ചിരുതേയി – പി.വി.ഷാജികുമാർ
പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.
മൊഴിയുടെ കൈയ്യും പിടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ തൊഴുത്തിന് മുന്നിലെ കവുങ്ങിൻതണലിൽ കാറ്റ് കൊള്ളുകയായിരുന്ന പശു ചിരുതേയിയെ നോക്കിക്കരഞ്ഞു: ‘ചിരുതേയി.. ചിരുതേയി.. കൊയപ്പൊന്നൂല്ലല്ലോ..!’ ശ്വാസം മുട്ടലടക്കി, പല്ല് പോയ മോണ കാട്ടി ചിരുതേയി ചിരിച്ചു. ‘ഒന്നൂല്ലാ.. ബേം ബരാം…’ പശു സ്നേഹത്തിന്റെ തലയാട്ടി. അതിന്റെ ചെവിയിൽ തൊട്ട് ചിരുതേയി ഒന്ന് നിന്നു, ഇളവെയിൽ വന്നിട്ടും കുന്ന് തൊട്ടുകിടക്കുന്ന നീലാകാശത്ത് ചന്ദ്രവട്ടം മായാതെ നിൽക്കുന്നത് ചിരുതേയി കണ്ടു.
നിലാവ് നീലനിറമാർന്ന വിരലുകളാൽ തൊടുന്നതായി തോന്നിയപ്പോഴാണ് ചിരുതേയി ഉറക്കമുണർന്നത്. പുഴക്കരയിൽ എഴുത്താണിയും പിടിച്ചൊരു മനുഷ്യൻ അലറുന്ന സ്വപ്നത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ ശ്വാസം മുട്ടുകയായിരുന്നു ചിരുതേയി. അപ്പോഴാണ് നിലാവ് വന്നുവിളിച്ചത്. കൺതുറക്കുമ്പോൾ പഞ്ഞിക്കെട്ടുകൾ പോലെ വെള്ളിമേഘങ്ങൾ ആകാശത്ത് നൃത്തം ചെയ്യുന്നു.!
‘അച്ഛമ്മേ.. ബാ പൂവാം.. ബസ് കിട്ടൂലാ..’
മൊഴി ഓർമിപ്പിച്ചു. ചിരുതേയി ഓർമയിൽ നിന്നുണർന്നു.
കാറ്റ് അവരുടെ നരച്ച മുടിയിൽ കൈവെച്ചു, അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയിഴകൾ ഇളകി.
മൊഴിക്കൊപ്പം കാലുകൾ ആവുംവിധം നീട്ടിവലിച്ച് ചിരുതേയി നടന്നു. കണ്ണിൽ നിന്ന് മറയുന്നത് വരെ പശു ചിരുതേയിയെ നോക്കിനിന്നു. അവർ കാഴ്ചയിൽ നിന്ന് മാഞ്ഞപ്പോൾ പശു വീണ്ടും കരഞ്ഞു. ചിരുതേയി അത് കേട്ടു. ചിരുതേയിക്ക് സങ്കടം വന്നു. ‘ബേം ബരൂപ്പാ…’ അവർ സ്വയം പറഞ്ഞു.
വയൽവരമ്പിലൂടെ നടക്കവെ മുള പൊട്ടിയ നെൽവിത്തുകൾ കണ്ട് അച്ഛമ്മ വിതച്ചൊരു ചൊല്ല് മൊഴിയുടെ ഓർമയിൽ വന്നു: ‘കൈ കൊണ്ട വിതച്ച വിത്തെല്ലം, കണ്ണ് കൊണ്ട് പെറുക്കിയെടുക്കുന്നു’1. പല നിറത്തിലുള്ള പൂമ്പാറ്റകൾ വരമ്പിലേക്ക് പറന്നെത്തിയത് അപ്പോഴായിരുന്നു. പൂമ്പാറ്റകളുടെ നൃത്തം കണ്ട് മൊഴിയെ പോലെ ചിരുതേയിയും ചെറിയകുട്ടിയായി.
നാർച്ചിക്കാടുകൾ പൂക്കളുടെ കമ്മലണിഞ്ഞ് നിൽക്കുന്ന നിരത്തുവക്കിൽ ബസ് കാത്തുനിൽക്കുമ്പോൾ അമ്പലത്തിൽ കല്ല്യാണം കൂടാൻ പോകുന്ന പെണ്ണുങ്ങൾ ചിരുതേയിയോട് വിശേഷം തിരക്കി. കാര്യം അറിഞ്ഞപ്പോൾ അവർ പരസ്പരം ചിരിച്ചു.
‘കയ്യ്ന്ന പണിക്ക് പോയാപ്പേരേ ചിരുതേട്ടി..! ബെർതെ ആൾക്കാരെക്കൊണ്ട് പറയിക്കാൻ..!’
ചിരുതേയിക്ക് ദേഷ്യം വന്നില്ല. ആരോടും പരിഭവം തോന്നാതിരിക്കാൻ ജീവിതം അവരെ പഠിപ്പിച്ചിരുന്നു. ഉത്തരം പറയാതെ ചിരുതേയി മന്ദഹസിച്ചു.
അവരിൽ ഒരുവളുടെ കൈയ്യിൽ തൂങ്ങി തുളളിക്കളിക്കുകയായിരുന്ന കുട്ടി ചിരുതേയിയെ നോക്കിച്ചിരിച്ചു. അവൾക്കും ചിരുതേയിയെ പോലെ പല്ലുണ്ടായിരുന്നില്ല. ചിരുതേയി അവളോട് പേര് ചോദിച്ചു.
‘ശ്രീദേവി..’
അത് കേട്ടതും ഒരു ഓർമയിൽ ചിരുതേയിക്ക് സങ്കടം വന്നു.
‘ശ്രീദേവി’ എന്ന് പേരിടാനായിരുന്നു ചിരുതേയിയുടെ അച്ഛന് ആഗ്രഹം. അതിനുള്ള അനുവാദം അന്ന് ചിരുതേയിയുടെ വീട്ടുകാർക്കുണ്ടായിരുന്നില്ല. അങ്ങനെ അച്ഛന്റെ സങ്കടത്തിൽ നിന്ന് ശ്രീദേവി ചിരുതേയിയായി.
ബസിൽ കയറുമ്പോഴും അച്ഛൻ നീട്ടിവിളിച്ച പേരിന്റെ ഓർമത്തുമ്പത്തായിരുന്നു ചിരുതേയി. പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.
ബസിലിരിക്കുമ്പോൾ നിലാവിന്റെ നിറവെട്ടത്തിൽ ചിരുതേയിയുടെ കണ്ണെത്തി. വേഗത്തിലോടിയ ബസിനൊപ്പം കിതപ്പൊന്നുമില്ലാതെ അത് ചിരുതേയിക്ക് പിറകിലെത്തി. ചിലപ്പോൾ മേഘങ്ങൾക്കിടയിൽ ഒളിച്ച്, ചിലപ്പോൾ മേഘങ്ങളുടെ ചിറക് പിടിച്ച്.
ബസിൽ കയറിയ കാറ്റിൽ മൊഴിക്ക് തണുത്തു. അവൾ ചിരുതേയിയെ ചുറ്റിപ്പിടിച്ചു: ‘അച്ഛമ്മയെ തീ പോലെ ഇപ്പോഴും പൊള്ളുന്നുണ്ട്.!’

‘പനി കൊറഞ്ഞിറ്റില്ലല്ലോ അച്ഛമ്മേ..!’
മൊഴി പരിഭ്രമിച്ചു.
‘സാരൂല്ലണേ..!’
ചിരുതേയി സ്നേഹത്തോടെ അവളുടെ തലയിൽ തലോടി.
