ഹിപ് ഹോപ് ട്രെന്റ് അല്ല; വിപ്ലവമാണ്
മലയാളത്തിലെ ആദ്യത്തെ റാപ്പുകളിലൊന്നായിരുന്നു മുഹസിൻ പരാരിയുടെ ‘നേറ്റീവ് ബാപ്പ’ എന്ന ആൽബം. അതിന് മുമ്പേ തന്നെ മലയാളത്തിലുണ്ടായിരുന്ന റാപ്പ് സ്വാധീനങ്ങളെക്കുറിച്ചും പുതിയ റാപ്പ് ട്രെൻഡ് മലയാള സംഗീതത്തിലുണ്ടാക്കിയ വലിയ മാറ്റത്തെക്കുറിച്ചും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മു.രി എഴുതുന്നു.
ഹിപ്-ഹോപ് കൾച്ചറിന്റെ നേരിട്ടുള്ള ഭാഗമായിരുന്നെന്നോ ആ കൾച്ചറിൽ വളർന്ന ഒരാളാണെന്നോ എനിക്ക് ഒരിക്കലും അവകാശപ്പെടാൻ സാധിക്കില്ല. പോപ് കൾച്ചറിന്റെ ഭാഗമായ മ്യൂസിക്കുകളിലൂടെയാണ് ഹിപ്-ഹോപുമായുള്ള എക്സ്പോഷർ വരുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ സലൂണുകളിൽ കേട്ട പാട്ടുകളിലൂടെയും കൂട്ടുകാർക്കിടയിൽ ഷെയർ ചെയ്യപ്പെട്ട എം.പി.3-കളിലൂടെയും ഉള്ള പരിമിതമായ പരിചയമാണ് ഹിപ്-ഹോപിനോടുണ്ടായിരുന്നത്. പക്ഷെ, അതൊക്കെയും ഏതൊരു 90s കിഡിനെ പോലെ എന്നെയും ഫാസിനേറ്റ് ചെയ്തിരുന്നു.
കോളജ് പഠന കാലത്താണ് ‘നേറ്റീവ് ബാപ്പ’ ചെയ്യുന്നത്. അവിടുത്തെ ഒരു കവിയരങ്ങിൽ മലപ്പുറം സ്ലാങ്ങിലുള്ള മോണോലോഗ് പോലെയാണ് ‘നേറ്റീവ് ബാപ്പ’ ആദ്യം എഴുതിയത്. അതിന് മാമുക്കോയയുടെ ശബ്ദത്തിൽ ഒരു ഹിപ്-ഹോപ് മ്യൂസിക് പൊട്ടൻഷ്യൽ ഉണ്ടെന്ന് അന്ന് തന്നെ തോന്നിയിരുന്നു. പക്ഷേ അതെങ്ങനെ ചെയ്യുമെന്ന ധാരണയില്ലായിരുന്നു.ആദ്യം ചെയ്തത് മാമുക്കോയക്കയെ ഐഡിയ കൺവിൻസ് ചെയ്യുക എന്നതായിരുന്നു. അങ്ങനെ അദ്ദേഹത്തെ സമ്മതിപ്പിച്ച് അത് റെക്കോഡ് ചെയ്തു. അക്കാലത്ത് ഫിലിം സൊസൈറ്റികളിലൂടെയൊക്കെ പരിചയപ്പെട്ട മധു ജനാർദ്ദനൻ വഴി എനിക്ക് റോയ് ജോർജ് എന്ന മ്യൂസിക് പ്രൊഡ്യൂസറിലേക്ക് ആക്സസ് കിട്ടി. ഷഹബാസ് അമന്റെയൊക്കെ കൂടെ വർക്ക് ചെയ്തയാളാണ് റോയ്. റോയ് ജോർജിനോട് ഈ ഐഡിയ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇതിന്റെ പൊട്ടൻഷ്യൽ മനസിലായി.ഇനി റാപ്പ് വരികൾ വേണം. അന്ന് റാപ്പ് ചെയ്യാനറിയുന്ന ആളുകളെയൊന്നും അറിയില്ലായിരുന്നു. അങ്ങനെ അന്വേഷിച്ചാണ് സ്ട്രീറ്റ് അക്കാദമിക്സിന്റെ ഭാഗമായിട്ടുള്ള ഹാരിസിന്റെ അടുത്തെത്തുന്നത്. ഹാരിസ് അന്ന് മെഡിക്കൽ കോളജിൽ വിദ്യാർഥിയാണ്. 2010-ലാണെന്ന് തോന്നുന്നു ഞാൻ ഹാരിസിനെ കാണാൻ പോവുന്നത്. അങ്ങനെയാണ് നേറ്റീവ് ബാപ്പ സംഭവിക്കുന്നത്.
അന്ന് സ്ട്രീറ്റ് അക്കാദമിക്സ് എന്ന ബാൻഡ് ഉണ്ടായിരുന്നെങ്കിലും അവരുടെ പുതിയ ട്രാക്ക് ഒന്നും റിലീസ് ചെയ്തിരുന്നില്ല. അതിന് ശേഷമാണ് അവരുടെ ‘വണ്ടി പങ്ചർ‘ റിലീസാവുന്നത്. എനിക്ക് പരിചയമുള്ള കേരളത്തിലെ ആദ്യ റാപ്പേഴ്സ് സ്ട്രീറ്റ് അക്കാദമിക്സ് തന്നെയാണ്.
ഹിപ്-ഹോപ് നമുക്ക് കൂടുതൽ റിലേറ്റബിളും കൂടുതൽ ആകർഷകവുമായ മീഡിയമായി തോന്നാൻ കാരണങ്ങളുണ്ട്. നമ്മുടെ സ്ലാങിനെയും ഡയലക്റ്റിനെയും സംഗീതാത്മകമായി പ്ലേസ് ചെയ്യാൻ പറ്റുന്ന ഒരു മീഡിയമായിട്ട് അത് അവതരിച്ചു എന്നതാണത്. അത് വലിയൊരു വാതിലാണ് തുറന്നു തന്നത്. അങ്ങനെയുള്ള എക്സ്പ്രഷനുകൾക്ക് ഇനിയും ഒരുപാട് പോസിബിലിറ്റിയുണ്ടെന്ന് അങ്ങനെയാണ് മനസിലായത്.ഇന്നത്തെ ഹിപ്-ഹോപ് കൾച്ചറിലേക്കുള്ള എമർജൻസിൽ പല ഘടകങ്ങൾ സ്വാധീനിച്ചിരിക്കാം. ഇവിടുത്തെ ഡിജിറ്റൽ വിപ്ലവം തന്നെയാണതിലെ പ്രധാനപ്പെട്ട ഘടകം. ഗ്ലോബൽ എക്സ്പോഷർ എല്ലാവർക്കും ലഭ്യമാവുക, വളർന്നു വരുമ്പോൾ തന്നെ വേൾഡ് മ്യൂസിക്കുമായി ബന്ധമുണ്ടാവുക തുടങ്ങിയ കാര്യങ്ങൾ അതിലൂടെ സംഭവിച്ചു. അതേ സമയം ഇവിടുത്തെ ജനപ്രിയ സിനിമകളും ഈയൊരു എമർജൻസിനെ സ്വാധീനിച്ചിട്ടുണ്ട്. ജാസി ഗിഫ്റ്റിനെ പോലുള്ളവരുടെ സംഭാവന അതിൽ പ്രധാനമാണ്. എ.ആർ. റഹ്മാന്റെ മ്യൂസിക്കൊക്കെ അപ്പോഴേക്കും നമ്മുടെ കേൾവി ശീലങ്ങളെ മാറ്റിക്കഴിഞ്ഞിരുന്നു. അത്തരം പുതിയ മ്യൂസിക്കുകളും സിനിമകളും ഉണ്ടായതോടെ കേരളത്തിലെ മ്യൂസിക് കൾച്ചർ വരേണ്യ ലാവണ്യതയിൽ നിന്നും മാറി സഞ്ചരിച്ച് തുടങ്ങിയിരുന്നു. ഒരു ‘ഗ്ലോക്കലൈസേഷൻ‘ ഇവിടെ സംഭവിച്ചു എന്ന് പറയാം. പണ്ട് 50 സെന്റിന്റെ കാൻഡി ഷോപ്പ് എന്ന ട്രാക്ക് വച്ച് ഒരു പാരഡി ട്രെൻഡ് ആയത് ഓർമയില്ലേ. ‘നീല ബക്കറ്റ്’ എന്ന പേരിൽ. അത് പോലെ, മലബാർ ആൽബങ്ങൾ ട്രെൻഡ് ആയ സമയത്ത് ‘ക്ക്ണ്’ എന്നൊക്കെ പറഞ്ഞ് പാരഡികളുണ്ടായിരുന്നു. പലതരത്തിലുള്ള അനുകരണങ്ങളും കോമഡി-പാരഡി വേർഷൻസ് ഒക്കെ ഇറങ്ങിയിരുന്നു. ആ ട്രെന്റുകളെ അവഗണിച്ചുകൊണ്ട് നമുക്ക് കേരളത്തിലെ ഹിപ്ഹോപിനെ കുറിച്ച് സംസാരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഭാഷയുടെ വഴക്കം തെളിയിക്കുന്ന സൃഷ്ടികളായി തന്നെ അവയെ കാണണം എന്നാണ് ഞാൻ കരുതുന്നത്. സിൽസിലാ ഹെ സിൽസിലാ ഒക്കെ ഓർമ്മയില്ലേ?

മു.രി
ഇതൊരു സ്വാഭാവിക വളർച്ച തന്നെയായിരുന്നു. ഒട്ടും ഫോഴ്സഡ് അല്ലാതെ, അനുകരണത്തിന്റെ സ്വഭാവമില്ലാതെ, പുതിയ തലമുറ അവരുടെ സ്വാഭാവിക ഐഡന്റിറ്റിയുടെ ഭാഗമായി ഹിപ്-ഹോപ് കൾച്ചറിനെ ഏറ്റെടുക്കുന്നത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഒഴിവാക്കാനാവാത്ത (Inevitable) ഒരു കാര്യമായിട്ടാണ് ഇപ്പഴത്തെ ഈ റാപ്പ് എമർജൻസിനെ ഞാൻ കാണുന്നത്. അത് ആരുടെയെങ്കിലും അനുവാദം ചോദിച്ചിട്ടോ, ആരുടെയെങ്കിലും അനുഗ്രഹാശീർവാദത്തോടെയോ സംഭവിച്ചതല്ല. അതിനെ ആർക്കും തടുക്കാനും പറ്റില്ല. ഹിപ്-ഹോപ്പ് ഇറ്റ് സെൽഫ് തന്നെ പൊളിറ്റിക്കലായ പ്രതിഭാസമാണല്ലോ. അതിന്റെ ആവിർഭാവം തന്നെ രാഷ്ട്രീയ മാനമുള്ള കാര്യമാണ്. സൗത്ത് ഇന്ത്യയിലെയും ഇന്ത്യയുടെ മറ്റു ഭാഗത്തെയും ഹിപ്-ഹോപ്പിന്റെ എമർജൻസിന്റെ കാര്യവും വ്യത്യസ്തമല്ല. റാപ്പിന്റെ ഉള്ളടക്കം എന്ത് എന്നത് മാത്രമല്ല അതിനെ പൊളിറ്റിക്കലാക്കുന്നത്. അതിന്റെ ആവിർഭാവവും ഇവിടുത്തെ പോപ് കൾച്ചറിൽ അതുണ്ടാക്കുന്ന പ്രകമ്പനവും തന്നെ വലിയ വിപ്ലവമായിട്ട് കാണണം. അപ്രിയ ശബ്ദതാരാവലിയുടെ ഒരു പ്രകാശനം പോലെയാണ് ഹിപ്-ഹോപ് എമർജൻസിനെ വിശേഷിപ്പിക്കാനാവുക.
മലയാള ഭാഷയ്ക്ക് പരിമിതിയുണ്ടെന്ന് പലപ്പോഴും നമ്മൾ പറയാറുണ്ടായിരുന്നു. ശരിക്കും ഭാഷയ്ക്കായിരുന്നില്ല പരിമിതി. ഉദാത്തമെന്ന് പറഞ്ഞ് നമ്മൾ അടിച്ചേൽപ്പിച്ചിരുന്ന ലാവണ്യബോധത്തിനാണ് പരിമിതിയുണ്ടായിരുന്നത്. അതേസമയം, ശ്രേഷ്ഠമായ ഭാഷയേത്, കലയിൽ സ്ഥാനം ലഭിക്കാൻ യോഗ്യതയുള്ള ഭാഷ ഏത് എന്നതിനെ സംബന്ധിച്ചുമുള്ള കപട സങ്കൽപ്പങ്ങൾ അട്ടിമറിക്കപ്പെട്ടു എന്നതാണ് മലയാളം ഹിപ്-ഹോപിന്റെ ആവിർഭാവത്തോടെ സംഭവിച്ചത്. നേരത്തെ പറഞ്ഞത് പോലെ അത് ഇനെവിറ്റബിൾ ആണ്. മുകളിൽ നിന്ന് താഴേക്ക് വരുന്ന ഒരു പരിപാടിയല്ല ഇത്. അവനവനെ ആഘോഷിക്കാനുള്ള ആത്മവിശ്വാസം ആർജിച്ച ഒരു തലമുറ യാതൊരുവിധ കെട്ടുപാടുകളുമില്ലാതെ ആരെയും ഭയക്കാതെ അത് ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് കാണുന്നത്. “ദുനിയാവിൽ ആരാടാ ഞമ്മക്ക് മൂത്തോന്?” “നീ തമ്പുരാനല്ല.. ആണേൽ…” എന്തില്ല എന്ന് ഇപ്പോ എല്ലാവർക്കും അറിയാം. തട്ടുപൊളിപ്പൻ, ന്യൂ ജെൻ, എന്നിങ്ങനെയുള്ള ന്യൂനീകരണങ്ങൾ ഇനി വിലപ്പോവില്ല. സാംസ്കാരിക മണ്ഡലത്തിൽ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്ന, വലിയ നിക്ഷേപകരെ ആകർഷിക്കുന്ന, കലാകാരന്മാരുടെ വിളയിടമായി തന്നെ മലയാളം ഹിപ് ഹോപ് മാറിക്കഴിഞ്ഞു.
പൊളിറ്റിക്കൽ ഡിസ്കോഴ്സിന് ഇവിടെ നിയതമായ വ്യാകരണം ഉണ്ടായിരുന്നു. അവനവന്റെ രാഷ്ട്രീയം എക്സ്പ്രസ് ചെയ്യാൻ ആ വ്യാകരണത്തിൽ മാത്രമേ സാധിക്കുകയുള്ളൂ എന്നും ആ വ്യാകരണത്തിൽ ആർട്ടിക്കുലേറ്റ് ചെയ്യുന്ന ആളുകൾക്ക് മാത്രമേ അതിനൊരു ഉച്ചഭാഷിണി ലഭിക്കൂ എന്നുമുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നു. നിരസിക്കപ്പെട്ട ഉച്ചഭാഷിണി, ശബ്ദമില്ലാത്തവർ ആർജിച്ചെടുത്തു എന്ന് വേണം പറയാൻ. അത് ആരെങ്കിലും അനുവദിച്ച് കൊടുക്കേണ്ടതില്ല, സ്വയം ഏറ്റെടുക്കാൻ പറ്റും, സ്വയം തന്നെ ആംപ്ലിഫൈ ചെയ്യാൻ പറ്റും എന്ന് മലയാളം hiphop തെളിയിക്കുന്നു. അത് വിജയിക്കുന്നു എന്നതിനർഥം അതിന്റെ ആവശ്യം ഇവിടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ്. ഇത് ഒരു താൽക്കാലിക ട്രെന്റ് അല്ല. വിപ്ലവമാണ്.

