ഒരു ദേശം കഥാകാരനെ എഴുതുമ്പോൾ
മെട്രോപൊളിറ്റൻ ലൈഫിലൂടെ ഞാൻ കടന്നു വന്നിരുന്നെങ്കിൽ എഴുത്തുകാരൻ ആകുമോ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ പറ്റില്ല. ചിലപ്പോൾ ആയേക്കാം ആവാതിരിക്കാം. നഗരങ്ങളിൽ ജീവിച്ച് എഴുത്തുകാരായ എത്രയോ ആളുകളുണ്ട്. പക്ഷെ ഇപ്പോൾ ഒരു എഴുത്തുകാരനെന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ജീവിച്ച നാട് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന്
ഷാജികുമാർ എന്ന എഴുത്തുകാരൻ വടക്കൻ മലബാറിൽ നിന്നും എന്നാണോ കാസർഗോഡ് നിന്ന് എന്നാണോ പറഞ്ഞു കേൾക്കാൻ ആഗ്രഹം? നാട് എങ്ങനെയാണ് ഈ എഴുത്തുകാരനെ സൃഷ്ടിച്ചത്? ഒരു മെട്രോപൊളിറ്റൻ സിറ്റിയിലാണ് ജനിച്ചിരുന്നതെങ്കിൽ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ?
തീർച്ചയായും വടക്കേ മലബാറിൽ നിന്നുള്ള എഴുത്തുകാരൻ എന്ന രീതിയിൽ പരിഗണിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്റെ കഥകളിലും അവസാനം ഇറങ്ങിയ നോവലിലും കാസർഗോഡും കാസർഗോഡിന് തൊട്ടടുത്തുള്ള ദേശങ്ങളുമാണ് കടന്നുവന്നിട്ടുള്ളത്. തെക്കൻ ജീവിത പശ്ചാത്തലവും കേരളത്തിന് പുറത്തുനിന്നുള്ള കഥകളുമൊക്കെ കടന്നുവന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗവും വടക്കേ മലബാറിൽ നിന്നുള്ള എഴുത്താണ് എന്റെ രചനകളുടെ അടിവേരായിട്ട്, അടിയാധാരമായിട്ട് നിൽക്കുന്നത്.
ജനിച്ചത് കാസർഗോഡ് ജില്ലയിലെ മടിക്കൈ എന്ന സ്ഥലത്താണ്. അവിടെ കാലിച്ചാംപൊതിയിൽ ‘റെഡ്സ്റ്റാർ കീക്കാങ്കോട്ട്’ എന്ന ഒരു ക്ലബ്ബുണ്ട്. അതിന് തൊട്ടടുത്താണ് കീക്കാങ്കോട്ട് ഗ്രാമീണ വായനശാല. ക്ലബ്ബിലെ ഗ്രൗണ്ടിൽ കളിച്ചു കഴിഞ്ഞ് വായനശാലയിലേക്ക് പോകും. അന്ന് വായനശാല സെക്രട്ടറി മുരളിയേട്ടനാണ്. മുരളിയേട്ടൻ ഇപ്പോൾ ഇല്ല, മരിച്ചുപോയി. മുരളിയേട്ടൻ പ്രത്യേക പരിഗണന എനിക്ക് തന്നിരുന്നു. കുട്ടിക്കാലം തൊട്ടെ എന്ത് പുസ്തകം എടുക്കാൻ ആഗ്രഹിച്ചാലും മുരളിയേട്ടൻ അതിനൊക്കെ അനുവാദം തന്നിട്ടുണ്ടായിരുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്കൊപ്പം എംടിയുടെയും ഉറൂബിന്റെയും ഒക്കെ കഥകളും നോവലുകളും വായിക്കാനുള്ള അവസരം അങ്ങനെ ഉണ്ടായി. ദേശാഭിമാനി വാരികയിൽ ‘കുട്ടികളുടെ ലോകം’ എന്ന പംക്തിയിൽ മുരളിയേട്ടൻ കഥ എഴുതാറുണ്ടായിരുന്നു.വളരെ ആർദ്രമായ സ്‌നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട കഥകളായിരുന്നു അത്. നാട്ടുകാരനായ ഒരാളുടെ കഥ വായിക്കുമ്പോൾ, കഥ എഴുതണം എന്നുള്ള ഒരു ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായിട്ടുണ്ടാവാം.
അതേപോലെ അന്ന് ഞങ്ങളുടെ നാട്ടിൽ തീവ്ര ഇടതുപക്ഷക്കാരായ എഴുത്തുകാരായിട്ടുള്ള ആളുകൾ ഉണ്ടായിരുന്നു. കഥകളും കവിതകളും എഴുന്നതുവർ. മുഖ്യധാര സാഹിത്യത്തിൽ അങ്ങനെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നമ്മൾ കാണുന്ന എഴുത്തുകാർ അവരായിരുന്നു. വളരെ ഗൗരവത്തോടെ നടന്ന്, എപ്പോഴും ഭയങ്കരമായി എന്തൊക്കെയോ ആലോചിച്ച് നടക്കുന്ന ആളുകളായിരുന്നു മടിക്കൈയിലെ ആ എഴുത്തുകാർ.

അവരെയൊക്കെ കാണുന്നു. മുരളിയേട്ടന്റെ കഥകൾ വായിക്കുന്നു. വായനശാലയിലെ പുസ്തകങ്ങൾ വായിക്കുന്നു. അങ്ങനെ സർഗ്ഗാത്മകമാകമായൊരു പരിസരം രൂപപ്പെട്ടിട്ടുണ്ടാവണം. അങ്ങനെയിരിക്കുമ്പോഴാണ് ‘മുഖം’ എന്ന് പറയുന്ന ഒരു കൈയെഴുത്ത് മാസിക കീക്കാങ്കോട്ട് ഗ്രാമീണ വായനശാലയിൽ നിന്ന് പുറത്തിറങ്ങിയത്, ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത്. അതിന്റെ ആദ്യത്തെ ലക്കം ഒരു ദിവസം ഞാൻ വായനശാലയിൽ എത്തിയപ്പോൾ കാണുന്നു. വളരെ മനോഹരമായിട്ടുള്ള കൈയക്ഷരത്തിൽ- മുരളിയേട്ടന്റെ കൈയക്ഷരം ആയിരുന്നു. ഭയങ്കര നല്ല കൈയക്ഷരമാണ് മുരളിയേട്ടന്. നൂഞ്ഞീയിലെ സതീശേട്ടൻ ആയിരുന്നു ചിത്രം വരച്ചത്.
നാട്ടിലെ ആളുകളുടെ കഥകൾ, കവിതകൾ, നാടകമൊക്കെ അതിലുണ്ടായിരുന്നു. കെ.പി. രൈരുവേട്ടൻ എന്ന മടിക്കൈയില് വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവുണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രമൊക്കെയുണ്ട് അതിൽ. അതൊക്കെ ഞാൻ വളരെ സന്തോഷത്തോടെ നോക്കുകയും വായിക്കുകയും ചെയ്യവെ എന്തുകൊണ്ട് ഒരു കഥ എഴുതി അയച്ചു കൊടുത്തുകൂടാ എന്നൊരു തോന്നൽ ഉണ്ടാകുന്നു. അങ്ങനെ ഞാൻ പോക്കറ്റടിക്കാരൻ എന്ന ഒരു കള്ളന്റെ കഥ നോട്ടുപുസ്തകത്തിൽ എഴുതി. മുഖം കൈയെഴുത്ത് മാസികയിലേക്ക് രചനകൾ പ്രസിദ്ധീകരിക്കാനുള്ള ഒരു ബോക്‌സ് വായനശാലക്ക് മുൻപിലുണ്ടായിരുന്നു. അതിലിട്ടു. അടുത്ത മാസം ഇറങ്ങുന്ന കൈയെഴുത്ത് മാസികയിൽ എന്റെ ആ കഥ മുരളിയേട്ടന്റെ കൈയക്ഷരത്തിൽ സതീശേട്ടന്റെ ചിത്രം വരയിൽ പ്രസിദ്ധീകരിച്ചു. നല്ല കഥയൊന്നും ആയിരുന്നില്ല അത്. പക്ഷേ അതായിരുന്നു ആദ്യത്തെ കഥ. അങ്ങനെയാണ് തുടങ്ങുന്നത്.
മെട്രോപൊളിറ്റൻ ലൈഫിലൂടെ ഞാൻ കടന്നു വന്നിരുന്നെങ്കിൽ എഴുത്തുകാരൻ ആകുമോ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ പറ്റില്ല. ചിലപ്പോൾ ആയേക്കാം ആവാതിരിക്കാം. നഗരങ്ങളിൽ ജീവിച്ച് എഴുത്തുകാരായ എത്രയോ ആളുകളുണ്ട്. പക്ഷെ ഇപ്പോൾ ഒരു എഴുത്തുകാരനെന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ജീവിച്ച നാട് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

ചെറുപ്പത്തിൽ ജീവിതത്തിലെ ഭൂരിഭാഗവും അതായത് എം.സി.എ. കഴിയുന്നവരെ നാട്ടിൽ തന്നെയായിരുന്നു ജീവിച്ചിരുന്നത്. നാടുവിട്ടിട്ട് എവിടെയും പോയിട്ടില്ല. പക്ഷേ 23 വയസ്സിനു ശേഷം പിന്നെ ഇപ്പോൾ വരെ കോഴിക്കോട്, കൊച്ചി, കൊല്ലം തുടങ്ങിയ നഗരങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട് ജീവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ മാറി ജീവിക്കുമ്പോഴുള്ള ഒരു പ്രശ്‌നം നമുക്ക് നാട് ഭയങ്കരമായിട്ട് മിസ്സാവുമെന്നതാണ്. നാട്ടിൽ ഒരു മരണം നടന്നാൽ ചിലപ്പോൾ നമുക്ക് എത്തിപ്പെടാൻ പറ്റിയെന്ന് വരില്ല. കല്യാണം, ഉത്സവം, പാർട്ടി സമ്മേളനങ്ങൾ, ക്ലബ്ബിന്റെ വാർഷികം, വായനശാലയിലെ ജനറൽ ബോഡി ഇതൊക്കെ നമുക്ക് നഷ്ടമാവും. ഇതിനൊന്നും എത്തിപ്പെടാനാകാത്തതിന്റെ നിസ്സഹായതയുണ്ടല്ലോ. നഗരത്തിന്റെ തിരക്കിൽ കഴിയുമ്പോൾ ഉള്ളിൽ സങ്കടമൊക്കെ തോന്നും. അപ്പൊൾ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ കൂടുതൽ തെളിച്ചത്തോടെ ഉള്ളിലേക്ക് വരും. നാട്ടിൽ നിന്ന് മാറിനിൽക്കുമ്പോൾ ഒരാൾക്ക് നാട്ടനുഭവങ്ങൾ കൂടുതൽ വ്യക്തമായിട്ട് തെളിയുമെന്ന് ഞാൻ വിചാരിക്കുന്നു. ആ തെളിച്ചം കഥകളിലേക്ക് ഇങ്ങനെ വരും. മറന്നുപോയ പല തരം അനുഭവങ്ങളും കാര്യങ്ങളും സംഭവങ്ങളും നമ്മുടെ മനസ്സിലേക്ക് തിരിച്ചുവരും. അതൊക്കെ കഥകളിൽ ഭയങ്കരമായിട്ട് ഗുണം ചെയ്തിട്ടുണ്ട്. നഗരങ്ങളിൽ ജീവിക്കുന്നതുകൊണ്ട് കിട്ടുന്ന ഗുണം എന്ന് വെച്ചാൽ നമുക്ക് നാടിനെക്കുറിച്ച് നിരന്തരം ആലോചിക്കാൻ പറ്റുകയും നാടിന്റെ അനുഭവങ്ങൾ കൂടുതൽ വ്യക്തമായിട്ട് തിരിച്ചുവരികയും ചെയ്യുന്നു എന്നതാണ്. മരണവംശത്തിന്റെ മിക്കഭാഗങ്ങളും ഞാനെഴുതിയത് കൊച്ചിയിൽ വെച്ചാണ്. അവിടെ നിന്ന് എഴുതുമ്പോൾ എന്റേതായിട്ടുള്ള പലതരത്തിലുള്ള അനുഭവങ്ങളും ഓർമകളും മനസിലേക്ക് വളരെ നൈസർഗ്ഗീകമായി ഇങ്ങനെ വന്നിട്ടുണ്ടായിരുന്നു.
കാസർഗോഡ് പോലെ തന്നെ ഓരോ നാടിനും അതിന്റെ പാരമ്പര്യവുമായൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന തരം ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. മിത്തുകളുണ്ട്. തെയ്യങ്ങളുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലുള്ള ബന്ധങ്ങളുണ്ട്. ഇവയിലെല്ലാം ഒരു ആന്തരിക ഊർജ്ജമായി വർത്തിക്കുന്നത് അതിജീവനവും സ്‌നേഹവും കരുണയും വിശ്വാസവും ഒക്കെയായിരിക്കും. പക്ഷെ ഇന്ന് അതെല്ലാം മറ്റൊരു തരത്തിൽ ജാതിരാഷ്ട്രീയം കടന്നു വന്ന് മലിനമാക്കപ്പെടുന്നില്ലേ?
നമ്മൾ എപ്പോഴും തെയ്യത്തെക്കുറിച്ച് പറയുന്നത് പലതരത്തിലുള്ള സവർണ്ണാധിപത്യത്തിനെതിരെ ആധഃസ്ഥിതരായിട്ടുള്ള ആളുകളുടെ പ്രതിരോധത്തിന്റെ കലയാണെന്നാണ്. ഐതിഹ്യം വെച്ചു നോക്കുമ്പോൾ പൊട്ടൻ തെയ്യം ആയാലും വിഷ്ണുമൂർത്തി എന്ന് പറയുന്ന പാലന്തായി കണ്ണന്റെ കഥ ആയാലും അല്ലെങ്കിൽ വിഷകണ്ടൻ തെയ്യം ആയാലും സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള മുച്ചിലോട്ട് ഭഗവതി ആയാലും തെയ്യങ്ങളുടെ കഥകൾ നോക്കുമ്പോൾ അതിലൊരു പ്രതിരോധത്തിന്റെ ചരിത്രം കൂടി കാണാം. എന്നാൽ തെയ്യം കെട്ടുന്ന സമയത്ത് മാത്രമേ അവര് ദൈവമായി മാറുന്നുള്ളൂ എന്നതാണ് വാസ്തവും. ദളിതരായിട്ടുള്ള ആളുകൾ, മലയ-വണ്ണാൻ സമുദായത്തിൽ പെട്ടവർ, കോപ്പാളർ ഒക്കെ തെയ്യം കെട്ടുന്ന സമയത്ത് അവർക്ക് ദൈവീകത്വം കിട്ടുകയും തെയ്യത്തിന്റെ മുടിയഴിച്ച് വയ്ക്കുന്ന സമയത്ത് അവർ വീണ്ടും ദളിതരായിട്ട് മാറ്റിനിർത്തപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം എന്നും ഉണ്ടായിരുന്നു. ഇന്നത് കുറച്ചുകൂടെ പ്രത്യക്ഷമായി.
മുമ്പൊന്നും കലശാട്ട് മഹോത്സവവും ഒന്നും ഇത്ര വ്യാപകമായിട്ട് ഉണ്ടായിരുന്നില്ല. അതോടൊപ്പം ഈ തെയ്യങ്ങളുടെ ഐതീഹ്യം ബ്രാഹ്മണവൽക്കരിക്കപ്പെടുന്നു. പൊട്ടൻ തെയ്യം എന്നത് പുലയനായിട്ടുള്ള ഒരാൾ ശങ്കരാചാര്യരെ ചോദ്യം ചെയ്തതിന്റെ ആത്മീയ രൂപമാണ്. പക്ഷേ അവിടെ ഈ പുലയനെ ശിവനായിട്ട് മാറ്റുന്നു. അങ്ങനെ പല തരത്തിലുള്ള സവർണ്ണവൽക്കരണം തെയ്യങ്ങളുടെ ഐതീഹ്യങ്ങളിലും ആചാരങ്ങളിലും കടന്നുവരുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.
ഇപ്പൊ കാവുകളൊക്കെ അമ്പലങ്ങളാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പല കാവുകളും അമ്പലങ്ങളായിട്ട് മാറ്റപ്പെട്ടു. അതിന്റെ പൂജാരിയായി ബ്രാഹ്മണൻ വരുന്നു. കുറെ കാലം മുമ്പ് ഈഴവരോ മറ്റു പിന്നാക്ക സമുദായത്തിൽ പെട്ട ആളുകളോ പൂജകഴിച്ചിരുന്ന സ്ഥലങ്ങളുടെ മേൽശാന്തി അല്ലെങ്കിൽ മേലധികാരിയായിട്ട് ബ്രാഹ്മണർ വരുന്നു. സവർണ്ണ വിഭാഗത്തിൽ പെട്ട ആളുകൾ വരുന്നു. അത്തരത്തിൽ അടിമുടി ഒരു ബ്രാഹ്മണവൽക്കരണം, അല്ലെങ്കിൽ ഒരു സവർണ്ണവൽക്കരണം നമ്മുടെ മിത്തുകളിലും തെയ്യങ്ങളിലും കാവുകളിലും അമ്പലങ്ങളിലും ഒക്കെ സംഭവിക്കുന്നുണ്ട്.
പൂരക്കളി എന്ന് പറയുന്ന മരണവംശത്തിലെ, നിറങ്ങളായിട്ട് തരം തിരിച്ചിട്ടുള്ള പൂരക്കളിയുടെ ഒരു സംഭവം ഉണ്ട്. പൂരങ്കുളിയുടെ ദിവസം കാമനെ നമ്മൾ ഇലഞ്ഞി പൂക്കൾ കൊണ്ടുണ്ടാക്കും. മുമ്പൊന്നും കാമനെയുണ്ടാക്കുമ്പോൾ കാമന് പൂണൂൽ ഉണ്ടായിരുന്നില്ല. ഇപ്പൊ എല്ലാ വീടുകളിലും കാമന് പൂക്കൾ കൊണ്ട് പൂണൂൽ ഇടാൻ തുടങ്ങി. പൂണൂലിട്ട ആളല്ല കാമൻ. കാമൻ പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരു ആത്മീയ രൂപമായിരുന്നു. അപ്പൊ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ ഈ ജാതി വർക്ക് ചെയ്യുന്നുണ്ട്. സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്.
ഈ സവർണ്ണവൽക്കരണത്തെ പ്രതിരോധിക്കേണ്ട സാംസ്‌കാരിക നേതൃത്വവും അല്ലെങ്കിൽ സാംസ്‌കാരിക സംഘടനകളും ഒക്കെ അപകടകരമാം വിധം മൗനം പാലിക്കുന്ന ഒരു അവസ്ഥ ഇവിടെയുണ്ട്. അതുകൊണ്ടാണ് പൂണൂലിട്ട ബ്രാഹ്മണനാവണമെന്ന് അടുത്ത ജന്മത്തിലെങ്കിലും ഉന്നതകുലജാതനായി ജനിക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുമ്പോൾ അതിന് സ്വീകാര്യത ലഭിക്കുന്നത്. അതിനെയൊക്കെ പ്രതിരോധിക്കാനുള്ള പ്രതിരോധം നമ്മിൽ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു.
ജാനകിയുണ്ടാക്കിയ കഥകൾ ഫേയ്സ്ബുക്കിൽ കുറിച്ചിട്ട കുറിപ്പുകളായിരുന്നു. ഏട്ടന്റെ മകൾ ജാനകിയുടെ ജീവിതത്തിൽനിന്ന് പകർത്തിയ കാര്യങ്ങൾ. സോഷ്യൽ മീഡിയ എങ്ങനെയാണ് എഴുത്തിന്റെ ഭാഗമാകുന്നത്, അവിടെയുണ്ടാകുന്ന ചർച്ചകൾ, വായനകൾ ഇതിനെയൊക്കെ എങ്ങനെയാണ് കാണുന്നത്?
‘ജാനകി ഉണ്ടാക്കിയ കഥകൾ‘ യാദൃച്ഛികമായി സംഭവിച്ചതാണ്. ജാനകി എന്റെ മൂത്ത ഏട്ടൻ ബാബുവിന്റെ മകളാണ്. ജാനകിയുടെ അടുത്ത ആളായിരുന്നു എന്റെ പങ്കാളിയായ മനീഷ,ജാനകിയുടെ മേമ. ജാനകി ബാലവാടിയിലൊക്കെ പോകുമ്പോ മനീഷയായിരുന്നു അവളെ ഒരുക്കുകയും മറ്റും ചെയ്തിരുന്നത്.
അവളുടെ ലൈഫില് ഉണ്ടായിട്ടുള്ള പല കൗതുകകരമായിട്ടുള്ള സംഭവങ്ങളും മനീഷ എന്നോട് പറയാറുണ്ടായിരുന്നു.
കോവിഡ് കാലത്താണ് ഫേസ്ബുക്കിൽ ജാനകി ഉണ്ടാക്കിയ കഥകൾ എഴുതിത്തുടങ്ങിയത്. അന്ന് വേറെ ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യാനോ വായിക്കാനോ തോന്നുന്നില്ല. ഒരുമാതിരി ഒരു ഒരു ഡിപ്രസ്സിംഗ് മൂഡ്. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ കഥകളൊക്കെ ഓർമ്മയിൽ വരുന്നത്.. തൊഴിലുറപ്പ് പണിക്ക് പോവാം എന്ന് പറയുന്ന കഥ. പിന്നെ ഗർഭിണിയായ ദോശയാണോ എന്ന് വെള്ളയപ്പത്തെ നോക്കി പറയുന്നത്. ഇതൊക്കെ മനീഷയോട് ജാനകി പറഞ്ഞതാണ്. അങ്ങനെ ജാനകിയുടെ ജീവിതത്തിലുണ്ടായ രണ്ടുമൂന്ന് കഥകൾ ഞാൻ ഫേസ്ബുക്കിൽ ഇട്ടപ്പോ ഭയങ്കരമായ സ്വീകാര്യത കിട്ടി. പലരും ലൈക്ക് അടിക്കുകയും കമന്റ് ഇടുകയും ഷെയർ ചെയ്യുകയൊക്കെ ഉണ്ടായി. പിന്നെപ്പിന്നെ ദിവസവും ആളുകൾ ‘ഇന്ന് ജാനകിയുടെ കഥകളില്ലേ’ എന്ന് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോ ഞാൻ ജാനകിയുടെ കഥകൾ സ്വയം ഉണ്ടാക്കാൻ തുടങ്ങി. ഞാൻ തന്നെ എന്റേതായിട്ടുള്ള രീതിയിൽ ഇമാജിൻ ചെയ്ത് കുറെ കഥകൾ ഉണ്ടാക്കി. അങ്ങനെ സംഭവിച്ച കഥകളുടെ കൂട്ടമാണ് ‘ജാനകി ഉണ്ടാക്കിയ കഥകൾ‘.
സോഷ്യൽ മീഡിയയുടെ മെച്ചം നമുക്ക് നമ്മുടെ എഴുത്ത് പൊതുവിടത്തിൽ എത്തിക്കാൻ വളരെ എളുപ്പമാണെന്നതാണ്. എഴുത്തുകാരന് അവന്റെ കൃതികൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കാം. അതുവഴി കൂടുതൽ ആൾക്കാരിലേക്ക് എത്താം.

പണ്ട് രണ്ടോ മൂന്നോ നിരൂപകർ തീരുമാനിക്കും ഏത് കൃതി വായിക്കണം വായിക്കേണ്ട എന്നൊക്കെ. അത്തരം കപട ബൗദ്ധിക അധീശത്വം ഒക്കെ സോഷ്യൽ മീഡിയയിൽ പൊളിച്ചെഴുതപ്പെടുന്നുണ്ട്.
നിങ്ങളുടേത് ഒരു നല്ല കൃതിയാണെങ്കിൽ വായനക്കാർ അത് വായിച്ചിട്ട് അത് ഫേസ്ബുക്കിലും മറ്റു സോഷ്യൽമീഡിയകളിലും പോസ്റ്റ് ചെയ്യും. വീഡിയോ ആയിട്ടും കമന്റ് ആയിട്ടും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളായിട്ടും ഒക്കെ അഭിപ്രായം വരും. ആ രീതിയിൽ വായന കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്.
പകയും പ്രതികാരവും ചോരയും നിറഞ്ഞ ഒരു കഥാപരിസരമാണ് മരണവംശത്തിന് ഉള്ളത്. അത് സിനിമയാകുകയാണ്. ചെറുപ്പക്കാർക്കിടയിലെ ലഹരിയും വയലൻസും വാർത്തകളിൽ നിറയുകയാണ്.സിനിമയിലെ വയലൻസ് പുതിയ തലമുറയെ സ്വാധീനിക്കുന്നുണ്ടോ എന്താണ് അഭിപ്രായം?
മരണവംശം അങ്ങനെ പകയും പ്രതികാരവും മാത്രമുള്ള ഒരു നോവൽ ആയിട്ടല്ല ഞാൻ ആഖ്യാനിച്ചത്. സ്‌നേഹത്തിന്റെ ഒരു കൃതിയായിട്ട് ആണ് അത് ആഖ്യാനിച്ചത്. തീർച്ചയായും അതിൽ കൊലപാതകമുണ്ട് വൈര്യമുണ്ട്. ഒപ്പം പ്രണയം, സ്‌നേഹം, ചതി, നിസ്സഹായത, ഒഴിവാക്കപ്പെടൽ, ഏകാന്തത, വിഷാദം തുടങ്ങി പലതരത്തിലുള്ള ജീവിതത്തിന്റെ ഭാവങ്ങളൊക്കെ നോവലിൽ കടന്നുവന്നിട്ടുണ്ട്. പകയും പ്രതികാരവും മാത്രമുള്ള നോവലായിട്ട് അതിനെ ചുരുക്കി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കല സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെയൊന്നുമില്ലെന്ന് ഞാൻ പറയും. പഴയകാലത്തുള്ള സിനിമകളുടെ ഒരു പൊതു ഫോർമാറ്റ് ഏഴ് പാട്ട്, ഏഴ് ബലാൽസംഘം, ഏഴ് സംഘട്ടനം എന്നിങ്ങനെയായിരുന്നു. ആ കാലത്തുള്ള യുവാക്കൾ അത് കണ്ട് വഴിതെറ്റിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. അതിനുശേഷം എന്റെയൊക്കെ കുട്ടിക്കാലത്ത് ഭയങ്കര അപ്പൊളിറ്റിക്കൽ ആയിട്ടുള്ള ഭയങ്കര സ്ത്രീവിരുദ്ധമായിട്ടുള്ള സിനിമകളൊക്കെ എത്രയോ വന്നിട്ടുണ്ട്. അതൊന്നും കണ്ടിട്ട് നമ്മളൊന്നും വഴി തെറ്റിയിട്ടില്ല.
സിനിമ കണ്ടതുകൊണ്ട് മാത്രം ഒരാൾ കൊലപാതകത്തിലേക്കോ മറ്റ് ഇല്ലീഗൽ ആക്ടിവിറ്റിയിലേക്ക് പോകുന്നു എന്ന് കരുതുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. അത് നമ്മൾ ജനിച്ചു വളർന്ന സാഹചര്യവും മറ്റുഘടകങ്ങളും അനുസരിച്ചിരിക്കും.
മലയാള സിനിമയിൽ നമ്മൾ ഇത്തരത്തിലുള്ള പകയും വയലൻസും ഒഴിവാക്കിയാലും വലിയ കാര്യമൊന്നുമില്ല. അതിനേക്കാളും വയലൻസുള്ള എത്രയോ കോണ്ടന്റ് പല രീതിയിൽ ഇവിടേക്ക് വരുന്നുണ്ട്. വെബ് സീരീസ് ആയും സിനിമ ആയും അനിമേ ആയും റീൽസ് ആയും ഭയങ്കരമായ വയലൻസുകൾ ഇങ്ങോട്ട് വരുന്നുണ്ട്. അപ്പൊ മലയാളത്തിൽ വയലൻസ് ഇല്ലാത്ത ഫീൽ ഗുഡ് മൂവികൾ മാത്രം ഇറങ്ങിയാൽ ഈ സമൂഹം നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല.
കഥയായാലും കവിത ആയാലും നോവൽ ആയാലും സിനിമ ആയാലും അതൊരു ആർട്ട് ഫോം ആയിട്ട് കാണുക. ഇതൊന്നും ഒരു മനുഷ്യനെ നന്നാക്കാനുള്ള ടൂൾ ഒന്നുമല്ല. മൂല്യബോധമുള്ള ഒരു ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് കാര്യം.
സിനിമയേക്കാളും സാഹിത്യത്തിനേക്കാളും എത്ര വയലൻസ് ആണ് ഇന്ന് മീഡിയ ഉൽപാദിപ്പിക്കുന്ന വാർത്തകളിലുള്ളത്. വയലൻസ് മാത്രം കേന്ദ്രീകരിച്ച് വാർത്ത ചെയ്യുന്ന യൂട്യൂബ് ചാനലുകളുണ്ട്, പ്രോഗ്രാമുകളുണ്ട്. ഈ വാർത്തകളിലുള്ള വയലൻസ് ഒന്നും ഒരു സിനിമയിലോ കഥകളിലോ ഇല്ല. വെട്ടിക്കൊലപ്പെടുത്തിയ വാർത്തകൾ എത്ര ഭീകരമായിട്ടാണ് ഇവര് കാണിച്ചുകൊണ്ടിരിക്കുന്നത്. ഒരാള് വേറൊരാളെ തല്ലുന്ന വീഡിയോ ഒക്കെ യൂട്യൂബിലും വാട്സ്ആപ്പിലുമൊക്കെ വൈറലാക്കാൻ എന്തൊരു ഉൽസാഹമാണ്! ഇത്തരത്തിൽ മീഡിയയും യൂട്യൂബ് ചാനലുകളും കാണിക്കുന്ന വയലൻസിന്റെയത്രയൊന്നും സിനിമയിലില്ല. സിനിമ അല്ലെങ്കിൽ കഥ, നോവൽ കാണുന്നവരിലും വായിക്കുന്നവരിലേക്കും മാത്രമല്ലേ പോവൂ. പക്ഷേ ഒരു മാധ്യമം പടച്ചുവിടുന്ന വയലൻസ് നിറഞ്ഞ ഒരു വാർത്ത പെട്ടെന്ന് നമ്മളറിയാതെ തന്നെ നമ്മളിലേക്ക് എത്തും.
കേരളത്തിന്റെ ഭൂമിശാസ്ത്രത്തിൽ വേറിട്ടുതന്നെ അടയാളപ്പെട്ടു കിടക്കുന്ന ഒരു നാടാണ് കാസർഗോഡ്. കേരളത്തിന്റെ ഭാഷാവൈവിധ്യങ്ങൾക്കിടയിൽ പിന്നെയും വേറിട്ടു നിൽക്കുന്ന തരം ഭാഷയാണ് അവിടുത്തേത് എന്ന് തോന്നിയിട്ടുണ്ട്. അത് ഷാജിയുടെ എഴുത്തിൽ അങ്ങനെ തന്നെ കടന്നുവരുന്നുമുണ്ട്. വലിയ സൗന്ദര്യമുള്ളതാണ് പല വാക്കുകളും പക്ഷെ അവ ഭൂരിപക്ഷം വായനക്കാർക്കും പരിചിതമല്ല. അത് സുഗമമായ വായനക്ക് തടസ്സം നിൽക്കുന്നതായി തോന്നിയിട്ടുണ്ടോ?, വായനക്കാർ പറഞ്ഞിട്ടുണ്ടോ?
എന്റെ ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത് 23-ാം വയസ്സിലാണ്. ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ജനം. ‘ജനം കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമ്മിതി’ എന്നാണ് ആ സമാഹാരത്തിന്റെ പേര്. ആ പുസ്തകം ഇറങ്ങിയ സമയത്ത് തെക്കൻജില്ലകളിലെ വായനക്കാരായിട്ടുള്ള സുഹൃത്തുക്കൾ പറഞ്ഞു, ‘നിന്റെ കഥയിൽ ഭയങ്കരമായിട്ട് കാസർഗോഡൻ ശൈലിയും ഭാഷയും ഒക്കെ കടന്നുവരുന്നുണ്ട്. വായിച്ചിട്ട് മനസ്സിലാവുന്നില്ല’ എന്ന്.
ഞാൻ പറഞ്ഞു, കാസർഗോഡ് പ്രമേയമായിട്ടുള്ള ഒരു കഥ എഴുതുമ്പോൾ അതിലെ കഥാപാത്രങ്ങൾ ആ രീതിയിലെ സംസാരിക്കൂ. അതിലെ കഥാപരിസരത്തിൽ അത്തരത്തിലുള്ള പ്രയോഗങ്ങൾ ഉൾപ്പെടുത്തേണ്ടി വരും. അത് ഞാൻ എന്ത് സംഭവിച്ചാലും മാറ്റില്ലെന്ന്. വടക്കേ മലബാറിന്റെ സ്‌പേസിൽ ഒരു കഥ പറയണമെങ്കിൽ ആ ഭാഷ മാത്രമേ ഉപയോഗിക്കാൻ പറ്റൂ. തെക്കൻ ഭാഷ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെ ഉപയോഗിച്ചാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന നെറികേടായിരിക്കും.
എന്റെ തലമുറയ്ക്ക് ശേഷം വരുന്ന കുട്ടികളൊക്കെ മറന്നുപോയ, കുട്ടികൾ ഉപയോഗിക്കാത്ത അല്ലെങ്കിൽ മാഞ്ഞുപോയ മിക്ക വാക്കുകളും കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടി മരണവംശത്തിൽ ഞാൻ നടത്തിയിട്ടുണ്ട്. അത് ഞാൻ ആഗ്രഹിച്ച് ചെയ്തതാണ്. അതിങ്ങനെ സ്വാഭാവികമായി കടന്നുവന്നതുമാണ്.
അതിലെ പല പ്രയോഗങ്ങളും പല ശൈലികളും പല ചൊല്ലുകളും ഞാൻ എഴുതുമ്പോൾ എന്റെ അടുത്തേക്കെത്തിയതാണ്. വായിക്കപ്പെടുമോ ഇല്ലയോ എന്ന ആശങ്കയൊന്നുമുണ്ടായിരുന്നില്ല. അത് വായിക്കപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണല്ലോ ഏഴു മാസത്തിനുള്ളിൽ മരണവംശം പതിനാറാം പതിപ്പിലേക്ക് എത്തിയത്. നമ്മൾ എഴുതുന്ന ഒന്നിന് അതിന്റേതായ സത്യസന്ധതയും ജൈവികതയും ഉണ്ടെങ്കിൽ ആ കൃതി വായിക്കപ്പെടാതിരിക്കില്ല.

വടക്കേ മലബാറുകാർമാർ മാത്രമല്ല മരണവംശം കൂടുതൽ വായിച്ചിട്ടുള്ളത്. അത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് നിന്ന് എത്രയോ വായനക്കാർ നോവൽ വായിച്ചിട്ട് വിളിച്ചിട്ടുണ്ട്. അവരെ ഭാഷ അങ്ങനെ വിഷമിപ്പിച്ചിട്ടില്ല എന്നല്ലേ അതിന്റെ അർത്ഥം.
ആദ്യ നോവൽ മരണവംശം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടല്ലോ. രണ്ടാമത്തെ നോവലായ ‘തെറം’ ദേശാഭിമാനി വാരികയിൽ സീരിയലൈസ് ചെയ്യാൻ പോകുന്നുവെന്ന് അറിയുന്നു. മരണവംശത്തിൽ ഏർക്കാന എന്ന സാങ്കൽപ്പിക ദേശവും പ്രാദേശികമായ ഭാഷയും ഒക്കെയാണ് വരുന്നത്. തെറം എങ്ങനെയാണ്? പുതിയ നോവലിനെക്കുറിച്ചു പറയാമോ?
തെറം എന്ന് പറയുന്നത് ഒരു കടപ്പുറവും കരയും വരുന്നൊരു ഇടത്ത് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്. യുവാക്കളാണ് പ്രധാനകഥാപാത്രങ്ങളായി വരുന്നത്. അതിൽ സ്‌നേഹമുണ്ട്. ചതിയുണ്ട്. വിശപ്പുണ്ട്. അപമാനമുണ്ട്. അതിജീവിക്കാനുള്ള ശ്രമമുണ്ട്. സൂഫിസമുണ്ട്. അങ്ങനെ കടലോരത്ത് ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് തെറം. തെറം എന്ന് പറഞ്ഞാൽ തർക്കം, കലഹം എന്നൊക്കെയാണ് അർത്ഥം.

