കാലം ഒരു ചവറ്റുകുട്ടയല്ല ,അവിടെ ചവറുകൾ സൂക്ഷിക്കപ്പെടുന്നില്ല
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ യുവാക്കളായ എഴുത്തുകാരുടെ സാന്നിധ്യം പുസ്തക വിപണിയിൽ വലിയ അലകൾ സൃഷ്ടിച്ചിട്ടുണ്ട് . ട്രെൻ്റുകളും വിപണിയിലെ മത്സരങ്ങളും സാഹിത്യ ലോകത്ത് സൃഷ്ടിക്കുന്ന ബഹളങ്ങൾക്കപ്പുറം എഴുത്തിന്റെ രാഷ്ട്രീയവും ജീവിതാനുഭവങ്ങളുടെ നേരിൽ നിന്നുരുവം കൊള്ളുന്ന എഴുത്തുകളുടെ കാലാതീതമായ സംവേദന ശേഷിയെക്കുറിച്ചും എഴുതുകയാണ് എഴുത്തുകാരിയും നിരൂപകയുമായ ഡോ .എസ് ശാരദക്കുട്ടി
“എഴുത്ത് ആത്മാഭിമാനത്തിന്റെ ഒരു പ്രവൃത്തിയാണ്” – ഇങ്ങനെയാണ് എലേന ഫെറാന്റെ തന്റെ എഴുത്തിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എങ്കിലും താൻ ആരാണെന്ന് അവരിനിയും വെളിപ്പെടുത്തിയിട്ടില്ല. അതായത്, ആത്മാഭിമാനം അവർക്ക് ലോകത്തിന്റെ മുന്നിൽ ആഡംബരപ്രദര്ശനത്തിനു വെക്കാനുള്ളതല്ല. “ഒരിക്കൽ എഴുതപ്പെട്ടു കഴിഞ്ഞാൽ, പുസ്തകങ്ങൾക്ക് പിന്നെ അവരുടെ രചയിതാവിന്റെ ആവശ്യമില്ല” എന്നാണ് ഒരിക്കൽ ഒരഭിമുഖത്തിൽ ഫെറാന്റെ പറഞ്ഞത്. അതുകൊണ്ടു തന്നെ അവർ ആണാണോ പെണ്ണാണോ എന്നത് പോലും നമ്മുടെ വിഷയമല്ല. ഷേക്സ്പിയർ ആരാണ് എന്ന റിഞ്ഞിട്ടല്ലല്ലോ നമ്മൾ അദ്ദേഹത്തിന്റെ കൃതികൾ ആസ്വദിക്കുന്നത്. കഴിഞ്ഞ
കുറെ വർഷങ്ങളായി ഇറ്റാലിയൻ ഭാഷയിൽ എഴുതിയിട്ടുള്ള അവരുടെ കൃതികളുടെ ഇംഗ്ളീഷ് പരിഭാഷകൾ വന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ലക്ഷകണക്കിന് നോവലുകൾ വിറ്റഴിഞ്ഞു കഴിഞ്ഞു. ഗൗരവമായ വായനയെ അവർ തിരിച്ചു കൊണ്ടുവന്നു എന്നാണ് ഒരു പത്രം വിശേഷിപ്പിച്ചത്. ന്യുയോർക്കിലും ലണ്ടനിലും പാരിസിലും മെട്രോ ട്രെയിനുകളിൽ അവരുടെ നോവലുകൾ വായിക്കുന്ന യുവതികളുടെ ചിത്രങ്ങൾ ലോകത്തെങ്ങും അവരെ സെൻസേഷനാക്കി മാറ്റി.

എലേന ഫെറാന്റെ
മനഃസംബന്ധിയായ സൂക്ഷ്മാന്വേഷണങ്ങളിലൂടെയും സ്വന്തം യാഥാർഥ്യത്തെ സാമൂഹവൽക്കരിച്ച്, സ്വന്തം അനുഭവങ്ങളെ വിശ്വജനീനമാക്കുന്ന പ്രക്രിയയിലൂടെയുമാണ് അവർ ഇത്രയും ജനസമ്മതി നേടിയിട്ടുണ്ടാവുക. കാരണം കോട്ടയത്ത് ഇരുന്നു വായിക്കുന്ന എനിക്ക് പോലും നേപ്പിൾസിലെ ആ രണ്ടു യുവതികളെ മനസിലാക്കാൻ സാധിക്കുന്നു. അതാണല്ലോ ഏതൊരു മഹാ സാഹിത്യത്തിന്റെ പ്രധാന സവിശേഷത. സാഹിത്യത്തിന്റെ നേരും വിശ്വസ്തതയും സ്ഥിരതയും ഭാഷയിലാണ് അധിഷ്ഠിതം എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് താൻ ആര് എന്നത് ലോകത്തെ അറിയിക്കേണ്ട ആവശ്യമില്ല എന്ന് എലേനയ്ക്ക് തോന്നുന്നത്. ഓരോ വാചകത്തിലും എഴുത്തുകാരി തന്റെ ചൈതന്യമത്രയും ആവാഹിക്കുക മാത്രമാണ് വേണ്ടത്. വാക്കും വാക്കിന്റെ വീര്യവും തമ്മിലുള്ള ആനുപാതികത്തിലാണ് എഴുത്തുകാർ ശ്രദ്ധ ഊന്നേണ്ടത്. അല്ലാതെ പുസ്തകം വിൽക്കാനുള്ള ബാധ്യത എഴുത്തുകാരിയുടെതല്ല. വാക്കിനെ സത്യം ഇല്ലാതാക്കുമ്പോൾ എഴുത്ത് വിരസമാകും, അത് സര്വ്വസാധാരണമായ ഒരു സ്ഥിരസങ്കല്പ്പം മാത്രമായി പോകും.
എഴുത്തുകാർ എന്നു പറയുന്നത് ഒരൊറ്റ സംവർഗ്ഗമല്ല. പേനയെടുത്ത് എഴുതിയവരെല്ലാം എഴുത്തുകാരുമല്ല. സഹജമായ ആർജവം, സത്യസന്ധത, ആത്മനിർവൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള വ്യക്തിയുടെ പോരാട്ടങ്ങൾക്ക് പ്രതിബന്ധമായുള്ള പരിമിതസാഹചര്യങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് എല്ലാക്കാലത്തും യഥാർഥ എഴുത്തുകാരുടെ കലയുടെ അടിസ്ഥാനവിഷയം. ട്രെൻ്റുകളും വിപണിയിലെ മത്സരങ്ങളും താത്കാലികമായി ചില പ്രകോപനങ്ങളോ ആവേശങ്ങളോ ഒക്കെ ഉണ്ടാക്കിയേക്കാം. അതൊന്നും നിസ്സാരമായി കാണേണ്ടതുമല്ല. അംഗീകാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി അനാദർശപരവും അരാഷ്ട്രീയവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന എഴുത്തുകാരും ഉണ്ടായേക്കാം. പക്ഷേ അടിസ്ഥാനപരമായൊരു ഉജ്ജ്വല മാർഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം – അതാണ് ഏതു കാലത്തെയും ‘മികച്ച’ എഴുത്തുകാരുടെ മൗലികമായ പ്രമേയം. അവർ ഭരണകൂടവും അധികാരികളുമായി സംഘർഷത്തിലേർപ്പെട്ടേക്കാം. അങ്ങനെ എത്രയോ എഴുത്തുകാരുണ്ട്. അന്നാ അഖ്മതോവ എഴുത്തുകാരിയെന്ന നിലയിലനുഭവിച്ച സംഘർഷങ്ങൾ ഭരണകൂടവുമായി നേരിട്ട് ഏറ്റുമുട്ടിയതിൻ്റെ ഫലമാണ്. അവരുടെ പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും ഭരണകൂടം നേരിട്ടിടപെട്ടാണ് നിരോധിച്ചത്. അംഗീകാരങ്ങൾക്കു വേണ്ടി ഭരണകൂടഭീകരതകളോട് സമരസപ്പെടുന്ന എഴുത്തുകാരും എല്ലാക്കാലത്തും ധാരാളമായുണ്ടായിരുന്നു. അതൊന്നും ആയിരിക്കില്ല കാലം ഓർമ്മിച്ചു വെക്കുക. തത്കാലം കിട്ടുന്ന പുരസ്കാര പ്രഭയുടെയോ വാണിജ്യത്തിളക്കങ്ങളുടെയോ ശോഭയൊന്നും ശാശ്വതമല്ല.
തലമുറകൾക്കിടയിൽ ചെറിയ ഒരന്തരമൊക്കെ ഉണ്ടായിരിക്കാമെങ്കിലും അതൊരു പ്രവാഹത്തിൻ്റെ തുടർച്ചയ്ക്കിടയിലുള്ള ഇടർച്ചകൾ മാത്രമാണ്. ജീവിതം ആഘോഷമാക്കാൻ തീരുമാനിച്ച മനുഷ്യരോട് ജീവിതം സ്ട്രെസ്സ്ഫുള്ളായി ജീവിച്ചവർക്ക് ഒരു കമ്യുണിക്കേഷൻ ഒരിക്കലും സാധ്യമല്ല എന്നതാണ് പുതിയ തലമുറയിലെ കുട്ടികളോട് ഇടപെടുമ്പോഴും സാഹിത്യത്തിലെ പുതിയ ട്രെൻഡിനോട് ഇടപെടുമ്പോഴും ഒക്കെ എനിക്ക് തോന്നിയിട്ടുള്ളത്. ജീവിതത്തെയും അതിന്റെ വേദനകളെയും അതിന്റെ രാഷ്ട്രീയത്തെയും ഒക്കെ വളരെ ഗൗരവത്തോടെ സമീപിച്ചിരുന്ന, അത്തരത്തിൽ സാഹിത്യത്തിനെയും എഴുത്തിനെയും സമീപിച്ചിരുന്ന തലമുറയാണ് കേമം എന്ന് മുതിർന്ന തലമുറയുടെ പ്രതിനിധികളായ നമുക്ക് തോന്നും. പുതിയ കാലത്തിലെ കുട്ടികളുടെ എഴുത്തിൽ വേറൊരു തരം ജീവിതവും കാഴ്ചകളും വരുന്നുണ്ട്. അത് പ്രകടമാക്കുന്ന മറ്റൊരു തരം രാഷ്ട്രീയമുണ്ട്. അത് ജീവിതത്തെ കുറച്ചുകൂടി ആഘോഷകരമാക്കുന്നതാകാം, ആനന്ദകരമാക്കുന്നതാകാം. അത് ശരിയോ തെറ്റോ എന്ന് ജഡ്ജ്മെൻ്റലാകുന്നതിലല്ല കാര്യം. കടുത്ത ജീവിതാനുഭവങ്ങൾ ചുറ്റിലും കാണുമ്പോൾ ഇത്തരം ആഘോഷങ്ങൾ വേണ്ടതുണ്ടോ എന്ന് നമുക്ക് തോന്നാം. ഉദാഹരണത്തിന്, വേടൻ്റെ പാട്ടിൻ്റെ ആഘോഷങ്ങളോട് ചിലർ നെറ്റി ചുളിക്കുമ്പോഴും വേടൻ ഉറക്കെ പറയുന്ന രാഷ്ട്രീയം പ്രസക്തമാകുന്നുണ്ടല്ലോ. സാഹിത്യത്തിൻറെ വിപണിയിലും ഇത് കാണുന്നുണ്ട്.

വേടൻ
പണ്ട് കാരൂരും ബഷീറും ചങ്ങമ്പുഴയും ഒക്കെ സ്വന്തം പുസ്തകം വിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടി അലഞ്ഞിട്ടുള്ള കഥ പ്രസിദ്ധമാണ്. പക്ഷെ ഇപ്പോൾ നൂറ് വർഷങ്ങൾക്കിപ്പുറവും അവരൊക്കെ സാഹിത്യലോകത്ത് ജീവിച്ചിരിക്കുന്നുണ്ട്. സജീവമായി വായിക്കപ്പെടുന്നുമുണ്ട് . നൂറു വർഷങ്ങൾക്കിപ്പുറവും ഒരു സാഹിത്യരൂപം ചർച്ച ചെയ്യപ്പെടുന്നെങ്കിൽ അതിൽ എന്തോ ഒരു കാര്യമുണ്ട്. കാലത്തോട് സംവദിക്കുന്ന എന്തോ അതിലുണ്ട് എന്നാണർഥം. അത് പ്രധാനമാണ്.
എന്റെ വായനാനുഭവത്തിൽ നിന്ന് ഒരു കാര്യം പറയാം. പത്തു വർഷം മുൻപ് ആഘോഷിക്കപ്പെടുകയും അക്കാദമികൾ പുരസ്ക്കരിച്ചു ആദരിക്കുകയും ചെയ്ത പല പുസ്തകങ്ങളും ഇന്ന് ആരും ഓർക്കുന്നില്ല, വായിക്കപ്പെടുന്നതുമില്ല. പുസ്തകം നിലനിൽക്കുമോ എന്നതാണ് പ്രശ്നം. വാഴ്ത്തുപാട്ടുകാരുണ്ടെങ്കിൽ, സ്വന്തം പ്രസാധകരും ആരാധകരും ഉണ്ടെങ്കിൽ എഴുത്തുകാർ കുറെ കാലം നിലനിന്നേക്കും . പക്ഷേ, കാമ്പുണ്ടെങ്കിലല്ലാതെ, കാലത്തോട് സംസാരിച്ചു കൊണ്ടല്ലാതെ എഴുത്തുകൾ നിലനിൽക്കുകയില്ല.
എല്ലാ തലമുറയിൽ പെട്ട എഴുത്തുകാരും അതാത് കാലത്തു അവരവരാലാകും വിധം പബ്ലിസിറ്റി നിലനിർത്തുവാൻ അധ്വാനിച്ചവരാണ്. അതൊരു കുറ്റമല്ല. സിനിമാമേഖലയുമായുള്ള ബന്ധം ചില എഴുത്തുകാരെ വെള്ളിവെളിച്ചത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചിരിക്കാം. പക്ഷേ അവിടെയും നിലനിൽക്കണമെങ്കിൽ പ്രശസ്തിമോഹം മാത്രം പോരാ. ഉറൂബിന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോഴും വായിക്കപ്പെടുന്നില്ലേ ? ഉറൂബൊക്കെ ജീവിതത്തെ അതിൻ്റെ എല്ലാ അനുഭവസാകല്യത്തോടെയും വേദനയോടെയും സന്തോഷങ്ങളോടെയും കണ്ട വളരെ ഗൗരവതരമായ രചന നിർവ്വഹിച്ച എഴുത്തുകാരനാണ്. ഇപ്പോഴും കാക്കനാടൻ ,സേതു ,ഉറൂബ് , ബാലാമണിയമ്മ മാധവിക്കുട്ടി, സാറാ ജോസഫ്, ബഷീർ ,കോവിലൻ ഇങ്ങനെ ഒരുപാട് എഴുത്തുകാരെ നമ്മൾ ഇപ്പോഴും വായിക്കുന്നുണ്ടെങ്കിൽ , അവരൊക്കെ ജീവിതാനുഭവങ്ങളോട് പുലർത്തിയ ഒരു ആത്മാർത്ഥയുണ്ട്, അതിൽ. അവരുടെ കാലത്ത് സോഷ്യൽ മീഡിയ ഇല്ലായിരുന്നു എന്നേയുള്ളൂ. അവരിൽ ചിലർക്ക് അവരവരുടേതായ നിരൂപകർ ഉണ്ടായിരുന്നിരിക്കാം (ഉണ്ടായിരുന്നിരിയ്ക്കാം എന്നേ പറയുവാനാകൂ) അവർക്കും അവരവരുടേതായ ,അന്നത്തെ കാലത്തിന് അനുസരിച്ചുള്ള പി ആർ വർക്കും കാര്യങ്ങളും ഉണ്ടായിരുന്നിരിക്കാം . സോഷ്യൽ മീഡിയയുടെ ഈ ആഘോഷ കാലത്തു നമുക്ക് ഈ രണ്ട് വഴികളെയും അംഗീകരിച്ചേ മതിയാകൂ .
പക്ഷെ, കാലം ഇതിനകത്ത് ഒരു ഫിൽറ്ററിങ് നടത്തുന്നുണ്ട് . ഞാൻ വിശ്വസിക്കുന്നത് കാലം ഒരു ചവറ്റു കൊട്ടയല്ല എന്നു തന്നെയാണ് . അത് ചവറുകൾ സൂക്ഷിക്കാറില്ല . ഫിൽറ്റർ ചെയ്തു അതിൽ നിന്ന് മികച്ചത് കാലം പുറത്തേക്ക് കൊണ്ടുവരും എന്നാണ്..ചിലപ്പോൾ ഒരു പത്ത് കൊല്ലം കഴിഞ്ഞായിരിക്കും , ചിലപ്പോൾ ഒരു അമ്പത് കൊല്ലം കഴിഞ്ഞായിരിക്കും, കുഴിച്ചു മൂടിയ കൃതികൾ വരെ സാഹിത്യത്തിൽ പുറത്തു വന്ന ചരിത്രം നമ്മൾ കണ്ടിട്ടുണ്ട് . ഭരണകൂടം ഭയന്ന് കുഴിച്ചു മൂടിയ കൃതികൾ പലതും അങ്ങനെ സ്വന്തം ശക്തി തെളിയിച്ച് പുറത്തു വന്നിട്ടുണ്ട്. പിന്നീട് അതിന്റെ രാഷ്ട്രീയം ആവശ്യപ്പെടുന്ന കാലഘട്ടത്തിലാകാം ആ സാഹിത്യം അതിന്റെ അനിവാര്യത തെളിയിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് . അതിനു നമ്മൾ കാത്തിരിക്കുക തന്നെ വേണം .
ഇപ്പോൾ ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ എത്രയെണ്ണം ഒരു പത്ത് കൊല്ലം കഴിഞ്ഞു വായിക്കപ്പെടും എന്നുള്ളതാണ് ആലോചിക്കേണ്ടത്. ഞാനൊരു അഞ്ചു കൊല്ലം മുൻപ് അവാർഡ് ജൂറിയിലിരുന്ന് കണ്ടതും സാഹിത്യ നിരൂപകരുടെ ശില്പശാലകളിലൊക്കെ ആഘോഷിക്കപ്പെട്ടതുമായ പല രചനകളെയും രചയിതാക്കളെയും ഉൾപ്പെടെ കാലം തേയ്ച്ചു മായ്ച്ചു കളഞ്ഞിട്ടുണ്ട് . അത് കൊണ്ട് പുരസ്ക്കാരങ്ങളോ ആഘോഷങ്ങളോ സോഷ്യൽ മീഡിയയിലെ ആഘോഷങ്ങളോ ഒക്കെ ഒരു താൽക്കാലിക ഭ്രമം എന്ന് മാത്രമേ ഞാൻ കാണാറുള്ളൂ . അതിനപ്പുറത്തേക്ക് കാലം കാണിച്ചു തരുന്ന ചില സത്യങ്ങളുണ്ട് . കാലം ആവശ്യപ്പെടുന്ന രചനകളാണെങ്കിൽ അതിന്റെ മാറ്റ് തെളിയിച്ചു കൊണ്ട് അവ പുറത്തേക്കു വരുക തന്നെ ചെയ്യും. അത് കൊണ്ട് ഇപ്പോൾ കാണുന്ന ഉത്സവങ്ങളെയൊക്കെ ആഘോഷങ്ങളായി മാത്രം കാണുക. അന്തരീക്ഷത്തിൽ എഴുത്തും ഭാഷയും സാഹിത്യവും ഏതെങ്കിലും തരത്തിലുണ്ടായിരിക്കുക നല്ലതു തന്നെയാണല്ലോ.
ചരിത്രത്തിലേക്ക് തിരിഞ്ഞൊന്നു നോക്കൂ, വ്യവസ്ഥകളുമായി സമരസപ്പെടാൻ തയ്യാറാകാത്തവരുടെ പേരു മാത്രമേ രേഖപ്പെടുത്തപ്പെട്ടതായി നമുക്കു കാണാൻ കഴിയൂ. അവരെ മാത്രമേ ഞാൻ എഴുത്തുകാരായി പരിഗണിച്ചിട്ടുള്ളു. സിനിമയിലും സാഹിത്യത്തിലും ഒക്കെ ട്രെൻ്റ് സെറ്ററുകളുണ്ടാകും. ട്രെൻ്റ് സെറ്ററുകളെന്ന നിലയിൽ അവ ചില അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും. പക്ഷേ എല്ലാക്കാലത്തും പുതുതായി വായിക്കപ്പെടാൻ സാധ്യതയുള്ള ചില ദീർഘവീക്ഷണങ്ങൾ ചില എഴുത്തുകാർ അവശേഷിപ്പിക്കും.
നൂറോ ആയിരമോ വർഷം മുന്നിൽ കണ്ട് ഒരു കവി ഒരു വാക്ക് എടുത്തെറിയുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. അത് നമ്മളെ അത്ഭുതപ്പെടുത്തും. മലയാളത്തിൽ കുമാരനാശാനായിരിക്കും അങ്ങനെ ദൂരേക്ക് നോക്കി വാക്കെറിഞ്ഞ ഒരു എഴുത്തുകാരൻ. ഒരു ട്രെൻ്റിലും കുലുങ്ങാത്ത, ഉടഞ്ഞുപോകാത്ത മൂർച്ചയോടെ അത് മാനുഷികതയെ കുറിച്ചു സംസാരിച്ചു കൊണ്ട് ചിറകനങ്ങാത്ത ഒരു പരുന്തു പോലെ, ഇരകളൊന്നുമില്ല എന്നുറപ്പുണ്ടായിട്ടും നിശ്ചലമായി ഗഗനസഞ്ചാരം നടത്തുന്നുണ്ട്. സ്വന്തം എഴുത്തുകാലത്ത് തിരിച്ചറിയപ്പെടാതിരുന്ന കെ. സരസ്വതിയമ്മ ഇന്ന് അതിലെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു കൊണ്ട് ഏറെ വായിക്കപ്പെടുന്നതും അതുകൊണ്ടു തന്നെയാണ് . എഴുത്ത് ഇന്ന് എത്ര സംസാരിക്കപ്പെട്ടാലും വായിക്കപ്പെട്ടാലും അതിന് കാലങ്ങൾക്കപ്പുറത്തേക്ക് പറക്കാനുള്ള ശേഷിയുണ്ടോ എന്നതാണ് പ്രസക്തം. ബാക്കിയൊക്കെ എഴുത്തുകാരുടെ മാത്രം പ്രശസ്തിയുടെയും ആത്മസംതൃപ്തിയുടെയും ആത്മാനുരാഗത്തിൻ്റെയും വിഷയമാണ്.
ഉടന്തടി കയ്യടിക്കാരായ വായനക്കാരോ പ്രതാപികളായ പ്രസാധകരോ പുസ്തകോത്സവങ്ങളിലെ മുഖാമുഖങ്ങളോ അവതാരികക്കാരോ ഗുളികച്ചെപ്പേന്തിയ ശിഷ്യരോ വരുതിക്കു നിൽക്കുന്ന നിരൂപകരോ ആരുമല്ല എഴുത്തിൻ്റെ ശേഷി നിർണ്ണയിക്കുന്നത്. കാലം മാത്രമാണ് അത് നിർണ്ണയിക്കുന്നത്. എഴുത്തുകാരോ വായനക്കാരോ കൃതിയുടെ അർഥം നിർണ്ണയിക്കുന്നത് എന്ന ചോദ്യം ചോദിച്ചാൽ , കാലമാണത് നിർണ്ണയിക്കുന്നത് എന്നേ ഞാൻ പറയൂ.

