Home / ലേഖനങ്ങള്‍  / വൈവിധ്യമുള്ള ഒന്നും ഇവിടെ ഉണ്ടാകാൻ പാടില്ല എന്നാണ് അവർ ആഗ്രഹിക്കുന്നത്

വൈവിധ്യമുള്ള ഒന്നും ഇവിടെ ഉണ്ടാകാൻ പാടില്ല എന്നാണ് അവർ ആഗ്രഹിക്കുന്നത്

യുവധാര യൂത്ത് ലിറ്ററേച്ചർ രണ്ടാം എഡിഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കനിമൊഴി എം.പി. നടത്തിയ പ്രസംഗം

Kanimozhi

കേരളത്തിലെ എന്റെ സഹോദരി സഹോദരന്മാരെ,

ആദ്യമേ ഇങ്ങനെ ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ നടത്താൻ മുൻകൈയെടുത്ത DYFI യിലെ ഓരോ യുവാക്കളെയും ഞാൻ അഭിനന്ദിക്കട്ടെ. വൈവിദ്ധ്യങ്ങളെ ആഘോഷിക്കുക എന്നതാണ് ഈ സാഹിത്യോത്സവത്തിന്റെ ടാഗ് ലൈൻ. എന്നാൽ ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾ വൈവിധ്യങ്ങളെ ആഘോഷിക്കുക മാത്രമല്ല, വൈവിദ്ധ്യങ്ങളെ സംരക്ഷിക്കുക കൂടിയാണ്. ഇന്ന് കേന്ദ്രസർക്കാരും സംഘപരിവാരശക്തികളും മുഴുവൻ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇവിടത്തെ വൈവിധ്യത്തെയാണ്. വൈവിധ്യമുള്ള ഒന്നും ഇവിടെ ഉണ്ടാകാൻ പാടില്ല എന്നാണ് അവർ ആഗ്രഹിക്കുന്നത്. വ്യത്യസ്തമായ നിലപാടുകൾ ഇവിടെ ഉണ്ടാകാൻ പാടില്ല. വ്യത്യസ്തമായ സാഹിത്യം ഇവിടെ ഉണ്ടാകാൻ പാടില്ല. ഭാഷാവൈവിദ്ധ്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നാണ് അവർ ആഗ്രഹിക്കുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്നെ അത് തങ്ങളുടെ അനുവാദത്തോട് കൂടി തങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്ര മുഖാന്തരമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് അവർ പറയുന്നു. ഇപ്പോൾ അവർ എന്താണ് ചെയ്യുന്നത്. ഒന്ന് നോക്കൂ, ഒരു ഭാഷ അതായത് ഹിന്ദിഭാഷ അവർ നമുക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഞങ്ങളുടെ സംസ്ഥാനം പലവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടു ഭാഷ മതി. തമിഴും ഇംഗ്ലീഷും. ആർക്കെങ്കിലും ഹിന്ദി പഠിക്കണമെന്നുണ്ടെങ്കിൽ പഠിക്കാം, അത് സംസാരിക്കാം. എന്നാൽ ആ ഭാഷയെ ഞങ്ങളുടെമേൽ അടിച്ചേൽപിക്കാൻ അനുവദിക്കില്ല. കഴിഞ്ഞ കുറെ കാലങ്ങളായി ഞങ്ങൾ ഇത് എതിർത്തുകൊണ്ടിരിക്കുന്നു. ഇനിയും എതിർക്കും. കാരണം ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ രൂപപ്പെടുത്താൻ കഴിയില്ല. ഹിന്ദി പഠിച്ചാൽ മാത്രമേ എല്ലാം നടക്കൂ, ഹിന്ദിയിലൂടെ മാത്രമേ എല്ലാ മനുഷ്യരും ഒന്നാകൂ എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഞാനൊന്ന് ചോദിക്കട്ടെ, എത്ര ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്ക് ഞങ്ങളുടെ ഭാഷ അല്ലെങ്കിൽ ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴോ മലയാളമോ തെലുങ്കോ കന്നടയോ സംസാരിക്കാൻ അറിയാം? അവർക്ക് അറിയില്ല. അവർ നമ്മുടെ ഭാഷ പഠിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ അവരുടെ ഭാഷ നമ്മൾ പഠിക്കണമെന്ന് പറയുന്നു. ഇതും ഒരു തരം എകാധിപത്യമാണ്. അധികാരപ്രയോഗമാണ്. കാരണം അവർക്ക് അറിയാവുന്നത് ഹിന്ദി എന്ന ഒറ്റഭാഷയാണ്. അതുപയോഗിച്ച് അവർക്ക് അവരുടെ രാഷ്ട്രീയനിലപാടുകൾ നമുക്കുമേൽ അടിച്ചേൽപ്പിക്കണം. അതിനാണ് അവർ നമ്മൾ ഹിന്ദി പഠിക്കണമെന്ന് നിർബന്ധം പിടിക്കുന്നത്.Inaugration

വൈവിധ്യം നിറഞ്ഞ നമ്മുടെ സംസ്കാരത്തെയും അവർ ഇതേ രീതിയിലാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. സാംസ്‌കാരികമായ വൈജാത്യങ്ങൾ ഇവിടെ പലയിടങ്ങളിൽ ഉണ്ട്. വ്യത്യസ്ത ജാതിമതവിശ്വാസത്തിൽ പെട്ടവർക്ക് അവരുടെ സംസ്കാരവും പാരമ്പര്യവും ഉണ്ട്. അതിനെയും അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അവർക്ക് വേണ്ടത് വൈവിധ്യങ്ങളില്ലാത്ത ഏകമുഖമായ ഒരു ഇന്ത്യയെയാണ്.

ഇത് തിരിച്ചറിയുന്നുണ്ട് ഇന്നത്തെ യുവാക്കൾ. അതുകൊണ്ടാണ് അവർ വൈവിധ്യങ്ങളുടെ ആഘോഷമാക്കി ഈ സാഹിത്യോത്സവത്തെ മാറ്റുന്നത്. പുതുതലമുറ മനസ്സിലാക്കണം, നമ്മൾ എങ്ങനെയാണ് ഇവിടംവരെ എത്തിയതെന്ന്. പ്രത്യേകിച്ച് കേരളത്തിലുള്ളവർ മനസ്സിലാക്കണം. കേരളത്തിലെ ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം എല്ലാം ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഒറ്റരാത്രി കൊണ്ടല്ല നമ്മൾ ഇവിടെ എത്തിയത്. ആരെങ്കിലും വന്ന് നമ്മളെ അനുഗ്രഹിച്ചിട്ടുമല്ല നമ്മൾ മുന്നോട്ട് നടന്നത്. മഹാരഥന്മാരായ നമ്മുടെ പൂർവികനേതൃത്വം നന്നായി പോരാടിയാണ് നമുക്ക് ഇത് നേടി തന്നത്. നമ്മുടെ മുൻഗാമികൾ നമ്മളെ വിദ്യാസമ്പന്നരാക്കി. നമ്മുടെ ചിന്തയെ അവർ മാറ്റിമറിച്ചു. അവകാശങ്ങളെ കുറിച്ച് നമ്മളെ ബോധവാന്മാരാക്കി. നമ്മൾ എന്തിനുവേണ്ടി നിലക്കൊള്ളണമെന്നും എന്തിൽ വിശ്വസിക്കണമെന്നും അവർ നമ്മെ പഠിപ്പിച്ചു.

ഇന്ന് കേന്ദ്രസർക്കാർ ഏകമുഖമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ ഏകദേശം ഡിജിറ്റൽ മാധ്യമങ്ങളും ഇന്ന് അവരുടെ കയ്യിലാണ്. അതുകൊണ്ട് മാത്രം, നമ്മുടെ ഭാവി അവരുടെ കയ്യിലാണെന്ന് അവർ കരുതരുത്. അവിടെയാണ്  ഈ യുവാക്കൾ നമുക്ക് വലിയ പ്രതീക്ഷ തരുന്നത്. അവർ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നു. പുസ്തകങ്ങൾ വായിക്കുന്നു. പുസ്തങ്ങളിലേക്ക് തിരിച്ചു നടക്കുന്നു. എന്താണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച നല്ല ബോധ്യമുള്ളവരായി ജീവിക്കുന്നു.

Kanimozhi (M P)

കനിമൊഴി (എം പി)

ഈ യുവാക്കൾ സാമൂഹികമാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്ന യുവത്വം അല്ലെന്ന് വ്യക്തമാണ്. പുസ്തകവായനയിലേക്ക് കൂടി അവർ കടക്കുന്നു. അവർ അവരുടെ വേരുകൾ തിരിച്ചറിയുന്നു. അവരുടെ പോരാട്ടത്തിന്റെ പാതകൾ മനസ്സിലാക്കുന്നു. അവരുടെ സ്വത്വം അവർ തിരിച്ചറിയുന്നു. നാടിന്റെ പ്രശ്നങ്ങൾ നിരന്തരം അഭിസംബോധന ചെയ്യാൻ അവർ ശ്രമിക്കുന്നു. തൊഴിലില്ലായ്മയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നു. അതിനെതിരെ പോരാടുന്നു. പാരിസ്ഥിതികപ്രശ്നങ്ങൾ, കാലാവസ്ഥാവ്യതിയാനം എന്നിവയെപ്പറ്റി അനേകം ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇതൊന്നും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ലെങ്കിലും എന്നും പോരാട്ടത്തിന്റെ പാതയിൽ നിൽക്കുന്ന ഈ യുവാക്കളെ ഓർത്ത് അഭിമാനം തോന്നുന്നു.

(വിവർത്തനവും തയ്യാറാക്കലും : ഡി. അനിൽകുമാർ)

Author Photo
ഡി. അനിൽകുമാർ

കവി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT