Home / ലേഖനങ്ങള്‍  / പാട്ടിനും പറച്ചിലിനും ഇടയിൽ

പാട്ടിനും പറച്ചിലിനും ഇടയിൽ

മലയാള ഗാനശാഖയെ കുറിച്ചും പുതിയ തലമുറയുടെ, വലിയ തുറവിയുള്ള സംഗീതാസ്വാദന ലോകത്തെക്കുറിച്ചും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന അതിന്റെ നൂതനവഴികളെക്കുറിച്ചും സംഗീത സംവിധായകൻ ബിജിപാൽ എഴുതുന്നു

Bijipal

ഈണവും വരികളും എന്ന രണ്ടു രൂപങ്ങൾ ചേർന്നാൽ പാട്ട് എന്ന ഒറ്റ രൂപമായി. അത് വീണ്ടും കീറി രണ്ടാക്കുക എന്നത് ആസ്വാദനത്തിനു ചേർന്ന ഒരു പ്രക്രിയ അല്ല. എന്നാൽ വിശകലനം ചെയ്യാൻ രണ്ടായിക്കാണുകയും ചെയ്യാം. “ഈണം കൊള്ളാം വരി കൊള്ളില്ല” അതുപോലെ മറിച്ചും എക്കാലത്തും ഗാന”നിരൂപകർ” പറഞ്ഞു കേൾക്കാറുണ്ടല്ലോ. പരമ്പരാഗത ഗാനനിരൂപകർ പക്ഷെ വരികളുടെ അർത്ഥവും അർത്ഥഭംഗവും ആണ് പൊതുവെ വിലയിരുത്തിക്കാണാറ്. നല്ല പാട്ട് മോശം പാട്ട് എന്ന ഒന്നുണ്ടോ?  സമഗ്രമായി നോക്കിയാൽ അങ്ങനെയൊന്നില്ലെന്ന് കാണാം. അത് ഓരോരുത്തരുടെയും ആസ്വാദനനിലവാരത്തെ ആശ്രയിച്ചാണ്. ഒരാൾക്ക് നല്ലത് മറ്റൊരാൾക്ക് മോശമാകാം. സംഗീതാഭിരുചിയും പഠനവും ഉള്ള ഒരാൾ പാട്ടിന്റെ സംഗീതം ശ്രദ്ധിക്കും. അയാളുടെ ജ്ഞാനനിലവാരത്തിന് ഒത്തുപോകുന്നുവോ എന്ന് പരിശോധിക്കും. സാഹിത്യാഭിരുചിആണെങ്കിൽ പാട്ടിലെ കവിത തപ്പും. എന്നാൽ പാട്ടിന് മറ്റൊരു പ്രധാനധർമ്മം കൂടിയുണ്ട്. അത് നൽകുന്ന അനുഭവം, അല്ലെങ്കിൽ അനുഭൂതി. ഈണവും വരികളും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു രസതന്ത്രം. അത് നൽകുന്ന ഒരു വൈകാരികാനുഭവം. ആ തലത്തിൽ ആസ്വദിക്കുന്ന ഒരാൾക്ക് പാട്ടിന്റെ ഉപരിപ്ലവമായ നിലവാരം ഒരു പ്രശ്നമല്ല.

ഈ രസതന്ത്രം കേവലം വരിയും ഈണവും കൊണ്ട് മാത്രം സൃഷ്ടിക്കപ്പെടുന്നതല്ല. എന്നാൽ അതിനപ്പുറം പാട്ടിന്റെ സ്വഭാവം, വിഷയം, പശ്ചാത്തലസംഗീതം, ആലാപനം, ആസ്വാദകന്റെ മാനസികാവസ്ഥ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഈടാക്കും. ഒരു നിരീക്ഷകൻ എന്ന നിലയിൽ പാട്ടിന്റെ ഈണത്തിന്റെ അല്ലെങ്കിൽ അതിലെ സംഗീതത്തിന്റെ ഇടപെടലിന്റെ തോത് പല നിലകളിലാവാം. അതി,ൽ പാട്ടുകൊണ്ട് പറയാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. “കായലരികത്ത്വലയെറിഞ്ഞപ്പം” എന്ന പാട്ട് മാപ്പിളശൈലിയിൽ ചൊല്ലിത്തീർക്കുന്ന രീതിയിലാണ് രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയത്. പി ഭാസ്കരൻ മാസ്റ്റർ എഴുതിയപ്പോൾ തന്നെ അത് താളനിബദ്ധവും സംഗീതാത്മകവും ആണ്. അതിന് ആഴമുള്ള സംഗീതത്തിന്റെആവരണം ആവശ്യമില്ല. എന്നാൽ “നാദബ്രഹ്മത്തിൻ സാഗരം” എന്ന പാട്ട് നാദത്തെക്കുറിച്ചുള്ള ഒരു ക്ലാസ്സിക്കൽ ലിറിക്‌സ് ആണ്. അതിനാൽ അത് വിവിധരാഗങ്ങളിലുള്ള ഈണങ്ങളാൽ സമ്പന്നമാണ്. “കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ” എന്ന് ഒരു ആസ്വാദകൻ പാടുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ അയാൾക്ക് കല്പനാകാകളിയോ സ്വപ്നചകോരങ്ങളോഎന്താണെന്നത് പ്രശ്നമാകണമെന്നില്ല. അയാൾക്കതറിയണമെന്നു പോലും നിർബന്ധമില്ല . എന്നാലും ആ പാട്ട് അയാൾ ആസ്വദിക്കുകയും പാടുകയും ചെയ്യും. ആ പാട്ട് പാടിയ ശ്രീ യേശുദാസ് എന്ന മഹാഗായകൻ മുതൽ അത് നൂറായിരം വേദികളിൽ പാടിയ ആയിരക്കണക്കിന് പാട്ടുകാരിൽ എത്രപേർ അതിന്റെ അർത്ഥംചികഞ്ഞുകാണും. ആ പാട്ടിലെ കല്പനയുടെ സൗന്ദര്യം അതന്വേഷിക്കുന്നവർക്കേ കിട്ടൂ. അപ്പോൾ ഇവിടെ ക്ലാസ്സിക്കൽ സംഗീതത്തിന്റെ ഗരിമയാണ് ആ ഗാനത്തെ ആസ്വാദകനിലേക്ക് അടുപ്പിക്കുന്നത്, വരികളുടെ ഔന്നത്യം അത് പരിശോധിക്കുന്നവരെസന്തോഷിപ്പിക്കുകയും ചെയ്യും.Dance Moves

മലയാളചലച്ചിത്രങ്ങളിൽ അറുപതുകളിലുംഎഴുപതുകളിലും ഒക്കെയായി ഇറങ്ങിയ പാട്ടുകളിൽ ഏറിയ പങ്കും സ്വതന്ത്രതലത്തിൽ പാട്ടുകളായി മാത്രം ആസ്വദിക്കപ്പെട്ടവയാണ് എന്ന് പറഞ്ഞാൽ പക്ഷം ചേരാൻ ആളുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. എല്ലാം അല്ലെന്ന് കൂടെ പറയട്ടെ. ഭാർഗ്ഗവീനിലയത്തിലെയും കള്ളിച്ചെല്ലമ്മയിലെയും ചെമ്മീനിലെയും നദിയിലെയും മറ്റും പാട്ടുകൾ സിനിമയിൽ നിന്ന് അടർത്തിമാറ്റാൻ പറ്റുകയുമില്ല. പിന്നീട് വന്ന സിനിമാപ്പാട്ടുകൾ നമുക്ക് പരിശോധിച്ചാൽ പല പാട്ടുകളും ലളിതവൽക്കരിച്ചതായികാണാനാകും. പാട്ടുഭാഷയിൽ അന്നുവരെ നിലനിന്നിരുന്ന കാവ്യസ്വഭാവത്തിൽ അയവ് വന്നതായി അറിയാനാകും. ഹിന്ദി പാട്ടുകളും തമിഴ് പാട്ടുകളും അരങ്ങുവാഴുന്ന കാലത്ത് അതേ ലാളിത്യത്തിൽ മലയാളം പാട്ടുകൾ സൃഷ്ടിക്കാൻ ശ്രമിച്ച് ചില അവസരങ്ങളിൽ പരാജയപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവിടെയൊക്കെ വിലയിരുത്തപ്പെട്ടത് പാട്ടുകളുടെ വരികളാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. എന്നാൽ തലമുറ മാറുന്നതോടെ പിന്നീട് വന്ന തലമുറ എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ന അന്വേഷണം ചെന്നെത്തുന്നത് പുതിയ തലമുറയുടെ വലിയ തുറവിയുള്ള ഒരു ആസ്വാദനത്തിന്റെ ഇടത്തിലാണ്.

ലോകത്തിന്റെ നാദചലനങ്ങൾ ചൂണ്ടുവിരലിന്റെ ഒരു ഇടംക്ലിക്കിന്റെ ചിലവിൽ സ്വായത്തമാക്കുന്ന യുവതയെ പാട്ട് കൊണ്ട് തൃപ്തിപ്പെടുത്തുക എന്നത് ഒരേസമയം ശ്രമകരവും അതേ സമയം ഉത്സാഹജനകവും ആയി. അവർ സംസാരിക്കുന്ന ഭാഷ ഇന്ത്യൻ അടക്കമുള്ള ആഗോള സംഗീതത്തിന്റെ ഈണത്തിൽ കേട്ടപ്പോൾ അവർ കയ്യടിച്ചു. അവർക്ക് പരിചയമുള്ള കഥാപാത്രങ്ങൾ സംസാരിക്കുന്ന ഭാഷ പാട്ടിന്റെ ഭാഷ കൂടിയായപ്പോൾ അവർ അത് മൂളിനടക്കാൻ തുടങ്ങി. ലോക പോപ്പ് സംഗീതത്തിൽ നിരന്തരം നടക്കുന്ന genre മാറ്റങ്ങൾ സ്വന്തം നിലയിൽ എല്ലാ മുക്കിലും മൂലയിലും പരീക്ഷിക്കപ്പെടാൻ തുടങ്ങി. കേട്ടുപരിചയിച്ച ശീലുകളിൽ നിന്ന് മാറി മറ്റൊരു പാറ്റേൺ കേൾക്കുമ്പോൾ കൗതുകം ഉണ്ടായി. Hip-Hop അടക്കം ലോകത്തു പലയിടങ്ങളിലായി ഉടലെടുത്ത സംഗീതശൈലികൾ നമ്മുടെ നാട്ടിലെ യുവഗാനനിർമ്മാതാക്കൾ ആവിഷ്കരിച്ചു തുടങ്ങി. അതിനൊക്കെ വലിയ സ്വീകാര്യതയും ലഭിച്ചു. സിനിമ പോലെ ജനപ്രിയമായ ഒരു സംഗീതശാഖയിൽ അതിന്റെ വാണിജ്യസാധ്യതകളുംപ്രസക്തിയുള്ളതാണ്. ഇന്നത് യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് പോലെ സമൂഹമാധ്യമകേന്ദ്രീകൃതമാണ്. ഇൻസ്റ്റന്റ് ആയി ആസ്വാദകരെ ആകർഷിക്കുന്നട്രാക്കുകൾക്ക് ആവശ്യക്കാർ ഏറി. സ്ഥായീസ്വഭാവമുള്ള ഗാനങ്ങൾ പിന്നോക്കം പോയി. ഒരാഴ്ചയോ ഒരു മാസമോ ആയുസ്സുള്ള പൊട്ടെൻഷ്യൽ പാട്ടുകൾ ആദ്യസ്ഥാനങ്ങൾ കയ്യടക്കി.

മലയാളഗാനങ്ങൾ ഉൾപ്പെടുന്ന ചെറിയൊരു ഗാനമാർക്കറ്റിന് എല്ലാത്തരംgenreകളെയും ഒരേ സമയം താങ്ങാനുള്ള കെല്പില്ലാത്തതിനാലാവാം topten പാട്ടുകളിൽ പത്തും റാപ് ഗാനങ്ങൾ കയറിക്കൂടുന്ന ഒരു വഴക്കം ഇപ്പോൾ പ്രകടമാണ്. പല സൊകോൾഡ് മെലഡികൾക്കും  ഇൻസ്റ്റന്റ് ഹിറ്റുകൾ സൃഷ്ടിക്കാനുള്ള ശക്തി കാണാറില്ല. എന്നാൽ സമയമെടുത്ത് അത്തരം ട്രാക്കുകൾക്ക് പ്രചാരം കിട്ടുന്നതായും കാണാം. പോപ്പുലർ ഗാനശാഖ കേവലം കലയുടെ അളവുകോൽ കൊണ്ട് അളക്കാവുന്നതല്ല, എന്നാൽ ഏറ്റവും സാധ്യതയുള്ള ഒരു ആസ്വാദകസമൂഹത്തെ ഒരു ഞൊടി നേരം കൊണ്ട് ആകർഷിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ട ഒരു വ്യാപാര ഘടനകൂടിഅതിനുണ്ട്. ഒന്നും ചെറുതോ അല്പമോ അല്ല. പഴയതുകൾ നല്ലതാണ് പക്ഷെ പഴയതാണ്. പുതിയതുകളുടെ വഴികൾ ആർക്കും കൊട്ടിയടക്കാനാകില്ല. കാരണം അവ യുവതയുടേതാണ്.

Author Photo
ബിജിപാൽ

സംഗീതസംവിധായകൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT