Home / ലിറ്ററേച്ചര്‍  / കഥ  / ജീപ്പ് – ജി.ആർ ഇന്ദുഗോപൻ 

ജീപ്പ് – ജി.ആർ ഇന്ദുഗോപൻ 

പൊടിമീശ വന്നത് കരിയിലകൾ തൂത്തു കളയുന്ന വേലക്കാരി ചേച്ചിയെ കാണിച്ച് ഇംപ്രസ് ചെയ്യിക്കാൻ പുറത്തു നിന്ന് ഇല്ലാത്ത മീശ വെട്ടിയൊതുക്കുകയായിരുന്നു ഹരി. അന്നേരമാണ് പപ്പയുടെ സിജെ ഏഴ് 1980 മോഡൽ ജീപ്പ് ഗേറ്റ് കടന്ന് കയറ്റം കയറി വന്നത്. അത് ഓടി കാർപോർച്ചിലേയ്ക്ക് വളഞ്ഞു നിന്നു. നിൽക്കുകയല്ല. പോർച്ചിലെ

അമ്മയുടെ മരണം. ചാറ്റൽമഴ. വീട്ടിൽ വന്നെത്തുന്ന ജനം. അതിൽ പാതി വന്നുകണ്ട് തിരിച്ചുപോകുന്നു. ചെറിയ ശബ്ദങ്ങൾക്കു മീതെ വലിയ നിശബ്ദത.

അമ്മയെ കിടത്തിയിരിക്കുന്ന വലിയ ഹാൾ. തെക്ക് ഭാഗത്ത് വലിയ തിരക്കില്ല. അങ്ങോട്ട് നോക്കിയപ്പോൾ മൂത്തമകൻ രവി മാമ്മൻ വർഗീസ് യാദൃശ്ചികമായി കണ്ടതാണ്; പത്തറുപത് വയസ്സു വരുന്ന പ്രൗഡയായ ഒരു ലേഡി പഴയ വണ്ടികൾ സൂക്ഷിക്കുന്ന ഗരാഷിന്റെ മുന്നിൽ. പപ്പയുടെ ജീപ്പിനു മുന്നിലാണ് നിൽക്കുന്നത്. രവി അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. ഇല്ല അമ്മ ഉറങ്ങുക തന്നെയാണ്.

രവി മെല്ലെ അനിയൻ ഹരി മാമ്മന്റെ അടുത്തേയ്ക്ക് നടന്നു. അവൻ പറഞ്ഞു: മുംബൈയിൽ നിന്ന് റോയിച്ചനും ഫാമിലിയും ഒരു മണിക്കൂറിനുള്ളിൽ വരും. പിന്നാരെയും കാക്കണ്ട.

അപ്പറഞ്ഞ് ശ്രദ്ധിക്കാതെ രവി ഹരിയുടെ പുറത്തു തട്ടി കൂടെ വരാൻ ആംഗ്യം കാണിച്ചു. ഏതോ ഒരു ബന്ധു അവർക്കൊപ്പം നടക്കാൻ തുടങ്ങിയപ്പോ രവി പറഞ്ഞു: അങ്കിൾ… വേറെ ചില അത്യാവശ്യമാണ്.

പാമ്പിനെ ചവിട്ടിയതു പോലെ അയാൾ തന്റെ അനൗചിത്യത്തെ മനസ്സിലാക്കി: ഓക്കേ..ഓക്കേ…എന്നു പറഞ്ഞ് ഒഴിവായി.

രവി അനിയനെയും കൊണ്ടു തിരക്കിൽ നിന്ന് മാറി നിന്നിട്ടു പറഞ്ഞു: ഗരാഷിന്റെ ഭാഗത്തേയ്ക്ക് നോക്ക്. ആ സ്ത്രീയെ… സൂക്ഷിച്ചുനോക്കരുത്. അവർക്ക് മനസ്സിലാക്കരുത്.

ഇപ്പോഴും അവർ പപ്പയുടെ ജീപ്പും നോക്കി നിൽക്കുകയാണ്. പിന്നെ മെല്ലെ നടന്ന് അമ്മയുടെ മൃതദേഹം കിടക്കുന്ന ഹാളിലേയ്ക്ക് വരികയാണ്. രവി പറഞ്ഞു: അവരാ ജീപ്പ് കാണാൻ വന്നതാണ്. അമ്മയെ അല്ല…

അവനത് തമാശയ്ക്കാണ് പറഞ്ഞു തുടങ്ങിയതെങ്കിലും പറഞ്ഞു തീരും മുൻപ് മറ്റെന്തോ മിന്നൽ ഉള്ളിലടിച്ചു. ഗൗരവത്തിൽ ഹരി വിളിച്ചു: രവീ…

കൂളാകാൻ രവി ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു: ങാ. അത് തന്നെന്നാ തോന്നുന്നത്.

ഏതോ ബന്ധു ‘രവീ, ഇങ്ങു വന്നേ’ എന്നു വിളിച്ച് അടുത്തേയ്ക്ക് വന്നു. രവി അങ്ങോട്ടേയ്ക്ക് പോകും മുൻപ് മുന്നറിയിപ്പു കൊടുത്തു: ടാ. ഹരീ…അവര് നമ്മളറിയാതെ മടങ്ങിപ്പോകരുത്. മനസ്സിലായോ. മുരാരി അങ്കിളിനോട് പറഞ്ഞേര്..

•••

പ്രാർഥന നടക്കുകയാണ്. അമ്മയുടെ മൃതദേഹത്തിനു മുന്നിൽ രണ്ട് ആൺമക്കളും മുട്ടു കുത്തി നിന്നു. ഇരുവരുടെയും കണ്ണുകൾ ആൾക്കൂട്ടത്തിന്റെ പിന്നിൽ നിൽക്കുന്ന ആ ലേഡിയിലേയ്ക്ക് ഇടയ്ക്ക് പോയി. ചിലപ്പോൾ കണ്ണുകൾ ഭിത്തിയിലിരിക്കുന്ന പപ്പയുടെ ചിത്രത്തിലേയ്ക്കും മാറി. ഒന്നു രണ്ടു തവണ അവർ പരസ്പരം നോക്കി. ഇരട്ടകളെന്ന നിലയിൽ അവർക്ക് പെട്ടെന്ന് പരസ്പരം മനസ്സിലാകും. പടപണ്ടാരം പോലെ ഒരുപാട് മുറികൾ ആ മലമുകളിലെ ബംഗ്ലാവിലുണ്ടെങ്കിലും അവർ കുട്ടിക്കാലത്ത് കിടന്നുറങ്ങിയിരുന്നത് ഒറ്റ മുറിയിലായിരുന്നു. ഇന്ന് കുടുംബമായി, രണ്ടു മുറിയിലായി. എന്നിട്ടും അവർ കാര്യമായി മാറിയില്ല. രവി ഭാര്യയും മകളുമായി നല്ല സന്തോഷത്തിലല്ല. അവർ മുംബൈയിൽ. രണ്ടാമത്തേയാളിന്റെ ഫാമിലി യുകെയിലാണ്. വല്ലപ്പോഴും വരും. അനുഷ്ഠാനം പോലെ. ഇതു കൊണ്ട് അവർക്കിടയിലുള്ള വൈബ് അങ്ങനെ തന്നെ നിൽപ്പുണ്ട്.

ഇന്നും പരസ്പരമുള്ള ആ നോട്ടത്തിലൂടെ അവർ ഓർത്തത് ആ ദിവസമായിരുന്നു.

രാവിലെ പത്രമെടുക്കാൻ പുറത്തേയ്ക്കിറങ്ങിയതാണ് രവി.

പൊടിമീശ വന്നത് കരിയിലകൾ തൂത്തു കളയുന്ന വേലക്കാരി ചേച്ചിയെ കാണിച്ച് ഇംപ്രസ് ചെയ്യിക്കാൻ പുറത്തു നിന്ന് ഇല്ലാത്ത മീശ വെട്ടിയൊതുക്കുകയായിരുന്നു ഹരി. അന്നേരമാണ് പപ്പയുടെ സിജെ ഏഴ് 1980 മോഡൽ ജീപ്പ് ഗേറ്റ് കടന്ന് കയറ്റം കയറി വന്നത്. അത് ഓടി കാർപോർച്ചിലേയ്ക്ക് വളഞ്ഞു നിന്നു. നിൽക്കുകയല്ല. പോർച്ചിലെ വലിയ തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആഘാതത്തിൽ പപ്പയുടെ തല സ്റ്റയിറങ്ങിലേയ്ക്ക് കൂപ്പുകുത്തി. ടാ…: രവി അലറിവിളിച്ചു. ‘പപ്പയുടെ തലയിടിച്ചെടാ…’

ഹരി ഓടിച്ചെന്ന് പിടിച്ചപ്പോ പപ്പായ്ക്ക് അനക്കമില്ല. ദേഹം തണുത്തിരിക്കുന്നു.

