Home / ഇന്റര്‍വ്യൂ  / യെച്ചൂരിയെ ഓർക്കുമ്പോൾ…

യെച്ചൂരിയെ ഓർക്കുമ്പോൾ…

യെച്ചൂരിയെ ഓർക്കുമ്പോൾ എന്ന ഈ സെക്ഷനിൽ യെച്ചൂരിയോടൊപ്പം വിദ്യാർത്ഥി കാലഘട്ടത്തിൽ ദീർഘകാലം സഹപ്രവർത്തകരായിരുന്ന രണ്ട് വ്യത്യസ്ത മേഖലയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മുടെ വിശിഷ്ടാതിഥികൾ; ശ്രീ എം എ ബേബിയും ശ്രീ റാം റഹ്മാനും. സഖാവ് സീതാറാം യെച്ചൂരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ആ വിടവ് നമ്മളെയെല്ലാം

യെച്ചൂരിയെ ഓർക്കുമ്പോൾ എന്ന ഈ സെക്ഷനിൽ യെച്ചൂരിയോടൊപ്പം വിദ്യാർത്ഥി കാലഘട്ടത്തിൽ ദീർഘകാലം സഹപ്രവർത്തകരായിരുന്ന രണ്ട് വ്യത്യസ്ത മേഖലയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മുടെ വിശിഷ്ടാതിഥികൾ; ശ്രീ എം എ ബേബിയും ശ്രീ റാം റഹ്മാനും. സഖാവ് സീതാറാം യെച്ചൂരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ആ വിടവ് നമ്മളെയെല്ലാം ആഴത്തിൽ മുറിവേൽപിച്ചിരിക്കുന്ന ഒന്നാണ്. സഖാവ് എം എ ബേബി അദ്ദേഹം എഡിറ്റ് ചെയ്ത സീതാറാം യെച്ചൂരി – ഓർമ്മ അനുഭവം രാഷ്ട്രീയം എന്ന പുസ്തകത്തിൽ ആമുഖത്തിൽ യെച്ചൂരിയെക്കുറിച്ച് അടയാളപ്പെടുത്തിയിരിക്കുന്ന വാക്കുകൾ തന്നെ പറഞ്ഞുകൊണ്ട് നമുക്ക് ചർച്ച ആരംഭിക്കാം, എന്നാണ് തോന്നുന്നത്. “ജീവിതം കൊണ്ട് വ്യത്യസ്ത പാഠങ്ങൾ നൽകിയവർ മരണാനന്തരം ഓർമ്മിക്കപ്പെടും ചർച്ച ചെയ്യപ്പെടും’…. അനുഭവത്തെ ചേർത്തുനിർത്തിക്കൊണ്ടാണ് യെച്ചൂരിയെ ഓർമ്മിപ്പിക്കുമ്പോൾ എന്ന ഈ സെക്ഷൻ നമ്മൾ ആരംഭിക്കുന്നത്. പ്രഭാത് പട്നായിക് യെച്ചൂരിയുടെ അധ്യാപകനായിരുന്നു. അദ്ദേഹം യെച്ചൂരിയെ ഓർമിച്ചത് “നമ്മുടെ കാലത്തെ കമ്മ്യൂണിസ്റ്റ് എന്നാണ്’. യെച്ചൂരിയുടെ മരണശേഷം കോൺഗ്രസ് നേതാവായ സോണിയ ഗാന്ധി അദ്ദേഹത്തിന്റെ അനുസ്മരണക്കുറിപ്പിൽ അടയാളപ്പെടുത്തിയത് ഇന്ത്യക്ക് നഷ്ടപ്പെട്ടത് മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ ഹൃദയതാളമാണ് എന്നാണ്.

റാം റഹ്മാൻ : ഞാനും സഖാവ് ബേബിയും ചേർന്ന് പ്രസിദ്ധീകരിക്കുന്ന  പുസ്തകം സഖാവ് യെച്ചൂരിയുടെ ഓർമ്മയ്ക്കു മുന്നിൽ ഞങ്ങളുടെ ട്രിബൂട്ട് ആണ്. The fight for the republic എന്നതാണ് പുസ്തകം. അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. പ്രഭാത് പട്നായക് ആണ്. The reflections on culture Media and science, (മറ്റൊന്നുകൂടി). Rss ന്റെയും സംഘപരിവാറിന്റെയും വർഗീയരാഷ്ട്രീയത്തിന്റെ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായി എതിർത്തുകൊണ്ടുള്ള  പുസ്തകം ആണ്.

വിജിൻ: സഖാവ് യെച്ചൂരിയുടെ സാഹിത്യ -സാംസ്‌കാരിക രംഗത്തുള്ള സംഭാവനകൾ എന്തൊക്കെയാണ്.. ?

എം എ ബേബി : ഞാൻ വളരെ ചുരുക്കത്തിൽ പറയാൻ ആഗ്രഹിക്കുന്നത്, സീതാറാം യെച്ചൂരി 1979ഫെബ്രുവരി മാസം പാട്നയിൽ വച്ചു നടന്ന എസ് എഫ് ഐ യുടെ മൂന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ വച്ചാണ് എസ് എഫ് ഐ യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേ സമ്മേളനത്തിൽ വച്ചാണ് ബംഗാളിൽ നിന്നുമുള്ള നേപ്പാൾ ഭട്ടാചാര്യ എസ് എഫ് ഐ യുടെ ജനറൽ സെക്രട്ടറി ആയി വരുന്നത്. അന്നുണ്ടായിരുന്ന ബംഗാളിൽ നിന്നുമുള്ള സൈഫുദീൻ ചൗധരി പിന്നീട് ലോക്സഭാ മെമ്പർ ആയി മാറി, ലോക്സഭയിൽ വളരെ ശക്തമായി ജനങ്ങളുടെ ശബ്ദം, മതേതരത്വത്തിന്റെ ശബ്ദം ഉയർത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല, പിന്നെ കേരളത്തിൽ നിന്നും ഞാൻ, സോഹൈൽ ഹാംഷി അദ്ദേഹവും ഞങ്ങളുടെ കൂടെ അഖിലേന്ത്യാ നേതൃത്വത്തിൽ ഉണ്ടായിരുന്നു. 1979 ഫെബ്രുവരി മുതൽ ഞാനും നേതൃത്വത്തിൽ പ്രവർത്തിച്ചു.  അഞ്ചുവർഷത്തോളം അത് തുടർന്നു. അതിനു ശേഷമാണ്, ഞാൻ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ സീതാറാം എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.  ഇന്ന് അദ്ദേഹത്തിനുണ്ട് എന്ന് നാം മനസിലാക്കിയ ബഹുമുഖമായ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ടു സി പി ഐ എം പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് കേന്ദ്ര കമ്മറ്റിയിലേക്ക് യെച്ചൂരിയെ ക്ഷണിച്ചു. കേന്ദ്രസെക്രട്ടറിയേറ്റ് എന്ന ഒരു സംവിധാനം ആദ്യമായി ഉണ്ടാക്കി. അതിലെ അംഗമായി പോളിറ്റ് ബ്യൂറോയിൽ അദ്ദേഹം ആദ്യം തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 1992ഇൽ നടന്ന മദിരാശി സമ്മേളനത്തിൽ വച്ചാണത്.  ആ സമ്മേളനത്തിൽ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും ഉണ്ടായ തിരിച്ചടികളെ പറ്റി സി പി ഐ എമ്മിന്റെ വളരെ പ്രാധാനപ്പെട്ട ഒരു പ്രത്യയശാസ്ത്രരേഖ ; അത് മദിരാശി പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള ചുമതല യുവാവായ സഖാവ് സീതാറാം യെച്ചൂരിയ്ക്കായിരുന്നു.  അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് ഇഎംഎസ് തിയറിറ്റീഷ്യൻ ആയിരുന്നു. ഇങ്ങനെ  തലമുതിർന്ന പല നേതാക്കന്മാരും പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും ആ ഉത്തരവാദിത്യം ഏൽപ്പിച്ചത്  സീതാറാം യെച്ചൂരിയെ ആയിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സംഭാവനകൾ പൊതുസമൂഹത്തിന്  അറിയാവുന്നതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇവിടെ സഖാവ്  റാം റഹ്മാൻ ചൂണ്ടി കാണിച്ചതുപോലെ  വർഗീയതയ്ക്കെതിരായുള്ള യെച്ചൂരിയുടെ പോരാട്ടമാണ്. ആർഎസ്എസും സംഘപരിവാറും ആഹ്വാനം ചെയ്ത ഹിന്ദു രാഷ്ട്രം എന്ന സങ്കല്പത്തെ അദ്ദേഹം പൂർണമായി എതിർത്തു. ഒരു സമർപ്പിത പ്രതിബദ്ധതയോട് കൂടി  വർഗീയ ഹിന്ദു രാഷ്ട്രത്തെയും  ഹിന്ദുയിസത്തെയും തമ്മിൽ വേർതിരിച്ചു. ഹിന്ദു മതത്തിൽ വിശ്വസിക്കുന്നത് ഇസ്ലാമിൽ വിശ്വസിക്കുന്നതുപോലെ ക്രിസ്തുവിൽ വിശ്വസിക്കുന്നതുപോലെ പ്രത്യേകിച്ച് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാതെ ഇരിക്കുന്നതുപോലെ സ്വാതന്ത്ര്യമുള്ള പൗരന് സ്വാതന്ത്ര്യമുള്ള ഒന്നാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റൊരു ഹിന്ദു പാക്കിസ്ഥാൻ രൂപപ്പെടുന്നതിനെതിരെ അദ്ദേഹം പ്രവർത്തിച്ചു. ജനാധിപത്യത്തിനു വേണ്ടി പ്രവർത്തിച്ചു.

താരികാമി ഇവിടെ സംസാരിച്ചു; ജമ്മു കാശ്മീരിൽ മോഡി ഗവൺമെന്റ് അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട സംവിധാനമെല്ലാം പിരിച്ചുവിട്ടുകൊണ്ട് ജമ്മു കാശ്മീരിനു വേണ്ടി ഒരു പ്രത്യേക അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തി. അന്ന് എംഎൽഎ ആയിരുന്നു താരികാമി . ഇന്ത്യൻ രാഷ്ട്രീയത്തിൽ കാശ്മീരിൽ നിന്നുള്ള പ്രമുഖ നേതാവാണദ്ദേഹം. അവിടുത്തെ മുൻ മുഖ്യമന്ത്രിമാരെയും എംഎൽഎമാരെയും വീട്ടുതടങ്കലിൽ വച്ചുകൊണ്ട് അടിയന്തരാവസ്ഥയെക്കാൾ കടുത്ത ഭീകരാവസ്ഥ സൃഷ്ടിച്ചപ്പോൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി മുന്നോട്ട് പോകുകയും ചെയ്തത് നമുക്കറിവുള്ളതാണ്. അതിൽ സുപ്രീം കോടതിയുടെ വിധി, പക്ഷെ സുപ്രീം കോടതിയുടെ നിലവാരത്തിന് യോജിക്കുന്നത് അല്ല. നിലവാരം കെട്ട ഒരു വിധിയാണ് സുപ്രീംകോടതി ഹേബിയസ് കോർപ്പസ് കേസിൽ നൽകിയത്. ഞാനിന്ന് സുപ്രീംകോടതിയെയും വിമർശിക്കുന്നു.

വീട്ടുതടങ്കലിൽ വച്ച എംഎൽഎമാരെ, മുഖ്യമന്ത്രിമാരെ കാണുവാൻ വേണ്ടിയിട്ട് അകത്തേക്കോ പുറത്തേക്കോ കടക്കുവാൻ കഴിയാത്ത ജമ്മുകാശ്മീരിലേക്ക് ആദ്യമായി കടന്നുചെല്ലുന്നത് സീതാറാം യെച്ചൂരിയാണ്. യെച്ചൂരിയുടെ നിര്യാണം പുരോഗമന ജനാധിപത്യത്തിന്, നമ്മുടെ പാർട്ടിക്ക് – മാത്രമല്ല ഈ രാഷ്ട്രത്തിന് മുഴുവനും ഭരണഘടന മൂല്യങ്ങൾക്കും വേണ്ടി നാം നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങൾക്കൊക്കെയും  തീരാ നഷ്ടമാണ് എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.

റാം റഹ്മാൻ :യെച്ചൂരിയോടൊപ്പം ഒരുപാടനുഭവങ്ങളുണ്ട് ഏറ്റവും ആവേശകരമായി തോന്നിയത് 1981ൽ ഡൽഹിയിൽ വച്ച് ഒരു വിദ്യാർത്ഥി യുവജന സംയുക്ത റാലി നടത്തി. 1980ല്‍  പുരോഗമന യുവജന പ്രസ്ഥാനങ്ങൾ ചേർന്നുകൊണ്ട് ഡിവൈഎഫ്ഐ അഖിലേന്ത്യ തലത്തിൽ രൂപപ്പെട്ടു.  തൊട്ടടുത്ത വർഷം “education for all jobs for all ” എന്ന മുദ്യാവാക്യം ഉയർത്തിക്കൊണ്ട് അതിന്റെ പരമോന്നതയിൽ ഡൽഹിയിൽ ഒരു റാലി നടത്തി. രാഷ്ട്രപതി മന്ദിരത്തിനും പാർലമെന്റിനും ഒക്കെ അഭിമുഖമായി നിൽക്കുന്ന ബോട്ട് ക്ലബ്ബിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തൂവെള്ളക്കൊടിയുമായി വിദ്യാർത്ഥികളും യുവജനങ്ങളും അവിടെ അണിനിരന്നു. ആ പരിപാടി സംഘടിപ്പിക്കുന്നതിൽ സീതാറാമും സഹീൽ ഹാഷിമുമൊക്കെ വളരെ വലിയ പങ്കു വഹിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിഘടന പ്രസ്ഥാനങ്ങൾ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം ഒരു റാലി സംഘടിപ്പിക്കുന്നത്. ഞങ്ങൾ എല്ലാവരും ഇതിൽ പങ്കുകൊണ്ടു എന്നാൽ ഡൽഹിയിൽ ഇത് സംഘടിപ്പിക്കുന്നതിൽ സീതാറാം വളരെ മികച്ച പ്രവർത്തനം കാഴ്ചവച്ചു. അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ല എന്നത് അങ്ങേയറ്റം ദുഃഖകരം തന്നെയാണ്.

ചോദ്യം: ബേബി സഖാവും  യെച്ചൂരിയും വിദ്യാർത്ഥികാലഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തകരുടെ ഏറ്റവും ആവേശകരമായ ഒരു കാലഘട്ടമാണ് വിദ്യാർത്ഥി കാലഘട്ടം. ആ കാലഘട്ടത്തിൽ ഉണ്ടായ ആവേശകരമായ പ്രവർത്തനത്തെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്?

എം എ ബേബി:  അന്നത്തെ അനുഭവങ്ങളിൽ ഏറ്റവും ആവേശകരമായ ഒന്നായി പറയാവുന്നത് 1981-ൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി-യുവജന സംയുക്ത റാലിയാണ്. 1980 നവംബറിൽ, DYFI അഖിലേന്ത്യാതലത്തിൽ “Education for all’ സബ്‌കോ ശിക്ഷ സബ്‌കോ കാം” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ പരമോന്നത ഘട്ടമായിരുന്നു ഡൽഹി റാലി. ബോട്ട് ക്ലബ്, പാർലമെന്റ് മന്ദിരത്തിനും രാഷ്ട്രപതി ഭവനിനും അഭിമുഖമായി നിലകൊള്ളുന്ന അതിവിസ്തൃതമായ പ്രദേശമാണ്.  റാലിയുടെ ദിനത്തിൽ, വിദ്യാർത്ഥികളും യുവജനങ്ങളും തൂവെള്ള കൊടിയേന്തി അണിനിരന്നപ്പോൾ ആ പ്രദേശം മുഴുവൻ സമരമുദ്രാവാക്യങ്ങളുടെ ഗംഭീരതയിൽ മൂടി. അത് ഒരു സെപ്തംബർ മാസമായിരുന്നു. അതിനായി സംഘടനാപ്രവർത്തകർ, പ്രത്യേകിച്ച് സീതാറാം യെച്ചൂരിയും സാഹിൽ ഹാഷ്മിയും വലിയ പങ്ക് വഹിച്ചു. റാലിക്ക് മുന്നോടിയായി വിദ്യാർത്ഥികളെയും യുവാക്കളെയും തലേദിവസം തന്നെ ഡൽഹിയിലെത്തിച്ച് ക്യാമ്പ് ഒരുക്കേണ്ടതുണ്ടായിരുന്നു. അതിനായി റെഡ് ഫോർട്ടിനടുത്ത് ഷാമിയാനകളുമിട്ട് താമസസൗകര്യങ്ങൾ ഒരുക്കി. രാഷ്ട്രീയമായി ഇതിന് ഒരു പ്രത്യേകതയുമുണ്ടായിരുന്നു. ആ കാലത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഘടനപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചിരുന്നു. പഞ്ചാബിൽ ഖാലിസ്ഥാൻ മൂവ്മെന്റും നോർത്ത് ഈസ്റ്റിൽ വിദ്യാർത്ഥി സംഘടനകളുടെ വിഘടനവാദ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളെയും യുവാക്കളെയും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഏകോപിപ്പിച്ച് ഒരു പൊതുജനസമരം സംഘടിപ്പിക്കുക എന്നത് വലിയ രാഷ്ട്രീയപ്രസക്തിയുള്ള നടപടിയായിരുന്നു. ആ കാലത്ത്, സീതാറാം യെച്ചൂരി എഴുതിയ “Students Struggle’ എന്ന ലേഖനം വലിയ പ്രാധാന്യമർഹിച്ചിരുന്നു. ഇന്ത്യയിലെ യുവജന-വിദ്യാർത്ഥി സമരചരിത്രത്തിലെ നിർണായക അധ്യായങ്ങളിൽ ഒന്നായിരുന്നു അത്. എന്തുകൊണ്ട് രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു? എന്തുകൊണ്ടാണ് എല്ലാവർക്കും വിദ്യാഭ്യാസാവകാശം ലഭ്യമാകാത്തത്? എന്നിങ്ങനെ തീർച്ചയായും ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരുന്നു. അന്ന് DYFI-യുടെ അഖിലേന്ത്യാ പ്രസിഡണ്ട് സഖാവ് ഇ. പി. ജയരാജനായിരുന്നു; ഹന്നൻ മൊല്ല ജനറൽ സെക്രട്ടറിയും. SFI-യുടെ ഭാരവാഹികളായ ഞങ്ങളുടെയൊക്കെ നേതൃത്വത്തിൽ ആ പ്രക്ഷോഭം വിജയിപ്പിക്കാൻ സാധിച്ചു. ഇതിൽ  സീതാറാമിന്റെയും സാഹിൽ ഹാഷ്മിയുടെയും സംഭാവന വലിയ പ്രാധാന്യമുള്ളതായിരുന്നു. ഞങ്ങൾ ആ കാലഘട്ടത്തിൽ യാത്രചെയ്ത ദൂരങ്ങൾ എണ്ണാനാകില്ല. പലപ്പോഴും റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം, കൊൽക്കത്തയിൽ നിന്നുള്ള യോഗം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുമ്പോൾ, റിസർവേഷൻ ഇല്ലാത്തതിനാൽ Unreserved Compartment-ലുള്ള luggage booth-ന്റെ മുകളിലാണ് ഇരുന്നത്. ഇന്നത്തെ യുവജന-വിദ്യാർത്ഥി നേതാക്കളും അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്നൊരു ചോദ്യമുണ്ട്. ചിലർ, “റിസർവേഷൻ ഇല്ല, അതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല’ എന്നു പറയുന്നതും കണ്ടിട്ടുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ സീതാറാമുമായി ബന്ധപ്പെട്ട് ഉണ്ട്.

ചോദ്യം : യെച്ചൂരി സഖാവിന്റെ വിയോഗം ഉണ്ടാക്കുന്ന ഒരു ശൂന്യത ഇന്ത്യൻ രാഷ്ട്രീയത്തിലാകെ ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾകൾക്കും അത് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. പക്ഷെ അതെ സമയത്തു തന്നെ  ഒരു തൊഴിലാളി വർഗ രാഷ്ട്രീയത്തെ സംബന്ധിച്ച്, അതിന്റെ ഇനിയുള്ള മുന്നേറ്റത്തെ സംബന്ധിച്ച് യെച്ചൂരിയുടെ ശൂന്യത സൃഷ്ടിക്കുന്ന വിടവ് എങ്ങനെ ആയിരിക്കും?  അതിന്റെ തിയററ്റിക്കൽ വശത്തിനെപ്പറ്റി സഖാവ് എങ്ങനെ സംസാരിക്കുമെന്ന് അറിയാൻ ഒരു കൗതുകം ഉണ്ട്.

എം എ ബേബി: പുരോഗമന പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ച വിപ്ലവഗുണവും സൈദ്ധാന്തികജ്ഞാനവും പ്രവർത്തനപരിചയവും ഒക്കെയുള്ള വ്യക്തികൾ മരിച്ചപ്പോൾ വലിയൊരു ശൂന്യതയാണ് ഉണ്ടായത്. എന്നാൽ, ആരുടെ മരണത്താലാണോ ആ ശൂന്യത ഉണ്ടായത്, അവരുടെ പ്രവർത്തനത്തിലൂടെ വളർന്നുപോന്ന മറ്റു സഖാക്കൾ പ്രവർത്തനരംഗത്ത് ഉണ്ടാവും. കാറൽ മാർക്സും ഏംഗൽസും മരിച്ചതോടെ ലോകത്തിലെ വിപ്ലവപ്രസ്ഥാനം അനാഥമായില്ല. ലെനിനും ബോൾഷെവിക്കുകളും മാവോയും അങ്ങനെയുള്ള നേതാക്കന്മാർ ഉയർന്ന് വരികയും വിപ്ലവപ്രസ്ഥാനങ്ങൾക്ക് പുതിയ ദിശയാഴ്ച നൽകുകയും ചെയ്തു.   ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷപ്രസ്ഥാനത്തിന് ചില പരിമിതികൾ ഉണ്ടെങ്കിലും, പി. സുന്ദരയ്യ ഒരു അതുല്യനായ വിപ്ലവനായകനായിരുന്നു. തെലങ്കാന സായുധസമരത്തിന്‍റെ നായകനായ അദ്ദേഹം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അദ്ദേഹത്തിന് ശേഷം, ഇ. എം. എസ്. നേതൃത്വം ഏറ്റെടുത്തു. നാം ജീവിക്കുന്ന കാലം ഒരു തലമുറമാറ്റത്തിന്റേതാണ്. ഹർകിഷൻ സിംഗ് സുർജിത് ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ, ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ ദേശീയ സമരത്തിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു പാർട്ടിയുടെ മുഖ്യനേതൃത്വത്തിൽ. എന്നാൽ, അദ്ദേഹത്തിന് ശേഷം വന്നത് സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് വളർന്ന സീതാറാം യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും പോലെയുള്ളവരാണ്. അതിനാൽ ചില പ്രശ്നങ്ങളും പരിമിതികളും പാർട്ടിക്ക് ഉണ്ടെങ്കിലും  Mr. Time will not stand still കാലം തുടർച്ചയായി മുന്നോട്ടു പോവുകയാണ്. പഴയ തലമുറയിലെ മഹാനേതാക്കളോട് സമാനമായി നിലകൊള്ളാൻ കഴിയുന്നവർ ഇല്ലെങ്കിലും, പുതിയ തലമുറയിൽ നിന്നുള്ളവർ ആ ദൗത്യത്തിന് അർഹരാകാൻ പരിശ്രമിക്കേണ്ടതുണ്ട്. ശൂന്യത നിലവിലുണ്ടാകും, എന്നാൽ അതു നിറയ്ക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതുമാണ്. അതിനായി സ്വയം സജ്ജരാവുക എന്നതാണ് പരിഹാരം.

(തയ്യാറാക്കിയത് : ആതിര ഐ.ടി., ശ്രുതി ജെയിംസ്)

Author Photo
Nil

Nil

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT