ഭരണഘടനയെ വെല്ലുവിളിക്കുന്ന സംഘപരിവാർ
വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള കേസിലും തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലും തിരിച്ചടി കിട്ടിയതോടെ കോടതികൾക്കു നേരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ. സാക്ഷാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്നെ കോടതിക്കെതിരെ പരസ്യമായി രംഗത്തു വന്നു. ലോക്സഭാംഗം നിഷികാന്ത് ദുബെയും സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുന്നുണ്ട്. രണ്ടു കേസുകളെക്കുറിച്ചും കോടതിയുടെ ഇടപെടലുകളെക്കുറിച്ചും
വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള കേസിലും തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലും തിരിച്ചടി കിട്ടിയതോടെ കോടതികൾക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ലോക്സഭാംഗം നിഷികാന്ത് ദുബെയും കോടതിയെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ച് രംഗത്തുണ്ട്. രണ്ടു കേസുകളെക്കുറിച്ചും കോടതിയുടെ ഇടപെടലുകളെക്കുറിച്ചും മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതുന്നു.
കേവലം രണ്ടേ രണ്ടു കേസുകളിൽ തങ്ങൾ പ്രതിരോധത്തിലാകുന്നു എന്ന് കണ്ട സംഘപരിവാരം ഇപ്പോൾ കോടതികൾക്കുനേരെ തിരിഞ്ഞിരിക്കുകയാണ്. പാർലമെന്റാണ് പരമാധികാരി എന്നും കോടതികൾ സൂപ്പർ പാർലമെന്റല്ല എന്നുമാണ് പരിവാര പരാക്രമത്തെ മുന്നിൽനിന്നു നയിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറയുന്നത്. കോടതികൾ നിയമം നിർമ്മിക്കുകയാണ് എങ്കിൽ പിന്നെ പാർലമെന്റ് മന്ദിരം അടച്ചു പൂട്ടിയിടട്ടെ എന്നാണ് ബി ജെ പി യുടെ സീനിയർ ലോക്‌സഭാംഗം നിഷികാന്ത് ദൂബെ പറയുന്നത്.
ജുഡീഷ്യറി എന്ന ജനാധിപത്യ ഭരണകൂടത്തിന്റെ മൂന്നാം തൂണിനുനേരെയുള്ള പൊതുവായ ആക്രമണം മാത്രമല്ല ദൂബെ നടത്തുന്നത്; വ്യക്തിപരമായി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയേയും അദ്ദേഹം ആക്രമിക്കുന്നു. നാട്ടിൽ നടക്കുന്ന എല്ലാ ആഭ്യന്തര പ്രശ്നങ്ങൾക്കും പിന്നിൽ ചീഫ് ജസ്റ്റിസ് ഖന്നയാണെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്.
ഇതിപ്പോൾ എന്താണ് ഇത്ര പ്രശ്നമുണ്ടാകാൻ കാരണം? എന്തൊക്കെയാണ് ഈ കേസുകൾ? എന്തൊക്കെയാണ് കോടതികൾ പറഞ്ഞത്? ഇവരെന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്?
ആദ്യത്തെ കോടതി വിധി സംസ്‌ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ടാണ്. ബില്ലുകളിന്മേൽ അനന്തമായി അടയിരിക്കാൻ സംസ്‌ഥാന ഗവർണർമാർക്ക് അധികാരമില്ലെന്നും എല്ലാ ബില്ലുകളും രാഷ്ട്രപതിയ്ക്കു അയക്കാൻ പാടുള്ളതല്ല എന്നും അയച്ചാൽത്തന്നെ ആ ബില്ലുകളിൽന്മേലും സമയത്തു തീരുമാനം ഉണ്ടാകണമെന്നും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ സംസ്‌ഥാന സർക്കാരുകൾക്ക് കോടതിയിൽപോകാമെന്നുമുള്ള സുപ്രീം കോടതി വിധി പരിവാരത്തെ കുറച്ചൊന്നുമല്ല അസ്വസ്‌ഥമാക്കിയിട്ടുള്ളത്.
അതെന്തുകൊണ്ടാണ് എന്ന് കേരളീയർക്ക് വളരെ എളുപ്പത്തിൽ മനസിലാകും.
ആരിഫ് മുഹമ്മദ് ഖാൻ എന്ന പരിവാര നോമിനി ഗവർണർ കേരളത്തിൽ ഭരണത്തിനുണ്ടാക്കിക്കൊണ്ടിരുന്ന ഉടക്കുകൾ നമ്മൾ കണ്ടിട്ടുണ്ട്. നിയമസഭയിൽ നടത്തുന്ന പ്രസംഗം അലമ്പാക്കുന്നതു മുതൽ ബില്ലുകളിൽ ഒപ്പിടാതിരിക്കുന്നതും കോടതിവിധികൾ വളച്ചൊടിച്ചു സർവ്വകലാശാലകളിൽ ആർഎസ്എസുകാരെ കയറ്റിവിടുന്നതും നാട്ടിൽ നടക്കുന്ന കാര്യങ്ങളുടെ റണ്ണിങ് കമന്ററി നടത്തുന്നതും മാന്യന്മാരെ അധിക്ഷേപിക്കുന്നതുമടക്കം കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്ത്കൊണ്ടിരുന്നത്.
അതിൽ ഏറ്റവും പ്രധാനം ബില്ലുകൾ നിയമമാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കാണിച്ച മര്യാദകേടുകളാണ്. ബില്ലുകൾക്കുമേൽ കൊല്ലങ്ങളാണ് അദ്ദേഹം അടയിരുന്നത്. അത് ചോദ്യം ചെയ്തപ്പോൾ കുറെയെണ്ണം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. ഇതേ പണി തന്നെ തെലങ്കാനയിലെയും പഞ്ചാബിലെയും ഗവര്ണര്മാരും ചെയ്തുകൊണ്ടിരുന്നു.
ഇതിലൊക്കെ വഷളായിരുന്നു തമിഴ്‍നാട്ടിലെ കാര്യം. ബില്ലുകൾ മൂന്നും നാലും കൊല്ലം അവിടെ ഗവർണ്ണർ പിടിച്ചുവച്ചു, ചിലതു തിരിച്ചയച്ചു; ഭരണഘടനാ വ്യവസ്‌ഥകൾക്കനുസരിച്ചു നിയമസഭ അവ വീണ്ടും പാസാക്കിയപ്പോൾ അവയെല്ലാം കൂടി ഒരു കെട്ടാക്കി രാഷ്ട്രപതിക്കയച്ചു. അങ്ങനെ ഒരു വ്യവസ്‌ഥ ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല എന്നിരിക്കെയാണ് ഈ അതിക്രമം ചെയ്തത്.
ഏതൊക്കെ വിഷയങ്ങളിൽ നിയമസഭയ്ക്കു നിയമങ്ങൾ പാസാക്കാം എന്നതിനെപ്പറ്റി കൃത്യമായ ഭരണഘടനാ വ്യവസ്‌ഥകളുണ്ട്. അങ്ങിനെ പാസാക്കുന്ന നിയമങ്ങൾക്കു അവയുടെ സാധുതയും പ്രാബല്യവും ഉണ്ട്; സംസ്‌ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭ പാസാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാരിനാൽ നിയമിക്കപ്പെടുവരുന്ന ഒരാൾക്ക് തമാശ കളിക്കാനുള്ള കടലാസ് കഷണങ്ങളല്ല. അതുമാത്രമേ സത്യത്തിൽ സുപ്രീം കോടതി പറഞ്ഞുള്ളൂ.
ബില്ലുകൾ നിയമസഭയ്ക്ക് തിരിച്ചയക്കണമെങ്കിൽ അത് പരമാവധി മൂന്നുമാസത്തിൽ വേണം. രാഷ്ട്രപതിക്കയക്കണമെങ്കിൽ അതും ആ കാലയളവിൽ വേണം. രാഷ്ട്രപതിയുടെ തീരുമാനം മൂന്നുമാസത്തിനുള്ളിൽ വേണം; ആ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാം. നിയമസഭ രണ്ടാമതും പാസാക്കിയ നിയമങ്ങൾക്കു അനുമതി നല്കാതിരിക്കാനാവില്ല, അല്ലെങ്കിൽ അവ അനുമതി കിട്ടിയതായി കണക്കാക്കപ്പെടും.
ഇതാണ് കോടതിവിധിയുടെ ചുരുക്കം. ഇതിൽ ഭരണഘടനയ്‌ക്കോ അതിന്റെ മൂല്യങ്ങൾക്കോ ധാര്മികതയ്ക്കോ എതിരായ ഒരു നിബന്ധനയുമില്ല. ഒരു നിയമവും കോടതി പുതുതായി നിർമ്മിച്ചില്ല. രാഷ്ട്രപതിയുടെയോ ഗവര്ണരുടെയോ ഒരധികാരവും വെട്ടിക്കുറിച്ചില്ല. ഭരണഘടനയുടെ ഒരു അനുച്ഛേദവും മാറ്റിയില്ല; മറിച്ച്, നാട് ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണം എന്ന നിര്ബന്ധ ബുദ്ധി തെളിഞ്ഞു കാണുന്നുമുണ്ട്.
തങ്ങൾക്കിഷ്ടമില്ലാത്ത സർക്കാരുകളുടെ ഭരണത്തെ ഗവർണർമാരെ വച്ച് അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് കോടതി തടയിട്ടു. അതാണ് ഇത്ര കലിപ്പിന് കാരണം.
നിയമങ്ങളുടെ കാര്യത്തിലുള്ള ഭരണഘടനാ വ്യവസ്‌ഥകളുടെ പാലനത്തിനുള്ള ശ്രമമാണ് വഖഫ് നിയമത്തിന്റെ കാര്യത്തിലും സുപ്രീം കോടതി നടത്തിയത്. തുല്യത, മതസ്വാതന്ത്ര്യം, മതസ്‌ഥാപനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന പല മൗലികാവകാശങ്ങളും ലംഘിക്കുന്ന ഒരു നിയമമാണ് വഖഫ് ഭേദഗതി നിയമം എന്നത് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായി പലരും നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തു.
കേസ് പരിഗണനയ്‌ക്കെടുത്തപ്പോൾ കോടതി സ്വാഭാവികമായി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. നിയമം ഭരണഘടനപരമാണ് എന്നുണ്ടെങ്കിൽ സർക്കാരിന് അതിന്റെ ഏതു വകുപ്പും പ്രതിരോധിക്കാവുന്നതേയുള്ളൂ. എന്നാൽ കോടതിയിൽ പ്രതിരോധമില്ലാതെ നിൽക്കുന്ന കേന്ദ്രസർക്കാരിനെയാണ് നമ്മൾ കണ്ടത്. സ്വാഭാവികമായും മൗലികാവകാശങ്ങളുടെ വിഷയമായതുകൊണ്ടു നിയമം നടപ്പാക്കുന്നത് തടയുമെന്നു കോടതി സൂചിപ്പിച്ചു. കോടതി വീണ്ടും കേസ് കേൾക്കുന്നതുവരെ നിയമം നടപ്പാകില്ല എന്ന ഉറപ്പു നൽകി സർക്കാർ തത്കാലം തലയൂരി.
ഇതും സംഘപരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. വഖഫ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പലയിടത്തും കെടുകാര്യസ്‌ഥതയും അഴിമതിയും അനീതിയും നടക്കുന്നു എന്നത് വസ്തുതയാണ്; ആ വിഷയങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം സഹായിക്കുമെങ്കിൽ അത് ഉണ്ടാകേണ്ടതുമാണ്. എന്നാൽ ഈ വിഷയം ചൂണ്ടിക്കാട്ടി മുസ്‌ലിങ്ങൾ അനർഹമായ വിധത്തിൽ സമ്പത്തു കൈയടക്കി വച്ചിരിക്കുന്നു എന്ന പ്രചാരണം നടത്താനാണ് സംഘ പരിവാർ ഈ നിയമത്തെ ഉപയോഗിച്ചത്; അതുപയോഗിച്ചു നാട്ടിൽ സാമുദായിക ധ്രുവീകരണം നടത്താനും. അതിനു വിഘാതമുണ്ടായപ്പോൾ അവർ കോടതികൾക്ക് നേരെ തിരിഞ്ഞു.
നാട്ടിലെ ഭരണഘടനാ വ്യവസ്‌ഥകളോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുത; നടപടികൾ വ്യവസ്‌ഥാപിത രീതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള അസ്വസ്‌ഥത, ബന്ധപ്പെട്ടുവരുന്ന വിഷയങ്ങളിൽ എടുക്കുന്ന ഇരട്ടത്താപ്പ് എന്നിവയാണ് ഇപ്പോൾ തെളിഞ്ഞു കാണുന്നത്.
ഒരുദാഹരണം പറഞ്ഞാൽ പാർലമെന്റാണ് പരമാധികാരി എന്നാണ് ഒരു വാദം; കോടതികൾ ഇടപെടാൻ പാടില്ല. എന്നാൽ നിയമം നിർമ്മിക്കാൻ അവകാശമുള്ള നിയമസഭയ്ക്കു മേൽ ഗവർണർ ഇല്ലാത്ത ധിക്കാരം പ്രയോഗിക്കുന്നത്? അതിൽ കുഴപ്പമില്ല. അങ്ങിനെ ഗവർണർമാർ പെരുമാറുന്നത് ശരിയല്ല എന്ന് കോടതി പറഞ്ഞാലോ? അപ്പോൾ കുഴപ്പമായി. ഇതാണ് പരിവാര വാദങ്ങളുടെ ഇരട്ടത്താപ്പിന്റെ ഒരു മുഖം.
മറ്റൊരു വർത്തമാനം ‘പരമാധികാര’ത്തെക്കുറിച്ചാണ്. നമ്മുടെ ഭരണഘടന അനുസരിച്ചു അങ്ങിനെയൊരു പരമാധികാരിയില്ല. പരമാധികാരി എന്ന രാജഭരണകാലത്തെ സങ്കല്പങ്ങൾ ജനാധിപത്യം കൊണ്ടുനടക്കുന്നില്ല. അധികാരം പരമാവധി വികേന്ദ്രീകരിക്കാനാണ് സ്വാതന്ത്ര്യം കിട്ടിയതുമുതലുള്ള നമ്മുടെ ശ്രമം; അടിയന്തിരാവസ്‌ഥ ഒഴിച്ചുനിർത്തിയാൽ. ഗ്രാമസഭകൾക്കു ഭരണഘടനാ പദവിയുള്ള നാട്ടിൽ നിന്നാണ് ഈ കൂട്ടർ പരമാധികാരത്തെക്കുറിച്ചു പറയുന്നത്. അത് ജാതിവ്യവസ്‌ഥയും ഫ്യൂഡൽ ഭരണസമ്പ്രദായവും നിലനിന്നിരുന്ന കാലത്തെക്കുറിച്ചുള്ള ഒരു തരം ഗൃഹാതുരതയാണ്. ആധുനിക സമൂഹത്തിനു അതിനെ തള്ളിക്കളഞ്ഞല്ലാതെ മുന്നോട്ടു പോകാനാവില്ല.
“ഇന്ത്യ സംസ്‌ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും” എന്ന ഒന്നാം അനുച്ഛേദം മുതൽ സംഘ പരിവാറിന് കടുത്ത വിയോജിപ്പുള്ള ധാരാളം വ്യവസ്‌ഥകൾ നമ്മുടെ ഭരണഘടനയിലുണ്ട്. സമത്വത്തെക്കുറിയിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും മത സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയുള്ള വ്യക്തമായ വ്യവസ്‌ഥകൾ ഭരണഘടനയിലുണ്ട്; വൈവിധ്യങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പല ശ്രമങ്ങളും ഭരണഘടനയിലുണ്ട്; അധികാരം ഒരു കാരണവശാലയും കേന്ദ്രീകരിക്കപ്പെടാതിരിക്കാനുള്ള വ്യവസ്‌ഥകളും ദുർബല വിഭാഗങ്ങൾക്കും മത-ഭാഷ ന്യൂനപക്ഷങ്ങൾക്കും പ്രത്യേക സംരക്ഷണം കൊടുക്കാനുള്ള ചട്ടക്കൂടുകളും ഭരണഘടനയിലുണ്ട്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര ദഹിക്കില്ല.
അതുകൊണ്ടാണ് ഭരണഘടനാ വ്യവസ്‌ഥകളുടെ വ്യാഖ്യാനത്തിനു ഭരണഘടന തന്നെ ചുമതലപ്പെടുത്തിയിട്ടില്ല ജുഡീഷ്യറിയെ അപമാനിച്ചും വിലയിടിച്ചും കാണിക്കാനുള്ള വലിയ ശ്രമം പരിവാരം നടത്തുന്നത്. ജനാധിപത്യത്തിന്റെ പല എടുപ്പുകളെയും ഇതിനകം ദുര്ബലമാക്കിയ സംഘ്പരിവാരത്തിനു കോടതികൾ അത്രയൊന്നും വഴങ്ങികൊടുത്തിട്ടില്ല.
നയപരമായ തീരുമാനങ്ങളിൽ കൈകടത്താനുള്ള ശ്രമം ചിലപ്പോഴെങ്കിലും കോടതികൾ നടത്തിയിട്ടില്ല എന്നല്ല; അത്തരം വിഷയങ്ങളോട് ജനാധിപത്യപരമായ രീതിയിൽ എതിർപ്പ് പറയേണ്ടിവരും. എന്നാൽ ഭരണാധികാരികളുടെ നടപടികളും നിയമനിർമ്മാണസഭകൾ പാസാക്കുന്ന നിയമങ്ങളും ഭരണഘടനാ വ്യവസ്‌ഥകൾക്കനുസരിച്ചാണോ എന്ന് പരിശോധിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും കോടതികൾക്കുണ്ട്. കോടതികളുടെ അത്തരം പ്രവർത്തനങ്ങളെ ആക്രമിക്കാനുള്ള നീക്കം ഭരണഘടനയെ ആക്രമിക്കുന്നതിനു തുല്യമാണ്. അതിനെതിരെയുള്ള പ്രതിരോധം ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

