ദൂരെ
വിളക്കുമാടത്തിൻ വെളിച്ചം
രാത്രിയിലൊഴുകുന്ന പുഴയിൽ
ഒഴുകി നീങ്ങാതെ
പതച്ച് പതച്ച്.
കാടിനിപ്പുറം
പുഴയ്ക്കുമിപ്പുറം
രാത്തണുപ്പിൽ
ഞാനിരിക്കുന്നു.
ദൂരെ കുതി മാന്തി ഓടിയകലും
ഭയം കണ്ണിൽ തിളങ്ങും
കാട്ടുപന്നിക്കൂട്ടം
ഇരുട്ടിൽ
ചിറകടിയൊച്ചയാൽ
കടും കറുപ്പായി മറയും
വവ്വാൽ കാഴ്ച.
മുറ്റത്തേയ്ക്ക് തെളിച്ചിട്ടതാവാം
നക്ഷത്രം നിറഞ്ഞ
ആകാശമെന്ന് തോന്നും
ഊരിലെ തെളിഞ്ഞ ബൾബുകൾ.
പകലിൽ
കാട്ടുമരുന്ന് കിളിർത്ത
കടുംപച്ചക്കാട്
രാവിൽ
ചിന്നം വിളികളായ്
ചെവിടടപ്പിക്കുന്നു.
മരുന്നുവേരുകളുടെ മണങ്ങൾ
ചുമടായ് തോളിൽ പേറി
കാടിൻ മൂപ്പത്തി
നാട്ടിലേയ്ക്കിറങ്ങുന്നു
എന്നരികിലെത്തുന്നു.
പോയകാലത്തിൻ
ചുളിവുണ്ട് മെയ്യിൽ
കാടിന് കൈയ്യുണ്ട്
ചില്ലകൊണ്ടവളെ തലോടും
വേരിനാൽ നടക്കുമ്പോ
കാലിൽ തൊടും
ഉറവയാൽ കുലുങ്ങിച്ചിരിപ്പിക്കും
മണ്ണ് കിഴങ്ങ് കാട്ടിയവളുടെ
പശിയെയാട്ടും
എമുക്ക് ചോലൈനെ പുടിക്കും
ദേശം പുടിക്കലെ നിനൈ പുടിക്കലേയെന്ന്
മുറുക്കാൻ കറയാൽ ചിറിയും
നീറുന്ന കണ്ണും തുടയ്ക്കും
ഞാനൊരച്ച മരുന്നാണ് നിനൈ
രാവെളിച്ചം കാണിച്ചതെന്ന്
ചിരിക്കുമെന്നോട് ഇടറും.
കാടപ്പോൾ പകലിൽ
പച്ചയാർന്ന് ഉടലിളക്കിയാടും
മരുന്നു മുത്തിയെന്ന കാടിൻ വൈദ്യ
മണ്ണിൽ പെയ്ത മഴയാഴ്ന്ന പോൽ
കാടിനപ്പുറം
പുഴയ്ക്കപ്പുറം
തിരികെ മറയുന്നു.
പകൽച്ചൂടിൽ ഞാനിരിക്കുന്നു
വെളിച്ചം
കണ്ണിലേയ്ക്കെറിഞ്ഞ്
പുഴയിളകുന്നു
വെള്ളാമ്പൽ ചിരി പറത്തി
കൊറ്റികളാകാശത്ത്
തുഴച്ചിറക് എറിഞ്ഞ്
കരിനീലമാർന്ന കാട്ടിലൊളിക്കുന്നു.
വിളക്ക് മാടത്തിനിത്തിരി തണലിൽ
രാവും പകലും ഞാനിരിക്കുന്നു
കാട്ടുമുത്തിയെ
മരുന്നു മണങ്ങളെ
കാടിൻ തഴപ്പിനെ നെഞ്ചിലേറ്റുന്നു

കവിത കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാം

