കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷൻ സംഭവിക്കും – അനൂപ് അംബിക
6400+ കമ്പനികളാണ് ഇന്ന് സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ളത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നമ്പറാണ്. നമ്മളായിട്ടൊന്നും പറയുന്നതല്ല, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ നമ്പറാണ്. ഒരു വർഷം മുന്നേ ഞങ്ങൾ ഇതിൽ ഒരു സർവേ നടത്തിയിരുന്നു. അന്ന് ഏതാണ്ട് 5800 കമ്പനികളോ മറ്റോ ആണ് ഉണ്ടായിരുന്നത്.
എന്താണ് സ്റ്റാർട്ടപ്പുകൾ? സാധാരണ മൈക്രോ-സ്മാൾ-മീഡിയം എന്റർപ്രൈസുകളിൽ (എം.എസ്.എം.ഇ) നിന്ന് സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
സ്റ്റാർട്ടപ്പ് എന്നത് ടെക്നോളജി ഉപയോഗിച്ച് ഒരു ഉൽപ്പന്നം നിർമിക്കുകയോ രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കിൽ അതിന്റെ ഉത്പാദന രീതിയെയോ മാർക്കറ്റിങ് രീതിയെയോ മാറ്റിമറിക്കുകയോ ചെയ്യുകയും അതിൽനിന്ന് അസാധാരണമായ വിധത്തിൽ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികളാണ്. ടെക്നോളജി എന്ന് പറയുന്നത് ഐ.ടി. തന്നെയാവണമെന്നില്ല, ബയോ ടെക്നോളജിയാവാം, മെറ്റീരിയൽ സയൻസ് ആവാം, ഇൻഫർമേഷൻ ടെക്നോളജിയാവാം. ഏത് തരത്തിലുള്ള ടെക്നോളജിയും ഉപയോഗിക്കാം.
എപ്പോഴും നമ്മൾ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു കാര്യം എക്സ്പൊണൻഷ്യൽ ഗ്രോത്ത് ആണ്. അതായത് സാധാരണ കമ്പനികൾ 10 ശതമാനവും 20 ശതമാനവും ഒക്കെ വാർഷിക വളർച്ച ഉണ്ടാവുമ്പോൾ 100 ഇരട്ടി, 200 ഇരട്ടി റവന്യു തുടങ്ങിയ അതിദ്രുതമായ വളർച്ചയാണ് സ്റ്റാർട്ടപ്പുകളെ വ്യത്യസ്തമാക്കുന്നത്.
നമുക്കറിയാം, ആദ്യ വർഷങ്ങളിൽ ചിലപ്പോൾ നമുക്ക് ഒരു രൂപപോലും വരുമാനമുണ്ടാവില്ല, പക്ഷേ നമ്മുടെ പ്രൊഡക്ടോ ആപ്പോ റെഡിയായിക്കഴിഞ്ഞാൽ പിന്നെ അധികം ചെലവൊന്നുമില്ലാതെ പണം വന്നുകൊണ്ടേയിരിക്കും. സ്റ്റാർട്ടപ്പുകളുടെ വരുമാനം എക്സ്പൊണൻഷ്യലി വർദ്ധക്കുമ്പോൾ എം.എസ്.എം.ഇകളുടെ വരുമാനം ലീനിയറായിട്ടാണ് വർദ്ധിക്കുക.
എം.എസ്.എം.ഇക്ക് എന്തേലും ടെക്നോളജിയുടെ ആവശ്യമില്ല. ചെറിയൊരു വർക്ക്ഷോപ്പ് നടത്തുന്നതിനെ നമുക്ക് എം.എസ്.എം.ഇ എന്ന് വിളിക്കാം. ഒരു ഓയിൽ മിൽ നടത്തുന്നതിനെ എം.എസ്.എം.ഇ എന്ന് വിളിക്കാം. ചെറിയ ആയുർവേദ ട്രീറ്റ്മെന്റ് സെന്ററിനെയും നമുക്ക് എം.എസ്.എം.ഇ എന്ന് വിളിക്കാം, പക്ഷേ ഒരു സ്റ്റാർട്ടപ്പിന് ഒരു പുതിയ ടെക്നോളജിയോ ഇന്നൊവേഷനോ അതുമായി ബന്ധപ്പെട്ട് ഉണ്ടാവണം. അതാണ് അടിസ്ഥാന വ്യത്യാസം. ബുക്ക് മൈ ഷോ ഒരു ഉദാഹരണമാണ്. സ്വിഗ്ഗി ഉദാഹരണമാണ്. ഊബർ ഉദാഹരണമാണ്. ആളുകൾ പണ്ട് ടാക്സി വിളിക്കുന്നതിന് പകരം ഇപ്പോൾ ഊബർ വിളിക്കുന്നു. ലോകത്തെവിടെ ഒരു ഊബർ റൈഡ് നടന്നാലും കമ്പനിക്ക് വരുമാനമുണ്ടാവുന്നു.
എന്താണ് കേരള സ്റ്റാർട്ടപ്പ് മിഷൻ?
2005-2006 കാലത്ത് കുറച്ച് വിദ്യാർഥികൾ ചേർന്ന് ടോർക്ക് എന്നൊരു ഒരു കമ്പനി ആരംഭിച്ചു. തിരുവനന്തപുരം എഞ്ചിനീറിങ് കോളജിലെ അഞ്ച് വിദ്യാർഥികൾ ചേർന്നാണ് അത് തുടങ്ങിയത്. എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി, പിന്നീട് സ്റ്റാർട്ടപ്പ് വില്ലേജിന്റെ സി.ഇ.ഒ ആയ സഞ്ജയ് വിജയ് കുമാർ തുടങ്ങിയവരൊക്കെ അതിൽ ഭാഗമായിരുന്നു. രക്തദാനത്തിന് വേണ്ടിയുള്ള ഒരു ആപ്പ് ആയിരുന്നു അവർ ആദ്യം തുടങ്ങിയത്. പിന്നീടത് കൂടുതൽ മൊബൈൽ വാല്യു ആഡഡ് സർവീസുകൾ നൽകുന്ന മോബ്മി എന്ന ഒരു കമ്പനിയായി മാറി. രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാർട്ടപ്പുകളിലൊന്നായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കോളജിൽ നിന്ന് അങ്ങനെയൊരു കമ്പനി വരിക, അത്തരം കാര്യങ്ങൾ ചെയ്യുക എന്നത് അതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു.
ടെക്നോപാർക് ആ സമയത്ത് വിളിക്കപ്പെട്ടിരുന്നത് ടെക്നോപാർക്ക് ബിസിനസ് ഇൻക്വുബേഷൻ സെന്റർ എന്നായിരുന്നു. അപ്പോഴാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് മുന്നിൽ മോബ്മി ആദ്യത്തെ പബ്ലിക് – പ്രൈവറ്റ് പാർട്നർഷിപ്പ് ഇൻക്യുബേറ്റർ എന്ന പ്രൊപ്പോസൽ വെക്കുന്നത്. ഡി.എസ്.ടിയും ടെക്നോ പാർക്കും ഹോസ്റ്റ് ചെയ്യും, മോബ്മി പ്രൈവറ്റ് പാർട്ട്നറുമാവും. അങ്ങനെയാണ് സ്റ്റാർട്ടപ്പ് വില്ലേജ് ഉണ്ടാവുന്നത്. ആദ്യം മറ്റൊരു പേരായിരുന്നു, പിന്നീടാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്ന പേരിലേക്ക് മാറിയത്.
സ്റ്റാർട്ടപ്പ് വില്ലേജിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, നമ്മുടെ കിൻഫ്ര പാർക്കിലുള്ള ഒരു പഴയ വെയർ ഹൗസ് അവർ ഒരു കോ-വർക്കിങ് സ്പേസ് ആയി മാറ്റുകയായിരുന്നു. ഇന്ന് കോ-വർക്കിങ് സ്പേസ് എന്ന് പറയുമ്പോൾ വളരെ സാധാരണമായി തോന്നുമെങ്കിലും അന്നത് വളരെ നോവലായിട്ടുള്ള ഐഡിയ ആയിരുന്നു. വിദ്യാർഥികൾ അവിടെ വന്ന് എക്സ്പിരിമെന്റുകൾ നടത്തും, മൊബൈൽ ആപ്പുകൾ ഉണ്ടാക്കും. ബ്ലാക്ക് ബെറി, ഐ-ഫോൺ, ആൻഡ്രോയിഡ് ഒക്കെ പതുക്കെ ഇവോൾവ് ചെയ്ത് വരുന്ന സമയമാണ്. ആ സമയത്ത് ബ്ലാക്ക് ബെറിയായിരുന്നു പ്രധാന ബിസിനസ് ഫോൺ.
വിദ്യാർഥികൾ അവിടെ ആപ്പുകൾ ഉണ്ടാക്കുകയും വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളെ സമീപിക്കുകയും ചെയ്തു. അങ്ങനെ വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളുടെ ഇടയിലും ഒരു എക്സൈറ്റ്മെന്റ് വന്നു തുടങ്ങി. അവിടെന്ന് കുറേ കുട്ടികൾ കുറേ കാര്യങ്ങൾ ചെയ്യുന്നല്ലോ, നല്ല കാര്യമാണല്ലോ എന്നൊക്കെ. പക്ഷേ ഒരു സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിന് വേണ്ടിയിരുന്ന ഡെപ്ത് അതിനുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, ചിലപ്പോൾ ഞാൻ നോ എന്നേ പറയൂ. ആളുകൾ പഠിക്കുകയും കാര്യങ്ങൾ ചെയ്യുകയും ഒക്കെ ചെയ്തു. ഇന്നൊവേറ്റീവ് ആയ ഒരു പരീക്ഷണമായിരുന്നു അതെങ്കിലും വലിയ വലയി കാര്യങ്ങൾ ഒന്നും അതിൽ നിന്ന് സംഭവിച്ചില്ല.
ഇതിന്റെ ഏതോ ഒരു ഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സർക്കാർ ഒരു തീരുമാനമെടുത്തു. സ്റ്റാർട്ടപ്പ് വില്ലേജ് ഉണ്ടാക്കിയ എല്ലാ ആസ്തികളും സർക്കാർ ഏറ്റെടുക്കും. കാരണം സ്റ്റാർട്ടപ്പ് വില്ലേജിന് സ്വയം നിലനിൽക്കാനും മുന്നോട്ട് പോവാനും കഴിയുന്നില്ല, അവർ വീണ്ടും വീണ്ടും സർക്കാർ സഹായം ചോദിക്കുകയാണ്. സർക്കാരിന് അതിന് പറ്റിയ ഒരു സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയത്. അങ്ങനെ ഉണ്ടാക്കിയതാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. ഡോ. ജയശങ്കർ പ്രസാദായിരുന്നു കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ സി.ഇ.ഒ.
ജയശങ്കർ വന്നതിന് ശേഷം പുതിയൊരു ഫ്രെയിംവർക്ക് നടപ്പാക്കി. ബാപ്സൺ കോളജിൽ ഉപയോഗിച്ചിരുന്ന ഫ്രെയിംവർക്കായിരുന്നു അത്. ഓന്റർപ്രണർഷിപ്പ് എം.ബി.എയിൽ പണ്ടൊക്കെ നമ്പർ വൺ ആയിരുന്ന കോളജായിരുന്നു ബാപ്സൺ. ഇപ്പൊ അതാണോ എന്നെനിക്കറിയില്ല. ബാപ്സണിന്റെ ഓന്റർപ്രണേറിയൽ ഫ്രെയിംവർക്ക് എടുത്തിട്ട് അതിന്റെ മുകളിൽ ഒരു എക്കോ സിസ്റ്റം ഉണ്ടാക്കുകയാണ് ജയശങ്കർ ചെയ്തത്. പോളിസി സപ്പോട്ട്, ഗവൺമെന്റ് സപ്പോട്ട്, ഇൻവെസ്റ്റേഴ്സ്, റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയവയൊക്കെ ഇതിലേക്ക് വന്നപ്പോഴാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടായത്.
പുതിയ ഒരു ഐഡിയയുമായി വരുന്ന ഒരാൾക്ക് എങ്ങനെയാണ് സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാൻ പറ്റുക? സമീപിച്ചാൽ തന്നെ എന്ത് തരം സഹായമാണ് അയാൾക്ക് ലഭിക്കുക?
ഒരു പുതിയ ഐഡിയേറ്റർക്കോ ഇന്നവേറ്റർക്കോ അല്ലെങ്കിൽ കമ്പനി തുടങ്ങുന്ന ഒരാൾക്കോ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലേക്ക് കടന്നു വരാനുള്ള വഴി എന്ന് പറയുന്നത് ഞങ്ങളുടെ ഗ്രാൻഡുകൾക്ക് വേണ്ടി അപ്ലൈ ചെയ്യുക എന്നുള്ളതാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ അപ്രൂവഡ് കമ്പനികൾ എന്ന് പറയുന്ന കമ്പനികളുണ്ട്. അതിനുള്ള ഒരു റിക്വയർമെന്റ് സ്റ്റാർട്ട് അപ് ഇന്ത്യയുടെ ഒരു ഡിപി ഐഐടി രജിസ്ട്രേഷനാണ്. അതിനൊരു യൂണിക്ക് ഐഡി അവർ കൊടുക്കും. ആ യൂണിക്ക് ഐഡി കിട്ടിയ കമ്പനികളെ മാത്രമേ നമ്മൾ കേരള സ്റ്റാർട്ടപ്പ് മിഷന്റെ അപ്രൂവഡ് കമ്പനീസ് ആയിട്ട് എംപാനൽ ചെയ്യാറുള്ളൂ.
ഒരിക്കൽ അങ്ങനെ എംപാനൽ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പ്രൊഡക്ട് ഐഡിയ ഉണ്ടെങ്കിൽ, അതിന് 15 ലക്ഷം വരെയുള്ള ഇന്നൊവേഷൻ ഗ്രാന്റുകൾ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകും. ഐഡിയ എന്ന് പറയുമ്പോൾ ഉൽപ്പന്നമായി മാറാൻ അതിനൊരു ടെക്നിക്കൽ ഫീസിബിലിറ്റിയും കൊമേഷ്യൽ ഫീസിബിലിറ്റിയും വേണം. അതായത് സാങ്കേതികമായി നമുക്ക് സോൾവ് ചെയ്യാനും സോൾവ് ചെയ്യപ്പെട്ട ഉൽപ്പന്നം മറ്റു സ്ഥലങ്ങളിലേക്ക് വിൽക്കാനും അതിൽ നിന്ന് വെൽത്ത് ഉണ്ടാക്കാനും പറ്റണം.
ആ ഇന്നൊവേഷൻ ഗ്രാൻഡിന് അപ്ലൈ ചെയ്യുക എന്നുള്ളതാണ് ഈ എക്കോസിസ്റ്റത്തിലേക്ക് കടന്നു വരാനുള്ള ഏറ്റവും എളുപ്പമുള്ള വഴി. ഒരു എക്സ്പെർട്ട് കമ്മിറ്റി നിങ്ങളുടെ ഐഡിയ വാലിഡേറ്റ് ചെയ്യും എന്നതാണ് ഗ്രാന്റിന് അപ്ലെ ചെയ്യുന്നതിന്റെ മറ്റൊരു ഗുണം. കാരണം സാധാരണഗതിയിൽ എപ്പോഴും സംഭവിക്കുന്ന ഒരു കാര്യം, നമ്മൾ ഒരു പുതിയ ഐഡിയ ആയിട്ട് വരും. നമ്മളുടെ ഐഡിയ മഹത്തരമാണെന്ന ഉറച്ച ബോധ്യത്തിലാണ് നമ്മൾ പലപ്പോഴും എക്കോസിസ്റ്റത്തിലേക്ക് കടന്നുവരുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്റ്റുകൾ ഓൾറെഡി മാർക്കറ്റിൽ കണ്ടേക്കാം. അതുപോലും ചിലപ്പോൾ പഠിക്കാതെയാണ് നമ്മൾ ഐഡിയയുമായി മുന്നോട്ട് വരിക. അപ്പൊ ഒരു എക്സ്പെർട്ട് കമ്മിറ്റിയുടെ പരിശോധനയിലൂടെ കടന്നുപോകുമ്പോഴേക്കും നമുക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ വാലിഡേറ്റ് ചെയ്ത് കിട്ടും. അതിനുള്ള അവസരം കൂടിയാണ് ഗ്രാൻഡിലേക്കുള്ള അപേക്ഷ നൽകുന്നത്.
ഇപ്പോൾ ആറായിരത്തിലധികം സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുണ്ട്. ഇതിൽ എത്രയെണ്ണം സ്ഥിരത നേടിയിട്ടുണ്ട്? നമ്മുടെ സ്റ്റാർട്ടപ്പുകളുടെ സക്സസ് റേറ്റ് എങ്ങനെയാണ്? യൂണികോൺ സാധ്യതകളുള്ള സ്റ്റാർട്ടപ്പുകളുണ്ടോ?
6400+ കമ്പനികളാണ് ഇന്ന് സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ളത്. ഞാൻ എല്ലാ ദിവസവും നോക്കുന്ന ഒരു നമ്പറാണിത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നമ്പറാണ്. നമ്മളായിട്ടൊന്നും പറയുന്നതല്ല, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ നമ്പറാണ്. ഒരു വർഷം മുന്നേ ഞങ്ങൾ ഇതിൽ ഒരു സർവേ നടത്തിയിരുന്നു. അന്ന് ഏതാണ്ട് 5800 കമ്പനികളോ മറ്റോ ആണ് ഉണ്ടായിരുന്നത്. ആ 5800 കമ്പനികളെയും വിളിച്ച് അവര് നിലവിലുണ്ടോ, അവരുടെ ഹെൽത്ത് എങ്ങനെയാണ് എന്നൊക്കെ പരിശോധിക്കുന്ന ഒരു പരിപാടി ഞങ്ങൾ നടത്തിയിരുന്നു. ഏതാണ്ട് ഒരു 10 ഇന്റേൺസിനെ വെച്ച് ഓരോരുത്തരെയായി വിളിച്ചു.
അതിൽ നിന്ന് മനസ്സിലാക്കിയത് ആ 5800 കമ്പനികളിൽ ഏകദേശം 1500-ഓളം കമ്പനികൾ അവരുടെ ഏർലി സ്റ്റേജസ് ഓഫ് റെവന്യൂവിൽ എത്തിയിട്ടുണ്ട് എന്നാണ്. അതായത്, എന്തെങ്കിലും രീതിയിലുള്ള വരുമാനം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് എന്ന്. അതിൽ 500 ഓളം കമ്പനികൾ ഒരു സ്റ്റെഡി സ്റ്റേറ്റ് ഓഫ് റെവന്യൂവിലേക്കും എത്തിയിട്ടുണ്ടായിരുന്നു. അതായത്, കഴിഞ്ഞ ഒരു 12 മാസമായിട്ട് ആ കമ്പനികൾക്ക് എല്ലാ മാസവും ഏതെങ്കിലും രീതിയിലുള്ള ഒരു വരുമാനം വരുന്നുണ്ട്. ആ 500 കമ്പനികളെയാണ് ഞങ്ങൾ ഭാവിയിലേക്കുള്ള സാധ്യതകളായി കാണുന്നത്.
500 കമ്പനികളിൽ ഒരു അഞ്ച് കമ്പനികൾ എങ്കിലും നല്ല രീതിയിൽ പെർഫോം ചെയ്താൽ മതി. യൂണികോൺ എന്ന പദത്തിനോട് സത്യത്തിൽ എനിക്ക് താൽപര്യമില്ലെന്ന് ഞാൻ ആദ്യമേ പറയാറുള്ള കാര്യമാണ്. ഒരു ബില്യൺ ഡോളർ വാല്യുവേഷൻ ഉള്ള ഒരു കമ്പനിയാണ് യൂണികോൺ എന്ന് പറയുന്നത്. എന്നാൽ അതുകൊണ്ടുമാത്രം ആ കമ്പനി വിജയിച്ച് കൊള്ളണം എന്ന് യാതൊരു നിർബന്ധവുമില്ല.
അതേസമയം, 100 മില്യൺ ഡോളറിന് മുകളിൽ വരുമാനമുള്ള ഉള്ള ഒരു അഞ്ച് കമ്പനികളെ ക്രിയേറ്റ് ചെയ്യാൻ പറ്റി കഴിഞ്ഞാൽ നമ്മൾ ഹാപ്പി ആണെന്നുള്ളതാണ് ആദ്യം തൊട്ടേ ഉള്ള ഞങ്ങളുടെ കാഴ്ചപ്പാട്. അങ്ങനെ തിരിച്ചറിഞ്ഞ ഒരു 50-100-ഓളം കമ്പനികളുണ്ട്. അവരെ ഞങ്ങൾ എല്ലാ രീതിയിലും സപ്പോട്ട് ചെയ്യുന്നുണ്ട്. ഇൻവെസ്റ്റേഴ്സിന്റെ അടുത്തേക്ക് കണക്ട് ചെയ്യുന്നു, ബിസിനസുകളുമായി കണക്ട് ചെയ്യുന്നു, വലിയ മൾട്ടിനാഷണൽ കണക്ടിന് സഹായിക്കുന്നു. അങ്ങനെ പല തരത്തിൽ സപ്പോട്ട് കൊടുക്കുന്നുണ്ട്.
സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ പ്രധാന ഭാഗമാണ് ഇൻക്വുബേഷൻ സ്റ്റേജിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് നൽകുന്ന ഓഫിസ് സ്പേസ് മുതലായ സൗകര്യങ്ങൾ. ഇത്തരത്തിൽ എന്തൊക്കെ സംവിധാനങ്ങളാണ് സ്റ്റാർട്ടപ്പ് മിഷൻ ഇൻക്യുബേഷൻ സെന്ററുകളിൽ നൽകുന്നത്?
കമ്പനി തുടങ്ങാൻ വരുന്ന ഏതൊരാൾക്കും വേണ്ട രണ്ടു മൂന്ന് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഇൻവെസ്റ്റ്മെന്റ്. എന്ത് തുടങ്ങാനും നമുക്ക് പൈസ വേണം. അതിന്റെ വോളിയം മാറി മറിഞ്ഞിരിക്കുമെന്ന് മാത്രം. ഒരാൾക്ക് അഞ്ചു ലക്ഷം വേണമെങ്കിൽ വേറൊരാൾക്ക് ചിലപ്പോൾ അഞ്ചു കോടി ആയിരിക്കും വേണ്ടത്. ഇന്നവേറ്റേഴ്സിന്റെ അടുത്തേക്ക് ക്യാപ്പിറ്റൽ എങ്ങനെ എത്തിക്കാം എന്നതാണ് ആദ്യത്തെ കാര്യം. അതിൽ ആദ്യത്തെ സ്റ്റെപ്പാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാൻഡ് എന്ന് പറയുന്നത്.
ഫണ്ടിനായി ഞങ്ങൾ മറ്റു ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇപ്പൊ സിഡ്ബി, നബാർഡ്, വേൾഡ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ പല പ്രൈവറ്റ്-പബ്ലിക് എൻജിഓകളുമായി ചേർന്ന് കൂടുതൽ ക്യാപ്പിറ്റൽ എക്കോസിസ്റ്റത്തിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, എച്ച്.എൻ.ഐ(HNI) നെറ്റ്വർക്ക് എന്നൊരു സംവിധാനം കൂടെ കൂടുതൽ ക്യാപിറ്റൽ മൊബിലൈസ് ചെയ്യാൻ നടപ്പാക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലുമുള്ള പണക്കാരെ ഒരുമിപ്പിച്ച് അവിടെയുള്ള സ്റ്റാർട്ടപ്പുകളിൽ പണം നിക്ഷേപിക്കുന്ന തരത്തിൽ ജില്ലാതലത്തിൽ ഒരു എയ്ഞ്ചൽ ഇൻവസ്റ്റ്മെന്റ് നെറ്റ്വർക്ക്.
15 ലക്ഷം മുതൽ ഒരു കോടി രൂപ വരെയൊക്കെ ഉള്ള ക്യാപിറ്റൽ ഇങ്ങനെ നമുക്ക് റേസ് ചെയ്യാം. അതിനുമപ്പുറത്തേക്ക് രണ്ട് മില്യൺ മുതൽ 10 മില്യൺ ഡോളർ വരെയൊക്കെയുള്ള വലിയ ഫണ്ട് റൈസ് ചെയ്യുന്ന കമ്പനികൾക്ക് വേണ്ടി നമ്മൾ ഫണ്ട് ഓഫ് ഫണ്ട്സ് എന്ന് പറഞ്ഞ ഒരു സ്കീം കൂടെ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ തന്നെ വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുകയും നമ്മൾ ഇടുന്ന അത്രയും തന്നെ പൈസ – ഇപ്പൊ നമ്മൾ അഞ്ചു കോടിയാണ് ഇടുന്നതെങ്കിൽ ഫണ്ടും അതേ അഞ്ചു കോടി – തന്നെ ഇടുകയും ആ 10 കോടി കേരളത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ തന്നെ ഡിപ്ലോയ് ചെയ്യണം എന്നുള്ളതാണ് നിബന്ധന. അങ്ങനെ ഫണ്ട് ഓഫ് ഫണ്ട്സ് വഴിയും ഒരുപാട് കമ്പനികൾക്ക് ക്യാപിറ്റൽ കിട്ടാറുണ്ട്.
അങ്ങനെ ഇൻവസ്റ്റ്മെന്റ് സദാ ഉറപ്പുവരുത്താൻ കൃത്യമായ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇനിയുള്ളത് ഇൻഫ്രാസ്ട്രക്ചറാണ്. അതായത് ഈ പണികളൊക്കെ നടക്കാൻ ഒരു സ്ഥലം വേണം. അതിനായി, അങ്ങനെയുള്ള കോ വർക്കിങ് സ്പേസസ് ഉണ്ട്. ഇപ്പൊ നമുക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ മേജർ സെന്ററുകൾ ഉണ്ട്. അതിനെ ലീപ്പ് സെന്റേഴ്സ് എന്നാണ് വിളിക്കുന്നത്. നമ്മൾ ഇപ്പോൾ ഇരിക്കുന്നത് ഒരു ലീപ്പ് സെന്ററിലാണ്. കൊച്ചിയിലാണ് ഞങ്ങളുടെ ഏറ്റവും വലിയ സെന്റർ ഉള്ളത്. അവിടെയാണ് ടെക്നോളജി ഇന്നവേഷൻ സോൺ എന്ന് പറയുന്ന നമ്മുടെ ഒരു വലിയ കെട്ടിടം വന്നിട്ടുള്ളത്. ഇപ്പൊ ഡിജിറ്റൽ ഹബ് എന്ന് പറയുന്ന അടുത്ത ഒരു കെട്ടിടം കൂടെ അവിടെ വരുന്നു. മൂന്നാമത്തേത് കോഴിക്കോടാണ്. അത് ഊരാളുങ്കൽ സൈബർ പാർക്കിലും കൊച്ചിയിൽ ഗവൺമെന്റ് സൈബർ പാർക്കിലുമായാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ഇപ്പോൾ എല്ലാ എൻജിനീയറിങ് കോളേജുകളുമായിട്ട് ബന്ധപ്പെട്ട്, അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളുമായിട്ട് ബന്ധപ്പെട്ട് ലീപ്പ് സെന്റേഴ്സ് നമ്മൾ ചെറുതായിട്ട് എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ഒരു ഒരു ആഗ്രഹം എന്ന് പറയുന്നത് എല്ലാ ജില്ലകളിലും ഇതുപോലെ ആൾക്കാർക്ക് വന്നിരുന്ന് വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കോ-വർക്കിങ് സ്പേസ് സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ തന്നെ ഉണ്ടാവുകയും അതിൽ നിന്ന് പ്രചോദനം കൊണ്ട് പ്രൈവറ്റ് പ്ലയേഴ്സും കൂടെ മുന്നോട്ട് വരികയും ചെയ്ത് ഒരു നല്ല കോ വർക്കിങ് എക്കോസിസ്റ്റം എല്ലാ ജില്ലകളിലും ക്രിയേറ്റ് ചെയ്യപ്പെടണം എന്നതാണ്. അതുവഴി ഒരു വികേന്ദ്രീകൃത സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കേരളത്തിൽ സാധ്യമാണെന്നുള്ളതാണ് നമ്മളുടെ ഒരു തീസിസ്. അത്തരത്തിലുള്ള 17 സെന്ററുകൾ ഇന്ന് കേരളത്തിലുടനീളം പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ പ്രവാസികളിൽ പലരും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറുള്ളവരുണ്ടാവില്ലേ? അത്തരം ഫണ്ട് മൊബിലൈസ് ചെയ്യൻ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ? നോർക്കയുടെ പദ്ധതിയുണ്ടായിരുന്നു. അതിന്റെ ഭാവി എന്താണ്?
ഭാവിയിൽ അല്ല, ഇപ്പൊ തന്നെ നമുക്ക് അങ്ങനെ ഒരു പദ്ധതി ഉണ്ട്. അത് അധികം ആൾക്കാരിലേക്ക് എത്തിയിട്ടില്ല എന്നതാണ് നിരാശ. അതായത് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി എന്ന ഒരു പ്രോഗ്രാം ഞങ്ങൾ ലോഞ്ച് ചെയ്തിട്ടുണ്ട്.
ഒന്ന് കേരളത്തിൽ ഇൻക്യുബേറ്റ് ചെയ്യപ്പെടുന്ന കമ്പനികൾക്ക് പുതിയൊരു രാജ്യത്തേക്ക് പോയി അവിടെ ബിസിനസ് നടത്താനുള്ള ഒരു ലോഞ്ച് പാഡ് ആയിട്ട് ഈ ഇൻഫിനിറ്റി സെന്റേഴ്സ് മാറും.
രണ്ടാമതായി, പ്രവാസികൾക്ക്, അല്ലെങ്കിൽ അവരുടെ അടുത്ത തലമുറയ്ക്ക് ഒരു സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അത് കോസ്റ്റ് എഫക്ടീവായി കേരളത്തിൽ ചെയ്യണമെന്നും ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സഹായങ്ങൾ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റേഴ്സിലൂടെ ചെയ്തു കൊടുക്കുക എന്നതാണ്.
മൂന്നാമതായി, പ്രവാസികൾ എന്ന് പറയുന്നത് ഒരുപാട് വെൽത്ത് അക്യുമുലേറ്റ് ചെയ്തിട്ടുള്ള വിഭാഗമാണ്. അപ്പൊ അത്തരത്തിലുള്ള ഹൈ നെറ്റ് വർത്ത് ആളുകൾക്ക് ഒന്നിച്ച് വരികയും സ്റ്റാർട്ട് അപ് എക്കോസിസ്റ്റത്തിലേക്ക് ഇൻവസ്റ്റ് ചെയ്യുകയും ചെയ്യാം.
നാലാമത്തേത്, പ്രവാസികളിൽ തന്നെ പല മേഖലകളിൽ വർക്ക് ചെയ്യുന്നവരുണ്ട്. അവർ ഒരുമിച്ചു വന്ന് തമ്മിൽ സംസാരിക്കുമ്പോഴാണ് പലപ്പോഴും ഒരു സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം അല്ലെങ്കിൽ ഐഡിയ ഫോം ചെയ്തു വരുന്നത്. അത്തരത്തിലുള്ള കോ-ക്രിയേഷൻ സ്പേസസ് ആയിട്ട് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റേഴ്സ് മാറും.
ഇങ്ങനെ നാല് ലക്ഷ്യങ്ങളോടെയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ നമ്മൾ വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോ തന്നെ അത് ദുബായിലും ബെൽജിയത്തിലും യുഎസ്സിലും പ്രവർത്തിക്കുന്നുണ്ട്. ഓസ്ട്രേലിയയിലും ജർമനിയിലും നമ്മൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ ഒരു ആഗ്രഹം എന്ന് പറയുന്നത് പ്രധാനപ്പെട്ട എക്കണോമിക് ഹബ്ബുകളിലെല്ലാം ഇത്തരത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ തുടങ്ങുക അതുവഴി പ്രവാസികളിലേക്ക് എത്താൻ, അല്ലെങ്കിൽ പ്രവാസികൾക്ക് ഞങ്ങളിലേക്ക് എത്താനുള്ള ഒരു വേദി അവരുടെ രാജ്യങ്ങളിൽ ഒരുക്കിക്കൊടുക്കുക എന്നതാണ്.
ഇന്നൊവേറ്റീവ് ആയുള്ള ഐഡിയകൾ കൂടുതലായി വരാൻ ഒരു ഇൻഡസ്ട്രി – അക്കാദമി പാർട്ണർഷിപ്പ് എന്നത് വളരെ പ്രധാനമാണ്. അത്തരത്തിലുള്ള റിസർച്ചുകളും ഡെവലപ്മെന്റുകളും കേരളത്തിൽ നിന്ന് വരുന്നുണ്ടോ?
നമുക്ക് അങ്ങനത്തെ തീസിസുകൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ ചരിത്രം വച്ചിട്ടാണല്ലോ എങ്ങനെയാണ് മുന്നോട്ട് പോവുക എന്ന് പറയാനാവുക. അത്തരത്തിലുള്ള ചരിത്രം നമ്മൾ നോക്കുമ്പോൾ ‘ടെർമോ പെൻഫോൾ (Terumo Penpol )’ അത്തരത്തിലുള്ള ഒരു വലിയ ഉദാഹരണമാണ്. ട്രാൻസ്ലേഷനൽ റിസർച്ചിന്റെ ഏറ്റവും വലിയ ഉദാഹരണം. യുവ ഐ.എ.എസ്. ഓഫിസർ ജോലി രാജിവച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെത്തുന്നു. ലഭ്യമായ ഒരു ടെക്നോളജി എടുക്കുന്നു. ആ ടെക്നോളജിയെ പരിഷ്കരിക്കുന്നു. അതിൽ നിന്ന് ഒരു മൾട്ടി മില്ല്യൺ ഡോളർ കമ്പനിയുണ്ടാക്കുന്നു. ആ കമ്പനിയെ ഒരു ജാപ്പനീസ് കമ്പനി ഏറ്റെടുക്കുകയും ചെയ്തു, അതിനർഥം അതിന്റെ ക്വാളിറ്റി അത്രയും മികച്ചതായിരിക്കുമെന്നാണ്.
അപ്പൊ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഐ.ഐ.ടി. മദ്രാസ് റിസർച്ച് പാർക്കിലേത് പോലെയുള്ള സ്കെയിൽ നമുക്ക് അത് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. അതിന് പ്രധാനമായിട്ടും ഞാൻ കാണുന്ന ഒരു ഒരു ഒരു ന്യൂനത എന്താണെന്നാൽ – ന്യൂനത എന്ന് തന്നെ അതിനെ വിളിക്കേണ്ടി വരും – നമ്മുടെ അധ്യാപകരിൽ എത്ര പേര് പ്രാക്ടീഷണേഴ്സ് ആണെന്നുള്ള ഒരു ചോദ്യമാണ്.
ക്ലാസ്സിൽ പോയി ഒരധ്യാപകൻ സിലബസ് പഠിപ്പിക്കുന്നു. പക്ഷേ ഈ പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്താൻ അറിയാവുന്ന ആൾക്കാരാണോ ഇത് പഠിപ്പിക്കുന്നത് എന്നുള്ള ഒരു ചോദ്യം നമ്മൾ ഈ ഘട്ടത്തിൽ സ്വയം ചോദിക്കണം. എന്നിട്ട് പുതിയ വിദ്യാഭ്യാസ നയമനുസരിച്ച്, ‘ലേണിങ് ബൈ ഡൂയിങ്’ എന്നുള്ള ഒരു കോൺസെപ്റ്റിലേക്ക് നമ്മൾ പതുക്കെ മാറേണ്ടിയിരിക്കുന്നു.
ഐ.ഐ.ടികളിൽ കുറെയൊക്കെ അത് നടക്കുന്നുണ്ട്. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും കൂടുതലായി അത് നടക്കുന്നുണ്ട്. കേരളത്തിലെ പാരമ്പര്യമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മാറി, നമ്മുടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പോവുകയാണെങ്കിൽ അവിടെയും പുതിയ പരീക്ഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ‘ലേണിങ് ബൈ ഡൂയിങ്’ എന്നത് നടക്കുന്നുണ്ട്. പക്ഷേ, ഒരു ബുക്കിൽ നിന്നുള്ള കാര്യം കുട്ടിയെ പഠിപ്പിക്കുകയും അത് പകർത്തി എഴുതാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ മിടുക്കനാണെന്നും മിടുക്കനല്ലെന്നും ക്ലാസിഫൈ ചെയ്യുകയും ചെയ്യുന്ന രീതിയിൽ നിന്ന് നമ്മൾ മാറണം. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഇന്ത്യയിൽ മൊത്തമുള്ള ഒരു പ്രശ്നമാണിത്.
പക്ഷേ അതിൽ നിന്ന് ഏറ്റവും പെട്ടെന്ന് മാറാൻ പറ്റുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കാരണം കേരളത്തിൽ ഒരുപാട് മേക്കേഴ്സ് ഉണ്ട്. നമ്മുടെ കുട്ടിക്കാലം ആലോചിച്ച് നോക്കിയേ, മിടുക്കർ അല്ല എന്ന് പറയപ്പെട്ടിരുന്ന കുറേ ആളുകളുണ്ടായിരുന്നില്ലേ, പക്ഷേ അവർക്ക് കാര്യങ്ങൾ ചെയ്യാൻ ഭയങ്കര കഴിവായിരിക്കും. ആംപ്ലിഫയർ ഉണ്ടാക്കുക, കുടം വച്ച് അത് കൂടുതൽ ആംപ്ലിഫൈ ചെയ്ത് കേൾപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ 40 വർഷം മുമ്പേ ഞാൻ എന്റെ ഗ്രാമത്തിൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് ആളുകൾ കേരളത്തിലുണ്ട്. പക്ഷേ അതിനെ നമ്മൾ പ്രമോട്ട് ചെയ്യാറില്ല.
അതിന്റെ കൂടെ ചോദിക്കാനുള്ളത്, ഒരു പ്രൊഫഷനേക്കാൾ ഓന്റർപ്രണർഷിപ്പിലേക്ക് വരുമ്പോ അതിലൊരു റിസ്കുണ്ട്. എത്ര കാലമടുക്കും സസ്റ്റൈനബിൾ ആവുമോ എന്നൊക്കെയുള്ള ഒരു അനിശ്ചിതത്വമുണ്ട്. ഈ ഒരു പ്രശ്നത്തെ എങ്ങനെയാണ് അഡ്രസ് ചെയ്യുന്നത്?
കാലം മാറി എന്നുള്ളതാണ് അതിൽ പറയാനുള്ളത്. അതായത് എന്റെയൊക്കെ കാലത്ത് നമ്മൾ ജോലി ചെയ്ത് നമ്മുടെ അച്ഛനെയും അമ്മയെയും നോക്കണം, അല്ലെങ്കിൽ വീട്ടിലേക്കുള്ള ചിലവ് കണ്ടെത്തണം എന്നുള്ള ഒരു സാമൂഹ്യ മൈൻഡ് സെറ്റ് ആയിരുന്നു അന്നുണ്ടായിരുന്നത് അല്ലേ? പക്ഷേ ഇന്ന് സ്വന്തം കാലിൽ നിൽക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കേരളത്തിൽ വലിയ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം നിന്റെ കാര്യം നീ നോക്കിയാൽ മതി എന്ന് പറയുന്ന രീതിയിലേക്ക് രക്ഷിതാക്കൾ മാറിയിട്ടുണ്ട്.
ഇത് ചെറുപ്പക്കാർക്ക് തുറന്നിടുന്ന അവസരങ്ങൾ വലുതാണ്. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെങ്കിലോ പുതിയ കമ്പനി തുടങ്ങണമെങ്കിലോ ഒരുപാട് കാശുണ്ടാക്കണമെങ്കിലോ എക്സ്പിരിമെന്റ്സ് നടത്തണമെങ്കിലോ ട്രാവൽ ചെയ്യണമെങ്കിലോ പാട്ട് പാടണമെങ്കിലോ എല്ലാം ഉള്ള ഒരു സ്വാതന്ത്ര്യം പെട്ടെന്ന് ലഭിച്ചിരിക്കുകയാണ്. പ്രൊഡക്ടീവ് പോപ്പുലേഷനിലേക്ക് ആ സ്വാതന്ത്ര്യം എത്തിയതിന്റെ ചില പ്രതിഫലനങ്ങൾ നമ്മുടെ ക്രിയേറ്റീവ് മേഖലയിൽ കാണുന്നുണ്ട്. റീൽസിലൂടെയും വ്ലോഗ്സിലൂടെയും ജീവനോപാധി കണ്ടെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടില്ലേ. അതായത്, പണ്ടത്തെപ്പോലെ നീ ഒരു എൻജിനീയർ ആവണം അല്ലെങ്കിൽ ഡോക്ടർ ആവണം അല്ലെങ്കിൽ ടീച്ചർ ആവണം എന്നുള്ള മൈൻഡ് സെറ്റിൽ നിന്ന് രക്ഷിതാക്കൾ മാറിയിട്ടുണ്ട്.
പക്ഷേ അപ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഗുജറാത്തിലെ പോലെയോ മഹാരാഷ്ട്രയിലെപ്പോലെയോ കച്ചവടം ഡി.എൻ.എയിൽ തന്നെയുണ്ട് എന്ന തരത്തിലുള്ള മെന്റാലിറ്റി നമുക്ക് വന്നിട്ടില്ല. അവിടെ ജനിച്ചപ്പോൾ തൊട്ട് കാണുന്നതും കേൾക്കുന്നതും കച്ചവടമാണ്. അതുകൊണ്ട് ഞാൻ കച്ചവടമാണ് ചെയ്യേണ്ടത് എന്നുള്ള ബോധം കുഞ്ഞിലെ തന്നെ സെറ്റ് ആയി വരികയാണ്. ആ ബോധത്തിലേക്ക് എത്താൻ കേരളത്തിന് ഇനിയും സമയമെടുക്കും. നമുക്ക് ആ ‘ഡി.എൻ.എ.’ ഇല്ലെന്നല്ല. നമ്മൾ പണ്ട് അങ്ങനെയായിരുന്നു. അതുകൊണ്ടാണ് അറേബ്യയും ചൈനയും മുതൽ യൂറോപ്പ് വരെയുള്ള എല്ലാ ലോകങ്ങളുമായും നമ്മൾ അന്ന് കച്ചവടം നടത്തിയത്. പക്ഷേ ഏതോ ഒരു ഘട്ടത്തിൽ ആ സംസ്കാരം നമ്മളുടെ കയ്യിൽ നിന്ന് പോയി. ചിലപ്പോൾ ബ്രിട്ടീഷ് ആധിപത്യം ഒക്കെ ഒരു കാരണമായിരുന്നിരിക്കാം. പക്ഷേ നമ്മുടെ ആ ഒരു കച്ചവട സംസ്കാരം ഏതോ ഒരു സമയത്ത് തല്ലിക്കെടുത്തപ്പെടുകയും ഒരു സർക്കാർ ഉദ്യോഗസ്ഥനായി ഒമ്പത് മുതൽ അഞ്ചു വരെ ജോലി ചെയ്ത് മാസാവസാനം കിട്ടുന്ന ശമ്പളം കൊണ്ട് തൃപ്തിപ്പെടുന്ന രീതിയിലേക്ക് നമ്മളുടെ ‘ഡി.എൻ.എ’ രൂപാന്തരപ്പെട്ടു.
ഇപ്പോൾ അത് പതുക്കെ മാറുന്നുണ്ട്. കേരളത്തിന്റെ യുവതയുടെ അഭിലാഷങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികളോട് ഞാൻ ചോദിക്കുമ്പോൾ അവർ പറയുന്നത് അവർക്ക് മാസം രണ്ടു ലക്ഷം രൂപ ശമ്പളം വേണം എന്നാണ്. ആ അഭിലാഷങ്ങളെ നിയമപരമായി നിറവേറ്റാൻ പറ്റുന്ന വഴി ബിസിനസ് ആണെന്നാണ് ഞാൻ എപ്പോഴും കുട്ടികളോട് പറയാറുള്ളത്. നന്നായി ബിസിനസ് ചെയ്താൽ നല്ല പണം ഉണ്ടാക്കാം. വേറെ കള്ളത്തരങ്ങൾ ഒന്നും കാണിക്കാതെ ഇത് ചെയ്യാൻ പറ്റും. പക്ഷേ ഫോക്കസ്ഡ് ആയി അത് ചെയ്യണം. അത്രയേ ഉള്ളൂ…
കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ പുറത്ത് പോയി പഠിക്കുന്നു, ജോലി ചെയ്യുന്നു. പുറത്തേക്ക് പോവുന്നവരിൽ പലരും തിരിച്ചുവരുന്നില്ല. അവരെ പിടിച്ചു നിർത്താനും ഇവിടെ തന്നെ അവസരങ്ങൾ നൽകാനും എന്തേലും പദ്ധതി സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗത്ത് നിന്നുണ്ടോ?
സ്റ്റാർട്ടപ്പ് മിഷനോടാണ് ചോദ്യമെങ്കിൽ പോകുന്നവരെ പിടിച്ചുനിർത്താനുള്ള ഒരു പ്ലാനും സ്റ്റാർട്ടപ്പ് മിഷനില്ല. ഞാൻ പ്രവാസിയായിട്ട് ജീവിച്ച ഒരു മനുഷ്യനാണ്. 1996 മുതൽ 2003 അവസാനം വരെ യുഎസ്സിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ഏതോ ഒരു ഘട്ടത്തിൽ അത് വെറും ബോറിങ് ആയിട്ട് തോന്നിയപ്പോഴാണ് തിരിച്ചുവരാനുള്ള തീരുമാനം ഞാനും ഭാര്യയും കൂടി എടുത്തത്. എല്ലാവർക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ല എനിക്കങ്ങനെ തോന്നി അതുകൊണ്ട് തിരിച്ചുവരാനുള്ള തീരുമാനമെടുത്തു.
പക്ഷേ അതിന്റെ ഒരു ഗുണം എന്താണ്? നമ്മൾ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കൊപ്പം വർക്ക് ചെയ്തു. ഒരുപാട് നെറ്റ്വർക്കുകൾ ഉണ്ടാക്കി. ഒരുപാട് ആൾക്കാരെ നമ്മൾ പരിചയപ്പെട്ടു. നല്ല എക്സ്പോഷറുകൾ കിട്ടി. നല്ല റോഡുകൾ കണ്ടു. എന്തൊക്കെ വികസനങ്ങളാണ് മറ്റു രാജ്യങ്ങളിൽ എന്ന് മനസ്സിലാക്കി.
അതുകൊണ്ട് ഞാൻ പറയുക, ആളുകൾ എങ്ങോട്ട് വേണമെങ്കിലും പോട്ടെ. ലോകം കാണട്ടെ. എന്തിനാണ് ഒരാൾ യൂറോപ്പിൽ പോവുന്നത്? എന്തിനാണ് യു.എസിൽ പോവുന്നത്? അതിനൊരു കാരണമുണ്ടാവില്ലേ? അത് ചിലപ്പോൾ സോഷ്യൽ സെക്യൂരിറ്റി ആവാം ക്വാളിറ്റി ഓഫ് ലൈഫ് ആവാം ജെൻഡർ ഇക്വാലിറ്റി ആവാം പ്രോഗ്രസീവ് കമ്മ്യൂണിറ്റീസ് ആവാം. ഇതൊക്കെ പതുക്കെ പതുക്കെ നമ്മളും ക്രിയേറ്റ് ചെയ്തു തുടങ്ങിക്കഴിഞ്ഞാൽ തിരിച്ചു വരുന്നവർ ആദ്യം മലയാളികളായിരിക്കും. ഓർഗാനിക് ആയിത്തന്നെ ഒരു റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ സംഭവിക്കും.
2004-ൽ ഞാൻ തിരിച്ചുവരുമ്പോൾ ചിന്തിച്ചിരുന്നത് ഒരു പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ നമുക്ക് ലോകത്ത് എവിടെയും ട്രാവൽ ചെയ്യാൻ വിസ വേണ്ടിവരില്ലെന്നാണ്. ലോകം ഒരൊറ്റ ലോകമാവുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ അത് പൂർണമായും തെറ്റി. ഇപ്പോൾ എന്താണ് നടക്കുന്നത്. കൂടുതൽ കൂടുതൽ മതപരമായും രാഷ്ട്രീയമായും ധ്രുവീകരണം നടക്കുകയാണ്. ജാതി, നിറം, ഒറിജിൻ തുടങ്ങിവയുടെ അടിസ്ഥാനത്തിൽ കൂട്ടായ്മകളുണ്ടാവുകയാണ്. മനുഷ്യരെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും വലുതെന്താണ്? സുരക്ഷയല്ലേ? കാശുണ്ട്, സൗന്ദര്യമുണ്ട്, ചെറുപ്പമുണ്ട് എന്ന് പറഞ്ഞിട്ടെന്താണ്, നാളെ വഴിയിലൂടെ നടക്കുമ്പോൾ ഒരാൾ എന്നെ കൊന്നുകളയുന്നുണ്ടെങ്കിൽ പിന്നെ ഇതുകൊണ്ടൊക്കെ എന്ത് കാര്യം? സ്വസ്ഥമായിട്ട് ജീവിക്കാനാവണം. അതുകൊണ്ടാണ് You will feel at home in your mother land എന്ന് പറയുന്നത്. ഈ മാതൃരാജ്യം ആവശ്യത്തിന് അവസരങ്ങൾ നൽകുന്നുണ്ടെങ്കിൽ ആളുകൾ തിരിച്ചു വരിക തന്നെ ചെയ്യും.
ഡി.വൈ.എഫ്.ഐയുടെ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ, മവാസോയെ എങ്ങനെയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ കാണുന്നത്? കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ മവാസോ എങ്ങനെ പോസിറ്റീവ് ആയി സ്വാധീനിക്കും?
ഒരു പുരോഗമന യുവജന സംഘടന ഇത്തരത്തിലുള്ള ഒരു കോസ് ഏറ്റെടുക്കുക എന്ന് പറയുന്നത് തന്നെ നമ്മുടെ സമൂഹത്തിൽ അത് പ്രധാനമാണെന്ന് ആൾക്കാർ വിശ്വസിച്ച് തുടങ്ങി എന്നുള്ളതിന്റെ സൂചനയാണ്. കാരണം വെറുതെ ഒരു കാര്യം ഡി.വൈ.എഫ്.ഐ. ഏറ്റെടുക്കില്ലല്ലോ.
പൊതിച്ചോറ് ഒരുദാഹരണമായി എടുക്കാം. എന്തുകൊണ്ടാണ് പൊതിച്ചോറ് എന്ന് പറയുന്ന പരിപാടി ആൾക്കാരുടെ ഇടയിലേക്ക് എത്തുന്നത്? കാരണം ഒരു വീട്ടിലുള്ള എല്ലാ ആൾക്കാരെയും തൊടുന്ന ഒരു ഒരു സൈലന്റ് പൊളിറ്റിക്കൽ മൂവ്മെന്റ് ആണത്. വാങ്ങിക്കാൻ ചിലപ്പോൾ നമ്മൾ കുട്ടികളെ ആയിരിക്കും പറഞ്ഞുവിടുന്നത്. കുക്ക് ചെയ്യുന്നത് നമ്മൾ തന്നെ ആയിരിക്കും. അത് പൊതിയുന്നത് ചിലപ്പോൾ എല്ലാവരും കൂടെ ഇരുന്നായിരിക്കും. അതായത്, അവിടെ വീട്ടിനുള്ളിൽ മറ്റേതോ മനുഷ്യന് വേണ്ടി ഒരു കൂട്ടായ പ്രവർത്തി നടക്കുന്നുണ്ട്. അപ്പൊ ഇത് ഉണ്ടാക്കുന്നവനും ഇത് വാങ്ങിച്ച് കഴിക്കുന്ന ആൾക്കാർക്കും ഇത് കൊണ്ടുക്കൊടുക്കുന്നവർക്കും എല്ലാം തൃപ്തി തരുന്ന ഒരു ചക്രമാണ് നമ്മൾ അവിടെ ഉണ്ടാക്കുന്നത്. അത് പോലെയാണ് സ്റ്റാർട്ടപ്പും. ഇത് ഒരാളുടെ വിജയമല്ലല്ലോ, നമ്മൾ ഒരു കുട്ടിക്കൊരു അല്പം പൈസ കൊടുക്കുന്നു. അല്ലെങ്കിൽ ഒരു ടെക്നിക്കൽ സഹായം പറഞ്ഞു കൊടുക്കുന്നു. അല്ലെങ്കിൽ ഒരു പുതിയ ബിസിനസ് കൊടുക്കുന്നു. എന്ന് പറയുമ്പോൾ ഈ പ്രോസസ്സിൽ ഒരുപാട് ആളുകൾ ഉൾപ്പെടുകയാണ്. ഒരു സ്റ്റാർട്ടപ്പ് വിജയിക്കുക എന്ന് പറയുമ്പോൾ ആ സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ വിജയിക്കുന്നു, അവിടെ വർക്ക് ചെയ്യുന്ന കുട്ടികൾ വിജയിക്കുന്നു. അവരുടെ അച്ഛനമ്മമാർ വിജയിക്കുന്നു. അതിൽ ഇൻവെസ്റ്റ് ചെയ്ത ആൾക്കാർ വിജയിക്കുന്നു. അവരെ പഠിപ്പിച്ചവർ വിജയിക്കുന്നു. അതായത്, അവിടെ ചാക്രികമായ ഒരു പോസിറ്റീവ് എഫക്ട് ഉണ്ടാവുന്നു.
ഇപ്പോഴുള്ള പുതിയ തലമുറയെ നോക്കുകയാണെങ്കിൽ വല്ലാത്ത രീതിയിലുള്ള വഴി വിട്ട പോക്കിലൂടെയാണ് സമൂഹം കടന്നു പോവുന്നതെന്ന് തോന്നും. ഒന്നുകിൽ അത്തരത്തിലുള്ള വാർത്തകൾ കൂടുതലായി വരുന്നതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ അത്തരം സംഭവങ്ങൾ കൂടുന്നതുകൊണ്ടായിരിക്കാം. എന്തുകൊണ്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നത് എന്നതിന്റെ ഒരു കാരണമായി ഞാൻ കാണുന്നത് കൂട്ടായ്മകളുടെ പരാജയമാണ്.
ഈ സ്റ്റാർട്ടപ്പ് എന്ന് പറയുന്നത് ഒരു കൂട്ടായ്മയാണ്. എല്ലാ സ്റ്റാർട്ടപ്പുകളും സക്സസ്ഫുൾ ആവില്ല എന്നുള്ളത് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. 100 എണ്ണം തുടങ്ങുമ്പോൾ 90 എണ്ണവും ചിലപ്പോൾ വിജയിക്കാതെ വരും. പക്ഷേ അതുകൊണ്ട് നമ്മൾ നിരാശരാവുന്നില്ല. 90 പേർ അവിടെയുണ്ട്, അവർ വീണ്ടും തുടങ്ങും, അല്ലെങ്കിൽ വേറെ എന്തേലും ജോലി കണ്ടു പിടിക്കും. പക്ഷേ ഈ സാഹോദര്യം നിലനിൽക്കും. അവർ പരസ്പരം സപ്പോട്ട് ചെയ്യും. കാരണം, നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ഉയർച്ചകളും താഴ്ചകളും എല്ലാം കണ്ടുവളർന്ന ആളുകളാണ്. അവർക്ക് ആ കാര്യങ്ങൾ അവരുടെ മനസ്സിൽ എല്ലാ കാലത്തും കാണും. അതുകൊണ്ട് തന്നെ അവരങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്ന പോസിറ്റീവ് ആയി ഇടപെടുന്ന ഒരു സമൂഹമായിട്ട് മാറാനുള്ള സാധ്യതകൾ ഈ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഉണ്ടെന്നാണ് നമ്മുടെ വിശ്വാസം.
അതുകൊണ്ടാണ് ഞാൻ കരുതുന്നത്, ഡി.വൈ.എഫ്.ഐ. നടത്തിയ ഏറ്റവും പ്രസക്തമായ ഒരു ഇടപെടലാണ് മവാസോ എന്നത്. ആളുകൾ സമ്മതിച്ചാലും ഇല്ലെങ്കിലും അത് എല്ലാവരുടെയും മനസിലുണ്ടെന്നത് ഞങ്ങൾ നടത്തുന്ന പല ഇന്ററാക്ഷനുകളിലൂടെയും ഞങ്ങൾക്ക് വ്യക്തമാണ്.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ, ഒരു കൊച്ചു പെൺകുട്ടിയുടെ ഒരു സ്റ്റാർട്ടപ്പ് അവിടെ ഫീച്ചർ ചെയ്തിരുന്നു. അതായത് അവൾ ചെയ്യുന്നത്, പുസ്തകം പൊതിയുന്നത് ഓട്ടോമേറ്റ് ചെയ്ത് പെട്ടെന്ന് പൊതിയാൻ പറ്റുന്ന ഒരു സംഭവമാണ്. അവിടെ അവൾക്ക് ആ കിട്ടിയ ഒരു റെക്കഗ്നിഷൻ, ആ സ്റ്റേജിൽ ഒരു മന്ത്രി വന്ന് അവളുടെ ആ ഒരു സംരംഭത്തിനെ പ്രോത്സാഹിപ്പിക്കുമ്പോൾ അവൾക്ക് കിട്ടിയ ഒരു എലവേഷൻ, ആ കുട്ടിയുടെ ജീവിതത്തിലൂടനീളമുണ്ടാവും. നമ്മള് അത്തരത്തിലുള്ള എത്രയോ ആൾക്കാരെയാണ് അതിൽ ടച്ച് ചെയ്തത്. അപ്പൊ ഒരുപാട് ആൾക്കാരുടെ ജീവിതം തന്നെ മാറാൻ ചിലപ്പോൾ ഇത്തരത്തിലുള്ള ഒറ്റ പ്രോഗ്രാം മതിയാകും.

