Home / ലേഖനങ്ങള്‍  / സമര ഗേറ്റിലെ വിഎസ്

സമര ഗേറ്റിലെ വിഎസ്

“ഗഹനമായ ചരിത്രപശ്ചാത്തലങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമായ സമരാവശ്യങ്ങളും തുളച്ചുകയറുന്ന വാക്കുകളിൽ പുറത്തേക്കൊഴുകും, വിഎസിന് മാത്രം അവകാശപ്പെട്ട ആ അനുപമമായ ശൈലിയിൽ. എട്ടു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം രാകിമിനുക്കിയെടുത്ത വജ്രം സമരഗേറ്റിനു മുന്നിലെ പൊരിവെയിലിൽ വെട്ടിത്തിളങ്ങും” –അനുപമ മോഹൻ എഴുതുന്നു

സമരങ്ങളുടെ വിഎസ് കേരളത്തിന് സുപരിചിതമായ കാഴ്ച്ചയാണ്. കേരളത്തിന്റെ സമരതീക്ഷ്ണ യൗവ്വനമാണ് വിഎസ്. എന്നാൽ സമര ഗേറ്റിലെ വിഎസ് തലസ്ഥാനത്തിന്റെ സ്വന്തമാണ്.

സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റ് ആണ് സമര ഗേറ്റ് എന്ന് അറിയപ്പെടുന്നത്. ഏതു സർക്കാർ ഭരിച്ചാലും പ്രതിപക്ഷകക്ഷികളുടെ സമരങ്ങൾ അരങ്ങേറുന്നത് നോർത്ത് ഗേറ്റിലാണ്. കനത്ത പോലീസ് കാവലിലെ ഗേറ്റും ഗേറ്റിനു മുന്നിലെ തീവ്രമായ സമരങ്ങളും സമരങ്ങൾ കവർ ചെയ്യാൻ എത്തുന്ന മാധ്യമപടയും സ്ഥിരം കാഴ്ചയാണ് തലസ്ഥാനത്തിന്.

പത്രത്തിൽ ജോലി ആയിരുന്നപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങളുടെ വാർത്ത എടുക്കാൻ പോകും. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്ന കാലമാണ്, 2013 – 2015ലെ അനുഭവങ്ങളുടെ കഥയാണ് പറയുന്നത്. വിഎസ് ആണ് പ്രതിപക്ഷ നേതാവ്. പതിവുപോലെ സമര ഗേറ്റിനു മുന്നിൽ സമരങ്ങൾ സുലഭം. ഇടതുപക്ഷത്തിന്റെ മിക്ക സമരങ്ങളും വിഎസ് ആണ് ഉദ്ഘാടനം ചെയ്യുക. പിന്നിൽ നിന്നാൽ പ്രസംഗങ്ങൾ കാണാനാവാത്ത വിധം പൊക്കക്കുറവും സ്ത്രീയെന്ന പരിഗണനയും കാരണം മിക്കപ്പോഴും മുന്നിലത്തെ നിരയിൽ തന്നെ നിൽക്കാൻ പറ്റും. പതുക്കെ പതുക്കെ നടന്നുവരുന്ന വിഎസ് എന്നെ കടന്ന് മുന്നിലെത്തും. എന്നെക്കാൾ പൊക്കം കുറഞ്ഞ ചെറിയ ഒരു മനുഷ്യനാണ്. കണ്ണുകൾ പാട കെട്ടി വെള്ളാരംകല്ല് പോലെയാണ്. എന്നും രാവിലെ ഉഷാറായി ഒരു മണിക്കൂർ നടക്കുന്ന മനുഷ്യനൊക്കെയാണ്. പക്ഷേ 90കളിലുള്ള ആളാണ്. ഒന്നു തൊട്ടാൽ പൊടിയായി പറന്നു പോകും എന്ന് നമുക്ക് പേടിയാകും. പക്ഷേ മൈക്ക് കയ്യിലെടുത്ത വിഎസ് മറ്റൊരു ഇനമാണ്. ശരിക്കും ഒരു പരകായപ്രവേശം.

മൈക്ക് എടുത്ത് പിന്നോട്ട് അല്പം വളഞ്ഞ് നിവർന്ന് നിന്ന് കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ തന്റെ പ്രസംഗം തുടങ്ങും. വലിയ വലിയ പ്രാസംഗികരുടെ പട്ടികയിൽ ഒരുപക്ഷേ വിഎസ് ഇല്ലായിരിക്കാം. പക്ഷേ ഒരു വാക്കും വിട്ടു പോകാതെ കേൾവിക്കാർ തറഞ്ഞുനിന്നുപോകും.

ഗഹനമായ ചരിത്രപശ്ചാത്തലങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമായ സമരാവശ്യങ്ങളും തുളച്ചുകയറുന്ന വാക്കുകളിൽ പുറത്തേക്കൊഴുകും, വിഎസിന് മാത്രം അവകാശപ്പെട്ട ആ അനുപമമായ ശൈലിയിൽ. എട്ടു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം രാകിമിനുക്കിയെടുത്ത വജ്രം സമര ഗേറ്റിനു മുന്നിലെ പൊരിവെയിലിൽ വെട്ടിത്തിളങ്ങും.

വിഎസിനെപ്പോലെ മനുഷ്യശരീരം അതിജീവിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത അത്ര കഠിന പീഡനം നേരിട്ട ഒരു മനുഷ്യനെ, നൂറിന്റെ പടിവാതിൽക്കലും കേരളം മുഴുവൻ ഓടിനടന്ന് പ്രവർത്തിച്ച ‘ആൾക്കൂട്ടത്തിന്റെ അച്ഛനെ’ ഏറ്റവും ഉജ്ജ്വലമായ രൂപത്തിൽ നമുക്ക് അവിടെ കാണാൻ കഴിയും. വിഎസ് എന്നാണ് തിരുവനന്തപുരത്ത് ആദ്യം കാലുകുത്തിയത് എന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പാണ്, അക്കാലങ്ങളിൽ മൃഗതുല്യ ജീവിതം നയിച്ചിരുന്ന മനുഷ്യർ രണ്ടുകൂട്ടം ഉണ്ടായിരുന്നു ഇവിടെ. ഒന്ന്, അധികാരത്തിന്റെ എച്ചിലിനായി കടികൂടുന്നവരായി തീരെ ചെറിയൊരു കൂട്ടം. രണ്ട്, ജനനം മുതൽ മരണംവരെ നുകമായി കഴുത്തിൽ വീണ രാജാധികാരം കുടഞ്ഞുകളയുന്ന നാൾ വരും എന്ന് ആശിച്ച ഉഴവുമാടുകളായി വലിയൊരു കൂട്ടം. ആ നുകം തകർത്തെറിഞ്ഞ അവസാന ചരിത്രസാക്ഷിയാണ് തങ്ങൾക്ക് മുന്നിൽ എന്ന തിരിച്ചറിവോടെയാണ് സമരക്കാരും മാധ്യമങ്ങളും കാണികളും, എന്തിന്, പോലീസ് സേന പോലും അവിടെ നിൽക്കുന്നത്. അതുകൊണ്ടാകാം, അവസാന യാത്രയിൽ വലിയ ചുടുകാട്ടിലേക്ക് പോകുമ്പോൾ വിഎസിനെ വിട്ടുനൽകാൻ തലസ്ഥാനം അത്രയേറെ മടിച്ചത്.Waving

മഴയും കൂരിരുട്ടും പൊരിവെയിലും ഒന്നും വകവയ്ക്കാതെ ഇരുപത്തിനാലുമണിക്കൂർ നേരം തിരുവനന്തപുരം വിഎസിന് അവസാനത്തെ യാത്രയയപ്പു നൽകി. സെക്രട്ടേറിയേറ്റിന് മുന്നിൽ വിഎസിന്റെ ‘ജനം’ ക്ഷമയോടെ, വേദനയോടെ കാത്തുനിന്നു, അവസാനമായി തങ്ങളുടെ നേതാവിനെ ഒരുനോക്ക് കാണാനായി. ആരാണ് വിഎസിന്റെ ജനമെന്നതിന് ഉത്തരമായിരുന്നു അവിടെ വന്നുചേർന്ന ആയിരങ്ങൾ.

നിവർന്നുനിൽക്കാൻ തന്നെ പ്രയാസപ്പെട്ടിട്ടും വന്നുചേർന്ന ഏറ്റവും തലമുതിർന്ന തലമുറ. ഒരിക്കൽ പോലും വിഎസ് പ്രസംഗിക്കുന്നത് കേട്ടിട്ടില്ലാത്ത കുഞ്ഞുമക്കൾ. രാഷ്ട്രീയം ആദ്യമായി രുചിക്കുന്ന കൗമാരക്കാർ. അവരിലും അൽപ്പംകൂടി മുതിർന്ന യുവജനം. തങ്ങളുടെ കാലത്തെ ഏറ്റവും വലിയ പ്രക്ഷോഭകാരിയെ കാണാനെത്തിയ ചെറുപ്പക്കാർ. മുഷിഞ്ഞ വസ്ത്രം ധരിച്ച് വന്നതിനാൽ ദർബാർ ഹാളിൽ കയറി നേതാവിനെ കാണാനാകുമോ എന്നാശങ്കപ്പെടുന്ന തൊഴിലാളി സ്ത്രീകൾ. അവരാണ് വിഎസിന്റെ ജനം. ആ ജനം ഒരിക്കൽ കൂടി, സമര ഗേറ്റിനു മുന്നിലെത്തി, ഇനിയൊരിക്കലും ആ ഭൂമികയെ ത്രസിപ്പിക്കുന്ന ഇടിനാദമായി വരാത്ത വിഎസിനെ തേടി അവസാനമായി..Protest Area

സമര ഗേറ്റിലെ വിഎസ് ഒരിക്കലും മറക്കാത്ത ഒരു കാഴ്ചയാണ്. നേർത്ത ഒരു വൃദ്ധനിൽ നിന്ന് കേരളത്തിന്റെ കണ്ണും കരളുമായ വിഎസിലേക്ക് ഉള്ള മാറ്റമാണ് അത്ഭുതങ്ങളുടെ അത്ഭുതം. താണുകിടക്കുന്ന തിരിയിൽ നിന്ന് നീണ്ടുനിവർന്ന് പ്രകാശിക്കുന്ന ഒരു ജ്വാല ഉയർന്നുപൊങ്ങുന്ന കണക്കെ…

ഒരേ ഒരു വിഎസ്!

Author Photo
അനുപമ മോഹൻ

പബ്ലിക് റിലേഷൻസ് കൺസൾട്ടന്റ്, എഴുത്തുകാരി, സംരംഭക

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT