പതിഞ്ഞ പടനിലങ്ങൾ സാഹിത്യത്തിലെ ലോക ജീവിതം
സാഹിത്യം സാമൂഹികമാണ്. ഒരു വ്യക്തിയുടെ പ്രതിഭയുടെ ആവിഷ്കാരമാണ് സാഹിത്യം എന്ന് തുടങ്ങി ഈശ്വരാനുഗ്രഹമാണ് എന്ന് വരെയുള്ള വീക്ഷണഗതിയായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് വരെ സാഹിത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത്. സർഗാത്മകതയെ സംബന്ധിക്കുന്ന പൊതുവായ സങ്കല്പം അതായിരുന്നു. എന്നാൽ, ഒറ്റതിരിഞ്ഞ ഒരു വ്യക്തിയുടെ പ്രതിഭാവിശേഷത്തിന്റെ ഉത്പന്നമാണ് കലയും സാഹിത്യവും എന്ന് കരുതാൻ സാധിക്കാത്ത
സാഹിത്യം സാമൂഹികമാണ്. ഒരു വ്യക്തിയുടെ പ്രതിഭയുടെ ആവിഷ്കാരമാണ് സാഹിത്യം എന്ന് തുടങ്ങി ഈശ്വരാനുഗ്രഹമാണ് എന്ന് വരെയുള്ള വീക്ഷണഗതിയായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് വരെ സാഹിത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത്. സർഗാത്മകതയെ സംബന്ധിക്കുന്ന പൊതുവായ സങ്കല്പം അതായിരുന്നു. എന്നാൽ, ഒറ്റതിരിഞ്ഞ ഒരു വ്യക്തിയുടെ പ്രതിഭാവിശേഷത്തിന്റെ ഉത്പന്നമാണ് കലയും സാഹിത്യവും എന്ന് കരുതാൻ സാധിക്കാത്ത രീതിയിൽ സാഹിത്യത്തെ സംബന്ധിക്കുന്ന സങ്കൽപ്പങ്ങൾ വലിയതോതിൽ അഴിച്ചു പണിക്ക് ഇന്ന് വിധേയമായിട്ടുണ്ട്.
സാഹിത്യത്തിലെ സാമൂഹികത പുറമേയ്ക്ക് ശബ്ദഘോഷത്തോടെ യുദ്ധാരവം മുഴക്കുന്ന ഒരു ലോകമല്ല. മറിച്ച് താരതമ്യേനെ വളരെ പതിഞ്ഞ മട്ടിൽ, വളരെ പിൻവാങ്ങിയ മട്ടിൽ അമർച്ച ചെയ്യപ്പെട്ട നിലയിൽ സമൂഹബന്ധങ്ങൾ സന്നിഹിതമാകുന്നു എന്നതാണ് കലയിലെ/ സാഹിത്യത്തിലെ സാമൂഹികതയെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം.
ഏത് കലാവസ്തുവിനും മൂന്ന് ഘടകങ്ങളുണ്ട്. പ്രത്യക്ഷത്തിൽ ഒരു പ്രമേയതലം, രൂപസംവിധാനം, അനുഭൂതിതലം എന്നിങ്ങനെ. സാമൂഹികമാനം പൊതുവേ തെരഞ്ഞു പോകാറുള്ളത് അതിന്റെ പ്രമേയത്തെ മുൻനിർത്തിയാണ്. ഒരു സമരത്തെക്കുറിച്ച് കഥയുണ്ടാകാം ഒരു ജീവിതാവസ്ഥയെ കുറിച്ച് നോവൽ ഉണ്ടാകാം എന്നപോലെ കലയെ സംബന്ധിക്കുന്ന ഈ അന്വേഷണം പ്രാഥമികമാണ്. നേർക്കുനേർ പറഞ്ഞില്ലെങ്കിലും ഒരു കലാവസ്തുവിൽ സാമൂഹികത അടങ്ങിയിരിക്കുന്നു.
ഒരു കലാവസ്തു നമ്മിലേക്ക് എത്തുന്നത് ഒരു രൂപത്തിലൂടെയാണ്. അങ്ങനെ മാത്രമേ അതിന് നമ്മോട് വിനിമയം ചെയ്യാൻ സാധിക്കൂ. ഉദാഹരണത്തിന് വിരഹം ഒരു സിനിമാഗാനമായും ഖണ്ഡകാവ്യമായും കഥകളിപദമായും നമ്മുടെ മുന്നിൽ എത്തുമെങ്കിലും അതിന്റെ സിനിമാഗാനരൂപത്തിനാണ് ആളുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നത്. ചരിത്രം ഏറ്റവും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ഇടം രൂപസംവിധാനമാണ്. എലിയറ്റ്, “ഹാംലെറ്റ്’ ഒരു ഒബ്ജക്റ്റീവ് കോറിലേറ്റീവ് ആണെന്ന് പറയുന്നുണ്ട്. രൂപപരമായ ഹാമിക്ക് ഒരു പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം നാടകത്തിൽ അലിഞ്ഞു കിടക്കുന്ന വൈകാരിക അനുഭവത്തെ ആഴത്തിൽ ആവിഷ്കരിക്കാൻ ഷേക്സ്പിയർ പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്നു. ഷേക്സ്പിയർ സ്വീകരിച്ചത് മധ്യകാലത്തിന്റെ റിവഞ്ച് ട്രാജഡിയാണ്. എന്നാൽ ഹാംലറ്റ് രാജകുമാരൻ ആധുനികവ്യക്തിയുടെ ആത്മസംഘർഷമുള്ള കഥാപാത്രമാണ്. ഇത് തമ്മിൽ ഒത്തുപോകില്ല.
ഏതാണ്ട് മേൽ, കീഴ് എന്നീ രണ്ട് തലങ്ങൾ മാത്രം ഉണ്ടായിരുന്ന മനുഷ്യാവസ്ഥ ആധുനികതയിൽ പലതലങ്ങളായി മാറിമറിയുന്നു. ഈ സാമൂഹികമാറ്റം ഏറ്റവും അധികം കാണാവുന്നത് നോവലിലാണ്. അതായത് നോവലിലെ മനുഷ്യർ മനുഷ്യാവസ്ഥയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിക്കുന്നു. മിഖായേൽ ബക്തിന്റെ ബഹുസ്വരത എന്ന ആശയം നോവലിന്റെ സ്വഭാവസവിശേഷതയെ സൂചിപ്പിക്കുന്നു. അദ്ദേഹം പറയുന്നു ഒരു സമൂഹത്തിൽ പലതരത്തിലുള്ള സാമൂഹിക വിഭാഗങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് അന്തിമമായ മേൽകൈ നൽകാതെ വ്യത്യസ്ത സാമൂഹിക വീക്ഷണങ്ങൾ തമ്മിൽ ഇടഞ്ഞും ഇണങ്ങിയും നിൽക്കുന്ന ഒരു സംവാദവേദിയായി ഒരു സാഹിത്യരൂപത്തെ മാറ്റാൻ കഴിഞ്ഞത് നോവലിൽ മാത്രമാണ്. നോവലിന് മുൻപുള്ള ഒരു ജനുസ്സിനും ഈ സംവാദാത്മകതയെ ആ ടെക്സ്റ്റിനുള്ളിലേക്ക് ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആൾക്കൂട്ടങ്ങളെ മുൻനിർത്തുന്ന കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും കഥയ്ക്കുള്ളിൽ ആൾക്കൂട്ടങ്ങൾ ഇരമ്പിമറിയുകയും വൈരുദ്ധ്യങ്ങൾ ഉണർന്നു പിൻവാങ്ങുകയുമൊക്കെ ചെയ്യുന്നത്, നോവലിൽ കാണുന്നതുപോലെ നാം മറ്റെവിടെയും കാണുന്നില്ല.
മറ്റൊന്ന്, ഏത് കലാവസ്തുവും നമ്മെ ചിലതെല്ലാം അനുഭവിപ്പിക്കുന്നുണ്ട്. ഈ അനുഭൂതിയുടെ തലം ഇല്ലെങ്കിൽ, വാസ്തവത്തിൽ കല ഇല്ല. ആശാന്റെ നളിനിയും ലീലയും പ്രണയകാവ്യങ്ങളാണ്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും ജാതിവിരുദ്ധകാവ്യങ്ങളാണ്. ഇങ്ങനെ പ്രമേയപരമായി തരംതിരിക്കാം. അനുരാഗമാണ് പ്രമേയമെങ്കിലും അതിൽ അനുരാഗമെന്ന മൂല്യത്തെ ഉയർത്തികൊണ്ടുവന്ന് സമൂഹികമായ എല്ലാ ശ്രേണീകരണങ്ങൾക്കും അപ്പുറത്തേക്ക് പോകാൻ കെൽപ്പുള്ള പുതിയൊരു അനുഭവസ്ഥാനമായിട്ട് അനുരാഗത്തെ മാറ്റുന്നു.
ബഷീറിന്റെ കഥകളിലും ഇത് കാണാം. മനുഷ്യൻ എന്ന സങ്കല്പത്തിന്റെ അതിർത്തിയെ വലുതാക്കിയത് അങ്ങനെയാണ്. അതായത്, മതിലുകളിൽ കാമുകൻ കാമുകിയ്ക്ക് ഉണക്കക്കമ്പ് അടയാളമായി കാണിക്കുന്നതും മുച്ചീട്ടുകളിക്കാരന്റെ മകളിൽ സൈനബ മുസ്തഫയ്ക്ക് പുട്ടിനകത്തു പുഴുങ്ങിയ മുട്ട വച്ചു കൊടുക്കുന്നതും ഇതിനുദാഹരണമാണ്. ഇങ്ങനെ അനുഭവത്തിന്റെ പുതിയ പ്രതലം കൊണ്ട് ചരിത്രത്തെ രേഖപ്പെടുത്താനാകും എന്നതിന് ഇത് ഉദാഹരണമാണ്. അതായത് കലാവസ്തുക്കൾ ചരിത്രത്തെ ഉൾക്കൊള്ളുന്നത് വാസ്തവത്തിൽ നേർക്കുനേർ അല്ല. മോഡേണിസ്റ്റ് കലയെ മാർക്സ് മുൻകൂറായി ഭാവന ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഒരു വാക്യം എഴുതിയിട്ടുണ്ട്. ഖരമായതൊക്കെ ആവിയായി പോകും. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ ” ഈ തട്ടകം നിൽക്കുവാൻ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു’ എന്നായിട്ടും കാലുവെന്ത നായയെപ്പോലെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് പാഞ്ഞു കൊണ്ടേയിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയായിട്ടും ലണ്ടൻ ബ്രിഡ്ജ്, ഫാളിംഗ് ഡൗൺ എന്നെഴുതുന്ന ടി എസ് എലിയറ്റ് ആയിട്ടും പറയുന്നത് നിൽക്കക്കള്ളി ഇല്ല.
അനുഭവങ്ങളുടെ പുതിയ പ്രകാരങ്ങളെ സൃഷ്ടിച്ചുകൊണ്ട്, അനുരാഗത്തെ ജാതിക്കപ്പുറത്തേക്ക് മാറ്റിക്കൊണ്ട്, അനുരാഗത്തെ പുരുഷാധികാരത്തിനെതിരായ വിമർശനസ്ഥാനം ആക്കി മാറ്റിക്കൊണ്ട്, സ്നേഹത്തെ മൈത്രി ആക്കി മാറ്റിക്കൊണ്ട് ആശാൻ കവിതയിൽ സ്നേഹമെന്നത് വിപ്ലവകരമായി ഒരു സാമൂഹികാവിഷ്കാരമായി മാറ്റുന്നു.
“ചിന്താവിഷ്ടയായ സീത’യിൽ, പെരുകും “പ്രണയാനുബന്ധമാം ഒരു പാശം വശവാക്കി ഈശ്വരാ കുരുതിയ്ക്ക് ഉഴിയുന്നു നാരിയെ പുരുഷന്മാരുടെ ധീരമാനിതാ’ എന്ന് സീത പറയുന്ന വാക്കുകൾ, അനുഭവത്തിന്റെ മണ്ഡലത്തെ പുതുക്കിപ്പണിത് വാസ്തവത്തിൽ കലയ്ക്ക് സാമൂഹികതയെ നിരന്തരം ആവിഷ്കരിക്കാൻ കഴിയും.
സാഹിത്യം നേർക്കുനേർ വിളിച്ചു പറയുന്ന ആശയങ്ങളല്ല, ആശങ്ങൾ വിളിച്ചു പറയുന്നതാണ് സാഹിതീയത എന്ന് കരുതുന്നത് ഉപരിപ്ലവമായ ധാരണയാണ്. ടോൾസ്റ്റോയി വിപ്ലവത്തെ പിന്തുണച്ച് ഒരു വാക്കുപോലും എഴുതിയിട്ടില്ല, പക്ഷേ ലെനിൻ ടോൾസ്റ്റോയിയെ കുറിച്ച് പറഞ്ഞത് “ടോൾസ്റ്റോയി റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്നാണ്’.
അന്നാകരീന ഒരു സായാഹ്ന സൽക്കാരവേളയിൽ വച്ച് വിട കാമുകനെ കാണുന്നു. അനുരാഗത്തിന്റെ കൊടുങ്കാറ്റ് അവളെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു. അവസാനം ഒരു റെയിൽപാളത്തിൽ അനാഥശവമായി അടിയുന്നു. ഈ കഥയിൽ എന്താണ് വിപ്ലവത്തിന്റെ കണ്ണാടി ആയിട്ടുള്ളത്? ഒരുപക്ഷേ അതിന്റെ ആദ്യ വാക്യത്തിൽ അതുണ്ട്.
“All happy families are happy in the same way, each unhappy families unhappy in it own way’. എല്ലാ സന്തുഷ്ട കുടുംബങ്ങളും സന്തുഷ്ടമായി ഇരിക്കുന്നത് ഒരേ തരത്തിലാണ്, പക്ഷേ ദുഃഖിതങ്ങളായ ഓരോ കുടുംബവും ദുഃഖിതമായിരിക്കുന്നത് ഓരോ തരത്തിലാണ്. ഒരുപാട് കാലം കഴിഞ്ഞ് ദാമ്പത്യത്തെക്കുറിച്ച് വൈലോപ്പിള്ളി എഴുതുന്നത് ഇപ്രകാരമാണ്;
“നിയമം നിറവേറ്റലെത്ര
നയമെത്ര
അഭിനയമെത്രയാണ് ഈ ദാമ്പത്യത്തിൽ, കുഴിച്ചു കുഴിച്ചു നാം അനിഷ്ടസ്മൃതികൾ തന്നെ അഴുക്കുപരതിച്ചെന്നെത്തുന്നു നരകത്തിൽ’
“കണ്ണീർപ്പാടം’ എന്ന കവിത ആവിഷ്കരിക്കുന്നത് ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിന്റെ കഥ അല്ല മറിച്ച് ദാമ്പത്യം എങ്ങനെയാണ് മനുഷ്യജീവിതത്തെ വലയം ചെയ്തു ഏകനായകമായ ഒരു നിരർത്ഥയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്നത് എന്നതിനെയാണ്. ഇവിടെ ദാമ്പത്യം എന്ന സ്ഥാപനം എങ്ങനെയാണ് പ്രത്യക്ഷത്തിൽ പ്രമേയപരമായി സാമൂഹികമല്ല എന്ന് തോന്നുന്ന ഒരു കാലാവസ്ഥയും വാസ്തവത്തിൽ ആഴത്തിൽ ചരിത്രത്തെ ഉൾക്കൊള്ളുന്നുണ്ട് ചരിത്രസംഘർഷങ്ങളെ ഏറ്റുവാങ്ങുന്നുണ്ട് എന്നും അതിലേക്ക് നമ്മെ തുറക്കുകയും ചെയ്യുന്നുണ്ട് അങ്ങനെ കൂടി തിരിച്ചറിയാൻ കഴിഞ്ഞാൽ സാഹിത്യത്തിന്റെ സാമൂഹികലോകജീവിതം എന്ന് പറയുന്നതിന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അല്ലെങ്കിൽ കലയെയും മറ്റും വളരെ പ്രതിഫലനപരമായി കാണുന്ന അത്യന്തം ഉപരിപ്ലവമായ, കലയൊക്കെ പൊളിറ്റിക്കൽ കറക്റ്റ് ആയിരിക്കണം എന്ന് പറയുന്ന അതിവിചിത്രമായ ഏറ്റവും ദുർബലമായ ഒരു കലാസിദ്ധാന്തമായി മാറിയിരിക്കുന്നു. കല ഒരേ സമയം രഹസ്യമായ ഒരു കുമ്പസാരമാണ് അതേ സമയം ആ കാലത്തിന്റെ അനശ്വരഗതിയുമാണ്. കാലത്തിന്റെ അനശ്വരഗതി എന്നു പറയുന്നത് ഒറ്റവഴിയല്ല. അത്, വൈരുദ്ധ്യങ്ങളുടെ ഒരു പടക്കളമാണ്. ഒരു കാലസന്ദർഭവും ഏകമുഖമല്ല, ഒരു കാലസന്ദർഭവും ഒരു വഴിക്ക് അല്ല തമ്മിൽ പൊരുതുന്ന നാനാതരം ബലങ്ങളുടെ ആകെ തുകയാണ് ഏത് കാലസന്ദർഭവും. കുമാരനാശാൻ വോട്ട് കമ്പനിയുടെ മാനേജർ ആയിരുന്നു, മലയാളത്തിലെ റൊമാന്റിക് കവിയായിരുന്നു. ലോകചരിത്രത്തിൽ നിങ്ങൾക്ക് ഒരു റൊമാന്റിക് കവിയെ കമ്പനി മാനേജർ ആയി കാണാൻ സാധിക്കില്ല. ആശാൻ പക്ഷേ അതാണ്. വ്യവസായത്തിനെതിരെ വന്നതാണ് റൊമാന്റിസം, പക്ഷേ കേരളത്തിലെ റൊമാന്റിക് കവികളിൽ ആദ്യത്തെ പ്രധാനപ്പെട്ട മനുഷ്യൻ ഒരു വോട്ട് കമ്പനിയിലെ മാനേജർ ആയിരുന്നു, സന്യാസി ആയിരുന്നു. നിയമസഭ സാമാജികനായിരുന്നു. പത്രാധിപർ ആയിരുന്നു. ബുദ്ധമതത്തിൽ പോകണോ വേണ്ടയോ എന്ന് പറയുകയും കവിതയിൽ ബുദ്ധമതം വേണമെന്നും ലേഖനം എഴുതിയപ്പോൾ ബുദ്ധമതം വേണ്ട എന്ന് പറയുകയും ചെയ്ത ആളായിരുന്നു. ഇതിലേതാണ് ആശാൻ എന്ന് ചോദിച്ചാൽ ഇതെല്ലാം കൂടി ചേർന്നതാണ് ആശാൻ എന്ന് പറയാം. ആശാൻ ചെയ്തത് തന്റെ കാലത്ത് വലയം ചെയ്ത എല്ലാ ആശയങ്ങളെയും അതിന്റെ വൈരുദ്ധ്യങ്ങളെയും മുഴുവൻ സംഗ്രഹിച്ചു. ഈ വൈരുദ്ധ്യങ്ങൾ മുഴുവൻ ഏറ്റെടുക്കുന്നതോടെ അയാൾ കാലത്തിലേയ്ക്ക് വലിയ തോതിൽ തുറക്കുന്നു. കല കലയായി നിലനിൽക്കുന്നത് വൈരുദ്ധ്യങ്ങളെ ഒഴിച്ച് നിർത്തിയിട്ടല്ല, വൈരുദ്ധ്യങ്ങളെ ഏറ്റെടുത്തുകൊണ്ടാണ്. ആ ഏറ്റുവാങ്ങലാണ് കലയുടെ വലിപ്പം. ഈ സവിശേഷതയാണ് കലയുടെ സാമൂഹികത. അതുകൊണ്ടാണ് കലയുടെ സാമൂഹികത എന്ന് പറയുന്നത് പതിഞ്ഞ പടനിലങ്ങളാണ് എന്ന് ഞാൻ പറയുന്നത്.
(തയ്യാറാക്കിയത് : ആതിര ഐ.ടി)

