Home / ഭൂമിമലയാളം  / അമ്പത്താറ് കളിയിലെ ട്രമ്പും ഗുലാനും

അമ്പത്താറ് കളിയിലെ ട്രമ്പും ഗുലാനും

ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ ഒരു കുത്ത് ശീട്ടു കൂടി ചേർത്ത് കളി അമ്പത്താറാക്കും. വിലയുള്ള ശീട്ടുകളുടെ ആകെത്തുകയാണത്. ഗുലാന്

ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ ഒരു കുത്ത് ശീട്ടു കൂടി ചേർത്ത് കളി അമ്പത്താറാക്കും. വിലയുള്ള ശീട്ടുകളുടെ ആകെത്തുകയാണത്. ഗുലാന് മൂന്ന്, ഒമ്പതിനു രണ്ട്, ആസിനും പത്തിനും ഒന്ന് വെച്ച് മൊത്തം ഏഴ്. രണ്ട് കുത്തിൽ പതിനാലു വെച്ച് ഹാർട്സും ഇസ്പേഡും ക്ലാവറും ഡയമണ്ടുമായി നാലു ഗുണം അമ്പത്തിയാറ്. അതിൽ ആത്മവിശ്വാസമായവർക്കാണ് അമ്പത്തിയാറ് സപ്പോർട്ട്. കയ്യിലുള്ള ശീട്ട് വിളിച്ചു പറഞ്ഞുള്ള കളിയാണ്. കള്ളവിളിയുമാവാം. അതിലെ അതിനിഗൂഢമായ ഉദ്ദേശലക്ഷ്യങ്ങൾ വിശകലനം ചെയ്ത് കൗശലപൂർവം കളിക്കുന്നവർക്കാണ് വിജയം.
അന്താരാഷ്ട്രനയതന്ത്രബന്ധങ്ങളും യുദ്ധവും സമാധാനവുമൊക്കെ പലപ്പോഴും അങ്ങനെയൊരു സപ്പോർട്ട് കളിയാണ്. സൈനികശക്തിയും രാഷ്ട്രീയതാല്പര്യങ്ങളുമൊക്കെ രാഷ്ട്രങ്ങൾക്കിടയിൽ പരസ്യമായ രഹസ്യങ്ങളാണ്. പലപ്പോഴും രഹസ്യങ്ങൾ പരസ്യമാക്കുന്നതും ഒരു അടവുനയമാണ്. പക്ഷെ അതിലൊക്കെ കളിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിക്കണം എന്നൊരു നാട്ടുനടപ്പുണ്ട്.
ആ നാട്ടുനടപ്പാണ് നമ്മുടെ അമ്പത്താറിഞ്ചുകാരൻ ലംഘിച്ചത്. അതിർത്തിയിലെ സംഘർഷങ്ങളെ സ്വന്തം രാഷ്ട്രീയ അതിജീവനത്തിനും വർഗീയ അജണ്ടകൾക്കും താൽക്കാലികമായ തിരഞ്ഞെടുപ്പുലാഭങ്ങൾക്കും വേണ്ടി ഉപയോഗിക്കുക എന്ന ഹീനമായ ലക്ഷ്യം അയാളുടെ ഓരോ വാക്കിലും പ്രകടമായിരുന്നു. കൂട്ടിന് ഈ അമ്പത്താറ് കളിയിലെ ട്രമ്പാണെന്ന് സ്വയം അവകാശപ്പെട്ട് ക്യാപ്പിറ്റലിസ്റ്റ് ഊഹാപോഹങ്ങളുടെ റമ്മി കളിയിലെ വെറും ജോക്കറാണെന്ന് പലപ്പോഴും തെളിയിച്ച ‘മൈ പ്രണ്ടും’ കൂടിയായപ്പോൾ വൃത്തിയായി. കളി ജയിച്ചു എന്നു കരുതി തിണ്ണയിൽ കുത്തിയിരിക്കുന്ന ഇന്ത്യയുടെ കാതിൽ അമേരിക്ക ഞാത്തിയിട്ട കുണുക്കുകൾ ആഗോളരാഷ്ട്രീയത്തിലെ തോൽവിയായി ഇപ്പോൾ തൂങ്ങിക്കിടപ്പുണ്ട്. അമ്പത്താറു കളിയുടെ ഗുട്ടൻസറിയാവുന്ന മലയാളികളുടെ മുമ്പിലാണ് ഈ മായം തിരിയൽ എന്നുമോർക്കണം!
അമേരിക്കൻ പ്രസിഡണ്ട് പത്രക്കാരോട് സംസാരിക്കുമ്പോൾ അതിനൊരു മിനിമം നിലവാരമൊക്കെ നമ്മൾ പ്രതീക്ഷിക്കുമായിരുന്നു. അത് കെ പി സി സി പ്രസിഡണ്ടിന്റെ ലെവലിലൊക്കെ ആവുമെന്ന് ആരു കരുതാൻ…!
ആയിരം കൊല്ലത്തിലുമധികമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാശ്മീർ പ്രശ്നത്തിന് വേണമെങ്കിൽ താനിടപെട്ട് പരിഹാരമുണ്ടാക്കിത്തരാം എന്ന് മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഞെളിഞ്ഞ ഡൊണാൾഡ് ട്രമ്പിന്റെ അജ്ഞത അമേരിക്കൻ ലോകവീക്ഷണത്തിന്റെ ശരാശരിയിലും താഴെയാണെന്ന് വെളിപ്പെടുകയും ചെയ്തു..! ഇന്ത്യയെന്നാൽ പാമ്പും പശുവും കുറേ മന്ത്രവാദികളും, ഒപ്പം കുറേ കാൾ സെൻ്ററുകളും എന്നായിരിക്കണം ചങ്ങാതിയും കരുതിയിരിക്കുന്നത്. പുച്ഛവും അവജ്ഞയുമാണെന്നറിയാതെ “മൈ പ്രണ്ട്”ചാർത്തിത്തരുന്നതെല്ലാം അലങ്കാരമായി എടുത്തണിയാൻ അമ്പത്താറിഞ്ചും വിരിച്ച് ഒരാളിവിടെ നിൽപ്പുമുണ്ടല്ലോ!

Author Photo
നിരഞ്ജൻ ടി.ജി.

എഴുത്തുകാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT