Home / ലിറ്ററേച്ചര്‍  / കടൽ പറഞ്ഞത് കായൽ കേട്ടത്

കടൽ പറഞ്ഞത് കായൽ കേട്ടത്

ചരിത്രത്തിൽ കടൽ ഒരു കടലാസ് പോലെയാണ് സുരക്ഷിതമായ തീരങ്ങളിൽ നിന്ന് നൗകകൾ കാറ്റും കോളുമുള്ള കടലാസ് പ്രതലങ്ങളിലേക്ക് ഒഴുകി പരന്ന് കവിതകൾ  പോലെ ചരിത്രം രചിക്കുന്നു. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയും കിഴക്കൻ തീരങ്ങളിൽ നിന്ന് യാത്ര ആരംഭിച്ചും വന്നെത്തിയ കപ്പലുകൾ ചരക്കുകൾക്കൊപ്പം സംസ്കാരവും കൈമാറ്റം ചെയ്തിരുന്നു. കോഴിക്കോട്

രിത്രത്തിൽ കടൽ ഒരു കടലാസ് പോലെയാണ് സുരക്ഷിതമായ തീരങ്ങളിൽ നിന്ന് നൗകകൾ കാറ്റും കോളുമുള്ള കടലാസ് പ്രതലങ്ങളിലേക്ക് ഒഴുകി പരന്ന് കവിതകൾ  പോലെ ചരിത്രം രചിക്കുന്നു. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയും കിഴക്കൻ തീരങ്ങളിൽ നിന്ന് യാത്ര ആരംഭിച്ചും വന്നെത്തിയ കപ്പലുകൾ ചരക്കുകൾക്കൊപ്പം സംസ്കാരവും കൈമാറ്റം ചെയ്തിരുന്നു. കോഴിക്കോട് തീരത്ത് ലഭിച്ച തണുപ്പൻ സ്വീകരണത്തിനു ബദലായി ഗാമയും പിൻഗാമികളും കൊച്ചിയിലേക്ക് അഭയം തേടിക്കൊണ്ട് സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിൽക്കാലത്ത് എത്തിയ ഡച്ചുകാരുമായി ചേർന്ന് സാമൂതിരി പോർച്ചുഗീസുകാരെ തുരത്തിയോടിച്ചു. പോർച്ചുഗീസുകാർ ഒഴിഞ്ഞിടങ്ങളിലെല്ലാം  ഡച്ചുകാർ ഇഴുകിയിറങ്ങി. അതിനും വളരെ മുമ്പുതന്നെ അറബികൾ കച്ചവടത്തിനായി വന്നു പോവുകയും ചൈനക്കാർ തങ്ങളുടെ സാംസ്കാരിക വിനിമയം സാധ്യമാക്കുകയും ജൂതന്മാർ കൊച്ചിയിൽ കുടിയേറി പാർക്കുകയും ചെയ്തു. ഇങ്ങനെ ഉൾക്കൊള്ളലുകളുടെ വൈവിധ്യത്തിന്റെ കഥയാണ് കൊച്ചി എന്നും പ്രകാശിപ്പിച്ചിട്ടുള്ളത്. വൈവിധ്യങ്ങളുടെ ഉത്സവം എന്ന ശീർഷകത്തിൽ കേരളീയ യുവത്വത്തിന് സാഹിത്യോത്സവം സംഘടിപ്പിക്കാൻ കടൽ കായലിനോട് കഥ പറയുന്ന കൊച്ചി തെരഞ്ഞെടുക്കപ്പെട്ടതിൽ യാദൃശ്ചികതയെന്നുമില്ല.

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ രണ്ടാം എഡിഷൻ ഫോർട്ടുകൊച്ചിയിൽ വീണ്ടും വന്നു ചേർന്നപ്പോൾ നാനാ തുറകളിൽ നിന്ന് ഈ അഴിമുഖത്തേക്ക്  കടന്നുവന്നത് 250ലധികം ബഹുമുഖ പ്രതിഭകളാണ്. 83 സെക്ഷനുകളിൽ സാഹിത്യത്തിന്റെ  സമഗ്രതകളിൽ ഇന്നിൻ്റ  ലോകത്തെ മനസ്സിലാക്കാനുള്ള വലിയ പരിശ്രമങ്ങൾ തന്നെ നടന്നു. ഓരോ തവണയും രൂപഭംഗിയാകെ മാറ്റി, മണൽ തിട്ടകൾ കടുപ്പിച്ചും നേർപ്പിച്ചും നമ്മെ വിരസതയിലാഴ്ത്താത്ത അഴിമുഖത്തെ കടൽ പോലെ വിഷയ വ്യാപ്തിയിൽ വൈവിധ്യം സൃഷ്ടിച്ചുകൊണ്ടാണ് ഓരോ സെക്ഷനും കടന്നുപോയത്. നാല് ദിവസങ്ങളിൽ ഈ കടൽക്കരയിൽ കടൽക്കാറ്റേറ്റിട്ടും കെട്ടുപോകാത്ത ചിന്തോദ്ദീപനങ്ങളുമായി കടന്നുവന്ന വിജ്ഞാനദാഹികളായ ചെറുപ്പത്തിന്റെ ക്രിയാത്മക കൂട്ടങ്ങളിൽ ഒരുവനായി നടന്നതിന്റെയും നീങ്ങിയതിന്റെയും അനുഭവങ്ങളാണ് ഇവിടെ പകർത്തി വയ്ക്കാനുള്ളത്.Photo 1

എംടിയെ ഓർത്തും ഉള്ളുലച്ചും

മലയാള സാഹിത്യത്തിൻറെ മഹാവൃക്ഷം എംടി യുടെ വേർപാട് കൊണ്ട് ഉള്ളുലക്കപ്പെട്ട അക്ഷര കേരളം സാഹിത്യോത്സവത്തിനായി ഒത്തുകൂടുമ്പോൾ ഉദ്ഘാടന സമ്മേളനത്തിന് മുൻപ് തന്നെ എംടി യെ ഓർമിക്കുന്ന സെക്ഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. എംടിയെ കാലത്തിൻറെ ഇതിഹാസമെന്ന ശീർഷകത്തിൽ തുറന്നു വായിക്കുമ്പോൾ എൻ എസ് മാധവൻ ഈ കാലത്തിലും എം ടി  അസ്വസ്ഥരാക്കുന്നവരെക്കുറിച്ചുകൂടിയാണ് പറഞ്ഞത്. ജീവിച്ചിരുന്നപ്പോൾ എംടിയെ ഭയപ്പെട്ടിരുന്നവർ മരണശേഷം എം ടിയെ ആക്രമിക്കുന്നു. മരണം കൊണ്ട് എംടി അനശ്വരതയിലേക്ക് കൂടിയാണ് നടന്നു കയറിയത്. വേദികൾ കടവും കാലവും മഞ്ഞും നിർമാല്യവും നാലുകെട്ടുമൊക്കെയായി രൂപാന്തരപ്പെട്ട ഫെസ്റ്റിവൽ കൂടിയാണിത്. എംടിയെ ഓർമ്മിക്കാൻ എംടി സ്ക്വയർ കൂടി ഫെസ്റ്റിവൽ പരിസരത്ത് രൂപപ്പെടുത്തിയിരുന്നു. മഹാഭാരതത്തെ ദൈവിക പരികല്പനകൾക്ക് പുറത്തുനിർത്തി ഭീമസേനൻ എന്ന പോരാളിയായ മനുഷ്യൻറെ കണ്ണിലൂടെ പകർത്തിവെച്ച രണ്ടാമൂഴത്തിന്റെ വിവിധ സന്ദർഭങ്ങൾ ചിത്രരൂപത്തിൽ നമ്മെ അവിടെ ആനയിക്കുന്നു. “എനിക്ക് രാജ്യം വേണ്ട.. എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും മരിച്ച ഈ വിധവകളുടെ രാജ്യം എനിക്കെന്തിനാണ് ‘ യുധിഷ്ഠിരൻ വിളിച്ചുപറഞ്ഞു. കൊച്ചിയിലെ കപ്പൽ ചാലിലൂടെ ഇന്ത്യയിലെ ആദ്യ ദീർഘദൂര മിസൈൽ ട്രാക്കിംഗ് കപ്പലായ ഐഎൻഎസ് ധ്രുവ്  വെയിലിൽ വെട്ടിത്തിളങ്ങുന്ന ഗോളങ്ങളുമായി, കപ്പലിൽ വലിയ ഫുട്ബോൾ കയറ്റിവെച്ചത് പോലെ നിശബ്ദമായി കടന്നുപോയി.

Gen- Z ടൈമും സ്പേസും

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇത്തവണത്തെ തലക്കെട്ട് Gen- Z കാലവും ലോകവുമെന്നതായിരുന്നു. വാസ്തവത്തിൽ Gen – Z എന്ന ജനറേഷനെ നാല് ഡയമെൻഷനുകളിലേക്കും ഉയർത്തിപ്പിടിക്കുന്ന ശീർഷകം കൂടിയാണത്. ലോകം അഥവാ സ്പേസിലെ നമുക്ക് പരിചിതമായ മൂന്ന് ഡയമെൻഷനുകളും അതിനോടൊപ്പം അന്തർലീനമായ കാലം അല്ലെങ്കിൽ ടൈം എന്ന നാലാമത്തെ ഡയമെൻഷനേയും തലക്കെട്ട് അഡ്രസ്സ് ചെയ്യുന്നുണ്ട്. യുവതയുടെ ഒരു സാഹിത്യോത്സവത്തിൽ ശരിക്കും നമ്മൾ അഭിസംബോധന ചെയ്യേണ്ട വിഷയം തന്നെയായിരുന്നു ഇത്. കുറ്റപ്പെടുത്തലുകളുടെയും പരിവേദനങ്ങളുടെയും ഇരുട്ടിൽ ഒരു തലമുറയെ നിർത്തുകയല്ല അവരെ മനസ്സിലാക്കുക എന്നതാണ് പ്രധാനം. മില്ലേനിയൽസിന് തങ്ങളുടെ തൊട്ടടുത്ത ജനറേഷനായ ജെൻ സി കിഡ്സിനെ  മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടാകും. കാരണം സാങ്കേതികവിദ്യയുടെ കളിത്തൊട്ടിലിൽ പിറന്നുവീണവരാണവർ. കൗമാരം പൂർണമായി ഡിജിറ്റലായി മാറിയവരുടെ പ്രതിനിധികളാണവർ. Gen- z എന്നാൽ ജനറേഷൻ zoom എന്നു കൂടിയാണ് അർത്ഥം. ഡിജിറ്റൽ ലോകത്ത് പെരുവിരലും ചൂണ്ടുവിരലും തമ്മിൽ ചുംബിപ്പിച്ച് സൂം ചെയ്ത് പഠിച്ചവരാണവർ. Gen-z ലോകത്തെയും കാലത്തെയും വിശകലനം ചെയ്യുമ്പോൾ അവർക്ക് മുമ്പുള്ള മില്ലേനിയൽസിനെയും ശേഷമുള്ള ആൽഫാ ജനറേഷനെയും സാഹിത്യോത്സവം സമഗ്രമായി പരിഗണിക്കുന്നുണ്ട്. മില്ലേനിയം ജെന്നിന്റെ വായനകൾ എന്ന സെക്ഷനിൽ ആദിൽ മഠത്തിലും അഭിരാം എസ്സും ആദിയും ദൃശ്യാ പത്മനാഭനും തുടങ്ങി മില്ലേനിയം ജെന്നിന്റെ എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. Gen – Z ക്യാമ്പസിലെ ജെൻഡർ കാഴ്ചപ്പാടുകളെ കുറിച്ച് പറയാൻ ദീപാ നിശാന്തും നിമ്നാ വിജയനും അനുശ്രീയും ശീതളുമെല്ലാം എത്തിച്ചേർന്നു. ഏയ് ബനാനെ ഒരു പൂ തരാമോ?  ആൽഫാ ജനറേഷന്റെ പാട്ടും സംഗീതവും പരിശോധിച്ചത് സൂരജ് സന്തോഷും വിനായക് ശശികുമാറും രജനീഷും ചേർന്നാണ്. ഇതിനെല്ലാം പുറമേ പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന നിരവധി സെക്ഷനുകളാണ് ഫെസ്റ്റിവലിൽ ആകെയുണ്ടായിരുന്നത്.  നെറ്റ്ഫ്ലിക്സ് ഉള്ളപ്പോൾ എന്തിന് തിയേറ്ററിൽ പോകണം? , റീലുകളുടെ കാലത്തെ കവിത, എഴുത്തിലെ പുതിയ രസക്കൂട്ടുകൾ, ഡിജിറ്റൽ കാലത്ത് എഴുത്തുകാരനാവാൻ പുസ്തകം വേണോ? റോബോട്ടുകളുടെ കാലത്ത് മനുഷ്യർക്ക് എന്ത് പണി കിട്ടും? പൗരത്വം നേടിയ റോബോട്ട് സോഫിയ കവിതയെഴുതുമ്പോൾ ഹരിനാരായൺ എന്തു ചെയ്യും? തുടങ്ങി ഈ സ്പേസ് ടൈമിനെ ശരിക്കും അഭിമുഖീകരിച്ച സെക്ഷനുകൾ ഏറെയായിരുന്നു.Photo 2

വാക്കിലെയും വഴിയിലെയും വൈവിധ്യം

സെലിബ്രേഷൻ ഓഫ് ഡിവേഴ്സിറ്റി എന്ന വാക്കുകളെ വെറുതെയാക്കാതെയുള്ള സംഘാടനം തന്നെയായിരുന്നു ഫെസ്റ്റിവെല്ലിന്റേത്. ആകെ 83 സെക്ഷനുകളിലായി ഒഴുകിപ്പരന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സെക്ഷനുകളുടെ വൈവിധ്യം ശ്രദ്ധേയമായിരുന്നു. മഹാഭാരതത്തിൽ എത്ര ബുദ്ധനുണ്ടെന്ന് കെസി നാരായണനും എം എ സിദ്ധിക്കും ചേർന്ന് ആലോചിക്കുമ്പോൾ ഇപ്പുറത്ത് ട്രംപിന്റെ രണ്ടാം വരവിനെയും ക്യൂബയുടെ ഭാവിയെയും കുറിച്ച് ഉല്ലേഖ് എൻ പി ആശങ്കപ്പെടുന്നു. കവിതകൾ ബെസ്റ്റ് സെല്ലറുകൾ ആകാത്തത് എന്തെന്ന് പി പി രാമചന്ദ്രനും രാം മോഹൻ പാലിയത്തും ഷീജ വൈക്കവും  വിമൽ പ്രസാദും സംസാരിക്കുമ്പോൾ സിനിമാലോകത്തെ വിമർശനം വാഴ്ത്താനോ വീഴ്ത്താനോ എന്ന് പി കെ രാജശേഖരനും അശ്വന്ത് കോക്കും നിഷാന്ത് മാവിലയും അരുന്ധതിയും ചർച്ച ചെയ്യുന്നത്. പൊതുജീവിതത്തിലെ സർഗ്ഗാത്മക യൗവനത്തെക്കുറിച്ച് ജിസ്മോനും ഷിബു ബീരാനും വി വസീഫും സിറിയക് ചാഴിക്കാടനും പി വി കുട്ടനും പറയുമ്പോൾ മെസ്സി വരുന്ന കേരളത്തെക്കുറിച്ചാണ്  സി കെ വിനീതും ഹരികൃഷ്ണൻ തച്ചാടനും  സംസാരിച്ചത്. വിഷയങ്ങളിലേയും വ്യക്തിത്വങ്ങളെയും നിലപാടുകളിലേയും വൈവിധ്യങ്ങൾ കൊച്ചി ശരിക്കും ആഘോഷിക്കുകയായിരുന്നു. സർവ്വതലങ്ങളിലും സ്പർശിച്ചുകൊണ്ടാണ് ഫെസ്റ്റിവൽ കടന്നുപോയത്. വരൂ ഈ തെരുവിലെ രക്തം കാണൂ.. ഫലസ്തീനിലെ നിലവിളികളും ട്രംപിനെയും ക്യൂബയെയും ശ്രീലങ്കയെയുമെല്ലാം ചർച്ചയാക്കുമ്പോൾ ഒരു മതിലിനപ്പുറം ഡച്ചു സെമിത്തേരിയിൽ പടർന്നു കയറിയ കാട്ടുവള്ളികൾ കണക്കെ വിശ്വ രാഷ്ട്രീയത്തിലേക്ക് ഊർന്നിറങ്ങുന്ന മലയാളി മനസ്സുകളെ തൃപ്തിപ്പെടുത്താനുതകുന്നതായിരുന്നു വിഷയങ്ങളിലേറെയും.

ഒരു സാഹിത്യോത്സവത്തിൽ സിപി ജോണും രാജീവ് കൃഷ്ണനും അരുൺ കൃഷ്ണയും ചേർന്ന് ചർച്ച ചെയ്യുന്നത്  തൊഴിൽ നിയമങ്ങളില്ലാത്ത പുതിയകാല തൊഴിലിടങ്ങളെക്കുറിച്ചും തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചുമാണ്. മനുഷ്യാവകാശത്തെക്കുറിച്ചും സാമൂഹിക കാഴ്ചപ്പാടിലെ വൈകല്യങ്ങളെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്. കേരളത്തിൻറെ ആരോഗ്യവർത്തമാനത്തെക്കുറിച്ച് വീണാ ജോർജ്ജും ഡോക്ടർ ബി ഇക്ബാലും ഡോക്ടർ പി സരിനും സംസാരിക്കുന്നു. വർഗ്ഗസമരത്തിന്റെ  ഇന്ത്യൻ വർത്തമാനങ്ങളാണ് എളമരം കരീം വി കെ സനോജിനോട് പറഞ്ഞത്. കടലിലേക്ക് പോകുന്ന കടലാസ് തോണിയുടെ ആത്മവിശ്വാസത്തെ കുറിക്കുന്ന അക്കിത്തത്തിന്റെ കവിത പാടി ദിവ്യ എസ് അയ്യർ പി രാജീവിനോട് സംസാരിച്ചത് കേരള വികസനത്തിന്റെ പുതിയ കപ്പലോട്ടങ്ങളെക്കുറിച്ചായിരുന്നു. ടൂറിസം സാധ്യതകളെക്കുറിച്ച് പി എ മുഹമ്മദ് റിയാസ് സംവദിച്ചു. യെച്ചൂരിയെക്കുറിച്ചുള്ള ഓർമ്മകളിൽ എം എ ബേബി ഫെസ്റ്റിവെല്ലിനെയാകെ കൂട്ടിക്കൊണ്ടുപോയി. കേരളം, കേന്ദ്രം മറക്കുന്ന കടമകളെക്കുറിച്ച് കെ എൻ ബാലഗോപാലും കെ രാജനും എസ് സതീഷും ചർച്ച ചെയ്യുന്നു. മണ്ണെണ്ണ വിളക്കിനു കീഴിലിരുന്ന് വായിച്ചതിന്റെ അനുഭവങ്ങളിലൂടെയാണ് സി എൻ മോഹനൻ  ഇ സനീഷ് ബിജു മുത്തത്തി മനീഷ രാധാകൃഷ്ണൻ എന്നിവരോട് ചാരുകസേര ഇല്ലാത്ത വായനക്കാർ എന്ന സെക്ഷനിൽ സംസാരിക്കാനെത്തിയത്. നിഖില വിമലും വിനയ് ഫോര്‍ട്ടും പത്മപ്രിയയും രാജേഷ് മാധവനും പി വി ഷാജികുമാറുമെല്ലാം സിനിമാലോകത്തെ വിശേഷങ്ങൾ പങ്കുവെച്ചു. അഭിലാഷ് മോഹനും അപർണക്കുറുപ്പും ശരത്ചന്ദ്രനുമെല്ലാം മാധ്യമ ലോകത്തെ തുറന്നുകാട്ടി. ഇ സന്തോഷ് കുമാറും എസ് ഹരീഷും സന്തോഷ് എച്ചിക്കാനവും ജി ആർ ഇന്ദുഗോപനും വി ഷിനിലാലും സുസ്മേഷ് ചന്ദ്രോത്തും അഖിൽ പി ധർമ്മജനുമെല്ലാം  കാലത്തിൻറെ എഴുത്തിനെ പ്രതിനിധീകരിച്ചു.  ശ്രീകാന്ത് താമരശ്ശേരിയും മുരുകൻ കാട്ടാക്കടയും സുമേഷ് കൃഷ്ണനും ഫെസ്റ്റിവല്ലിനെ കവിത  സാന്ദ്രങ്ങളാക്കി.

വല്ലാർപാടത്തു നിന്നും കൊച്ചിൻ ഷിപ് യാർഡിൽ  നിന്നും കപ്പലുകൾ ചർച്ചയ്ക്കിടയിൽ ചൂളം വിളിച്ച് കടന്നു പോകുന്നുണ്ട്. പടിഞ്ഞാറ് ചക്രവാളത്തിൽ കപ്പലുകൾ മറയുന്നതിനെ  ഞാൻ ശ്രദ്ധിച്ചു. കപ്പലിന്റെ  ഒടുവിൽ മറയുന്ന മുകൾത്തട്ട് ചൂണ്ടി ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാൻ വെമ്പൽ കൊണ്ട ശാസ്ത്രകുതുകികളായ പൂർവികരെ ഞാൻ ആലോചിച്ചപ്പോൾ വേദി മൂന്നിൽ വൈശാഖൻ തമ്പിയും ജീവൻ ജോബ് തോമസും ശബ്നയും ഭാവനയുടെ സയൻസും സയൻസിന്റെ ഭാവനയും എന്ന വിഷയത്തിൽ ചർച്ച നടത്തുകയായിരുന്നു.Photo 3

പർവ്വതങ്ങൾ കണക്കുള്ള മനുഷ്യർ

ചില മനുഷ്യരെ നമുക്ക് തലയുയർത്തി മാത്രമേ നോക്കാൻ കഴിയുകയുള്ളൂ. ഹൃദയാകാശങ്ങളിൽ അവർ അത്രത്തോളം വലുതായതുകൊണ്ടാണത്. ഫെസ്റ്റിവൽ പർവ്വതങ്ങളെക്കാൾ ഗിരിമയുള്ള മനുഷ്യരുടെ സംഗമ വേദി കൂടിയായിരുന്നു. രാജ്യത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ പി സായിനാഥ് കെ കെ ഷാഹിനയുമായുള്ള സെക്ഷൻ തുടങ്ങുന്നതിനു മുൻപ് സദസ്സിനോടാകെ എഴുന്നേൽക്കാൻ അഭ്യർത്ഥിക്കുകയാണ്.  ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകാറിന്റെ സ്മരണയ്ക്ക് വേണ്ടിയായിരുന്നു അത്. രാജ്യത്തിലെ 60% സ്ട്രീമിംഗ്  മാധ്യമങ്ങളും മുകേഷ് അംബാനിയുടെ കൈകളിലമരുമ്പോൾ നിഷ്പക്ഷ മാധ്യമപ്രവർത്തനം ഓർമ്മ മാത്രമാകും. സ്വതന്ത്ര മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിക്കണം എന്ന അഭ്യർത്ഥന കൂടി അദ്ദേഹം നടത്തി. പീപ്പിൾ ആർക്കൈവ് ഇന്ത്യ ( pari) ഇതിനുദാഹരണമാണെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് വിഖ്യാത എഴുത്തുകാരൻ ദാമോദർ മൗസോ  ആയിരുന്നു. വേദങ്ങളിലേക്ക് അല്ല വേദനകളിലേക്കാണ് നമ്മൾ മടങ്ങേണ്ടതെന്ന് കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യമാണ് ഉദ്ഘാടന സെക്ഷനിലൂടെ അദ്ദേഹം മുന്നോട്ട് വെച്ചത്. ദ്രാവീഡിയൻ നവോത്ഥാനത്തെ കുറിച്ചും ഫെഡറൽ സൗത്തിനെക്കുറിച്ചും കനിമൊഴി സംസാരിക്കുമ്പോൾ തന്തൈപെരിയാറിനെ കൂടി ഫെസ്റ്റിവൽ അനുസ്മരിക്കുകയായിരുന്നു. ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന കേന്ദ്രഗവൺമെന്റിനെ രാഷ്ട്രീയമായിത്തന്നെ കനിമൊഴി തുറന്നുകാട്ടി. രണ്ടാം ദിവസം നടന്ന ചർച്ചയിൽ സ്വതന്ത്ര എഴുത്തിന്റെ കാലം അവസാനിച്ചു എന്നാണ് സക്കറിയ അഭിപ്രായപ്പെട്ടത്. സഫായി കർമ്മചാരി ആന്തോളൻ സ്ഥാപകൻ ബിസ്വാദ വിൽസൺ സംവിധായക വിധു വിൻസന്റുമായി നടത്തിയ ചർച്ചയിൽ ഒരു അടിമത്വവും മഹത്വവൽക്കരിക്കേണ്ടതില്ലെന്ന് ഉറച്ച നിലപാട് പറഞ്ഞു.  ഫെസ്റ്റിവെല്ലിലുടനീളം വിവിധ സെക്ഷനുകളിൽ പങ്കെടുത്ത സുനിൽ പി ഇളയിടം പതിഞ്ഞ പടനിലങ്ങൾ കണക്കെ സാഹിത്യം മനുഷ്യ സമൂഹത്തിൽ ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നാണ് അഭിപ്രായപ്പെട്ടത്. എഎ റഹീം എംപി മഞ്ഞുമലകളുടെ നാട്ടിൽ നിന്നെത്തിയ യൂസഫലി തരിഗാമിയുമായി അഭിമുഖം നടത്തുമ്പോൾ തികഞ്ഞ വൈകാരികതയോടെ കാശ്മീർ സുന്ദരമാണെന്നും കാശ്മീരിന്റെ രാഷ്ട്രീയം അത്രമേൽ സുന്ദരമല്ലെന്നു കൂടി  തരിഗാമി പറഞ്ഞു വച്ചു. ഭഗത് സിങ്ങിനെ അനുസ്മരിക്കാൻ ഭഗത് സിങ്ങിനെ കുറിച്ച് ശ്രദ്ധേയമായ രചനകൾ നടത്തിയ ചമൻലാൽ തന്നെ എത്തിച്ചേർന്നിരുന്നു. ഏറ്റവും ഒടുവിലായി എം സ്വരാജും ഉണ്ണി ബാലകൃഷ്ണനും നടത്തിയ പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് എന്ന ചർച്ച ആശയ ഗംഭീരത കൊണ്ടും അവതരണ ശൈലി കൊണ്ടും സദസ്സിനെ തിങ്ങിനിറയിച്ചു. അങ്ങനെ സമൂഹത്തിൻറെ നാനാതുറകളിൽ നിന്ന് വന്നുചേർന്ന വ്യക്തിത്വങ്ങൾ ഫെസ്റ്റിവലിനെ   സംവാദപൂർണമാക്കി.  ഫെസ്റ്റിവലിന്റെ വിജയത്തിനായി അഹോരാത്രം ഓടിനടന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ ബെന്യാമിൻ ഉദ്ഘാടന സെക്ഷനിൽ വൈഎൽഎഫ് വിശാല രാഷ്ട്രീയ സംവാദ വേദിയാകും എന്നു പറഞ്ഞതിനെ തികഞ്ഞ അർത്ഥത്തിൽ വിജയിപ്പിക്കാൻ ഫെസ്റ്റിവല്ലിനായി.  ചർച്ചക്കിടയിൽ ബീച്ചിൽ നിന്ന് ആകാശത്തേക്കുയർന്ന പട്ടത്തിന് പരുന്തിന്റെ ആകൃതിയായിരുന്നു. അതിൽ വ്യത്യസ്തതയില്ലെന്ന് പരിതപിച്ച് അവിടെ ഞാൻ ആകാശത്ത് പറക്കുന്ന ബസ്സിനെയോ സ്രാവിനെയോ മനസ്സിൽ കണ്ടു. ഭാവനയുടെ ചരടുകൾ പൊട്ടി  പട്ടം താഴേക്ക് വീണു.Photo 5

അപ്പോഴാണ് നാടകം തുടങ്ങിയത്

വേദി നാലിൽ മത്സരങ്ങൾ തുടരുകയാണ്. പതിവില്ലാത്ത ആർപ്പുവിളിയും ആൾക്കൂട്ടവുമാണ് എന്നെ അവിടെയെത്തിച്ചത്.  തെരുവ് നാടക മത്സരത്തിൽ നാടകത്തിനുള്ളിലെ മറ്റൊരു നാടകം കളിച്ച കണ്ണൂർ ജില്ലയിലെ ടീം കാഴ്ചക്കാരുടെ മനസ്സ് കീഴടക്കിയെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. വെളിക്കിറങ്ങുന്ന പറമ്പിൽ കക്കൂസ് നിർമ്മിക്കാൻ കാളയെ ലേലത്തിന് വച്ചപ്പോൾ കാളയും ഭൂമിയും സ്വന്തമാക്കിയവർ നാടിനെ പുണ്യഭൂമിയാക്കി. സ്വസ്ഥമായി വെളിക്കിറങ്ങാൻ കഴിയാത്ത മനുഷ്യരുടെ കഥ പറഞ്ഞ കോഴിക്കോട് ജില്ലയിലെ നാടകം സദസിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂജൻ റീൽസുകളിലും വർണവ്യത്യാസങ്ങളുടെ കഥ പറഞ്ഞ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനവും സ്വന്തമാക്കി. പുതിയ കാലത്തെക്കുറിച്ച് ചിരിച്ചും ചിന്തിപ്പിച്ചും തെരുവുനാടക മത്സരം ശ്രദ്ധേയമായി. കായലിന്റെ തീരങ്ങളിൽ ഒഴുക്കുനോക്കി ചീനവലകൾ പയ്യെ താണു പൊങ്ങുന്നുണ്ടായിരുന്നു.

ഗുരുവും ആശാനും

ഫെസ്റ്റിവൽ ഗുരുവും ആശാനുമില്ലാതെ പൂർണമാകുന്നതെങ്ങനെ? ശ്രീനാരായണ ഗുരുവിന്റെ പ്രകാശം കടൽക്കരയിലെ ഉച്ചവയിലിനെ കൂടുതൽ കടുപ്പിച്ചു. ആഴമേറും നിൻ മഹാസാമാഴിയിൽ –  ഗുരു വാക്കും വെളിച്ചവും എന്ന സെക്ഷനിൽ ഷൗക്കത്ത്, എം എ സിദ്ദിഖ് ,സജിത കെ ആർ ,ബിനീഷ് പുതുപ്പണം എന്നിവർ സംവദിച്ചു. നാവികൻ നീ യെന്ന വരികൾ കവിതയിൽ ആധുനികതയുടെ തെളിച്ചം കൂടിയാണെന്ന് ഗുരുവെന്ന കവിയെ വിലയിരുത്തി അഭിപ്രായമുയർന്നു. ഗുരുവിനൊപ്പം ആശാനുവേണ്ടിയും പ്രത്യേകം സെക്ഷൻ ഫെസ്റ്റിവൽ കരുതി വച്ചു.  വന്നുപോകും പിഴയുമർഥശങ്കയാൽ – ആശാനെ വായിച്ച 100 വർഷങ്ങളെക്കുറിച്ച് പി കെ രാജശേഖരനും സജയ് കെ വിയും എം സി അബ്ദുൾ നാസറും വി കെ ജോബിഷും ചർച്ച നയിച്ചു. ആശാൻറെ വിപ്ലവാഹ്വാനങ്ങൾ കൊച്ചി കായലിൽ പ്രതിധ്വനിച്ചു.Photo 4

കാത്തിരിക്കാം അടുത്തവർഷം

വാസ്തവത്തിൽ മലയാള സാമൂഹിക സാംസ്കാരിക രംഗത്തെ പരിച്ഛേദം തന്നെയാണ് കൊച്ചിയിൽ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഒത്തുചേർന്നത്. ആശയങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമായി കൊച്ചിയിലെ അഴിമുഖം നാല് ദിനരാത്രങ്ങളെ യുവത്വത്തിന്റെ ആഘോഷമാക്കി മാറ്റി. മട്ടാഞ്ചേരി പള്ളിക്കും ഗാമ സ്ക്വയറിനു മപ്പുറം ബിഗ് ബി യിലെ വീട് തപ്പി രണ്ടുദിവസം കറങ്ങിയ സുഹൃത്ത്  മൂന്നാം ദിവസം ഫെസ്റ്റിവൽ വേദിക്കരികിൽ ശ്രദ്ധിക്കപ്പെടാത്ത ആ വീട് കണ്ടെത്തിയപ്പോൾ “ഹാ ഇത് ഇവിടെയുണ്ടായിരുന്നോ’ എന്നാണ് ചോദിച്ചത്. വാസ്തവത്തിൽ ഈ ഫെസ്റ്റിവലിൽ സംവാദാത്മകമായി തീർന്നതെല്ലാം ഇവിടെയുണ്ടായിരുന്നവയൊക്കെ തന്നെയാണ് . Nothing human is alien to me. കാത്തിരിക്കാം യൂത്ത് ലീറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിനായി.

Author Photo
ശിജിത്ത് ശിവസ്

രാഷ്ട്രീയക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT