സർഗാത്മകതയും ജനപ്രിയഎഴുത്തും
ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യ രംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് . പുസ്തക വിപണിയിൽ പുത്തനുണർവ്വ് സൃഷ്ടിച്ചു കൊണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങൾ അമ്പരപ്പിക്കുന്ന തരത്തിൽ വിപണി കീഴടക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നു . സാഹിത്യ ലോകത്തെ ഈ സാഹചര്യത്തെ വിലയിരുത്തുകയാണ്
നീണ്ട ഒരിടവേളയ്ക്കു ശേഷം ‘’ജനപ്രിയസാഹിത്യം” എന്ന പേരിൽ അറിയപ്പെടുന്ന കഥയെഴുത്ത് മലയാളത്തിൽ വീണ്ടും സജീവമാവുകയാണ്. ഇത്തവണ അത് വർദ്ധിത ശക്തിയോടെയാണ് രംഗപ്രവേശം നടത്തിയിരിക്കുന്നത്. മലയാള പുസ്തക വിപണിയിൽ വിസ്മയിപ്പിക്കുന്ന ഒരോളം അതുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. യുവ എഴുത്തുകാരായ നിമ്ന വിജയയും അഖിൽ പി. ധർമ്മജനും അത്തരമെഴുത്തിൻ്റെ ആധുനിക പ്രയോക്താക്കളാണ്. അവർ വിപണിയിൽ വലിയ വിജയം കൈവരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് വായനക്കാരെയാണ് അവരുടെ കൃതികൾ ചെറിയ കാലം കൊണ്ട് കണ്ടെത്തിയിരിക്കുന്നത്. ചെറിയകാലം കൊണ്ട് ഇവർ നേടിയ വിജയത്തിൽ വലിയ എഴുത്തുകാർ പോലും വിസ്മയം പൂണ്ടിരിക്കുന്നു. മലയാള പുസ്തകവിപണിയെ എന്ന പോലെ, ഇന്ത്യൻ പ്രസാധക ലോകത്തെയും ഈ അസാധാരണ വിജയം വിസ്മയിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഫലമായി ഇവയുടെ ഇംഗ്ലിഷ് പരിഭാഷകൾ വിഖ്യാതരായ ഇംഗ്ലിഷ് പ്രസാധകരിലൂടെ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുകൊണ്ടിരിക്കുന്ന പുസ്തകങ്ങളായി ഈ രണ്ടു നോവലുകൾ നീൽസെൻ ഡാറ്റയുടെ റിപ്പോർട്ടിൽ ഇടം നേടുകയുണ്ടായി. ചുരുങ്ങിയ കാലയളവിൽ ലക്ഷത്തിനുമേൽ കോപ്പികൾ വിറ്റുപോകുന്നത് ഇന്ത്യയിൽ അപൂർവ്വമാണ്. ഇതൊരു പുതിയൊരു ട്രെൻഡ് സെറ്ററായി മാറുകയാണ് എന്നു ചിന്തിക്കുന്നവർ പ്രസാധന രംഗത്തുണ്ട്. എന്നാൽ ഇത് ഏതെങ്കിലും രീതിയിൽ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കില്ലെന്നും മറിച്ചാവും ഫലം എന്നു കരുതുന്ന കുറച്ചു പേരും നമുക്കിടയിലുണ്ട്. ചരിത്രത്തെ അറിയുന്നവർ പറയുന്നത് ഇതേപ്പറ്റി ആശങ്കപ്പെടുകയോ വലിയതോതിൽ ചർച്ച ചെയ്യുകയോ വേണ്ടതില്ല എന്നാണ്. കാരണം സമാന ട്രെൻഡുകൾ മുമ്പും മലയാള പ്രസാധകലോകത്ത് ഉണ്ടായിട്ടുണ്ട്. കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ സംഭവിച്ചിരിക്കാം. അതിൽ കൂടുതൽ പുതുമയൊന്നും ഇപ്പോഴുണ്ടായിട്ടില്ല. 
ഇംഗ്ലിഷിൽ ‘Popular literature‘ അഥവാ ‘Pulp fiction’ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിനെ സൂചിപ്പിക്കാൻ മലയാളത്തിൽ ഉപയോഗിച്ചു വരുന്ന പദമാണ് ‘ജനപ്രിയ സാഹിത്യം’. അതിലെ Literature അഥവാ സാഹിത്യം എന്ന വാക്കാവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടാവുക. സാഹിത്യമൂല്യങ്ങളേക്കാൾ രസിപ്പിക്കലിന് പ്രാധാന്യം കൊടുക്കപ്പെടുന്ന കഥയെഴുത്തുകളെയാണ് പൊതുവിൽ ഈ ഗണത്തിൽ ഉൾപ്പെടുത്താറുള്ളത്. കലാമൂല്യം എന്നത് ഇവിടെ പ്രസക്തമേയല്ല. കൂടുതൽ വായിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ലളിതമായ ഭാഷയിൽ നേരിട്ട് ഒരു സാധാരണ കഥ പറയുന്ന രീതി. സ്വാഭാവികമായും ഇത് കൂടുതൽ വായനക്കാരെ ആകർഷിക്കും. അത് അതിൻ്റെ ലക്ഷ്യവുമാണ്. ജനസാമാന്യത്തിൻ്റെ സാഹിത്യം എന്ന ഒരു വിവക്ഷ ഇതിനുള്ളതുകൊണ്ടാവാം മലയാളത്തിൽ ജനപ്രിയ സാഹിത്യം എന്ന പദം പ്രയോഗത്തിൽ വന്നിട്ടുണ്ടാവുക. തീർച്ചയായും ജനസാമാന്യത്തിനിടയിൽ വായനാസംസ്കാരം വളർത്തുന്നതിൽ ഇതിന് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കും. എന്നാലത് ക്രിയാത്മകമായ ഒരിടപെടലാവുന്നില്ല.
മലയാളത്തിൽ ഇത്തരം എഴുത്തിനെ ‘പൈങ്കിളി സാഹിത്യം ‘ എന്നും വിളിച്ചു പോരുന്നുണ്ട്. മുഖ്യധാരാ സാഹിത്യത്തിൽ നിന്നും വേറിട്ട ഒരിടം വളരെ മുമ്പുതന്നെ മലയാളത്തിലെ വായനാലോകത്ത് ഇത് സ്വയം കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് ഇതിന് തുടക്കം കുറിക്കപ്പെട്ടത്? മുട്ടത്തുവർക്കിയുടെ കാലം തൊട്ടേ യെന്നായിരിക്കും ഉത്തരം. 80 ലധികം നോവലുകൾ എഴുതിയ മുട്ടത്തുവർക്കി എന്ന എഴുത്തുകാരൻ മലയാളിയുടെ വായനാ ജീവിതത്തിൽ എങ്ങനെ ഇടപെട്ടു എന്നത് സവിശേഷമായ പഠനം ആവശ്യമുള്ള ഒരു കാര്യമാണ്. കേസരി ബാലകൃഷ്ണപിള്ളയും എൻ.വി. കൃഷ്ണവാരിയരുമൊക്കെ ഇതേപറ്റി ചിന്തിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിലെ സാധാരണ അനുഭവങ്ങളെയാണ് അദ്ദേഹം ചിത്രീകരിച്ചത്. പച്ചയായ മനുഷ്യരുടെ ജീവിതമാണ് അവയിൽ നിറഞ്ഞു നിന്നത്.
വായന ചിന്തിപ്പിക്കാനുള്ളതല്ലെന്നും ആനന്ദകരമായ പ്രവൃത്തിയാണെന്നും ആ കൃതികൾ തെറ്റായി പറഞ്ഞു വെച്ചു. അദ്ദേഹത്തിൻ്റെ രചനകളായ ഇണപ്രാവുകളും, പാടാത്ത പൈങ്കിളിയും പതിനായിരക്കണക്കിന് മലയാളികളെ രസിപ്പിച്ചു. അങ്ങനെയാണ് നമ്മുടെ ഭാഷയിൽ ജനപ്രിയ സാഹിത്യത്തിന്/ പൈങ്കിളിസാഹിത്യത്തിന് തുടക്കം കുറിക്കപ്പെട്ടത്. തുടർന്ന് കാനം ഇ.ജെ, വല്ലച്ചിറ മാധവൻ, പി. അയ്യനേത്ത്, പമ്മൻ, ചന്ദ്രകലാ എസ്. കമ്മത്ത് തുടങ്ങി വലിയൊരു നിര എഴുത്തുകാർ ഈ വഴിയിൽ സഞ്ചരിച്ചു. ഇവയിൽ തന്നെ ചില വേർതിരിവുകളും കാണാനുണ്ട്. ഇതിനെ അനുകൂലിച്ചും എതിർത്തുമുള്ള ധാരാളം ചർച്ചകൾ ആദ്യകാലം തൊട്ട് ഇവിടെ നടന്നിട്ടുണ്ട്. ഏതായാലും കേരളത്തിലെ വലിയൊരു കൂട്ടം വായനക്കാർ എപ്പോഴും ഇത്തരം എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നു. മുട്ടത്തു വർക്കിക്ക് ഇതേപ്പറ്റി കൃത്യമായ ധാരണകളുണ്ടായിരുന്നു. തൻ്റെ രചനകൾ വലിയ സാഹിത്യകൃതികളാണെന്ന അവകാശവാദമൊന്നും അദ്ദേഹം മുന്നോട്ടുവെച്ചില്ല. 
സാഹിത്യം എന്താണെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാ വുമല്ലോ ബോറിസ് പാസ്റ്റർനാക്കിൻ്റെ ഡോക്ടർ ഷിവാഗോ തുടങ്ങിയ ക്ലാസിക്കുകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അദ്ദേഹത്തിൻ്റെ കൃതികളേക്കാൾ വില്പനാവിജയം നേടിയെടുത്ത പുതിയകാല എഴുത്തുകാരനാണ് അഖിൽ പി. ധർമ്മജൻ. അഖിലും തൻ്റെ എഴുത്തിനെക്കുറിച്ച് അനാവശ്യമായ അവകാശവാദത്തിനൊന്നും മുതിർന്നില്ല. ഒരഭിമുഖത്തിൽ അദ്ദേഹം തൻ്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്:
“ ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ (റാം കെയർ ഓഫ് ആനന്ദി) നിങ്ങൾക്കു കാണാം. ലക്ഷണമൊത്ത ഒരു നോവലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്നോട് ക്ഷമിക്കുക. കാരണം ഒരെഴുത്തുകാരൻ എന്നതിനേക്കാൾ എനിക്ക് യോജിച്ച പേര് കഥ പറച്ചിലുകാരൻ എന്നതാവും.”
അതായത് ഇത്തരം കൃതികളിൽ സാഹിത്യം കണ്ടെത്താൻ മിനക്കെടേണ്ടതില്ല എന്ന് ചുരുക്കം. ആ സത്യം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ഇത് മലയാളത്തിൽമാത്രം സംഭവിച്ച ഒന്നായിരുന്നില്ല. പാശ്ചാത്യലോകത്തും ഇത്തരം എഴുത്തുപ്രവണതകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഇംഗ്ലിഷിൽ ഒരുകാലത്ത് ഏറ്റവുമധികം വിൽക്കപ്പെട്ട നോവൽ സീരീസാണ് മിൽസ് ആൻ്റ് ബൂൺ. ഈ സീരിസിലൂടെ നിരവധി പൈങ്കിളി പ്രണയകഥകൾ മാസംതോറും പുറത്തുവന്നുകൊണ്ടിരുന്നു. ലോകത്തെല്ലായിടത്തും ഇതിന് വായനക്കാരുണ്ടായി. പഴയ ആവേശം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും അത് വായിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യംതൊട്ടേ ഇംഗ്ലിഷിൽ ഇത്തരം നോവലുകൾ രംഗത്തു വന്നിരുന്നു. ചേതൻ ഭഗത്ത്, രവീന്ദ്രസിംഗ്, പ്രീതി ഷേണായ്, ദുർജോയ് ദത്ത തുടങ്ങിയവരുടെ രചനകൾ ആദ്യകാലത്ത് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിരുന്നു. ഇന്നിപ്പോൾ അവയ്ക്കും വായനയിലും, വില്പനയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അവയുടെ ആവേശം പിൻപറ്റിയാണ് മലയാളത്തിൽ പുതിയതരംഗം രംഗത്തെത്തിയത്. പുതിയകാലത്തെ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് ഇവയെ പുതിയ തലമുറവായനക്കാരിലേക്കെത്തിക്കുന്നതിൽ വൻവിജയം നേടി. സാങ്കേതികവിദ്യ പുതിയ എഴുത്തുകാരുടെ സഹായത്തിനെത്തിയിട്ടുണ്ടാവും എന്നതിൽ സംശയമില്ല.
തീർച്ചയായും സ്ഫോടനാത്മകമായ ഒരു വളര്‍ച്ച കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ മലയാള പ്രസാധക ലോകത്ത് ഇവരുണ്ടാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ അനവധി പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു. വായനയിലേക്ക് യുവതലമുറയെ കൂട്ടിക്കൊണ്ടു വരുന്നതിൽ ഈ രചനകൾ വലിയ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. വായനയില്‍ നിന്ന് അകന്ന് പോയേക്കുമെന്ന് നമ്മൾ ഭയപ്പെട്ട പുതിയ തലമുറയാണ് ഇതിനെ ട്രെൻഡാക്കി മാറ്റിയിരിക്കുന്നത്. ഇതിലൂടെ മുഖ്യധാരാ സാഹിത്യ വായനയിലേക്ക് ഇവർ കടക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. ചുരുക്കം ചിലർ ഇതിലൂടെ മികച്ച വായനക്കാരായി മാറിയേക്കാം.
ജനപ്രിയ പുസ്തകങ്ങള്‍ സാഹിത്യപരമായി മേന്മയില്ലാത്തവയാണെന്നുള്ള വാദം ഉയർന്നു വരുന്നുണ്ട്. അത്തരമൊരു അന്വേഷണം പോലും അപ്രസക്തമാണെന്ന് ഞാൻ മുകളിൽ പറഞ്ഞതിൽ നിന്നും വ്യക്തമാണല്ലോ. അവയെ സാഹിത്യമായി കണക്കാക്കുകയേ വേണ്ട എന്നാണ് എൻ്റെ നിലപാട്. എന്നാൽ അവ അനാവശ്യമാണെന്ന വാദം തെറ്റാണ്. അവയ്ക്കും വായനാലോകത്ത് അതിൻ്റേതായ ഇടം കണ്ടെത്താൻ അവകാശമുണ്ട്. അതംഗീകരിച്ചു കൊടുക്കുക തന്നെ വേണം. ലോകം മഹത്തായ / ഉത്കൃഷ്ടമായ പുസ്തകങ്ങൾക്കു മാത്രമുള്ളതല്ലല്ലോ.
ജനപ്രിയ പുസ്തകങ്ങള്‍ സാഹിത്യപരമായി മേന്മയില്ലാത്തവയാണെന്നുള്ള വാദം ഉയർന്നു വരുന്നുണ്ട്. അത്തരമൊരു അന്വേഷണം പോലും അപ്രസക്തമാണെന്ന് ഞാൻ മുകളിൽ പറഞ്ഞതിൽ നിന്നും വ്യക്തമാണല്ലോ. അവയെ സാഹിത്യമായി കണക്കാക്കുകയേ വേണ്ട എന്നാണ് എൻ്റെ നിലപാട്.
ഇത്രയും എഴുതിയപ്പോൾ എനിക്ക് പഴയ ഡോൺ ക്വിക്സോട്ടിനെ ഓർമ്മ വന്നു. നാലു നൂറ്റാണ്ടുകൾക്ക് മുമ്പ്, 1605 ൽ പ്രസിദ്ധികരിച്ച സെർവാന്തസ്സിൻ്റെ ക്ലാസിക് നോവലിലെ കഥാപാത്രം. മോശപ്പെട്ട പുസ്തകങ്ങൾ വായിച്ച് വഷളായ ഒരു മനുഷ്യനായാണ് സെർവാന്തസ്സ് ഡോൺ ക്വിക്സോട്ടിനെ, അതേ പേരിലുള്ള തൻ്റെ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. അത്തരം മോശം പുസ്തകങ്ങൾ വായിച്ച് അയാൾക്ക് ഭ്രാന്ത് വന്നു. ഭ്രാന്തിൽ നിന്നും മോചിതനായ അയാൾ മരണക്കിടക്കയിൽവച്ച് ഇങ്ങനെ ഓർക്കുന്നുണ്ട്:
“ എൻ്റെ വിവേകം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. നിന്ദ്യമായ വീരകഥകളുടെ ഭയങ്കരവും അനുസ്യൂതവുമായ വായന ഏല്പിച്ച അജ്ഞതയുടെ ഇരുണ്ട നിഴലുകളിൽ നിന്ന് അത് സ്വാതന്ത്ര്യവും സ്വച്ഛവുമായിരിക്കുന്നു. അവയിലെ അസംബന്ധങ്ങളും വഞ്ചനകളും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുണ്ടായത് വളരെ വൈകിയാണല്ലോ എന്നതും ആത്മാവിൽ പ്രകാശം ചൊരിയാൻ കഴിയുന്ന മറ്റു പുസ്തകങ്ങൾ വായിച്ച് പ്രായശ്ചിത്തം ചെയ്യാൻ സമയമില്ലല്ലോ എന്നതുമാണ് എൻ്റെ ദു:ഖം. “ 
സാഹിത്യവും സാഹിത്യേതരവുമായ കഥകളെപ്പറ്റി നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വായനക്കാരും എഴുത്തുകാരും ചിന്തിച്ചിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇവയിലേതാണ് വായിക്കേണ്ടത് എന്ന തിരിച്ചറിവും, വായിച്ചാൽ എത്രത്തോളം വായിക്കണം എന്ന ബോധ്യവും വായനക്കാർക്കുണ്ട്. ആത്മാവിനെ ശക്തിപ്പെടുത്തുന്ന നോവലുകളും സമയംകൊല്ലിനോവലുകളും വേർതിരിച്ചറിയുക തന്നെ വേണം. മലയാളത്തിലെ വായനാസമൂഹം അതിന് പ്രാപ്തിയുള്ളവരാണ്. അലസവായനയെ നമ്മൾ ഗൗരവമായെടുക്കുകയില്ല. അതിൻ്റെ പേരിൽ വിവാദവും ബഹളവും അസ്ഥാനത്താണ് എന്ന് ചുരുക്കം. സാഹിത്യം എന്നത് കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും അതെന്താണ് എന്ന് മലയാളത്തിലെ വായനക്കാർക്കറിയാം. ഭാവനയുടെ സൗന്ദര്യം അവരെ വശീകരിച്ചിട്ടുണ്ട്; അതിനിയും തുടരുക തന്നെ ചെയ്യും. ജീവിതത്തെ അതേപടി ചിത്രീകരിക്കുന്നത് സാഹിത്യമെഴുത്തല്ല; കലാപ്രവർത്തനവുമല്ല. അങ്ങനെ ജീവിതത്തെ ചിത്രീകരിക്കുകയാണ് ജനപ്രിയ സാഹിത്യം എന്നും ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ സംഭവിക്കുന്നതും അതു തന്നെ. മനുഷ്യാനുഭവത്തിൻ്റെ അടിയൊഴുക്കുകൾ കാണാനുള്ള കരുത്ത് ഈ എഴുത്തുകാർക്കില്ല. വാക്കുകൾ കൊണ്ട് അവർ സംഗീതം സൃഷ്ടിക്കുന്നുമില്ല. അവയിൽ ജീവിതത്തിൻ്റെ സങ്കീർണ്ണതകൾ കാണാനൊക്കില്ല. സാഹിത്യം നിർവ്വഹിക്കുന്നത് ഇതൊക്കെയാണ്.
ഇത്രയും പറഞ്ഞതുകൊണ്ട് ജനപ്രിയ കഥകൾ രചിക്കുന്നവർ എഴുത്തുകാരല്ലാതാവുന്നില്ല. തീർച്ചയായും അവർ സർഗാത്മക എഴുത്തുകാരല്ല എന്നു മാത്രം. അവരുടേത് സാഹിത്യ പ്രവർത്തനവുമല്ല. അത് വെറും പൈങ്കിളിയേർപ്പാടാണ്. ഇതിനെയിപ്പോൾ പ്രശ്നവത്ക്കരിക്കാൻ മലയാളത്തിലെ വലിയ സാഹിത്യകാരന്മാർ ശ്രമിക്കുന്നു എന്നത് തീർച്ചയായും ഖേദകരമാണ്. റോയൽറ്റിയിലും വിസിബിലിറ്റിയിലും ഈ ചെറുപ്പക്കാർ തങ്ങളെ മറികടക്കുന്ന കാഴ്ച അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാവാം. എന്നാൽ സ്വന്തം സർഗാത്മക ശേഷിയിൽ ആത്മവിശ്വാസമുള്ളവർ ഇതൊന്നും കണക്കാക്കാതെ സാഹിത്യ രചനകളിലൂടെ മുന്നേറുകയേ ഉള്ളൂ. മലയാളിയുടെ വായനയിൽ ജനപ്രിയസാഹിത്യം അഥവാ പൈങ്കിളിക്കഥകൾ വീണ്ടും സജീവമാകുന്നു എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. പ്രസാധകർ ഇതിനെ താലോലിക്കുന്നു എന്നതിൽ അത്ഭുതപ്പെടാനുമില്ല. പുതിയ തലമുറയുടെ പ്രശ്നങ്ങളും
ജീവിതവും പ്രത്യക്ഷമായി തന്നെ ഈ രചനകളിൽ നിറയുന്നുണ്ട്. അവ ക്ലേശരഹിതമായ വായനാസുഖം പ്രദാനം ചെയ്യുന്നുമുണ്ട്. പുതിയ കാലത്തെ സാധ്യതയായ സോഷ്യൽ മീഡിയ അവരെ കൂടുതൽ കൂടുതൽ പ്രയോജനപ്പെടുത്തുന്നുണ്ട് . അവയിൽ പലതും ബെസ്റ്റു സെല്ലറുകളായി മാറും. ഇതിനിയും കുറേക്കാലം തുടരുക തന്നെ ചെയ്യും. മനസ്സിലാക്കേണ്ടത് ഇത്രയേ ഉള്ളൂ. ബെസ്റ്റ് സെല്ലറ്റുകൾ നിർമ്മിക്കുക എന്നത് സാഹിത്യ പ്രവർത്തനമല്ല. അത് സാഹിത്യകാരന്മാർ ഏറ്റെടുക്കേണ്ട ജോലിയുമല്ല. എല്ലാ എഴുത്തും കലാസൃഷ്ടിയാവുകയുമില്ല. ജനപ്രിയ എഴുത്ത് പോപ്പുലർ കൾച്ചറിനെ സ്വാധീനിച്ചേക്കാം.
അല്ലാതെ അത് മലയാള സാഹിത്യത്തെയോ, വായനാസമൂഹത്തെയോ ഒരുതരത്തിലും സ്വാധീനിക്കാൻ പോകുന്നില്ല. ഒരു വേള അത് മൂല്യനിരാസത്തിന് കാരണമായേക്കാം. അവയിലൂടെ ഭാഷ നവീകരിക്കപ്പെടുന്നുമില്ല. ഇത്തരം എഴുത്തിന് ജീവിതത്തിൻ്റെ വിശേഷ സത്യങ്ങൾ കാണാനുള്ള കരുത്തില്ല. സർഗാത്മകതയും ജനപ്രിയ എഴുത്തും തമ്മിലൊരു ഏറ്റുമുട്ടലിൻ്റെ പ്രശ്നമുദിക്കുന്നില്ല.