‘എനക്ക് പേടിയാവ്ന്ന്..’
‘ഒ്ന്നും ആവൂലണേ..!’
അതും പറഞ്ഞ ബസിൽ വെച്ച പഴയ പാട്ടിന് ചിരുതേയി ചെവി ചേർത്തു.
സ്കൂളിൽ ബസിറങ്ങുമ്പോൾ വെയിലും ഇറങ്ങിപ്പോയി. മഴ ചാറിപ്പെയ്യാൻ തുടങ്ങി. ചന്ദ്രവട്ടം അപ്പോഴും മാഞ്ഞുപോയില്ല.
‘കാറ്റിന്റെ കള്ളക്കളി കണ്ടപ്പാളേ തോന്നീന് മഴ പെയ്യുംന്ന്..!’
ചിരുതേയി ആരോടെന്നില്ലാതെ പറഞ്ഞു. അച്ഛമ്മ നനയാതിരിക്കാൻ പലതരം പൂക്കളുള്ള തന്റെ വർണ്ണക്കുട മൊഴി തുറന്നുപിടിച്ചു.
‘തല നനഞ്ഞാല് പനി ബരും. കൊട നേരെ പിടിക്ക്.. ‘
ചിരുതേയി കുട മൊഴിയുടെ തലയ്ക്ക് നേർക്ക് ചെരിച്ചു. ‘ആർക്കാന്ന് അച്ഛമ്മേ ഇപ്പോ സൂക്കേട്..?’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു മൊഴിയ്ക്ക്. അപ്പോഴേക്കും ചിരുതേയി മുന്നോട്ട് നടന്നിരുന്നു.
മൊഴി പഠിക്കുന്ന നാലാം ക്ലാസിലായിരുന്നു ചിരുതേയിയെയും ഇരുത്തിയത്. താനിരിക്കുന്ന രണ്ടാമത്തെ ബെഞ്ച് തന്നെ അച്ഛമ്മക്കും കിട്ടുമെന്ന് അവൾ വിചാരിച്ചു. മൂന്നാമത്തെ ബെഞ്ചിലായി ചിരുതേയി. സീറ്റ് തന്റേതല്ലെങ്കിലും സ്വന്തം ക്ലാസിൽ അച്ഛമ്മ ഇരുന്നതിന്റെ സന്തോഷം അവൾക്കുണ്ടായി.
മുപ്പത്തിയഞ്ച് വയസ്സ് തൊട്ടുള്ള ഇരുപത് പേരുണ്ടായിരുന്നു ക്ലാസ് മുറിയിൽ, ചിരുതേയിയുടെ പ്രായത്തിൽ ചിരുതേയി മാത്രം.
‘കൂടെ വന്നോരെല്ലം ഒന്ന് പുറത്ത് പോണേ.. തൊടങ്ങാറായി..’
മൊഴിയ്ക്ക് പരിചയമില്ലാത്തൊരു ടീച്ചർ മേശയ്ക്ക് മുന്നിൽ വന്നുപറഞ്ഞു. ബാഗിൽ നിന്ന് പേനയും പെൻസിലും ചിരുതേയിക്ക് അവൾ എടുത്തുകൊടുത്തു.
‘പഠിപ്പിച്ചതൊന്നും മറന്നിറ്റില്ലല്ലോ അച്ഛമ്മേ..’
ഇല്ലായെന്ന് ചിരുതേയി തലയാട്ടി.
‘എല്ലാ വായിച്ചിറ്റ് മെല്ലെ എയ്ത്യാ മതി.. തെരക്ക് കൂട്ട്യാല് തെറ്റും. കേട്ടല്ലോ..’
‘കേട്ട് ടീച്ചറേ..!’
ചിരുതേയി മൊഴിയുടെ കവിളിൽ സ്നേഹത്തോടെയൊന്ന് നുള്ളി. അവൾ ചിരിച്ചു.
മൂന്നാംബെഞ്ചിന് തൊട്ടടുത്തുള്ള ജാലകത്തിനപ്പുറത്തെ തിണ്ണയിൽ അച്ഛമ്മയെയും നോക്കിക്കൊണ്ട് മൊഴി ഇരുന്നു. കഥകളിലൂടെയാണ് അച്ഛമ്മയും മൊഴിയും കൂട്ടായത്. അച്ഛമ്മയിൽ കഥകൾ ഒരിക്കലും അവസാനിച്ചില്ല. മൃഗങ്ങളും പക്ഷികളും മനുഷ്യരും തെയ്യങ്ങളും പ്രേതങ്ങളും അച്ഛമ്മ പറയുന്ന കഥകളിൽ മഞ്ഞും മഴയും പോലെ ഇടകലർന്നു. സ്കൂളിലേക്ക് പോകുന്ന പ്രഭാതങ്ങളിൽ പത്രവാർത്തയെഴുതാൻ തുടങ്ങിയതിന് ശേഷമാണ് ടീച്ചറായി മൊഴിയും അച്ഛമ്മ ശിഷ്യയുമായി മാറിയത്. പത്രത്തിൽ വരുന്ന നല്ല വാർത്തകൾ മാത്രം മൊഴി അച്ഛമ്മയ്ക്ക് വായിച്ചുകൊടുക്കും. വാർത്തകൾ കേട്ടുകേട്ട് അച്ഛമ്മയുടെ നാടൻസംസാരത്തിലേക്ക് പത്രത്തിലെ വാക്കുകളും കേറിവരാൻ തുടങ്ങി. യാദൃശ്ചികം, കരുത്തുകാട്ടണം, വിശ്വാസ്യത, ജാഗ്രത തുടങ്ങിയവ അച്ഛമ്മ പഠിച്ച അത്തരം ചില വാക്കുകൾ. അച്ഛമ്മ പലതിനും ശാഠ്യം പിടിച്ചിരിക്കുന്ന നേരങ്ങളിൽ മൊഴി സ്വയം വാർത്തയുണ്ടാക്കി വായിക്കും. ‘എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞോരെല്ലാം മുട്ടയും പാലും നിർബന്ധമായും കഴിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.’ ഭക്ഷണം കഴിക്കാതെ അച്ഛമ്മ ഇരുട്ടത്തിരുന്നപ്പോൾ മൊഴി ഉണ്ടാക്കിയ ഒരു വാർത്ത. ‘മന്ത്രി പറഞ്ഞേല്ലേ, കേക്കാണ്ടിരിക്ക്ന്നത് ശര്യല്ലപ്പാ..’ എന്ന് പിറുപിറുത്ത് കൊണ്ട് അച്ഛമ്മ മുട്ടയും പാലും കഴിച്ചു. കള്ളം പറഞ്ഞതിലുള്ള കുറ്റബോധം അച്ഛമ്മ ഭക്ഷണം കഴിച്ചല്ലോയെന്ന സമാധാനത്തിൽ മൊഴി പരിഹരിച്ചു.

അങ്ങനെയൊരു വാർത്താവായനക്കിടെയാണ് അക്ഷരം പഠിക്കാനുള്ള ആഗ്രഹം അച്ഛമ്മ അവളോട് വെളിപ്പെടുത്തിയത്. ക്ലാസിൽ മിടുക്കിയായ മൊഴിയ്ക്ക് അച്ഛമ്മയെ പഠിപ്പിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒരു അക്ഷരത്തിന് ഒരു കഥ. അതുമാത്രമായിരുന്നു മൊഴി അച്ഛമ്മയിൽ നിന്ന് ആവശ്യപ്പെട്ട പ്രതിഫലം. കഥകൾ കൊണ്ട് കൊത്തങ്കല്ല് കളിക്കുന്ന അച്ഛമ്മയ്ക്ക് അത് എളുപ്പമാണെന്ന് അവൾക്ക് അറിയാമായിരുന്നു. അവിടുന്ന് തുടങ്ങിയ യാത്രയാണ് ഇപ്പോൾ നാലാം ക്ലാസ് തുല്യതാപരീക്ഷയിലെത്തിയിരിക്കുന്നത്.
മൊഴിയുടെ ആദ്യത്തെ ശിഷ്യയാണ് അച്ഛമ്മ. അതുകൊണ്ട് തന്നെ അച്ഛമ്മ പരീക്ഷയിൽ തോൽക്കുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. പരീക്ഷയ്ക്ക് തലേദിവസം അച്ഛമ്മയേക്കാൾ സംഭ്രമം അവൾക്കായിരുന്നു. പരീക്ഷ എഴുതുന്ന അച്ഛമ്മ നേരത്തേ കാലത്തേ കൂർക്കംവലിച്ച് ഉറങ്ങി. പഠിപ്പിച്ച മൊഴിയ്ക്ക് ഉറക്കം വന്നതേയില്ല. ആ സംഭ്രമം മൊഴിയിൽ നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ല. അത് മാറിക്കിട്ടാൻ അച്ഛമ്മ പഠിപ്പിച്ച് പാട്ടും മനസ്സിൽ പറഞ്ഞ് അവൾ കൊത്തങ്കല്ല് കളിക്കാൻ തുടങ്ങി.
‘അപ്പം പപ്പടം വട്ടത്തിൽ
വണ്ടിച്ചക്രം വട്ടത്തിൽ
തളകൾ വളകൾ വട്ടത്തിൽ
അമ്പിളിമാമൻ വട്ടത്തിൽ‘
ചിരുതേയിയാവട്ടെ പരിഭ്രമമേതുമില്ലാതെ ചോദ്യക്കടലാസ് നിവർത്തിവെച്ച് ഉത്തരങ്ങൾ എഴുതി. ചോദ്യങ്ങളെല്ലാം ഒന്നിനൊന്ന് എളുപ്പമായിരുന്നു അവർക്ക്. ഒന്നെഴുതുമ്പോൾ അടുത്ത ചോദ്യം താഴെ വന്ന് ‘എന്റെ ഉത്തരം എഴുതൂ ചിരുതേയി..’ എന്ന് ധിറുതി കൂട്ടി. അതിന്റെ ആവേശത്തിൽ മൊഴി ഓർമിപ്പിച്ചത് ചിരുതേയി മറന്നുപോയി. ഉത്തരം എഴുതുന്നത് വേഗത്തിലായി. ഒരു മണിക്കൂർ പരീക്ഷ ഇരുപത് മിനുട്ടിനുള്ളിൽ അവർ പൂർത്തിയാക്കി. അടുത്തിരുന്ന ഉത്തരമറിയാത്ത മുപ്പതുകാരന് അവർ ഉത്തരങ്ങൾ കാണിച്ച് കൊടുക്കുകയും ചെയ്തു.
എല്ലാം എഴുതിത്തീർന്ന് ഉത്തരങ്ങൾ ഓരോന്നായി വായിച്ചുകൊണ്ടിരിക്കവെ എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പുള്ളൊരു പകൽ ചിരുതേയിയിൽ സങ്കടത്തോടെ ഒഴുകിയെത്തി. പുഴക്കരയിൽ പെരുമഴയത്ത് താളിനില കുടയായി ചൂടി, ചിരുതേയി എന്ന അഞ്ചുവയസ്സുകാരി എഴുത്താശ്ശാന് മുന്നിൽ അക്ഷരം പഠിക്കാൻ നിന്നു. മണലിൽ ആണുങ്ങൾക്ക് അക്ഷരം എഴുതിക്കൊടുക്കുകയായിരുന്ന എഴുത്താശ്ശാൻ ചിരുതേയിയെ വിളിച്ചു. പ്രതീക്ഷയോടെ അടുത്തെത്തിയ അവളുടെ ചെവിയിൽ എഴുത്താണി പിടിച്ച് എഴുത്താശ്ശാൻ ഒരു തിരി തിരിച്ചു. വേദനയുടെ ശരവർഷം അവളിൽ പെയ്തു. അവളുടെ കണ്ണുകൾ നിറഞ്ഞു.
‘പെണ്ണുങ്ങൊ അക്ഷരം പടിക്കലോ..! പോ, പോയി അടിച്ചുവാരാൻ പടിക്ക്..!’
അതുംപറഞ്ഞ് അയാൾ ചിരുതേയിയെ ഊക്കിൽ തള്ളി. മഴയിൽ അവൾ കമിഴ്ന്നടിച്ച് വീണു. അവളുടെ കണ്ണിൽ മഴവെള്ളം നിറഞ്ഞു. അവൾ കണ്ണുകൾ മുറുക്കെയടച്ചു.
അവസാനത്തെ ഉത്തരവും ശരിയാണെന്ന് ഉറപ്പിക്കുമ്പോൾ ചിരുതേയിയുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ തല വട്ടംചുറ്റി. അവർ വിറയലോടെ ഡെസ്കിന് മുകളിലേക്ക് തല ചെരിച്ചു.
വെയിലുണ്ടാക്കിയ തന്റെ നിഴലിൽ അൽപ്പനേരം കണ്ണുറപ്പിച്ച് മാനം നോക്കി സ്വന്തം രൂപം കണ്ടെത്തുന്ന കളിയിലായിരുന്നു മൊഴിയപ്പോൾ . ആകാശം ഫോട്ടോയെടുക്കുന്ന കളി. അതിൽ രസം കിട്ടിനിൽക്കെ കൂട്ടം തെറ്റിയ പക്ഷികൾ ആകാശം മുറിച്ചുകടക്കുന്നത് അവൾ കണ്ടു. ഒറ്റച്ചിറക് പോയൊരു പക്ഷി തനിയെ പറക്കാൻ പഠിച്ചൊരു കഥ ഒരു രാത്രിയിൽ അച്ഛമ്മ പറഞ്ഞുറക്കിയത് അവളിൽ ചിറകടിച്ചെത്തി. അവൾ മൂന്നാംബെഞ്ചിലേക്ക് മുഖം തിരിച്ചു. ഉത്തരങ്ങൾ ചെറുപുഞ്ചിരിയോടെ വായിച്ചുകൊണ്ടിരുന്ന അച്ഛമ്മയുടെ കണ്ണ് മറയുന്നത് കണ്ട് കരച്ചിലോടെ അവൾ അകത്തേക്കോടി.
‘അച്ഛമ്മേ.. എണീക്കച്ഛമ്മേ..’ അവൾ കരഞ്ഞുകൊണ്ട് അച്ഛമ്മയെ കുലുക്കിവിളിച്ചു. ടീച്ചറും മറ്റുള്ളവരും അവർക്ക് ചുറ്റിലും കൂടി. അവരുടെ വിളി ചിരുതേയി കേട്ടില്ല. അവൾ ഒരു സ്വപ്നത്തിലായിരുന്നു. നിറമഴ പെയ്യുന്നൊരു പുഴക്കരയിൽ നാലാംക്ലാസിലെ ഉത്തരപേപ്പറുമായി ചിരുതേയി എന്ന എൺപതുകാരി നിവർന്നുനിന്നു. മണലിൽ അപ്പോഴും അക്ഷരം പഠിപ്പിക്കുകയായിരുന്നു എഴുത്താശ്ശാൻ. ചെവിയിൽ എഴുത്താണി തിരിക്കാൻ അയാൾ അവളെ വിളിച്ചു.
‘വായിക്ക് മണ്ണ് പറ്റാനായി.! എന്നിറ്റ് അക്ഷരം പടിക്കാൻ നടക്ക്ന്ന്, ജീർണ്ണം കെട്ടത്..!’
അയാൾ പുച്ഛം കാർക്കിച്ചുതുപ്പി. അവൾ അയാളെ നോക്കിച്ചിരിച്ചു.
‘എനക്ക് എനീം പടിക്കണം.. ഞാന് പടിക്കും..’
മഴ അവൾ പറയുന്നത് കേൾക്കാൻ ഒച്ച കുറച്ചു.
‘എനക്ക് എനീം പടിക്കണം.. ഞാന് പടിക്കും..’
ഡെസ്കിൽ നിന്ന് തലയുയർത്താതെ ചിരുതേയി ആവർത്തിച്ചു. അതുകേട്ട് മൊഴിയിൽ സന്തോഷം തിരിച്ചുവന്നു. ചിരുതേയി കണ്ണ് തുറന്ന് ആദ്യം നോക്കിയതും അവളെ. അവളുടെ വലങ്കൈ ചിരുതേയി മുറുക്കെപ്പിടിച്ചു. ചിരുതേയിയുടെ കണ്ണിൽ സ്നേഹത്തിന്റെ നിലാവെട്ടം തിളങ്ങി. അച്ഛമ്മയിൽ നിന്ന് പനി വിട്ടൊഴിഞ്ഞതായി മൊഴി അറിഞ്ഞു. അവളുടെ ചെറിയ കണ്ണുകൾ പൂപോലെ വിടർന്നു.
‘എല്ലം ശരിയാന്നല്ലോ.. നിങ്ങൊ ജോറന്നെ..!’
ടീച്ചർ ഉത്തരപേപ്പർ നോക്കിക്കൊണ്ട് അൽഭുതത്തോടെ ചിരുതേയിയോട് പറഞ്ഞു.
ഉത്തരം പറയാതെ ചിരുതേയി ചിരിച്ചു.
ക്ലാസ്മുറിയിലെ ചുമരിൽ എഴുതപ്പെട്ട ഒരു വാചകം ചിരുതേയിയുടെ കണ്ണിൽ തറഞ്ഞത് അപ്പോഴായിരുന്നു.
‘അക്ഷരമാണ് ഉത്തരം. അറിവ് നിങ്ങളെ മറ്റൊരു മനുഷ്യനാക്കുന്നു..’
ഇളവെയിലിൽ അപ്പോഴും തിളങ്ങിയ മാനവട്ടമൊന്ന് നോക്കി, ചിരുതേയി ക്ലാസ്മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
‘പേരെഴുതാൻ വിട്ടല്ലോ വല്ല്യമ്മേ…’ ഉത്തരക്കടലാസുയർത്തി ടീച്ചർ ചിരുതേയിയെ വിളിച്ചു.
‘യ്യോ.. മറന്നോയി..!’
ചിരുതേയി വേഗത്തിൽ ഉത്തരക്കടലാസ് വാങ്ങി. പേരെഴുതേണ്ട സ്ഥാനം ടീച്ചർ കാണിച്ചുകൊടുത്തു. ചിരുതേയി അവിടെ പേന ചേർത്തുവെച്ചു. അവർ ഒരു നിമിഷം എഴുതാതെ നിന്നു.
‘ശ്രീദേവി’
ചിരുതേയിയുടെ ഉള്ളിൽ നിന്നൊരാൾ പറഞ്ഞു. പേന പിടിച്ച അവരുടെ ഇടങ്കൈയ്യൊന്ന് വിറച്ചു.
അടുത്ത നിമിഷം ചിരുതേയി വലുങ്ങനെ എഴുതി.
‘പി. ചിരുതേയി, നാലാംതരം.!’
1. കൈ കൊണ്ട് വിതച്ച വിത്തുകൾ കണ്ണുകൾ കൊണ്ട് പെറുക്കിയെടുക്കുന്നു – ഉത്തരം – അക്ഷരങ്ങൾ

