ജനപ്രിയ സാഹിത്യം വായനയുടെ താൽക്കാലികാനന്ദം മാത്രം
“ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാരമായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തുകൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്.” ജനപ്രിയ സാഹിത്യം മലയാള സാഹിത്യ രംഗത്തും പുസ്തക വിപണിയിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരനും
ഉയർന്ന സാഹിത്യാഭിരുചിയോ വായനയിൽ ഗാഢമായ താൽപ്പര്യമോ ഇല്ലാത്ത വായനക്കാരെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു എക്കാലവും ജനപ്രിയ സാഹിത്യത്തിൻ്റെ രീതിയും സ്വഭാവവും. അത്തരം വായനയും അത്തരം വായനക്കാരും മുൻപുമുണ്ടായിരുന്നു. എൺപതുകളിലെ പൈങ്കിളിത്തരംഗവും പൈങ്കിളിനോവലുകൾ എന്നു വിളിക്കപ്പെട്ടിരുന്ന നോവലുകൾ പ്രസിദ്ധീകരിച്ചിരുന്ന വാരികകളുടെ വമ്പിച്ച പ്രചാരവും ഓർമ്മിക്കുക. അതിനു മുൻപ് മുട്ടത്തുവർക്കിയുടെയും കാനം ഇ.ജെ.യുടെയും വല്ലച്ചിറ മാധവൻ്റെയും പമ്മൻ്റെയും മറ്റും നോവലുകൾക്കുമുണ്ടായിരുന്നു ധാരാളം വായനക്കാർ. ജനപ്രിയ സാഹിത്യം, അതിൻ്റെ പൂർണ്ണാർത്ഥത്തിൽ, സാഹിത്യമല്ലാത്തതുപോലെ അതിൻ്റെ വായനക്കാർ സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്ന വായനക്കാരുമല്ല. വായന ഒരു വിനോദോപാധി മാത്രമാണവർക്ക്. ഇന്ത്യൻ ഇംഗ്ലീഷ് നോവലിൽ ചേതൻ ഭഗത്തും അമീഷ് ത്രിപാഠിയും ആനന്ദ് നീലകണ്ഠനുമെല്ലാമെഴുതുന്നതും ജനപ്രിയസാഹിത്യം തന്നെ. ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാര മായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തു കൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്. ജനപ്രിയനോവലുകൾ വ്യാപകമായി എഴുതപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം, അതിനു സമാന്തരമായി, മികച്ച നോവലുകൾ ആവിർഭവിക്കുകയും അവ മികച്ച വായനക്കാരുടെ കൈകളിൽ എത്തുകയും ചെയ്യുന്നു. ഇതിൽ രണ്ടാമത്തേത് അനുസ്യൂതം തുടരുകയും ആദ്യത്തേത് ഒരു കാലികപ്രതിഭാസം മാത്രമായി അസ്തമിക്കുകയും ചെയ്യുമെന്ന പ്രത്യാശയോടുകൂടിയാണ് ഞാനീ കുറിപ്പെഴുതുന്നത്. ഇപ്പോഴും ഒ. വി. വിജയനും എം ടിക്കും മുകുന്ദനും ധാരാളം വായനക്കാരുള്ള ഭാഷയാണ് നമ്മുടേത്. മികച്ച നോവലിസ്റ്റുകളുടേതായ ഒരു പുതുതലമുറയും നമുക്കുണ്ട്. ഇതിനിടയിൽ ജനപ്രിയ നോവലുകളുടെ കളകൾ വളർന്ന് അവയെ മൂടിക്കളയുമെന്ന ഭീതിയൊന്നും വേണ്ട. സംസ്കാരമെന്ന പോലെ സാഹിത്യവും ഒരനുസ്യൂതിയാണ്; അത് പലരിലൂടെ, പല കാലങ്ങളിലായി തുടർന്നുകൊണ്ടേയിരിക്കും. മഹാകവി വൈലോപ്പിള്ളി മുൻപ് പ്രത്യാശിച്ചതുപോലെ ജീർണ്ണത ചേറ്റിൽ താഴുകയും പുഴ, പൂർണ്ണത തേടി പായുകയും ചെയ്യും.
ജനപ്രിയനോവലുകളിൽ നിന്ന് വായന തുടങ്ങുന്ന ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ തുടർന്ന് നിരന്തരമായി വായിക്കണമെന്നോ കൂടുതൽ മികച്ച സാഹിത്യം തേടിപ്പോകണമെന്നോ ഇല്ല. ഉപരിപ്ലവമായ വായനയുടെ താൽക്കാലികാനന്ദം മാത്രമാവാം അവരെ വിപണി കീഴടക്കിയ ചില പുസ്തകങ്ങളിലേയ്ക്കെത്തിച്ചത്. ജനപ്രിയമായ പുസ്തകങ്ങളുടെ വമ്പിച്ച വില്പന മാത്രമാണ് നടക്കുന്നത്. അതിനെ ഒരു വായനാ സംസ്കാരത്തിൻ്റെ വ്യാപനമായൊന്നും കാണുന്നതു ശരിയായിരിക്കില്ല. മുഖ്യ പ്രസാധകർ കൂടി പൾപ്പ് ഫിക്ഷൻ പ്രസിദ്ധീകരിക്കുകയും അതിൻ്റെ വില്പനസാധ്യതകൾ മുതലെടുക്കുകയും ചെയ്യുന്നു എന്നതു മാത്രമാണ് സംഭവിക്കുന്നത്. അത്സംസ്കാരത്തിൻ്റെയും സാഹിത്യസംസ്കാരത്തിൻ്റെയുമൊന്നും കാര്യമല്ല; വിപണിയുടെ മാത്രം കാര്യമാണ്.

