‘ശാസ്ത്രവും മാനവികതയും നിങ്ങളെ ആദരിക്കുന്നു, സുനിത വില്യംസ്’ – ഡോ. അനു പാപ്പച്ചൻ
വിദ്യാഭ്യാസത്തിന്,, മനുഷ്യാവകാശങ്ങൾക്ക്, ജനാധിപത്യത്തിന് നിരന്തര സമരം ചെയ്യേണ്ടി വന്നവരാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ.അതിപ്പോഴും തുടരുന്നുമുണ്ട്.അടുക്കളയിൽ നിന്ന് പൂമുഖത്തേക്കും അവിടെ നിന്ന് മുറ്റത്തേക്കും ഇറങ്ങാൻ,സമൂഹത്തിലും സദസ്സിലും ഒച്ചയനക്കങ്ങൾ വേണ്ടുവോളം സൃഷ്ടിക്കാൻ, ക്രിയാത്മകവും ശാസ്ത്രീയവുമായ നേട്ടങ്ങളിൽ തങ്ങളുടെ സംഭാവനകൾ നല്കാൻ കാലമെടുക്കുന്നത് സ്ത്രീകൾ പോരാട്ടങ്ങൾക്ക് കൂടി സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ്.
“എന്റെ ബഹിരാകാശ പര്യവേഷണം എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു…..
ഭൂമിയിലേക്ക് നോക്കുമ്പോൾ നമുക്ക് അതിർത്തികളെയോ വ്യത്യസ്ത ദേശക്കാരായ ആളുകളെയോ കാണാൻ കഴിയില്ല.അപ്പോഴാണ് നാമെല്ലാവരും മനുഷ്യരും പ്രപഞ്ചത്തിലെ പൗരന്മാരുമാണെന്ന് നമുക്ക് മനസ്സിലാകുന്നത്….”
-സുനിത വില്യംസ്
സുനിതയെ കാത്തിരിക്കുന്നത് നരക ജീവിതം എന്നു തലക്കെട്ടിട്ടവർക്ക് ഒരു സ്ത്രീ കൊടുക്കുന്ന സന്ദേശമിതാണ്. ഓർക്കുക. ചരിത്രം സൃഷ്ടിച്ച സ്ത്രീയാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കുന്ന വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ 59 കാരി തന്റെ അതിസാഹസികമായ ദൗത്യത്തിലും മുന്നോട്ടു വക്കുന്നത് വിശ്വമാനവികതയാണ്. ലോകവും ബഹിർലോകവും കണ്ടവൾ!
ശാസ്ത്രത്തിനും മനുഷ്യകുലത്തിനും ഭാവി ബഹിരാകാശ ഗവേഷണങ്ങൾക്കും മുതല്ക്കൂട്ടാവുന്ന നേട്ടങ്ങൾ തീർച്ചയായും ഈ യാത്ര കൊണ്ട് സാധ്യമായിട്ടുണ്ടാകും.ബഹിരാകാശ നടത്തം ഒരു നിസാര കാര്യമല്ല.. കൃത്യമായ പരിശീലനം അതിനാവശ്യമാണ്. ഒപ്പം അസാധാരണമായ ധീരതയും മനോബലവും വേണം. വിവിധ പര്യടനങ്ങളിലെ 9 ബഹിരാകാശ നടത്തങ്ങളിലായി സുനിത വില്യംസ് ആകെ 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശ നടത്തം പൂർത്തിയാക്കി. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും ബഹിരാകാശ നടത്തം പൂർത്തിയാക്കിയ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്. നടത്തം മാത്രമായിരുന്നില്ല.ഈ നീണ്ട കാലയളവിൽ സാങ്കേതികമായ അറിവുകളുടെ നിരന്തരമായ പുതുക്കലും വേണം.ബഹിരാകാശ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതും താമസക്കാരുടെ ജോലി തന്നെ.

ബഹിരാകാശത്ത് അകപ്പെടുക സാധാരണ മനുഷ്യജീവിതത്തിന്റെ ഭാവനക്കും ചിന്തക്കുമപ്പുറമാണ്. സ്റ്റാർലൈനർ പേടകത്തിൽ സുനിതാ വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിന് യാത്രതിരിക്കുമ്പോൾ എട്ടു ദിവസമായിരുന്നു പദ്ധതി.. ജൂൺ 14ന് തിരികെ പോരേണ്ട അവർ അവിചാരിതമായ നിരവധി പ്രതിസന്ധികൾ നേരിട്ടു. പേടകത്തിലെ ഹീലിയം ചോർച്ചയും മറ്റു യന്ത്രത്തകരാറുകളും എത്ര വലിയ സാഹസികരേയും അമ്പരപ്പിക്കുക തന്നെ ചെയ്യും.
ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം ഭൂമിയെ ചുറ്റുന്ന വേഗം സെക്കൻഡിൽ 7.6 കിലോമീറ്ററാണത്രേ! അതായത് മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗം! മൈക്രോ ഗ്രാവിറ്റിയിൽ ശരീരത്തിന്റെ ആരോഗ്യകരമായ സന്തുലിതാവസ്ഥ വളരെ ശ്രദ്ധയോടെ പാലിക്കേണ്ടതുണ്ട്. യാത്രികർ ദിവസവും വ്യായാമം ചെയണം. ഭക്ഷണമടക്കം എല്ലാറ്റിനും ചിട്ടകളുമുണ്ട്. ഇതെല്ലാം മനസിലാക്കി ഒരു സ്ത്രീ തന്റെ പ്രിയപ്പെട്ട പാഷനിൽ പറ്റിച്ചേർന്നു നില്ക്കുന്നു. ആ തൊഴിലിൽ സന്തോഷവും പ്രതീക്ഷകളും അർപ്പിക്കുന്നു. സ്വന്തം ജീവിതത്തിനും കുടുംബത്തിനും എന്നല്ല, ലോകത്തിനു മുഴുവൻ എന്ന വിശാലമായ പരിപ്രേക്ഷ്യത്തിൽ നിന്നാണ് പ്രപഞ്ചപൗരർ എന്ന സങ്കല്പനത്തെ അവർക്ക് മുന്നോട്ടുവക്കാനാവുന്നത്.ലോകമെങ്ങുമുള്ള സ്ത്രീജനതക്ക് ആ ഇച്ഛാശക്തി അഭിമാനവും അന്തസുമേകുന്നു.

വിദ്യാഭ്യാസത്തിന്,, മനുഷ്യാവകാശങ്ങൾക്ക്, ജനാധിപത്യത്തിന് നിരന്തര സമരം ചെയ്യേണ്ടി വന്നവരാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ.അതിപ്പോഴും തുടരുന്നുമുണ്ട്.അടുക്കളയിൽ നിന്ന് പൂമുഖത്തേക്കും അവിടെ നിന്ന് മുറ്റത്തേക്കും ഇറങ്ങാൻ,സമൂഹത്തിലും സദസ്സിലും ഒച്ചയനക്കങ്ങൾ വേണ്ടുവോളം സൃഷ്ടിക്കാൻ, ക്രിയാത്മകവും ശാസ്ത്രീയവുമായ നേട്ടങ്ങളിൽ തങ്ങളുടെ സംഭാവനകൾ നല്കാൻ കാലമെടുക്കുന്നത് സ്ത്രീകൾ പോരാട്ടങ്ങൾക്ക് കൂടി സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ്.
സുനിതയ്ക്ക് മലയാളിയായ ഒരു കുലപുരുഷൻ എഴുതിയ കമന്റ് ഇപ്രകാരമാണ്. “ഇത് രണ്ടാം ജന്മം കിട്ടിയതാണ്. മേലാൽ ഇപ്പണിക്ക് പോകരുത്” എന്ന്.
അസാധ്യമായ വീര്യവും കർമ്മശേഷിയും പ്രകടിപ്പിക്കുന്ന സ്ത്രീകളോടുള്ള ഉപദേശങ്ങൾക്ക് ഇപ്പാഴും മാറ്റമൊന്നുമില്ല.ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി, യു.എസ്. നാവികസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷമാണ് സുനിത ബഹിരാകാശ യാത്രകൾക്കിറങ്ങുന്നത്. സൈനികദൗത്യങ്ങളിലൂടെ, ഹെലികോപ്റ്ററുകൾ പറത്തുന്നതിലും, മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും, നിർണായക മേഖലകളിൽ സൈനികരെ സഹായിക്കുന്നതിലും അവർക്ക് വിപുലമായ അനുഭവപരിചയമുണ്ട്.. കടുത്ത സമ്മർദ്ദത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവരുടെ കഴിവും നേതൃത്വപരമായ ഗുണങ്ങളും ആദ്യകാലങ്ങളിൽ തന്നെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. ഒരു ബഹിരാകാശയാത്രിക എന്ന നിലയിൽ അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അക്കാലം മികച്ച അടിത്തറ പാകിയിട്ടുണ്ട്.

FILE – NASA astronauts Suni Williams, left, and Butch Wilmore stand together for a photo enroute to the launch pad at Space Launch Complex 41 Wednesday, June 5, 2024, in Cape Canaveral, Fla., for their liftoff on a Boeing Starliner capsule to the International Space Station. (AP Photo/Chris O’Meara, File)
2006-ൽ ഡിസ്കവറിയുടെ ബഹിരാകാശ വാഹനത്തിലാണ് സുനിത ആദ്യമായി ബഹിരാകാശത്ത് എത്തിയത്.2012-ൽ സോയൂസ് ടി.എം.എ.-05 എം പേടകത്തിൽ രണ്ടാമത്തെ വട്ടവും 2024 ജൂൺ 5ന് സ്റ്റാർലൈനർ പേടകത്തിൽ മൂന്നാം വട്ടവും ബഹിരാകാശയാത്ര നടത്തി.. അപ്രതീക്ഷിതമായ കാലതാമസം സംഭവിച്ചിട്ടും, വില്യംസും സംഘവും 900 മണിക്കൂറിലധികം ശാസ്ത്രീയ ഗവേഷണം നടത്തി, ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളിൽ പങ്കെടുത്തു, എട്ട് ബഹിരാകാശ വാഹനങ്ങളുടെ വരവും പോക്കും നിയന്ത്രിച്ചു. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് അവരിപ്പോൾ. ഇത്രയും അനുഭവസമ്പത്തിനെ കുറിച്ചും ഒരു സ്ത്രീയെന്ന നിലയിൽ അവരെടുക്കുന്ന പ്രയത്നത്തെ കുറിച്ചും സാമ്പ്രദായിക വ്യവസ്ഥക്ക് ഒരറിവുമില്ല.അറിയാനും അംഗീകരിക്കാനും ആഗ്രഹവുമില്ല. കൂട്ടത്തിൽ മറ്റൊരു കൂട്ടരുമുണ്ട്. അവർ സുനിതയ്ക്ക് അഭിനന്ദനം നല്കുന്നവരാണ്. പക്ഷേ പറഞ്ഞ സമയത്ത് വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ സ്വന്തം വീട്ടിലെ സ്ത്രീകളെ വഴക്കും ചീത്തയും രണ്ടു തല്ലും നല്കി അപമാനിക്കുന്നവരാണ്.

പലപ്പോഴും ഈ സമൂഹ മനസ്ഥിതിയോടും കൂടി പൊരുതി വേണം സ്ത്രീക്ക് തന്റെ സ്വപ്നങ്ങളുടെ പിറകേ പോകാൻ. ജീവിതത്തിന്റെ ഓരോ ഘട്ടവും പാടിയാർക്കൽ വ്യവസ്ഥയുടെ വിധേയത്വങ്ങൾക്ക് ബോധപൂർവമോ അബോധപൂർവമോ അടിയറവു വക്കുന്ന സ്ത്രീകൾക്ക് കുടുംബമാണ് ഏറ്റവും വലിയ ലക്ഷ്യസ്ഥാനം.അതവരുടെ മാത്രം തെറ്റല്ല. അവർ മാത്രമായി തിരുത്തൽ പ്രക്രിയയിൽ ഏർപ്പെടുന്നത് വലിയ പോരാട്ടവുമാണ്. അതാണാദ്യം സൂചിപ്പിച്ചത് – സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും മുൻപേ വ്യവസ്ഥക്കെതിരെയുള്ള പോരാട്ടസമയം കൂടി നീക്കി വക്കണ്ടി വരുമെന്ന്.
കാലവും ലോകവും മാറി വരികയാണ്. സ്ത്രീകളും.. മാറ്റം ഉൾക്കൊള്ളുന്ന, മാറ്റത്തിലിടപെടുന്ന പെൺകുട്ടികൾക്ക് സുനിത വില്യംസ് എക്കാലവും പ്രചോദനമാണ്. ബഹിരാകാശത്ത് അനിശ്ചിതത്വത്തോടെ കുടുങ്ങിയ സാഹചര്യത്തിൽ സുനിത വില്യംസ് എല്ലാവരെയും ആശ്വസിപ്പിച്ച് പങ്കിട്ടതിങ്ങനെയാണ്
“ഇത് എന്റെ സന്തോഷ സ്ഥലമാണ്.ബഹിരാകാശത്ത് ചെലവഴിക്കുക എനിക്ക് രസകരമാണ്. ഭൂമിയിലെ ആളുകൾക്ക് പരസ്പരം ഒത്തുപോകാനാവില്ല എന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്.. നമുക്കുള്ള ഒരേയൊരു ഗ്രഹമാണിത്, ആ ഗ്രഹത്തിൽ ഒരുമിച്ചിരിക്കുന്നതിൽ നമ്മൾ ശരിക്കും സന്തോഷിക്കണം.”
ചരിത്രത്തിനും ശാസ്ത്രത്തിനും മാത്രമല്ല മാനവികതക്കും മുതല്ക്കൂട്ടാണ് സുനിത വില്യംസ്.അഭിമാനവും ആദരവും.

