നീതിയുടെ നിലയ്ക്കാത്ത പോർവിളി!
“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി ഇളയിടം എഴുതുന്നു
ഒരു നൂറ്റാണ്ടു പിന്നിട്ട തന്റെ ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ വി.എസ്. ഒരു സമരമുഖമായിരുന്നു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കായി പോരാടിയ കൗമാര-യൗവനങ്ങളിലെ അതേ തീവ്രതയോടെ വാർദ്ധക്യകാലത്ത് പരിസ്ഥിതിക്കും സ്ത്രീനീതിക്കും വേണ്ടി വി.എസ്. പോരാടി. കാലപരിണാമങ്ങൾ തുറന്നിടുന്ന ഓരോ സമരമുഖത്തേക്കും അദ്ദേഹം നടന്നുകയറിക്കൊണ്ടിരുന്നു. ഇടവേളകളില്ലാത്ത സമരമായി സ്വയം മാറി!
ഒന്ന്
ജൂലൈ 21-ന് വൈകുന്നേരം നാലുമണി കഴിഞ്ഞ് ഒരു യോഗത്തിൽ സംബന്ധിക്കുന്നതിനിടയിലാണ് വി.എസിന്റെ മരണവാർത്തയെത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം. സമ്മേളന നടപടികൾ പെട്ടന്ന് അവസാനിപ്പിച്ച് അനുശോചനം രേഖപ്പെടുത്തി ഞങ്ങൾ പിരിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇങ്ങനെയൊരു വാർത്ത അന്തരീക്ഷത്തിലുണ്ടായിരുന്നതിനാൽ വലിയൊരു നടുക്കമൊന്നും യോഗസ്ഥലത്തുണ്ടായില്ല. വൈകാതെ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയപ്പോൾ ചാനലുകളിലെല്ലാം വി.എസിന്റെ മരണവിവരം നിറഞ്ഞിരുന്നു. എ.കെ.ജി. സെന്ററിനു മുകളിൽ നിറയുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യം. ആശുപത്രിയിൽനിന്നും വി.എസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് അവിടെ എത്തിയപ്പോഴേക്കും വലിയൊരു ജനസഞ്ചയമായി അതു പെരുകിയിരുന്നു. ആംബുലൻസിനു പോലും മുന്നോട്ടു നീങ്ങാനാവാത്ത വിധം തടിച്ചുകൂടിയ മനുഷ്യർ. സമുന്നതരായ നേതാക്കൾ പോലും അതിനിടയിലൂടെ എ.കെ.ജി. സെന്ററിലേക്ക് കടക്കാൻ പണിപ്പെടുന്നത് ടി.വി. സ്ക്രീനിൽ കാണാമായിരുന്നു. ‘കണ്ണേ, കരളേ വി.എസേ’ നൂറുകണക്കിനു കണ്ഠങ്ങളിൽ നിന്ന് ഒരുമിച്ചുയരുന്ന മുദ്രാവാക്യം! അതുല്യമായ സ്നേഹവായ്പോടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ വിളിച്ചുതുടങ്ങിയ ആ മുദ്രാവാക്യം തലസ്ഥാന നഗരിയിൽ അവസാനമായി മുഴങ്ങിത്തുടങ്ങി.
വി.എസിന് ആദരാഞ്ജലിയർപ്പിച്ച് സാമൂഹ്യമാധ്യമത്തിൽ ഒരു കുറിപ്പെഴുതണം എന്നു തോന്നി. വി.എസിന്റെ ചില ചിത്രങ്ങൾ ഫോണിലെ ചിത്രശേഖരത്തിലുണ്ടായിരുന്നു. പെരുമഴയത്ത് മുന്നിൽ നിൽക്കുന്ന മനുഷ്യരോട് ഇരുകരങ്ങളുമുയർത്തി നിന്ന് സംസാരിക്കുന്ന വി.എസിന്റെ ചിത്രം എന്റെ ഓർമയിലുണ്ടായിരുന്നു. ഒരു പ്രവാചകന്റെ പ്രാക്തനഛായ അതിനുണ്ടായിരുന്നു. കുറെനേരം തിരഞ്ഞിട്ടും അത് കണ്ണിൽപ്പെട്ടില്ല. അപ്പോഴാണ് ഫീഡിൽ വന്ന മറ്റൊരു ചിത്രം ശ്രദ്ധിച്ചത്. വേദിക്ക് പുറത്തെ ഇരുട്ടിലേക്ക് തിരിഞ്ഞുനിന്ന് കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന വി.എസിന്റെ ചിത്രം. പിന്നിൽനിന്നും വീഴുന്ന വെള്ളിവെളിച്ചത്തിൽ വി.എസിന്റെ രൂപം ഇരുട്ടിനു കുറുകെ വെട്ടിത്തിളങ്ങി നിൽക്കുന്നു. കനത്തുപടർന്ന അന്ധകാരത്തിനിപ്പുറത്ത് ഇരുട്ടിനുകുറുകെ വി.എസ്. അതുല്യഗാംഭീര്യത്തോടെ കയ്യുയർത്തി നിൽക്കുന്നു. മരണവാർത്തയുടെ പശ്ചാത്തലത്തിൽ ആ ചിത്രത്തിന് പുതിയ അർത്ഥം കൈവന്നതായി തോന്നി. വിജിഗീഷുവായ മൃത്യുവിനും കീഴടക്കാനാവാത്ത ജീവിതത്തിന്റെ കൊടിപ്പടം പോലൊരാൾ!
വി.എസിനെക്കുറിച്ച് എന്താണെഴുതുക എന്ന ആലോചനയിലായിരുന്നു കുറച്ചുനേരം. ഏതെഴുത്തിനെയും അർത്ഥശൂന്യമാക്കാൻ പോന്ന വലിപ്പം വി.എസിന്റെ ജീവിതത്തിന് കൈവന്നിട്ടുണ്ടായിരുന്നു. 1940-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതിന്റെ തൊട്ടടുത്ത വർഷം പാർട്ടി അംഗമായ ഒരാളാണ് വി.എസ്. അന്നദ്ദേഹത്തിന് പതിനേഴു വയസ്സാണ്. പിന്നീട് അതിദീർഘമായ എൺപത്തിയഞ്ചു വർഷക്കാലം വി.എസ്. പാർട്ടിയിലുണ്ടായിരുന്നു. അത്രയും കാലം കമ്മ്യൂണിസ്റ്റുപാർട്ടിയിൽ അംഗമായിരുന്ന മറ്റൊരാൾ ഉണ്ടായിട്ടുണ്ടോ? സംശയമാണ്. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ല. എട്ടര പതിറ്റാണ്ടിന്റെ പാർട്ടി ജീവിതം! പാർട്ടി അംഗത്വം മുതൽ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും വരെയുള്ള പദവികൾ. എം.എൽ.എ., പ്രതിപക്ഷനേതാവിന്റെയും മുഖ്യമന്ത്രിയുടെയും വരെയുള്ള പദവികൾ. ഏതു പദവിയെയും പോരാട്ടമായി മാറ്റിയ ജീവിതം. ജീവിതത്തെയപ്പാടെ പോരാട്ടങ്ങളിലേക്ക് പരിഭാഷപ്പെടുത്തിയ ഒരാൾ. അങ്ങനെയൊരാളെക്കുറിച്ച് എന്താണ് പറയുക? എങ്ങനെ പറഞ്ഞാലാണ് ആ ജീവിതത്തിന്റെ മഹിമയോട് നീതിപുലർത്താനാവുക?
പെട്ടെന്നാണ് പഴയൊരു കവിതാഭാഗം മനസ്സിൽ വന്നത്.
“ഒരു ദിനമെങ്കിലും
പൊരുതി നിന്നോർ
അവരെത്ര നല്ലവർ!
ഒരു നീണ്ടവർഷം
പൊരുതി നിന്നോർ
അവരതിലേറെ നല്ലവർ!
എന്നാൽ മറക്കായ്ക,
ജീവിതം മുഴുവനും
പൊരുതിനിന്നോർ
അവരത്രെ പോരിന്റെ സത്തയും സാരവും.”
ബ്രഹ്ത്തിന്റെ വരികളുടെ പരിഭാഷയാണ് എന്നാണെന്റെ ധാരണ.
(“There are men that fight one day/And they are good/Others fight one year and they are better/ And there are those who fight many years are very good/ Best there are the ones who fight there whole lives/ And those are the indespensable ones….”).
പണ്ടെപ്പോഴോ ഫേസ് ബുക്കിൽ കണ്ടതാണ്. ആരാണ് പരിഭാഷപ്പെടുത്തിയത് എന്നറിയില്ല. മൂലത്തേക്കാളും ഹൃദ്യമായിത്തോന്നിയ ഒന്നായിരുന്നു ആ വിവർത്തനം. സൂക്ഷ്മവും അർത്ഥസാന്ദ്രവും! വി.എസിന്റെ ജീവിതത്തിന് ഏറ്റവുമിണങ്ങുക അതിലെ ഒരു വിശേഷണമാണെന്നു തോന്നി. പോരിന്റെ സത്തയും സാരവും!
വി.എസ്. നിലയ്ക്കാത്ത ഒരു പോർവിളിയായിരുന്നു. അനീതികളോടും അതിന്റെ അനന്തമായ രൂപഭേദങ്ങളോടും അദ്ദേഹം നിരന്തരം പോരാടി. രാജവാഴ്ചയും സാമ്രാജ്യത്വാധിപത്യവും മുതൽ പരിസ്ഥിതി ചൂഷണവും പെൺവാണിഭവും വരെയുള്ള അനീതിയുടെ എല്ലാ പ്രകാരഭേദങ്ങളോടും. ധനപ്രമത്തതയുടെയും അധികാരഗർവ്വിന്റെയും ദുശ്ശാസനങ്ങൾക്കു മുന്നിൽ ഒരിക്കലും കുനിയാത്ത ശിരസ്സായിരുന്നു വി.എസിന്റേത്. ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ് വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!
രണ്ട്
നാട്ടിൻപുറങ്ങളിലെ വർഗ്ഗസമരം എന്ന തന്റെ കൃതിയിലെ എ.കെ.ജി.യെക്കുറിച്ചുള്ള ലേഖനം വി.എസ്. അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
“അനീതി എവിടെക്കണ്ടാലും അതിനെതിരായി ഒടുങ്ങാത്ത അസംതൃപ്തിയും അതിനെ നേരിടാതെ ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ കഴിയാത്ത പ്രകൃതവും – ഇവ രണ്ടും മനുഷ്യാകാരം പൂണ്ട മർദ്ദിത ജനതയുടെ ശക്തനായ പടത്തലവനായിരുന്നു എ.കെ.ജി. ചെറുത്തുനില്പിന്റെയും എതിർപ്പിന്റെയും സമരത്തിന്റെയും ഈ മനോഭാവമാകട്ടെ, അഗാധമായ മനുഷ്യസ്നേഹത്തിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്നതുമായിരുന്നു.”
എ.കെ.ജി.യെക്കുറിച്ചുള്ള വി.എസിന്റെ ഈ വാക്കുകൾ ഒരുനിലയ്ക്ക് വി.എസ്. നെ ക്കുറിച്ചുള്ള പിൽക്കാലത്തിന്റെ വാക്കുകളുമാണ്. അനീതികൾക്കു മുന്നിൽ ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ അതിനോടു പടപൊരുതാൻ ജീവിതാവസാനം വരെ തുനിഞ്ഞിറങ്ങിയ ഒരാളായിരുന്നു വി.എസ്. പ്രായമോ പദവിയോ അതിനദ്ദേഹത്തിന് തടസ്സമായില്ല. 1940-ൽ പാർട്ടി അംഗമായി കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനിറങ്ങിയതുമുതൽ തുടങ്ങിയ വിട്ടുവീഴ്ചകളില്ലാത്ത സമരങ്ങളായിരുന്നു വി.എസിന്റെ ജീവിതം. ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്തവിധം പ്രബലമായ കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ കേരളത്തിൽ പടുത്തുയർത്തുന്നതിൽ വി.എസ്. വഹിച്ച പങ്ക് സമാനതകളില്ലാത്തത്. ഭരണകൂടങ്ങളുടെ കാഴ്ചയിൽ വരാത്ത, കീടജന്മങ്ങളെപ്പോലെ പുറന്തള്ളപ്പെട്ട, ലക്ഷോപലക്ഷം മനുഷ്യർക്ക് മനുഷ്യാന്തസ്സും അഭിമാനകരവുമായ ജീവിതവും ഉണ്ടാക്കിക്കൊടുക്കുന്നതിൽ കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം വഹിച്ച പങ്ക് അളവറ്റതാണ്. വി.എസ്. ആയിരുന്നു ആ മഹായത്നത്തിന്റെ നായകൻ. കേരളത്തിലെ അടിത്തട്ടു ജനതയുടെ ഉയർന്ന ശിരസ്സായിരുന്നു അദ്ദേഹം. 1940-കളിൽ നിന്ന് മൂന്നു-നാല് പതിറ്റാണ്ടു കഴിയുമ്പോൾ കേരളത്തിലെ ഏറ്റവും സംഘടനാശക്തിയുള്ള വിഭാഗമായി കർഷകത്തൊഴിലാളികൾ മാറി. ജന്മിവാഴ്ചയുടെ ഇരകളായി ചതഞ്ഞരഞ്ഞുപോയ ജീവിതങ്ങളെ ആധുനികകേരളത്തിലെ മനുഷ്യരായി ഉയർത്താൻ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിനു കഴിഞ്ഞു. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവിതാന്ധകാരത്തിലേക്കു പകർന്ന ആ വെളിച്ചത്തിന്റെ ഉറവിടങ്ങളിലൊന്നായിരുന്നു വി.എസ്. സംശയരഹിതമായും അതിലേറ്റവും പ്രകാശപൂർണ്ണമായ ഉറവിടം അദ്ദേഹം തന്നെയായിരുന്നു.
ചരിത്രപരമായ ഈ വലിയ സമരത്തെ വിജയകരമായ പരിണാമഗതികൾ വീക്ഷിച്ച് പിൻവാങ്ങുകയല്ല വി.എസ്. ചെയ്തത്. സാധാരണ മനുഷ്യർ ജീവിതസായാഹ്നത്തിലെ വിശ്രമവേളയായി കരുതുന്ന പ്രായത്തിലാണ് കേരളചരിത്രത്തിലെ അനന്യമായ സമരമുഖങ്ങളിലേക്ക് വി.എസ്. കാലൂന്നിയത്. പരിസ്ഥിതി സംരക്ഷണം മുതൽ ലോട്ടറി മാഫിയയ്ക്കും പെൺവാണിഭത്തിനും എതിരായ സമരങ്ങളുടെ വരെ നേതൃസ്ഥാനമായി വി.എസ്. ഉയർന്നുവന്നത് അദ്ദേഹത്തിന് ഏഴുപത്തിയഞ്ചു വയസ്സ് പിന്നിട്ട കാലത്താണ്. മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ശബ്ദഘോഷങ്ങൾക്കു പിന്നാലെ പോകാതെ, സാമൂഹികപ്രശ്നങ്ങൾ സ്വയം കണ്ടു മനസ്സിലാക്കി അവയെ വലിയ സമരമുഖങ്ങളാക്കി വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുടെ അടിസ്ഥാന സ്വഭാവം അങ്ങനെയൊന്നായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ പ്രതിപക്ഷനേതാവിന്റെ പദവിയെ പുനർനിർമിച്ച കാലമായിരുന്നു വി.എസ്. ആ സ്ഥാനത്തിരുന്ന നാളുകൾ. ഔദ്യോഗിക പദവിയുടെ സൗകര്യങ്ങളിൽ നിരന്തരം അദ്ദേഹം തന്നെയും സമരമുഖങ്ങളെയും പുതുക്കിപ്പണിതു. പുതിയ കാലം ഉയർത്തിക്കൊണ്ടുവന്ന ഓരോ പ്രശ്നത്തെയും സവിശേഷമായി പഠിച്ചു. തണ്ണീർത്തടങ്ങൾക്കായുള്ള സമരം പോലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനായുള്ള സമരവും വി.എസ്. ഏറ്റെടുത്തു. ലോട്ടറി മാഫിയയ്ക്കെതിരെ എന്ന പോലെ ജലചൂഷണത്തിനെതിരെയും പൊരുതി. ചുറ്റുമുള്ള ഒരനീതിയോടും വി.എസ്. നിർമമനായിരുന്നില്ല. എല്ലാത്തിനോടും അദ്ദേഹം പടവെട്ടി. പലതിലും വിജയിച്ചു. ചിലയിടങ്ങളിൽ പരാജിതനായി. വിജയങ്ങളിൽ മുഗ്ധനാവാതെയും പരാജയങ്ങളിൽ വ്യഥിതനാവാതെയും വി.എസ്. തന്റെ ദൗത്യം തുടർന്നു.
കേരളചരിത്രത്തിന്റെ രണ്ട് സവിശേഷ ഘട്ടങ്ങളെ സമരങ്ങളാൽ രൂപാന്തരപ്പെടുത്തുകയും പുതുക്കിപ്പണിയുകയും ചെയ്ത ഒരാളാണ് വി.എസ്. 1940-കൾ മുതലുള്ള മൂന്നു നാലു പതിറ്റാണ്ടുകളിൽ കേരളത്തിലെ അടിത്തട്ടുജനതയുടെ അവകാശപ്പോരാട്ടങ്ങൾക്കായുള്ള സമരങ്ങളുടെ നായകനായി അദ്ദേഹം നിലകൊണ്ടു. നാമിന്നു കാണുന്ന മനുഷ്യാന്തസ്സുള്ള കേരളം നിലവിൽ വന്നതിന്റെ അടിസ്ഥാനങ്ങളിലൊന്ന് അതാണ്. ഇതിനു പിന്നാലെ ആധുനിക മുതലാളിത്തം ജന്മം നൽകിയ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അദ്ദേഹം സന്നദ്ധനായി. പരിസ്ഥിതിപ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതിന്റെ കേന്ദ്രമായി വി.എസ്. മാറിത്തീർന്നു. അങ്ങനെ ഒരുഭാഗത്ത് ആധുനിക കേരളത്തിന്റെ നിർമാണത്തിനായും മറുഭാഗത്ത് മുതലാളിത്ത ആധുനികത ജന്മം നൽകിയ നാനാതരം പ്രശ്നങ്ങൾക്കെതിരായ സമരങ്ങളുടെ നേതാവായും ഒരുപോലെ നിലയുറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തിലെ രണ്ട് നിർണ്ണായക സന്ദർഭങ്ങളാണ് അവ. പുറമേയ്ക്ക് പരസ്പരവിരുദ്ധമായിപ്പോലും അനുഭവപ്പെടാവുന്ന ചരിത്ര സ്ഥാനങ്ങൾ. മാർക്സിസത്തിന്റെയും വർഗ്ഗസമരസിദ്ധാന്തത്തിന്റെയും വെളിച്ചത്തിൽ നിലയുറപ്പിച്ചുകൊണ്ട് രണ്ടിനെയും അഭിസംബോധന ചെയ്യാൻ വി.എസിനു കഴിഞ്ഞു. അതിനുതകുന്നവിധത്തിൽ സ്വയം അഴിച്ചു പണിയാനും അദ്ദേഹം തയ്യാറായി. ചരിത്രത്തിൽ നിന്ന് പഠിക്കുകയും ആ പാഠങ്ങൾക്ക് പ്രയോഗരൂപം നൽകുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക സമീപനത്തിന്റെ ഉത്തമമാതൃകയായി അദ്ദേഹം മാറിയതങ്ങനെയാണ്. ‘ചുവപ്പും പച്ചയും’ എന്ന അനുസ്മരണലേഖനത്തിൽ ഡോ. തോമസ് ഐസക്ക് വി.എസ്. ന്റെ ഇടപെടലിന്റെ മൗലികതയെ അത്യന്തം ഉചിതമായി സംഗ്രഹിച്ചിട്ടുണ്ട്:
“ലോകമുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടെന്ന് നമ്മൾ പറയുന്നതിനു കാരണം രണ്ടാണ്. ആദ്യത്തേത് വർദ്ധിച്ചുവരുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വമാണ്. ഉൽപ്പാദനശക്തികളുടെ അത്ഭുതാവഹമായ നേട്ടം മുഴുവൻ ഒരു ചെറുസംഘം കൈക്കലാക്കുന്നു. ഭൂരിപക്ഷം ദരിദ്രരായി തുടരുന്നു. അവരുടെ ക്രയശേഷി ഉയരാത്തത് സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമായി തീരുന്നു. അത്യാധുനിക ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ എല്ലാമുണ്ടായിട്ടും ആഗോള സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേ ഉൽപ്പാദനശക്തികളെ ഉൾക്കൊള്ളുന്നതിന് ഉൽപ്പാദനബന്ധങ്ങൾക്ക് കഴിയുന്നില്ല. പാവപ്പെട്ട മഹാഭൂരിപക്ഷത്തെ സംഘടിപ്പിച്ച് സമരം ചെയ്ത് വ്യവസ്ഥയെ മാറ്റണം. ഈ പോരാട്ടത്തിന്റെ തേരാളിയായാണ് വി.എസ്. അറിയപ്പെടുന്നത്.
രണ്ടാമത്തേത്, വൈരുധ്യം പ്രകൃതിയും മനുഷ്യസമൂഹവും തമ്മിലാണ്. മാർക്സിന്റെ വാക്കുകളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകുന്ന ‘മെറ്റബോളിക് റിഫിറ്റ്’ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. ഇവിടെയാണ് പരിസ്ഥിതിപ്രസ്ഥാനത്തിന്റെ പ്രാധാന്യം. പരിസ്ഥിതി സംരക്ഷണ സമരത്തെ പാവങ്ങളുടെ സമരത്തോട് സംയോജിപ്പിച്ച നേതാവാണ് വി.എസ്. ചുവപ്പും പച്ചയും ഇവിടെ ഒത്തുചേരുന്നു.
ഇതേസമയം തന്നെ ആധുനികതാ വിമർശനത്തിന്റെ മറപറ്റി വളർന്നുവന്ന മതസ്വത്വവാദവും മതരാഷ്ട്രവാദവും ഉൾപ്പെടെയുള്ള വിനാശകരമായ പ്രവണതകളോടും വി.എസ്. വിട്ടുവീഴ്ചയില്ലാതെ പോരാടി. ഇടതുപരിവേഷമണിഞ്ഞെത്തിയ സ്വത്വരാഷ്ട്രീയസമീപനങ്ങളെ ചെറുത്തുനിൽക്കുന്നതിൽ വി.എസ്. ജാഗരൂകനായിരുന്നു. മുതലാളിത്ത ആധുനികതയ്ക്കെതിരായ വിമർശനത്തിന്റെ മറപറ്റി വളർന്നുവരുന്ന മതസ്വത്വവാദത്തെയും പുനരുത്ഥാനവാദത്തെയും വർഗ്ഗീയതയുടെ ചെറുതും വലുതുമായ രൂപങ്ങളെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിർത്തു. ശ്രീനാരായണ പാരമ്പര്യത്തെ ഹൈന്ദവ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടി കേരളത്തിൽ ഹിന്ദുത്വത്തിന് വേരോട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളെ തെരുവിൽ പൊരുതി തോല്പിച്ചപ്പോൾ വി.എസ്. ന് 92 വയസ്സായിരുന്നു! മനുഷ്യായുസ്സിന്റെ പൂർണ്ണപരിസമാപ്തിയെന്ന് എല്ലാവരും കരുതുന്ന ഒരു പ്രായത്തിലാണ് അദ്ദേഹം വർഗ്ഗീയതയുടെ മാരകമായ കടന്നാക്രമണങ്ങളിൽ നിന്ന് കേരളത്തെ കാത്തുരക്ഷിച്ചത്. ആ പോരാട്ടങ്ങളുടെ മഹിമയെന്തായിരുന്നുവെന്ന് ഭാവികാലം വിലയിരുത്താനിരിക്കുന്നതേയുള്ളൂ.
ഇതെല്ലാംകൊണ്ടാണ് ‘നിലയ്ക്കാത്ത പോർവിളിയായിരുന്നു വി.എസ്’. എന്ന വാക്യം ആലങ്കാരികമായിത്തീരാത്തത്. അടിസ്ഥാനവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ആ വർഗ്ഗത്തിന്റെ മോചനത്തിനും, ഒപ്പംതന്നെ മനുഷ്യവംശത്തിന്റെയാകമാനമുള്ള മോചനത്തിനുമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതവും ചരിത്രവുമായിരുന്നു വി.എസിന്റെ പാഠപുസ്തകം. പുസ്തകങ്ങളിൽനിന്ന് മറ്റുള്ളവർ പഠിച്ചതിനേക്കാൾ എത്രയോ അധികം വി.എസ്. ചരിത്രത്തിൽ നിന്ന് പഠിച്ചു. പഠിച്ചതിനെയെല്ലാം പോരാട്ടങ്ങളിലേക്ക് പരിഭാഷപ്പെടുത്തി. അത്രമേൽ സമരനിർഭരങ്ങളായ ജീവിതങ്ങൾക്ക് കേരളം ഏറെയൊന്നും ജന്മം നൽകിയിട്ടില്ല. നാമിപ്പോൾ ജീവിക്കുന്ന ജീവിതത്തിനും ആ നിലയ്ക്കാത്ത പോർവിളികളോട് നാം എത്രയോ കടപ്പെട്ടിരിക്കുന്നു.
കലാപങ്ങളില്ലാത്ത ജീവിതം വസന്തമില്ലാത്ത ഋതുക്കളെപ്പോലെയാണെന്ന് ഖലീൽ ജിബ്രാൻ ഒരിടത്തെഴുതുന്നുണ്ട്. (Life without rebellion is like season without spring). നിതാന്തമായ സമരങ്ങളാൽ നിർഭരമായിരുന്നു വി.എസിന്റെ ജീവിതം. ജിബ്രാന്റെ കല്പന കടമെടുത്താൽ, പൂത്തുപടർന്ന ഒരു വസന്തവൃക്ഷം!
സഖാവേ,
ലാൽസലാം!!

