സാമൂഹികപ്രവർത്തനം എന്ന തൊഴിൽ – ജോ ജോസഫ്
സോഷ്യോളജിയും സൈക്കോളജിയുമൊക്കെ പോലെയുള്ള സാമൂഹ്യശാസ്ത്ര വിഷയമാണ് സോഷ്യൽ വർക്ക്. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും ഇതിൽ ബിരുദ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - BSW), ബിരുദാനന്തര ബിരുദ (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് - MSW അല്ലെങ്കിൽ എം.എ. സോഷ്യൽവർക്ക്) കോഴ്‌സുകളുണ്ട്. ഇതിൽ ബിരുദാനന്തര കോഴ്‌സിനാണ് ഡിമാൻഡേറെയുള്ളത്. കാരണം മാസ്റ്റർ
പ്രഫഷണൽ കോഴ്‌സുകൾ സയൻസ്, കോമേഴ്‌സ് വിഷയങ്ങൾ പഠിച്ചവരുടെ കുത്തകയാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാൽ സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിച്ചവർക്കും തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച പ്രൊഫഷണൽ കോഴ്‌സുകളുണ്ട്. സോഷ്യൽ വർക്കർ, അഭിഭാഷകർ, സൈക്കോളജിസ്റ്റുകൾ, ഡേറ്റാ സയന്റിസ്റ്റ്, ജേണലിസ്റ്റ്, പോളിസി മേക്കേഴ്‌സ് തുടങ്ങി വിവിധ പ്രൊഫഷനുകളിൽ തിളങ്ങാൻ സാമൂഹ്യശാസ്ത്ര വിദ്യാർഥികൾക്ക് അവസരങ്ങളുണ്ട്. അതിനനുസരിച്ച് ഉപരിപഠനം നടത്തണമെന്നു മാത്രം.
ആദ്യം നമുക്ക് സാമൂഹ്യപ്രവർത്തനം എന്ന പ്രൊഫഷനെ കുറിച്ച് ചർച്ചചെയ്യാം. സാമൂഹ്യപ്രവർത്തനം ഒരു തൊഴിലാണോ എന്ന ബില്യൺ ഡോളർ ചോദ്യം അവിടെ നിൽക്കട്ടെ. പ്രതിഫലേച്ഛ കൂടാതെ രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്തുന്നവരെ കുറിച്ചല്ല നമ്മുടെ ചർച്ച; പ്രൊഫഷണൽ സോഷ്യൽ വർക്കർമാരെ കുറിച്ചാണ്. സോഷ്യോളജിയും സൈക്കോളജിയുമൊക്കെ പോലെയുള്ള സാമൂഹ്യശാസ്ത്ര വിഷയമാണ് സോഷ്യൽ വർക്ക്. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും ഇതിൽ ബിരുദ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് – BSW), ബിരുദാനന്തര ബിരുദ (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് – MSW അല്ലെങ്കിൽ എം.എ. സോഷ്യൽവർക്ക്) കോഴ്‌സുകളുണ്ട്. ഇതിൽ ബിരുദാനന്തര കോഴ്‌സിനാണ് ഡിമാൻഡേറെയുള്ളത്. കാരണം മാസ്റ്റർ ബിരുദധാരികൾക്കേ കാര്യമായ തൊഴിൽസാധ്യതയുള്ളൂ. എം.എസ്.ഡബ്ല്യൂവിന് ചേരാൻ ബി.എസ്.ഡബ്ല്യൂ. ബിരുദം വേണമെന്ന് നിർബന്ധവുമില്ല. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ആ കോഴ്‌സിന് അപേക്ഷിക്കാനാവും.
സാമൂഹ്യപ്രവർത്തനത്തിൽ തൽപ്പരരായവർക്ക് ഒരു കരിയർ എന്ന നിലയിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്.
യോഗ്യത
എം.എസ്.ഡബ്ല്യൂ. കോഴ്‌സിന് സാധാരണയായി ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാവും. ചില സ്ഥാപനങ്ങളിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് മുൻഗണന നൽകുന്നു. മിക്കവാറും സ്ഥാപനങ്ങൾ 50 ശതമാനം മാർക്കോടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാറുണ്ട്. മികച്ച സ്ഥാപനങ്ങളിലെല്ലാം പ്രവേശനപ്പരീക്ഷയുമുണ്ടാകും.
പ്രവേശനപ്പരീക്ഷ
എം.എസ്.ഡബ്ല്യൂ. കോഴ്‌സിനായുള്ള പ്രവേശന പരീക്ഷ ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായിരിക്കും. എങ്കിലും പരീക്ഷകളിൽ പൊതുവേ ഉൾപ്പെടാറുള്ള വിഷയങ്ങൾ ഇവയാണ്:
പൊതുവിജ്ഞാനം: ദേശീയ, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, പ്രധാന വ്യക്തികൾ, സംഭവങ്ങൾ, തുടങ്ങിയവ.
സാമൂഹിക പ്രശ്‌നങ്ങൾ: ഇന്ത്യയിലെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അറിവ്.
മെന്റൽ എബിലിറ്റി: ലോജിക്കൽ തിങ്കിങ്, പ്രോബ്ലം സോൾവിങ്, ഡേറ്റാ അനാലിസിസ് തുടങ്ങിയ കഴിവുകൾ അളക്കുന്ന ചോദ്യങ്ങൾ.
ആപ്ലിക്കേഷൻ ചോദ്യങ്ങൾ: സാമൂഹിക പ്രശ്‌നങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ, സാമൂഹിക വിഷയങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്താണ് തുടങ്ങിയ ചോദ്യങ്ങൾ.
ഇവ കൂടാതെ, ചില സ്ഥാപനങ്ങൾ ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ തുടങ്ങിയവയും നടത്താറുണ്ട്. ഓരോ സ്ഥാപനത്തിലെയും പ്രവേശന പരീക്ഷയുടെ രീതിയും ഉള്ളടക്കവും വ്യത്യസ്തമായിരിക്കുമെന്നതിനാൽ അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളോ പ്രോസ്‌പെക്ടസോ പരിശോധിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ എം.എസ്.ഡബ്ല്യൂ. അല്ലെങ്കിൽ എം.എ. സോഷ്യൽവർക്ക് കോഴ്‌സ് നടത്തുന്നുണ്ട്. ഇവയിൽ മികച്ചതേത് എന്നു പറയുന്നതിൽ അനൗചിത്യമുണ്ടെങ്കിലും പൊതുവേ റാങ്കിങ്ങിൽ മുന്നിൽ വരുന്ന പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളേതെന്ന് നോക്കാം:
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS), മുംബൈ,
ഡൽഹി സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് (DSSW), ഡൽഹി
മദ്രാസ് സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക്, ചെന്നൈ
വിശ്വഭാരതി യൂണിവേഴ്‌സിറ്റി, ശാന്തിനികേതൻ
ലൊയോള കോളേജ്, ചെന്നൈ
കോളേജ് ഓഫ് സോഷ്യൽവർക്ക്, നിർമല നികേതൻ, മുംബൈ
ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽവർക്ക്, ജാമിയ മിലിയ ഇസ്ലാമിയ, ഡൽഹി
സ്‌കൂൾ ഓഫ് സോഷ്യൽവർക്ക്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബെംഗളൂരു
ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽവർക്ക്, യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി
ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽവർക്ക്, യൂണിവേഴ്‌സിറ്റി ഓഫ് കൽക്കട്ട, കൊൽക്കത്ത
കേരളത്തിൽ കേരള, എം.ജി., കാലിക്കറ്റ്, ശ്രീശങ്കര സർവകലാശാലകളിലെ വിവിധ കോളേജുകളിലും കാസർകോട് കേന്ദ്ര സർവകലാശാലയിലും എം.എസ്.ഡബ്ല്യൂ കോഴ്‌സ് നടത്തുന്നുണ്ട്.
സാധാരണ, ജൂൺ-ഓഗസ്റ്റ് കാലയളവിലാണ് പ്രവേശന നടപടികൾ. എന്നാൽ പ്രവേശനം ആഗ്രഹിക്കുന്നവർ സർവകലാശാലകളുടെയും കോളേജുകളുടെയും വെബ്‌സൈറ്റ് സന്ദർശിച്ച് മുൻകൂട്ടി വിവരങ്ങൾ മനസ്സിലാക്കി വയ്ക്കുന്നതാണ് ഉചിതം.
തൊഴിലവസരം
എം.എസ്.ഡബ്ല്യൂ. കഴിഞ്ഞവർക്ക് തൊഴിൽ സാധ്യതകൾ ഒട്ടേറെയുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ സി.എസ്.ആർ. എക്‌സിക്യൂട്ടീവാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അഥവാ സി.എസ്.ആർ., കമ്പനികളെ സംബന്ധിച്ച പ്രധാനപ്പെട്ട ഒന്നായി മാറിയതോടെ ഈ മേഖലയിലെ തൊഴിലവസരം ഗണ്യമായി വർധിച്ചിട്ടുണ്ട്. കമ്പനികളിലെ ഹൂമൻ റിസോഴ്‌സ് വിഭാഗങ്ങളിൽ വെൽഫെയർ ഓഫീസർ തസ്തികയിലും എം.എസ്.ഡബ്ല്യൂക്കാർക്ക് മുൻഗണനയുണ്ട്. യു.എന്നിന്റെ കീഴിലുള്ള യുണെസ്‌കോ, ഡബ്ല്യൂ.എച്ച്.ഒ., യു.എൻ.എച്ച്.സി.ആർ. തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളിലും രാജ്യത്തിനകത്തും പുറത്തുമുള്ള അസംഖ്യം എൻജിഒകളിലും സോഷ്യൽ വർക്കറാവാനുള്ള അവസരങ്ങളുമുണ്ട്. സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിലും ആരോഗ്യം, വിദ്യഭ്യാസം, ജയിൽ തുടങ്ങിയ വകുപ്പുകളിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമായുള്ള വെൽഫെയർ ഓഫീസർ, കൗൺസിലർ, കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസർ, സോഷ്യൽ വർക്കർ, ഫീൽഡ് അസിസ്റ്റന്റ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ തുടങ്ങിയ തസ്തികകൾ എം.എസ്.ഡബ്ല്യൂക്കാർക്കുള്ളതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സോഷ്യൽവർക്കിൽ പിഎച്ച.ഡി. ചെയ്യാനും സാധിക്കും.