വേലക്കാരുടെ സഹായത്തോടെ പപ്പയെ പൂമുഖത്തേയ്ക്ക് കിടത്തി. പത്തു മിനിട്ടു കൂടി കഴിഞ്ഞപ്പോ അമ്മയുടെ ജീപ്പും വീട്ടിലേയ്ക്ക് പാഞ്ഞു വന്നു. മരിച്ചു കിടക്കുന്ന പപ്പയെ കണ്ട് അമ്മ സ്തംഭിച്ചുപോയി. ആ കുറ്റബോധം അമ്മയ്ക്ക് മരിക്കുന്നതു വരെ ഉണ്ടായിരുന്നു. ‘ഞാനെന്തിനാ വെറുതെ അന്നാ ആ രാത്രിയിൽ…’ ഇതായിരുന്നു അവസാനം തന്നത്താൻ പറഞ്ഞുകൊണ്ടിരുന്ന പല്ലവി.

അന്നത്തെ പപ്പയുടെ വരവ് വലിയ പ്രഹേളികയായിരുന്നു. പിന്നീട് പല തവണ സഹോദരങ്ങൾ ഇതിനെ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. എങ്ങനെ ആ ജീപ്പ് കൃത്യമായി ഓടി പോർച്ചിൽ വന്നിടിച്ചു നിന്നു?

പല തവണ അവർ പരീക്ഷിച്ചുനോക്കി. ഗേറ്റ് കടന്നാൽ ആക്സിലേറ്ററിൽ കാൽ വയ്ക്കാതെ വണ്ടി മുന്നോട്ടോടി പോർച്ചിൽ എത്തില്ല. എങ്കിൽ പപ്പയുടെ ദേഹം ഇങ്ങനെ തണുത്തിരുന്നതെങ്ങനെ? ആര് വണ്ടിയോടിച്ചു.

അങ്ങനെയാണ് പപ്പാടെ ആ ജീപ്പ് അവരുടെ നോട്ടപ്പുള്ളിയായത്.

പപ്പാടെ ശവസംസ്കാരം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോ അമ്മ പപ്പാടെ വലംകൈയായിരുന്ന മുരാരി അങ്കിളിനെ വിളിപ്പിച്ചു. ഹരിയും രവിയും അങ്ങോട്ടേയ്ക്ക് ചെന്നപ്പോ അമ്മ ‘നിങ്ങൾ കേൾക്കേണ്ട വിഷയമല്ല’ എന്ന മട്ടിൽ സൂക്ഷിച്ചു നോക്കി. കുട്ടികൾ ഏറ്റവുമടുത്തുള്ള മുറിയിൽ കയറി ചെവി വട്ടം പിടിച്ചു. സംഭാഷണം കുറേയൊക്കെ മുറിഞ്ഞു പോയി. പിന്നീടുള്ള കാലത്തും മുരാരിഅങ്കിളിനോട് ചോദിച്ചപ്പോൾ ചില മുക്കലും മൂളലും സൂചനകളും മാത്രമേ തന്നുള്ളൂ. എല്ലാം ചേർത്തുവച്ച് മനസ്സിലാക്കിയ കാര്യം ഇതാണ്: പപ്പായ്ക്ക് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. അവൾ പപ്പയുടെ ജീപ്പ് അടിച്ചുപറത്തി ടൗണിലൂടെ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. പപ്പ പുച്ഛിച്ചു തള്ളി. ഒരേ പോലെ പലർക്കും ജീപ്പു കാണും. എന്നോടും ചിലർ ഇതു തന്നെ പറഞ്ഞു.

പക്ഷേ ഒരു സ്ത്രീക്ക് മനസ്സിലാകും, അവരുടെ പുരുഷനെ. ഒരു ദിവസം. നേരം പുലർന്നിട്ടില്ല. വീട്ടിലെ ഫോൺ ബെല്ലടിച്ചു. ഏതോ അജ്ഞാതൻ വിളിച്ചു പറഞ്ഞു: കൊച്ചമ്മാ, അവളായിരുന്നു ഡ്രൈവിങ് സീറ്റിൽ. എസ്റ്റേറ്റിനകത്തേയ്ക്ക് മടങ്ങി. വശത്ത് വർഗീസു മുതലാളിയുമുണ്ടായിരുന്നു. പുള്ളാർക്ക് അപ്പനെ വേണമെങ്കീ ഇപ്പം വിട്ടോ. കയ്യോടെ പിടിക്കാം. അമ്മ തന്റെ ജീപ്പെടുത്ത് കുതിക്കുന്നതാണ് വെളുപ്പിന് ട്യൂഷന് പോകാനെഴുന്നേറ്റ പിള്ളേർ കണ്ടത്.

എന്നിട്ടെന്തു സംഭവിച്ചു? പപ്പ എങ്ങനെ രക്ഷപെട്ടു?

കുത്തിക്കുത്തി ചോദിച്ചപ്പോൾ ഒരു ദിവസം മുരാരിഅങ്കിൾ പറഞ്ഞു:

‘സാറിന് ഒരു അപശ്രുതി തോന്നി. ’

‘എന്നു വച്ചാ…’

മുരാരി അങ്കിൾ പറഞ്ഞു: ‘കൂടുതൽ ചോദിക്കരുത്. സാറ് പുലരും മുൻപേ എഴുന്നേൽക്കും. ആ ശീലം സാറിനുള്ളതുകൊണ്ട് ഞാനും എഴുന്നേൽക്കണമല്ലോ. വീടിനു ചുറ്റും നടക്കാൻ പാത ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ഒപ്പം കൂടി. ഞങ്ങൾ നടന്നുകൊണ്ടിരിക്കെ കരിയിലകൾ ഞെരിയുന്ന ശബ്ദം. അപ്പോഴതാ സാറിന്റെ ജീപ്പ് തിരിച്ചു പോകാൻ തുടങ്ങുകയാണ്. ഒറ്റയ്ക്ക്. ഇറക്കത്തിലേയ്ക്ക് തന്നത്താൻ ഉരുണ്ടുപോകുന്നു.

സാർ പിന്നാലെ ഓടി… ഭാഗ്യത്തിന് കൊക്കയിലേക്കു പോകാതെ വണ്ടി ഒരു മരത്തിലിടിച്ച് നിന്നു. ’

‘അന്നേരം ആ പെണ്ണ്?’

അതു ശ്രദ്ധിക്കാതെ മുരാരി തുടർന്നു: സാർ വല്ലാതായി. ഞാൻ സമാധാനിപ്പിക്കാനായി പറഞ്ഞു: ‘വണ്ടി ന്യൂട്രലിൽ കിടന്നുകാണും. സാറ് ഗിയറി​ടാൻ മറന്നുപോയതായിരിക്കും.’

സാർ ദേഷ്യത്തോടെ പറഞ്ഞു: അപ്പോ ജീപ്പ് പിന്നോട്ടുരുളണം. എന്നാടാ ഞാൻ വണ്ടി തിരിച്ചിട്ട ചരിത്രം.’

‘ഞാൻ വല്ലാതായി. ഞാൻ പറഞ്ഞു. ചെലപ്പോ ആ പെണ്ണ്. അവൾക്കു വണ്ടി ഭയങ്കര പ്രാന്താ. പാതിരാത്രിയെങ്ങാനും എഴുന്നേറ്റ്… ’

‘ഞാനാ കൂടെക്കിടന്നത്. അറിയാമോ?’

‘എന്നിട്ട്?’: ഹരി ചോദിച്ചു.

‘പിന്നെ ഞാൻ കാണു​ന്നത് സാറ് ധൃതിക്ക് അവളെ വിളി​ച്ചെഴുന്നേൽപ്പിക്കുന്നതാണ്. എന്നോടു പറഞ്ഞു: ടാ ഞങ്ങള് സ്ഥലംവിടുകയാണ്. എന്തോ പ്രശ്നമുണ്ട്. ഇവളെ ഞാൻ കൊണ്ടു പോവുകയാണ്. ടാക്സി കിട്ടുന്ന ഇടത്തു ഇറങ്ങി വിടാം… നമ്മുടെ പിറകെ ഗേറ്റ് തുറക്ക്. ബാക്കിയുള്ള കാര്യം നീ നോക്കിക്കോളാം.

എന്തോ ഉൾവിളി പോലെയാണ് സാർ അത് പറഞ്ഞത്. അരമണിക്കൂർ കഴിഞ്ഞു കാണും. ഞാൻ ഞെട്ടിപ്പോയി. ഒരു കാറ് പാഞ്ഞുവരുന്നു. മാഡം. നിങ്ങളുടെ അമ്മച്ചി. മാഡം സാറിന്റെ ബെഡ്റൂമിലേയ്ക്കാണ് കുതിച്ചത്. അവിടെ ചെന്ന് മണം പിടിച്ചു.

‘ഏതാടോ പുതിയൊരു സ്പ്രേയുടെ മണം…’

‘അത് ഞാൻ പുൽത്തൈലം തളിച്ചതാ. പറ്റിപ്പായിരുന്നു. വേറെന്തോ കെമിക്കല് കേറ്റിയതാ..’

സത്യത്തിൽ ഞാൻ വിറച്ചുകൊണ്ടു നിൽക്കുകയായിരുന്നു അന്നേരം. ഇവിടത്തെ കാര്യം നോക്കിക്കോണം എന്നു പറഞ്ഞതിന്റെ അർഥമൊന്നും മനനസ്സിലായില്ലെങ്കിലും ഞാൻ അന്നേരം തന്നെ മുറി വൃത്തിയാക്കി ബെഡ്ഡൊക്കെ വിരിച്ച് ഭംഗിയായി ഇട്ടു കഴിഞ്ഞ് പുറത്തിറങ്ങിയ നേരമായിരുന്നു മാഡം വന്നത്. അത്രയ്ക്കും മുറിയുടെ വൃത്തി കണ്ടപ്പോ തന്നെ മാഡത്തിന് സംശയം തോന്നിയിരിക്കണം. എന്നെ സൂക്ഷിച്ചൊന്ന് നോക്കി. ഞാൻ തലകുനിക്കാതെ പിടിച്ചുനിന്നു. തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട് ഒന്നു മൂളി മാഡം പുറത്തേയ്ക്കിറങ്ങി.’

മക്കൾ ഓർത്തു:

പിന്നീട് ഗരാഷിലേയ്ക്ക് ചെന്ന് ആ ജീപ്പിനെ ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കുന്ന പതിവുണ്ടായിരുന്നു അമ്മയ്ക്ക്. ഒരു ദിവസം പറഞ്ഞു: ടാ ഈ ജീപ്പ് അങ്ങ് കൊടുത്തേരെ. എപ്പളും എപ്പളും പപ്പായെ ഓർമ വരുന്നു.

ഹരി അത്യാവശ്യം പരിസരത്തൊക്കെ ആ ജീപ്പെടുത്ത് ഓടിക്കാറുള്ളതാണ്. ഇപ്പോഴും നല്ല കണ്ടിഷനാണ്. അവൻ ‘അമ്മാ’ എന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങിയപ്പോ രവി തടഞ്ഞു: കൊടുത്തേക്കാം. അതാ നല്ലത്.

ഹരി പിന്നൊന്നും പറഞ്ഞില്ല.

ക്ലബിലെ മാനേജർ ഹൈറേഞ്ചിലെ നല്ല ഇടനിലക്കാരൻ കൂടിയാണ്. ഹരി അയാളെ ചട്ടം കെട്ടി. ഒരു ദിവസം അയാൾ പറഞ്ഞു: ആ ജീപ്പിന്റെ കാര്യം ശരിയാവുന്ന ലക്ഷണമാ സാറേ. ഒരു മുതലാളിക്കു വേണം. ചെറിയ പ്രശ്നമുള്ളത് എന്താന്നു വച്ചാ അയാള് ഭയങ്കര അന്ധവിശ്വാസിയാ. മൂന്നാലു ദിവസം കൈയീ വച്ച് ഏനക്കേട് ഇല്ലെങ്കിലേ കാശു തരൂ.’

‘തനിക്ക് ഉറപ്പുള്ള ആളാണേല് രണ്ടാഴ്ച കഴിഞ്ഞായാലും കുഴപ്പമില്ല. ’

പക്ഷേ മാസമൊന്ന് കഴിഞ്ഞിട്ടും വണ്ടിയെ കുറിച്ച് അനക്കമില്ല. ഒരു ദിവസം ഊണു കഴിച്ചോണ്ടിരുന്നപ്പോ രവി വിഷയമമെടുത്തിട്ടു. അമ്മ പറഞ്ഞു: പോട്ട് പുല്ല്. ആരേലും കൊണ്ടു പോകുന്നെങ്കീ പോട്ട്. ഇനി പുറകെയൊന്നും നടക്കണ്ട.

ഹരി പക്ഷേ വിട്ടില്ല: അതെങ്ങനാ. അവന്മാർ വല്ലോരേയും ഇടിച്ചുകൊന്നാ നമ്മള് അകത്തുപോകും.

ഹരി ഒരു ദിവസം ഇച്ചിരി വെള്ളമടിച്ച് മാനേജരോട് അലമ്പുണ്ടാക്കി. രണ്ടു ദിവസം കഴി‍ഞ്ഞു മാനേജർ വന്നു പറഞ്ഞു: സാറേ. ക്ഷമിക്കണം. അത് ഇച്ചിരി അക്കിടി ആയിപ്പോയി.ആ മുതലാളി ഒരു സ്ട്രോക്കടിച്ചു വീണതാ. ആള് പോയി. ഇന്നത്തെ പേപ്പറിലുണ്ട്. അഡ്രസ് ചരമഅറിയിപ്പിൽ നിന്ന് തപ്പി ഞാൻ പൊക്കോളാം. എന്റെ കഷ്ടകാലം. അല്ലാതെന്തോ ചെയ്യാനാ…

രണ്ടു ദിവസം കഴിഞ്ഞ് ഊണു കഴിച്ചുകൊണ്ടിരിക്കെ അമ്മ തകിടം മറിഞ്ഞു: ആ ജീപ്പ് നമുക്ക് വേണം. അങ്ങനെ പറ്റിക്കുന്നത് ശരിയല്ലല്ലോ. ഇനി നമ്മളത് വിൽക്കുന്നില്ല.’

‘എന്താ അമ്മാ ഇപ്പൊഴൊരു മാറ്റം?’: രവി ചോദിച്ചു.

അടുക്കളയിലേയ്ക്ക് നടക്കുമ്പോ അമ്മ പറഞ്ഞു: ഒന്നൂല്ല. രണ്ടുമൂന്ന് തവണ സ്വപ്നം കണ്ടു. പപ്പാ അതീക്കേറിയിരുന്ന് പറപ്പിക്കുന്നത്. ഞാൻ തന്നാരുന്നു സൈഡിൽ.’

‘അതെങ്ങനെ മനസ്സിലായി?’: ഹരി ചോദിച്ചു.

‘അതങ്ങേരുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടാ അറിഞ്ഞൂടെ…’

വെള്ളം കുടിച്ചോണ്ടിരുന്ന രവി ചിരിക്കാൻ നോക്കിയതാണ്. മേശപ്പുറം മുഴുവൻ നനഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞ് സ്വന്തം കൂപ്പിൽ നിൽക്കുമ്പോ, എസ്റ്റേറ്റിൽ നിന്ന് മുരാരിഅങ്കിളിന്റെ വിളി.: ‘മോനേ രവീ. നമ്മുടെ ജീപ്പ് എസ്റ്റേറ്റ് ഗേറ്റിന് പുറത്തു കിടക്കുന്നു. താക്കോൽ അതിൽതന്നെയുണ്ട്.’

ക്ലബിലെ മാനേജരെ വിളിച്ചു വിവരം പറഞ്ഞു. അയാൾക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. അന്വേഷിച്ചു പറയാമെന്ന് പറഞ്ഞു വച്ചു. രാത്രി തിരിച്ചുവിളിച്ചു: മുതലാളീടെ മകൻ വിളിച്ചു. അവർക്ക് ആ വണ്ടിയിൽ താൽപര്യമില്ല. തിരിച്ചു തരാൻ വന്നപ്പോ എസ്റ്റേറ്റിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. നല്ല കണ്ടിഷനാ വണ്ടി. കൊണ്ടു നടക്കാൻ പരമാവധി നോക്കി. പക്ഷേ മൊത്തത്തിൽ ഒരു അനുസരണക്കേട്. നഷ്ടപരിഹാരം തരാമെന്ന് പറയുന്നു..’

‘അത് അവന്റെ അച്ഛന് കൊണ്ടുകൊടുക്കാൻ പറ: ദേഷ്യത്തോടെ ഹരി ഫോൺ വച്ചു.

വൈകിട്ട് എസ്റ്റേറ്റിൽ നിന്ന് മുരാരിഅങ്കിൾ വണ്ടിയുമായി എത്തി. വണ്ടിയേയും അങ്കിളിനേയും അമ്മ മാറിമാറി നോക്കി. കുറ്റബോധത്തോടെ അങ്കിൾ തല താഴ്ത്തി നിന്നു. അമ്മ പറഞ്ഞു: ‘അത്രയ്ക്ക് അനുസരണക്കേടാണേല് അവിടെ കിടക്കട്ടെ…ഇനി.’

അമ്മ അത്യാവശ്യം നന്നായിട്ട് വണ്ടിയോടിക്കുന്നതാണ്. ഓട്ടമാറ്റിക് ആയപ്പോഴും ഈയിടെ ഇലക്ട്രിക് ഒരെണ്ണം എടുത്തപ്പോഴും അമ്മയ്ക്ക് വഴങ്ങിയിരുന്നു. പക്ഷേ ഈ ജീപ്പിനോടു മാത്രം ഒരു അലർജി.

പിന്നീടൊരു ദിവസം വൈകിട്ട് ഹരിയും രവിയും കൂടി ക്ലബിലിരുന്ന് കള്ളടിച്ചോണ്ടിരിക്കുകയായിരുന്ന. രണ്ട് പുരാതന മെംബർമാരായിരുന്നു കമ്പനി. ഒരാൾ എഴുന്നേറ്റ് പോയപ്പോ മറ്റേയാൾ പറഞ്ഞു: ആ മാനേജര് എന്റടുത്തൊരു കാര്യം പറഞ്ഞു. അയാൾക്കറിഞ്ഞൂടാ, ആരാ നിങ്ങടെ ജീപ്പ് അവിടെ കൊണ്ടിട്ടതെന്ന്. അയാക്ക് ആ വണ്ടി കൊണ്ടുപോയ പ്ലാന്ററുടെ ഫാമിലിയെ ബന്ധപ്പെടാനും കഴിഞ്ഞില്ല. നിങ്ങള് ചോദിക്കുകയൊന്നും വേണ്ട. അയാള് പറയുകയാ: ഏവൻ കൊണ്ടിട്ടാ എന്തുവാ. എന്റെ തലേന്ന് അങ്ങ് ഒഴിഞ്ഞല്ലോ.

രവി ചാടിയെണീറ്റു. അലമ്പിനാണ്. ആ മാനേജർ ദൂരെ നിൽപ്പുണ്ട്. ഹരി അവന്റെ കൈയിൽ കേറിപ്പിടിച്ചു: എന്തിനെടാ. അയാളൊന്നുംചെയ്തില്ലല്ലോ…നമ്മക്കൊരു ഉപകാരത്തിന് ശ്രമിച്ചതല്ലേ..

മെംബർ എഴുന്നേറ്റിട്ട് പറഞ്ഞു: ആരും കൊണ്ടു വന്നിടാതെ അത് തന്നത്താൻ വന്നു കേറുമോ….

‘ങാ. തന്നത്താൻ വരും. അത് അങ്ങനൊരു സാധനമാ…തന്നത്താൻ ഉരുളും. ആ വണ്ടി തനിക്കറിഞ്ഞൂടല്ലോ’ രവി പറഞ്ഞു. അയാളും സംഗതി പന്തിയല്ലെന്ന് കണ്ട് എഴുന്നേറ്റു പോയി. രണ്ടു പേരും പരസ്പരം നോക്കി. പിന്നെ അവരുടെ കരങ്ങൾ ഒരു ഗർഭപാത്രത്തിൽ നിന്നെന്നതു പോലെ മുന്നിലെ മദ്യഗ്ലാസിലേയ്ക്ക് ഒരേ സമയം നീണ്ടു.

ഇപ്പോ അമ്മേടെ മൃതദേഹത്തിനു മുന്നിൽ നിന്ന് അവർ അന്നത്തേതു പോലെ പരസ്പരം നോക്കി. ഒറ്റ നോട്ടത്തിൽ അവരുടെ ചിന്തകൾ പരസ്പരം പങ്കുവയ്ക്കപ്പെടുന്നു.

രവി മുന്നോട്ടു നടന്നു. അവന്റെ നിഴലെന്ന പോലെ ഹരിയും.

എവിടെപ്പോവുകയാടാ…?: ഏതോ ബന്ധു ചോദിച്ചു.

അതിന് ചെവി കൊടുക്കാതെ നടക്കുമ്പോ വഴിയിൽ ഒതുങ്ങി കൈ കെട്ടി മുരാരിഅങ്കിൾ. തിരിച്ചുപോകാനായി ഗേറ്റിനടുത്തേയ്ക്ക് നടക്കുകയായിരുന്നു ആ അപരിചിതയായ ലേഡി. തിരിഞ്ഞ് രവി കണ്ണു കൊണ്ട് മുരാരിയോടു ചോദിച്ചു. ‘ഇതാണോ? ഇവർ തന്നെയാണോ?’

അതേയെന്ന് തലയാട്ടി തലതാഴ്ത്തി അങ്കിൾ നിന്നു.

ഗേറ്റിന് അടുത്തു വരെ എത്താറായിരുന്നു, ആ സ്ത്രീ.

രവി വിളിച്ചു: ഒന്ന് നിൽക്കണം.

അവർ തിരിഞ്ഞു നോക്കി. ഇരുവരെയും കണ്ട് അമ്പരന്നു. പിന്നാലെ നടന്നടുക്കുന്ന മുരാരിയെ കൂടി കണ്ടപ്പോ വല്ലാതായി.

ഹരി ചോദിച്ചു: എങ്ങനാ മാഡം തിരിച്ചു പോകുന്നത്…?

‘ഞാൻ….’അവർ എന്തു പറയണമെന്നറിയാതെ നിന്നു.

‘എങ്ങനാ വന്നത്?’: രവി ചോദിച്ചു.

‘ഞാൻ ബസ്സിൽ. പിന്നെ ഒരു ഓട്ടോ പിടിച്ച്…’

രവി പറഞ്ഞു: തിരിച്ചു പോകുമ്പോ ആ വണ്ടി കൂടിയങ്ങ് കൊണ്ടു പോകണം. ഇവിടെ കിടന്നിട്ട് അതിനൊരു ഇരിക്കപ്പൊറുതി ഇല്ല. ഇനിയിപ്പോ അതെവിടാ, എങ്ങോട്ടോ പോയത് എന്നൊക്കെ ചോദിക്കാനുള്ള ആളും പോയില്ലേ..

അവർ തല കുനിച്ചു നിന്നു. സഹോദരങ്ങൾ പിന്നെ നിന്നില്ല. തിരിച്ചു നടന്നു. ഗരാഷിലെ താക്കോൽക്കൂട്ടം കുലുങ്ങുന്ന ഒച്ച കേട്ടു.

പിന്നിൽ ആ ജീപ്പ് ഇതുവരെയില്ലാത്ത വിധം വല്ലാതെ ഒന്നു മുരണ്ടു.

ഹരിയും രവിയും തിരിഞ്ഞു നോക്കിയപ്പോ കണ്ടു. ഗേറ്റു കടക്കുന്ന ആ ജീപ്പ്. എത്രയോ കാലമായി ആ ഇരിപ്പിടം കാത്തിരുന്നതുപോലെ അത് ഒരു ഹംപ് ചാടി പറന്നു രക്ഷപെടുന്നു. ഡ്രൈവിങ് സീറ്റിൽ ആ സ്ത്രീ. കെട്ടിവച്ചിരുന്ന അവരുടെ മുടി ഇപ്പോ അഴിഞ്ഞു കിടക്കുന്നു. അത് തുള്ളിപ്പടർന്നു പറക്കുന്നു. വെയിലിന്റെ ഒരു കഷണം പോലെ അവർ പാഞ്ഞുപോയി.

Author Photo
ജി.ആര്‍. ഇന്ദുഗോപന്‍

നോവലിസ്റ്റ്, ചെറുകഥാകൃത്ത്

POST TAGS:

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT