രാജാവ് സദസ്സിനെ ഒരുഞൊടി കടാക്ഷിച്ച്,
പ്രൗഢഗംഭീരനായി,
തന്റെ ന്യായാസനത്തിൽ ഉപവിഷ്ടനായി!
സദസ്സ് എഴുന്നേറ്റുനിന്നു്
‘ധീരശ്രീസർവ്വരാജ്യചക്രവർത്തി
നീണാൾ വാഴ്ക!’ എന്നു് ആരവം മുഴക്കി.
വാളും കുന്തവുമേന്തിയ ഭടന്മാർ
തൂൺപോലെ നിന്നു.
ദ്രഷ്ടാക്കളെ ഭയപ്പെടുത്തുകയും
വിഹ്വലരാക്കുകയും ചെയ്യുന്ന
അധികാരത്തിന്റെ മാസ്മരപ്രകാശം
രാജനയനങ്ങളിൽ തീക്ഷ്ണമായി!
അദ്ദേഹം ആക്രോശിച്ചു:
“ഈ കുറ്റവാളിയുടെ തലയും ഉടലും
വേർപെടുത്തി വനത്തിൽ തള്ളൂ;
വന്യമൃഗങ്ങൾക്ക്
അവന്റെ മാംസം വിശിഷ്ടഭോജ്യമാകട്ടേ!
അവന്റെ രക്തഗന്ധം ചണ്ഡമാരുതൻ
ദിഗന്തം മുഴുവൻ പരത്തട്ടേ!”
(2)
കോടതി പിരിഞ്ഞു.
അന്തഃക്ഷോഭത്താൽ
മൗനികളും അധോമുഖരുമായ പ്രജകൾ
പുറത്തേക്കു നീങ്ങി.
മന്ത്രിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
കോടതിനടപടികൾ കാണാൻ
വശങ്ങളിലുള്ള മുറികളിൽ തങ്ങിയിരുന്ന
റാണിമാരും തോഴികളും പോയി.
സൈന്യാധിപനും ഭടന്മാരും പിൻവാങ്ങി.
ഒടുവിൽ പരിചാരകരും
പങ്കവലിക്കുന്നവരുംകൂടി
അപ്രത്യക്ഷമായി!
സിംഹാസനത്തിൽ രാജാവ് ഏകനായി.
അദ്ദേഹത്തിന്റെ തൊണ്ട വരണ്ടു;
അദ്ദേഹത്തിന് ഒരു പാത്രം വെള്ളം
കുടുകുടെ കുടിക്കാൻ തോന്നി!
അദ്ദേഹം ഉച്ചരിച്ചു:“ആരവിടെ?”
ആരും വന്നില്ല!
ദിഗന്തങ്ങൾ നടുങ്ങുമാറ്
അദ്ദേഹം അലറി:“ആരവിടെ?”
മൂകവും വിജനവുമായ കൊട്ടാരത്തിൽ
ആ ശബ്ദം പ്രതിധ്വനിച്ചു.
പ്രതിധ്വനി വീണ്ടും പ്രതിധ്വനിച്ച്,
നാടെങ്ങും പരന്ന്,
രാജ്യം യാചിക്കുന്നതുപോലെ തോന്നിച്ചു!
സ്വന്തമായി ഒരു പാത്രം
വെള്ളമെടുത്തുകുടിക്കാൻ പോലും
അശക്തനായിരുന്നു രാജാവപ്പോൾ!

