Home / ലേഖനങ്ങള്‍  / ജീവിതം സമരമാക്കിയ സഖാവ്

ജീവിതം സമരമാക്കിയ സഖാവ്

“തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.”

V. S. Achuthanandan

സഖാവ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയിരിക്കുകയാണ്. ഒരായുഷ്‌ക്കാലംകൊണ്ട് കേരളത്തിന്റെ പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടെ ചരിത്രത്തിലും പുരോഗമന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും തന്റേതായ മുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. കേരളത്തിന്റെ പൊതുസമൂഹത്തിനാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്.

തന്റെ യൗവ്വനകാലത്തിന്റെ സിംഹഭാഗവും അദ്ദേഹം വിനിയോഗിച്ചത് തൊഴിലാളികളെയും കർഷകരെയും ജന്മിത്വത്തിനും കൂലി അടിമത്വത്തിനും എതിരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ്. അത്തരത്തിൽ അദ്ദേഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം വളർന്ന ചുറ്റുപാടുകളും അക്കാലത്ത് ഉയർന്നുവന്ന പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ബാല്യത്തിൽ തന്നെ കടുത്ത ജീവിത പ്രതിസന്ധികളെ നേരിടേണ്ടിവന്നയാളാണു വി എസ്. ബാല്യം കഴിയുന്നതിനു മുമ്പേതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ജീവിത പ്രതിസന്ധികൾ കാരണം പഠനം തുടരാൻ കഴിയാത്തതിനാൽ പിന്നീട് ജ്യേഷ്ഠൻ ഗംഗാധരന്റെ ജൗളിക്കടയിൽ സഹായിയായി നിന്നു. അക്കാലത്ത് കടയിൽ എത്തിയിരുന്ന ആളുകളുടെ രാഷ്ട്രീയ ചർച്ചകൾ വി എസിനെ വലിയ തോതിൽ സ്വാധീനിച്ചു. ഇതിനിടയിലാണ് അദ്ദേഹം ആസ്പിൻവാൾ കയർ കമ്പനിയിൽ തൊഴിലാളിയായി മാറുന്നത്.Comrades 4

കേരളത്തിലെ കയർ വ്യവസായത്തിന്റെയും, കയറുൽപ്പന്ന കയറ്റുമതിയുടെയും പ്രധാന കേന്ദ്രമായിരുന്നു അന്ന് ആലപ്പുഴ. പിയേഴ്‌സ് ലെസ്ലിയും, ഡാറാസ്‌മെയിലും പോലുള്ള നിരവധി ബ്രിട്ടീഷ് കയർ കമ്പനികൾ ആലപ്പുഴയിൽ സജീവമായിരുന്നു. ഇവിടങ്ങളിലായി പതിനായിരക്കണക്കിന് തൊഴിലാളികളും ഉണ്ടായിരുന്നു. ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, ചേർത്തല കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾക്കു പിന്നിൽ തൊഴിലാളികൾ ഒരേമനസ്സോടെ അണിചേർന്ന കാലമായിരുന്നു അത്. മാത്രമല്ല, മത്സ്യത്തൊഴിലാളി യൂണിയൻ, ചെത്തു തൊഴിലാളി യൂണിയൻ, ഓയിൽ ആന്റ് കന്നിട്ട തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ കീഴിലും തൊഴിലാളികൾ സംഘടിത ശക്തിയായി മാറിവരുന്ന കാലം.

കയർ ഫാക്ടറികൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ യോഗങ്ങളിൽ സഖാവ് പി കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം തൊഴിലാളികൾക്ക് വലിയ ആവേശമാണ് പകർന്നു നൽകിയത്. സൈമൺ ആശാൻ, ആർ സുഗതൻ, കെ വി പത്രോസ്, പി എൻ കൃഷ്ണപിള്ള, ശ്രീകണ്ഠൻനായർ, ടി വി തോമസ് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന നേതാക്കൾ. ഇവരുടെ ഇടയിലേക്കാണ് വി എസ് അച്യുതാനന്ദനും കടന്നു ചെന്നത്. ചുരുങ്ങിയ കാലംകൊണ്ട് കയർ ഫാക്ടറി തൊഴിലാളികളുടെ പ്രധാന നേതാക്കളിലൊരാളായി മാറാൻ വി എസിനു കഴിഞ്ഞു.Comrades 3

1940 മുതൽ കഴിഞ്ഞ 85 വർഷക്കാലമായി അദ്ദേഹം പാർട്ടി അംഗമായി തുടർന്നു. 1941 ൽ സഖാവ് പി കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം കുട്ടനാട്ടിലേക്കു പോയി. കൂലി അടിമത്തം, ജാതി അടിമത്തം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. കുട്ടനാട്ടിലെ ഗ്രാമങ്ങളിലൂടെ നൂറുകണക്കിനു കിലോമീറ്റർ നടന്ന് അദ്ദേഹം കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ എന്ന പേരിലൊരു സംഘടന രൂപീകരിച്ചായിരുന്നു പ്രവർത്തനം. കർഷകത്തൊഴിലാളികളുടെ അധ്വാനത്തിന് ആനുപാതികമായ കൂലിയും, മറ്റ് അവകാശങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ വിവിധ മേഖലകളിൽ വി എസ് സംഘടിപ്പിച്ചു. അതിലൂടെ കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരും സംഘടിത ശക്തിയുമാക്കി മാറ്റുന്നതിന് അദ്ദേഹത്തിനു സാധിച്ചു.

തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്തിരുന്ന ദിവാൻ സർ സി പി രാമസ്വാമി അയ്യർ അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലാകെ ഭീകരത അഴിച്ചുവിട്ട കാലമായിരുന്നു അത്. ദിവാന്റെ പോലീസും പട്ടാളവും അവകാശങ്ങൾ ചോദിച്ച തൊഴിലാളികളെ അടിച്ചമർത്തുക മാത്രമല്ല, തൊഴിലാളികളുടെ വീടുകളിൽ കയറി സ്ത്രീകളോടടക്കം അതിക്രമങ്ങൾ കാട്ടുന്ന സ്ഥിതിയും ഉണ്ടായിരുന്നു. അവകാശബോധമുള്ള തൊഴിലാളികൾ ദിവാന്റെ ഭീകരതയ്‌ക്കെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. വി എസും, പി കെ ചന്ദ്രാനന്ദനും, എം ടി ചന്ദ്രസേനനും, എം കെ സുകുമാരനുമൊക്കെയാണ് ഇതിനായി തീരുമാനിക്കപ്പെട്ടത്. പുന്നപ്ര – വയലാറുമായി പര്യായപ്പെട്ടുനില്ക്കുന്നു വി എസിന്റെ പേര്.Comrades 2

ദിവാന്റെ പോലീസിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പട്ടാളത്തിൽ നിന്നു തിരിച്ചെത്തിയ വി കെ കരുണാകരനെപ്പോലുള്ളവരും അവരോടൊപ്പം കൂടി. വാരിക്കുന്തമുണ്ടാക്കി പോലീസിനെയും പട്ടാളത്തെയും നേരിടാനുള്ള പരിശീലനത്തിനു വേദിയൊരുങ്ങിയത് ഇങ്ങനെയായിരുന്നു.

പാർട്ടി നിർദ്ദേശപ്രകാരം ഒളിവിൽപോയ വി എസിനെ പോലീസ് അറസ്റ്റു ചെയ്തു. ആദ്യം പോലീസ് ഔട്ട് പോസ്റ്റിലും പിന്നീട് പാലാ പോലീസ് ലോക്കപ്പിലും കൊണ്ടുപോയി. അവിടെ ഇടിയൻ നാരായണപിള്ള എന്ന എസ് ഐയുടെ നേതൃത്വത്തിൽ വി എസിനെ ഭീകരമായി മർദ്ദിച്ചു. പി കൃഷ്ണപിള്ളയും, ഇ എം എസും, കെ വി പത്രോസും എവിടെയാണെന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. മർദ്ദിച്ച പോലീസ് അവശരായി എന്നതല്ലാതെ ഒരു രഹസ്യവും അവരോടു പറയാൻ വി എസ് തയ്യാറായില്ല.

കലിയടങ്ങാതിരുന്ന പോലീസ് വി എസിനെ ലോക്കപ്പിന്റെ ജനലഴിയിലൂടെ കാൽപ്പാദം പുറത്തേക്കുവെച്ച് മലർത്തി കിടത്തി. പിന്നീട് കാലുകൾ കൂട്ടിക്കെട്ടി കാൽവെള്ളയിൽ ചൂരൽകൊണ്ടും, ലാത്തികൊണ്ടും തുരുതുരെ അടിച്ചു. എന്നിട്ടും വി എസിൽ നിന്നും ഒരു രഹസ്യവും അവർക്കു ലഭിച്ചില്ല. കലിയടങ്ങാത്ത പോലീസുകാരിൽ ഒരാൾ അദ്ദേഹത്തിന്റെ വലതുകാലിന്റെ വെള്ളയിൽ ബയണറ്റ് കുത്തിയിറക്കി. ഭീകരമായ മർദ്ദനത്തെ തുടർന്ന് അനക്കമില്ലാതെ കിടന്ന വി എസിനെ മരിച്ചെന്നു കരുതി സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി കുഴിച്ചിടാൻ പോലീസ് ശ്രമിച്ചു. കുഴിവെട്ടുന്നതിനിടയിൽ ബോധമുണ്ടെന്ന് കണ്ടതിനെ തുടർന്ന് അവർ വി എസിനെ ആശുപത്രിയിലെത്തിച്ചു.

പാലാ ഗവൺമെന്റ് ആശുപത്രിയിൽ ആഴ്ചകളോളം വി എസ് ചികിത്സയിൽ കഴിഞ്ഞു. ഇതിനിടയിൽ ആലപ്പുഴയിൽ സർക്കാരിനെതിരെ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ചു എന്നതിന്റെ പേരിൽ കേസുണ്ടെന്ന കാരണം പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തി അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലാക്കി. പതിനഞ്ച് മാസമാണ് അദ്ദേഹം ആലപ്പുഴ സബ് ജയിലിൽ കഴിഞ്ഞത്.Comrades 1

1948 ൽ കൽക്കട്ടാ തിസീസിന്റെ കാലത്ത് പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി. 1952 ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിലും സജീവമായി. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങൾക്കു നേതൃത്വം നൽകി വി എസ്.

തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രിതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.Mammootty

തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങൾ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് നൽകിയ ഈടുറ്റ സംഭാവനയായിരുന്നു സഖാവ് വി എസ്. സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങളിൽപ്പെട്ട് ഉഴറിയിരുന്ന കേരളസമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ ഒരു കണ്ണികൂടിയാണ് വി എസിന്റെ വിയോഗത്തിലൂടെ വേർപെട്ടുപോയിരിക്കുന്നത്

Author Photo
പിണറായി വിജയൻ

കേരളാ മുഖ്യമന്ത്രി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT