നന്ദി, സഖാവ് കൃഷ്ണപിള്ള നിങ്ങളുടെ കേഡർ ദൗത്യം പൂർത്തിയാക്കുന്നു!
പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് സഖാവ് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പികളിൽ പ്രധാനിയും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനിയുമായ സഖാവ് കൃഷ്‍ണപിള്ളയുടെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ എന്ന അചഞ്ചലനായ കമ്യൂണിസ്റ്റ് രൂപപ്പെടുന്നത്. കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായി മാറിയ ആ ബന്ധത്തെക്കുറിച്ച് എഴുത്തുകാരനും
വി എസിൻ്റേതായി കഴിഞ്ഞ ദിവസങ്ങളിൽ കണ്ട നൂറുകണക്കിന് ചിത്രങ്ങളിൽ ഏറ്റവുമധികം മനസ്സിലുടക്കിയത് സഖാവ് കൃഷ്ണപിള്ളയുടെ ചിത്രത്തിനു മുന്നിൽ അഭിവാദ്യമർപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യമാണ്. കൃഷ്ണപിള്ളയെക്കുറിച്ച് ആഴത്തിൽ ആലോചിക്കാനും അത് കാരണമായി.
കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്വത്തായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പിയായി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടാമെങ്കിൽ നിസംശ്ശയം അത് പി കൃഷ്ണപിള്ളയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജീവിച്ച്, അതിലേറെയും ഒളിവിലും ജയിലിലും കഴിഞ്ഞ്, 42 വയസ്സിൽ – ഇന്ത്യ സ്വതന്ത്രയായതിന്റെ അടുത്ത വർഷം – മരിച്ചുപോയ ആ കമ്യൂണിസ്റ്റാണ് കേരളത്തിലെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏക വ്യക്തിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം.
കേരളത്തിന്റെ ലെനിൻ ആയിരുന്നു പി കൃഷ്ണപിള്ള. ‘സഖാവ്’ എന്ന ഒറ്റ പദം പേരായി മാറിയ കേരളത്തിന്റെ സഖാവ്.
കോൺഗ്രസ്സിൽ നിന്ന് ഇടതു ചായ്‌വ് ഉള്ള സംഘത്തെ ഉണ്ടാക്കി അത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാക്കുക, ആ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്തവിധം – വലത് കോൺഗ്രസിനെ വെല്ലുന്ന വിധം – കേരളത്തിൽ സംഘടിപ്പിക്കുക, കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ മുതൽ ബാലസംഘം വരെയുള്ള വർഗ്ഗ-ബഹുജന സംഘടനകൾക്ക് അടിത്തറ പാകുക, ആശയപ്രചരണത്തിനായി പത്രം ആരംഭിക്കുക… ഇതിനെയെല്ലാം ഭാവന ചെയ്ത് അത് നടപ്പിലാക്കാൻ നേതൃത്വം നൽകിയ ആദ്യത്തെ ആൾ കൃഷ്ണപിളളയാണ്.
ഇവയ്ക്കെല്ലാമൊപ്പമോ അതിനു മുകളിലോ സുപ്രധാനമായി പരിഗണിച്ച് കൃഷ്ണപിള്ള ശ്രദ്ധയൂന്നിയ മറ്റൊരു സംഘടനാ പ്രവർത്തനമുണ്ട്. അത് കഴിവും പ്രാപ്തിയുമുള്ള കേഡർമാരെ കണ്ടുപിടിച്ച് അവരെ വിപ്ലവപ്രവർത്തനത്തിൽ സ്വയം സമർപ്പിക്കുന്നവരാക്കി മാറ്റുകയെന്നതാണ്.
ഒരു കേഡറെ കണ്ടെത്തിയാൽ അയാളിൽ കൃഷ്ണപിള്ള ചെലുത്തുന്ന ശ്രദ്ധയും ആ പ്രവർത്തകനെ രാകിമിനുക്കിയെടുക്കാൻ നടത്തുന്ന ഇടപെടലുകളും സമാനതകളില്ലാത്തതാണെന്ന് പലരും സാക്ഷ്യപ്പടുത്തിയിട്ടുണ്ട്. ഒരു വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കേഡർമാർക്കുള്ള പങ്ക് കൃഷ്ണപിള്ളയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ആ ജാഗ്രതയുടെ അടിത്തറയിലാണ് 1937 ൽ നാലുപേർ ചേർന്ന് രഹസ്യമായി രൂപീകരിച്ച ഒരു പാർട്ടി പത്തൊൻപത് വർഷത്തിനപ്പുറം കേരളത്തിൽ അധികാരമേറുന്ന പാർട്ടിയായി മാറുന്നത്. മറ്റൊരു പ്രസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്രയും വെല്ലുവിളികളെയും അടിച്ചമർത്തലുകളെയും വേട്ടയാടലുകളെയും അതിജീവിച്ച് പാർട്ടിയെ കെട്ടിപ്പടുക്കാൻ പ്രാപ്തിയുള്ള ഒരു നിര നേതാക്കൾ ഉയർന്നു വന്നതിന്റെ ഫലം കൂടിയാണത്.
തന്നെ ആരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാക്കിയത് എന്ന് ചോദിച്ചാൽ പി സുന്ദരയ്യയും എസ് വി ഘാട്ടെയും ആണെന്ന് പറയാമെങ്കിലും അൽപ്പം കൂടി അടുത്ത അർഥത്തിൽ സഖാവ് കൃഷ്ണപിള്ളയാണെന്നും പറയാമെന്ന് ഇ എം എസ് എഴുതിയിട്ടുണ്ട്. മൊറാഴ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കെ പി ആർ ഗോപാലനെ കേരളത്തിന്റെ ബോൾഷെവിക് വീരൻ എന്ന് അഭിസംബോധന ചെയ്ത് കൃഷ്ണപിള്ള എഴുതിയ ലേഖനം പ്രസിദ്ധമാണ്. അതിൽ കെ പി ആറിന്റെ രക്തസാക്ഷിത്വം എങ്ങനെയാകും കൂടുതൽ വിപ്ലവകാരികളെ പ്രചോദിപ്പിക്കുന്ന ഒന്നായി മാറുകയെന്നും അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ട്. വൈകാരികം കൂടിയായ ആ കുറിപ്പിൽ തങ്ങളും കെ പി ആറിന്റെ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ തങ്ങളും അനുഗമിക്കുമെന്നും കൂടി കൃഷ്ണപിള്ള എഴുതിയിരുന്നു.
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായ കെ മാധവന് 1931 ഫെബ്രവരിയിൽ സേലം ജയിലിൽ നിന്ന് കൃഷ്ണപിള്ള അയച്ച കത്ത് ഇങ്ങനെയായിരുന്നു:
“അനിയാ, നീ ജയിൽവിമുക്തനായ വിവരം പത്രത്തിൽ വായിച്ചു. കോൺഗ്രസിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് പണക്കാരുടേത്, മറ്റൊന്ന് പാവപ്പെട്ടവരുടേത്. നീ പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനിഷ്ടപ്പെടുന്നുവെങ്കിൽ കൃഷിക്കാരുടെ സംഘടനയുണ്ടാക്കി പ്രവർത്തിക്കുക.”
ഓരോ കേഡറെയും കൃഷ്ണപിള്ള സസൂക്ഷ്മം നിരീക്ഷിച്ചു, അവരിലെ വിപ്ലവക്കരുത്തിനെ വർഗ്ഗപരമായ സമീപനത്തിന്റെ മൂർച്ചയാലും അദ്ധാനിക്കുന്ന മഹാമനുഷ്യർക്കിടയിൽ പ്രവർത്തിക്കാനും അവരെ സംഘടിപ്പിക്കാനുമുള്ള ശേഷിയുടെ പരിപോഷണത്താലും വികസിപ്പിക്കാൻ സഹായിച്ചു.
തന്റെ പ്രിയ സഖാവ് പാമ്പ് കടിയേറ്റ് മരിക്കുമ്പോൾ എ കെ ജി ജയിലിലായിരുന്നു. ആ ദുഃഖഭാരത്തിൽ നിന്നും പുറത്തുകടക്കാൻ ആഴ്ചകളെടുത്തുവെന്ന് തന്റെ ആത്മകഥയിൽ എകെജി എഴുതുന്നുണ്ട്. കേരളത്തിലെ പാർട്ടിയുടെ ജീവനും ആത്മാവുമെന്നാണ് കൃഷ്ണപിള്ളയെ എകെജി വിശേഷിപ്പിക്കുന്നത്. തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയ നാളുകളിൽ തന്നെ ഏറ്റവുമധികം ആകർഷിച്ചത് സഖാവ് കൃഷ്ണപിള്ളയാണെന്ന് എകെജിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തന്നെ രാഷ്ട്രീയമായി രൂപപ്പെടുത്തിയതിൽ ഇഎംഎസിനു ശേഷം ഏറ്റവും വലിയ പങ്ക് കൃഷ്ണപിള്ളയ്ക്കാണെന്നും അദ്ദേഹം ആത്മകഥയിൽ എഴുതുന്നു. അതിലുടനീളം, കൃഷ്ണപിള്ളയുടെ മരണം വരെയുള്ള കാലം, എകെജി തന്റെ പ്രിയപ്പെട്ട നേതാവിനെക്കുറിച്ച് നിരന്തരം ഓർക്കുന്നത് കാണാം. കൃഷ്ണപിള്ളയും ഒരുപക്ഷേ ഏറ്റവും കൂടുതൽ പരാമർശിച്ച പേര് എകെജിയുടേതാവും. എകെജിയുടെ പല ഗുണങ്ങളും പ്രത്യേകതകളും കൃഷ്ണപിള്ളയും എടുത്തുപറഞ്ഞിട്ടുണ്ട്.
ആ കൃഷ്ണപിള്ളയുടെ കേഡറാണ് സഖാവ് വി എസ് അച്യുതാനന്ദൻ. പതിനേഴ് വയസ്സിൽ, പ്രായപൂർത്തിയാകും മുൻപ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയ വിപ്ലവകാരി.
കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പരിശീലിപ്പിച്ച പ്രവർത്തകൻ. ‘നിന്റെ ദൗത്യം കുട്ടനാട്ടിലാണ്. കുട്ടനാട്ടിൽ പാവപ്പെട്ട കർഷകത്തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകൾ മാനഭംഗത്തിനിരയാവുന്നു. അവിടെ ചെന്ന് അവരെ സംഘടിപ്പിച്ച് പോരാട്ടത്തിനിറക്കൂ’ എന്ന കൃഷ്ണപിള്ളയുടെ ആഹ്വാനം വി എസ് ഏറ്റെടുത്തു.
ലെനിനുമായുള്ള കൃഷ്ണപിള്ളയുടെ സാദൃശ്യം യാദൃശ്ചികമേയല്ല. മനുഷ്യവിമോചന പോരാട്ടത്തിൽ തൊഴിലാളി-കർഷക സഖ്യത്തിന്റെ പ്രാധാന്യം കേരളത്തെ ആദ്യം പഠിപ്പിച്ചത് കൃഷ്ണപിള്ളയാണ്. ഈ ഊന്നൽ വി എസിൽ കാണാനാകും. ഫാക്ടറി തൊഴിലാളികൾക്കിടയിൽ നിന്നും കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ അയക്കുമ്പോൾ അദ്ധ്വാനിക്കുന്ന വിവിധ വിഭാഗങ്ങൾക്കിടയിൽ ഉയർന്നുവരേണ്ടുന്നതായ ഐക്യത്തെക്കുറിച്ചും വി എസിന് ബോധ്യമുണ്ടായിരുന്നിരിക്കണം. അത് കൃഷ്ണപിള്ള പകർന്ന രാഷ്ട്രീയ വ്യക്തതയുമാകണം.
രാഷ്ട്രീയമായി എന്റെ ഗുരുനാഥനെന്ന് ശരിയായ നിലയിൽ പറയാവുന്നൊരാളാണ് കൃഷ്ണപിള്ളയെന്നും വി എസ് പറഞ്ഞിട്ടുണ്ട്. 1939 ൽ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികളുടെ സമരവിജയത്തിനു ശേഷം യുവാക്കളായ തൊഴിലാളികളുടെ ഒരു പഠനക്ലാസിൽ വച്ചാണ് താൻ കൃഷ്ണപിള്ളയുമായി വിശദമായി പരിചയപ്പെടുന്നത് എന്ന് ഓമ്മിക്കുന്നുമുണ്ട്. ആ പഠന ക്ലാസിൽ മഹാത്മാ ഗാന്ധി നേതൃത്വം കൊടുത്തുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന ഒരു രാഷ്ട്രീയ പാർട്ടിയുള്ളപ്പോൾ എന്തിനാണ് തൊഴിലാളിവർഗ്ഗത്തിനൊരു രാഷ്ട്രീയ പാർട്ടി എന്ന ചോദ്യത്തിനു വിശദമായ മറുപടി പറഞ്ഞുകൊണ്ടായിരുന്നു കൃഷ്ണപിള്ള അന്ന് ക്ലാസെടുത്തത്. ‘ഇതൊരു തീപ്പൊരിയാണ്, തീപടർത്താൻ ഇവനു കഴിയും’ കയർതൊഴിലാളികൾക്കിടയിലെ ആ ഉശിരനായ ആ ചെറുപ്പക്കാരനെക്കുറിച്ച് കൃഷ്ണപിള്ള പറഞ്ഞു. വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയിട്ടും കൃഷ്ണപിള്ള കണ്ടുപിടിച്ച ആ തീ പടരുന്നത് നമ്മൾ കാണുകയാണ്. ഇനിയുമെത്ര തലമുറയാകും സമരത്തിന്റെ ആ തീയുടെ തണലുകൊള്ളുക.!
സഖാവ് കൃഷ്ണപിള്ളയുടെ അവസാനത്തെ കേഡർ എന്ന് വി എസിനെ വിളിക്കാം. ഒരർത്ഥത്തിൽ വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിന്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി.
ഇന്നലെ വി എസിനേക്കാൾ പന്ത്രണ്ട് വയസ്സ് ഇളയവനായ, അതായത് തൊണ്ണൂറ് വയസ്സുള്ള ഒരു മനുഷ്യൻ പറയുന്നത് കേട്ടു.
“പാളയിലാണ് കഞ്ഞി കുടിച്ചിരുന്നത്. ജന്മിയെ തമ്പുരാനെന്നും ജന്മിയുടെ ഭാര്യയെ തമ്പുരാട്ടിയെന്നുമാണ് വിളിച്ചിരുന്നത്. വി എസാണ് ഞങ്ങളെ ആ മുദ്രാവാക്യം വിളിച്ച് പഠിപ്പിച്ചത്:”
പാളയിൽ കഞ്ഞി കുടിക്കില്ല,
തമ്പ്രാനെന്ന് വിളിക്കില്ല!!
വർഗ്ഗസമരത്തിന്റെ മൂർച്ചയിൽ രാജഭരണം കുഴിച്ച് മൂടപ്പെട്ടിട്ടും തമ്പുരാൻ വിളികൾ കേട്ട് പുളകിതനായി ജീവിച്ചൊരു രാജകുലത്തിലെ പ്രേതത്തെ നോക്കി ‘മിസ്റ്റർ മാർത്താണ്ഡവർമ’ എന്ന് വിളിച്ചൊരു വിളി ഓർമയില്ലേ. അന്ന് നമ്മൾ കേട്ടത് ആ പഴയ മുദ്രാവാക്യത്തിന്റെ മുഴക്കമാണ്.
വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമയാവുകയാണ്.
സഖാവ് വി എസ്,
ഇന്നലെ വരെ നിങ്ങളിലൂടെ ഞങ്ങൾ സഖാവ് കൃഷ്ണപിള്ളയെ കൂടി കണ്ടു, ആധുനിക ജനാധിപത്യ കേരളത്തിന്റെ ഇന്നോളമുള്ള യാത്രകൾ കണ്ടു, കൊട്ടാര ഉത്തരവുകളെ റദ്ദ് ചെയ്ത തെരുവു മുദ്രാവാക്യങ്ങളുടെ പ്രകമ്പനം കേട്ടു, സ്വാതന്ത്ര്യത്തെ സ്വജീവനുമേൽ പ്രതിഷ്ഠിച്ച തലമുറയുടെ ജീവിതത്തിന്റെ ആഴത്തെ കണ്ടു. പുതിയ കേൾവിക്ക് നിദാനമായവരെയാണ്, പുതിയ കാഴ്ചയ്ക്ക് വഴിവെട്ടിയവരെയാണ്, പുതിയ ജീവിതത്തിന് ഹൃദയത്തുടിപ്പ് നൽകിയവരെയാണ്, കണ്ണേ കരളേ എന്ന് ആർത്ത് വിളിച്ച് യാത്രയാക്കുന്നത്.
വി എസിന്റെ കേഡർമാർ ഈ പാർട്ടിയെ നയിക്കുന്നുണ്ട്. അവരിൽ ഏറ്റവും മുതിർന്നൊരാൾ സഖാവ് എസ് ആർ പി ആണ്. വി എസിന്റെ ചിതയ്ക്കരികിൽ നിന്ന് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, “1956ൽ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള വിദ്യാർത്ഥി ബ്രാഞ്ചിൽ എനിക്ക് പാർട്ടി അംഗത്വം ലഭിക്കുമ്പൊൾ വി എസ് ആയിരുന്നു പാർട്ടിയുടെ ജില്ലാ സെക്രട്ടറി.” അന്ന് ലോകത്തെ സംഭവവികാസങ്ങളെക്കുറിച്ചൊക്കെ വിശദീകരിച്ച ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകതകളും സവിശേഷഗുണങ്ങളുമൊക്കെ പാർട്ടി അംഗത്വത്തിന് അർഹത നേടിയ ആ വിദ്യാർത്ഥികളോട് വി എസ് എടുത്തുപറഞ്ഞു. ഞാൻ ഓർമിച്ചത് ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് ആലപ്പുഴയിലെ മറ്റൊരു സ്റ്റഡി ക്ലാസിൽ കൃഷ്ണപിള്ള ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടിയതിനെക്കുറിച്ചാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പല തലമുറയിൽ പെട്ട എത്രയോ പേർ വി എസ് എങ്ങനെയാണ് രാഷ്ട്രീയ ജീവിതത്തിൽ തങ്ങളെ സ്വാധീനിച്ചതെന്ന് പറഞ്ഞുകഴിഞ്ഞു. അവരെല്ലാം പറയുന്നത് തങ്ങൾ വി എസിന്റെ കേഡർമാരാണ് എന്ന് കൂടിയാണ്. അവരുള്ളത്രയും കാലം വി എസും നേരിട്ട് തന്നെ ഈ പാർട്ടിയിലുണ്ട്.
എങ്കിലും, ഒരു ശൂന്യത വന്ന് പൊതിയുന്നുമുണ്ട്. ബ്രിട്ടീഷുകാരുടെ തീതുപ്പുന്ന തോക്കിന് തങ്ങൾ കത്തിക്കുന്ന മുറിബീഡിയുടെ ബലമില്ലെന്ന്, സർ സി പിയുടെ പട്ടാളത്തെ നേരിടാൻ വാരിക്കുന്തം മതിയെന്ന് ദൃഢപ്രത്യയമുണ്ടായിരുന്ന കൂട്ടത്തിലെ എല്ലാവരും പോയിരിക്കുന്നു.
വി എസിനൊപ്പം വിടവാങ്ങിയത് ഒരു തലമുറയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും ജാതി മർദ്ദനത്തിനുമെതിരായ പോരാട്ടങ്ങളെ ഒരു കണ്ണിയിൽ കോർത്ത് കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത കൃഷ്ണപിള്ളയുടെ സംഘം മടങ്ങുന്നു. ഇനിമേൽ ആ ശൂന്യതയെ നമ്മൾ അനുഭവിച്ചുതുടങ്ങുന്നു

