പൊറോട്ടാ ഈറ്റേഴ്സ്
“ഭക്ഷണം വിഷമായി കാണാൻ തുടങ്ങിയ ഒരു കാലമെത്തിയപ്പോൾ പൊറോട്ട കഴിക്കുന്നവനെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വൻസമൂഹം തന്നെ ചുറ്റും രൂപപ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ. തിരിച്ച് അതിൽ കൂടിയ ഡോസിലുള്ള പുച്ഛത്തോടെ നോക്കുക എന്നുള്ളതു മാത്രമാണ് ഒരു പൊറോട്ട പ്രേമി എന്ന നിലയിൽ അതിന് പ്രതിവിധിയുള്ളൂ” – ഇഷ്ടഭക്ഷണമായ
“സംഗതി കോടതി അലക്ഷ്യമാണ് ആരും അറിയണ്ട.”
ഇത്തവണ ചെന്ന്, നാട്ടിലെയൊരു ഹോട്ടലിൽ കയറിയപ്പോൾ അവിടെയുള്ള ചിരപരിചിതസുഹൃത്തായ ഓണർ-കം-സപ്ലയർ, പൊറോട്ടക്കും ബീഫ് ഫ്രൈക്കുമൊപ്പം ഗ്രേവി തന്നുകൊണ്ട് പറഞ്ഞു.
കേട്ടുനിൽക്കുന്നവർ ചിരിച്ചു.
കൺസ്യൂമർ പ്രൊട്ടക്ഷൻ കോടതി, “ഗ്രേവി പൊറോട്ടയുടെ ജന്മാവകാശമല്ല” എന്നൊരു ചരിത്രവിധി പ്രസ്താവിച്ചപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ അത് ചർച്ച ആക്കിയതാണ്. അതുകഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു. ഇത്തരം ജോക്കുകൾക്കപ്പുറം വിധിയുടെ അനുരണനങ്ങൾ ഇതുപോലുള്ള ആയിരക്കണക്കിന് കടകളെയോ അവിടുത്തെ ഉപഭോക്താക്കളായ പൊറോട്ട ലവേഴ്സിനെയോ ബാധിക്കുന്നേയില്ല.
കാരണം ഇതൊരു ആറ്റിട്യൂഡിന്റെ പ്രശ്നമാണ്, സ്നേഹത്തിന്റെയും! പൊറോട്ട എന്നാൽ സ്വയമേ തന്നെ സ്നേഹരൂപമാർന്നൊരു ഭക്ഷ്യവിഭവമെന്ന് തോന്നിയിട്ടുണ്ട്. ആരും ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടും ഒന്നുമല്ല ഭൂരിഭാഗം ഹോട്ടലുകളിലും പൊറോട്ടയ്ക്കൊപ്പം ഗ്രേവി നൽകുന്നത്. അതിനിടയിൽ എന്ത് വിധി!
വിധികേട്ട ആരും അതിലൂടെ പരാജയപ്പെട്ട വാദിയായ ആ കസ്റ്റമറെ ഓർത്തായിരിക്കില്ല കൂടുതൽ സഹതപിച്ചിരിക്കുക. ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിന് ഇത്രയും ബോറത്തരം ആകാമോ എന്ന് ആലോചിച്ചിട്ടായിരിക്കും.
കേസിനാസ്പദമായ സംഭവം വൻ നഗരങ്ങളിലോ മെട്രോ സിറ്റികളിലോ ഒന്നുമല്ല എന്നതാണ് കോമഡി. കോലഞ്ചേരി പോലൊരു ചെറുകിട പട്ടണത്തിലാണ്.
ബഹുഭൂരിപക്ഷം മലയാളികൾക്കും എന്നപോലെ പൊറോട്ട എനിക്കും ഒരു വികാരമാണ്. പക്ഷേ പ്രസ്തുത ഹോട്ടലുകാരന് അങ്ങനെയായിരിക്കില്ല എന്നതുറപ്പ്. അതുപോലെതന്നെ വിധികർത്താക്കൾക്കും.
ഇതേ കോലഞ്ചേരിയിൽ നിന്നും അധികം അകലെയൊന്നുമല്ലാത്ത, പെരുമ്പാവൂരിലെ ഒരു രാത്രികാല തട്ടുകടയിൽ, ഞാൻ ഇടയ്ക്കിടെ പോവാറുള്ളത് അവിടെ പൊറോട്ടയ്ക്കും പുട്ടിനും മറ്റെന്തിനുമൊപ്പം ഇഷ്ട്ടം പോലെ കൊടുക്കുന്ന ആ ബീഫ് ഗ്രേവിയുടെ മാസ്മരികരുചി കാരണമാണ്.
തിരക്ക് കാരണം സീറ്റ് കിട്ടാനാണ് പാട്.
‘പൊറോട്ട പെയിന്റ് അടിക്കുക’ എന്നാണ് ഇവിടൊക്കെ (മലപ്പുറത്ത്) പറയുക. പ്രത്യേകിച്ച് ബീഫോ ചിക്കനോ മുട്ടറോസ്റ്റോ ഒന്നും വാങ്ങാൻ കപ്പാസിറ്റിയോ അല്ലെങ്കിൽ താല്പര്യമോ ഇല്ലാത്തവർക്ക് അവിടെയുള്ള എന്തെങ്കിലും ഗ്രേവി, പൊറോട്ടയുടെ മുകളിൽ ഒഴിച്ചു നൽകുന്ന പ്രക്രിയയാണ് പെയിന്റ് അടി.
ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിരുന്ന കാലഘട്ടമാണ് എന്നെ സംബന്ധിച്ച് പെയിന്റടി പൊറോട്ടയുടെ സുവർണ്ണകാലം. വീട്ടിൽനിന്ന് എങ്ങനെയെങ്കിലും അടിച്ചെടുത്ത അഞ്ചോ പത്തോ രൂപയും പോക്കറ്റിലിട്ട് രണ്ടു പിരിയേഡ് കഴിയുമ്പോൾ മൂത്രമൊഴിക്കാനായി കിട്ടുന്ന 10 മിനിറ്റ് ഇടവേളയിൽ റോട്ടിലേക്ക് ചാടി നേരെ ഓപ്പോസിറ്റ് ഉള്ള ഹോട്ടലിൽ കേറി ഒന്നോ രണ്ടോ പൊറോട്ടകൾ പെയിന്റടിച്ച് വാങ്ങിച്ച് ധൃതിയിൽ കഴിച്ച് പാഞ്ഞുവന്നു ഒന്നുമറിയാത്തപോലെ ക്ലാസിലിരുന്ന ദിനങ്ങൾ നൂറുകണക്കിനാണ്.
മദ്യത്തിനേക്കാളും ലഹരിവസ്തുക്കളെക്കാളുമൊക്കെ അഡിക്ഷൻ പൊറോട്ടക്കും ബീഫ് ഫ്രൈക്കും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് തുടങ്ങിയ പൊറോട്ടഭ്രമത്തിന് മൂന്നുപതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇടിവ് ഒന്നും തട്ടിയിട്ടില്ല എന്നത് കാരണം..
“ഞാൻ കുടിച്ച കണ്ണീരുമായി തട്ടിച്ചു നോക്കുമ്പോൾ ഞാൻ കഴിച്ച മദ്യം എത്രയോ കുറവ്” എന്ന് എ അയ്യപ്പൻ എഴുതിയത് വായിച്ചിട്ടുണ്ട്. എന്റെ കാര്യത്തിൽ അതിങ്ങനെ തിരുത്താം, “ഞാൻ കഴിച്ച പൊറോട്ടയുമായി തട്ടിച്ചുനോക്കുമ്പോൾ കഴിച്ച ചോറിന്റെ അളവ് എത്രയോ തുച്ഛം..!”
പൊറോട്ടയെ കുറിച്ചുള്ള എന്റെ ഏറ്റവും പഴക്കമുള്ള ഓർമ്മ ചെന്ന് മുട്ടിനിൽക്കുന്നത് പാണ്ടിക്കാട് പോലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള പഴകിയ ക്വാർട്ടേഴ്സുകളിൽ ഒന്നിലാണ്. മൂന്നാം ക്ലാസിലെ മറ്റോ പഠിക്കുമ്പോഴാണ്. ഒഴിവ് ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ ജോലിസ്ഥലം കാണാൻ പോയതാണ്.
അമ്മയുടെ വീട്ടിലേക്കായല്ലാതെ ഒരിടത്തേക്ക് ആദ്യമായി വിരുന്ന് പോയി താമസിക്കുന്നതിന്റെ ആവേശവും ഒപ്പം പരിഭ്രമവും. ഇന്നത്തെ പോലെ അന്നും പാണ്ടിക്കാട് പട്ടണത്തിന്റെ മധ്യത്തിൽ തന്നെയാണ് സ്റ്റേഷൻ. പകൽ മുഴുവൻ അച്ഛന്റെ കൂടെ സ്റ്റേഷനിൽ കഴിച്ചുകൂട്ടി.
ഇന്നത്തെപ്പോലെയല്ല അന്ന് ആ കോമ്പൗണ്ടിൽ നിറയെ വലിയ മാവുകൾ ഉണ്ടായിരുന്നു. വീട്ടിലും നാട്ടിലും ഒന്നും അതുവരെ കണ്ടിട്ടില്ലാത്ത ഏറെക്കുറെ ഒരു തേങ്ങയുടെ വലിപ്പമുള്ളതും ഏറെ രുചികരവുമായ മാങ്ങകൾ അവയിൽ നിറയെ കായ്ച്ചു നിന്നിരുന്നു. അച്ഛന്റെ സഹപ്രവർത്തകർ മാങ്ങ ചെത്തിത്തന്ന് എന്നെ സൽക്കരിച്ചുകൊണ്ടിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് കോർട്ടേഴ്സിൽ എത്തിയ ശേഷമാണ് അച്ഛൻ തൊട്ടപ്പുറത്തുള്ള ഏതോ ഹോട്ടലിൽ നിന്നും പൊറോട്ടയും മുട്ട റോസ്റ്റും ഇലയിൽ പൊതിഞ്ഞ നിലയിൽ പാഴ്സലായി എനിക്ക് കൊണ്ടുത്തന്നത്. എന്റെ ജീവിതത്തിലെ ആദ്യത്തെ പൊറോട്ട.
അതിന്റെ ചൂടൻ കാഴ്ച ഇപ്പോഴും എന്റെ മുന്നിലുണ്ട്. പൊറോട്ടയും മുട്ട റോസ്റ്റും ചൂടോടെ ഇലയിൽ പൊതിഞ്ഞതിന്റെ മാദകഗന്ധം പൊതിയഴിച്ചപ്പോൾ മൂക്കിൽ വന്നടിച്ചത് ഇപ്പോഴും എന്റെ ഗന്ധഗ്രാഹികളിലുണ്ട്. അത് പതിയെ പിച്ചിക്കഴിച്ചപ്പോളുള്ള രുചിയുടെ ആഹ്ലാദോത്സവം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും രുചി മുകുളങ്ങളിൽ ഉണ്ട്.
ആഹാ.. അലോകഭവ്യം ആ അനുഭൂതി.
ഓർത്താൽ തന്നെ എഴുന്നുനിൽക്കും രോമങ്ങൾ
പക്ഷേ അതിനെയൊന്ന് റീക്രീയേറ്റ് ചെയ്യാൻ ഇത്രകാലം ശ്രമിച്ചിട്ടും എനിക്ക് ഒരിക്കൽ പോലും സാധിച്ചിട്ടുമില്ല. പഴയ മട്ടിലുള്ള മുട്ടറോസ്റ്റ് ലഭ്യമായ കടകളിലെല്ലാം വെച്ച് ഇത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. സ്വന്തമായി ഉണ്ടാക്കി നോക്കിയിട്ടുണ്ട്. ഞാനിത് മുൻപ് പറയുന്നത് കേട്ട് പലരും ഉണ്ടാക്കി തന്നിട്ടുണ്ട്. പക്ഷേ നോ രക്ഷ!
അങ്ങനെ കാര്യമായ ജീവിതാഭിലാഷങ്ങൾ ഒന്നുമില്ലാത്ത എന്റെ നേരിയ മട്ടിലുള്ള ചില അഭിലാഷങ്ങൾ എടുത്താൽ അതിൽ ഒന്നിതായിരിക്കും.. എട്ടാംവയസ്സിൽ ഞാൻ കഴിച്ച ഇലയിൽ പൊതിഞ്ഞ അന്നത്തെ പൊറോട്ട മുട്ടറോസ്റ്റ് കോമ്പോയുടെ അതേ രുചി/ഗന്ധം/നിർവൃതി. ഇനിയൊരിക്കൽ കൂടി അനുഭവിക്കാനാവുക എന്നത്. സാധ്യമാവില്ല എന്നറിയാം… എങ്കിലും.
ഭക്ഷണം വിഷമായി കാണാൻ തുടങ്ങിയ ഒരു കാലമെത്തിയപ്പോൾ പൊറോട്ട കഴിക്കുന്നവനെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വൻസമൂഹം തന്നെ ചുറ്റും രൂപപ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ. തിരിച്ച് അതിൽ കൂടിയ ഡോസിലുള്ള പുച്ഛത്തോടെ നോക്കുക എന്നുള്ളതു മാത്രമാണ് ഒരു പൊറോട്ട പ്രേമി എന്ന നിലയിൽ അതിന് പ്രതിവിധിയുള്ളൂ. ഇതൊന്നും രുചിച്ചു നോക്കാതെയും കഴിച്ചനു ഭവിക്കാതെയും ജീവിച്ചൊടുങ്ങി പോയിട്ട് എന്ത് കാര്യം..
ഏതോ ശല്യക്കാരനായ അധിനിവേശജീവിയെപ്പോലെ പൊറോട്ടയെ സംശയദൃഷ്ടി വെച്ച് കാണുന്നവരുണ്ട്. പക്ഷേ കേരളത്തിൽ തന്നെ രൂപം പ്രാപിച്ച അപൂർവ്വം തനതുഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട എന്ന് ഞാൻ മനസ്സിലാക്കുന്നു. കേരളവും പിന്നെ തമിഴ്നാടും മാത്രമാണ് പൊറോട്ടയുടെ ഉടമസ്ഥാവകാശികൾ. നോർത്തിന്ത്യക്കാരുടെ വിവിധയിനം പറാത്തകൾക്കൊന്നും ഇതുമായി യാതൊരു ജൻമബന്ധവുമില്ല. അവയുടെ എല്ലാം concept തന്നെ വേറെയാണെന്ന് ഒരിക്കലെങ്കിലും കഴിച്ചാൽ പിടികിട്ടും.
പൊറോട്ട ബെറോട്ട ബൊറോട്ട പൊറാട്ട എന്നിങ്ങനെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പര്യായപദങ്ങൾക്കപ്പുറം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ ഒക്കെ ആദ്യകാലങ്ങളിൽ പൊറോട്ടയെ പത്തിരി എന്നും പറയുന്നത് കേട്ടിട്ടുണ്ട്. അതിനു ചേർന്ന ഒരു രൂപവും ആയിരുന്നു അവിടെ അന്നൊക്കെ.
സാദാ ജനുസിന് പുറമെ തമിഴ്നാട്ടിൽ കോയിൻ പൊറോട്ടയും ബൺ പൊറോട്ടയും ഉണ്ട്. അതിന്റെ ചുവടുപിടിച്ച് ഇവിടെ നൂൽപൊറോട്ട എത്തി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ പണ്ടുമുതലേ അടിച്ചു പരത്തി മാക്സിമം അടരുകളാക്കിയാണ് പണ്ടേ പൊറോട്ട സെർവ് ചെയ്യുന്നത്..
അത് കഴിച്ചു വളർന്നതുകൊണ്ട് മറ്റ് ജില്ലകളിലെ പൊറോട്ടകളെ പൂർണ്ണാർത്ഥത്തിൽ പണ്ടൊന്നും ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. കാലം ചെന്നപ്പോൾ സോഷ്യൽ മീഡിയയും ഫുഡ് ബ്ലോഗിങ്ങും എല്ലാം ഭക്ഷണങ്ങളെയും ഏറക്കുറെ പൊതു മാനകത്തിൽ ആക്കിയെടുത്തു. എല്ലാ ജില്ലകളിലെയും പൊറോട്ടകളും അതിനനുസരിച്ച് പുരോഗതി പ്രാപിച്ചതിനാൽ ഇപ്പോൾ പത്തിരി എന്നൊന്നും വിളിക്കാവുന്ന പാകത്തിലുള്ളത് എവിടെയും ഇല്ലെന്ന് തോന്നുന്നു.
കേരളത്തിൽ ജോലിക്ക് വന്ന ഒഡിഷയിലെ കന്തമാൽ ജില്ലക്കാരായ രണ്ട് യുവാക്കൾ തിരിച്ച് ജന്മനാട്ടിൽ ചെന്ന് പൊറോട്ടക്കട തുടങ്ങി അവിടെ സാമൂഹ്യപരിവർത്തനം തന്നെ സാധ്യമാക്കിയതിനെ കുറിച്ച് വാർത്ത വന്നിരുന്നു. ദളിത് വിഭാഗത്തിൽ പെട്ടവരും സഹോദരന്മാരും ആണ് അനന്ത-സുമന്ത എന്നിങ്ങനെ പേരുള്ള ആ യുവാക്കൾ. അവരുടെ കടയിലെ കേരളാപൊറോട്ടയുടെ രുചിയെക്കുറിച്ച് കേട്ടറിഞ്ഞും അത് കഴിച്ചു പൊറോട്ടയ്ക്ക് അഡിക്റ്റഡ് ആയും, അതുവരെ ദളിത് വിഭാഗക്കാരുടെ കടകളിൽ കേറാതെ മാറി നടന്നിരുന്ന ജാതിവെറിയന്മാരായ ഇതരജാതിക്കാർ അവിടെ നിത്യസന്ദർശകരായി എന്നതാണ് സംഭവം.
പൊറോട്ടയ്ക്ക് സാമൂഹ്യ പരിഷ്കർത്താവിന്റെ റോൾ വഹിക്കാനാവും എന്ന് സാരം. പൊറോട്ട എന്നാൽ തന്നെ സ്നേഹമെന്ന് മുൻപേ പറഞ്ഞത് ഒരു അതിശയോക്തി അല്ല.
മനുഷ്യർ അകലവും വെറുപ്പും കൂടുതലുള്ള നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ കുറെയെണ്ണത്തിൽ കേരള സർക്കാർ തന്നെ മുൻകയ്യെടുത്ത് പൊറോട്ടക്കടകൾ തുടങ്ങണമെന്ന് എനിക്കൊരു നിർദേശമുണ്ട്. ദി റിയൽ കേരളാ സ്റ്റോറി എന്ന് പേരിടുകയുമാവാം. എവിടെ തുടങ്ങിയാലും വിജയിക്കുമെന്നതിൽ സംശയമൊന്നുമില്ല.

