പോസ്റ്റ് ഇവിടെ കോപ്പി ചെയ്ത് വെക്കാൻ തോന്നുന്നു. താഴെ വായിക്കുക.
ഇന്ത്യാവിഷനാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് ഒരു ചർച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോർത്തു.
1923ൽ വി എസ് ജനിച്ചു. രണ്ടായിരത്തി മൂന്നിലാണ് ഇന്ത്യാവിഷൻ വരുന്നത്. 2003ൽ ഇന്ത്യാവിഷന് മുമ്പ് 80 കൊല്ലത്തെ ജീവിതം ഉണ്ട് വി.എസിന്. എൺപത് കൊല്ലം! ഭൂമിയിൽ ഒരു മനുഷ്യായുസ്സ് പൂർത്തിയാക്കിയ ശേഷമാണ് മാധ്യമങ്ങൾ അയാളെ പ്രത്യേകമായി ക്യാമറയിലൂടെ നോക്കിത്തുടങ്ങുന്നതുപോലും. അക്കാലത്തിനകം തന്നെ വി എസ് അച്യുതാനന്ദൻ എന്ന മനുഷ്യൻ അദ്ദേഹത്തിന്റേതായ എല്ലാ തീമുകളും ലോകസമക്ഷം അവതരിപ്പിക്കുകയും അതൊക്കെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തോ പന്ത്രണ്ടോ വയസ്സ് തൊട്ട് ഒരു പക്ഷംപിടിക്കുകയും ആ പക്ഷത്തിനു വേണ്ടി ഹീറോയിക് ആയിത്തന്നെ നിരന്തരം പോരാടുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ എന്ന നമ്മുടെയീ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അയാളുണ്ട്, ഇന്ത്യ ഉണ്ടായി. കേരളത്തിന് വേണ്ടി പണിയെടുക്കുന്നതിൽ അയാളുണ്ട്, കേരളം ഉണ്ടായി. കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വേണ്ടി അയാൾ പണിയെടുത്തു, കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി. അത്ര തീക്ഷ്ണവും ഊർജ്ജസ്വലവുമായ എട്ട് ദശാബ്ദങ്ങൾക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിലേക്ക് നമ്മൾക്ക് ക്യാമറ തിരിക്കാനവസരം കിട്ടിയത് എന്നോർക്കണം. ടിപ് ഓഫ് ദി ഐസ്ബെർഗിന്റെ പടമാണ് നമ്മളെടുത്ത് ഓഫീസിന്റെ ചുമരിൽ തൂക്കി വെച്ചിരിക്കുന്നത്. 99 ശതമാനം ഫ്രെയ്മിന് പുറത്താണ്.
തിരിച്ചാണ് യഥാർഥത്തിൽ സംഗതി, ഇന്ത്യാവിഷനെ ഉണ്ടാക്കിയത് വി.എസാണ്. അക്കാലത്തെ മാധ്യമങ്ങളെ, നമ്മളടക്കമുള്ള മാധ്യമപ്രവർത്തകരെ വിഎസ്സാണ് ഉണ്ടാക്കിയതെന്നും നമ്മുടെ വിഷയങ്ങളെ വിഎസ്സാണ് നിർണയിച്ചതെന്നുമാണ് ശരിയാം വിധം മനസ്സിലാക്കേണ്ടത്. മീഡിയാവണ്ണിൽ ആ തലക്കെട്ടെഴുതിയ ആള് വിചാരിച്ചിരിക്കുന്നത്, മാധ്യമങ്ങള് നനഞ്ഞപ്പോ വി.എസും നനഞ്ഞെന്നാണ്.അങ്ങനെയല്ല കേട്ടോ, തിരിച്ചാണത്.
വാർത്താ ചാനലുകൾക്ക് എക്കാലത്തും പ്രിയങ്കരനായിരുന്നു വി എസ് അച്യുതാനന്ദൻ. എന്ത് കൊണ്ടെന്നാൽ വി എസ് അസാമാന്യ വലുപ്പമുള്ള സെലിബ്രിറ്റിയായിരുന്നു കേരളത്തിൽ. ആ സെലിബ്രിറ്റിയെ ക്യാമറയിൽ പകർത്തി കാണിക്കുമ്പോൾ ജനം ആ ടിവിക്ക് മുന്നിലിരിക്കുമായിരുന്നു. അവസാനം വരെയും വി എസ് അത് തന്നെ ചെയ്തു, അന്തരിച്ചതിന് ശേഷം പോലും. കേരളത്തിലെ വാർത്താ ചാനലുകൾക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിംഗ് കിട്ടിയത് വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര സംപ്രേഷണം ചെയ്ത ദിവസമാണ് എന്നത് ഇപ്പോൾ നമ്മുടെ മുന്നിലുള്ള യാഥാർഥ്യമാണ്. മറ്റൊരു രാഷ്ട്രീയപാർട്ടിയുടെയും മറ്റൊരു നേതാവിനും ഈ മട്ടിലുള്ള ജനപ്രിയത അവകാശപ്പെടാനാവുകയില്ല. മരണാനന്തരം പോലും തനിക്ക് പിന്നാലെ ജീവിച്ചിരിക്കുന്നവരെ നടത്തിയ അസാധാരണമായ ജനപ്രിയത.
എങ്ങനെയാണ് വി എസ് അച്യുതാനന്ദൻ ഇത്ര മാത്രം ജനപ്രിയ നേതാവായത്, അവിടെയാണ് ആ ജീവിതത്തിലെ ഏറ്റവും വലിയ അസാധാരണത എന്ന് ഞാൻ വിചാരിക്കുന്നു. ഒരിക്കൽ പോലും, ഒരു തരി പോലും സ്വന്തം നിലപാടിൽ നിന്ന് മാറാതെയുണ്ടാക്കിയ ജനപ്രിയതയാണത് എന്ന് ഓർക്കുമ്പോഴാണ് നമുക്ക് ആ മഹദ് ജീവിതത്തിന്റെ വലുപ്പം സമ്പൂർണമായി മനസ്സിലാക്കാനാവുക എന്ന് ഞാൻ വിചാരിക്കുന്നു. പത്തോ പതിനഞ്ചോ വയസ്സുള്ളപ്പോൾ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയ പക്ഷത്ത് നിന്ന് അദ്ദേഹം ഒരിക്കൽ പോലും മാറിയില്ല. വി എസ് അച്യുതാനന്ദൻ എന്തായിരുന്നോ അയാൾ എക്കാലത്തും അത് തന്നെയായിരുന്നു. അടി, അടിക്ക് പിന്നാലെ അടി എന്ന മട്ടിൽ വന്നപ്പോൾ പോലും അദ്ദേഹം ആ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുമാറിയതേയില്ല. കാലത്തിന്റെ പുതുക്കലുകൾക്ക് അദ്ദേഹം സ്വയം വിട്ടു കൊടുക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വാർധക്യകാലത്ത് മാത്രം നാട്ടിൽ ഊർജ്ജിതമായി വന്ന സൂക്ഷ്മരാഷ്ട്രീയസംഗതികളിൽ നിന്ന് വേണ്ടവയെയെല്ലാ അദ്ദേഹം സ്വാംശീകരിക്കുക തന്നെ ചെയ്തു. പക്ഷെ, സ്വന്തം മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച ബോധ്യങ്ങളിൽ നിന്ന് കടുകിട മാറാതെ തന്നെ.
അതുകൊണ്ടാണ്, വിട്ടുവീഴ്ചകളില്ലാത്ത കമ്യൂണിസ്റ്റുകാരനായിരുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റിതര മനുഷ്യർ കൂടെ തടിച്ചുകൂടി നിന്ന് മുദ്രാവാക്യം മുഴക്കിയും കണ്ണീരൊഴുക്കിയും അദ്ദേഹത്തിന് സമാനതകളില്ലാത്ത വിടവാങ്ങൽ നൽകിയത് എന്ന് ഞാൻ വിചാരിക്കുന്നു. പൊതുജീവിതം തെരഞ്ഞെടുക്കുന്നവർക്ക് മുന്നിൽ കൊതിപ്പിക്കുന്ന, എന്നാൽ കഠിനാധ്വാനത്തിലൂടെ മാത്രം എത്തിച്ചേരാനാകുന്നൊരു മാതൃക കരിങ്കല്ലിലെന്ന പോലെ എഴുതി വെച്ചാണ് വി എസ് അച്യുതാനന്ദൻ ചരിത്രത്തിലേക്ക് പോയത് എന്നും ഞാൻ വിചാരിക്കുന്നു.

